Asianet News MalayalamAsianet News Malayalam

ജറൂസലേമില്‍ കത്തുന്നതെന്ത്?

ഏതാണ്ട് 8,50000 പേരാണ് ജറുസലേമിലെ താമസക്കാര്‍. 37ശതമാനം അറബ് വംശജര്‍, 61 ശതമാനം ജൂതര്‍. അറബ് സ്വദേശികളില്‍ത്തന്നെ 4 ശതമാനം ക്രൈസ്തവരാണ്. പലസ്തീന്‍കാര്‍ കൂടുതലും കിഴക്കന്‍ ജറുസലേമിലാണ്. അതില്‍ ചുരുക്കം ചിലയിടത്തുമാത്രമാണ് ഇസ്രയേലികളും അറബികളും അടുത്തടുതത് താമസിക്കുന്നത്. ഇസ്രയേലിനെ സംബന്ധിച്ച് ജറുസലേം തലസ്ഥാനമാണെങ്കിലും അന്താരാഷ്ട്ര സമൂഹം അത് അംഗീകരിച്ചിട്ടില്ല.

Alaka nanda on Jerusalem
Author
Thiruvananthapuram, First Published Dec 12, 2017, 5:44 PM IST

ഇനി അമേരിക്ക സമാധാനചര്‍ച്ചകളുടെ ഭാഗമാകേണ്ടന്ന് പ്രഖ്യാപിച്ചിരിക്കയാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ബത്‌ലഹേമിലെ ക്രിസ്മസ് ആഘോഷം തത്സമയം അമേരിക്കയിലെത്തിക്കാനുള്ള നീക്കത്തില്‍നിന്ന് പിഎല്‍ഒ പിന്‍മാറിയത് ഇനി അതിലൊന്നും അര്‍ത്ഥമില്ല എന്നുതുറന്നടിച്ചശേഷമാണ്. വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സിന്റെയും ഇസ്രയേലിനെ പിന്തുണക്കുന്ന ഇവാഞ്ചലിക്കുകളുടെയും സ്വാധീനവും ട്രംപിന്റെ തീരുമാനത്തില്‍ വായിച്ചെടുക്കുന്നത് യാഥാസ്ഥിതികരാണ്. പ്രതിഷേധങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി അറബ് ലോകം. ഗാസയില്‍ പ്രതിഷേധം അണപൊട്ടാന്‍ അധികം താമസിച്ചില്ല. ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളെ തടുക്കാനും ചെറുക്കാനും ട്രംപിന് കഴിയുമോ എന്നാണ് ഇനിയറിയേണ്ടത്.  

Alaka nanda on Jerusalem

ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവസാനമില്ലാതെ നീട്ടിവച്ചത് ഒടുവില്‍, ട്രംപ് നടപ്പാക്കിയിരിക്കുന്നു. ട്രംപിനെ സംബന്ധിച്ച് അതൊരു തെരഞ്ഞെടുപ്പ് വാഗ്ദാനപൂര്‍ത്തീകരണം മാത്രമായിരുന്നു. പക്ഷേ ഫലസ്തീന്‍ കത്തുകയാണ്. ഇനി സമാധാനചര്‍ച്ച എന്നുപറഞ്ഞു ഫലസ്തീനിലേക്ക് കയറരുത് എന്നു പ്രഖ്യാപിച്ചിരിക്കുന്ന ഫലസ്തീന്‍ നേതാക്കള്‍. പിന്തുണ തേടി യുറോപ്യന്‍ യൂണിയനെ സമീപിച്ചു, ഇസ്രയേല്‍. ജറുസലേം  ആരുടേത് എന്ന ചോദ്യത്തിന് ഇതുവരെ ആരും ഉത്തരംപറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. പശ്ചിമേഷ്യയിലെ തൊട്ടാല്‍പൊള്ളുന്ന പ്രശ്‌നത്തിന് ചരിത്രം സാക്ഷിയാണ്, സംഘര്‍ഷങ്ങളുടേയും അവകാശവാദങ്ങളുടേയും ചരിത്രം. അടിച്ചമര്‍ത്തലിന്റെ ചരിത്രം. 

ഏതാണ്ട് 8,50000 പേരാണ് ജറുസലേമിലെ താമസക്കാര്‍. 37ശതമാനം അറബ് വംശജര്‍, 61 ശതമാനം ജൂതര്‍. അറബ് സ്വദേശികളില്‍ത്തന്നെ 4 ശതമാനം ക്രൈസ്തവരാണ്. പലസ്തീന്‍കാര്‍ കൂടുതലും കിഴക്കന്‍ ജറുസലേമിലാണ്. അതില്‍ ചുരുക്കം ചിലയിടത്തുമാത്രമാണ് ഇസ്രയേലികളും അറബികളും അടുത്തടുതത് താമസിക്കുന്നത്. ഇസ്രയേലിനെ സംബന്ധിച്ച് ജറുസലേം തലസ്ഥാനമാണെങ്കിലും അന്താരാഷ്ട്ര സമൂഹം അത് അംഗീകരിച്ചിട്ടില്ല.

കിഴക്കന്‍ ജറുസലേം തലസ്ഥാനമാകണമെന്ന് ഇസ്രയേലും ഫലസ്തീനും ആഗ്രഹിക്കുന്നു, കാരണം ഒന്നാണ്, രണ്ടുകൂട്ടരുടേയും പിന്നെ ക്രൈസ്തവരുടേയും വിശുദ്ധകേന്ദ്രമാണവിടം. മുഹമ്മദ് നബി മിഅ്‌റാജ് യാത്ര ചെയ്തത് അല്‍ അഖ്‌സ പള്ളിയില്‍നിന്നാണെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് മക്കയും മദീനയും കഴിഞ്ഞാല്‍ മൂന്നാമത്തെ വിശുദ്ധകേന്ദ്രമാണിത്. അല്‍ അഖ്‌സ പള്ളിയിലേക്കാണ് നബി മക്കയില്‍നിന്ന് എത്തിപ്പെട്ടതെന്നാണ് ഇസ്ലാം മതവിശ്വാസം.

ടെമ്പിള്‍ മൗണ്ട് എന്നറിയപ്പെടുന്ന ഈ പരിസരമാണ് ജൂതരുടെ വിശുദ്ധകേന്ദ്രം, അവരുടെ ഒരേയൊരു വിശുദ്ധകേന്ദ്രമായ പടിഞ്ഞാറന്‍മതില്‍ ഡോം ഓഫ് ദ റോക്കിന്റെ ഒരു വശത്താണ്.  

ഫലസ്തീന്‍ കത്തുകയാണ്. ഇനി സമാധാനചര്‍ച്ച എന്നുപറഞ്ഞു ഫലസ്തീനിലേക്ക് കയറരുത് എന്നു പ്രഖ്യാപിച്ചിരിക്കുന്ന ഫലസ്തീന്‍ നേതാക്കള്‍.

ചരിത്രകഥകളുടെ പിന്തുണയുണ്ട് വിശ്വാസങ്ങള്‍ക്ക്. ദാവീദിന്റെ മകന്‍ സോളമന്‍ രാജാവ് പണിത ആദ്യ ആരാധനാകേന്ദ്രം ഇവിടെയായിരുന്നു എന്ന് ബൈബിള്‍ പറയുന്നു. അത് ബാബിലോണിയക്കാര്‍ തകര്‍ത്തു, രണ്ടാമത്തെ ക്ഷേത്രം പണിതത് ജൂദിയ ഗവര്‍ണറായിരുന്ന സെറുബാവെലാണ് . അതിന്രെ വലിയൊരു ഭാഗം തകര്‍ത്തു റോമാക്കാര്‍.  ഹെറോദ് രാജാവ് ക്ഷേത്രം പുതുക്കിപ്പണിതു, ആ ക്ഷേത്രം ജൂതര്‍ അംഗീകരിച്ചിട്ടില്ല. നിയമങ്ങള്‍ തെറ്റിച്ചാണ് ജൂതനല്ലാത്ത ഹെറോദ് ക്ഷേത്രം പണിതതെന്ന് അവര്‍ വിശ്വസിക്കുന്നു. അതും റോമാക്കാര്‍ തകര്‍ത്തു. . ക്രിസ്ത്യന്‍ ഇറ 70 ലാണ് റോമാക്കാര്‍ ക്ഷേത്രം തകര്‍തത്ത്.  മറ്റെല്ലാം സംഭവിച്ചത് ബിസിഇയിലാണ്. ക്രിസ്തുവിനുമുമ്പ്. ഈ ക്ഷേത്രത്തിന്റെ ബാക്കിയാണിന്ന് കാണുന്ന പടിഞ്ഞാറന്‍ മതില്‍, പക്ഷേ അവിടെ പ്രാര്‍ത്ഥിക്കുന്ന രീതി തുടങ്ങിയത് 19ാം നൂറ്റാണ്ടിലാണെന്നും പറയപ്പെടുന്നു. 

ടെമ്പിള്‍ മൗണ്ടില്‍ മൂന്നാമതൊരു ക്ഷേത്രം നിര്‍മ്മിക്കപ്പെടുമെന്നാണ് ജൂതവിശ്വാസം. റബ്ബികളുടെ വിശ്വാസമനുസരിച്ച് അടിസ്ഥാനശില സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ലോകം സൃഷ്ടിക്കപ്പെട്ടത്.അവിടം അഭിമുഖീകരിച്ചാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്, അവിടെ ചവിട്ടിനടക്കില്ല ജൂതര്‍, വിശുദ്ധ സ്ഥലമായതുകൊണ്ട്. പഴയ ക്ഷേത്രത്തിന്റെ അതേ സ്ഥലത്താണ് ഇന്ന് ഡോം ഓഫ് ദ റോക്ക് നിലകൊള്ളുന്നതെന്ന് ജൂതര്‍ വിശ്വസിക്കുന്നു 

ഉമയ്യാദ് ഖലീഫമാരാണ് ക്രിസ്ത്യന്‍ ഇറ 692ല്‍ ഡോം പണിതത്. കുരിശുയുദ്ധക്കാര്‍ പിടിച്ചെടുത്ത് അതൊരു ക്രിസ്ത്യന്‍ പള്ളിയാക്കി, കുരിശുയുദ്ധത്തിലെ പേരുകേട്ട പോരാളികളായ നൈറ്റ്‌സ് ടെംപ്ലര്‍ അവിടെയാക്കി വാസസ്ഥലം. 

ക്രൈസ്തവര്‍ക്ക് യേശുക്രിസ്തുവിന്റെ ജന്‍മസ്ഥലമാണ് ജറുസലേം. ജൂതക്ഷേത്രത്തിന്റെ തകര്‍ച്ച പാപത്തിന്റെ ശമ്പളമായാണ് അവര്‍ കണക്കാക്കുന്നത്. അതുകൊണ്ട് ടെമ്പിള്‍ മൗണ്ടിനോട് വലിയ പ്രതിപത്തിയില്ല. ഇങ്ങനെയൊക്കെയുള്ള ജറുസലേമാണ് തലസ്ഥാനമായി വേണമെന്ന് ഇസ്രയേലും ഫലസ്തീനും ആവശ്യപ്പെടുന്നത്. 

1949ല്‍ അറബ് ഇസ്രയേല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഇസ്രയേല്‍ ജറുസലേമിന്റെ പടിഞ്ഞാറും ജോര്‍ദാന്‍  പഴയ നഗരമടക്കമുള്ള  കിഴക്കും കൈയടക്കി. 1967ലെ യുദ്ധത്തില്‍ പിന്നെയും കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇസ്രയേല്‍ കിഴക്കന്‍ ജറുസലേം കൈയടക്കി. അന്നുമുതല്‍ നഗരം ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്.  തലസ്ഥാനമായാണ് ഇസ്രയേല്‍ ജറുസലേമിനെ കണക്കാക്കുന്നതും. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റും സുപ്രീംകോടതിയും ജറുസലേമിലാണ്. പക്ഷേ ജറുസലേമിന്റെ സ്ഥിതിയും സുരക്ഷാപ്രശ്‌നങ്ങളും കാരണം വിദേശരാജ്യങ്ങളുടെ എംബസികളെല്ലാം ടെല്‍ അവീവ് നഗരത്തിലാണ്. 

1980 മുമ്പ് പല രാജ്യങ്ങളുടേയും കോണ്‍സുലേറ്റുകള്‍ ജറുസലേമിലായിരുന്നു. ആ വര്‍ഷം ജറുസലേം തലസ്ഥാനമായി പ്രഖ്യാപിച്ച ഇസ്രയേലി നടപടിയോട് ഐക്യരാഷ്ട്രസഭ പ്രതികരിച്ചത് അതിനെതിരെ പ്രമേയം പാസാക്കിയാണ്. അതോടെ എംബസികള്‍ ടെല്‍ അവീവിലേക്ക് മാറ്റി, 2006ലാണ് അവസസാനത്തെ എബസി മാറ്റം നടന്നത്. 2006ല്‍ അവസാനത്തെ രാജ്യങ്ങളായ കോസസറ്റ് റിക്യും എല്‍ സാളവഡോറിം മാറ്റി. അമേരിക്കക്കും ബ്രിട്ടനും ഫ്രാന്‍സിനും  ജറുസലേമില്‍ കോണ്‍സുലേറ്റുണ്ട്. അമേരിക്കക്ക് ജറുസലേമില്‍ എംബസിയുണ്ടായിട്ടേയില്ല. 

ഇസ്ലാം വിരുദ്ധത എന്നു പേരുകേട്ട പല ട്രംപ് നയങ്ങളുടെയും തുടര്‍ച്ചയായി ഇതിനെും വ്യാഖ്യാനിക്കുന്നു പലരും.

പക്ഷേ 1989ല്‍ മറ്റൊരു സംഭവം നടന്നു, ജറുസലേമില്‍ പുതിയ എംബസിക്കായി ഇസ്രയേല്‍ അമേരിക്കക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തു.  1 ഡോളറാണ് വാടക. പക്ഷേ ഇന്നും ആ സ്ഥലം ഒഴിഞ്ഞുകിടക്കുന്നു.  1995ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ഒരു നിയമം പാസാക്കി, ടെല്‍ അവീവില്‍നിന്ന് എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന നിയമം. പക്ഷേ അതിനുശേഷം വന്ന ഒരൊറ്റ പ്രസിഡന്റുമാരും എംബസി മാറ്റുന്നതിനെ അനുകൂലിച്ചില്ല,. പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് ഓരോ ആറുമാസവും നിയമത്തില്‍നിന്ന് വഴുതിമാറി.  ട്രംപ് അധികാരമേറ്റശേഷം നിയമം നടപ്പാക്കാന്‍ ഇസ്രയേലിന്റെ സമ്മര്‍ദ്ദം ശക്തമായിരുന്നു എന്നാണ് സൂചന.

പക്ഷേ 193ലെ ധാരണയനുസരിച്ച് ജറുസലേമിന്റെ സ്ഥിതി നിര്‍ണയിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണ്. അതിനൊന്നും മാറ്റമില്ലെന്നും ട്രംപ് പറയുന്നു. പിന്നെയെന്തിന് തിരക്കിട്ട് ഈ പ്രഖ്യാപനം എന്നാണ് ചോദ്യം. ഉദ്ദേശിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത പലതും വഴിമുട്ടി നില്‍ക്കുന്ന ട്രംപിന് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുകമാത്രമായിരുന്നോ ലക്ഷ്യമെന്ന് അനുബന്ധം. 

യാത്രാനിരോധനത്തിന് സുപ്രീംകോടതി ഇപ്പോള്‍ നല്‍കിയ പിന്തുണ പ്രസിഡന്റിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടാവണം. ഇസ്ലാം വിരുദ്ധത എന്നു പേരുകേട്ട പല ട്രംപ് നയങ്ങളുടെയും തുടര്‍ച്ചയായി ഇതിനെും വ്യാഖ്യാനിക്കുന്നു പലരും.  അമേരിക്കയുടെ താത്പര്യങ്ങള്‍ക്കും ഇസ്രേലിന്റെയും ഫലസ്തീന്റെയും താത്പര്യങ്ങള്‍ക്കും അനുകൂലമാണ് തീരുമാനം എന്ന് ട്രംപ് പറഞ്ഞപ്പോള്‍ കൈയടിച്ച് അതിനെ സ്വാഗതം ചെയ്തത് ട്രംപിന്റെ വലതുപക്ഷ അനുയായികളാണ്. ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാവായ ബെന്നറ്റിന്റെ പ്രതികരണവും അതുതന്നെ. ഒരു തെരഞ്ഞെടുപ്പ് വാഗ്ദാന പൂര്‍ത്തീകരണവും വലതുപക്ഷപ്രീണനവും. അത്രയേ വിലകല്‍പ്പിച്ചുള്ളു പലസ്തീന്‍ പ്രദേശങ്ങളിലെ ജനതയുടെ വികാരവിചാരങ്ങള്‍ക്ക്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 

പക്ഷേ ഇനി അമേരിക്ക സമാധാനചര്‍ച്ചകളുടെ ഭാഗമാകേണ്ടന്ന് പ്രഖ്യാപിച്ചിരിക്കയാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ബത്‌ലഹേമിലെ ക്രിസ്മസ് ആഘോഷം തത്സമയം അമേരിക്കയിലെത്തിക്കാനുള്ള നീക്കത്തില്‍നിന്ന് പിഎല്‍ഒ പിന്‍മാറിയത് ഇനി അതിലൊന്നും അര്‍ത്ഥമില്ല എന്നുതുറന്നടിച്ചശേഷമാണ്. വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സിന്റെയും ഇസ്രയേലിനെ പിന്തുണക്കുന്ന ഇവാഞ്ചലിക്കുകളുടെയും സ്വാധീനവും ട്രംപിന്റെ തീരുമാനത്തില്‍ വായിച്ചെടുക്കുന്നത് യാഥാസ്ഥിതികരാണ്. പ്രതിഷേധങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി അറബ് ലോകം. ഗാസയില്‍ പ്രതിഷേധം അണപൊട്ടാന്‍ അധികം താമസിച്ചില്ല. ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളെ തടുക്കാനും ചെറുക്കാനും ട്രംപിന് കഴിയുമോ എന്നാണ് ഇനിയറിയേണ്ടത്.  

Follow Us:
Download App:
  • android
  • ios