Asianet News MalayalamAsianet News Malayalam

'നിങ്ങൾ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ഉറ്റവരെ കണ്ടിട്ടുണ്ടോ? ഞാൻ അങ്ങനെ ഒരാളുടെ മകനെ ഒന്നരക്കൊല്ലം പഠിപ്പിച്ചിട്ടുണ്ട്'

"അച്ഛൻ ഒരാളെ കൊന്നെന്ന് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല. പക്ഷെ, കൊന്നത് കണ്ടവരുണ്ട്. അപ്പൊ ശിക്ഷ കിട്ടുക തന്നെ വേണം. പക്ഷെ, ഒരു തരത്തിൽ അച്ഛൻ രക്ഷപ്പെടുകയാണ് ചെയ്തത്. ശിക്ഷ മുഴുവൻ ഞങ്ങൾക്കാണ്. നാട്ടുകാര് വെറുപ്പോടെ ഒറ്റപ്പെടുത്തി. പോലീസുകാര് കേറിയിറങ്ങി വീട് നശിച്ചു. ഇളയത്തുങ്ങൾ വിശന്നു കരഞ്ഞപ്പോൾ എല്ലാർക്കൂടി ചത്താലോന്നു വരെ ഓർത്തതാ.''

anju bobby narimattom face book post went viral
Author
Thiruvananthapuram, First Published Feb 24, 2019, 1:12 PM IST


വീണ്ടും കൊലപാതക രാഷ്ട്രീയത്തിന്‍റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കൊല്ലപ്പെട്ടവരുടേയും കൊലപ്പെടുത്തിയവരുടേയും വീട്ടുകാരുടെ കണ്ണുനീരും കണ്ടുകൊണ്ടിരിക്കുകയാണ്. അവിടെയാണ്, മൂലമറ്റം സെന്‍റ് ജോസഫ്സ് കോളേജ് അധ്യാപികയായ അഞ്ജു ബോബി നരിമറ്റത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. 

നിങ്ങൾ ആരെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ഉറ്റവരെയോ ഉടയവരെയോ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ ഒരാളുടെ മകനെ ഒന്നര കൊല്ലം പഠിപ്പിച്ചിട്ടുണ്ട് എന്ന് പറയുകയാണ് അഞ്ജു. കൊലക്കേസിന് ജയിലില്‍ പോകുന്നവരല്ല അതിന്‍റെ ശിക്ഷ ഏറ്റുവാങ്ങുന്നത്, മറിച്ച് അവരുടെ വീട്ടുകാരാണ്. തന്‍റെ വിദ്യാര്‍ത്ഥിയുടെ ജീവിതാനുഭവങ്ങളോര്‍ത്തെടുക്കുകയാണ് അഞ്ജു. 'നാട് കണ്ണൂരാ മിസ്സേ, വീട്ടിൽ എല്ലാരും ഉണ്ടാരുന്നു. ഇപ്പൊ ഞാനും വീടും മാത്രമായി. അച്ഛൻ ജയിലിലാണ്. കൊലക്കേസ്. അമ്മേം അനിയത്തീം അനിയനും വല്യച്ഛന്റെ വീട്ടിലാണ്' എന്ന് പറഞ്ഞപ്പോള്‍ തന്‍റെ നെഞ്ചിടിപ്പ് കൂടി. 

കൊല്ലാൻ വേണ്ടി വെട്ടുന്നവർ ശരിക്കും ഒരാളെയല്ല കൊല്ലുന്നത്. ഇങ്ങനെ അനേകം പേരെയാണ്. കൊലക്കത്തീം കയ്യിൽ കൊടുത്തു വിടുന്നവരോടും ഇത്‌ തന്നെയേ പറയാനുള്ളൂ. എത്രയൊക്കെ ന്യായീകരണം പറഞ്ഞാലും കൊലയാളിയോട് പക്ഷെ തെല്ലും സഹതാപവും ഇല്ല എന്നും അഞ്ജു എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: കുറച്ചു ദിവസങ്ങളായി പത്രം കാണുന്നത് അലർജി ആണ്. രാഷ്ട്രീയ കൊലപാതകങ്ങൾ, അറസ്റ്റുകൾ, വെട്ടിന്റെ കണക്കുകൾ ഒക്കെയായി അക്ഷരങ്ങൾ ചോര മണക്കുന്നത് പോലെ തോന്നും. ഇന്നലെ അറസ്റ്റിലായ ആളുടെ ഫോട്ടോ ആണ് ഇന്നത്തെ പത്രത്തിന്റെ മുൻപേജിൽ. മധ്യവയസ്കനാണ്. "ഇയാൾക്ക് മക്കളൊക്കെ ഉണ്ടാവില്ലേ, മിക്കവാറും കൊല്ലപ്പെട്ട പിള്ളേരുടെ അതേ പ്രായമാകും " എന്നൊക്ക ഓർത്തപ്പോൾ ഒരേ സമയം അരിശവും സങ്കടവും അമർഷവും തോന്നി. അയാൾക് എല്ലാരും ഉണ്ടാകുമെന്നും അവരിപ്പോൾ അപമാനവും ഞെട്ടലും വേദനയും അനാഥത്വവും ഒരുക്കിയ തീച്ചൂളയിൽ ആയിരിക്കുമെന്നും ഊഹിക്കാവുന്നതേ ഉള്ളു. 

നിങ്ങൾ ആരെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ഉറ്റവരെയോ ഉടയവരെയോ കണ്ടിട്ടുണ്ടോ??? ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ ഒരാളുടെ മകനെ ഒന്നര കൊല്ലം പഠിപ്പിച്ചിട്ടുണ്ട്. 

ഗസ്റ്റ് ഫാക്കൽറ്റി ആയി കോളേജുകളിൽ പഠിപ്പിച്ചു തുടങ്ങിയ കാലം. സെക്കൻഡ് ഇയർ ക്ലാസ്സുകളാണ് കൂടുതലും. ക്ലാസ്സിൽ ചെല്ലുമ്പോ വെള്ളം കുടിക്കാൻ പോലും എണീറ്റ് പോകാൻ മടിയുള്ള പത്തു പന്ത്രണ്ടു പിള്ളേര് മാത്രം ഇരിപ്പുണ്ടാകും. ബാക്കിയുള്ളോരേ ക്യാന്റീനിലും കോണിപ്പടിയുടെ ചുവട്ടിലും പോയ്‌ തപ്പിപ്പിടിച്ചു കൊണ്ടുവന്നിരുത്തും. ചിലര് ഓടിക്കളയും. കയ്യിൽ കിട്ടിയവരെ വച്ചു ക്ലാസ്സെടുക്കും. നിറയെ കവിതകൾ കുത്തി നിറച്ച പുസ്തകം ആണ് എടുക്കുന്നത്. 
മരണത്തെ അത്രമേൽ പ്രണയിച്ച 'സിൽവിയ പ്ലാത്തി'നെ കുറിച്ചാണ് അന്ന് ക്ലാസ്സെടുക്കേണ്ടിയിരുന്നത്. ഓരോ തവണത്തേയും ആത്മഹത്യാ ശ്രമത്തിന് ശേഷവും ലാസറിനെ പോലെ ജീവിതത്തിലേക്ക് ഉയിർത്തെണീറ്റ കഥാനായികയേ കുറിച്ച് പറഞ്ഞോണ്ടിരുന്നപ്പോൾ പിൻബഞ്ചിൽ ഒരു പിറുപിറുപ്പും അടക്കിച്ചിരികളും. എനിക്ക് അരിശം വന്നു. ബുക്ക്‌ മടക്കി വച്ച് അങ്ങോട്ട് ചെന്നപ്പോളേക്കും ചിരികൾ നിലച്ചു. നാലു ജോഡി കണ്ണുകളിൽ ഒരു പകപ്പും വെപ്രാളവും. അഞ്ചാമൻ കൂസലില്ലാതെ എന്റെ നേരെ ചോദ്യഭാവത്തിൽ പുരികം അനക്കി. 

"എന്നാത്തിനാ ചിരിക്കൂന്നേ?" എന്ന ചോദ്യത്തിന് കിട്ടിയ മറുപടി കേട്ട്‌ എന്റെ കണ്ണ് മിഴിഞ്ഞു പോയി;
"ആ പെണ്ണുംപിള്ള ആദ്യത്തെ തവണ അങ്ങ് ചത്താരുന്നെങ്കിൽ ഈ പന്ന കവിത എഴുതുവോ, ഞങ്ങക്ക് ഇത് പഠിക്കുവോ വേണ്ടാരുന്നല്ലോ എന്ന് പറഞ്ഞതാ" 
മറുപടി കേട്ട് എനിക്ക് തല പെരുത്തു. ഞാൻ ഡെസ്കിൽ പിടിച്ചു ചുമ്മാ നിന്നു. 'ബെൽ ജാറും' 'ഡാഡി'യും ഒക്കെ എഴുതി മനസ് നിറച്ച ഏറ്റോം പ്രിയപ്പെട്ട എഴുത്തുകാരിയെ കുറിച്ച് പറഞ്ഞത് കേട്ട്‌ എന്റെ അരിശം ഇരട്ടിച്ചെങ്കിലും മിണ്ടാതെ തിരിച്ചു പോയി ഞാൻ ക്ലാസ്സെടുത്തു. 

പിന്നെയും എന്റെ ക്ലാസ്സുകളിൽ അതേ ആള് തന്നെ അലമ്പുണ്ടാക്കി. ഒരിക്കൽ ഒരാഴ്ചത്തെ ലീവ് കഴിഞ്ഞു വന്ന അവനെ അസൈൻമെന്റ് വെക്കേണ്ട ദിവസം കഴിഞ്ഞു പോയെന്ന് ഓർപ്പിച്ചപ്പോൾ "അത് ഞാനങ്ങു കൊണ്ടുത്തരും, എപ്പഴും എപ്പഴും വന്നിങ്ങനെ ഇരക്കണ്ട" എന്ന് മുഖത്തടിച്ചതു പോലെ പറഞ്ഞപ്പോ അപമാനം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. അന്നും ഇന്നും കടുത്ത ഭാഷയിൽ തർക്കുത്തരം പറയുന്നവരെ പറഞ്ഞു തോൽപ്പിക്കാൻ എന്നെക്കൊണ്ട് പറ്റാറില്ല. കണ്ണുനീര് ഒരുകാരണവശാലും പുറത്തു വരരുതെന്ന് ഓർത്തെങ്കിലും എന്നെ നാണം കെടുത്തിക്കൊണ്ടു ഒരു തുള്ളി താഴോട്ടു വീണു. അവന്റെ മുഖം വിളറി. 

അന്നുച്ചക്ക് ഡിപ്പാർട്മെന്റിൽ ഇരിക്കുമ്പോ അസൈൻമെന്റ് കൊണ്ട് കയറി വന്നയാളെ വീർത്ത മുഖത്തോടെ ഞാൻ എതിരേറ്റു. അവൻ മേശമേൽ ഒരു കൈകുത്തി നിന്ന് എന്റെ കണ്ണിലേക്കു നോക്കി, "മിസ്സിന് ഒരു നാണൊമില്ലേ കരയാൻ? പിള്ളേര് മെക്കിട്ടു കേറുമ്പോ കഴുത്തിനു പിടിച്ചു വെളീൽ തള്ളണ്ടേ...? അതൊന്നും ചെയ്യാതെ ഇനി പിണങ്ങി ഇരുന്നിട്ട് എന്നാ കാര്യം..?"

എനിക്ക് പയ്യെ ചിരി വരാൻ തുടങ്ങി. മറുപടിക്ക് കാക്കാതെ അവൻ ഇറങ്ങിപ്പോയി.  എന്തായാലും അതിനു ശേഷം ക്ലാസ്സിൽ അവന്റെ മനോഭാവത്തിന് ഒരു മയം വന്നു. എന്നാലും വല്യ അടുപ്പമൊന്നുമില്ല. പക്ഷെ, എന്നോട് നല്ലിഷ്ടമുണ്ടെന്നു പറഞ്ഞതായി പലരും പറഞ്ഞറിഞ്ഞു. ഒരിക്കൽ കോളേജിൽ ഒരിലക്ഷൻ കാലത്ത് വലിയ അടിപിടി നടന്നപ്പോ ഞാൻ അതിന്റെ ഇടയിൽ ചെന്നു പെട്ടു. എന്നോട് തട്ടിക്കേറിയ ഒരു പയ്യനെ അവൻ കോളറിന് പിടിച്ചു മാറ്റി നിർത്തി, "എന്റെ മിസ്സിനെ തൊട്ടാൽ നീ വിവരമറിയും" എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. 

ഡിപ്പാർട്മെന്റ് വരെ ഒന്നിച്ചു നടന്നെങ്കിലും ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. പലപ്പോഴും അവനോട് മിണ്ടാൻ ശ്രമിച്ചു തോറ്റു നിൽക്കുന്ന എന്നോട് ബാക്കി പിള്ളേര് സഹതപിച്ചു; "അവൻ ഞങ്ങളോട് മിണ്ടില്ല, പിന്നെയാണോ മിസിനോട്." തോൽക്കാൻ തയാറതല്ലാതിരുന്ന ഞാൻ ഒരു സെമിനാർ ദിവസം അവന്റെ അടുത്തിരുന്നു. ആയിടെ ഇറങ്ങിയ സിനിമ കണ്ടോ, പാർട്ടി ആപ്പീസിന്റ അടുത്തുള്ള തട്ടുകടേലെ പൊടിച്ചായ കൊള്ളാമോ, ഈ പ്രാവശ്യം ടൂർ പോകുന്നത് എങ്ങോട്ടാ തുടങ്ങിയ യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു അവനെ ഞാൻ ഇണക്കി. ഇണങ്ങിയെന്നു ഉറപ്പായപ്പോൾ മാത്രം വീടിനെയും വീട്ടുകാരെയും കുറിച്ച് ചോദിച്ചു. "നാട് കണ്ണൂരാ മിസ്സേ, വീട്ടിൽ എല്ലാരും ഉണ്ടാരുന്നു. ഇപ്പൊ ഞാനും വീടും മാത്രമായി. അച്ഛൻ ജയിലിലാണ്. കൊലക്കേസ്. അമ്മേം അനിയത്തീം അനിയനും വല്യച്ഛന്റെ വീട്ടിലാണ്." എന്റെ നെഞ്ചിടിപ്പ് കൂടി.

"അതിനെന്താ നിനക്ക് നാട്ടിൽ പോകുമ്പോ അവരുടെ കൂടെ പോയി നില്‍ക്കാലോ" എന്ന ഒരു കഴമ്പുമില്ലാത്ത ആശ്വസിപ്പിക്കൽ കേട്ട് അവൻ ചിരിച്ചു, 
"മിസിനെന്താ... അവരവിടെ സുഖവാസം ഒന്നുമല്ല, പട്ടികളെ പോലാ ജീവിക്കുന്നത്. എന്റെ സ്വഭാവം വച്ചു ഞാനവിടെ ചേർന്ന് പോകുവേ ഇല്ല. അഥവാ അവരെ കാണാൻ പോയാലും ഏതേലും കൂട്ടുകാരുടെ വീട്ടിലാണ് നിൽക്കാറ്." ഞാനൊന്നും മിണ്ടിയില്ല. എനിക്കൊന്നും പറയാനുമില്ലായിരുന്നു. ആദ്യമായിട്ടാണ് ഒരു കൊലക്കേസ് പ്രതിയുടെ മകനെ കാണുന്നത്. ആദ്യമായാണ് അച്ഛൻ ചെയ്ത കുറ്റത്തിന് മകൻ ശിക്ഷ അനുഭവിക്കുന്നത് കാണുന്നത്. അവൻ പിന്നെയും പലതും പറഞ്ഞു. 

"അച്ഛൻ ഒരാളെ കൊന്നെന്ന് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല. പക്ഷെ, കൊന്നത് കണ്ടവരുണ്ട്. അപ്പൊ ശിക്ഷ കിട്ടുക തന്നെ വേണം. പക്ഷെ, ഒരു തരത്തിൽ അച്ഛൻ രക്ഷപ്പെടുകയാണ് ചെയ്തത്. ശിക്ഷ മുഴുവൻ ഞങ്ങൾക്കാണ്. നാട്ടുകാര് വെറുപ്പോടെ ഒറ്റപ്പെടുത്തി. പോലീസുകാര് കേറിയിറങ്ങി വീട് നശിച്ചു. ഇളയത്തുങ്ങൾ വിശന്നു കരഞ്ഞപ്പോൾ എല്ലാർക്കൂടി ചത്താലോന്നു വരെ ഓർത്തതാ. പക്ഷെ, എന്നെങ്കിലും തിരിച്ചു വന്നാൽ അച്ഛൻ ഒറ്റക്കാവുമല്ലോന്ന് ഓർത്താണ്. മിസ്സ്‌ എന്റെ അമ്മയെ കണ്ടു പഠിക്കണം. അമ്മ കരയുന്നത് ഞാൻ കണ്ടിട്ടേ ഇല്ല. നിങ്ങള് പക്ഷെ ചുമ്മാ കരയും. ഇപ്പൊ തന്നെ കണ്ടില്ലേ" അവൻ എന്റെ നിറഞ്ഞു വരുന്ന കണ്ണുകൾ ചൂണ്ടി കളിയാക്കി. ഞാൻ പെട്ടന്ന് കണ്ണുനീർ തുടച്ചു. ആരേലും കണ്ടാലോ... 

ഒന്നര വർഷം ചുമ്മാ അങ്ങ് ഓടിപ്പോയി. ഇതിനിടയിൽ ഞങ്ങൾ പിണങ്ങി, വഴക്കുണ്ടാക്കി, സ്നേഹിച്ചു, അവനെന്നെ അനുസരിച്ചു, ചിലപ്പോളൊക്കെ ധിക്കരിച്ചു, ഞാൻ ഉടുക്കുന്ന വില കുറഞ്ഞ പകിട്ടില്ലാത്ത സാരികളെ കളിയാക്കി. എല്ലാത്തിനും പുറമെ, ധിക്കാരം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന, ഒരു കുറ്റവാളിയുടെ മകന് വേണ്ടി വാദിച്ചു ഞാൻ പലയിടത്തും മോശക്കാരിയായി. അവൻ അതിലൊന്നും തളരാതെ പലയിടത്തും പാർട്ട്‌ ടൈം ജോലി ചെയ്തു മിടുക്കനായി പഠിച്ചു. അവസാന സെമസ്ടർ പരീക്ഷ കഴിഞ്ഞു വലിയ ബാഗും ആയി അവൻ യാത്ര പറയാൻ വന്നു.
"പോട്ടെ മിസ്സേ. ഇനി നാട്ടിൽ തന്നെ നിക്കാനാ പ്ലാൻ. ഒരു ജോലി കണ്ടുപിടിക്കണം." 
"അപ്പൊ നീയിനി പഠിക്കണില്ലേ" എന്ന എന്റെ ചോദ്യത്തെ അവൻ പുച്ഛിച്ചു, "പിന്നേ... ഞാനിനി പഠിക്കാൻ പോവല്ലേ. എനിക്കെങ്ങും വയ്യ." ഞാൻ മുഖം വീർപ്പിച്ചു മിണ്ടാതെ നിന്നപ്പോൾ, "നിങ്ങള് കിടന്നു പെടക്കാതെ, പ്രൈവറ്റ് ആയി പഠിച്ചോളാ" എന്ന് പറഞ്ഞു ചിരിച്ചു. 

പോകാൻ ഇറങ്ങിയപ്പോൾ അവനു വേണ്ടി വാങ്ങിയ രണ്ടു ജോഡി ഷർട്ട് ഞാൻ അവന്റെ വീർത്തുന്തിയ ബാഗിലേക്കു തിരുകി കയറ്റി. "വല്യ വിലയുള്ളത് ഒന്നുമല്ലടാ" എന്ന് മുൻകൂറായി പറഞ്ഞപ്പോൾ "അത് പ്രത്യേകം പറയണോ.. കോളേജ് ഡേയ്ക്ക് ഇരുന്നൂറ്റമ്പത് രൂപേടെ സാരി ഉടുത്തോണ്ട് വന്ന ആളല്ലേ" എന്ന് കളിയാക്കി. ഞാൻ മിണ്ടാതെ നിന്നു. അക്കാലത്തു പതിനായിരം രൂപ പോലും തികച്ചു ശമ്പളം ഇല്ലാതിരുന്ന എന്നേ സംബന്ധിച്ച് ആ ഷർട്ടുകൾ ഒരാഡംബരം തന്നെ ആയിരുന്നു. മങ്ങിയ ചിരിയോടെ നിന്ന എന്നോട്, "ഇനി അതിനു കരയണ്ട, ഞാൻ ആയുസ്സിൽ ഇതുവരെ ഇട്ടതിലും ഇനി ഇടാൻ പോവുന്നതിലും വച്ച് ഏറ്റവും വിലപിടിച്ചത് ഇത്‌ ആണെന്ന് അറിഞ്ഞൂടെ" എന്ന് ചോദിച്ചു. 

B ബ്ലോക്കിന്റെ കോണിപ്പടി വരെ ഞാൻ കൂടെ ചെന്നു. സ്റ്റെപ്പ് ഇറങ്ങുന്നതിനു മുൻപ് അവൻ തിരിഞ്ഞു നിന്ന് ചിരിച്ചു. കരയുന്നതിന് എന്നും എന്നെ കളിയാക്കുന്നവന്റെ കണ്ണിൽ നീർത്തിളക്കം. എനിക്ക് പെട്ടെന്ന് അപ്പുവിനെ പ്ലേ സ്കൂളിൽ ആദ്യ ദിവസം കൊണ്ടുവിട്ടിട്ടു തിരിഞ്ഞു നടന്നപ്പോൾ അവൻ എന്നേ നോക്കി ചിരിച്ചത് ഓർമ വന്നു. കണ്ണുനീർ ഒളിപ്പിച്ച ചിരി. വലിയ ബാഗും ചുമന്നു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുന്നവനെ കണ്ട്‌ എന്റെ നെഞ്ച് വിങ്ങി. ഒറ്റക്ക് ഡിപ്പാർട്മെന്റിലേക്കു നടക്കാൻ കഴിയാതെ ഞാൻ അവിടെത്തന്നെ നിന്നു. പിന്നീടെപ്പോഴോ ദീപടീച്ചറുടെ "ജലം കൊണ്ടുണ്ടായ മുറിവുകൾ " വായിച്ചപ്പോൾ എനിക്ക് കുറ്റബോധം തോന്നി. പോകാൻ മനസ്സില്ലാതെ തിരിഞ്ഞു നോക്കി നിന്ന അവനെ ഒന്നാശ്വസിപ്പിക്കുക പോലും ചെയ്യാതെയാണല്ലോ വിട്ടതെന്നോർത്തു പിന്നെയും പിന്നേയും എന്റെ കണ്ണ് നീറി.

കൊല്ലാൻ വേണ്ടി വെട്ടുന്നവർ ശരിക്കും ഒരാളെയല്ല കൊല്ലുന്നത്. ഇങ്ങനെ അനേകം പേരെയാണ്. കൊലക്കത്തീം കയ്യിൽ കൊടുത്തു വിടുന്നവരോടും ഇത്‌ തന്നെയേ പറയാനുള്ളൂ. എത്രയൊക്കെ ന്യായീകരണം പറഞ്ഞാലും കൊലയാളിയോട് പക്ഷെ തെല്ലും സഹതാപവും ഇല്ല.

Follow Us:
Download App:
  • android
  • ios