magazine
By Rasheed KP | 04:54 PM March 07, 2018
ലക്ഷ്യസ്ഥാനത്തെത്തും വരെ ഞങ്ങള്‍ ഫെമിനിച്ഛികളാണ്!

Highlights

  • ഞാന്‍ ഫെമിനിസ്റ്റായ ദിവസം
  • അംന നഖീബ എഴുതുന്നു
     

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. 

ഒരു കുഞ്ഞാണ്‍കുട്ടിയും കുഞ്ഞു പെണ്‍കുട്ടിയും ഓടി കളിക്കുന്നു. പെട്ടെന്ന് ചെക്കന്‍ വന്ന് പെണ്ണിന് ഒരടി വെച്ച് കൊടുക്കുന്നു. പെണ്ണിന് ദേഷ്യം വരുന്നു. തിരിച്ചു രണ്ടടി വെച്ച് കൊടുക്കുന്നു.

പിന്നെ അടിയായി ഇടിയായി നുള്ളായി. ഞാനവരെ പിടിച്ചു മാറ്റുന്നില്ല. ആഹ്ലാദഭരിതയായി നോക്കി നില്‍ക്കുകയാണ് ഞാന്‍. എന്റെ കുട്ടിക്കാലം ഞാന്‍ ഓര്‍ത്തു. അന്നൊന്നും ആണ്‍കുട്ടികളോട് അടിച്ചു ജയിക്കാന്‍ പറ്റില്ലെന്ന ചിന്തയൊന്നും എനിക്കില്ല.  എല്ലാവരും ഒരു പോലയാണ്. ആരെ ജയിക്കാനും കഴിവുള്ളവളാണ് ഞാന്‍. അന്ന് എല്ലാവരെയും പോലെ ഞാന്‍ എല്ലാ ഇനം കളികളും കളിച്ചിട്ടുണ്ട്. ഓടിക്കളി, ചാടിക്കളി, ഒളിച്ചുകളി, ചോറ് വെച്ച്കളി, ക്രിക്കറ്റ്, പന്തുകളി.

കുട്ടിപ്പാവാടയോ കുട്ടിയുടുപ്പോ ട്രൗസറോ ഇട്ടു കളിയ്ക്കാന്‍ നല്ല രസമാണ്. വളര്‍ന്നപ്പോ കുട്ടിപാവാടയുടുത്തു കളിക്കുന്നത് വീട്ടുകാരും നാട്ടുകാരും വിലക്കി. കളിയൊക്കെ മെല്ലെ മെല്ലെ നിന്നു. നീളമുള്ള പാവാടയിട്ട് കളിയ്ക്കാന്‍ ഞാന്‍ ഉദ്ദേശിച്ചാല്‍ പോലും സാധ്യമല്ലായിരുന്നു. ഓടാന്‍ പറ്റില്ല ചാടാന്‍ പറ്റില്ല പൊക്കി പിടിച്ചു കഷ്ടപ്പെട്ട് ഓടിയാല്‍ കൂടെയുള്ളവര്‍ക്കൊപ്പം എത്തില്ല.

വല്യ കുപ്പായങ്ങളും കഴുത്തിനെ മുറുക്കണ തട്ടവും ഇടാന്‍ ഞാന്‍ പഠിച്ചു. പുറത്തു നടക്കുമ്പോള്‍ കാറ്റെന്റെ മുടിയെ തലോടാതായി. ചൂടുകാലത്തു ഞാന്‍ കുറെയധികം വിയര്‍ത്തു.ആ വേഷം ശീലമായപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ഞാന്‍ പഠിച്ചു. നീളമുള്ള വസ്ത്രം ധരിക്കാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്ക് രസിച്ചില്ല. എന്റെ അടക്കത്തെയും ഒതുക്കത്തെയും ഞാന്‍ അലങ്കാരമാക്കി.

മുഴുവനായി ഒതുങ്ങിപോയില്ലെങ്കിലും പെണ്ണ് ആണിനോളം വളരില്ലെന്നു ഞാന്‍ എപ്പഴൊക്കെയോ വിശ്വസിച്ചു.

സ്ത്രീസ്വാതന്ത്ര്യം ഒരു ലിമിറ്റഡ് ഓഫര്‍ ആണെന്ന് ആളുകള്‍ കരുതുന്നു.

വീണ്ടും ഒരുപാട് വളര്‍ന്നപ്പോള്‍ പെണ്ണിന്റെ സൗന്ദര്യമാണ് അവളുടെ ഏറ്റവും വലിയ സമ്പത്തെന്നും സുന്ദരിയായ പെണ്‍കുട്ടികളെ മാത്രമാണ് കഴിവും സൗന്ദര്യവും ഉള്ള ആണ്‍കുട്ടികള്‍ ഇഷ്ടപ്പെടുകയുള്ളുവെന്നും ഞാന്‍ വിശ്വസിച്ചു. ഒരു ആണ് എന്നെ അംഗീകരിക്കുന്നതുവരെ ഞാന്‍ പൂര്‍ണയല്ലെന്നു ഞാന്‍ കരുതി. ഞാന്‍ വായിച്ച ചില കഥകളും കണ്ട സിനിമകളും ഈ ചിന്ത എന്നില്‍ ശക്തമാക്കി. കഥയിലെ നായകന്‍ ആട്ടിടയനാണെങ്കിലും രാജകുമാരനാണെങ്കിലും നായിക സുന്ദരിയായിരിക്കും. പെണ്ണിന്റെ ശരീരത്തിന്  അമിത പ്രാധാന്യം നല്‍കി അവളിലെ വ്യക്തിയെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ പണ്ടുള്ള ആളുകള്‍ പരാജയപ്പെട്ടിട്ടില്ല എന്തെന്നാല്‍ ഞാന്‍ കെട്ടുന്ന പെണ്ണ് ഒരുപാടു മൊഞ്ചുള്ളവളും അടക്കവും ഒതുക്കവുമുള്ളവളും ആയിരിക്കണം, വേറെ നിര്‍ബന്ധങ്ങളൊന്നും എനിക്കില്ല എന്ന് പറയുന്ന ആണ്‍കുട്ടികള്‍ ഇന്നും എന്റെ ചുറ്റിലുമുണ്ട.

പ്രണയിച്ച കാലത്തും പ്രണയം കൊണ്ടന്ധത ബാധിച്ച ഞാന്‍ അവന്‍ പറയുന്നതാണ് ഏറ്റവും വലിയ സത്യം എന്ന് വിശ്വസിച്ചു. അവനുവേണ്ടി എന്റെ വ്യക്തിതാത്പര്യങ്ങളും യുക്തിബോധവും സ്വപ്നങ്ങളും ഹനിക്കേണ്ടവളാണ് ഞാനെന്നും വിശ്വസിച്ചു.

വായിച്ചും ചിന്തിച്ചും ബോധം വരുമ്പോഴത്തേക്കും ജീവിതം പാതി ജീവിച്ചു തീര്‍ന്നിരിക്കും. തനിക്കു നഷ്ടപ്പെടുന്ന സ്വാതന്ത്രങ്ങളെ കുറിച്ച് ഒരിക്കലും തിരിച്ചറിയാതെ ജീവിച്ചു മരിച്ചു പോകുന്നവരും ഉണ്ടാകും. Simone de Beauvoir  'സെക്കന്റ സെക്‌സ്' എന്ന പുസ്തകത്തില്‍ എഴുതിയതുപോലെ സ്ത്രീ എന്നും സമൂഹത്തില്‍ ഒരു സെക്കന്റ് സെക്‌സ് ആണ്. സ്ത്രീസ്വാതന്ത്ര്യം ഒരു ലിമിറ്റഡ് ഓഫര്‍ ആണെന്ന് ആളുകള്‍ കരുതുന്നു.  സ്ത്രീക്ക് ലഭിക്കുന്ന സ്വാതന്ത്യത്തിനു ആളുകള്‍ കണക്കു പറയുന്നു.

പെണ്‍കുട്ടിയായിട്ടും പഠിക്കാന്‍ ഇത്ര ദൂരയൊക്കെ വിട്ടില്ലേ, ജോലിക്കാര്യത്തിലും കല്യാണക്കാര്യത്തിലും ഇനി വാശിപിടിക്കരുതെന്നു പെണ്‍കുട്ടിയോട് പറയുന്ന വീട്ടുകാരും നാട്ടുകാരും,  ഫെമിനിസത്തെ കുറിച്ച് സംസാരിച്ചാല്‍ omkv വിളിക്കുന്ന ഫെമിനിസത്തിന്റെ ഡെഫിനിഷന്‍ പോലും അറിയാത്ത ആണുങ്ങളും പെണ്ണുങ്ങളുമുള്ള നാടാണ് നമ്മുടേത്. ഫെമിനിസ്റ്റ് പ്രസ്താവനകള്‍ ഇന്നും ആളുകള്‍ക്ക് അരോചകമായി തോന്നുന്നത് ചെറുപ്പം മുതല്‍ നിങ്ങള്‍ അറിയാതെ നിങ്ങളോടൊപ്പം വളരുകയും പിന്നീട് വേരുകള്‍ ഉറച്ചുപോവുകയും ചെയ്ത ആണ്‍കോയ്മ കാരണം തന്നെയാണ്. അതുകൊണ്ടാണ് അങ്ങനെയുള്ള പ്രസ്താവനകളെ കീറിമുറിച്ചു പരിശോധിച്ചു കുറച്ചു സെന്റിമെന്റ്‌സും കുറച്ചു നൊസ്റ്റാല്‍ജിയയും അതുമായി ബന്ധമില്ലാത്തതും എന്നാല്‍ ബന്ധം തോന്നിയേക്കാവുന്നതുമായ യുക്തിയും മറ്റും നിരത്തി സ്ത്രീകളും പുരുഷന്മാരുമായിട്ടുള്ള ആളുകള്‍ അവരുടെ അസഹിഷ്ണുത കാണിക്കുന്നത്.

സ്ത്രീസ്വാതന്ത്യത്തെ കുറിച്ച് ആളുകള്‍ ഘോരഘോരം പ്രസംഗിച്ചാലും അത് പലപ്പോഴും ഒരു തളച്ചിട്ട സ്വാതന്ത്യമാണ്. നിങ്ങള്‍ക്കു ഇത്രയൊക്കെ സ്വാതന്ത്യം ഇവിടെയില്ലേ, ഇനിയും ചോദിക്കരുത്, ഇത് തന്നെ ഞങ്ങടെ ഔദാര്യമാണ് എന്ന മട്ടിലാണ് പലരും. ഒരുപാടെഴുതിയില്ലേ? ഒരുപാട് പ്രസംഗിച്ചില്ലേ? ഇനിയെങ്കിലും ഈ വിഷയം ഒന്ന് നിര്‍ത്തിക്കൂടെയെന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഇത് തുടര്‍ന്ന്‌കൊണ്ടേ ഇരിക്കുന്ന ഒരു സമരമാണ്. ലക്ഷ്യസ്ഥാനത്തെത്തും വരെ ഞങ്ങള്‍ ഫെമിനിച്ഛികളാണ്!

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

വാണി പ്രശാന്ത്: സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!

സൈറ മുഹമ്മദ്: 'നീയെന്താ ഫെമിനിസ്റ്റ് ആയോ?'

ഡോ. ഹസ്‌നത് സൈബിന്‍: നിലയ്ക്കാത്ത ഈ പെണ്‍വിലാപങ്ങള്‍ക്ക് എന്തുത്തരമുണ്ട്?

ജുനിയ ജമാല്‍: അവനായിരുന്നു ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്!

ചിത്രാ വിജയന്‍: സംരക്ഷിക്കേണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മതി!

മിലി: വിവാഹം എന്നിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്തി

അലീഷ അബ്ദുല്ല: കന്യകാത്വം ആണ്‍കുട്ടികള്‍ക്ക് വേണ്ടേ?

അലിഷാ അംജദ്: ഒരു ഏഴാം ക്ലാസുകാരി പറയുന്നു; ഞാനും ഒരു കൊച്ചു ഫെമിനിസ്റ്റ്!

സ്മിത അജു​: എന്നിട്ടും, ഞാന്‍ ഫെമിനിസ്റ്റായി!

ഷംന കോളക്കോടന്‍​: റെഡി ടു വെയിറ്റ് ജന്മങ്ങള്‍

അനുമോള്‍ സി എ​: ഫെമിനിസത്തില്‍ എവിടെയാണ് പുരുഷവിദ്വേഷം?
 


 

Show Full Article


Recommended


bottom right ad