Asianet News MalayalamAsianet News Malayalam

കറന്‍സി കാര്‍ഡാവുമ്പോള്‍ സംഭവിക്കുന്നത്

AK Ramesh on cashless India
Author
Thiruvananthapuram, First Published Jan 4, 2017, 1:30 PM IST

AK Ramesh on cashless India

ഇത് മൂന്നാം റിക്കാര്‍ഡ്
മന്ത്രവാദ കാലത്തെ ഈ ത്രിത്വബോധം അതേപടി തുടരുന്നതു കൊണ്ടാവണം പ്രധാനമന്ത്രി മോദിയും ഈയിടെയായി മൂന്നിനോട് വല്ലാത്ത അഭിനിവേശമാണ് കാട്ടുന്നത്. അധികാരമേറ്റശേഷം മൂന്നാം തവണയാണ് അദ്ദേഹം ലോക റിക്കാര്‍ഡ് നേടുന്നത്. കൂട്ടത്തോടെയുള്ള യോഗ പരിപാടി വഴി ഗിന്നസ് ബുക്കില്‍ ഇടം നേടി; അധികം കഴിയാ തെ കോടിക്കണക്കിനാളുകളെ സ്വന്തം പണത്തിനായി മണിക്കൂറുകള്‍ ക്യൂ നിര്‍ത്തിച്ച് കാശ് നിരസിച്ച് രസിച്ചു കൊണ്ട് അസാമാന്യമായ സാഡിസം പ്രകടിപ്പിച്ചു. അങ്ങനെ ലോകത്ത് മറ്റേതു ഭരണാധികാരിക്കും അസാദ്ധ്യമായൊരു കാര്യം സാധിത പ്രായമാണെന്ന് കാണിച്ചു കൊടുത്തു; അതും കഴിഞ്ഞ് അധിക ദിവസമായില്ല മറ്റൊരു പ്രഖ്യാപനം വന്നു. ലോകത്തിന്നേ വരെ ഒരു ഭരണാധികാരിയും ചെയ്തിട്ടില്ലാത്ത ഒന്ന്. താന്‍ കാരണം നാട്ടാരനുഭവിക്കേണ്ടി വന്ന ദുരിതത്തിന്റെ പേരില്‍ കണ്ണീരുതിര്‍ത്തു കൊണ്ട് ഇനിയുമൊരമ്പതു ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍, തന്നെ തൂക്കിലേറ്റിക്കൊള്ളാന്‍ അദ്ദേഹം ജനങ്ങള്‍ക്ക് അനുമതി നല്‍കി. (അനുമതിയോടെയുള്ള കൊലക്ക് സി.പി. സി യില്‍ വകുപ്പ് വേറെയാണ് എന്ന കാര്യം നാട്ടാരറിയില്ലല്ലോ)

റദ്ദാക്കിയ നോട്ടിന്റെ അത്രയും തന്നെ കാശ് തിരിച്ചെത്തി എന്നതാണനുഭവം. അപ്പോള്‍ പിന്നെ കള്ളപ്പണം കണ്ടെത്തുന്ന കാര്യമോ?

വീണ്ടും ത്രിത്വം: ലക്ഷ്യ മൂന്ന്!

നോട്ടു പിന്‍വലിക്കലിനു പിന്നിലുള്ള ലക്ഷ്യവും മൂന്നാണ് എന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. കള്ളപ്പണം, കള്ളനോട്ട്,  തീവ്രവാദം. കള്ളപ്പണത്തിന്റെ വക്കു കടിക്കാന്‍ പോലുമാവില്ല ഇത്തരമൊരു നടപടി വഴി എന്ന് കാര്യബോധമുള്ളവരാകെ പറഞ്ഞതാണ്. അതിന്റെ യഥാര്‍ത്ഥ പ്രഭവകേന്ദ്രത്തില്‍ തൊട്ടാല്‍, ചെന്നു തട്ടുക സ്വന്തം വര്‍ഗ ബന്ധുക്കളുടെ ഹൃദയമിടിപ്പിലാണ് എന്ന് മോഡിക്കറിയാമായിരുന്നു എന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. റദ്ദാക്കിയ നോട്ടുകളുടെ ഏറിയ കൂറും ഇതിനകം ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു.നേപാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലും  രാജ്യത്തുള്ള അനേക ലക്ഷം ആരാധനാ കേന്ദ്ര ങ്ങളിലെ ഭണ്ഡാരപ്പെട്ടികളിലുമായി കിടക്കുന്നവയും, പൊട്ടിയും പൊളിഞ്ഞും ദ്രവിച്ചും കത്തിയും പോയവയും കൂടി ഇതിനോട് കൂട്ടുക. റദ്ദാക്കിയ നോട്ടിന്റെ അത്രയും തന്നെ കാശ് തിരിച്ചെത്തി എന്നതാണനുഭവം. അപ്പോള്‍ പിന്നെ കള്ളപ്പണം കണ്ടെത്തുന്ന കാര്യമോ? എണ്ണം മൂന്നൊപ്പിക്കാന്‍ കൂട്ടിച്ചേര്‍ത്തതു തന്നെയാണ് എന്ന് വ്യക്തമാവുകയാണ്.

ഒരൊറ്റ വെടിക്ക് മൂന്നു പക്ഷികളെ ഒന്നിച്ചു ചുട്ടു തിന്നാനാവുമെന്നും കരുതി വലിച്ചതാണ് കാഞ്ചി. പക്ഷേ അത് ചെന്നു തറച്ചത് സ്വന്തം നെഞ്ചിലാണെന്ന് മനസ്സിലായത് പിന്നെയാണ്.

വികാരപരമായ ഹൈജാക്ക്
കള്ളനോട്ടിന്റെ കാര്യമാണെങ്കില്‍, അതാകെ ഏതാണ്ട് 400 കോടിയേ വരൂ എന്നാണ് കണക്ക്. ലക്ഷ്യത്രയത്തില്‍ അത് ചേര്‍ക്കുന്നതിന് ഒറ്റക്കാരണമേയുള്ളൂ. അത് മൂന്നാം ലക്ഷ്യമായി പറയപ്പെടുന്ന തീവ്രവാദവുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് ജനങ്ങളെയാകെ വികാരപരമായി ഹൈജാക്ക് ചെയ്യാനാവുന്ന ഒന്നാണ് എന്നതു തന്നെ. പാക്കിസ്ഥാനില്‍ നിന്നാണ് ലക്ഷക്കണക്കിന് കോടി പുതു വ്യാജനോട്ടുകള്‍ കടന്നെത്തുന്നതെന്നാണ് പ്രചാരണം. സഹസ്രലക്ഷം കോടിയുടെ നോട്ടുകള്‍ ഒരു ഗുഡ്‌സ് ഓട്ടോയില്‍ ഒളിപ്പിച്ചു കടത്താവുന്നതല്ലല്ലോ. വലിയ ട്രക്കുകളും കണ്ടെയ്‌നറുകളും അതിര്‍ത്തി കടന്നെത്തുമ്പോള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നവരോ നമ്മുടെ അതിര്‍ത്തിരക്ഷാസേന;ഇന്ത്യന്‍ പട്ടാളം; പ്രതിരോധ മന്ത്രാലയത്തില്‍ കനത്ത ശമ്പളം പറ്റുന്നവര്‍? അങ്ങനെ പറയാതെ പറയുന്നതു പോലും ദേശരക്ഷക്കെതിരാണെന്ന് നമ്മുടെ നവദേശീയതാവാദികള്‍ക്കറിയില്ലെന്ന് കരുതാമോ?

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും, ഒരൊറ്റ വെടിക്ക് മൂന്നു പക്ഷികളെ ഒന്നിച്ചു ചുട്ടു തിന്നാനാവുമെന്നും കരുതി വലിച്ചതാണ് കാഞ്ചി. പക്ഷേ അത് ചെന്നു തറച്ചത് സ്വന്തം നെഞ്ചിലാണെന്ന് മനസ്സിലായത് പിന്നെയാണ്. അങ്ങനെയാണ്, തനിക്ക് മാപ്പ് തരണമെന്നും 50 ദിവസം കൂടി ക്ഷമിക്കണമെന്നുമൊക്കെ കണ്ണീരൊലിപ്പിച്ചു പറഞ്ഞു കൊണ്ട് മോഡി പ്രധാനമന്ത്രി പദവിക്കു തന്നെ അപമാനം വരുത്തി വെക്കുന്നത്.

സര്‍വ്വായുധവിഭൂഷിതനായി, മൂന്നു സൈനികത്തലവന്മാരെയും വിളിച്ചു കൂട്ടി ഇങ്ങ നെയൊരു ലക്ഷ്യത്രയം പെട്ടെന്ന് പ്രഖ്യാപിച്ചത്.നവംബര്‍ 8 ന് തൊട്ടു മുമ്പുള്ള ദിവസങ്ങളൊന്ന് ഓര്‍ത്തുനോക്കുക.

പ്രഖ്യാപനം വന്ന വഴി
ഗതികേടു കൊണ്ടു തന്നെയാവണം, സര്‍വ്വായുധവിഭൂഷിതനായി, മൂന്നു സൈനികത്തലവന്മാരെയും വിളിച്ചു കൂട്ടി ഇങ്ങ നെയൊരു ലക്ഷ്യത്രയം പെട്ടെന്ന് പ്രഖ്യാപിച്ചത്.നവംബര്‍ 8 ന് തൊട്ടു മുമ്പുള്ള ദിവസങ്ങളൊന്ന് ഓര്‍ത്തുനോക്കുക.  നയം മാറ്റമാവശ്യപ്പെട്ട് 18 കോടി തൊഴിലാളികള്‍ ഒന്നിച്ച് പണിമുടക്കുന്നു. ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ കര്‍ഷകരാകെ പ്രക്ഷോഭത്തില്‍; സര്‍ക്കാറിന് ബില്ല് പിന്‍വലിക്കേണ്ടി വരുന്നു. സര്‍വ്വകലാശാലകള്‍ കത്തുന്നു;പ്രക്ഷോഭങ്ങള്‍ പെരുകുന്നു. ദളിതരുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റം, എന്‍.ഡി.ടിവി നിരോധനവും നാണം കെട്ടുകൊണ്ട് അത് പിന്‍വലിച്ചതും, നജീബിന്റെ തിരോധാനം; അതിനെതിരെ ഒന്നിച്ചുയര്‍ന്ന പ്രതിഷേധ ജ്വാല . കാര്യങ്ങളാകെ കൈവിട്ടു പോവുകയാണെന്നും പ്രധാനമന്ത്രിയുടെ റെയ്റ്റിങ്ങ് താഴ്ന്നു താഴ്ന്നു വരികയാണെന്നും കൃത്യമായും വ്യക്തമാവുന്ന സന്ദര്‍ഭം. അപ്പോള്‍ പിന്നെ ഒരടിയന്തര ശസ്ത്രക്രിയ തന്നെ വേണം.  രോഗി മരിക്കാനിടയുണ്ടെങ്കില്‍ പോലും! അതല്ലാതെ മറ്റൊന്നില്ല മാര്‍ഗം. സര്‍വജന സ്പര്‍ശിയായ, സര്‍വ്വ വിഷയങ്ങളെയും അപ്രസക്തമാക്കാവുന്ന ഒരു നടപടി ഇതല്ലാതെ വേറെന്തുണ്ട്? ആ ഒരൊറ്റ നടപടി വഴി നാട്ടിലെ സകലമാന പ്രശ്‌നങ്ങളെയും, പ്രതിഷേധസ്വരങ്ങളെയും ഞെരിച്ചടക്കാം എന്നു തന്നെയാവണം കരുതിയത്.

ഒരൊറ്റ നടപടി വഴി നാട്ടിലെ സകലമാന പ്രശ്‌നങ്ങളെയും, പ്രതിഷേധസ്വരങ്ങളെയും ഞെരിച്ചടക്കാം എന്നു തന്നെയാവണം കരുതിയത്.

ശത്രുക്കള്‍ക്കാവാത്തത്
പക്ഷേ, കൊക്കിന് വെച്ചത് ചക്കിനാണ് കൊണ്ടത്. ജനത തിന്നുന്ന തീരാദുരിതം കൂടിക്കൂടി വരികയാണ്.  വരിയില്‍ കാത്തു കെട്ടി നിന്ന് തളരുകയാണ് ജനങ്ങളില്‍ ഭൂരിഭാഗവും. ശത്രുരാജ്യത്തിന്റെ ശക്തമായ കടന്നാക്രമണത്തിനു പോലും ഇതിലേറെ പ്രയാസം സൃഷ്ടിക്കാനാവില്ല എന്ന കാര്യം നാട്ടിലേറെപ്പേരും അനുഭവിച്ചറിയുകയാണ്. 

കണ്ടെത്തി കണ്ടു കെട്ടി ഓരോ പൗരന്റെ അക്കൗണ്ടിലും ഇട്ടു കൊടുക്കാമെന്നേറ്റ 15 ലക്ഷം പോകട്ടെ, കഷ്ടപ്പെട്ടുണ്ടാക്കിയ സ്വന്തം സമ്പാദ്യത്തില്‍ നിന്ന് മരുന്നു വാങ്ങാന്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്നവര്‍ക്കും  കൊടുക്കാനില്ല കറന്‍സി എന്നതായിരിക്കുന്നു നില. അപ്പോഴാണ്,  നാടകീയമായി നടത്തിയ വെറും പൊള്ളപ്രഖ്യാപനമായിരുന്നു കള്ളപ്പണവേട്ട എന്ന് നാട്ടുകാര്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. തൂക്കിക്കൊല്ലാന്‍ സമ്മതം കൊടുത്ത തിയ്യതിയാണെങ്കില്‍, പാഞ്ഞടുക്കുകയുമാണ്.അതിനിടക്കാണ് വീണിടം വിദ്യയാക്കിക്കൊണ്ട് മറ്റൊരു പ്രഖ്യാപനം: നാം ക്യാഷ് ലെസ്സാവാന്‍ പോവുകയാണ് എന്ന്! അതിനായനുഭവിക്കുന്ന താല്‍ക്കാലിക വേദന നല്ലൊരു നാളേക്ക് വേണ്ടിയുള്ള ചെറിയ ത്യാഗമാണെന്ന്!    

ശത്രുരാജ്യത്തിന്റെ ശക്തമായ കടന്നാക്രമണത്തിനു പോലും ഇതിലേറെ പ്രയാസം സൃഷ്ടിക്കാനാവില്ല എന്ന കാര്യം നാട്ടിലേറെപ്പേരും അനുഭവിച്ചറിയുകയാണ്. 

നാവില്‍ സരസ്വതി
നവംബര്‍ 8 ന്റെ പ്രഖ്യാപനത്തില്‍ പലവുരു  പ്രയോഗിക്കപ്പെട്ട വാക്കാണ് കള്ളപ്പണം. അതില്‍ ക്യാഷ്‌ലെസ്സിനെപ്പറ്റി ഒറ്റ പരാമര്‍ശം പോലുമില്ല. എന്നാലിപ്പോള്‍ കള്ളപ്പണത്തെ വിട്ട് പണരഹിത സമൂഹത്തിലായി പിടി. ഇത് മറ്റൊരു തട്ടിപ്പാണെന്ന് വ്യക്തമാക്കിയത് മറ്റാരുമല്ല; വെങ്കയ്യ നായിഡുവാണ്. അദ്ദേഹം ഡിസംബര്‍ 5 ന്റെ ഹിന്ദുവില്‍ പറഞ്ഞത്, ഈ ക്യാഷ് ലെസ്സ് എന്ന ആശയം ദൈവം കൊടുത്തയച്ചതാണ് എന്നാണ്.( ഗോഡ് സെന്റ് എന്ന് ഇംഗ്ലീഷ് )

നേരാണ്,  അന്തിമ വിധിക്കുള്ള തിയ്യതി അടുത്തു വരികയാണ്. ജനങ്ങളാണെങ്കില്‍ ഓരോ ദിവസവും എരിപൊരി കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്.ലോകമാകെ ഈ മഹാമണ്ടത്തത്തിന്റെ പേരില്‍ ശാപവചനങ്ങളെല്ലാമുതിര്‍ക്കുന്നത് ഒരൊറ്റയാള്‍ക്കു നേരെയാണ്. മുഴുവന്‍ സംഘപരിവാര്‍ സന്നദ്ധ ഭടന്മാരെയും കാവിയുടുപ്പിച്ചും അല്ലാതെയും നാടാകെ പ്രചാരണത്തിനിറക്കിയിട്ടും, പതഞ്ഞുയരുന്ന രോഷ ജ്വാല അണയ്ക്കാനാവാതെ വരികയാണ്.  ഇനിയുമെന്തു ചെയ്യുമെന്നറിയാതെ വിയര്‍ക്കുമ്പോഴാണ് സരസ്വതി നേരില്‍ നാവില്‍ പ്രത്യക്ഷപ്പെട്ടത് എന്നു തന്നെയാണ് വെങ്കയ്യ നായിഡുവിന്റെ 'ദൈവപ്രേഷിതം' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം.

വെങ്കയ്യ നായിഡു പറഞ്ഞത്, ഈ ക്യാഷ് ലെസ്സ് എന്ന ആശയം ദൈവം കൊടുത്തയച്ചതാണ് എന്നാണ്

ഇപ്പോള്‍തന്നെ ക്യാഷ്‌ലെസ്സല്ലേ?
അല്ലെങ്കില്‍, വെങ്കയ്യ നായിഡുവല്ല, വേറൊരാളും പറയില്ല ക്യാഷ് ലെസ് സൊസൈറ്റി എന്ന ആശയം ആദ്യമായവതരിപ്പി ച്ചത് മോഡിയാണെന്ന്. ഫൈനാന്‍സിന്റെയും കമ്യൂണിക്കേഷന്റെയും ഉദ്ഗ്രഥനം  സാധിതമായതോടെ ബാങ്കിങ്ങ് എന്നത് ഏത് ടെലിഫോണ്‍ സേവനദാതാവിനും കൈകാര്യം ചെയ്യാവുന്ന ഒന്നായി മാറിയിരിക്കുന്നു. ബാങ്കുകള്‍ക്ക് വംശനാശം വരാന്‍ പോവുകയാണെന്ന് ബില്‍ ഗെയ്റ്റ്‌സ് പ്രവചിച്ചിട്ട് ദശകങ്ങളായി.  എന്തും കാശു കൊടുത്തു വാങ്ങുന്ന നമ്മുടെ ദുശ്ശീലം അവസാനിപ്പിക്കാനായി എയര്‍ടെല്‍ മണിയും മോബോ മണിയുമൊക്കെ പ്രവര്‍ത്തിച്ചു തുടങ്ങിയത് നവംബര്‍ 8 ന് ശേഷമല്ലല്ലോ. ആ ദിശയിലാണ് അല്ലാതെ തന്നെ കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയത്.

പക്ഷേ നവംബര്‍ 8 ന്റെ മണ്ടത്തം ഇത്തരം സേവനദാതാക്കള്‍ക്ക് ചാകര കൊയ്യാനുള്ള അവസരമാക്കി മാറ്റി എന്നതാണ് മോഡിയുടെ മിടുക്ക്. മോങ്ങാനിരിക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണതുപോലെ ഇത് വീണു കിട്ടിയ ഒന്നാന്തരം അവസരം തന്നെ. അവിടെയാണ് വീണിടം വിദ്യയാക്കാനുള്ള അസാമാന്യമായ കഴിവ് പ്രകടിപ്പിക്കപ്പെട്ടത്.

നവംബര്‍ 8 ന്റെ മണ്ടത്തം ഇത്തരം സേവനദാതാക്കള്‍ക്ക് ചാകര കൊയ്യാനുള്ള അവസരമാക്കി മാറ്റി എന്നതാണ് മോഡിയുടെ മിടുക്ക്.

പേമെന്റിനൊരു ബാങ്ക്?
മോഡി ഭരണമേറ്റ ശേഷമാണല്ലോ നചികേത് മോറിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പേമെന്റ് ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്.നചികേത് മോറിന്റെ ശുപാര്‍ശകളില്‍ ഒന്നു മാത്രമാണ് പേമെന്റ് ബാങ്ക്‌സ്.മറ്റു നിര്‍ദേശങ്ങള്‍ കൂടി കണ്ടാലേ, ഈ സിദ്ധാര്‍ത്ഥ രാജകുമാരന്റെ തനിനിറം വ്യക്തമാവൂ. ചുരുങ്ങിയ പലിശക്ക് കാര്‍ഷിക വായ്പ നല്‍കുന്നത് നിര്‍ത്തലാക്കുക; വായ്പ എഴുതിത്തള്ളലും പലിശ സബ്‌സിഡിയും വേണ്ടെന്നു വെക്കുക; വലിയ ബ്ലെയ്ഡ് കമ്പനികള്‍ക്ക് ഹോള്‍സെയില്‍ ബാങ്ക് തുറക്കാന്‍ അനുവാദം നല്‍കുക, വസ്തു കരസ്ഥമാക്കല്‍ നിയമത്തിന്റെ പരിരക്ഷ ബ്ലെയ്ഡ് കമ്പനികള്‍ക്ക് കൂടി അനുവദിക്കുക തുടങ്ങിയ 'ജനോപകാരപ്രദ'മായ ശുപാര്‍ശകളാണ് അവയത്രയും

പേമെന്റ് ബാങ്കുകള്‍ എന്ന ആശയം മുന്നോട്ടു വെക്കുമ്പോള്‍ ചൂണ്ടിക്കാട്ടിയത് പ്രീപെയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്‌സ് പ്രൊവൈഡേഴ്‌സിന്റെ സേവനത്തെയാണ്. എയര്‍ടെല്‍ മണി തുടങ്ങിയ പ്രീ പേമെന്റ് സേവനദാതാക്കള്‍ മൊബൈല്‍ റീചാര്‍ജിങ്ങിനൊപ്പം സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ബില്‍ പേമെന്റിനും തങ്ങളുടെ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം നല്‍കിയിരുന്നല്ലോ. ഇതില്‍ റീചാര്‍ജ് ചെയ്യുന്ന കാശിന് ഇടപാടുകാര്‍ക്ക് പലിശയൊന്നും നല്‍കുന്നില്ല. അത് നേടിക്കൊടുക്കാന്‍ കൂടിയാണ് അവരോട് പേയ്‌മെന്റ് ബാങ്കുകളായി മാറാന്‍ പറഞ്ഞത് എന്നായിരുന്നു ന്യായം. ഒരാളില്‍ നിന്ന് ഒരു ലക്ഷത്തിലേറെ നിക്ഷേപം സ്വീകരിക്കരുത്, വായ്പ കൊടുക്കാന്‍ പാടില്ല. പിന്നെയിതെന്ത് ബാങ്ക് എന്നാണ് അന്ന് പലരും ആലോചിച്ചത്.

ഇങ്ങനെയൊരു ഏര്‍പ്പാടിന്റെ ലാഭക്ഷമത മനസ്സിലാക്കിക്കൊണ്ടാണല്ലോ പേ.ടി.എം എന്ന ഇ-വാലറ്റില്‍ ടാറ്റ മുതല്‍ മുടക്കിയത്

പേമെന്റ് ബാങ്കുകള്‍ക്ക് കുശാല്‍
പക്ഷേ നോട്ടു റദ്ദാക്കല്‍ നടപടിക്കു ശേഷം ഡിജിറ്റല്‍ കാശ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ തങ്ങള്‍ അത്യധികം നിമഗ്‌നരായിരുന്നുവെന്ന് അതീവസന്തുഷ്ടനായി പ്രഖ്യാപിച്ച പേ.ടി.എം അധിപന്‍ വിജയ് ശേഖര്‍ ശര്‍മ്മക്കും, പണ്ടേ ലൈസന്‍സ് കൈവശത്താക്കി വെച്ച റിലയന്‍സിനും ആദിത്യ ബിര്‍ളക്കും വോഡാ ഫോണിനും ഒട്ടും സംശയമേ ഉണ്ടായിരുന്നില്ല അക്കാര്യത്തില്‍ . പുതിയ ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് കിട്ടിയിട്ടേയുള്ളൂ. എയര്‍ടെല്ലൊഴികെ മറ്റാരും ബിസിനസ്സ് തുടങ്ങിയിട്ടില്ല. പക്ഷേ ഇങ്ങനെയൊരു ഏര്‍പ്പാടിന്റെ ലാഭക്ഷമത മനസ്സിലാക്കിക്കൊണ്ടാണല്ലോ പേ.ടി.എം എന്ന ഇ-വാലറ്റില്‍ ടാറ്റ മുതല്‍ മുടക്കിയത്. ചൈനീസ് കമ്പനിയായ അലി ബാബാ ഗ്രൂപ്പാണ് സ്ഥാപനത്തിന് സാങ്കേതിക സഹായം നല്‍കുന്നത്, അതിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ച് പ്രക്ഷോഭരംഗത്തുണ്ട് എന്നതൊന്നും ടാറ്റയെ പിന്തിരിപ്പിച്ചില്ല. അതൊക്കെ മോഡിജി വിചാരിച്ചാല്‍ നിമിഷങ്ങള്‍ കൊണ്ട് നുള്ളിയെറിയാവുന്ന തടസ്സങ്ങള്‍ മാത്രമാണെന്ന് ടാറ്റക്കറിയാമല്ലോ.

ആ പ്രഖ്യാപനം തന്നെ എത്രമാത്രം അപക്വമാണെന്നറിയാന്‍ നമ്മുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ ഒറ്റക്കാര്യം നോക്കിയാല്‍ മതി.

മണ്ടത്തരമോ സാഡിസമോ
നോട്ടു പിന്‍വലിക്കല്‍ വഴിയുണ്ടായ അസൗകര്യങ്ങള്‍ രണ്ടു ദിവസം ക്ഷമിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി പിന്നീട് അമ്പത് ദിവസത്തേക്ക് കൂടി അവധി നീട്ടി വാങ്ങി. അന്നും തീര്‍ന്നില്ലെങ്കില്‍ സ്വന്തം ജീവനെടുത്തോളാനാണ് പറഞ്ഞത്. ഒന്നുകില്‍ ഏഴു മാസം കൊണ്ടും നോട്ടച്ചടിച്ച് എത്തിക്കാനാവില്ല എന്ന കാര്യമറിയാതെ വിളിച്ചു കൂവിയ മഹാമണ്ടത്തരം. അല്ലെങ്കില്‍, കറന്‍സി ഞെരുക്കം കൊണ്ട് കഴുത്ത് ഞെരിയുന്ന ജനതക്ക് എത്ര കാലമിങ്ങനെ കഴിയാനുള്ള അതിജീവന ശേഷിയുണ്ടെന്ന് പരീക്ഷിക്കുന്ന ഒരുസാഡിസ്റ്റിന്റെ ക്രൂരത. രണ്ടായാലും ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഭൂഷണമല്ലാത്ത ഒരു നടപടിയും പ്രഖ്യാപനവുമാണിത്.

കാശെന്തിന് കൈയ്യില്‍ കരുതുന്നു,സ്വൈപ്പ് ചെയ്താല്‍ എന്തും കിട്ടില്ലേ എന്നാണ് ചോദ്യം. പക്ഷേ സ്വൈപ്പിംഗ് മെഷീന്റെ സ്ഥിതിയെന്താണ്?

നാടെവിടെ നില്‍ക്കുന്നു?
ആ പ്രഖ്യാപനം തന്നെ എത്രമാത്രം അപക്വമാണെന്നറിയാന്‍ നമ്മുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ ഒറ്റക്കാര്യം നോക്കിയാല്‍ മതി. ട്രായ് പറയുന്ന കണക്കനുസരിച്ച്, ഇന്റര്‍നെറ്റ് പെനിട്രേഷന്‍ ഇന്ത്യയില്‍ 27 ശതമാനമാണ്. ലോക ശരാശരി 67 ശതമാനമുള്ളപ്പോഴത്തെ കണക്കാണിത്. 91.2 കോടി ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനില്ല എന്നതാണ് വസ്തുത. സൈ്വപ്പ്

കാശെന്തിന് കൈയ്യില്‍ കരുതുന്നു,സ്വൈപ്പ് ചെയ്താല്‍ എന്തും കിട്ടില്ലേ എന്നാണ് ചോദ്യം. പക്ഷേ സ്വൈപ്പിംഗ് മെഷീന്റെ സ്ഥിതിയെന്താണ്? ബാങ്കുകള്‍ ഉടന്‍ തന്നെ 10 ലക്ഷം യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കണമെന്ന് ധനമന്ത്രാലയത്തെക്കൊണ്ട് കല്‍പന പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ അത്രയും യന്ത്രം പെട്ടെന്ന് എവിടെ നിന്നു കിട്ടാനാണ്? എത്ര 54 ഇഞ്ചുകാര്‍ നിരന്നു നിന്ന് ആക്രോശിച്ചാലും നോട്ടച്ചിടിച്ചു തീരാനുള്ള കാലദൈര്‍ഘ്യം കുറയ്ക്കാനാവില്ലല്ലോ. അതു തന്നെയാണ് യന്ത്രത്തിന്റെ കഥയും. യന്ത്രത്തിനറിയേണ്ടല്ലോ, മണ്ടത്തത്തിന് ഒരു രാജ്യം കൊടുക്കേണ്ടി വരുന്ന വില.

ഇപ്പോള്‍  ഇന്ത്യയില്‍ 10 ലക്ഷം പേര്‍ക്ക് 856 സ്വൈപ്പിംഗ് മെഷിനാണുള്ളത്.2016 ആഗസ്റ്റിലെ കണക്കാണിത്. എന്നാല്‍ ഇന്ത്യയെപ്പോലെ തന്നെയുള്ള മറ്റൊരു മൂന്നാം ലോകരാജ്യമായ ബ്രസീലില്‍ 10 ലക്ഷം പേര്‍ക്കുള്ള യന്ത്രത്തിന്റെ എണ്ണം എത്രയാണെന്നോ? 32,995. (ഏണസ്റ്റ് &യങ്ങിന്റെ കണക്ക്) ഇന്ത്യയിലുള്ളതിന്റെ 39 ഇരട്ടിയാണിത്.

ഒറ്റയടിക്ക് പത്തുലക്ഷം യന്ത്രങ്ങളും എത്തിക്കാനായെന്നു തന്നെ കണക്കാക്കുക. സാധാരണ ഉപഭോക്താക്കള്‍ക്കാകെ തങ്ങളുടെ ഇടപാടുകളില്‍ മിക്കതും ഓണ്‍ലൈനായി നടത്തിയെടുക്കാന്‍ പാകത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കാനായി എന്നും കരുതുക. അതു കൊണ്ടുണ്ടാവുന്ന നേട്ടമെന്താണ്? ഇപ്പോള്‍ത്തന്നെ കൈയില്‍ കാശില്ലാത്തതു കൊണ്ട് കാര്‍ഡുരസി പെട്രോള്‍ വാങ്ങിയവര്‍ മനസ്സിലാക്കിക്കഴിഞ്ഞു,  ഒരുരസലിന് നഷ്ടപ്പെടുന്നത് 46 രൂപയാണെന്ന്. ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ ഒരു സ്ലീപ്പര്‍ ടിക്കറ്റിന് അധികം കൊടുക്കേണ്ടത് 26 രൂപയാണ്.

പ്ലാസ്റ്റിക് മണിയിലേക്ക് നാട് വളരുമ്പോള്‍ കോരന്റെ കീശക്ക് ഓട്ട വീഴുന്നുവെന്നുവെന്നു തന്നെ മലയാളം.

കോരന്റെ കീശയിലാണ് നോട്ടം
പ്ലാസ്റ്റിക് മണിയിലേക്ക് നാട് വളരുമ്പോള്‍ കോരന്റെ കീശക്ക് ഓട്ട വീഴുന്നുവെന്നുവെന്നു തന്നെ മലയാളം. നോട്ടടിക്കാന്‍ സര്‍ക്കാറിന് കാശില്ലാത്തതു കൊണ്ട് അതിന്റെ ചെലവ് നാട്ടുകാരില്‍ നിന്നീടാക്കുന്നുവെന്നു തന്നെ! എന്തിനും യൂസര്‍ ഫീ വാങ്ങിക്കുക എന്നത്, നോ ഫ്രീ മീല്‍സ് എന്നത്, നിയോലിബറല്‍ കാലത്തെ നടപ്പുരീതിയാണല്ലോ.

ഇങ്ങനെയുള്ള ഭയമൊന്നും വേണ്ടെന്ന് ബോദ്ധ്യപ്പെടുത്താനാണ് ഓണ്‍ലൈനായി ചെയ്യുന്ന സേവനങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കും എന്ന പ്രഖ്യാപനം ഈയിടെ നടത്തിയത്. കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കിക്കൊടുക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടത്രെ . കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി നടത്തുന്ന ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ബിസിനസ്സ് സൗജന്യമായി ചെയ്തു കൊടുക്കാന്‍ എത്ര സ്ഥാപനങ്ങള്‍ തയാറാവും? ഇനി തല്‍ക്കാലം കണ്ണുരുട്ടി പേടിപ്പിച്ച് അത്തരം ചാര്‍ജുകള്‍ വേണ്ടെന്നു വെച്ചാല്‍ത്തന്നെ എത്ര കാലത്തേക്ക്? ഒരു കാലത്ത് മുഴുവന്‍ ഇടപാടുകാരെയും പ്രലോഭിപ്പിച്ച് സൗജന്യ എ ടി എം കാര്‍ഡുകള്‍ക്കുടമകളാക്കിയ ബാങ്കുകള്‍, ഒരു സുപ്രഭാതത്തില്‍ അതു വഴി നടത്താവുന്ന ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഫീസീടാക്കിയതുമൊക്കെ സമീപകാലാനുഭവം. പിന്നെയാണോ കോടികള്‍ മുടക്കിയ കാര്‍ഡ് കച്ചവടത്തിന് സൗജന്യം?

32 ലക്ഷം ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളാണ് ഈയിടെ സ്‌റ്റേറ്റ് ബാങ്ക് പിന്‍വലിച്ചത്.

ഡാറ്റക്ക് കാശും മനസ്സമാധാനവും
ആകട്ടെ, നാട്ടിനു വേണ്ടിയല്ലേ, സര്‍ക്കാറിന് കാശില്ലാഞ്ഞല്ലേ, ക്ഷമിക്കാമെന്നു വെച്ച് ക്യാഷ്‌ലെസ്സാവാന്‍ തീരുമാനിച്ചാലോ? നാട്ടാരായ നാട്ടാരെല്ലാം ഓണ്‍ലൈന്‍ വഴി കാശ് കൈമാറ്റം ചെയ്തു തുടങ്ങിയാലോ? റിലയന്‍സും വോഡാഫോണുമൊക്കെ കുഴിയും കുഴിച്ച് വലയും വിരിച്ച് കാത്തിരിക്കുകയാണല്ലോ, ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളും പാകി! സകലമാന നിരക്ഷരര്‍ക്കും ഓണ്‍ലൈന്‍ സംവിധാനമൊരുക്കാനുള്ള ഡാറ്റാ കൈമാറ്റത്തിനുള്ള കുഴികള്‍ റോഡായ റോഡിലൊക്കെ നിരത്തിക്കുഴിച്ചത് വെറുതെയാവരുതല്ലോ. ഓരോ ഗ്രാമീണ കൃഷീവലനും ഡാറ്റയില്‍ കോര്‍ക്കപ്പെടാന്‍ നിര്‍ബന്ധിതനായാല്‍, ഡാറ്റാ പ്രൊവൈഡര്‍ക്ക് കുശാല്‍. മാസം ചുരുങ്ങിയത്  നൂറ്റമ്പതോ ഇരുന്നൂറോ ഓരോരുത്തരില്‍ നിന്നും ഊറ്റിയെടുക്കാം.

ഡാറ്റയില്‍ കോര്‍ക്കപ്പെട്ടവര്‍ക്ക് കാശ് മാത്രമല്ല, ഉറക്കവും പോയി ക്കിട്ടും എന്നതാണനുഭവം. 32 ലക്ഷം ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളാണ് ഈയിടെ സ്‌റ്റേറ്റ് ബാങ്ക് പിന്‍വലിച്ചത്. കാര്‍ഡിന്റെ സകലമാന ഡാറ്റകളും മോഷ്ടാക്കള്‍ ഒന്നിച്ചു കുത്തിച്ചോര്‍ത്തിയെടുത്തതു കൊണ്ടാണിത്. ഇതാണ് നമ്മുടെ ഇന്റര്‍നെറ്റ് സുരക്ഷിതത്വത്തിന്റെ അളവ്.

തിരുവനന്തപുരത്തെ എ. ടി.എമ്മിനകത്തു കയറി മണിക്കൂറുകളോളം നേരമെടുത്ത്, അതിനുള്ളില്‍ ഒരു പകര്‍പ്പ് യന്ത്രം തന്നെ സ്ഥാപിച്ച് രഹസ്യം ചോര്‍ത്തി തട്ടിപ്പ് നടത്തി നാടുവിട്ട റൊമേനിയക്കാര്‍ കളിയാക്കിച്ചിരിച്ച് ചോദിച്ചത് , ഒരു പാവം വാച്ച് മേന് കൂലി കൊടുക്കാന്‍ മടിച്ചതുകൊണ്ടല്ലേ ഇങ്ങനെ നാണം കെട്ടത് എന്നായിരുന്നല്ലോ. അത്തരമൊരു നാട്ടില്‍ എന്തും വിശ്വസിച്ചാണ് കാശിനു പകരം കാര്‍ഡാക്കാം എന്ന് നാട്ടുകാര്‍ തീരുമാനിക്കുക?

സ്വന്തം അക്കൗണ്ടില്‍ നിന്ന് എത്ര കാശ് പിന്‍വലിക്കണം എന്നു പോലും ഒരാള്‍ക്ക് തീരുമാനിക്കാനാവാത്തതാണ് കാലം

ചെറുകിടക്കാരുടെ ശല്യം തീരും
നാട്ടുകാരല്ല കാര്യം തീരുമാനിക്കുക എന്നായിരിക്കുന്നു നടപ്പുരീതി. സ്വന്തം അക്കൗണ്ടില്‍ നിന്ന് എത്ര കാശ് പിന്‍വലിക്കണം എന്നു പോലും ഒരാള്‍ക്ക് തീരുമാനിക്കാനാവാത്തതാണ് കാലം. എല്ലാം സ്‌റ്റേറ്റ് തീരുമാനിച്ചു തരുന്ന ഒരടിയന്തിരാവസ്ഥക്കാലം. ഇത്തരമൊരവസ്ഥ സ്വാഭാവികമായും ക്യാഷ് ലെസ് സമൂഹത്തിലേക്ക് എത്തിക്കാനുതകും എന്നായിരിക്കാം കണക്കുകൂട്ടല്‍. അങ്ങനെയൊരു മാറ്റത്തിലേക്ക് നാടാകെ നീങ്ങിയാല്‍ വീര്‍ത്തു വരിക റിയലന്‍സിന്റെയും അതുപോലുള്ള കുത്തക കമ്പനികളുടെയും കീശ തന്നെയാവും. മഹാഭൂരിപക്ഷം ജനതയുടെയും കീശ ചോരുകയും ചെയ്യും. ചെറുകിട കച്ചവടക്കാരും ഉല്‍പാദകരുമെല്ലാം ആ മഹാമാറ്റത്തില്‍ പിഴുതെറിയപ്പെടും. എല്ലാം വന്‍കിടക്കാര്‍ക്കുതകിയ തരത്തില്‍ തിരുത്തിക്കുറിക്കപ്പെടും. ഇതു തന്നെയാണ് നമ്മുടെ മലര്‍പ്പൊടിക്കാരന്‍  പ്രധാനമന്ത്രി കണക്കുകൂട്ടുന്നത്.
വേട്ട സാധാരണക്കാര്‍ക്കു നേരെ പക്ഷേ അതങ്ങനെ വിട്ടു കൊടുക്കാനാവില്ല എന്നു പറയാന്‍ സംഘപരിവാര്‍ സംഘടനകളും അവരുടെ ബന്ധുക്കളും കൂടി   മുന്നോട്ടു വരുന്നതാണ് കാലം. ബി.എം.എസും ശിവസേനയും പച്ചക്കുതന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു, നോട്ടുവേട്ട ലക്ഷ്യം തെറ്റിയെന്ന്!

നാളിതുവരെ തങ്ങളെ ഇതൊന്നും ബാധിക്കില്ല എന്നു കരുതിപ്പോന്നിരുന്ന വലിയൊരു വിഭാഗം ഈ കള്ളപ്പണ വേട്ട യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കെതിരെയുള്ള നായാട്ടാണെന്ന് തിരിച്ചറിയുകയാണ്. ദുരിതബാധിതരായ ജനങ്ങളാകെ കക്ഷിരാഷ്ട്രീയാതീതമായി സര്‍ക്കാറിന്റെ കുത്തകാനുകൂലവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ ഒന്നിക്കുകയാണ്. തന്നെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന കരച്ചിലിനു പിന്നിലെ തട്ടിപ്പ് ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി. അദ്ദേഹത്തിന്റെ അതിവൈകാരികത കലര്‍ന്ന നാടകീയോക്തികളൊക്കെ തങ്ങള്‍ക്കെതിരെയുള്ള കെണികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു തുടങ്ങി.

നോട്ടില്‍ നിന്ന് കാര്‍ഡിലേക്കല്ല, നോട്ടില്‍ നിന്ന് വോട്ടിലേക്ക് തന്നെ കാര്യങ്ങള്‍ മാറിമറിയുക തന്നെ ചെയ്യും, ജനങ്ങള്‍ ഇതാകെ തിരിച്ചറിഞ്ഞു തുടങ്ങുമ്പോള്‍.

(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച കള്ളപ്പണവേട്ട: കള്ളവും പണവും എന്ന പുസ്തകത്തില്‍ നിന്ന്. എഡിറ്റര്‍: എ.കെ രമേശ്)

Follow Us:
Download App:
  • android
  • ios