magazine
By Web Desk | 10:50 AM September 10, 2016
ധൈര്യമുണ്ടോ, ഈ കാട്ടില്‍ ഒറ്റയ്ക്ക് പോവാന്‍?

Highlights

None

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യയുടെ വനമെന്നും പ്രേതക്കാടെന്നും അറിയപ്പെടുന്ന ജപ്പാനിലെ ഒകിഗഹാര വനത്തെക്കുറിച്ച് അരുണ്‍ അശോകന്‍ എഴുതുന്നു

നട്ടുച്ചയ്ക്കും സൂര്യവെളിച്ചം നിലം തൊടാന്‍ മടിക്കുന്ന ഒകിഗഹാരയുടെ ഭയാനകവും നിഗൂഢവുമായ നിശബ്ദതയില്‍ സ്വന്തം ശ്വാസഗതി പോലും മനുഷ്യനെ ഭയപ്പെടുത്തും. പാതാളത്തിലേക്കുള്ള തുറപ്പുകളെന്നോണം എങ്ങും നിറയുന്ന വിണ്ടുകീറലുകള്‍, അവയ്ക്കിടയിലൂടെ പുറത്തേക്ക് കുതിച്ച് , പരസ്പരം പിണഞ്ഞ് വികൃതരൂപങ്ങള്‍ തീര്‍ക്കുന്ന ഭീമന്‍ വേരുകള്‍. പായലിന്റെ പുതപ്പിനുള്ളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ആഗ്‌നേയ ശിലാഖണ്ഡങ്ങള്‍, ഗതികിട്ടാത്ത ആത്മാക്കളുടെ ഇരിപ്പിടങ്ങളെന്നോണം എങ്ങും ചിതറിക്കിടക്കുന്നു.
 
ജപ്പാന്‍ തലസ്ഥാനമായ ടോക്യോക്ക് പടിഞ്ഞാറ് നൂറു മൈല്‍ അകലെ ഫുജി അഗ്‌നിപര്‍വതത്തിന് താഴെ പരന്നുകിടക്കുന്ന ഒകിഗഹാര വനത്തിന് വൃക്ഷസാഗരമെന്നര്‍ത്ഥം വരുന്ന 'ജുകായ് '' എന്നൊരു പേരുകൂടിയുണ്ട്. പക്ഷെ അതിനെക്കാളെല്ലാം ഈ കാടറിയപ്പെടുന്നത് പ്രേതവനമെന്നോ, ആത്മഹത്യയുടെ കാടെന്നോ ആണ്. 

ആത്മാഹുതിയുടെ കാട്
ലോകം ഈ ഹരിതനിശബ്ദതയെ വെറുതെയങ്ങ് അങ്ങനെ വിളിച്ചതല്ല. അങ്ങനെയൊരു പേരു കേള്‍ക്കാന്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഈ കാടിന് അര്‍ഹതയുണ്ട്. 

ജപ്പാന്‍ സര്‍ക്കാര്‍ 2003ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് ആ വര്‍ഷം 105 പേര്‍ ഒകിഗഹാരയില്‍ ജിവിതം അവസാനിപ്പിച്ചു. അതില്‍ പിന്നിടിങ്ങോട്ട് ഇവിടത്തെ ആത്മഹത്യയുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പക്ഷെ ഒകിഗഹാരയിലെ ആത്മഹത്യകള്‍ക്ക് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. എല്ലാ വര്‍ഷവും പൊലീസ് ,വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന പരിശോധനകളുടെ ഫലം അതിന്റെ തെളിവാണ്. 

യൂറികള്‍
ജപ്പാന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ അഴുകിയതും ദുര്‍ഗന്ധം പരത്തുന്നതുമായ മൃതദേഹങ്ങള്‍ പരിശോധനാ ദിവസങ്ങളില്‍ കാട്ടില്‍നിന്ന് പുറത്തുവരും. ഈ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇവിടെയൊരു പ്രത്യേക കെട്ടിടം തന്നെയുണ്ട്. ഇവിടെ സൂക്ഷിക്കുന്ന മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയപ്പെടുക പോലുമില്ല. ഇവരുടെ ഗതികിട്ടാത്ത ആത്മാക്കള്‍ ഒകിഗഹാരയുടെ നിശബ്ദതയില്‍ അലഞ്ഞുതിരിയുന്നുവെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. 

വെള്ളവസ്ത്രം ധരിച്ച് നിലംതൊടാതെ പായുന്ന യൂറികള്‍ (ആത്മാക്കള്‍) വനനിശബ്ദതയെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഭഞ്ജിക്കാറുണ്ടത്രെ.   അതുകൊണ്ട് ഈ വനഭംഗിയെ പുല്‍കാന്‍ ഒരു വലിയ വിഭാഗം ജപ്പാന്‍കാര്‍ക്കും ഭയമാണ്.

എങ്കിലും സാഹസികതയും പ്രകൃതിഭംഗിയും ഇഷ്ടപ്പെടുന്ന നിരവധി പേര്‍ ഇവിടേക്ക് എത്താറുണ്ട്. ആത്മാക്കളെ തേടിയലയുന്ന പ്രേതാന്വേഷികള്‍ക്കും ഒകിഗഹാര പ്രിയപ്പെട്ട ഇടമാണ്.  ഇവിടെ എത്തുന്നവരെയെല്ലാം സംശയത്തോടെയാണ് ജപ്പാന്‍കാര്‍ കാണുന്നത്.  

'ആത്മാക്കളുടെ കളി'
കാടിന്റെ തുടക്കത്തിലുള്ള സ്വാഗതവാചകത്തിന് മറ്റ് കാടുകളില്‍ ഉള്ളവയോട് വിദൂരബന്ധം പോലുമില്ല.

'നിങ്ങളുടെ ജീവന്‍ മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്മാനം' എന്ന് ജാപ്പനീസ് ഭാഷയില്‍ എഴുതിവച്ചിരിക്കുന്നു. വാചകങ്ങളെ കടന്ന് ഒകിഗഹാരയുടെ ഉള്ളിലേക്ക് കൂടുതല്‍ കടക്കുമ്പോള്‍ പ്രേതവനത്തിന്റെ വ്യത്യസ്തതകള്‍ യാത്രകള്‍ അറിഞ്ഞു തുടങ്ങും.  ഇടതൂര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയില്‍ വഴി കണ്ടെത്തുക വലിയ പ്രയാസമാണ്. ദിശ അറിയാന്‍ വടക്ക്‌നോക്കിയന്ത്രമെടുത്താല്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപ്പോലെ യന്ത്രത്തിന്റെ സൂചി പല ദിശയില്‍ നിങ്ങിക്കളിക്കും. മൊബൈലിലെ ജിപിഎസും പ്രവര്‍ത്തിച്ചെന്ന് വരില്ല.  ആത്മാക്കളുടെ കളിയെന്ന് ചിന്തിക്കാനാണെളുപ്പം. 

ആഗ്‌നേയ ശിലകളിലെ ഉയര്‍ന്ന അളവിലുള്ള ഇരുമ്പിന്റെ സാന്നിധ്യമാണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം.

വഴി കണ്ടുപിടിക്കാന്‍ മാര്‍ഗമില്ലാത്തതിനാലും പല സ്ഥലത്തും വഴി ഇല്ലാത്തതിനാലും പല നിറത്തിലുള്ള റിബണുകള്‍കെട്ടി തിരിച്ചുവരാനുള്ള വഴി രേഖപ്പെടുത്തി കാടുകയറുകയെന്നതാണ് ഇവിടത്തെ രീതി.  മറ്റുള്ളവര്‍ കെട്ടിയ റിബണുകളെ പിന്തുടര്‍ന്നാല്‍ പലപ്പോഴും എത്തുന്നത് സുഖകരമായ കാഴ്ചകളിലേയ്ക്ക് ആകില്ല. ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടെന്റുകള്‍ കുറിപ്പുകള്‍  ഇവയൊക്കെ റിബണിന്റെ മറുതുടക്കത്തില്‍ കണ്ടെന്നുവരാം,  ചിലപ്പൊഴെക്കെ ആത്മാവ് ഉപേക്ഷിച്ചൊരു ശരീരവും.
 
ജപ്പാനിലെ കാശി
ഉപേക്ഷിക്കപ്പെടലിന്റെ ഒകിഗഹാരയുടെ ചരിത്രം നൂറ്റാണ്ടുകള്‍ക്ക് മുന്‌പേ തുടങ്ങിയിരിക്കണം. പ്രായമായവരെ മോക്ഷത്തിനെന്ന പേരില്‍ തള്ളുന്ന ജപ്പാനിലെ കാശിയായിരുന്നു ഒകിഗഹാര. ഉബാസുതെ എന്നാണ്  ഈ ഉപേക്ഷിക്കലിനുള്ള ജാപ്പനീസ് പേര്. എന്നാല്‍ വനത്തിലെ ആത്മഹത്യകളുടെ എണ്ണം കൂടുന്നത് 1960 കളോടെയാണ്. 

ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ മറ്റ്‌സുമോട്ടോയുടെ 'Tower of waves' (Kuroi jukai) എന്ന നോവല്‍ ഒകിഗഹാരയിലെ ആത്മഹത്യകളെ ന്യായീകരിക്കുകയോ കാല്‍പ്പനികവത്കരിക്കുകയോ ചെയ്തുവെന്ന്  വിമര്‍ശകര്‍ പറയുന്നു. ഇന്ന് ഏറ്റവും അധികം ആളുകള്‍ ആത്മഹത്യക്ക് തെരഞ്ഞെടുക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഇടമാണ് ഒകിഗഹാര.  (സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനാണ് ഒന്നാം സ്ഥാനം).

വേദനയുടെ മാറ്റൊലികള്‍
ഒകിഗഹാരയെ പ്രമേയമാക്കി നിരവധി പുസ്തകങ്ങളും സിനിമകളും  ഇപ്പോഴും ഇറങ്ങുന്നുണ്ട്. 2016ല്‍ 'ദ ഫോറസ്റ്റ് ' , 'ദ സീ ഓഫ് ട്രീസ് ' എന്നിങ്ങനെ രണ്ട് ഹോളിവുഡ് ചിത്രങ്ങളാണ് ഒകിഗഹാരയെ പ്രമേയമാക്കി ഇറങ്ങിയത്.  ഇവിടെത്തെ ഗതികിട്ടാതലയുന്ന യൂറികളും അവരെ തേടിയെത്തുന്നവരും ആസ്വാദകരെ ത്രില്ലടിപ്പിക്കുന്നു.  

പക്ഷെ ജീവിതം പകുതിയില്‍ വച്ച് ഉപേക്ഷിച്ച് പോകേണ്ടിവന്ന അനവധി പേരുടെ അവസാന വേദനകളും ചിന്തകളുമാണ് ഒകിഗഹാര വനത്തിന്റെ യാഥാര്‍ത്ഥ്യം.  അതിനിഗൂഢമായ ഇവിടുത്തെ നിശബ്ദതയില്‍  ചെവി വട്ടം പിടിച്ചാല്‍ ആ വേദനയുടെ മാറ്റൊലികള്‍ കേള്‍ക്കാനാകും, അവരുടെ അവസാനചിന്തകളെ തിരിച്ചറിയാന്‍ ചിലപ്പോള്‍ മനസ്സിനും കഴിഞ്ഞേക്കും.

Show Full Article


Recommended


bottom right ad