Asianet News MalayalamAsianet News Malayalam

ബൈക്കപകടത്തില്‍ ശരീരത്തിന്‍റെ ചലന ശേഷി നഷ്ടപ്പെട്ടു; ചികിത്സാ സഹായം തേടി യുവാവ്

മരുന്നിന് മാത്രം ദിവസേന ആയിരത്തോളം രൂപ വേണ്ടിവരുന്ന സാഹചര്യത്തില്‍ തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ് കുടുംബം. 

youth seek help for treatment after he lost ability to move in an accident
Author
Kottayam, First Published Oct 13, 2019, 12:33 PM IST

പാലാ: അപ്രതീക്ഷിതമായുണ്ടായ ബൈക്കപകടമാണ് പാലാ സ്വദേശിയായ ജിജോ അഗസ്റ്റിനെയും കുടുംബത്തെയും തളര്‍ത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്ന ജിജോയ്ക്ക് അപകടത്തില്‍ ശരീരത്തിന്‍റെ ചലനശേഷി നഷ്ടമായി. ആശാരിപ്പണിക്കാരനായ ജിജോ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ജീവിതം തകിടം മറിച്ച അപകടമുണ്ടായത്. കുടുംബത്തിന്‍റെ വരുമാന മാര്‍ഗം ഇല്ലാതായതിനൊപ്പം മകന്‍റെ ചികിത്സയ്ക്കുള്ള പണം കൂടി കണ്ടത്തേണ്ട അവസ്ഥയിലാണ് കൂലിപ്പണിക്കാരായ ജിജോയുടെ മാതാപിതാക്കള്‍. 

കൂലിപ്പണിക്കാരനായ ജോസിന്‍റെയും സ്വകാര്യ സ്കൂളിലെ പാചക തൊഴിലാളി ഗ്രേസിയുടേയും മകനാണ് ജിജോ. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്. 2018 സെപ്റ്റംബര്‍ രണ്ടിന് പണി കഴിഞ്ഞ് വരവെ ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. പുറമേ വലിയ പരിക്കുകളുണ്ടായിരുന്നില്ല. കാലക്രമേണ ശരീരം ശോഷിച്ചു. എഴുന്നേല്‍ക്കാൻ വയ്യാത്ത അവസ്ഥയായി. സംസാരശേഷിയും നഷ്ടപ്പെട്ടു. സ്വകാര്യ ആശുപത്രികളിലടക്കം പല സ്ഥലങ്ങളിലും ചികിത്സിച്ചു. പക്ഷേ കാര്യമായ ഫലമുണ്ടായില്ല. മരുന്നിന് മാത്രം ദിവസവും ആയിരക്കണക്കിന് രൂപ വേണം. പരസഹായം വേണ്ടതിനാല്‍ ജോലി ഉപേക്ഷിച്ച് ജോസും ഗ്രേസിയും ജിജോയ്ക്ക് കൂട്ടിരിക്കുകയാണ് ഇപ്പോള്‍.

വൈക്കത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ജിജോയുടെ ചികിത്സ. തലച്ചോറിലെ ക്ഷതമാണ് ശരീരം ശോഷിക്കാൻ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ ചികിത്സയ്ക്കായി 10 ലക്ഷം രൂപ വേണം. പാലയിലെ ടാക്സി ഡ്രൈവര്‍മാരും ജനമൈത്രി പൊലീസും ചേര്‍ന്നാണ്  ദിവസേനയുള്ള ചെലവ് പോലും നല്‍കുന്നത്. ഈ അവസ്ഥയില്‍ ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം.  വരുന്ന ചൊവ്വാഴാച ജിജോയ്ക്ക് വേണ്ടി പാലായില്‍ പൊതുപിരിവ് നടത്തുന്നുണ്ട്. സുമനസ്സുകളുടെ സഹായമുണ്ടെങ്കില്‍ മാത്രമെ ഇനി ജിജോയുടെ ചികിത്സ മുമ്പോട്ട് പോകുകയുള്ളൂ. 

ജിജോയ്ക്ക് സഹായം നല്‍കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:

THRESIAMMA

AC NO. 919010070600144

IFSC CODE UTIB0000616

AXIS BANK PALA

Follow Us:
Download App:
  • android
  • ios