Asianet News MalayalamAsianet News Malayalam

യു.എ.പി.എ: അനീതിയുടെ  അമ്പത് വര്‍ഷങ്ങള്‍

50 years of UAPA by D Sreejith
Author
Thiruvananthapuram, First Published Mar 21, 2017, 8:16 AM IST

50 years of UAPA by D Sreejith

ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫ ജി.എന്‍.സായി ബാബ, ഉത്തരാഖണ്ഡില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകനും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റുമായ പ്രശാന്തി രാഹി, ജെ.എന്‍.യു വിദ്യാര്‍ത്ഥി ഹേം മിശ്ര, മഹേഷ് തിര്‍കേ, പാണ്ഡു നരോത്തെ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചറോളി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ദിവസമാണിത് എഴുതുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നികൃഷ്ടമായ നിയമങ്ങളിലൊന്നായ യു.എ.പി.എ അഥവാ 'നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ബില്ല്' നിയമമായി ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിന്റെ അമ്പതാം വാര്‍ഷികത്തിലാണ് ഈ നിയമത്തിന്റെ ഇരകളെ ജീവപര്യന്തം ജയിലിലടച്ചുകൊണ്ടുള്ള വിചാരണക്കോടതി വിധി വരുന്നത്. 

ഇത് ആദ്യത്തെ സംഭവമൊന്നുമല്ല, അവസാനത്തേതുമായിരിക്കില്ല. അതിനിന്ദ്യമായ നിയമങ്ങളിലൂടെ സമൂഹത്തെ നിയന്ത്രിക്കാമെന്ന് കരുതുന്ന സര്‍ക്കാരുകള്‍ പലകാലങ്ങളിലായി മൂര്‍ച്ചകൂട്ടി മെനഞ്ഞെടുത്ത ആയുധമാണ് യു.എ.പി.എ. 90 ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ള കോളേജ് പ്രൊഫസറെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പിടിച്ച് ജാമ്യമോ കുറ്റപത്രമോ ഇല്ലാതെ ഒന്നരവര്‍ഷത്തോളമാണ് ജയിലിലടച്ചത്. ജയിലില്‍ ക്രൂരമായി പീഡിക്കപ്പെട്ടുവെന്ന് സായിബാബ ആരോപിക്കുന്നു. ആദിവാസി സമൂഹത്തിനെ വിദ്യാഭ്യാസം ചെയ്യിക്കാനും സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കാനും ശ്രമിച്ചു എന്ന ഒറ്റ കുറ്റത്തിന് മാവോയിസ്റ്റാണെന്ന് ആരോപിക്കപ്പെട്ട് അതിക്രൂരമായ പീഡനത്തിനും നീണ്ടു നില്‍ക്കുന്ന കോടതി നടപടികള്‍ക്കും വിധേയയായ സോണിസോറി, മഅ്ദ്‌നി കേസിലെ പോലീസ് സാക്ഷികളെ തെഹല്‍ക്ക മാഗസിന് വേണ്ടി അഭിമുഖം ചെയ്തതിന്റെ പേരില്‍ സാക്ഷികളെ സ്വാധീനിക്കാനും അതുവഴി തീവ്രവാദികളെ സഹായിക്കാനും ശ്രമിച്ചെന്ന പേരില്‍ വര്‍ഷങ്ങളോളം നീണ്ട കോടതി നടപടികളുമായി നീങ്ങുന്ന കെ.കെ ഷാഹിന എന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റ്.. യു.എ.പി.എയുടെ ഈ ഇരകളെ എല്ലാം നമുക്ക് പരിചയമുണ്ട്. 

ചൈനാ യുദ്ധവും ഡി.എം.കെ രാഷ്ട്രീയവും യു.എ.പി.എയും 
1963ല്‍ മൂന്നാം ലോകസഭയില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പതിനാറാം ഭരണഘടന ഭേദഗതിയാണ് യു.എ.പി.എയ്ക്കുള്ള വഴി തുറന്നത്. ചൈനയുദ്ധവും തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ഹിന്ദി വിരുദ്ധ തമിഴ്‌ദേശീയ വാദവുമാണ് കേന്ദ്രസര്‍ക്കാരിനെ പുതിയ ഭരണഘടന ഭേദഗതിക്ക് പ്രേരിപ്പിച്ചത്. ജനങ്ങള്‍ക്ക് അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും സമ്മേളിക്കാനും അവകാശവും സ്വാതന്ത്ര്യവും നല്‍കുന്ന ഭരണഘടനയുടെ 19ാം ചട്ടമാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 'രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കുന്നതിനായുള്ള യുക്തിസഹമായ ചില വിലക്കുകള്‍' ഈ ചട്ടത്തില്‍ കൊണ്ടുവരാനായിരുന്നു ഭേദഗതി. 

തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. മത്സരിക്കുന്നത് വിഘടനവാദമെന്ന വാഗ്ദാനം നല്‍കിക്കൊണ്ടാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ വിഘടനവാദം നേരത്തേ ഡി.എം.കെ ഉപേക്ഷിച്ചുവെന്ന പല അംഗങ്ങളും ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ അവഗണിച്ചു. എന്തായാലും അന്നത്തെ പാര്‍ലമെന്ററി രേഖകള്‍ തെളിയിക്കുന്നത് അസഹിഷ്ണുതയും യുദ്ധവെറിയും നിറഞ്ഞ അതിദേശീയ ഗീതങ്ങളായിരുന്നു ഭരണഘടന ഭേദഗതി ചര്‍ച്ച എന്നാണ്. 'സമൂഹത്തിന്റെ പൊതു താത്പര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള ഏതുതരത്തിലുള്ള സന്തുലതയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നുകയറാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കേണ്ടതാണ്'- ഈ ചര്‍ച്ചകളെ ഖണ്ഡിച്ചുകൊണ്ട് ഡി.എം.കെ. അംഗം ഇ.ചെഴിയന്‍ വാദിച്ചു. എന്തായാലും നിസാര എതിര്‍പ്പുകളെ അവഗണിച്ച് ഭരണഘടന ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു.

ഇതിനനുബന്ധമായാണ് കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള (യു.എ.പി) ബില്‍ സഭയില്‍ വയ്ക്കുന്നത്. മൂന്നാം ലോകസഭ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ച ബില്‍ നാലാം ലോകസഭയില്‍ യാഥാര്‍ത്ഥ്യമായി. വിഘടനവാദം തുടങ്ങിയ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് മുറിവേല്‍പ്പിക്കുന്ന ആശയങ്ങളെയേയും സംഘടനകളേയും തടയുന്നതിന് നിയമം ശക്തമാക്കുക എന്നാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വാദിച്ചു. രാജ്യത്തിന് ഭീഷണിയായ സംഘടനകളെ നിരോധിക്കാന്‍ പോലീസിന് അധികാരം നല്‍കുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന വ്യക്തികളെ തടയാന്‍ പോലീസിനെ കൂടുതല്‍ അധികാരം നല്‍കുക എന്നിവയും ബില്ലിന്റെ ലക്ഷ്യങ്ങളായി.

ബില്ലിനെതിരെയുള്ള രൂക്ഷമായ വിമര്‍ശനം വന്നത് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ എം.പിയായ സി.സി. ദേശായിയില്‍ നിന്നാണ്. 'എവിടെയാണ് വിഘടനവാദം? ആരാണ് രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയായിട്ടുള്ളത്? അത് തെന്നിന്ത്യയിലല്ല, അസമിലല്ല, കാശ്മീരിലല്ല'അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കേന്ദ്രസര്‍ക്കാരുകളുടെ നയങ്ങളാണ് അസമിലും കശ്മീരിലും നാഗലാന്റിയും മിസോ ഹില്‍സിലും ബ്രഹ്മപുത്ര താഴ്‌വരിയിലും പ്രശ്‌നങ്ങള്‍ വഷളാക്കിയത്. 'കശ്മീരിന്റെ കാര്യമെടുക്കൂ, കശ്മീര്‍ ഒരു ആഭ്യന്തര പ്രശ്‌നമാണ്. നമ്മുടെ ഇച്ഛ അവിടെ വിലപ്പോകില്ല. കശ്മീരില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങള്‍ തിരഞ്ഞൈടക്കുന്ന ജനങ്ങളുടെ സര്‍ക്കാരില്ല. കശ്മീരില്‍ വേണ്ടത് ഇതുപോലുള്ള ഒരു നിര്‍ദ്ദയമായ നടപടികളല്ല, ഇത്തരത്തിലുള്ള 'യു.എ.പി' നിയമങ്ങളല്ല, കശ്മീരിന് വേണ്ടത് സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പാണ്. സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ്. സംഘടിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യമാണ്' -സി.സി.ദേശായ് പറഞ്ഞു. 

ഇന്ത്യന്‍ പാര്‍ലമെന്റ് രേഖകള്‍ക്കിടയില്‍ ഒരു പക്ഷേ പിന്നീടൊരിക്കലും പറയാന്‍ ആകാത്തവിധം വൈകാരികമായ കശ്മീര്‍ വിഷയത്തില്‍ ഇത്രയും ശക്തമായ ഒരു അഭിപ്രായപ്രകടനം ഒരു അംഗത്തിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. അത് മാത്രമല്ല, മഹാരാഷ്ട്രയുടെ ആദ്യമുഖ്യമന്ത്രിയും മറാത്താ വാദത്തിന്റെ അപ്പോസ്തലനുമായിരുന്ന അക്കാലത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി, ഇന്ദിരാഗാന്ധിയുടെ വലം കൈ, വൈ.ബി.ചവാനെ ചൂണ്ടി സി.സി.ദേശായ് ഒന്നു കൂടി ചൂണ്ടിക്കാണിച്ചു 'നിലവില്‍ ഇന്ത്യാ മഹാരാജ്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി താങ്കള്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ നിന്നാരംഭിച്ച, ഇപ്പോഴത്തെ സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ശിവസേനയാണ്'. ഹൈന്ദവ തീവ്രവാദവും പ്രദേശിക വാദവുമാണ് ഇന്ത്യയുടെ ഭീഷണിയെന്ന് അമ്പത് വര്‍ഷം മുമ്പ് യു.എ.പി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോഴേ ഒരംഗം ചൂണ്ടിക്കാണിച്ചിരുന്നു എന്നര്‍ത്ഥം. 

മറ്റൊരംഗം ഒറീസയില്‍ നിന്നുള്ള പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി എം.പിയും സ്വാതന്ത്ര്യ സമര സേനാനിയുമായ  സുരേന്ദ്രനാഥ് ദ്വിവേദി, ബ്രിട്ടീഷ് കോളനി നിയമങ്ങളോടാണ് ഇതിനെ ഉപമിച്ചത്. ഇടത്പക്ഷവും ബില്ലിനോടുള്ള രൂക്ഷമായ എതിര്‍പ്പ് അറിയിച്ചു. എതിര്‍പ്പുകളെ മറികടന്ന് യു.എ.പി ബില്‍ 1977ല്‍ നിയമമായി മാറി. സംഘടനപ്രവര്‍ത്തനത്തിനുള്ള ൂകേന്ദ്ര സര്‍ക്കാരിന് 'യുക്തി സഹമായ' വിലക്ക് ഏര്‍പ്പെടുത്താന്‍ ഇതോടെ അധികാരമായി. സംസ്ഥാസന സര്‍ക്കാരുകള്‍ക്കും കേന്ദ്രസര്‍ക്കാരുകള്‍ക്കും പ്രത്യേകമായി സംഘടകളെ നിരോധിക്കാനും ഇതുമൂലമായി. 

ഇടയ്ക്ക് കേന്ദ്രസര്‍ക്കാരുകള്‍ കൊണ്ടുവന്ന ടാഡാ, പോട്ട എന്നീ നിയമങ്ങളുടെ വെളിച്ചത്തില്‍ 2004ല്‍ കേന്ദ്രസര്‍ക്കാര്‍ 'നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ' വ്യഖ്യാനിച്ചുകൊണ്ട് യു.എ.പി.എ യില്‍ ഭേദഗതി വരുത്തി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 'തീവ്രവാദ പ്രവര്‍ത്തനം' എന്ന വ്യാഖ്യാനവും 'തീവ്രവാദ സംഘം'എന്ന ആശയവും ബില്ലിനോട് ചേര്‍ത്തു. 

2008 നവംബര്‍ 26നുണ്ടായ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ തുടര്‍ച്ചായി, രണ്ടാഴ്ച കഴിയുമ്പോള്‍, പാര്‍ലമെന്റില്‍ തിരക്കിട്ട് കൊണ്ടുവന്ന് പാസാക്കിയ ഭേദഗതിയാണ് പിന്നീട് വന്നത്.  2008 ഡിസംബര്‍ 17ന് പാര്‍ലമെന്റ് ഈ ഭേദഗതിയും പാസാക്കി. ഈ നിയമത്തെ കൂടുതല്‍ കര്‍ക്കശവും ഭരണകൂടത്തിനും പോലീസിനും സൗകര്യം പോലെ വ്യാഖ്യാനിക്കാവുന്നതും എതിരാളികളാണെന്ന് സംശയിക്കുന്നവര്‍ക്കെതിരെയെല്ലാം ഉപയോഗിക്കാവുന്നതുമാക്കുന്ന ഭേദഗതികള്‍ വന്നപ്പോള്‍, 1967ല്‍ യു.എ.പി ബില്ല് നിയമമാക്കുന്നതിന് കൊണ്ടുവരുമ്പോഴുണ്ടായ എതിര്‍പ്പുപോലും, 2004ലും 2008ലും പാര്‍ലമെന്റിലുണ്ടായില്ല എന്നതാണ് ഏറ്റവും ഖേദകരം. നിയമവിരുദ്ധ സംഘചേരലുകളെയെല്ലാം തീവ്രവാദമാക്കി വ്യാഖ്യാനിക്കുന്നതടക്കമുള്ള ഭേദഗതികളാണ് 2008ല്‍ പുതിയതായി കൊണ്ടുവന്നത്. 

2012 ഫിബ്രവരി മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ഒരു വിജ്ഞാപനത്തിലൂടെ ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം (നാഷണല്‍ കൗണ്ടര്‍ റ്റെററിസം സെന്റര്‍-എന്‍.റ്റി.പി.സി). യു.എ.പി.എ ഉപയോഗിച്ചുള്ള അധികാരനിര്‍വ്വഹണമാണ് എന്‍.റ്റി.പി.സിയുടെ പ്രവര്‍ത്തനത്തിന്റെ കാതല്‍. പ്രാഥമിക അന്വേഷണ ഏജന്‍സി അല്ലെങ്കില്‍ പോലും എല്ലാ ഏജന്‍സികളിലും നിന്നും ഡിപാര്‍ട്‌മെന്റുകളില്‍ നിന്നും രഹസ്യവിവര ശേഖരണവും അന്വേഷണങ്ങളും എന്‍.റ്റി.പി.സിക്ക് സാധ്യമാണ്. വിജ്ഞാപന പ്രകാരം എന്‍.റ്റി.പി.സി ഡയറക്ടര്‍ക്ക് എല്ലാ തീവ്രവാദ വിരുദ്ധ നടപടികളും നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും കഴിയും. അഥവാ യു.എ.പി.എയുടെ 43 എ വകുപ്പ് പ്രകാരമുള്ള അറസ്റ്റ്്, പരിശോധന തുടങ്ങിയ അധികാരങ്ങള്‍ എന്‍.റ്റി.പി.സി ക്ക് വന്നുചേരും. കൂടുതല്‍ വ്യക്തമാക്കി പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളിലും യു.എ.പി.എയും എന്‍.റ്റി.പി.സിയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിക്ക് സംസ്ഥാനങ്ങളോട് ആലോചിക്കുക പോലും വേണ്ടാതെ ഇടപെടാന്‍ കഴിയുമെന്ന് ചുരുക്കം. 

അമ്പത് വര്‍ഷത്തിനിടയില്‍ യു.എ.പി.എ എങ്ങനെ മാറി എന്നതിന്റെ വളരെ ചുരുങ്ങിയ ഒരു വിവരണം മാത്രമാണ് ഇത്. എങ്ങനെയാണ് ഈ നിയമം ഇക്കാലയളവില്‍ ഇന്ത്യന്‍ ഭരണകൂടം പ്രാവര്‍ത്തികമാക്കിയത് എന്നതാണ് പ്രധാനം. 

അമ്പത് വര്‍ഷത്തിനിടയില്‍ യു.എ.പി.എ എങ്ങനെ മാറി?

50 years of UAPA by D Sreejith

2006 നവംബര്‍ 15നാണ് ഡല്‍ഹിയിലെ ദ്വാരകയിലെ വാടകവീട്ടില്‍ നിന്ന് കശ്മീര്‍ ഹന്‍ഡ്‌വാര സ്വദേശിയായ ഇമ്രാന്‍ കിര്‍മാണിയെ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചുലക്ഷം രൂപയും വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഡല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് അതേ ദിവസം ഗുലാം റസൂല്‍ എന്ന ഒരു യുവാവിനേയും പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ലഷ്‌കര്‍ ഇ തോയ്ബ അംഗങ്ങളാണ് ഇമ്രാനും ഗുലാമെന്നുമായിരുന്നു ആരോപണം. അതിക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം 2007 മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൂന്ന് മാസത്തിന് ശേഷം യു.എ.പി.എ യുടെ 17,18, 20 വകുപ്പുകള്‍ കൂടി ചേര്‍ത്ത് ഡല്‍ഹി പോലീസ് കുറ്റപത്രം പുതുക്കി. ഇതോടെ നിരോധിത സംഘടനയിലെ അംഗങ്ങളായ ഇരുവരും ചേര്‍ന്ന് രാജ്യത്തിനെതിരെ പോരാട്ടം നടത്തുന്നതിനായി ഗൂഢാലോചന നടത്തുകയും സ്ഥോടന വസ്തുക്കള്‍ ശേഖരിക്കുകയും ഹവാല ഇടപാട് വഴി പണം സ്വരുക്കൂട്ടുകയും ചെയ്തുവെന്നതായി കുറ്റം. സ്വഭാവികമായും ജാമ്യം നിഷേധിക്കപ്പെട്ടു. 

ഹിന്‍ഡ് വാരയിലെ ഒരു സ്‌ക്കൂള്‍ അധ്യാപകന്റെ മകനാണ്, സംഘര്‍ഷ ഭരിതമായ കശ്മീര്‍ താഴ്‌വരയില്‍ ജീവിക്കാനുള്ള ആഗ്രഹമില്ലാത്തതിനാല്‍ ജയ്പൂരിലെ രാജീവ് ഗാന്ധി എയ്‌റോനോട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച്, ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ സ്റ്റാര്‍ ഏവിയേഷന്‍ കമ്പിനിയില്‍ ഒന്‍പത മാസം ജോലി ചെയ്ത്, ഒരു പ്രമുഖ എയര്‍ ലൈന്‍ കമ്പനിയില്‍ എയര്‍ ക്രാഫ്റ്റ് ടെക്‌നിഷ്യല്‍ പോസ്റ്റിലേയ്ക്കുള്ള അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡറുമായി നില്‍ക്കുകയാണ്, ഡല്‍ഹിയില്‍ ഒരു വീട് വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുവാനായി നാട്ടിലുള്ള സ്ഥലം വിറ്റ് പിതാവ് നല്‍കിയ നാലരലക്ഷം രൂപയും സുഹൃത്തിനോട് കടം വാങ്ങിയ അരലക്ഷം രൂപയുമടക്കമുള്ള അഞ്ച് ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത് തുടങ്ങിയ ഇമ്രാന്റെ വാദങ്ങളൊന്നും ആരും ചെവി കൊണ്ടില്ല. 

നാലര വര്‍ഷത്തിന് ശേഷം 2011 മെയ് മാസത്തില്‍ സെഷന്‍സ് കോടതി ഇമ്രാനേയും ഗുലാമിനേയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. വ്യാജപ്രതികളെ സൃഷ്ടിക്കാന്‍ ഡല്‍ഹി പോലീസ് നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുവെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണത്തിന്റെ മുഴുവന്‍ ഘട്ടത്തിലും ദുരൂഹമായ നീചമാര്‍ഗ്ഗങ്ങള്‍ പോലീസ് അവലംബിച്ചുവെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇതൊരു ഒറ്റപ്പെട്ട കേസല്ലായിരുന്നുവെന്ന് പിന്നീട് വിവരാവകാശ പ്രവര്‍ത്തകന്‍ ഗോപാല്‍ പ്രസാദ് നല്‍കിയ ഹര്‍ജികളില്‍ നിന്ന് വ്യക്തമാണ്. 2005നും 2010നും ഇടയില്‍ 174 പേരെയാണ് ഇത്തരത്തില്‍ സ്‌പെഷ്യല്‍ സെല്‍ അറസ്്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി വര്‍ഷങ്ങളോളം ജയിലില്‍  തള്ളിയത്. ഇതില്‍ 119 പേരേയും പൂര്‍ണ്ണമായും നിരപരാധികളെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. എഴുപത് ശതമാനത്തിലേറെ വ്യാജ കേസുകള്‍ എന്ന് ചുരുക്കം.

കോടതിയില്‍ കിടന്ന വര്‍ഷങ്ങള്‍ക്ക്, പീഡനങ്ങള്‍ക്ക് ഇമ്രാനോ ഗുലാമിനോ ആരും നഷ്ടപരിഹാരം നല്‍കിയില്ല. കള്ളക്കേസ് സൃഷ്ടിച്ചതാണെന്ന് പൂര്‍ണ്ണമായും കോടതിക്ക് ബോധ്യമായിട്ടും, ഉദ്യോഗസ്ഥരെ പേരെടുത്ത് പരാമര്‍ശിച്ചിട്ടും ആരും ശിക്ഷിക്കപ്പെട്ടില്ല. എയ്‌റോനോട്ടിക്കല്‍ സ്വപ്‌നമെല്ലാം എന്നന്നേക്കുമായി അവസാനിച്ച ഇമ്രാന്‍ ഇപ്പോള്‍ കശ്മീര്‍ താഴ്‌വരയിലെ ഒരു സ്വകാര്യ സ്‌ക്കൂളില്‍ അധ്യാപകനായി ജോലി നോക്കുന്നു. 

ഇമ്രാനോ ഗുലാമിനോ ആരും നഷ്ടപരിഹാരം നല്‍കിയില്ല

നിയമം എല്ലായ്‌പ്പോഴും ഇത്തരത്തില്‍ രേഖീയമായാണ് സഞ്ചരിക്കുന്നത് എന്ന് വിചാരിക്കരുത്. 2008ലെ മഹാരാഷ്ട്ര തീയേറ്റര്‍ സ്‌ഫോടന കേസ് ഉദാഹരണം. ആമി പാച്പുത്തേ എന്ന മറാത്തി നാടകം ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണം ഉന്നയിച്ചും ജോധ അക്ബര്‍ എന്ന സിനിമയില്‍ മുസ്ലിം രാജാവ് ഹിന്ദു രാജകുമാരിയെ കല്യാണം കഴിക്കുന്നത് കാണിക്കുന്നതിനെതിരെയും ഹിന്ദു തീവ്രവാദ സംഘടനകള്‍ അക്കാലത്ത് രംഗത്തെത്തിയിരുന്നു. മുംബൈ പന്‍വേലില്‍ ജോധ അക്ബര്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ 2008 ഫിബ്രവരി 20 നും താനെയില്‍ ആമി പാച്പുത്തേ അവതരിപ്പിക്കാനിരുന്ന ഹാളില്‍ ജൂണ്‍ നാലിനും ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു. നവി മുംബൈയിലെ വാശി വിഷ്ണുദാസ് ഭാവേ തീയേറ്ററില്‍ നിന്ന് മേയ് 31ന് ബോംബുകള്‍ കണ്ടെത്തി. 

ഹിന്ദു ജനജാഗ്രതി സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാനാതന്‍ സസ്ത എന്ന ഹൈന്ദവ തീവ്രവാദ സംഘടനയാണ് ബോംബുകള്‍ക്ക് പിന്നിലെന്ന് കണ്ടെത്തിയ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ത് കര്‍കറെ ആറു പേരെ അറസ്റ്റ് ചെയ്തു. യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ബോംബുകള്‍ വയ്ക്കുക, ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തുക, കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുക എന്നീ കുറ്റകൃത്യങ്ങള്‍ ഇവര്‍ക്കുമേല്‍ ചാര്‍ത്തി. ഒരു വര്‍ഷത്തിനുള്ളില്‍ മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍കറെ കൊല്ലപ്പെട്ടു. 2011ല്‍ മഹാരാഷ്ട്ര തീയേറ്റര്‍ കേസുകള്‍ കോടതിയിലെത്തിയപ്പോള്‍ യു.എ.പി.എ കേസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. പന്‍വേല്‍ തീയേറ്ററില്‍ സാക്ഷികളെ കണ്ടെത്തായില്ലെന്ന് പോലീസ് മൊഴിനല്‍കി. ആമി പാച്പുത്തേ നാടകം അവതരിപ്പിച്ച തീയേറ്ററുകളില്‍ ഹൈന്ദവ സംഘടന ബോംബ് വച്ചത് തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കാനാവില്ലെന്നായിരുന്നു കണ്ടെത്തല്‍. നാടകത്തിന്റെ അവതരണത്തിനെതിരെ നടന്ന ഒരു പ്രതിഷേധം മാത്രമായിരുന്നു അത്. യു.എ.പി.എയുടെ പതിനഞ്ചാം വകുപ്പിലെ 'ഭീകരത സൃഷ്ടിക്കുക' എന്നത് ഇവിടെ നടന്നിട്ടില്ല എന്നും കോടതി പറഞ്ഞു. ഭീകരത സൃഷ്ടിക്കുക എന്നാല്‍ വലിയ നാശം ഉണ്ടാക്കുകയും അതിഭയങ്കരമായ ഭയപ്പാട് സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. ഈ കേസില്‍ അതൊന്നുമില്ല. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ച നാടക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതിഷേധത്തെ ഒരു ജനതയ്‌ക്കെതിരെയുള്ള ആക്രമണമായി കണക്കാക്കാനാവില്ല എന്നും കോടതി പറഞ്ഞു. 

കേസില്‍ രണ്ട് പേരെ മാത്രം ശിക്ഷിച്ച് മറ്റ് നാലുപേരെയും കോടതി വെറുതെ വിടുകയും ചെയ്തു. യു.എ.പി.എ ഹൈന്ദവ തീവ്രവാദത്തെ എങ്ങനെ കാണുന്നു എന്നതിനും ഭരണകൂടത്തിന് എതിര്‍പ്പുള്ളവരെ ഇല്ലാതാക്കാനുള്ള ആയുധമായി എങ്ങനെ മാറുന്നു എന്നതിനും ഉദാഹരണങ്ങള്‍ ഇനിയുമേറെയുണ്ട്. 

നിയമം എല്ലായ്‌പ്പോഴും ഇത്തരത്തില്‍ രേഖീയമായാണ് സഞ്ചരിക്കുന്നത് എന്ന് വിചാരിക്കരുത്.

ഇരകള്‍-വാര്‍ത്തകളിലുള്ളവരും ഇല്ലാത്തവരും
1. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ പാവപ്പെട്ടവരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്ന മാഗസിനായ ദസ്തകിന്റെ നടത്തിപ്പുകാരി സീമ ആസാദും (പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജാതിപ്പേര്‍ ഉപേക്ഷിച്ച് സ്വതന്ത്രയാകുന്നതിന്റെ ഭാഗമായി ആസാദ് എന്ന സര്‍നെയിം സ്വീകരിച്ചയാളാണ് സീമ) ഭര്‍ത്താവ് വിഷ്ണുവിജയും 2010 ഫിബ്രവരി ആറിന് ഡല്‍ഹി പുസ്തകമേളയില്‍ പങ്കെടുത്തു മടങ്ങവെ റെയില്‍വേസ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. കുറ്റം: രാജ്യദ്രോഹം, നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് സംഘടന സംബന്ധിച്ച കൃതികള്‍ കൈയ്യില്‍ വയ്ക്കല്‍. വകുപ്പുകള്‍ യു.എ.പി.എ പ്രകാരം 

2. സിയാവുര്‍ റഹ്മാന്‍, മുഹമ്മദ് സാഖിബ് നിസാര്‍, മുഹമ്മദ് ഷക്കീല്‍. 2008സെപ്തംബര്‍ 19ന്റെ ഡല്‍ഹി ബാട്‌ല ഹൗസ് കൊലപാതകത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍. ജാമിയ മിലിയ സര്‍വ്വകാലശാലയിലെ ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ സിയാവുര്‍ റഹ്മാന്‍ പിതാവിനൊപ്പം വാടകയ്ക്ക് താമസിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പോലീസ് സ്‌റ്റേഷനില്‍ കാണിക്കാനായി പോയതാണ്. ജാമിയയിലെ മുന്‍ വിദ്യാര്‍ത്ഥിയും മണിപ്പാല്‍ സര്‍വ്വകലാശാലയിലെ വിദൂര പഠന എം.ബി.എ വിദ്യാര്‍ത്ഥിയുമായിരുന്നു മുഹമ്മദ് നിസാര്‍, ജാമിയയിലെ എം.എ. ഇക്‌ണോമികസ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഷക്കീല്‍. മൂന്നുപേരെയും തലയില്‍ അറബിക് റുമാല്‍ കെട്ടി മുഖം മറച്ച് അവരുടെ മുസ്ലീം സ്വത്വം മാത്രം വെളിവാക്കി ഡല്‍ഹി പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് വച്ചു. ചെറുപ്രായത്തില്‍ ജിഹാദിന് വേണ്ടി ബോംബ്‌നിര്‍മ്മാണം നടത്തുന്നവരെ കുറിച്ച് മാധ്യമങ്ങള്‍ ഭാവനാ കഥകള്‍ പടച്ചുവിട്ടു. മറ്റ് രണ്ട് പേര്‍ക്ക് ശേഷം ഇന്ത്യന്‍ മുജാഹിദിന്റെ പ്രവര്‍ത്തകരായി ചിത്രീകരിച്ച് ഇവര്‍ക്കെതിരെ രാജ്യദ്രോഹം മുതലുള്ള യു.എ.പി.എ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ ഫയല്‍ ചെയ്തു. ജയ്പൂര്‍, അഹമ്മദാബാദ് ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരും ഇവരാണെന്ന് പോലീസ് കണ്ടെത്തി. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മുജാഹിദീന്‍ ബന്ധം സ്ഥാപിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിരോധിത സംഘടനയായ സിമിയുമായി ചേര്‍ന്ന് മാലേഗാവ് ബോംബ് സ്ഥോടനം നടത്തിയത് പിന്നിലും ഇവരാണെന്ന് പോലീസ് ആരോപിച്ചു. മാലേഗാവ്, മക്കാമസ്ജിദ് സ്ഥോടനങ്ങള്‍ ഹിന്ദു ഭീകരവാദ സംഘടനകള്‍ നടത്തിയതാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ വന്നത് അതിന് ശേഷമാണ്. 

3. 2011 ഏപ്രില്‍ 24ന് മഹാരാഷ്ട്ര എ.റ്റി.എസ് അറസ്റ്റ് ചെയ്ത ഏഞ്ചല സൊന്താക്കെക്കായി പോലീസ് കരുതി വച്ചത് 20 ലേറെ കേസുകളാണ്. ഭര്‍ത്താവ് മിലിന്ദ് ടെല്‍റ്റുമ്പ്‌ലെക്കൊപ്പം ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഏഞ്ചല പോലീസിന്റെ ഉപദ്രവം സഹിക്കവയ്യാതെ മുംബൈയിലെയ്ക്ക് ഭര്‍ത്താവിനൊപ്പം താമസം മാറ്റി പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. താനെയില്‍ നിന്ന് പിടികൂടുമ്പോള്‍ കുറച്ചു പണവും മാവോയിസ്റ്റ് സാഹിത്യമെന്ന് പോലീസ് വിളിക്കുന്ന ചില കടലാസുകളും മാത്രമായിരുന്നു ഏഞ്ചലയില്‍ നിന്ന് ലഭിച്ചത്. ഗഡ്ചറോളി, ഗോണ്ടിയ എന്നിവടങ്ങളില്‍ നടന്ന മാവോയിസറ്റ് ആക്രമണങ്ങളില്‍ ഏഞ്ചല ഭാഗവാക്കാണെന്ന് പോലീസ് ആരോപിച്ചു. എന്നാല്‍ ഈ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ട് പോലുമില്ല എന്നാണ് ഏഞ്ചലയുടെ വാദം. പോലീസിന് മറിച്ച് തെളിയിക്കാനായില്ല. കേസിന്റെ വിചാരണയ്ക്കിടയില്‍ ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരാക്കാത്തതില്‍ ജയിലില്‍ പ്രതിഷേധിച്ച ഏഞ്ചലയെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിക്രൂമായി തല്ലിച്ചതച്ചു. നാലുദിവസത്തിന് ശേഷം ബൈക്കുള ജയിലിലേയ്ക്ക് മാറ്റുന്ന വരെ ചികിത്സ നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. അതിന് പുറമേ ഇരുപതാമത്തേതായി ആയി ജയിലില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും ഒദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കിയതിനുമുള്ള കേസുകൂടി പോലീസ് ചാര്‍ജ്ജ് ചെയ്തു.

സുഷമ ഹേമന്ത് രാംടേകേ (ഏഞ്ചലയുമായി വാടക വീട്ടില്‍ താമസിച്ചിട്ടുണ്ടെന്ന കുറ്റം മാത്രമാണ് അവര്‍ ചെയ്തതെന്ന് ആരോപണം), അനുരാധേ സൊനൂലെ, മയൂരി ഭഗത് (ഇരുവരും ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ മനോജ് സൊനൂലെയുടെ സഹോദരി എന്ന ഒറ്റക്കാരണമാകാം അനുരാധയുടെ അറസ്റ്റിന് പിന്നിലെന്നാണ് ആരോപണം. മയൂരി അനുരാധയുടെ സുഹൃത്ത്), ജ്യോതി ബാബാസഹേബ് ഖോര്‍ഗേ (ജോലി അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെത്തി അനുരാധയുടെ കൂടെ താമസിച്ചുവന്ന 19 കാരി), സിദ്ധാര്‍ത്ഥ് ഭോസ്‌ലേ (എം.എ വിദ്യാര്‍ത്ഥി, ദളിത് തീയേറ്റര്‍ ഗ്രൂപ്പില്‍ സജീവമായിരുന്നു), ദീപക് ദേഗ്‌ലേ (കബീര്‍ കലാമഞ്ച് എന്ന സാംസ്‌കാരിക സംഘടനയിലെ സജീവാംഗം) എന്നീ ആറു പേരും ഏഞ്ചല അറസ്റ്റു ചെയ്യിപ്പെട്ട ദിവസങ്ങളില്‍ തന്നെ അറസ്റ്റു ചെയ്യപ്പെട്ട ദല്‍ത് പ്രവര്‍ത്തകരാണ്. എല്ലാവര്‍ക്കുമെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ വകുപ്പുകള്‍ ചാര്‍ജ് ചെയ്തു. 

4. മണിപ്പൂരി രാഷ്ട്രീയ പ്രവര്‍ത്തകനായ തൗനൗജം ശ്യാം കുമാര്‍ സിങ്ങിന്റേയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഘനശ്യാം ജയന്ത് കുമാര്‍ എന്നിവരുടെയും കേസുകളും പരിശോധിക്കണം. എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പാനലില്‍ മത്സരിച്ചിട്ടുള്ള ബിസിനസുകാരന്‍ കൂടിയായ മുന്‍ മണിപ്പൂരി ഡെപ്യൂട്ടി സ്പീക്കര്‍ തൗനൗജത്തിന്റെ പേരിലുള്ള യു.എ.പി.എ കേസുകള്‍ പിന്‍വലിക്കപ്പെട്ടതും അതേ ആരോപണവുമായി ജയിലിലടക്കപ്പെട്ട ഘനശ്യാമിന്റേയും ജയന്ത് കുമാറിന്റെയും കേസുകള്‍ തുടര്‍ന്നതും ഇരട്ട നീതിയുടെ ഒരുദാഹരണം മാത്രം.

5. ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റ് ഗോപാല്‍ മിശ്രയെ 2010 ഏപ്രില്‍ 26ന് ഷഹാദ്രയിലെ ശ്യാം ലാല്‍ കോളേജിനടത്തുനിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. തൊട്ടടുത്ത ദിവസം ഭാര്യയും വനിത സംഘടന പ്രവര്‍ത്തകയുമായ കാഞ്ചന ബാലയേയും പോലീസ് അറസ്റ്റു ചെയ്തു. നിരോധിക്കപ്പെട്ട സംഘടന അംഗങ്ങള്‍ എന്ന രീതിയിലാണ് യു.എ.പി.എ ചാര്‍ജ്ജ് ചെയ്ത് ഇരുവരേയും അറസ്റ്റ് ചെയതത്. മരത്തില്‍ തീര്‍ത്ത അരിവാള്‍ ചുറ്റിക രൂപം, ചില സിഡികള്‍, മാവോയിസ്റ്റ് സാഹിത്യം എന്നിവയാണ് കാഞ്ചന ബാലയുടെ താമസസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തത്. ഇരുവര്‍ക്കും കുറ്റകൃത്യങ്ങളുടെ ഏതെങ്കിലും ചരിത്രമുണ്ടെന്ന് ആറുമാസത്തിന് ശേഷം മാത്രം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കാന്‍ പോലും പോലീസിന് സാധിച്ചില്ല. ഏതെങ്കിലും കുറ്റകൃത്യങ്ങളോ അക്രമങ്ങളോ സംഭവങ്ങളോ ആയി ബന്ധപ്പെട്ടല്ലായിരുന്നു ഇരുവരുടേയും അറസ്റ്റ്. ഗോപാല്‍ മിശ്രയുടെ അറസ്റ്റ് രേഖയില്‍ പോലും പോലീസ് കള്ളത്തരം കാണിച്ചു. 

യഥാര്‍ത്ഥത്തില്‍ ഏപ്രില്‍ 25ന് ഡല്‍ഹിയിലെ കുത്തബ്മീനാറിന് സമീപത്ത് നിന്ന് അറസ്റ്റു ചെയ്യുകയും 24 മണിക്കൂറോളം നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം കോടതിയില്‍ ആദ്യമായി ജാമ്യപേക്ഷ വന്നപ്പോഴും പോലീസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളി. പിന്നീട് ഹൈക്കോടതി കാഞ്ചനയ്ക്ക് ജാമ്യം നല്‍കിയിട്ടും ഗോപാല്‍ മിശ്ര ഡല്‍ഹി തീഹാര്‍ ജയിലില്‍ തന്നെ തുടര്‍ന്നു.

മുസ്ലീം ദളിത് നാമധാരികള്‍, സര്‍ക്കാരിതര സംഘടന പ്രവര്‍ത്തകര്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്ത്രീക്ഷേമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയാണ് യു.എ.പി.എയുടെ ഇരകളുടെ എണ്ണം നീളും. യു.എ.പി.എ കേസുകളില്‍ പെട്ട് പോലീസ് കസ്റ്റഡിയില്‍ മരിച്ച സൊപന്‍ ദാസ്ഗുപ്ത, രഞ്ജിത് മൊര്‍മു എന്നിവരടങ്ങുന്ന ഇരകള്‍ വേറെ. ആരാധനയ്ക്കും മതവിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങി ഭരണഘടന രാജ്യത്തെ പൗരര്‍ക്ക് നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ അട്ടിമറിക്കാനും വിഭജിച്ച് ഭരിക്കാനുമുള്ള ഭരണവര്‍ഗ്ഗ താത്പര്യങ്ങള്‍ നിയമങ്ങളുടെ രൂപത്തില്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും പ്രാവര്‍ത്തികമാക്കപ്പെടുന്നുവെന്നതിനുള്ള ഉത്തമോദാഹരണമാണ് 50 വര്‍ഷം നീണ്ട യു.എ.പി.എ യുടെ ചരിത്രം. 

ഒന്നു കൂടി പറയാതെ യു.എ.പി.എ യുടെ നടത്തിപ്പ് ചരിത്രം പൂര്‍ത്തിയാകില്ല.  

1977-ല്‍ നിലവില്‍ വന്ന സിമി ഇന്ത്യയില്‍ നിരോധിക്കപ്പെടുന്നത് 2001 സെപ്തംബര്‍ 27-നാണ്.

സിമിയും അഭിനവ ഭാരതിയും 

1977-ല്‍ നിലവില്‍ വന്ന സിമി (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) ഇന്ത്യയില്‍ നിരോധിക്കപ്പെടുന്നത് 2001 സെപ്തംബര്‍ 27-നാണ്. അമേരിക്കയിലെ 2001 സെപ്തംബര്‍ 11ലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ യു.എ.പി.എ വകുപ്പുകള്‍ ഉപയോഗിച്ച് പൊടുന്നനെ സിമി നിരോധിക്കുന്നതും അതിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുന്നതും. യു.എ.പി.എയുടെ അക്കാലത്തെ വകുപ്പുകള്‍ പ്രകാരം സംഘടനകളുടെ നിരോധനത്തിന് ഒരു മാസത്തിനുള്ളില്‍ ഈ നിരോധനം പരിശോധിക്കുന്നതിന് ഒരു ട്രിബൂണലിനെ നിയോഗിക്കുകയും ആറുമാസത്തിനകം ട്രിബൂണല്‍ നിരോധനത്തെ ശരിവയ്ക്കുകയോ തള്ളുകയോ വേണം. 2001-ന് ശേഷം 2003-ലും 2006-ലും സിമി നിരോധിച്ചു. ഒരോ തവണയും ട്രിബൂണലിനെ കേന്ദ്രസര്‍ക്കാര്‍ വയ്ക്കുകയും ട്രിബൂണല്‍ കേന്ദ്രസര്‍ക്കാരിന്റെ നിരോധന തീരുമാനം ശരിവയ്ക്കുകയും ചെയ്തു. ആദ്യത്തെ നിരോധനം തന്നെ ട്രിബൂണലിന്റെ തീരുമാനത്തിനൊന്നും കാത്തുനില്‍ക്കാതെ ഉടനടി നടപടി നിലവില്‍ വരുത്തുന്ന യു.എ.പി.എയിലെ മൂന്നാം വകുപ്പിനെ അനുച്ഛേദം ഉപയോഗിച്ചായിരുന്നു. 

നിരോധനത്തിനെതിരെ സിമി ഉന്നയിച്ച കാര്യങ്ങള്‍

  1. യു.എ.പി.എ വകുപ്പ് പ്രകാരം നിരാധിച്ച സംഘടനയുമായുള്ള ഏതുതരത്തിലുള്ള ബന്ധവും കുറ്റകൃത്യമാണ്. അപ്പോള്‍ നിരോധനത്തിനെ കോടതിയെ സമീപിക്കുന്ന ആളും കുറ്റവാളിയായി കണക്കാക്കപ്പെടും. ഇത്തരമൊരു സാഹചര്യത്തില്‍ നീതി ആര്‍ക്കും ലഭിക്കില്ല. 
  2. ഒരു സംഘടനയെ നിരോധിക്കാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തമെന്ന് യു.എ.പി.എ വകുപ്പ് 3 (1)-ല്‍ പറയുന്നുണ്ടെങ്കിലും വകുപ്പ് 3(3) പ്രകാരം ഈ കാരണങ്ങള്‍ വെളിപ്പെടുത്തണമോ എന്നത് സര്‍ക്കാരിന് പിന്നീട് തീരുമാനിക്കുകയും നിരോധനം ഉടനടി നിലവില്‍ വരുത്തുകയും ചെയ്യാവുന്നതാണ്. അഥവാ നിയമത്തിന്റെ തന്നെ അനുച്ഛേദങ്ങള്‍ പരസ്പരം വിയോജിക്കുന്നതാണ്. 
  3. 1993 ജൂണ്‍ നാലിന് ബാബ്‌രിപള്ളി തകര്‍ക്കല്‍, മുസ്ലീം വിരുദ്ധ കലാപം സംഘടിപ്പിക്കല്‍ എന്നിവയ്ക്ക് കാരണക്കാരായ വിശ്വഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ്, ബജ്‌രംഗ്ദള്‍ എന്നീ സംഘടനകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. അന്ന് യു.എ.പി.എ പ്രകാരം നിയമിക്കപ്പെട്ട ട്രിബൂണല്‍ നിരോധനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ച രഹസ്യ ഫയലുകള്‍ നിരോധനം നേരിട്ട സംഘടനയ്ക്ക് നല്‍കിയില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നിരോധനം പിന്‍വലിച്ചത്. അഥവാ വിഭജനാനന്തര ഇന്ത്യ അതുവരെ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപത്തിന്റെ നടത്തിപ്പുകാര്‍ക്ക് നല്‍കിയ സംശയത്തിന്റെ ആനുകൂല്യം പോലും അമേരിക്കയില്‍ നടന്ന ആക്രമണത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട സിമിക്ക് ഇന്ത്യന്‍ ഭരണകൂടമോ ഭരണകൂടം നിയമിച്ച ട്രിബൂണലോ നല്‍കിയില്ല. 
  4. സിമിയെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ അടിസ്ഥാന വിവരങ്ങളില്‍ അവര്‍ക്കെതിരെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഒരു എഫ്.ഐ.ആര്‍ നമ്പര്‍ പോലും ഫയല്‍ ചെയ്തതായുള്ള രേഖകളില്ല. യു.എ.പി.എ-യുടെ അഞ്ചാം വകുപ്പ് ഇത് വേണമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്. 
  5. യു.എ.പി.എ പ്രകാരം നിരോധനം രണ്ട് വര്‍ഷത്തേയ്ക്കാണ്. പക്ഷേ തുടര്‍ച്ചയായ നിരോധനം ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാരിന് അനശ്ചിതമായി അനസ്യൂതം നിരോധനം നടപ്പാക്കാമെന്നാണ്. 
  6. ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കത്തിനും അന്തസന്തയ്ക്കും എതിരായി ഒരു പ്രവൃത്തിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്ന് സര്‍ക്കാരിന് തെളിയിക്കാനായിട്ടില്ലെന്നും സിമി വാദിക്കുന്നു.

സിമിയുടെ വാദങ്ങളെ വിവിധ ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും നിരാകരിക്കുകയാണ് ട്രിബൂണലുകള്‍ ചെയ്തിട്ടുള്ളത്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ 2006-ലെ മാലേഗാവ് ബോംബാക്രമണം, 2007-ലെ മക്ക മസ്ജിദ് ബോംബാക്രമണം എന്നിവയില്‍ സിമി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചു. എന്നാല്‍ ഈ രണ്ട് ബോംബാക്രമണങ്ങളും ഹിന്ദുഭീകര സംഘടനകള്‍ ചെയ്തതാണ് എന്ന് പിന്നീട് തെളിഞ്ഞു. 

2006- ആഗസ്ത് 11ന് കേന്ദ്ര ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സിമി വര്‍ഗ്ഗീയ-ദേശ വിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും രാജ്യത്തെ സമാധാനത്തിനും ഐക്യത്തിനും മതേതര സമൂഹത്തിനും ഭീഷണിയായ നിയമവിരുദ്ധ സംഘടനയാണെന്നും ആരോപിക്കുന്നു. ഇതിന് തെളിവായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും വെല്ലുവിളിക്കുന്നതാണ്. ബിംബാരാധന ഇവര്‍ അംഗീകരിക്കുന്നില്ല എന്നത് മുതല്‍ വിശുദ്ധ ഖുറാനില്‍ വിശ്വസിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ മതചര്യകള്‍ പാലിക്കുന്നതും വരെ കുറ്റകൃത്യമായാണ് ഈ വിജ്ഞാപനം വിശേഷിപ്പിക്കുന്നത്. സിമി അംഗങ്ങള്‍ ബിംബാരാധാനയ്ക്ക് എതിരാണെന്ന മതപരമായി വസ്തുതയെ ബിംബാരാധന ബലമായി അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന തരത്തലാണ് ട്രിബൂണല്‍ വാഖ്യാനിച്ചെടുത്തതും. അഥവാ സിമിയുടെ രാഷ്ട്രീയം ഹൈന്ദവ വിശ്വാസത്തിന് പൊതുവേ എതിരാണ് എന്നുള്ളതാണ് കുറ്റകൃത്യമായി കണക്കാക്കുന്നത്. രാഷ്ട്രീയ സംഘാടനം നടത്തിയതല്ലാതെ ഏതെങ്കിലും തരത്തിലുള്ള അക്രമസ്വഭാവുമുള്ള കുറ്റകൃത്യങ്ങളില്‍ സംഘടന എന്ന നിലയില്‍ സിമി പങ്കാളിയായിട്ടുണ്ട് എന്നതിനോ മുസ്ലീം ഇതര മതവിശ്വാസികള്‍ക്കെതിരെ അക്രമം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതിനോ ഒരു തെളിവും ട്രിബൂണലിന് മുന്നിലില്ലായിരുന്നു. 2006-ലെ ട്രിബൂണലിന്റെ പതിനേഴാം ഖണ്ഡിക പറയുന്നു- 2004-05 കാലഘട്ടത്തില്‍ സിമി യാതൊരു അക്രമ സംഭവങ്ങളിലും ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും അവര്‍ അക്രമത്തിന്റെ പാത വെടിഞ്ഞു എന്നതിന് സൂചനകളൊന്നുമില്ല!!! 

ഇങ്ങനെയാണ് സിമിക്കെതിരെ യു.എ.പി.എ ട്രിബൂണലുകള്‍ നിലപാടെടുത്തത്. 2002-ലെ ഗുജറാത്ത് വംശഹത്യയില്‍ ബി.ജെ.പിയുടെ പങ്കുവെളിവാക്കുന്ന നോട്ടീസുകളും രേഖകളും തയ്യാറാക്കിയതും വിതരണം ചെയ്തതും സിമിയുടെ ദേശവിരുദ്ധ നടപടികളായി ട്രിബൂണലുകള്‍ കണക്കാക്കിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത നിയമവിരുദ്ധ സംഘടനയാണ് സിമിയെന്നതിന്റെ തെളിവുകളില്‍ ഈ നോട്ടീസ് അച്ചടിയും വിതരണവും പെടും. 

പക്ഷേ മറ്റ് ചില സന്ദര്‍ഭത്തില്‍ ഭരണകൂടത്തിന് മറുകണ്ടം ചാടാം.

ഹിന്ദുത്വ ഭീകര സംഘടനകളോടുള്ള നിലപാട്

2004-ല്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ ഭേദഗതി ചെയ്തപ്പോള്‍ ഉള്‍പ്പെടുത്തിയ വാക്കാണ് 'റ്റെററിസ്റ്റ് ഗ്യാങ്' അഥവാ റ്റി.ജി എന്നത്. റ്റി.ജി അഥവാ റ്റെററിസ്റ്റ് ഗ്രൂപ്പിലാണ് യു.എ.പി.എ പ്രകാരം ഭരണകൂടം പ്രതിചേര്‍ക്കുന്നതെങ്കില്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തുവെന്ന് തെളിയുന്നവര്‍ മാത്രമേ ശിക്ഷപ്പെടുകയുള്ളൂ എന്ന് ചുരുക്കം. അതേ സമയം യു.എ (നിയമ വിരുദ്ധ പ്രവര്‍ത്തനം), റ്റി.ഒ (തീവ്രവാദ സംഘടന) എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പെടുത്തുന്നതെങ്കില്‍ ആ സംഘടനയുടെ അനുഭാവികളും അംഗങ്ങളും അവരുമായി വിദൂര ബന്ധമുള്ളവര്‍ പോലും കുറ്റവാളികളായി മാറും. മഹാരാഷ്ട്രയിലെ ദളിത് ആക്ടവിസ്റ്റ് ഏഞ്ചല സൊന്താക്കെയുമായി പരിചയുമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്  യു.എ.പി.എയുടെ ഈ നീരാളികൈകള്‍ നീട്ടിയതാണ്. 

പക്ഷേ മറ്റ് ചില സന്ദര്‍ഭത്തില്‍ ഭരണകൂടത്തിന് മറുകണ്ടം ചാടാം. ഒരു സംഘടന തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു, പക്ഷേ ആ സംഘടനയെ നിരോധിക്കാന്‍ താത്പര്യമില്ല. ആ അവസരത്തില്‍ സംഘടനയ്ക്കുള്ളില്‍ ഒരു റ്റെറസിസ്റ്റ് ഗ്യാങ് -റ്റി.ജി- പ്രവര്‍ത്തിക്കുന്നുണ്ടെന്ന വ്യാഖ്യാനം നടത്തിയാല്‍ മതി. ആ സംഘടനയുടെ മറ്റ് പ്രവര്‍ത്തനള്‍ തടസപ്പെടില്ല, ആ സംഘടനയിലെ അംഗത്വം ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടില്ല. ആ സൗകര്യം ഇന്ത്യയിലെ ഹൈന്ദവ ഭീകര സംഘടനകള്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. അഭിനവ് ഭാരത് എന്ന സംഘടനയുടെ അംഗങ്ങളാണ് മക്കമസ്ജിദ്, മലേഗാവ് ബോംബാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ബോധ്യപ്പെട്ടിട്ടും ആരും ആ സംഘടന നിരോധിച്ചില്ല. അവരുടെ ബന്ധുമിത്രാദികളെ പോലീസ് ചോദ്യം ചെയ്ത് അപമാനിച്ചുമില്ല. മുസ്ലീം-ദളിത്-ആദിവാസി-മാവോയിസ്റ്റ് കുറ്റവാളികളെന്ന് ഭരണകൂടം തീരുമാനിക്കുന്നവര്‍ക്കും ബന്ധുക്കള്‍ക്കും ഇതല്ല അവസ്ഥയെന്ന് പറയേണ്ടതില്ലല്ലോ. 

യു.എ.പി.എയില്‍ നിന്ന് ഇന്ത്യയിലെ ഹൈന്ദവ ഭീകരസംഘടനകള്‍ രക്ഷപ്പെട്ട് നില്‍ക്കുന്നത് ഭരണകൂടത്തിന്റെ ഈ വ്യാഖ്യാന സൗകര്യത്തിന്റെ ബലത്തിലാണ്.  നിരോധനത്തിന് കാരണമായ സര്‍ക്കാര്‍ രേഖകള്‍ കാണണമെന്ന് ആവശ്യപ്പെട്ട സിമിക്ക് അത് നല്‍കേണ്ടന്ന് തീരുമാനിച്ച് നിരോധനം തുടരാന്‍ ഈ നിയമത്തെ തന്നെ വ്യഖ്യാനിച്ച് ഒരു ട്രിബൂണല്‍ ഉത്തരവിടുന്നു. അതേ നിയമത്തെ കുറച്ചു കാലം മുമ്പ് വ്യാഖ്യാനിച്ച മറ്റൊരു ട്രിബൂണല്‍ നിരോധനത്തിന് കാരണമായ സര്‍ക്കാര്‍ രേഖകള്‍ കാണാന്‍ ആര്‍.എസ്.എസിനും വി.എച്ച്.പിക്കും ബജ്‌രംഗ്ദളിനും അര്‍ഹതയുണ്ടെന്ന് കണ്ടെത്തുന്നു, അത് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ നിരോധനം നിലനില്‍ക്കില്ലെന്ന് വാദിക്കുന്നു. 

കോടതി വെറുതെ വിട്ടതറിഞ്ഞ് റഫീഖിന്റെ ഉമ്മ പറഞ്ഞത്- നീതി നടപ്പായി എന്നാണ്.

'സിന്ദാ ഹേ, മാരോ'- ജീവനോടെ ഉണ്ട്, കൊല്ലൂ - എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വീണുകിടക്കുന്ന ഒരാളെ ചൂണ്ടി ആക്രോശിക്കുന്നതും ക്ലോസ് റെയ്ഞ്ചില്‍ നിന്ന് ഒരു വെടിയൊച്ച ഉയരുന്നതും ഒരു ചാനല്‍ ദൃശ്യമായി വന്നിട്ട് നാലുമാസമായി. ആ ദൃശ്യത്തില്‍ മരിച്ചു കിടക്കുന്ന മറ്റ് ഏഴുപേരും ഉണ്ടായിരുന്നു. കൊല്ലപ്പെട്ടതാണ്, കഴിഞ്ഞ ഒക്‌ടോബര്‍ 31-ന്. തടവ് ചാടി എന്നാരോപിച്ച് ഭോപ്പാല്‍ പോലീസ് വെടിവെച്ച് കൊന്ന എട്ട് സിമി പ്രവര്‍ത്തകര്‍. വിചാരണത്തടവുകാരായി വര്‍ഷങ്ങളായി കഴിഞ്ഞവര്‍. 

അവരുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളൊന്നും വന്നിട്ടില്ല. അനേഷണം അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. അതിനിടെ 2005-ലെ ഡല്‍ഹി ബോംബ് സ്ഥോടനക്കേസിലെ പ്രതിയെന്നാരോപിച്ച് പോലീസ് ജയിലിലടച്ച മുഹമ്മദ് റഫീഖ് ഷാ പതിനൊന്നര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പൂര്‍ണ്ണ നിരപരാധിയെന്ന് തെളിഞ്ഞ് പുറത്തെത്തി.  തീവ്രവാദി എന്ന് മുദ്രകുത്തി പതിനൊന്നര വര്‍ഷം ജയിലില്‍. 2005 നവംബര്‍ 21ന് പാതി രാത്രി കശ്മീര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റു ചെയ്യുമ്പോള്‍ റഫീഖിന് 22 വയസ്- കശ്മീര്‍ സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലെ എം.എ വിദ്യാര്‍ത്ഥി. സര്‍വ്വകലാശാലകളുടെ രേഖകളനുസരിച്ച് ഒരുമാസം മുമ്പ് ഡല്‍ഹിയിലെ ഡിറ്റിസി ബസില്‍ സ്‌ഫോടനം നടക്കുമ്പോള്‍ റഫീഖ് ക്ലാസ് മുറിയിലുണ്ടായതായി തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും മൂന്ന് വര്‍ഷത്തെ നിരന്തര പീഢനത്തിനൊടുവില്‍ യു.എ.പി.എ പ്രകാരം 2008-ല്‍ മുഹമ്മദ് റഫീഖ് ഷാ ഡല്‍ഹി സ്ഥോടനക്കേസ് പ്രതിയായി.

എനിക്ക് വെള്ളത്തിന് പകരം മൂത്രമാണ് ജയിലില്‍ കുടിക്കാന്‍ തന്നത്. പൂര്‍ണ്ണ നഗ്നനാക്കി നിര്‍ത്തിയ ശേഷം മൊബൈല്‍  ഫോണില്‍ പോലീസുകാര്‍ ഫോട്ടോകളെടുത്തു. മറ്റ് പ്രതികളുടെ സ്വകാര്യ പ്രദേശങ്ങള്‍ നക്കുന്നതിനായി ബലം പ്രയോഗിച്ചു. എന്റെ പാന്റിനുള്ളിലേയ്ക്ക് പോലീസുകാര്‍ എലികളെ കയറ്റിവിട്ടു. ഞാന്‍ സഹായത്തിനായി കരഞ്ഞപ്പോള്‍ പോലീസുകാര്‍ പറഞ്ഞത് എല്ലാ കശ്മീരികളും തീവ്രവാദികളാണ് എന്നാണ്. എന്റെ മതവികാരത്തെ വൃണപ്പെടുത്താന്‍ അവര്‍ ഒരു ചെറിയ പന്നിയെ കൊണ്ടുവന്ന് ശരീരത്തിലാകെ മുട്ടിച്ചു. ആ പന്നിയെ പിന്നീടെന്റെ മുറിലാക്കി അടയ്ക്കുകയും ചെയ്തു.- റഫീഖ് കോടതി മുന്നാകെ മൊഴി നല്‍കി.  

എന്നിട്ടും കോടതി വെറുതെ വിട്ടതറിഞ്ഞ് റഫീഖിന്റെ ഉമ്മ പറഞ്ഞത്- നീതി നടപ്പായി എന്നാണ്. നിരപരാധികള്‍ തൂക്കിലേറ്റപ്പെടുകയും ദുരൂഹമായി കൊല്ലപ്പെടുകയും ചെയ്യുന്ന കാലത്ത് പതിനൊന്നര വര്‍ഷത്തിനും കൊടിയ പീഢനത്തിനും ശേഷമാണെങ്കിലും മോചിക്കപ്പെടുന്നത് പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവര്‍ക്ക് നീതിയാണ്. കാരണം അനീതിയുടെ കാലത്തിലൂടെയാണ് നമ്മള്‍ നടന്നുപോകുന്നത്.

 

Follow Us:
Download App:
  • android
  • ios