Asianet News MalayalamAsianet News Malayalam

ബുദ്ധിജീവികളെ അവര്‍ എന്തിനു ഭയക്കുന്നു?

Anil Kumar PV on intellectual ordinary man binary
Author
Thiruvananthapuram, First Published Sep 27, 2017, 7:19 PM IST

ബുദ്ധിജീവി ആകുന്നത്, ഒരു അശ്ലീലപ്രവൃത്തിയല്ല. അവശ്യം ചെയ്യേണ്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സാധാരണക്കാര്‍/ബുദ്ധിജീവികള്‍ എന്നത് കപട ബൈനറി ആണ്. സാധാരണ മനുഷ്യന്‍ തന്നെയാണ് ബുദ്ധിജീവി. ബുദ്ധിജീവി തന്നെയാണ് സാധാരണ മനുഷ്യന്‍.​

Anil Kumar PV on intellectual ordinary man binary

പ്രശസ്ത മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെത്തുടര്‍ന്ന് നടന്ന ചാനല്‍ ചര്‍ച്ചകളില്‍ സംഘപരിവാര്‍ അനുയായികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ബുദ്ധിജീവികള്‍/സാധാരണ മനുഷ്യര്‍ എന്ന ദ്വന്ദം. ഒളിഞ്ഞും തെളിഞ്ഞും ഈ ബൈനറിയിലൂടെ പുറത്ത് വരുന്നത് അവരുടെ അടിസ്ഥാന രാഷ്ട്രീയ പ്രമാണം തന്നെയാണ്. അതായത്, രാഷ്ട്രനിര്‍മ്മാണത്തില്‍ അവര്‍ക്കാവശ്യം ചിന്തിക്കുന്ന, ബുദ്ധിയുള്ള മനുഷ്യരെയല്ല; മറിച്ച് നേതൃത്വം പറയുന്നത്, ഫോട്ടോഷോപ് ചെയ്തുനല്‍കുന്നത്, തൊണ്ട തൊടാതെ വിഴുങ്ങുന്ന, സംശയലേശമന്യേ ഷെയര്‍ ചെയ്യുന്ന ആള്‍ക്കൂട്ടത്തെയാണ് (അവര്‍ ഈ ആള്‍ക്കൂട്ടത്തിന് കൊടുത്തിട്ടുള്ള പേരാണ് 'ജനാധിപത്യ വിശ്വാസികള്‍'!). 

ഈ ബൈനറിയിലൂടെ സംഘപരിവാരം നിര്‍മ്മിച്ചെടുക്കുന്ന വൈകാരിക പരിസരം ഇതാണ്: ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അസ്വസ്ഥമാകുവാന്‍ ഒന്നുമില്ല. അവരുടെ മരണത്തില്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടെങ്കില്‍ നിങ്ങളും ഗൗരി ലങ്കേഷ് ജീവിച്ചത് പോലെ സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ നിന്നും അകന്ന് ജീവിക്കുന്ന ബുദ്ധിജീവിയായ, കപട മതേതരവാദിയായ ഒരു ദന്തഗോപുരവാസിയാണ്. 'ബുദ്ധിജീവികളുടെ' ഒരു ആശയവും 'സാധാരണ ജനങ്ങള്‍' അഥവാ 'ജനാധിപത്യവാദികള്‍'  ഏറ്റെടുത്തിട്ടില്ല എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദം. ഗുജറാത്ത് കലാപത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് 'ബുദ്ധിജീവികളും' 'കപട മതേതരവാദികളും' മുദ്രകുത്തി പ്രചാരണം നടത്തിയിട്ടും, പ്രസ്തുത 'കുപ്രചാരണങ്ങളെയെല്ലാം' പരാജയപ്പെടുത്തി ഭാരതീയ ജനാധിപത്യത്തിന്റെ, 'സാധാരണ മനുഷ്യരുടെ' ശക്തി ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്ത ഒരു മിശിഹായാണ്/മാലാഖയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ വിജയത്തോടെ, പ്രധാനമന്ത്രി പദത്തോടെ ബുദ്ധിജീവികളുടെ പ്രചാരണം മുഴുവന്‍ തെറ്റാണെന്ന് തെളിഞ്ഞു.

രാഷ്ട്രനിര്‍മ്മാണത്തില്‍ അവര്‍ക്കാവശ്യം ചിന്തിക്കുന്ന, ബുദ്ധിയുള്ള മനുഷ്യരെയല്ല

ഭൂരിപക്ഷം പറയുന്നതാണ് ശരി എങ്കില്‍

നേതൃ ഭക്തരായ, ഫോട്ടോഷോപ്പ് വിദഗ്ദരായ ഇവര്‍ക്ക് ഈ വാദഗതിയോടെ എല്ലാം ശരിയായതായി അനുഭവപ്പെടുമെങ്കിലും, ചിന്തിക്കുന്ന മനുഷ്യര്‍ക്ക് (അവരുടെ ഭാഷയില്‍ മൊഴിഞ്ഞാല്‍ 'ബുദ്ധിജീവികള്‍ക്ക്') ഇതില്‍പരം മണ്ടത്തരം വേറെയില്ലെന്നാണ് അനുഭവപ്പെടുക. ഓരോ കാലത്തെയും ഭൂരിപക്ഷം പറയുന്നതാണ് ശരി എന്ന് വെക്കുകയാണെങ്കില്‍, സംഘപരിവാര ഗുരുക്കന്മാരായ ഗോള്‍വാള്‍ക്കര്‍, ഹെഡ്‌ഗേവാര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയ 'മഹാ ബ്രാഹ്മണര്‍' (രാഹുല്‍ ഈശ്വര്‍ജിക്ക് പ്രസ്തുത പ്രയോഗത്തിന് നന്ദി രേഖപ്പെടുത്തുന്നു) അവരുടെ ജീവിത കാലത്ത് പറഞ്ഞത് മുഴുവന്‍, അവരുടെ കാലത്തെ തെറ്റായ സംഗതികളാണെന്ന് സമ്മതിച്ചു നല്‍കേണ്ടിവരും. 

കാരണം അവരുടെ ജീവിതകാലത്ത് സംഘപരിവാരം എന്നത് മിക്കവാറും സമൂഹത്തിലെ ന്യൂനപക്ഷ സവര്‍ണ്ണ ഹിന്ദു പുരുഷന്മാരെ ആകര്‍ഷിച്ച ഒരു പ്രസ്ഥാനം മാത്രമായിരുന്നു. മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ ദശകങ്ങളില്‍  ഭൂരിഭാഗം ഇന്ത്യക്കാരും അംഗീകരിച്ചിരുന്നത് നെഹ്രുവിന്റെ 'മതേതര', 'സോഷ്യലിസ്റ്റ', 'ശാസ്ത്രീയ' കാഴ്ചപ്പാടായിരുന്നവെന്നതിന് നമുക്ക് വ്യക്തമായ തെളിവും ഉണ്ട്. കാരണം അക്കാലത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ വിജയിച്ചത് നെഹ്‌റു ആയിരുന്നു. ചുരുക്കത്തില്‍, അവര്‍ അറിയാതെ പറയുന്നതിതാണ്: 'നെഹ്‌റുവിന്റെയും  ഇന്ദിരയുടെയും കാലത്ത് ഞങ്ങള്‍ ജനങ്ങളുടെ ജീവിതപരിസരത്തു നിന്നും അവരുടെ ജീവിത പ്രശ്‌നങ്ങളില്‍ നിന്നും  അകന്ന് ജീവിച്ചിരുന്ന ദന്തഗോപുരവാസികള്‍ ആയിരുന്നു. ഞങ്ങള്‍ അക്കാലത്ത് 'സത്യ'ത്തില്‍ നിന്നും വളരെ അകലെ ആയിരുന്നു, കാരണം സത്യം ഭൂരിപക്ഷ പിന്തുണയുള്ള നെഹ്രുവിനൊപ്പമായിരുന്നു. ഞങ്ങള്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും തെറ്റായിരുന്നു, കാരണം, ഞങ്ങളുടെ സിദ്ധാന്ത പ്രകാരം, ഭൂരിപക്ഷം ഓരോ കാലത്തും എന്താണോ ശരി എന്ന് ചിന്തിക്കുന്നത്, അതാണ് ആ കാലത്തിന്റെ ശരി!'

അതായത്,  അക്കാലത്ത് തെറ്റായ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചിരുന്ന പ്രസ്ഥാനങ്ങളില്‍ അംഗത്വമെടുത്ത രാജഗോപാല്‍, ശ്രീധരന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ അക്കാലത്തെ ജനങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ചിന്തകള്‍ കൊണ്ട് നടന്നിരുന്ന ദന്തഗോപുരവാസികള്‍ മാത്രമല്ല, അറിഞ്ഞു കൊണ്ട് തെറ്റായ ഒരു പ്രസ്ഥാനത്തിന് സ്വയം സമര്‍പ്പിച്ച കപട സംഘവാദികളും ആയിരുന്നു! ഒരര്‍ത്ഥത്തില്‍ ഇവരെ അഭിനന്ദിക്കണം. നരേന്ദ്ര മോദിയെ, കപടബുദ്ധിജീവികളുടെ കുപ്രചരണത്തില്‍ നിന്ന് മോചിപ്പിക്കാനെന്ന പേരിലാണെങ്കിലും, തങ്ങളുടെ ഭൂതകാല രാഷ്ട്രീയം സവര്‍ണതയുടേതായിരുന്നെന്നും തെറ്റിന്‍േറതായിരുന്നുവെന്നും അറിയാതെയെങ്കിലും അവര്‍ അംഗീകരിക്കുന്നുണ്ടല്ലോ!  

ഇവരുടെ വാക്ക് കേട്ടാല്‍ തോന്നും, കോടതി ഒരാള്‍ കുറ്റം ചെയ്തു എന്ന് പറഞ്ഞാല്‍ ഉടനെ അയാള്‍ കുറ്റവാളിയാകുകയും, തിരിച്ച് അയാള്‍ കുറ്റം ചെയ്തില്ല എന്ന് പറഞ്ഞാല്‍ അയാള്‍ നിരപരാധിയാവുകയും ചെയ്യും എന്നാണ്.

സനാതന സത്യം ഇതല്ല

സത്യം ഓരോ കാലഘട്ടത്തിലെയും ഭൂരിപക്ഷാഭിപ്രായത്തിലൂടെ സ്ഥാപിക്കപ്പെടുന്ന ഒന്നാണെന്ന ഈ നവ ആശയം സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നതാണ്. കാരണം അവരുടെ പല ആശയങ്ങളുടെയും അടിത്തറ ഭാരതീയ പാരമ്പര്യത്തിന്റെ 'സനാതന സത്യ' (?) ദര്‍ശനത്തിലാണ്. അതായത്, അവര്‍  ഘോഷിക്കുന്ന ഭാരതീയ വൈദികദര്‍ശന പ്രകാരം,സത്യം എന്നത് ഓരോ കാലഘട്ടത്തിലെയും ഭൂരിപക്ഷ അഭിപ്രായത്തിലൂടെ രൂപീകരിക്കപ്പെടുന്ന ഒന്നല്ല, മറിച്ച് കാലത്തിനും സ്ഥലത്തിനും അപ്പുറമായി സനാതന മാനം ഉള്ളതാണ്. ഈയര്‍ത്ഥത്തില്‍, അവര്‍ കൊട്ടിഘോഷിക്കുന്ന ഭാരതീയ പാരമ്പര്യത്തിന്റെയും അതിന്റെ സംസ്‌കൃതിയുടെയും ഏറ്റവും വലിയ നിഷേധികള്‍ ഇത്തരം യുക്തി ഉപയോഗിച്ച് അധികാരത്തിനെ താങ്ങുന്ന ഇവര്‍ തന്നെയാണ്.

ഭാരതീയ പാരമ്പര്യത്തില്‍ ആന്തരികമായി ഒരു ദൃഢവിശ്വാസം ഉണ്ടെങ്കില്‍, അവര്‍ സനാതന സത്യ സങ്കല്‍പത്തെ മുറുകെ പിടിച്ച് നരേന്ദ്ര മോദി തെറ്റുകാരനല്ല എന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അല്ലാതെ കൊളോണിയല്‍ ഭരണത്തിന്റെ സൃഷ്ടികളായ പാര്‍ലമെന്ററി ജനാധിപത്യവും കോടതിയും എന്ത് പറയുന്നു എന്ന് നോക്കിയല്ല ഭാരതീയ പാരമ്പര്യക്കാര്‍ തങ്ങളുടെ സത്യ ദര്‍ശനത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഇവരുടെ വാക്ക് കേട്ടാല്‍ തോന്നും, കോടതി ഒരാള്‍ കുറ്റം ചെയ്തു എന്ന് പറഞ്ഞാല്‍ ഉടനെ അയാള്‍ കുറ്റവാളിയാകുകയും, തിരിച്ച് അയാള്‍ കുറ്റം ചെയ്തില്ല എന്ന് പറഞ്ഞാല്‍ അയാള്‍ നിരപരാധിയാവുകയും ചെയ്യും എന്നാണ്. കോടതിയില്‍ സ്ഥാപിച്ചെടുക്കുന്നത് കേവല സത്യം അല്ല, മറിച്ചു തെളിവുകളിലൂടെയും സാക്ഷികളിലൂടെയും തര്‍ക്കവിതര്‍ക്കങ്ങളിലൂടെയും സ്ഥാപിച്ചെടുക്കുന്ന ഒരു ആഖ്യാനമാണ്. അത്തരം സത്യ പ്രകാശന/ആഖ്യാന പ്രക്രിയ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിക്ക് അത്യാവശ്യവുമാണ്. അതിനര്‍ത്ഥം കോടതി ഒരു ഡെമോക്രാറ്റിക് വ്യവസ്ഥയുടെ ഉള്ളില്‍ നിന്ന് അതിന്റെ സത്യ പ്രകാശന/ ആഖ്യാന പ്രക്രിയലൂടെ സ്ഥാപിച്ചെടുക്കുന്ന ഒരു വസ്തുത, സനാതനക്കാര്‍ പറയുന്ന സനാതന സത്യവുമായി കൂട്ടിക്കുഴച്ച് ചുളുവില്‍ കാര്യം നേടാമെന്നല്ല.

ഈ ഉള്ളുറപ്പിനോടുള്ള കടുത്ത അസൂയയാണ് ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നതിലൂടെ ആള്‍ക്കൂട്ടം പുറത്തു കാണിച്ചത്.

എന്തുകൊണ്ട് ഗൗരി ലങ്കേഷ്? 

ഇവിടെയാണ് സനാതന ആള്‍ക്കൂട്ടത്തിന് ഇല്ലാത്ത എല്ലുറപ്പും ചങ്കുറപ്പും ഗൗരി ലങ്കേഷ് കാണിച്ചത്. നീതിന്യായ കോടതിയും തെരഞ്ഞെടുപ്പ് എന്ന ജനങ്ങളുടെ കോടതിയും കുറ്റക്കാരന്‍ എന്ന്  വിധിച്ചില്ലെങ്കിലും, നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. തനിക്ക്  ലഭിച്ച ദൃഷ്ടാന്തങ്ങളിലൂടെ, തനിക്ക് ലഭിച്ച വസ്തുതകളിലൂടെ അവര്‍ എത്തിച്ചേര്‍ന്ന സത്യത്തിനെ അവര്‍ ആവിഷ്‌കരിച്ചു. ഒരു സനാതന സത്യം എന്ന രീതിയില്‍. ഏത് കോടതി വെറുതെ വിട്ടാലും, എത്ര തെരഞ്ഞെടുപ്പ് വിജയിച്ചാലും, പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട ഒരു രാഷ്ട്രീയം എല്ലാ കാലത്തും പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതാണെന്ന് അവര്‍ സ്ഥൈര്യത്തോടെ വിളിച്ചു പറഞ്ഞു, ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സംവിധാനങ്ങളെ അല്‍പം പോലും വെല്ലുവിളിക്കാതെ തന്നെ. 

സൗമ്യയുടെ മരണകാരണം ഗോവിന്ദച്ചാമി തന്നെയോയെന്ന കോടതിയുടെ ശങ്ക അംഗീകരിക്കാതെ, അവന് തൂക്കുകയര്‍ നല്‍കണമെന്ന് വിശ്വസിക്കുന്ന സൗമ്യയുടെ അമ്മയുടെ സത്യത്തിനെക്കുറിച്ചുള്ള ആന്തരിക ബോധ്യം കണക്കെ, അവര്‍ അവരുടെ ആന്തരിക ബോധ്യത്തിനെ മുറുകെപ്പുണര്‍ന്നു. കൂടെ ഒരു ആള്‍ക്കൂട്ടം ഉണ്ടോ എന്നുള്ളത് അവരുടെ വിഷയമേ ആയിരുന്നില്ല. അലറുന്ന ആള്‍ക്കൂട്ടത്തില്‍ ഒരു ന്യൂനപക്ഷത്തിന്റെപ്രതിനിധി ആയിരുന്നു താനെന്നുള്ളത് അവരെ അല്പം പോലും ചകിതയാക്കിയില്ല.  ഈ ഉള്ളുറപ്പിനോടുള്ള കടുത്ത അസൂയയാണ് ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നതിലൂടെ അവര്‍ പുറത്തു കാണിച്ചത്. ഗൗരി ലങ്കേഷ് ജീവിതത്തില്‍ പുലര്‍ത്തിയ സത്യസന്ധതയും സ്ഥൈര്യവും ധീരതയും, കോടതി ശിക്ഷ വിധിക്കുമ്പോഴേക്കും അലറി കരയുന്ന ആസാമിമാരെ മാത്രം കണ്ടു ശീലിച്ചവര്‍ക്ക്, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത് തടി കഴിച്ചിലാക്കിയവനെ വീരനാക്കി ആരാധിക്കുന്നവര്‍ക്ക് ശീലമില്ലാത്തതാണ്.

അണികള്‍ക്ക് ചിന്താശേഷി ഇല്ലെന്ന ഉറപ്പാണോ ഇവരുടെ ആത്മവിശ്വാസത്തിന് കാരണം?   

കടപ്പാട്: കാള്‍ മാര്‍ക്‌സ് 

സത്യത്തിനെ ഭൂരിപക്ഷാഭിപ്രായമായി ചുരുക്കുന്ന ഈ വിചാരധാര, സനാതന സത്യവുമായി ബന്ധപ്പെട്ട ഇവരുടെ പാരമ്പര്യത്തില്‍ നിന്നും മാറി സഞ്ചരിക്കുക മാത്രമല്ല, അറിഞ്ഞോ അറിയാതെയോ ഇവരുടെ പാരമ്പര്യവുമായി പുലബന്ധം ഇല്ലാത്ത ഒരു വൈദേശിക ചിന്താപദ്ധതിയുടെ ആശയധാരകളെ പിന്‍പറ്റുകയും ചെയ്യുന്നുണ്ട്. മാര്‍ക്‌സിസം എന്നാണ് ആ ചിന്താപദ്ധതിയുടെ പേര്. കാരണം, ഹെഗേലിയന്‍ കേവലാശയവാദത്തില്‍ നിന്നും മുക്തമായ മാര്‍ക്‌സിസം ആണ് എല്ലാത്തിനുമുപരിയായി   സ്ഥലകാല ചലനാത്മകതയില്‍ ചിന്തകളെ സ്ഥാപിച്ചത്. അതായത്, ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രം ആണെന്നും, ആശയങ്ങള്‍ കേവലമായ സനാതന മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നും അസന്ദിഗ്ധമായി പറഞ്ഞത് ഇവരുടെ വര്‍ഗ്ഗശത്രുവായ കാള്‍ മാര്‍ക്‌സ് ആണ്. 

കമ്മ്യൂണിസ്‌റ് മാനിഫെസ്‌റ്റോയിലെ ഒരു പ്രശസ്ത വാചകം ഇങ്ങിനെയാണ്: 'ഓരോ കാലഘട്ടത്തിലെയും അധീശ ആശയങ്ങള്‍ എല്ലായ്‌പോഴും അതാതു കാലത്തെ ഭരണവര്‍ഗത്തിന്റെ ആശയങ്ങള്‍ ആയിരുന്നു' (The ruling ideas of each age have ever been the ideas of its ruling class). നേതൃത്വത്തിന് വേണ്ടി നാവാട്ടുന്ന അണികള്‍ക്കറിയുമോ തങ്ങളുടെ നേതൃത്വം മാര്‍ക്‌സ് വികസിപ്പിച്ചെടുത്ത ഒരു ആശയത്തിന്റെ യുക്തിയെ അബോധപൂര്‍വം സാംശീകരിച്ച് സ്വദേശി ബ്രാന്‍ഡ് കച്ചവടം ആണ് നടത്തുന്നതെന്ന്?  ഇവരുടെ മൊഴിമുത്തുകള്‍ക്ക് മാര്‍ക്‌സിയന്‍ ചിന്തയുടെ തത്വചിന്താപരമായ ഗഹനത ഇല്ലന്നെത് പോകട്ടെ. ആ ചിന്തയുടെ യുക്തിയുടെ ഒഴുക്കിനനുസരിച്ചേ   ഞങ്ങള്‍ മുന്നോട്ട് പോകുകയുള്ളൂ, അത് മാത്രമേ ചെയ്യുകയുള്ളൂ, എന്ന് എന്തിനാണിത്ര ഇവര്‍ വാശിപിടിക്കുന്നത്? അണികള്‍ക്ക് ചിന്താശേഷി ഇല്ലെന്ന ഉറപ്പാണോ ഇവരുടെ ആത്മവിശ്വാസത്തിന് കാരണം?   

ഇവരുടെ വാദഗതിയുടെ യുക്തി വച്ച് നോക്കുകയാണെകില്‍, 68% വോട്ടര്‍മാരും ഇന്നത്തെ പ്രധാനമന്ത്രിയുടെ ഇലക്ഷന്‍ വാഗ്ദാനങ്ങളല്ല വിശ്വസിച്ചത്

കണക്കറിയുന്നവര്‍ ഇങ്ങനെ പറയില്ല

ഇവരുടെ ബുദ്ധിജീവികള്‍/സാധാരണ മനുഷ്യര്‍ എന്ന ദ്വന്ദം തീര്‍ക്കുന്ന മണ്ടത്തരത്തിന്റെ ഭൂമിക ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. സ്വന്തം തത്വശാസ്ത്രത്തില്‍ മാത്രമല്ല ഇവര്‍ അറിവില്ലാതിരിക്കുന്നത്. അടിസ്ഥാന ഗണിതത്തിലും രാഷ്ട്രമീമാംസയിലും ഇവര്‍ അജ്ഞരാണെന്നാണ് ഇവരുടെ വാദഗതി നമ്മെ അനുമാനിക്കാന്‍ പ്രേരിപ്പിക്കുന്നത്. അത് കൊണ്ടാണ് പോള്‍ ചെയ്തതിന്റെ 32% വോട്ട് ലഭിച്ചു എന്ന് പറയുന്ന ഒരു പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഭൂരിപക്ഷത്തിന്റെ അംഗീകാരം കിട്ടിയ ഒരു കാഴ്ചപ്പാടായിട്ട് ഇവര്‍ക്ക് അനുഭവപ്പെടുന്നത്. അടിസ്ഥാന ഗണിതശാസ്ത്രം പഠിച്ചിട്ടുള്ള ഒരു കുട്ടിക്ക് പോലും അറിയാം, 100ല്‍ 32% കഴിച്ച് ബാക്കിയുള്ള 68% എന്നത് 32ന്റെ ഇരട്ടിയില്‍ കൂടുതലാണെന്ന്. അതായത്, ഇവരുടെ വാദഗതിയുടെ യുക്തി വച്ച് നോക്കുകയാണെകില്‍, 68% വോട്ടര്‍മാരും ഇന്നത്തെ പ്രധാനമന്ത്രിയുടെ ഇലക്ഷന്‍ വാഗ്ദാനങ്ങളല്ല വിശ്വസിച്ചത്, മറിച്ച് ഇവര്‍ അപ്രസക്തരെന്ന് വിളിക്കുന്ന ബുദ്ധിജീവികളുടെ വാക്കുകളാണ്. 

കണക്ക് എല്ലാവര്‍ക്കും അറിയണമെന്നില്ല. പക്ഷെ രാഷ്ട്രീയക്കാര്‍ക്ക് രാഷ്ട്രമീമാംസയുടെ ബാലപാഠങ്ങള്‍ എങ്കിലും അറിഞ്ഞിരിക്കേണ്ടേ? ചുരുങ്ങിയ പക്ഷം പാര്‍ലമെന്ററി ഇലക്ഷനും അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസമെങ്കിലും ഇവര്‍ക്ക് അറിയേണ്ടേ? എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത' ഒരു പ്രധാനമന്ത്രിയായി ഇവര്‍ അവതരിപ്പിക്കുന്നത്? അദ്ദേഹത്തിനെ പാര്‍ലമെന്റിലേക്കുള്ള  ഒരു എം പി യായി അല്ലേ ഇലക്ഷനില്‍ വാരണാസിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്തത്? അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ലേ അദ്ദേഹത്തിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്? വാരണാസി മാത്രമാണോ ഇന്ത്യ? അദ്ദേഹത്തിന്റെ പാര്‍ട്ടിയാണോ ഇന്ത്യ? 

ഇവരുടെ വാദഗതി കേട്ടാല്‍ തോന്നും കഴിഞ്ഞ പാര്‍ലമെന്ററ് ഇലക്ഷനില്‍ ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ക്യൂ നിന്നത് മോദിയെ കപട മതേതര ചിന്തകരില്‍ നിന്ന് രക്ഷിക്കാനാണെന്ന്. അപ്രകാരം രാജ്യത്തിന്റെ ഏറ്റവും ഉന്നതനായ ഭരണാധികാരിയെ ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്നത് ഇന്ത്യയിലല്ല, മറിച്ച് അമേരിക്ക പോലെ പ്രസിഡന്‍ഷ്യല്‍ സിസ്റ്റം പിന്തുടരുന്ന രാജ്യങ്ങളില്‍ ആണെന്നുള്ള വസ്തുത ഇവര്‍ക്ക് അറിയില്ലയെങ്കിലും, വോട്ട് ചെയ്ത ഭൂരിഭാഗം ജനത്തിനും അറിയാമായിരുന്നു, അവര്‍ വോട്ട് ചെയ്തത് അവരുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായിരുന്നു എന്ന്. അപ്രകാരം വിജയിച്ച ബി ജെ പി എം പി മാര്‍ എല്ലാവരും അവര്‍ക്ക് ലഭിച്ച വോട്ടുകള്‍ കൊണ്ടല്ല, മറിച്ച് നരേന്ദ്ര മോദിക്ക് ലഭിച്ച വോട്ടുകള്‍ കൊണ്ടാണ് വിജയിച്ചത് എന്നാണ് പറഞ്ഞുവെക്കുന്നത്? 

മുപ്പത്തിരണ്ട് ശതമാനം വോട്ട് നേടി ജയിച്ചവര്‍ ഭൂരിപക്ഷമാകുന്ന ആ ഇന്ദ്രജാലം ജനാധിപത്യത്തിന്റേതല്ല

പ്രഭുത്വത്തിന്റെ പാര്‍ലമെന്ററി താല്‍പ്പര്യങ്ങള്‍

വസ്തുതകളെ ഈ രീതിയില്‍ കാണുമ്പോള്‍ മാത്രമേ ആധുനിക പാര്‍ലമെന്ററി സംവിധാനം ജനാധിപത്യത്തില്‍ നിന്നും എത്രയോ അകലെ നില്‍ക്കുന്ന ഒരു വ്യവസ്ഥിതിയായി നമുക്ക് മനസ്സിലാക്കുവാന്‍ കഴിയൂ. മുപ്പത്തിരണ്ട് ശതമാനം വോട്ട് നേടി ജയിച്ചവര്‍ ഭൂരിപക്ഷമാകുന്ന ആ ഇന്ദ്രജാലം ജനാധിപത്യത്തിന്റേതല്ല, മറിച്ച് പാര്‍ലമെന്ററി വ്യവസ്ഥിതിയുടേതാണ്, തെരെഞ്ഞെടുപ്പിന്‍േറതാണ്. ആധുനിക ജനാധിപത്യ രാഷ്ട്ര സങ്കല്‍പം രൂപം കൊണ്ടപ്പോള്‍ പുറകിലേക്കുപോയ പ്രഭുത്വം, തങ്ങളുടെ താല്പര്യം നിലനിര്‍ത്തുവാനായി ഘടനാപരമായി സൃഷ്ടിച്ച പാര്‍ലമെന്റ്, തെരഞ്ഞെടുപ്പ് എന്നീ ഇന്ദ്രജാലങ്ങള്‍ കൊണ്ടാണ് അവര്‍ അവരുടെ താല്പര്യം സംരക്ഷിച്ചത്. പ്രഭുത്വത്തിന്റേതായ താല്‍പര്യങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പുകളിലൂടെ ഇന്നും സംരക്ഷിക്കപ്പെടുന്നതെങ്കിലും, നമ്മള്‍ ഇന്ന് അതിനെ വിലയിരുത്തുന്നത് ജനങ്ങളുടെ താല്‍പര്യമായാണ്. 

അതുകൊണ്ട് തന്നെ നമുക്ക് നിസ്സംശയം പറയാം, ലോകത്തിലെ ആദ്യകാല ജനാധിപത്യ സംവിധാനങ്ങള്‍ നിലനിന്നിരുന്ന ഗ്രീക്ക് സിറ്റി സ്‌റ്റേറ്റുകളെ അടുത്തറിഞ്ഞ പ്രശസ്ത ചിന്തകന്‍ അരിസ്‌റ്റോട്ടില്‍ ഇന്ന് ജീവിച്ചിരിക്കുകയാണെങ്കില്‍, നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ കണ്ട് അത്ഭുതം കൂറുമെന്ന്! കാരണം ജനാധിപത്യത്തിന്റെ മര്‍മ്മ പ്രധാനമായ സംഗതിയായി അദ്ദേഹം കണ്ടത് തെരഞ്ഞെടുപ്പിനെ ആയിരുന്നില്ല, മറിച്ച് തിരഞ്ഞെടുപ്പിനെ (sortition) ആയിരുന്നു. അദ്ദേഹത്തിന്റെ വാചകം ഉദ്ധരിക്കുകയാണെങ്കില്‍, '...നറുക്കെടുപ്പിലൂടെ മജിസ്‌ട്രേറ്റുമാരെ നിയമിക്കുന്നതാണ് ജനാധിപത്യപരമായിട്ടുള്ളത്, അവരെ തെരഞ്ഞെടുക്കുന്നത് പ്രഭുവാഴ്ചയാണ' (... the appointment of magistrates by lot is democratical, and the election of them oligarchical). 

ഈ കാഴ്ചപ്പാട് രൂപപ്പെടുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്കില്ലാത്ത ഒരു ഉള്‍ക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നതിനാലാണ്: 'ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ അടിസ്ഥാനം സ്വാതന്ത്ര്യം ആണ്...സ്വാതന്ത്ര്യത്തിന്റെ ഒരു തത്വം എന്നത് ഒരാള്‍ എല്ലാവരെയും ഭരിക്കുകയും തിരിച്ച് എല്ലാവരാലും ഭരിക്കപ്പെടുകയും ചെയ്യുക എന്നതാണ്' (The basis of democratic state is liberty...One principle of liberty is for all to rule and be ruled in turn).  ഫ്രഞ്ച് വിപ്ലവത്തിനെ തുടര്‍ന്ന് രൂപീകൃതമായ ആധുനിക മനുഷ്യാവകാശ സങ്കല്‍പ്പങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ സ്വാതന്ത്ര്യസങ്കല്പം. ഞാന്‍ അപരനോട് ചെയ്യുന്നത്, അപരന് എന്നോട് ചെയ്യാന്‍ പറ്റും എന്നുള്ള ബോധ്യമാണ് സ്വാതന്ത്ര്യം. പശുവിന്റെ പേരില്‍ ഇന്നൊരാളെ ഞാന്‍ കൊന്നാല്‍, എരുമയുടെ പേരില്‍ നാളെ മറ്റൊരാള്‍ക്ക് എന്നെ കൊല്ലാന്‍ കഴിയുമെന്ന ബോധ്യത്തില്‍ ജീവിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ മര്‍മ്മപ്രധാനമായ തത്വം. ഇന്ന് ഞാന്‍ ഒരാള്‍ക്കെതിരെ അധികാര ദുര്‍വിനിയോഗം നടത്തിയാല്‍, അയാള്‍ അപ്രകാരമുള്ള അധികാരദുര്‍വിനിയോഗം നാളെ എന്റെ നേരെ പ്രയോഗിക്കുവാന്‍ സാധ്യതയുണ്ടെന്ന ബോധ്യത്താല്‍ സംഘടിപ്പിക്കപ്പെട്ട ഒരു വ്യവസ്ഥിതിയാണ്, ഈ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍, ജനാധിപത്യം.

അപരനോടുള്ള ഭയത്തില്‍ നിന്നാണ് ജനാധിപത്യം എന്ന ഉടമ്പടി ആവശ്യമായി വരുന്നത്

തെരഞ്ഞെടുപ്പും നറുക്കെടുപ്പും 

മോശ മുതലുള്ള പ്രവാചകര്‍  വെളിപ്പെടുത്തിയ നിയമങ്ങളുടെ അന്തസത്തയായ അപരത്വത്തെക്കുറിച്ചുള്ള ക്രിസ്തീയ സുവര്‍ണ നിയമത്തില്‍ (മറ്റുള്ളവര്‍ നിന്നോട് എന്ത് ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നുവോ, അത് നീ മറ്റുള്ളവരോട് ചെയ്യുക 'Do unto others as you would have them do unto you') നിന്നും, അവനവന്റെ ആത്മസുഖത്തിന് ആചരിക്കുന്നത് അപരന് സുഖമായി വരണമെന്ന ശ്രീനാരായണഗുരുവിന്റെ അദ്വൈത ദര്‍ശനത്തില്‍ നിന്നും വ്യത്യസ്തമായ അപരത്വത്തെക്കുറിച്ചുള്ള ഒരു സൈദ്ധാന്തിക ഭൂമികയിലാണ് അരിസ്‌റ്റോട്ടിലിന്റെ ചിന്ത നിലകൊള്ളുന്നത്. അവനവനോട് തന്നെയുള്ള ഒരു ധാര്‍മിക ഉത്തരവാദിത്തം എന്ന നിലയിലാണ് ജൂതക്രിസ്തീയ ചിന്തയിലും ശ്രീ നാരായണനിലും അപരത്വ ചിന്ത നിലകൊള്ളുന്നതെങ്കില്‍, ഗ്രീക്ക് ചിന്തയില്‍ അപരനുമായി ബന്ധപ്പെടേണ്ട സ്വരൂപ ആവശ്യകോപാധി (formal requirement) എന്ന നിലയില്‍ വരുന്നത് അവനവനോടുള്ള ഉത്തരവാദിത്തമല്ല, മറിച്ച് അപരനോടുള്ള ഭയമാണ്. ആദ്യത്തേത് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മതയുക്തിയാണ് വെളിപ്പെടുത്തുന്നതെങ്കില്‍, അരിസ്‌റ്റോട്ടില്‍ സംസാരിക്കുന്നത് ജനാധിപത്യത്തിന്റെ യുക്തിയാണ്. 

അപരനോടുള്ള സ്‌നേഹത്തില്‍ നിന്നല്ല ജനാധിപത്യം എന്ന ഉടമ്പടി (cotnract) ആവശ്യമായി വരുന്നത്, മറിച്ച് അപരനോടുള്ള അവിശ്വാസത്തില്‍ നിന്നാണ്; അപരനോടുള്ള ഭയത്തില്‍ നിന്നാണ് ജനാധിപത്യം എന്ന ഉടമ്പടി ആവശ്യമായി വരുന്നത്. അപരഭയത്തിലൂന്നിയ ഉടമ്പടി പൊളിയുന്നിടത്ത് ജനാധിപത്യവും അടിസ്ഥാനപരമായി പ്രവര്‍ത്തിക്കാതാവും. സെബാസ്റ്റിയന്‍  പോള്‍ ഒരു പുത്തന്‍കൂട്ട് മതപ്രഭാഷകന്‍ കണക്കെ ദിലീപ് എന്ന ഒറ്റ കുറ്റാരോപിതന്റെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രതിരോധം ചമച്ചപ്പോള്‍ അദ്ദേഹം മറന്നത് ജനാധിപത്യം എന്നത് അപരഭയത്തില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരു ഉടമ്പടി മാത്രമാണ് എന്ന ഗ്രീക്ക് രാഷ്ട്രീയത്തിന്റെ അബോധയുക്തിയാണ്. 

'ചായ' ഉണ്ടാക്കാന്‍ ചായപ്പൊടി ഇട്ടാല്‍ മതി. പക്ഷെ 'നിറമുള്ള ചായ' ഉണ്ടാക്കാന്‍ അതില്‍ പെയിന്റ് ഒഴിക്കരുത്. ആഗ്രഹിച്ച നിറം കിട്ടും; പക്ഷെ ചായ കിട്ടില്ല!

സമഗ്രത എന്ന സങ്കല്‍പ്പം 

അപരത്വത്തിലേക്കുള്ള അനന്തമായ തുറവിനെക്കുറിച്ച് സെബാസ്റ്റിയന്‍ പോളിനേക്കാള്‍ തീവ്രതയോടെ എഴുതിയിട്ടുള്ള, ഒരു പക്ഷെ അപരത്വത്തിന്റെ ഏറ്റവും തീവ്രനായ കവി എന്ന് വിശേഷിപ്പിക്കാവുന്ന, ഫ്രഞ്ച് ഫിലോസഫര്‍ ആയ ഇമ്മാനുവല്‍ ലെവിനാസ് (Emmanuel Levinas) പോലും ഗ്രീക്ക് ജനാധിപത്യ ചിന്തയുടെ ലളിതമെന്നു തോന്നിക്കുന്ന ഈ യുക്തിയില്‍ അടിപതറുന്നതായിട്ട് തോന്നിയിട്ടുണ്ട്. ഗ്രീക്ക് റാഷണല്‍ ചിന്തക്കെതിരെ, പ്രത്യേകിച്ചും സോക്രട്ടീസ് പ്രചാരത്തില്‍ വരുത്തിയ സൂതികര്‍മ്മ പഠനരീതിക്കെതിരെ (Maieutics) തന്റെ വിഖ്യാതകൃതിയായ Totaltiy and Infintiy യില്‍ പ്രതിരോധം ചമയ്ക്കുമ്പോള്‍, ജനാധിപത്യം എന്ന ഹിംസയേക്കാള്‍ വലിയ ഹിംസകളെ ന്യായീകരിക്കുന്ന സൈദ്ധാന്തിക പരിപ്രേക്ഷ്യത്തില്‍ അദ്ദേഹം എത്തിപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ഈ വൈരുദ്ധ്യത്തെ ഏറ്റവും നന്നായി അഭിമുഖീകരിച്ചത് അരിസ്‌റ്റോട്ടിലിനു ശേഷം ഏറ്റവും മൗലികമായി  ഗ്രീക്ക് ദുരന്തനാടകത്തെക്കുറിച്ചും ലെവിനാസിന് മുന്‍പ് ഏറ്റവും ഉള്‍ക്കാഴ്ചയോടെ സമഗ്രതയെക്കുറിച്ചും  (totaltiy) പഠിച്ച ഹെയ്ഗല്‍ (GWF Hegel) ആണെന്നത് ഒരു യാദൃശ്ചികത ആകാന്‍ സാധ്യതയില്ല. 

ഗ്രീക്ക് ദുരന്തനാടകങ്ങളെക്കുറിച്ചുള്ള ഹെയ്ഗലിന്റെ ഏറ്റവും മൗലികമായ കണ്ടെത്തല്‍ സമഗ്രത എന്നത് ഭാഗിക കാഴ്ചകളിലൂടെ മാത്രം ലഭ്യമാകുന്ന കൂട്ടി യോജിക്കാനാവാത്ത യാഥാര്‍ഥ്യത്തിന്റെ പിളര്‍പ്പാണെന്നും, പരസ്പരം കലഹിക്കുന്ന കാഴ്ചപ്പാടുകള്‍ കൂട്ടി യോജിപ്പിച്ചാല്‍ സമഗ്രതയുടെ പിളര്‍പ്പില്ലാത്ത ഒരു കാഴ്ചപ്പാട് ലഭിക്കില്ല എന്നുമാണ്. അതായത്, യാഥാര്‍ഥ്യവും പിളര്‍ന്നതാണ്, അതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളും പിളര്‍ന്നതാണ്. അതാണ് ദുരന്തനാടകങ്ങള്‍ മുന്നോട്ട് വെക്കുന്ന അടിസ്ഥാന പ്രശ്‌നവും. വേദനാനുഭവം അല്ല വേദനാനുഭവം സൃഷ്ടിക്കുന്ന ഒഴിവാക്കാനാവാത്ത ഭാഗിക കാഴ്ചകള്‍ ആണ് ഹെയ്ഗലിന്റെ പരിഗണനക്ക് വിധേയമാകുന്നത്.  ഹെയ്ഗല്‍ സെബാസ്റ്റിയന്‍ പോളിനോട് ആവശ്യപ്പെടുന്നത് ഇതാണ്: ഒന്നുകില്‍ ആത്മസ്‌നേഹത്തില്‍ അടിസ്ഥാനപ്പെടുത്തിയ മതയുക്തിയില്‍ മുന്നോട്ട്, അല്ലെങ്കില്‍ അപരശങ്കയില്‍ അടിസ്ഥാനപ്പെടുത്തിയ ജനാധിപത്യ ബോധ്യത്തില്‍ മുന്നോട്ട്. രണ്ടും കൂടി കൂട്ടിയാല്‍ സമഗ്രത കിട്ടില്ല. 'ചായ' ഉണ്ടാക്കാന്‍ ചായപ്പൊടി ഇട്ടാല്‍ മതി. പക്ഷെ 'നിറമുള്ള ചായ' ഉണ്ടാക്കാന്‍ അതില്‍ പെയിന്റ് ഒഴിക്കരുത്. ആഗ്രഹിച്ച നിറം കിട്ടും; പക്ഷെ ചായ കിട്ടില്ല!

ഈ മാമാങ്കത്തെയാണ് ജനാധിപത്യം എന്നൊക്കെ നാം വിളിക്കുന്നത്.

ചായക്കടക്കാരന് പ്രധാനമന്ത്രിയാവാമോ? 

നറുക്കെടുപ്പാണ് ജനാധിപത്യത്തിന്റെ മര്‍മ്മം എന്ന് അരിസ്‌റ്റോട്ടിലിനും അദ്ദേഹത്തിന്റെ സമകാലീനര്‍ക്കും വളരെ സ്വാഭാവികമായി അനുഭവപ്പെട്ട ജനാധിപത്യ അനുഭവം ആണ് നമ്മുടെ പാര്‍ലമെന്ററി സംവിധാനവും തെരഞ്ഞെടുപ്പുകളും കാറ്റില്‍ പറത്തിയത്. എരുമയുടെ പേരില്‍ ആരും നാളെ തന്നെ തല്ലിക്കൊല്ലില്ല എന്നുള്ള സുചിന്തിത ബോധ്യത്തോടെ, അഹങ്കാരത്തോടെ പശുവിന്റെ പേരില്‍ ഏകപക്ഷീയമായി എന്നും തല്ലിക്കൊല്ലാം എന്ന് ചിന്തിക്കുന്നവരുടെ കൊലവിളിയാണ് ഇന്ന് ജനാധിപത്യം; ഇവര്‍ക്കുള്ള ഓമന പേരാണ് 'ജനാധിപത്യവാദികള്‍'.  

എങ്ങനെയാണ് നറുക്കെടുപ്പിലൂന്നിയ ഒരു ജനാധിപത്യവും തെരഞ്ഞെടുപ്പിലൂന്നിയ ജനാധിപത്യമെന്ന് വിളിക്കപ്പെടുന്ന പാര്‍ലമെന്ററി സംവിധാനവും വ്യത്യസ്തമാകുന്നത്? നറുക്കെടുപ്പ് ജനാധിപത്യത്തില്‍ പ്രധാനമന്ത്രിയാവാനുള്ള എല്ലാവരുടെയും സാധ്യത 'തുല്യമാണ്'. ഒരു ചായക്കടക്കാരന് ചായക്കടക്കാരന്‍ ആയി നിന്നുകൊണ്ട് തന്നെ പ്രധാനമന്ത്രിയാകാം. ഫോട്ടോഷോപ്പിന്റെയും ആത്മകഥയുടെയും ആവശ്യമില്ല. മറിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തില്‍, ഒരു ചായക്കടക്കാരന്‍ ചായക്കടക്കാരന്‍ ആയി നിന്നുകൊണ്ട് പ്രധാനമന്ത്രി ആകാനുള്ള സാധ്യത ഏതാണ്ട് ഇല്ല എന്ന് തന്നെ പറയാം. അവിടെ പ്രധാനമന്ത്രിയാകണമെങ്കില്‍ അവന്‍ നേതാവാകേണ്ടി വരും, നെഞ്ചിന്‍കൂടിന്റെ വലിപ്പ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും, കോര്‍പറേറ്റ് അണ്ണന്മാരുമായി വലിയ സൗഹൃദം സ്ഥാപിക്കേണ്ടി വരും, എന്തിനും തയ്യാറായ അണികള്‍ എന്ന ചാവേറുകളെ സൃഷ്ടിക്കേണ്ടി വരും, മാധ്യമങ്ങളെ ഉപയോഗിച്ച് ഫോട്ടോഷോപ്പ് ഇമേജുകള്‍ ആയും വായ്ത്താരിയായും ആയ സ്വന്തം അപദാനം ഉറപ്പാക്കേണ്ടി വരും, പറ്റുമെങ്കില്‍ ആളുകളെ പരസ്പരം പോരിനിറക്കേണ്ടി വരും, ഇപ്പറഞ്ഞതിനൊക്കെ വലിയ തോതില്‍ പണം ആവശ്യമുള്ളതിനാല്‍ ഏതു വിധേനയും പണമുണ്ടാക്കേണ്ടി വരും. ഒരു ചായക്കടക്കാരന് ഇതൊക്കെ ഇന്നത്തെ കാലത്ത് എങ്ങനെ സാധിക്കാന്‍! 

ശരിയാണ്, സാങ്കേതികമായി പറയുകയാണെങ്കില്‍, കെട്ടി വെക്കാന്‍ പണമുള്ള എല്ലാവര്‍ക്കും ഇക്കാലത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും വിജയിക്കുവാനും ഉള്ള സാധ്യതയുണ്ട്. പക്ഷെ അത് വെറും സാങ്കേതികമായ സാധ്യതയാണ്. തെരഞ്ഞെടുപ്പ് എന്ന ചട്ടക്കൂട് നല്‍കുന്ന സാധ്യത (formal possibiltiy). പക്ഷെ ഏട്ടിലെ പശു പുല്ല് തിന്നില്ല എന്നാണല്ലോ പശു സംസ്‌കൃതി നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഇതൊരിക്കലും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കില്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത്തരം തെരഞ്ഞെടുപ്പില്‍ ചിലര്‍ പണവും വിജയവും ഉറപ്പാക്കിയിട്ട് മത്സരിക്കാനിറങ്ങുമ്പോള്‍, പണവും പിന്താങ്ങാന്‍ ആളും ഇല്ലാത്ത നിങ്ങളും ഞാനും അടക്കമുള്ള ഭൂരിപക്ഷം പേരും തോല്‍ക്കുമെന്ന് ഉറപ്പാക്കികൊണ്ടായിരിക്കും മത്സരിക്കുവാന്‍ ഇറങ്ങുക. എല്ലാവരും തുല്യരാണെന്നുള്ള ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണം തന്നെ കാറ്റില്‍ പറത്തുന്നതാണ് ഇലക്ഷന്‍ എന്ന മാമാങ്കം. 

ഈ മാമാങ്കത്തെയാണ് ജനാധിപത്യം എന്നൊക്കെ നാം വിളിക്കുന്നത്. ഈ ഇലക്ഷനാണ് 68 ശതമാനത്തിലും മീതെയാണ് 32 ശതമാനമെന്ന കൊച്ചുകുട്ടികള്‍ പോലും കളിയാക്കുന്ന കണക്കിലെ ജാലവിദ്യ നമ്മുടെ മുന്നില്‍ വിരിയിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി, നറുക്കെടുപ്പിലൂടെ പ്രധാനമന്ത്രിയാകുന്ന സാധ്യത സാങ്കേതികമായും യാഥാര്‍ത്ഥമായും എല്ലാവര്‍ക്കും ഒരേ പോലെ ലഭിക്കുന്നതാണ്. 

ലളിതമായി പറയുകയാണെങ്കില്‍, ഈ രണ്ടു വ്യവസ്ഥിതിയുടെയും വ്യത്യാസം ഒരു ചോദ്യത്തിലൊതുക്കാം: നിങ്ങള്‍ എന്നും ഭരിക്കപ്പെടാനും, കക്ഷി രാഷ്ട്രീയത്തിലൂടെ മറ്റു ചിലര്‍ എന്നും നിങ്ങളെ മാറി മാറി ഭരിക്കുവാനും വേണ്ടി നിര്‍മിച്ച ഒരു വ്യവസ്ഥിതിയാണോ നിങ്ങള്‍ താല്‍പര്യപ്പെടുന്നത്, അതോ നിങ്ങളും മറ്റുള്ളവരെ ഭരിക്കുവാനുള്ള സാധ്യത എല്ലായ്‌പോഴും നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയാണോ നിങ്ങള്‍ താല്‍പര്യപ്പെടുന്നത്?  

യഥാര്‍ത്ഥത്തില്‍, നറുക്കെടുപ്പ് ജനാധിപത്യത്തിന് അതിശക്തരായ ഭരണാധികാരികളെ ആവശ്യമില്ല.

നറുക്കെടുപ്പ് ജനാധിപത്യം

നറുക്കെടുപ്പിനെ ആധാരമാക്കിയ ഒരു ജനാധിപത്യ സംവിധാനം, അതിന്റെതായ ചില സമസ്യകള്‍, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സ്വരൂപം പാര്‍ലമെന്ററി ജനാധിപത്യമാണെന്ന് വിശ്വസിക്കുന്ന നമ്മളില്‍ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട്. സ്വാഭാവികമായും ഇതുയര്‍ത്തുന്ന സംശയങ്ങളില്‍ ഒന്ന് നറുക്കെടുപ്പിലൂടെ അധികാരികളെ നിയമിക്കുമ്പോള്‍ മണ്ടന്മാര്‍ പ്രധാന അധികാര സ്ഥാനങ്ങളില്‍ വരാന്‍ സാധ്യതയില്ലേ എന്നതാകാം. അതിന്റെ ലളിതമായ മറുപടി: പ്രധാനമന്ത്രി ഒഴികെ ബാക്കിയുള്ള എം പി മാര്‍ എല്ലാം റബ്ബര്‍ സ്റ്റാമ്പുകള്‍ ആണെന്ന്, ഭരിക്കുന്ന പാര്‍ട്ടിയുടെ ന്യായീകരണത്തൊഴിലാളികള്‍ തന്നെ സമ്മതിച്ച നിലക്ക്,  ആര് ഭരിച്ചാലും നമ്മുടെ ഭരണകൂടത്തിന് സാങ്കേതികമായി വലിയ പ്രശ്‌നമൊന്നുമില്ല എന്നത് നമ്മുടെ കണ്മുന്നില്‍ തെളിയുന്ന യാഥാര്‍ഥ്യമാണ്. നോബല്‍ പ്രൈസ് കിട്ടിയ ആങ് സാന്‍ സൂചി ഭരിച്ചിട്ടും റോഹിന്‍ഗ്യകള്‍ക്ക് രക്ഷ ഇല്ല എന്നത് കഴിവൊന്നും വലിയ കാര്യമല്ല എന്നുള്ളതിന്റെ മറ്റൊരു പ്രത്യക്ഷ ഉദാഹരണമാണ്. 
 
യഥാര്‍ത്ഥത്തില്‍, നറുക്കെടുപ്പ് ജനാധിപത്യത്തിന് അതിശക്തരായ ഭരണാധികാരികളെ ആവശ്യമില്ല. കാരണം അത്തരം ജനാധിപത്യ സംവിധാനത്തില്‍, ഒരു ഭരണകൂടത്തിന്റെ കീഴിലുള്ള ഭൂരിഭാഗം ജനങ്ങളുടെയും ആശകളും അഭിലാഷങ്ങളും ഉള്‍ക്കൊണ്ട്, അത് നയത്തിന്റെ/നിയമത്തിന്റെ ഭാഗമായി വരുന്ന ഒരു വ്യവസ്ഥിതിയില്‍ മുകളില്‍ നിന്നും ശക്തമായ നിലപാടൊന്നും ഒരു ഭരണാധികാരിക്കും എടുക്കുവാനുണ്ടാകില്ല. താഴെ തട്ടില്‍ നിന്നും സ്വരൂപിച്ചു ക്രോഡീകരിച്ചു വരുന്ന നയങ്ങള്‍ക്ക് കീഴ് ഒപ്പ് വെക്കുന്ന ഒരു നിസ്സാര പണിയേ പ്രധാനമന്ത്രിക്ക് വരേ ഉള്ളൂ! അതിനാല്‍ ഇന്ന് നമുക്ക് ആവശ്യം ഭൂരിഭാഗം ജനങ്ങളുടെയും ആശയങ്ങളും അഭിലാഷങ്ങളും ക്രോഡീകരിക്കപ്പെടുന്ന ഒരു ഭരണനിര്‍വഹണചട്ടക്കൂടാണ്. ഇവിടെയാണ് നമ്മുടെ ഡിജിറ്റല്‍ സംവിധാനങ്ങളൊക്കെ ഒരുപാട് സാധ്യത നമുക്ക് നല്‍കുന്നത്. ഉദാഹരണത്തിന്, ഭരണഘടനയുടെ നിലനില്‍ക്കുന്ന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ പല ഉല്‍പ്പതിഷ്ണുപരമായ മാറ്റങ്ങളും ഇപ്രകാരം നമുക്ക് ഉറപ്പിക്കാം. ഒരാള്‍ക്ക് എത്ര അളവ് ഭൂമി സ്വന്തമായി കൈവശം വെക്കാം, എത്ര വലിപ്പമുള്ള വീട് വെക്കാം, ഒരാള്‍ മാക്‌സിമം കയ്യില്‍ കരുതാവുന്ന പണം എത്ര, ഏത് തരം വാഹന ഗതാഗത രീതിയാണ് നമുക്കനുയോജ്യം, ഏത് തരം നികുതി സമ്പ്രദായമാണ് നമുക്ക് അഭികാമ്യം, ഏത് തരം വിദ്യാഭ്യാസമാണ് നമുക്ക് അനുയോജ്യമായത്, പ്രകൃതി വിഭവങ്ങളെ എങ്ങിനെ ഏറ്റവും അനുയോജ്യമായ വിധത്തില്‍ നമുക്ക് ഉപയോഗിക്കാം, ഏത് തരാം സാങ്കേതിക വികസനം ആണ് നമുക്ക് ആവശ്യം, എങ്ങനെയായിരിക്കണം നമ്മുടെ ബൗദ്ധിക ഗവേഷണം മുന്നോട്ട് കൊണ്ടുപോകേണ്ടത്, എങ്ങനെയായിരിക്കണം നമ്മുടെ ആരോഗ്യ/ആതുര സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്, എങ്ങനെയായിരിക്കണം നമ്മുടെ വിവരസാങ്കേതികലോകം സംഘടിക്കപ്പെടേണ്ടത്,  ജനങ്ങളുടെ മാനസിക ഉല്ലാസം ഉറപ്പിക്കുവാന്‍ എന്ത് ചെയ്യാം, എന്നിങ്ങനെ അനേകം വിഷയങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു കൊണ്ട് നമുക്ക് തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയും. 

നമുക്ക് വേണ്ടത് ശക്തരായ ഭരണാധികാരികള്‍ അല്ല, മറിച്ച് ശക്തമായ ജനാധിപത്യ സംവിധാനങ്ങള്‍ ആണ്

നമുക്ക് വേണ്ടത് ശക്തരായ ഭരണാധികാരികള്‍ അല്ല

അജണ്ടയിലെ വിഷയങ്ങള്‍ ഭൂരിപക്ഷാഭിപ്രായത്തിനൊപ്പം തീരുമാനമാകുന്ന കുറ്റമറ്റ ഒരു ഭരണസംവിധാനം ഇവിടെ രൂപപ്പെട്ടു വന്നാല്‍ ഭരിക്കുന്നവന്‍ ആരായാലും നമുക്കെന്താ? അതായത്, നമുക്ക് വേണ്ടത് ശക്തരായ ഭരണാധികാരികള്‍ അല്ല, മറിച്ച് ശക്തമായ ജനാധിപത്യ സംവിധാനങ്ങള്‍ ആണ്. നോട്ട് നിരോധനം പോലെ ബുദ്ധിശൂന്യ നയങ്ങള്‍ എടുക്കുന്ന ശക്തനായ ഭരണാധികാരിയേയല്ല നമുക്കാവശ്യം, മറിച്ച് ഏത് മണ്ടന്‍ കേറി പ്രധാനമന്ത്രിയായാലും ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു ശക്തമായ വ്യവസ്ഥിതി ആണ് നമുക്കാവശ്യം. ശക്തമായ ജനാധിപത്യ സംവിധാനങ്ങളുടെ അഭാവമാണ് അവതാര പുരുഷന്‍മാരെ അന്വേഷിക്കുന്ന നമ്മുടെ ചിന്തകള്‍ക്ക് കാരണം. ശക്തമായ ജനാധിപത്യ സംവിധാനങ്ങളുടെ അഭാവം തന്നെയാണ് അമ്പത്തിയാറ് ഇഞ്ചിനു പകരം ഇരട്ട ചങ്ക് വന്നാലും കാര്യങ്ങള്‍ ജനാധിപത്യ വിരുദ്ധമായേ പോകൂ എന്ന് പലരും അനുമാനിക്കുന്നതിനും കാരണവും. നിങ്ങള്‍ ഒരു വസ്തുത ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. വളരെ ഗുണപരമായ സാമൂഹ്യജീവിതവും, ജീവിത സുരക്ഷയും, ഭൗതികസംവിധാനങ്ങളും നല്കുന്ന പല രാജ്യത്തെയും ഭരണാധികാരികളുടെ പേര് പോലും നമുക്ക് അറിയില്ല. മേല്‍പറഞ്ഞവയൊന്നും വലിയ കാര്യമായി നല്‍കാത്ത നമ്മുടെ രാജ്യത്തെ ഭരണാധികാരികളെ ലോക നേതാക്കള്‍ എന്ന് വിളിച്ച് സ്വയം കൃതാര്‍ത്ഥരാകാന്‍ മാത്രമേ നമ്മള്‍ പരിശീലിച്ചിട്ടുള്ളൂ!

ഇത്തരം ഒരു ഡെമോക്രസി തീര്‍ച്ചയായും ആവശ്യപ്പെടുന്ന ഒന്നാണ് വിദ്യാസമ്പന്നരായിരിക്കുക എന്നത്. 'സാധാരണ മനുഷ്യര്‍'/'ബുദ്ധിജീവികള്‍' എന്ന ബൈനറി ഇവിടെ നിലനില്‍ക്കുന്നില്ല. കാരണം എല്ലാവരും ഒരേ സമയം സാധാരണ മനുഷ്യരും അതെ സമയം തന്നെ പൊതുനയ രൂപീകരണത്തില്‍ പങ്ക് കൊള്ളാന്‍ കഴിയുന്ന ബുദ്ധിജീവികളും ആണ്. ഇത്തരം ജനാധിപത്യത്തില്‍ ജോണ്‍ ബ്രിട്ടാസ്, ഗീതാ ഗോപിനാഥ് തുടങ്ങിയ രാജ്യഭരണത്തിന്റെ തിരുശേഷിപ്പുകളായ 'ഉപദേശികള്‍' എന്ന ഘടനാപരമായി ജനാധിപത്യ വിരുദ്ധരാകുന്ന ടെക്‌നോക്രാറ്റുകള്‍ ആവശ്യമില്ല. കാരണം ജനങ്ങള്‍ക്ക് വേണ്ടി ചിന്തിച്ചവശരായി, ജനങ്ങള്‍ക്ക് വേണ്ട നന്മ രഹസ്യമായി ഭരണാധികാരിയുടെ കാതില്‍ ഓതിക്കൊടുക്കുകയല്ല അവര്‍ ഇവിടെ ചെയ്യുക; മറിച്ച് അവര്‍ സംവദിക്കുക വിദ്യാസമ്പന്നരായ, നയരൂപീകരണത്തില്‍ പങ്കെടുക്കുന്ന ജനങ്ങളോടാണ്. സി ആര്‍ നീലകണ്ഠനും കസ്തുരി രംഗനും മോന്‍സ് ജോസഫും ജനങ്ങളോട് സംവദിക്കട്ടെ. ജനങ്ങള്‍ തീരുമാനിക്കട്ടെ. നീലകണ്ഠനെപ്പോലെ ഒരു കൂട്ടം വിദഗ്ധര്‍ എല്ലാകാലത്തും ജനങ്ങളോട് മാത്രം സംസാരിക്കുകയും കസ്തുരിരംഗനെപ്പോലെ മറുകൂട്ടം വിദഗ്ദര്‍ എല്ലാകാലത്തും  ഭരണാധികാരികള്‍ക്ക് മാത്രം റിപ്പോര്‍ട്ട് എഴുതികൊടുക്കുകയും ചെയ്യുന്ന ഇന്നത്തെ ഈ അളിഞ്ഞ ജനാധിപത്യസംവിധാനം ബ്രിട്ടീഷ് കൊളോണിയലിസത്തിന്റേതാണ്. അത് മാറ്റി ഭാവനസമ്പന്നമായ ഒരു പുതിയ ജനാധിപത്യ രീതിക്ക് ആരംഭം കക്കുറിക്കുവാനുള്ള ശേഷി ഇവിടത്തെ കക്ഷി രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം. അവിടെ നിന്ന് മാത്രമേ ഫാഷിസത്തിനെതിരായുള്ള യഥാര്‍ത്ഥ ജനകീയ ബദലിനെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ കഴിയൂ. അല്ലാതെ വലത്തേകാലിലെ മന്ത് ഇടത്തെ കാലിലേക്ക് മാറ്റുമെന്നുള്ള മോഹന വാഗ്ദാനം ചുടലക്കാട്ടില്‍ നിന്നും മുഴങ്ങുന്ന നാറാണത്ത് ഭ്രാന്തന്‍ തമാശയായി മാത്രം അവശേഷിക്കാനേ തരമുള്ളൂ!

അങ്ങനെ ഞങ്ങള്‍ സ്വയം ദേശസ്‌നേഹികള്‍ ആകുന്നു. സ്വയം വിശുദ്ധരാകുന്നു.   

സൈന്യത്തോടുള്ള സ്‌നേഹം

ബുദ്ധിജീവികളോടുള്ള  ഇവരുടെ അസഹിഷ്ണുത മറ്റൊരു ഭൂമികയില്‍ നിന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇവരുടെ ബുദ്ധിജീവികളോടുള്ള അസഹിഷ്ണുതയോട് കൂട്ടി വായിക്കേണ്ടതാണ് ഇവര്‍ എല്ലാ വാദഗതിയോടൊപ്പം പുട്ടിന് പീര കണക്കെ വിളമ്പുന്ന സൈന്യത്തിനോടുള്ള ഇവരുടെ ലോകപ്രശസ്തമായ സ്‌നേഹം. എങ്ങനെയാണ് ഈ സ്‌നേഹത്തെ നാം മനസ്സിലാക്കുക? ഈ സ്‌നേഹത്തിന് രണ്ട് പ്രധാന കാരണങ്ങള്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലൂടെയാണ് ഇന്നത്തെ നമ്മുടെ ദേശരാഷ്ട്രം രൂപപ്പെട്ടത്. അത്തരം ബുദ്ധിമുട്ടേറിയ പണികളില്‍ വലിയ പങ്കൊന്നും തങ്ങള്‍ക്കില്ല എന്ന് നന്നായി അറിയുന്നവര്‍ ആണിവര്‍. കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ മാപ്പെഴുതികൊടുത്തും, പലപ്പോഴും സൂത്രത്തില്‍ ഒഴിഞ്ഞു മാറിയും നിന്ന പൂര്‍വികരുടെ പിന്‍ഗാമികള്‍ ആയ ഇവര്‍ ഇന്ന് ട്രംപ് ഭക്തരും ഇസ്രായേല്‍ ഭക്തരും ആയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. ആധിപത്യ ശക്തികളോട് കാണിക്കുന്ന ഈ ദാസ്യമനോഭാവം മറച്ചുപിടിക്കുവാന്‍, ശക്തരുടെ മൂട് താങ്ങിയേ നമുക്ക് മുന്നോട്ടു പോകുവാന്‍ പറ്റൂ എന്ന ഇവരുടെ പ്രായോഗിക യുക്തി മറച്ചുപിടിക്കാന്‍, ശക്തരുടെ മൂട് താങ്ങല്‍ ദേശസ്‌നേഹമല്ല അടിമത്തമാണെന്ന ഒരു ലളിത സത്യം മറച്ചുപിടിക്കാന്‍പറ്റിയ നല്ല ഒരു ഉപാധിയാണ് സൈന്യത്തിനോടുള്ള ഭക്തി. സൈന്യത്തിനോടുള്ള അവരുടെ സ്‌നേഹത്താല്‍ അവര്‍ പറയുന്നതിതാണ്. സൈന്യം അതിര്‍ത്തി കാക്കുന്നു. ശത്രുക്കളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന അവര്‍ ദേശസ്‌നേഹികള്‍ ആണ്. ഞങ്ങള്‍ സൈന്യത്തെ സ്‌നേഹിക്കുന്നു. സൈന്യത്തിന്റെ സമ്പൂര്‍ണവും ഏകശിലാത്മകവുമായ ദേശസ്‌നേഹ പാരമ്പര്യത്തെ അങ്ങനെ വലിയ ചിലവില്ലാതെ ഞങ്ങള്‍ സ്വന്തമാക്കുന്നു. അങ്ങനെ ഞങ്ങള്‍ സ്വയം ദേശസ്‌നേഹികള്‍ ആകുന്നു. സ്വയം വിശുദ്ധരാകുന്നു.   

സൈന്യത്തിനോടുള്ള സ്‌നേഹത്തിന്റെ രണ്ടാമത്തെ കാരണം തേടേണ്ടത് ഭാരതീയ ജാതി വ്യവസ്ഥയുടെ ആധാര യുക്തിയില്‍ ആണ്. ശാഖാപ്രവര്‍ത്തനത്തിലെ ഒരു മുഖ്യ ഘടകം ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ഈ ശുഷ്‌കാന്തിയും, പുസ്തകം വായിക്കുന്നവരോടുള്ള ഇവരുടെ അസഹിഷ്ണുതയും കൂട്ടിവായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും: ഇവര്‍ക്ക് ആവശ്യം പുസ്തകം വായിക്കാത്ത തടിമിടുക്കുള്ള ചുള്ളന്മാരെയാണ്. ബ്രാഹ്മണിക്കല്‍ ലോകവും ഇതേ യുക്തിയില്‍ അധിഷ്ഠിതമാണെന്നുള്ളത് അത്രയൊന്നും യാദൃശ്ചികമല്ല. ബ്രാഹ്മണയുക്തിയില്‍ നിര്‍മിച്ച ലോകത്തിന്റെ സവിശേഷത ആയിരുന്നല്ലോ അക്ഷരം അറിയുന്ന ബ്രാഹ്മണനും അക്ഷരം നിഷേധിക്കപ്പെട്ട ശൂദ്രനും അതിനു താഴെ വരുന്ന ഈഴവ, പറയ, പുലയ ആദിവാസി ജനങ്ങളും എന്ന മഹത്തായ സമൂഹം. പറയന്റെയാ പുലയന്റെയോ ശരീരം പുഷ്ടിപ്പെടുന്നത് ബ്രാഹ്മണ്യത്തിന് അസഹിഷ്ണുത ഉണ്ടാക്കില്ല. കാരണം അതിലൂടെ നല്ല ഒരു പണിക്കാരനെ ലഭിക്കും. പക്ഷെ അവന്റെ തലച്ചോര്‍ പുഷ്ടിപ്പെട്ടാല്‍, അവന്‍ ബുദ്ധിജീവി ആയാല്‍ ബ്രാഹ്മണ്യം വിളറി കൊള്ളും. അവന്‍ അടിമപ്പണി ചെയ്യണോ എന്നാലോചിക്കും. ഇതുവരെ കാണാത്ത ലോകത്തെക്കുറിച്ച് അവന്‍ സ്വപനം കാണും.  അത് സമ്മതിച്ച് കൊടുക്കല്‍ അത്ര എളുപ്പം അല്ല. ഈ ബ്രാഹ്മണിക്കല്‍ ബോധമാണ് ബുദ്ധിജീവികളെ കാണുമ്പോള്‍ ഇവര്‍ക്ക് ഇത്രക്കും  അസഹിഷ്ണുത തോന്നാന്‍.

ബുദ്ധിജീവി ആകുന്നത്, സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് പോലെ, ഒരു അശ്ലീലപ്രവൃത്തിയല്ല.

സൈനികരും ചോദ്യങ്ങളും

നമുക്ക് ഒരുമിച്ച് മുന്നേറാം എന്നതല്ല, മറിച്ച് മറ്റവനെ ചളിയില്‍ ചവിട്ടി താഴ്ത്തി തന്റെ ശുദ്ധത ഉറപ്പിക്കലാണ് ബ്രാഹ്മണിസത്തിന്റെ യുക്തി. ചിത്പവന്‍ ബ്രാഹ്മണന്മാരുടെ താല്‍്പര്യത്തിന് സൃഷ്ടിക്കുന്ന ഫോട്ടോഷോപ്പും ഷെയര്‍ ചെയ്ത് കുറുവടി പരിശീലനത്തിന് പോകുന്ന എല്ലാ കീഴാളരും നടന്ന് കയറുന്നത് ഒരു പുതിയ ജനാധിപത്യ ലോകത്തേക്കാണോ അതോ ബ്രാഹ്മണ്യത്തിന്റെ ചെളിക്കുണ്ടിലേക്കാണോ എന്നത് അവര്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടത്തേണ്ടതാണ്. അതിന്റെ ഉത്തരം ഫോട്ടോഷോപ്പില്‍ റെഡി മെയ്ഡ് ആയി നല്‍കാന്‍ മറ്റാര്‍ക്കും കഴിയില്ല. പുസ്തകം കയ്യിലേന്തിയ അംബേദ്ക്കര്‍ അല്ല, വാള്‍ കയ്യിലേന്തിയ ശിവജിയും ആയുധങ്ങള്‍ കയ്യിലേന്തിയ ദൈവങ്ങളും ആണ് ഇവരെ വിജ്ജൃംഭിതരാക്കുന്നത് എന്നത് അത്രയൊന്നും യാദൃശ്ചികമായ സംഗതിയല്ല. 

പുസ്തകം വായിക്കാന്‍ അധികം സമയം നല്‍കാതെ, വെറുതെ ഇരിക്കാന്‍ സമയം നല്‍കാതെ, കൂടുതല്‍ സമയവും ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികരുടെ ഒരു പൊതുസ്വഭാവം, അവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും നിര്‍ണ്ണായക അവസ്ഥകളില്‍ സ്വയം തീരുമാനമെടുക്കാന്‍ അവകാശം ഇല്ല എന്നതാണ്. മുകളില്‍ നിന്നുള്ള ആജ്ഞ അനുസരിക്കേണ്ട വളരെ അച്ചടക്കം നിറഞ്ഞ ഒരു ജീവിതമാണ് സൈനികന്‍േറത്. മുകളിലെ ആജ്ഞയെ ചോദ്യം ചെയ്യുക എന്നത് അസാധ്യമാക്കുന്ന ഒരു ഘടനയാണ് സൈന്യത്തിന്‍േറത്. ഈ ഘടന ഇവരെ മത്ത് പിടിപ്പിച്ചില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. കാരണം അടിസ്ഥാനപരമായി, ഇവര്‍ താഴെ നിന്നുള്ള ഒരു ചോദ്യവും ഇഷ്ടപ്പെടുന്നില്ല. പക്ഷെ ജനാധിപത്യത്തിന് താഴെ നിന്നും നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചേ മതിയാവൂ! 

അതുകൊണ്ട് മതിലായ മതിലില്‍ എല്ലാം നമുക്ക് എഴുതി വെക്കാം: ബുദ്ധിജീവി ആകുന്നത്, ഒരു അശ്ലീലപ്രവൃത്തിയല്ല. അവശ്യം ചെയ്യേണ്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സാധാരണക്കാര്‍/ബുദ്ധിജീവികള്‍ എന്നത് സംഘപരിവാറുകാരന്റെ കപട ബൈനറി ആണ്. സാധാരണ മനുഷ്യന്‍ തന്നെയാണ് ബുദ്ധിജീവി. ബുദ്ധിജീവി തന്നെയാണ് സാധാരണ മനുഷ്യന്‍.

ഫോട്ടോഷോപ്പിന് തെറി വിളികളിലൂടെ  എല്ലാ വിശദീകരണങ്ങളെയും റദ്ദ് ചെയ്യാന്‍ കഴിയും

ഫോട്ടോഷോപ്പ് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം അല്ല 

മറ്റൊരു വസ്തുത നാം ഊന്നി പറയേണ്ടത്, ഫോട്ടോഷോപ്പ് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം അല്ല എന്നുള്ള സംഗതിയാണ്. കാരണം ഫോട്ടോഷോപ്പിന് തെറി വിളികളിലൂടെ  എല്ലാ വിശദീകരണങ്ങളെയും റദ്ദ് ചെയ്യാന്‍ കഴിയും. ഫോട്ടോഷോപ്പ് പലപ്പോഴും പ്രതിനിധീകരിക്കുന്നത് മുഖം മറച്ചവരുടെ, വിശദീകരണത്തില്‍ താല്‍പര്യമില്ലാത്തരുടെ, വിശദീകരണം അനാവശ്യമെന്ന് കരുതുന്നവരുടെ ഒരു ആള്‍ക്കൂട്ട രാഷ്ട്രീയമാണ്. അതിനാല്‍ തന്നെ സംഘപരിവാര്‍ ഫോട്ടോഷോപ്പ് പോലെ തന്നെ, ഒരു ദലിതനെക്കൊണ്ട് അമ്പലമണി ആദ്യമായി അടിപ്പിച്ചത് പി കൃഷ്ണപിള്ളയാണെന്ന് തള്ളുന്ന ഇടതുപക്ഷ ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോഷോപ്പിനും വിശദീകരിക്കുവാന്‍ കഴിയില്ല എന്തുകൊണ്ട് അംബേദ്ക്കറിനും അയ്യങ്കാളിക്കും അമ്പലം അലര്‍ജി ആയിരുന്നതെന്ന്, എന്തുകൊണ്ട് കൃഷ്ണപിള്ളയും ഫ്യൂഡല്‍ ഇടതുപക്ഷവും ദലിതന്റെ വിമോചനം അമ്പലത്തിലൂടെ ദര്‍ശിച്ചപ്പോള്‍, അയ്യങ്കാളിയും അംബേദ്ക്കറും ദലിതരുടെ വിമോചനം പുസ്തകത്തിലൂടെയെയും വിദ്യാഭ്യാസത്തിലൂടെയും കണ്ടതെന്ന്. 

മുഖമില്ലാത്ത, വ്യാജ പ്രൊഫൈല്‍ മാത്രം കൈമുതലുള്ള, കൊലവിളിയും തെറിവിളിയും മാത്രം നടത്താന്‍ അറിയുന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്നതിലും ഭേദം, ഒറ്റയ്ക്ക് നില്‍ക്കുന്നതാണ്, തന്റെ ബോധ്യങ്ങളില്‍ ജീവിക്കുന്നതാണ്, തന്റെ ചിന്തകള്‍ ആവിഷ്‌ക്കരിച്ച് ജീവിക്കുന്നതാണ് നല്ലതെന്നാണ്, ധീരതയെന്നാണ് യേശു ക്രിസ്തു മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള ആള്‍ക്കൂട്ടക്കൊലവിളിക്ക് വിധേയരായവര്‍ പഠിപ്പിച്ചു തന്ന പാഠം. വിയോജിപ്പുകള്‍ ഉള്ളപ്പോള്‍ തന്നെ, അവരെ നന്ദിയോടെയും അനന്തമായ സ്‌നേഹത്തോടെയും ഓര്‍ക്കാന്‍ ഇത്ര മാത്രം മതി.

(പാലക്കാട് ഗവ. വിക്‌റ്റോറിയ കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍  അസി. പ്രൊഫസറാണ് ലേഖകന്‍)  

Follow Us:
Download App:
  • android
  • ios