Asianet News MalayalamAsianet News Malayalam

ചില ഇന്‍ബോക്‌സ് അപാരതകള്‍

  • ഇന്‍ബോക്‌സ് മര്യാദകള്‍; ആണുങ്ങളും പെണ്ണുങ്ങളും അറിയാന്‍!
  • ആഷാ സൂസന്‍ എഴുതുന്നു
Asha Susan on how to behave in in boxes
Author
Thiruvananthapuram, First Published Apr 4, 2018, 5:27 PM IST

ഇന്‍ബോക്‌സ് എന്നത് ഒരു വ്യക്തിയുടെ സ്വകാര്യയിടമാണ്. അവിടെ പങ്കുവെക്കുന്ന വിഷയങ്ങള്‍ എന്തു തന്നെയായാലും അത് അയാളുടെ അനുവാദത്തോട് കൂടി മാത്രമാവണം. അതൊരു ദേവാലയമാണെന്ന സദാചാര ചിന്തയോടൊന്നും എനിക്ക് യോജിപ്പില്ല. സെക്‌സ് പറയാനും പങ്കിടാനും പരസ്പര സമ്മതമുള്ളവര്‍ക്ക് അതാവാം. പക്ഷെ സമ്മതം ചോദിച്ചിരിക്കണം. താല്‍പര്യമുണ്ടോ എന്നൊരു ചോദ്യത്തിന്റെ പേരില്‍ ആ വ്യക്തി മോശമാണെന്നു മുദ്ര കുത്തുന്നതിനോടും ആ ഒറ്റ ചോദ്യത്തിന്റെ പേരില്‍ ബ്ലോക്കുന്നതിനോടും ചാറ്റുകള്‍ പരസ്യപ്പെടുത്തുന്നതിനോടും വിയോജിപ്പ് തന്നെ.

Asha Susan on how to behave in in boxes

ഇങ്ങോട്ടു വന്നതോ അങ്ങോട്ടയച്ചതോ ആയ ഒരു അപേക്ഷ സ്വീകരിച്ചതിന്റെ പേരില്‍ ഒരു 'ഹായ്' കൊണ്ട് പോലും പരിചയമില്ലാത്തവര്‍ മെസഞ്ചറില്‍ വീഡിയോ കോളിനു ശ്രമിക്കുന്നതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തതു കൊണ്ടും, ഒരു പത്തു വട്ടം കട്ടാക്കിയിട്ടും നീയോ ഞാനോ എന്ന വാശിപ്പുറത്തു കുത്തിയിരുന്ന് വിളിക്കുന്നവരെ മാത്രം ബ്ലോക്കി ബ്ലോക്കി അതിന്റെ എണ്ണം ഇരുന്നൂറ് കവിഞ്ഞപ്പോള്‍ അതിന്റെ നീളമിനിയും കൂടാതിരിക്കാന്‍ ഇനിയെങ്കിലും ഈ മൗനം വെടിഞ്ഞ് അത്തരക്കാരോടു മാത്രമായി ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാമെന്നു കരുതി.

മിനിമം പാലിക്കേണ്ട ചില ഇന്‍ബോക്‌സ് മര്യാദകള്‍ (ജന്‍ഡര്‍ ബേസ്ഡ് അല്ല)

1) ഒരു വ്യക്തിയെ നിങ്ങള്‍ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ഹായ് അയക്കുന്നത് മോശം കാര്യമേയല്ല. അവര്‍ അതു കണ്ടിട്ട് നിങ്ങള്‍ക്ക് തിരിച്ചു റിപ്ലേ തരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് മുന്നോട്ട് തുടരാം. കണ്ടിട്ടും പ്രതികരണമില്ലെങ്കില്‍ അവര്‍ക്ക് നിങ്ങളോട് മിണ്ടാന്‍ താത്പര്യമില്ലെന്ന് മനസ്സിലാക്കണം. ഇനി നിങ്ങള്‍ അയച്ച ഹലോ കാണാത്ത സ്ഥിതിക്ക് നിങ്ങള്‍ ഇന്‍ബോക്‌സില്‍ ചെന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ ആരാണെന്നും എന്തുകൊണ്ട് അവരെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും ചുരുങ്ങിയ വാക്കുകളില്‍ പറയുക. തിരിച്ചൊരു സൗഹൃദം നിങ്ങളോട് ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കുള്ള മറുപടി കിട്ടിയിരിക്കും. ഇല്ലെങ്കില്‍ ആ വഴി പിന്നീട് പോവാതിരിക്കുക.

2) പരിചയപ്പെടാന്‍ ആരെങ്കിലും തയ്യാറായാല്‍ അവരെ അവര്‍ പരിചയപ്പെടുത്തുന്നത് എങ്ങനെയോ, എത്രത്തോളമോ അത് മാത്രം കേള്‍ക്കുക അറിയുക. അവരുടെ കുടുംബപുരാണം അറിയാനായി വീണ്ടും വീണ്ടും കുഴിക്കാതിരിക്കുക. ആദ്യം കണ്ട ഒരാളോട് ഫാമിലിയെ പറ്റി പറയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. ഇങ്ങോട്ട് പറയാന്‍ അവര്‍ ആഗ്രഹിക്കുന്നതു വരെ അവരെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള മര്യാദ കാണിക്കുക. ആ മര്യാദ മനസ്സിലാവാത്തവരോട് നിങ്ങള്‍ക്ക് പറയാന്‍ താല്‍്പര്യമില്ലാത്ത ചോദ്യങ്ങള്‍ക്ക് നേരെ 'നോ' എന്ന് തന്നെ മറുപടി പറയുക. ക്‌ളീഷേ പുകഴ്ത്തലുകള്‍ ഒഴിവാക്കുക.

3) ഒരു ദിവസം സംസാരിച്ചതിന്റെ പേരില്‍ ഗുഡ് മോണിങ്ങും നൂണും ഈവനിങ്ങും നൈറ്റും സ്ഥിരമായി കൊടുത്ത് അവരെ വെറുപ്പിക്കാതിരിക്കുക. രാവിലത്തെ ചായ കുടി മുതല്‍ പാതിരാത്രിയിലെ 'ഉറങ്ങാനായില്ലേ' എന്ന ലാസ്റ്റ് മെസേജും കൂടി അയച്ചാലേ നടയടക്കൂ എന്ന സ്വഭാവം അറുബോറാണെന്നു മനസ്സിലാക്കുക. ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം സംസാരിച്ചു ബോറടിക്കും മുന്നേ കളം വിട്ടാല്‍ പിന്നീട് നമ്മുടെ മെസേജ് കാണുമ്പോള്‍ അവര്‍ നെറ്റി ചുളിക്കാതിരിക്കും. വീണ്ടും മിണ്ടാന്‍ എന്തൊക്കെയോ ബാക്കിയുണ്ടന്ന ഫീല്‍ അവിടെ അവശേഷിപ്പിക്കണം എന്നു ചുരുക്കം.

4) മെസേജുകള്‍ അയക്കുന്നതിന് അനുവാദം ചോദിക്കണമെന്നില്ല, കാരണം അതുകൊണ്ട് പ്രത്യേകിച്ച് ശല്യമൊന്നുമില്ല. എന്നാല്‍ കോള്‍ ചെയ്യും മുന്നേ തീര്‍ച്ചയായും അനുവാദം വാങ്ങണം. ഒന്നാമത് നിങ്ങളോട് ഫോണ്‍ വിളിച്ചു മിണ്ടാന്‍ പാകത്തിനുള്ള അടുപ്പം അവര്‍ക്കു തോന്നിയിട്ടുണ്ടാവില്ല. മറ്റൊന്ന്, പല ജോലിയിലും പല തിരക്കിലും ചിലപ്പോള്‍ ഉറക്കത്തിലും ഉള്ളവര്‍ക്ക് ഔചിത്യമില്ലാതെ കടന്നു ചെല്ലുന്ന നമ്മുടെ കോളുകള്‍ അലോസരം മാത്രമല്ല കോപവും ജനിപ്പിക്കും. അവര്‍ മര്യാദയുടെ പേരില്‍ ഒന്നും രണ്ടും മൂന്നും പ്രാവിശ്യം കട്ട് ചെയ്തിട്ടും വീണ്ടും വിളിക്കുന്നതു മര്യാദകേട് മാത്രമല്ല തോന്ന്യവാസം കൂടിയാണ്. അനുവാദമില്ലാതെ കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ഇന്‍ ബോക്‌സില്‍ പോലും മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്.

അനുവാദമില്ലാതെ കടന്നു വരുന്ന കോളുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു പോസ്റ്റ് എഴുത്തിനും, സര്‍വ്വ ആപ്പുകള്‍ ഉപയോഗിക്കാനും ഈ മൊബൈലിനെ മാത്രം ആശ്രയിക്കുന്നവരെയാണ്. എല്ലാത്തിനും ഈ മൊബൈലിനെ മാത്രം ആശ്രയിക്കുന്നയാളാണ് ഞാന്‍. എഴുതി തീരാനായ പല പോസ്റ്റുകളും ഇങ്ങനെ കോളുകള്‍ വന്നതു കൊണ്ടു ഡീലീറ്റായിട്ടുണ്ട്. വീണ്ടും എഴുതാനുള്ള ബുദ്ധിമുട്ടുകൊണ്ടു പിറവി എടുക്കാത്ത പോസ്റ്റുകള്‍ എത്രയെണ്ണം!

5) ഇന്‍ബോക്‌സ് എന്നത് ഒരു വ്യക്തിയുടെ സ്വകാര്യയിടമാണ്. അവിടെ പങ്കുവെക്കുന്ന വിഷയങ്ങള്‍ എന്തു തന്നെയായാലും അത് അയാളുടെ അനുവാദത്തോട് കൂടി മാത്രമാവണം. അതൊരു ദേവാലയമാണെന്ന സദാചാര ചിന്തയോടൊന്നും എനിക്ക് യോജിപ്പില്ല. സെക്‌സ് പറയാനും പങ്കിടാനും പരസ്പര സമ്മതമുള്ളവര്‍ക്ക് അതാവാം. പക്ഷെ സമ്മതം ചോദിച്ചിരിക്കണം. താല്‍പര്യമുണ്ടോ എന്നൊരു ചോദ്യത്തിന്റെ പേരില്‍ ആ വ്യക്തി മോശമാണെന്നു മുദ്ര കുത്തുന്നതിനോടും ആ ഒറ്റ ചോദ്യത്തിന്റെ പേരില്‍ ബ്ലോക്കുന്നതിനോടും ചാറ്റുകള്‍ പരസ്യപ്പെടുത്തുന്നതിനോടും വിയോജിപ്പ് തന്നെ.

ഒരു Yes/No ചോദ്യത്തിന് ഒരുത്തരമുണ്ടാവും, അതു പറയുക. നോ പറഞ്ഞിട്ടും അത് അവര്‍ത്തിക്കപ്പെടുന്നുവെങ്കില്‍ അയാള്‍ക്ക് പിന്നീട് നിങ്ങളുടെ ഫ്രണ്ടായി തുടരാന്‍ യോഗ്യതയില്ലെന്നു മനസ്സിലാക്കുക, തൂക്കി വെളിയില്‍ കളയുക. നമ്മുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ പേരില്‍ മറ്റൊരാള്‍ ഇന്‍ബോക്‌സ് പൂട്ടി സീല്‍ വെക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്. അന്യന്റെ ഒരു അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സ്വകാര്യതകളും സന്തോഷങ്ങളും നമ്മളായി ഇല്ലാതാവാന്‍ ഇടയാവരുത്.

'ജനാധിപത്യ മര്യാദ' എന്നൊന്ന് എല്ലായിടത്തെയും പോലെ ഇന്‍ബോക്‌സിലും പാലിക്കണം. 

Follow Us:
Download App:
  • android
  • ios