Asianet News MalayalamAsianet News Malayalam

ഇതൊരു  അഡിക്ഷന്‍  ആകുന്നത് നിങ്ങള്‍പോലുമറിയാതെയാണ്!

Aami Alavi on smart phone life
Author
Thiruvananthapuram, First Published Jan 16, 2018, 9:06 PM IST

മൊബൈല്‍ ഫോണ്‍ മോണിറ്ററുകള്‍ക്കു മുന്നില്‍ തീരുന്ന നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു വരുണ്‍ രമേഷ് എഴുതിയ 'ഇ-ജീവിതം ചോര്‍ത്തിക്കളയുന്ന ആ ജീവിതം!' എന്ന കുറിപ്പ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഇന്നലെ പ്രസിദ്ധീകരിച്ച ആ കുറിപ്പിന് ഒരനുബന്ധം. 

Aami Alavi on smart phone life

ഞായറാഴ്ച വൈകുന്നേരം  അവധിയുടെ  ആലസ്യത്തില്‍  നിന്നുമുണര്‍ന്നു  മക്കള്‍ക്കൊപ്പം  നഗരത്തിലെ  പ്രശസ്ത മാളിലേക്കിറങ്ങി. 

അതിനുള്ളില്‍  കുട്ടികള്‍ക്ക്  കളിക്കാനൊരു  പാര്‍ക്കുണ്ട്. കുത്തിമറിഞ്ഞു  കളിക്കാന്‍  കുട്ടികള്‍ക്ക്  വേണ്ടതെല്ലാം  ഒരുക്കിയ ഒരിടം. മാതാപിതാക്കള്‍ക്ക്  അവര്‍ കളിക്കുന്നത്  കണ്‍വെട്ടത്തിരുന്നു  കാണാവുന്ന  വിധത്തിലുള്ള  ഇരിപ്പിടങ്ങളും. 

ഞങ്ങള്‍  ചെല്ലുമ്പോള്‍  ആറേഴു  കുടുംബങ്ങള്‍  അതിനുള്ളിലുണ്ട്. കുട്ടികള്‍  കളിച്ചു  തിമിര്‍ക്കുന്നുണ്ട്. കൂക്കി വിളിക്കുന്നുണ്ട്. രസിക്കുന്നുണ്ട്. 

അതിനിടയില്‍  ഏകദേശം  നാല്  വയസ്സ്  തോന്നുന്നൊരു പെണ്‍കുട്ടി  സ്ലൈഡിനു  മുകളില്‍  നിന്നും  കൈവീശി കൊണ്ട് 'നോക്ക്  .... മമ്മാ ...' എന്ന്  ആവേശത്തില്‍  വിളിക്കുന്നുണ്ട്. 

മൂന്നാലു  തവണ  ആവര്‍ത്തിച്ചിട്ടും പ്രതികരണം  ഇല്ലാഞ്ഞിട്ടാവും  അവളുടെ  മുഖം  മങ്ങുന്നുണ്ട്. 

അവളുടെ  മമ്മ  ഇക്കൂട്ടത്തില്‍  ആരാവും  എന്നറിയാന്‍  നോക്കുമ്പോള്‍  അവിടെ  ഇരിക്കുന്നവരില്‍  ഏറിയ  പങ്കും കണ്ണ്  മൊബൈലിലേക്ക്  പൂഴ്ത്തിവെച്ചിരിപ്പാണ്. 

കുഞ്ഞുങ്ങളുടെ  കളിചിരികളൊന്നും  അവരെ  ബാധിക്കുന്നില്ലെന്ന  മട്ടില്‍  വേറൊരു  ലോകത്താണ്.  

'പപ്പാ...  പ്ലീസ്...  ഒന്ന്  നോക്കോ ?',  ആ  കുഞ്ഞു വീണ്ടും  വിളിക്കുന്നുണ്ട്. 

ഫോണില്‍  സംസാരിച്ചു തൊട്ടടുത്തിരുന്ന  യുവാവ്  ഭാര്യയെ ഞോണ്ടി  കുഞ്ഞിനെ  നോക്കാന്‍  ഏല്‍പ്പിച്ചു  യാതൊരു  ഭാവഭേദവുമില്ലാതെ  എഴുന്നേറ്റു പോയി. അവരാകട്ടെ തലയൊന്നുയര്‍ത്തി  നോക്കി   വീണ്ടും  മൊബൈലിലെ  വീഡിയോയിലേക്കു  നോക്കിയിരിപ്പായി.  

സ്‌നേഹം വല്ലാതെ തണുത്തു പോകുന്ന  കാലത്തിലാണ്  നമ്മള്‍. 

നാലാള് കൂടുന്നിടത്തെല്ലാം തല കുനിഞ്ഞ മനുഷ്യരെയാണ് നാമിപ്പോള്‍  കണ്ട് കൊണ്ടിരിക്കുന്നത്. 

ഇത്  ഒരു  പാര്‍ക്കിലെ  മാത്രം  കാഴ്ചയല്ല. 

മരണവീട്ടില്‍...  
ബസ് സ്റ്റോപ്പില്‍... 
ആശുപത്രിയില്‍... 
റോഡില്‍... 
കല്യാണവീട്ടില്‍... 
പള്ളിയില്‍...   

നാലാള് കൂടുന്നിടത്തെല്ലാം തല കുനിഞ്ഞ മനുഷ്യരെയാണ് നാമിപ്പോള്‍  കണ്ട് കൊണ്ടിരിക്കുന്നത്. 

നമ്മുടെ  കാഴ്ച, അഭിരുചി, സൗഹൃദം, ലോകം,  എല്ലാമെല്ലാം  മൊബൈലിലേക്ക്  വല്ലാതങ്ങ്  ചുരുങ്ങിപ്പോയി. 

വെറും  ഫോണ്‍  വിളികള്‍ക്കും  മെസ്സേജ്  അയക്കലുകള്‍ക്കുമായി നാം  കണ്ടെത്തിയ ഫോണ്‍ വളരെ പെട്ടെന്നായിരുന്നു അതിന്റെ  വിപ്ലവകരമായ  മാറ്റങ്ങള്‍ക്ക്  തുടക്കമിട്ടത്. അക്ഷരം മാത്രം  തെളിയുന്ന  കുഞ്ഞു  സ്‌ക്രീനില്‍ നിന്നും ചിത്രങ്ങളും  വീഡിയോകളും  എടുക്കാനുള്ള  ക്യാമറകള്‍ക്കൊപ്പം  ജിപിആര്‍ എസ്  സംവിധാനം  കൂടി  കൈവന്നതോടെ ഇന്റര്‍നെറ്റ്  എന്ന  വാതിലിലേക്കുള്ള  വളര്‍ച്ച  പെട്ടെന്നായിരുന്നു. എല്ലാ  സൗകര്യങ്ങളുമുള്ള  ഫോണ്‍  ഏതൊരാളുടേം  സാമ്പത്തികശേഷിയില്‍  ഒതുങ്ങുന്ന  വിധം  ലഭ്യവുമാണിന്ന്.

നാറാണത്ത് ഭ്രാന്തനെ പോലെ മൊബൈലില്‍ മേലോട്ടും താഴോട്ടും കല്ലുരുട്ടുന്ന  കുറേ  മനുഷ്യരിലേക്കുള്ള പരിണാമത്തിന്റെ  കഥ  അവിടെ  തുടങ്ങി.    

വര്‍ത്തമാനകാലത്തിലെ  നിരുന്മേഷതകളെ  കുറുകെ കടക്കാനുള്ള  എളുപ്പവഴിയായി മൊബൈലിനെ  ചേര്‍ത്തു പിടിച്ചവര്‍. അപരിചിതരായവര്‍ക്കിടയില്‍ നാലായിരമോ  അയ്യായിരമോ  ഉള്ള   സൗഹൃദവലയങ്ങള്‍  ഉണ്ടാക്കുന്നവര്‍.  

അങ്ങിനൊരാള്‍  എഴുതുകയും പറയുകയും    പാടുകയും    ചെയ്യുന്നത്  കൂടെയുള്ളവര്‍ക്ക്  വേണ്ടിയല്ല.  അകലെ  ഏതോ രാജ്യങ്ങളിലുള്ള  അപരിചിതരായ  ഏതോ  ഒരാള്‍ക്കൂട്ടത്തിനു  വേണ്ടിയാണ്. അവരുടെ  ലൈക്കിനും  കമന്റിനും  വേണ്ടിയാണ്. 

അതവരുടെ  ചലനങ്ങള്‍ക്ക്  ഉന്മേഷവും മിഴികള്‍ക്ക്  നനവും  തിരികെക്കൊടുത്തു. അനുദിനകര്‍മ്മങ്ങളെ  പുഞ്ചിരിയുടെ  സ്റ്റിക്കര്‍  ഒട്ടിച്ചു  സെല്‍ഫിയെടുത്തു  വാളുകളില്‍  അവരാഘോഷിച്ചു. മൂളിപ്പാട്ടും  പൊട്ടിച്ചിരിയുമെല്ലാം  സ്‌ക്രീനിനു  അപ്പുറത്തിരിക്കുന്നവരോടായി. കൂട്ടത്തിലാവുമ്പോളും  ഒറ്റയ്ക്കിരുന്നു  ചിരിക്കുകയും  സന്തോഷിക്കുകയും  ചെയ്യുന്നവരുടെ  എണ്ണം  നാള്‍ക്കുനാള്‍  കൂടുന്നയിടമായത്  പരിണമിച്ചു. എല്ലാ  പദങ്ങളുടെയും  ആത്മാവ്  നഷ്ടമായിക്കൊണ്ടിരിക്കുന്ന  കെട്ടകാലത്തില്‍, സ്വന്തം പ്രിയങ്ങളും മമതകളുമായി ചേര്‍ന്നു പോകുന്നവരോടൊപ്പം മാത്രം സൗഹൃദമുണ്ടാക്കുന്നവരുടെ 'ഇ ലോകം'. 

ജീവിതം  യാന്ത്രികമായി പോകുന്നതാണ്  നമ്മുടെ  കാലം  അനുഭവിക്കുന്ന  ഏറ്റവും  വലിയ  ആന്തരിക പ്രതിസന്ധി

അതിനിടയില്‍  നമ്മുടെ  പങ്കാളിയുമൊത്തു  ഉള്ള്  തുറന്നു  സംസാരിക്കാന്‍,  കുഞ്ഞുങ്ങളോടൊപ്പം കളിച്ചു ചിരിക്കാന്‍,  അവരുടെ  കുഞ്ഞു കുഞ്ഞു  പരാതികളും  പരിഭവങ്ങളും  കേള്‍ക്കാന്‍  ഒന്നിനും  നമുക്ക്  സമയമില്ലാതാവുന്നു, താത്പര്യവും.  

കുത്തഴിഞ്ഞ  പുസ്തകം പോലൊരു  ജീവിതം.  

ലാളനയും  പരിഗണനയും കിട്ടാന്‍ അമ്മയും  അച്ഛനും  സ്‌നേഹിക്കുന്ന  'മൊബൈല്‍ 'ആയി മാറ്റിത്തരണേ ദൈവമേ'  എന്ന് പ്രാര്‍ത്ഥിക്കുന്ന   കുഞ്ഞിന്റെ  കഥ വായിച്ചു നമ്മളെത്ര  പേര്‍ക്ക്  അതിനിടയില്‍  ഫോര്‍വേര്‍ഡ്  ചെയ്തു. 

എന്നാല്‍  അക്കഥയുടെ  സാരാംശം  ജീവിതവുമായി  തട്ടിച്ചു നോക്കിയവര്‍, മാറ്റം  വരുത്താന്‍ തയ്യാറായവര്‍ എത്രപേരുണ്ട് ? 

ജീവിതം  യാന്ത്രികമായി പോകുന്നതാണ്  നമ്മുടെ  കാലം  അനുഭവിക്കുന്ന  ഏറ്റവും  വലിയ  ആന്തരിക പ്രതിസന്ധി  എന്ന് തോന്നുന്നു. 

ചുറ്റുമുള്ള  കാഴ്ചകളിലേക്കു  ശ്രദ്ധ പോകാതെ  നീലവെളിച്ചത്തിലേക്കു  കണ്ണും  നട്ടിരുന്നൊരു  കാലം എനിക്കുമുണ്ടായിരുന്നു.  മൊബൈല്‍  ആവശ്യത്തിനുമാത്രമുപയോഗിച്ചും  ഇന്റര്‍നെറ്റ്  പ്ലാറ്റ്‌ഫോമില്‍  നിന്ന്  രണ്ട് വര്‍ഷത്തോളം  മാറിനിന്നും  സമര്‍ത്ഥമായി  ഞാനാശീലം  മാറ്റിയെടുത്തു. 

ചുറ്റും  കണ്‍തുറന്നു  നോക്കി ഇന്നില്‍  ജീവിക്കാന്‍  തുടങ്ങിയപ്പോളാണ്  സദാസമയവും  നീല വെളിച്ചത്തിലേയ്ക്കു  കണ്ണും  നട്ടിരിക്കുന്ന  ആളുകളെ കുറിച്ച് ഞാനേറെ  ബോധവതിയായത്. വിരല്‍ തുമ്പിനപ്പുറം  വിരിയുന്ന  സാങ്കല്പിക  ലോകത്തേക്കാള്‍  വിരലുകള്‍  കോര്‍ത്ത് പിടിക്കാവുന്ന  പ്രിയപ്പെട്ടവരുടെ  ലോകമാണ്  വേണ്ടതെന്ന്  നിങ്ങളെന്നാണിനി  മനസ്സിലാക്കുക ? 

പുതുതായി  അറിയാനും  പഠിക്കാനും  ഈ  സാങ്കേതിക  വിദ്യ  നല്‍കുന്ന  അവസരങ്ങളെ  തള്ളിപ്പറയുകയല്ല ! അതിലുമപ്പുറം  അതിന്റെ  ലഹരിയിലേക്കു  കൂപ്പു കുത്തുന്നവരെ  കാണാതെ പോകരുത്.  

ഇതൊരു  അഡിക്ഷന്‍  ആകുന്നത് നിങ്ങള്‍പോലുമറിയാതെയാണ്.  

ഒന്ന്  കണ്‍തുറന്നു നോക്കൂ ! 

നിങ്ങള്‍  കബളിപ്പിച്ച  നിങ്ങളുടെ  ബന്ധങ്ങള്‍,  നിങ്ങള്‍ കേള്‍ക്കാതെ പോയ  നിലവിളികള്‍,  നിങ്ങള്‍  ആസ്വദിക്കാതെ  പോയ  പുഞ്ചിരികള്‍,  നിങ്ങള്‍  സംരക്ഷിക്കാതെ  പോയ  മരങ്ങള്‍, പുഴകള്‍, കിളികള്‍ അങ്ങിനെ എത്ര  കാഴ്ചകളാണ് മൊബൈല്‍ ഫോണ്‍ നിങ്ങളില്‍  നിന്നും  മോഷ്ടിച്ചു  കളഞ്ഞത്. 

മൊബൈല്‍  അല്‍പസമയം  സൈലന്റ്  മോഡിലാക്കൂ.  ഹൃദയത്തിന്റെ വാതിലുകള്‍  മലര്‍ക്കേ തുറക്കൂ. 

തിരുത്താനാവാത്ത  ഇന്നലെകളെ  മറന്നേക്കൂ. 

നേരം  വൈകിയിട്ടൊന്നുമില്ല.. 

മൊബൈല്‍  അല്‍പസമയം  സൈലന്റ്  മോഡിലാക്കൂ.  

ഹൃദയത്തിന്റെ വാതിലുകള്‍  മലര്‍ക്കേ തുറക്കൂ. 

ഏറ്റവും  വാത്സല്യത്തോടെ  നിങ്ങളുടെ കുഞ്ഞിന്റെ  നെറ്റിയിലൊരുമ്മ  കൊടുക്കൂ. 

കണ്ണിന്  ചുറ്റിലും  കറുപ്പ് പടര്‍ന്നു  തുടങ്ങിയ  കൂട്ടുകാരിയുടെ/കാരന്റെ  കണ്ണിലേക്ക്  ഏറ്റവും  പ്രണയപൂര്‍വം  നോക്കൂ. ചേര്‍ത്തു പിടിക്കൂ. 

മുറിയുടെ മൂലയില്‍  രോഗവുമായി  മല്ലിടുന്ന  മാതാപിതാക്കളുടെ  അടുത്തിരുന്നു  ഏറ്റവും  ആഹ്ലാദത്തില്‍  സംസാരിക്കൂ. 

പണ്ട് കുഞ്ഞായിരുന്നപ്പോള്‍  എത്ര പ്രിയത്താല്‍  ചേര്‍ത്തു പിടിച്ചിരുന്നോ,  അത്രയും  പ്രിയത്താല്‍ ഇടക്കൊരു  ദിവസം  അവരോട്  ചേര്‍ന്നുകിടന്നുറങ്ങൂ. 

ഓഫീസിലേക്കും  തിരിച്ചുമുള്ള  യാത്രകളില്‍  ചുറ്റുമുള്ള  മനുഷ്യരോടൊന്നു  ചിരിക്കൂ.   

കാഴ്ചയുടെ  വസന്തത്തിലേക്കു  മഴയും  വെയിലും  കാറ്റുമേറ്റ് പ്രിയമുള്ളവരോടൊപ്പം ജീവനുള്ള വാക്കായ് ഒന്നിറങ്ങി നടക്കൂ. 

Follow Us:
Download App:
  • android
  • ios