Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് തെരഞ്ഞെടുപ്പ് നല്‍കുന്ന പ്രതീക്ഷകള്‍

analysis on French election
Author
Paris, First Published May 8, 2017, 3:57 PM IST

നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുക
അല്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളില്‍ ഇടപെടും 
ലെനിന്‍

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഭരണകാലത്തിനു ശേഷം ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായിരിക്കുകയാണ് 39  കാരനായ ഇമ്മാനുവല്‍ മാക്രോണ്‍ . കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയതയും രാഷ്ട്രീയ നിലപാടാക്കിയ മരീന്‍ ലീപെന്നോയെ 65.5 ശതമാനം വോട്ടിനാണ് മക്രോണ്‍ പരാജയപ്പെടുത്തിയത്. ലീപെന്നോക്ക് 34.9 ശതമാനം വോട്ടുകള്‍  മാത്രമാണ്  ലഭിച്ചത്.

1958ല്‍ ഫ്രഞ്ച് ഭരണഘടന നിലവില്‍ വന്നതു മുതല്‍ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളാണ് മാറിമാറി രാജ്യം ഭരിച്ചിരുന്നത്. എന്നാല്‍, മക്രോണിന്റെ വിജയത്തോടെ ഇത് പഴങ്കഥയായി മാറിയിരിക്കുന്നു. ഫ്രാന്‍സിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്  മാക്രോണ്‍. നിലവിലെ പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ടാണ് മാക്രോണ്‍ എന്‍മാര്‍ഷെ പ്രസ്ഥാനം  രൂപവത്കരിച്ചത്. മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ കൂടിയായ മാക്രോണ്‍ നേരത്തെ ധനകാര്യമന്ത്രിയുമായിരുന്നു.

ഒരു വയസ്സ് മാത്രമുള്ള രാഷ്ട്രീയ പ്രസ്ഥാനവുമായി ഇലക്ഷനെ  നേരിട്ട മക്രോണ്‍ വിജയശ്രീലാളിതനാകുമ്പോള്‍ ലോക രാഷ്ട്രീയത്തിന്റെ തന്നെ സമീപ ഭൂതകാലത്ത്  നമ്മുടെ അരവിന്ദ് കെജ്രിവാളിനോട്  മാത്രമാണ് അദ്ദേഹം അല്‍പ്പമെങ്കിലും സാമ്യം പുലര്‍ത്തുന്നത് . സാമ്പത്തിക ഉദാരീകരണത്തെ പിന്തുണക്കുന്ന ഇടത് അനുഭാവിയാണ് മാക്രോണ്‍ എന്ന് അദ്ദേഹത്തിന്റെ  രാഷ്ട്രീയ നിലപാടുകളെ ഒറ്റവാചകത്തില്‍  വിവക്ഷിക്കാം . 

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോക്കം പോയ തെരഞ്ഞെടുപ്പെന്ന വിശേഷമാണ് ഇക്കുറി ഫ്രാന്‍സില്‍ കണ്ടത്

ഫ്രാന്‍സില്‍ കണ്ടത്

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോക്കം പോയ തെരഞ്ഞെടുപ്പെന്ന വിശേഷമാണ് ഇക്കുറി ഫ്രാന്‍സില്‍ കണ്ടത് . തെരഞ്ഞെടുപ്പിന്റെ ഫലം യൂറോപ്പിന്റെയാകെ ഭാവി നിര്‍ണയിക്കുന്നതാകുമെന്നു മക്രോണിന്റെ  പ്രാഥമിക പ്രഖ്യാപനങ്ങള്‍ സൂചന നല്‍കുന്നു .പ്രസിഡന്റായാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും യൂറോ നാണയത്തില്‍ നിന്നും പിന്‍മാറുമെന്ന് പ്രഖ്യാപിച്ചിരുന്ന മാരിന്‍ ലെ പെനിന്റെ  രാഷ്ട്രീയ നിലപാടുകള്‍ ഫ്രഞ്ച് ജനത പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു എന്നതാണ് തിരഞ്ഞെടുപ്പ്  ഫലങ്ങള്‍ സൂചിപ്പിക്കുന്നത് .  

ദേശീയ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാത്ത യൂറോപ്യന്‍ യൂണിയന്‍ ഇത്തവണ മാക്രോണിനെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു . യൂറോപ്പിലെ ഏറ്റവും കരുത്തയായ  ജര്‍മന്‍ ചാന്‍സലര്‍ ആംഗലേയ മെര്‍ക്കല്‍, യൂറോപ്യന്‍ യൂണിയന്റെ മുഖ്യചര്‍ച്ചക്കാരന്‍ മിഷേല്‍ ബാര്‍ണിയര്‍ എന്നിവര്‍ അടക്കം ഒട്ടേറെ പേര്‍ മാക്രോണിനെ പിന്തുണച്ചു രംഗത്തെത്തി. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും മാക്രോണിന് വോട്ടു ചെയ്യണമെന്നു ഫ്രഞ്ച് ജനതയോട് ആവശ്യപ്പെട്ടു. കടുത്ത ദേശീയവാദിയായ മറീന്‍ ലെ പെന്നിന്റെ വിജയം യൂറോപ്പിന്റെയും നാറ്റോ ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യങ്ങളുടെയും അടിത്തറയിളക്കുമെന്ന്  യൂറോപ്പാകമാനം ഭയപ്പെട്ടതാവാം മക്രോണിന് ലഭിച്ച കൂട്ടപിന്തുണയുടെ കാരണം. എന്‍ മാര്‍ഷെ എന്ന പുത്തന്‍ രാഷ്ട്രീയ പ്രസ്ഥാനവുമായിട്ടായിരുന്നു മാക്രോണിന്റെ വരവ്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ ശക്തി തന്നെയായിരുന്നു  മാക്രോണിന്റെ പിന്‍ബലം. ആറ് പതിറ്റാണ്ടുകാലം ഫ്രഞ്ചില്‍ അടക്കി വാണ ഇടതു വലതു പാര്‍ട്ടികളെ നിഷ്പ്രഭരാക്കി മറ്റു രണ്ടു പാര്‍ട്ടികള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തുന്നത് ആദ്യമായാണ്. ആദ്യഘട്ട വോട്ടെടുപ്പിലും മാക്രോണിനായിരുന്നു നേരിയ മുന്‍തൂക്കം.എന്നാല്‍  ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തിലധികം വോട്ടു നേടാനായില്ല. ഇതോടെയാണ് പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്.

കടുത്ത ഇസ്ലാമിക വിരുദ്ധതയും, വേഗമേറിയ വലതുപക്ഷവല്‍ക്കരണവുമാണ് ഫ്രാന്‍സിന്റെ വര്‍ത്തമാനകാല വെല്ലുവിളികള്‍

ഇസ്‌ലാമോഫോബിയ

കടുത്ത ഇസ്ലാമിക വിരുദ്ധതയും, വേഗമേറിയ വലതുപക്ഷവല്‍ക്കരണവുമാണ് ലോകത്തിലെ ഏറ്റവും ഉദാത്ത ജനാധിപത്യങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്ന ഫ്രാന്‍സിന്റെ വര്‍ത്തമാനകാല വെല്ലുവിളികള്‍ . ഫ്രഞ്ച് ഇസ്‌ലാമിനെക്കുറിച്ച ചര്‍ച്ചകളിലെല്ലാം homegrown jihadsim എന്ന പദം കടന്ന് വരാറുണ്ട്. ചിലര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭീകരതയുമായി ചേര്‍ത്ത് നിര്‍ത്തി സംസാരിക്കുമ്പോള്‍ മറ്റ് ചിലര്‍ ( പ്രധാനമായും ലെഫ്റ്റിസ്റ്റുകള്‍) ഭീകരതയെ നിര്‍മ്മിക്കുന്നത് ഇസ്‌ലാമോഫോബിയ, വംശീയത തുടങ്ങിയ ഘടകങ്ങളാണ് എന്നാണ് പറയുന്നത്. അതേസമയം, ഇസ്‌ലാമോഫോബിയയെയും ഫ്രഞ്ച് വംശീയതയെയും വെല്ല്‌വിളിച്ച് കൊണ്ട് ഫ്രാന്‍സില്‍ രൂപപ്പെട്ട് വരുന്ന പുതിയ പൊളിറ്റിക്കല്‍ മൂവ്‌മെന്റുകളെക്കുറിച്ച് ഈ രണ്ട് കൂട്ടരും നിശ്ശബ്ദരാണ്. 

2009 ലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഫ്രാന്‍സിലെ മുസ്‌ലിംകളും കറുത്തവരും അനുഭവിക്കുന്ന തീക്ഷ്ണമായ റേഷ്യല്‍ പ്രൊഫൈലിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ വേറൊരു പഠനത്തില്‍ പറയുന്നത് വെളുത്തവരെ അപേക്ഷിച്ച് കറുത്തവരും നോര്‍ത്താഫ്രിക്കക്കാരും ദിനേനയെന്നോണം വംശീയാതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്നാണ്. അതേസമയം മുസ്‌ലിം സ്ത്രീകള്‍ ഇരയാകുന്നത് ലീഗല്‍ ഇസ്‌ലാമോഫോബിയക്കാണ്. ഐക്യഖണ്ഡേനയാണ് ഫ്രഞ്ച് നാഷണല്‍ അസംബ്ലി ഹെഡ്‌സ്‌കാര്‍ഫ് നിരോധനം നടപ്പിലാക്കിയത്. ആയിരക്കണക്കിന് മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ ഭാവിയാണ് അത്മൂലം ഇല്ലാതായത്. ഈ നിയമത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് One School for all collective എന്ന പേരില്‍ ഒരു സോഷ്യല്‍ മൂവ്‌മെന്റ് ഫ്രാന്‍സില്‍ രൂപം കൊള്ളുന്നത്. 

വ്യത്യസ്ത സ്വത്വാവിഷ്‌കാരത്തിനുള്ള അവസരം സംവാദത്തിന്റെ മുന്നുപാധിയാണ്.

ഇസ്ലാമിക ഭീകരവാദികളുടെ വെല്ലുവിളി

ഈ അവസ്ഥയുടെ മറുപുറവും പരിശോധിക്കാതെ പോകുക വയ്യ . ഷാര്‍ലി എബ്ദോക്കും യഹൂദ വ്യാപാര സ്ഥാപനത്തിനും നേരെ കുവാഷി സഹോദരന്മാരും അമേദി കൗലിബാലിയും നടത്തിയ ആക്രമണങ്ങളില്‍ 16 പേര്‍ കൊലചെയ്യപ്പെട്ട സംഭവം ഫ്രഞ്ച് ഭരണവ്യവസ്ഥയോടും ജീവിത രീതിയോടുമുള്ള ഇസ്ലാമിക ഭീകരവാദികളുടെ വെല്ലുവിളിയായാണ് പൊതുവില്‍ ചിത്രീകരിക്കപ്പെട്ടത്. ആ സമയത്ത് ഫ്രഞ്ച് ദേശീയ  അസംബ്‌ളിയെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം ഊന്നിയ പ്രധാനപ്പെട്ട കാര്യം 'ഫ്രാന്‍സ് ഇന്നൊരു യുദ്ധത്തിലാണ്' എന്നതാണ്. 'ഭീകരവാദത്തിനും ജിഹാദിസത്തിനും തീവ്ര ഇസ്ലാമിക വാദത്തിനും എതിരെയുള്ള ഈ യുദ്ധം സഹിഷ്ണുതക്കും മതേതരത്വത്തിനും വേണ്ടിയുള്ളതാണെ'ന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇസ്ലാമിനെതിരെയുള്ള യുദ്ധമല്ല ഇതെന്ന് അദ്ദേഹം എടുത്തുപറയുകയും ചെയ്തു. അധികം താമസിയാതെ, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യോമാക്രമണം നടത്തുന്നത് നീട്ടിയെടുക്കാനുള്ള വോട്ടെടുപ്പ് നടന്നു. 488 പേര്‍ അനുകൂലിച്ചും ഒരംഗം എതിര്‍ത്തും വോട്ടുചെയ്തു. 'ഭീകരവാദ വിരുദ്ധ യുദ്ധം' എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെ ആശയം അഫ്ഗാനിസ്താനിലേയും ഇറാഖിലേയും അധിനിവേശത്തിലേക്കും നീണ്ട യുദ്ധങ്ങളിലേക്കും ഇന്നും അവസാനിക്കാത്ത അരക്ഷിതത്വത്തിലേക്കും നയിച്ച കാര്യവും അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ ജിജ്ഞാസയോടെ നിരീക്ഷിച്ച നിര്‍ഭാഗ്യകര സംഭവങ്ങളാണ്. 

ഇസ്ലാമിന്റെയും പാശ്ചാത്യ നവോത്ഥാനത്തിന്റെയും മൂല്യങ്ങള്‍ തമ്മില്‍ സംവാദത്തിന് സാധ്യതയുണ്ടെന്ന് പ്രശസ്ത ഫ്രഞ്ച് ചിന്തകന്‍ ഴാക്ക് ദെറീദ അഭിപ്രായപ്പെടുകയുണ്ടായി. ആഗോള ജനാധിപത്യത്തെയും ദേശരാഷ്ട്ര പരമാധികാര വിമര്‍ശത്തെയും ഉള്‍ക്കൊള്ളുന്ന പലതരം അതിര്‍ത്തികള്‍ ഭേദിക്കുന്ന ഒരു സംവാദമാവണം അത് എന്ന് ദെറീദ കരുതുന്നു. വ്യത്യസ്ത സ്വത്വാവിഷ്‌കാരത്തിനുള്ള അവസരം സംവാദത്തിന്റെ മുന്നുപാധിയാണ്. ആധിപത്യ മൂല്യങ്ങളിലൂടെയുള്ള ഉദ്ഗ്രഥനം ആ സാധ്യതക്ക് മങ്ങലേല്‍പിക്കുന്നു. യൂറോപ്യന്‍ മൂല്യങ്ങളും ഇസ്ലാമുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ ഒരു യൂറോഇസ്ലാംതന്നെ സാധ്യമാണെന്ന നിലപാട് ബസം തിബി, താരിഖ് റമദാന്‍ തുടങ്ങിയവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഒരുപക്ഷേ, അത്തരം സംവാദ സാധ്യതകള്‍ തിയറിയായി മാത്രം ഒതുങ്ങിയ വര്‍ത്തമാന കാല യൂറോപ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കാനും ,ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന തീവ്രവാദം സൃഷ്ട്ടിച്ച ഇസ്ലാമോഫോബിയ ഇല്ലായ്മചെയ്യുവാനുള്ള തുടക്കം കുറിക്കുവാനും ഴാക്ക് ദെറീദ സൂചിപ്പിച്ച സംവാദങ്ങള്‍ ഉദ്ഘാടനം ചെയ്യുവാനും മക്രോണിനു സാധിച്ചേക്കാം . 

ഫ്രാന്‍സിന്റെ ബഹുസ്വരമായ സാമൂഹിക മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഫ്രഞ്ച് വ്യവസ്ഥക്കും മൂല്യങ്ങള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ല. അതേസമയം, ബഹുസ്വരതയുടെ ഉദ്‌ഘോഷണത്തിലൂടെയുള്ള ഭരണകൂട സാധൂകരണ പ്രക്രിയ നടക്കുന്നുമുണ്ട്. യൂറോപ്പിലെതന്നെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യ ഫ്രാന്‍സിലാണ്, പ്രകടമായ ഏറ്റവും വലിയ മുസ്ലിം വിരുദ്ധതയും ഇവിടെത്തന്നെ എന്നത് ശ്രദ്ധേയമാണ് . വംശീയതയുടെയും പ്രാന്തവത്കരണത്തിന്റെയും സ്വത്വ നിരാസത്തിന്റെയും സമകാലിക യാഥാര്‍ഥ്യം ധാരാളം മുസ്ലിം ചെറുപ്പക്കാരെ തീവ്ര മത പ്രത്യയശാസ്ത്രങ്ങളിലേക്കും അക്രമ പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നുണ്ട്. അത്തരം പ്രശ്‌നങ്ങളെ യുദ്ധപ്രഖ്യാപനങ്ങളിലൂടെ കൈകാര്യം ചെയ്യാനാവില്‌ളെന്നതാണ് യാഥാര്‍ഥ്യം.

  മാക്രോണ്‍ പരാജയപ്പെടുമെന്ന് മിക്ക രാഷ്ട്രീയ നിരീക്ഷകരും തുടക്കത്തില്‍  ഉറപ്പിച്ചിരുന്നു.

വിപ്ലവ പ്രതീക്ഷകള്‍

എല്ലാ മതസ്ഥര്‍ക്കും തുല്യ പരിഗണനയോടെ ജീവിക്കാന്‍ അനുവദിക്കുകയെന്ന യൂറോപ്യന്‍ പാരമ്പര്യത്തിന്റെ പൊതുതത്വം അന്യംനിന്നുപോയെങ്കിലും ഫ്രാന്‍സില്‍ ആ ആശയമാണ് മാക്രോണ്‍ പ്രചാരണത്തിന് ഉയര്‍ത്തിയത്. കലുഷിതമായതും ഐ.എസ് പോലുള്ള ഭീകരവാദികള്‍ക്ക് എളുപ്പം ആക്രമണം നടത്താനാകുന്നതുമായ സാമൂഹിക അവസ്ഥയില്‍ മാക്രോണ്‍ പരാജയപ്പെടുമെന്ന് മിക്ക രാഷ്ട്രീയ നിരീക്ഷകരും തുടക്കത്തില്‍  ഉറപ്പിച്ചിരുന്നു. അഭയാര്‍ഥികള്‍ നല്‍കുന്ന അപേക്ഷയില്‍ ആറുമാസത്തിനകം തീരുമാനം, ശിരോവസ്ത്ര നിരോധനം നീക്കും, മതേതര ജീവിതത്തിന് മുന്‍ഗണന, തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയ പ്രചാരണങ്ങളായിരുന്നു മാക്രോണ്‍ ഉയര്‍ത്തിയത്. ഇതിന് കിട്ടിയ ജനപിന്തുണയാണ് മാക്രോണിന്റെ വിജയമെന്നു കരുതാം. നെതര്‍ലന്റ്‌സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് ഗീര്‍ത് വൈല്‍ഡേഴ്‌സിനു പരാജയം സമ്മതിക്കേണ്ടി വന്നതുപോലെ അവസാന വോട്ടെടുപ്പില്‍ നാഷനല്‍ ഫ്രന്റ്സ്ഥാനാര്‍ഥി മാരിന്‍ ലെ പെന്‍ പരാജയപ്പെടുന്ന രാഷ്ട്രീയക്കാഴ്ച്ചയിലേക്കാണ് ഫ്രഞ്ച് ജനത നമ്മെ നയിച്ചത് . 

യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാക്കണമെന്ന അഭിപ്രായക്കാരനായ അദ്ദേഹം തീവ്രവാദത്തിനെതിരെ കടുത്ത കടുത്ത നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ മാരിന്‍ ലെ പെന്നും അവരുടെ രാഷ്ട്രീയ പ്രസ്ഥാനവും ഫ്രഞ്ച് ജനതയില്‍ ഉണ്ടാക്കിയ ഭിന്നിപ്പിന്റെ മുറിവ് ഉണക്കുക എന്ന വലിയ വെല്ലുവിളി മക്രോനിനെ കാത്തിരിക്കുന്നു. ആഗോള സംഭവവികാസങ്ങളിലെ മാധ്യമനിര്‍മിത സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പ്രതിസന്ധികളില്‍ മാത്രമല്ല , ലോകാഭിപ്രായം രൂപപ്പെടുന്നതിന്റെ രാഷ്ട്രീയ സമസ്യകളില്‍ക്കൂടി മക്രോണിന് ഒരു ജേതാവിന്റെ വേഷമുണ്ടോ എന്ന് കാത്തിരുന്നു കാണാം .   കടുത്തവംശീയതയില്‍, ഇസ്ലാമോഫോബിയയില്‍ , വലതുപക്ഷവല്ക്കരിക്കപ്പെടുന്ന ഇടതു ശക്തികള്‍ക്കുമുന്നില്‍  പൊറുതിമുട്ടുന്ന യൂറോപ്പിന്, മാറ്റത്തിന്റെ  വിപ്ലവ പ്രതീക്ഷകള്‍ നല്‍കുവാന്‍ , അതിവേഗം വലതുപക്ഷവല്ക്കരിക്കപ്പെടുന്ന ഫ്രാന്‍സിന്റെ നായകനായി എത്തിയിരിക്കുന്ന ഇടതുമനസ്സുള്ള, ആധുനികനായ ഇമ്മാനുവേല്‍ മക്രോണിന് സാധിക്കുമോ എന്നതാണ് പ്രസക്തമായ പ്രതീക്ഷ..! 

Follow Us:
Download App:
  • android
  • ios