Asianet News MalayalamAsianet News Malayalam

പുതിയ വാര്‍ധക്യത്തിന്  വേണം വൃദ്ധസദനങ്ങള്‍!

നമ്മുടെ നാട്ടില്‍ ഒരു മകനെ വിവാഹം കഴിപ്പിക്കുന്നതിന്റെ പ്രധാന കാരണം മാതാപിതാക്കള്‍ക്ക് ചൂടുവെള്ളം കാച്ചാനും, കുഴമ്പിടാനും, നേരത്തിനും കാലത്തിനും വെച്ചു വിളമ്പാനും ഒരാള്‍ ആവശ്യമായത് കൊണ്ടാണ് (ഭൂരിഭാഗവും).

Asha Susan on old age homes
Author
Thiruvananthapuram, First Published Jan 16, 2018, 8:52 PM IST

നമ്മുടെ നാട്ടില്‍ മക്കള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് വേണ്ടിയാണ് വൃദ്ധസദനങ്ങളെങ്കില്‍ വികസിത രാജ്യങ്ങളില്‍ അവര്‍ അവരുടെ വാര്‍ദ്ധക്യം ആസ്വദിച്ച് തീര്‍ക്കാന്‍ സ്വയം തിരഞ്ഞെടുക്കുന്ന ഒന്നാണത്. അതായത് രാവും പകലുമുള്ള വ്യത്യാസം. ഇവിടെ ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുണര്‍ന്ന്, ഒരുമിച്ചു കുഞ്ഞുങ്ങളെയും, വീട്ടുജോലിയും നോക്കി ഒരുമിച്ചു ജോലിക്ക് പോകുന്നു.​

Asha Susan on old age homes

തലക്കെട്ട് കണ്ടതോടെ എന്നെ എറിയാന്‍ കല്ലെടുത്തവരോടും, മതത്തിന്റെയും ആര്‍ഷഭാരത സംസ്‌കാരത്തിന്റെയും കാവല്‍ മാലാഖമാരുമാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ക്കിവിടെ വെച്ചു വായന നിര്‍ത്താം. അതല്ല, കാലത്തിന്റെ മാറ്റത്തെ അംഗീകരിക്കുന്നവരുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തുടരാം.

ആധുനികരെന്നു കരുതി അഭിമാനിക്കുന്ന മലയാളിയുടെ സാംസ്‌കാരിക അധ:പതനത്തിന്റെ ചിഹ്നമായാണ് നാം വൃദ്ധസദനങ്ങളെ നോക്കി കാണുന്നത്. വാര്‍ധ്യക്യത്തില്‍ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളുടെ അവസാന ആശ്രയമായി വൃദ്ധസദനങ്ങള്‍ പരിണമിക്കുമ്പോള്‍ ഇങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടാവുന്നതും സ്വാഭാവികമാണ്.

അല്ലെങ്കില്‍ തന്നെ ഏതു കാര്യമാണ് മലയാളിക്ക് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അറിയാവുന്നത്? പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബാംഗങ്ങള്‍ തീന്‍ മേശക്ക് ചുറ്റുമിരുന്നു ഭക്ഷണത്തോടൊപ്പം മദ്യം അല്‍പ്പാല്‍പ്പമായി ആസ്വദിച്ച് കഴിക്കുമ്പോള്‍, ഇങ്ങു നമ്മുടെ നാട്ടില്‍ അതിന്റെ സ്ഥാനം കുട്ടികളും സ്ത്രീകളും കടന്നുവരാത്ത ഏതെങ്കിലും മൂലയിലായിരിക്കും. എന്നിട്ടോ, പശു കാടി കുടിക്കുന്നപോലെ ഉള്ളതെല്ലാം വലിച്ചു കേറ്റി വീട്ടാര്‍ക്കും, നാട്ടാര്‍ക്കും ഉപദ്രവമായി മാറുന്നു. പിറ്റേന്നു മുതല്‍ അവര്‍ തന്നെ മദ്യനിരോധനത്തിനെതിരെ പ്ലക്കാര്‍ഡ് ഏന്തുന്നു. ആഹാ, എത്ര മനോഹരമായ ആചാരങ്ങളല്ലേ?

ഇതുപോലെ തന്നെയാണ് വൃദ്ധസദനങ്ങളുടെ കാര്യവും. വികസിത രാജ്യങ്ങളില്‍ ഒരു നഴ്‌സറി സ്‌കൂളിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടോ അത്രത്തോളം തന്നെ പ്രാധാന്യം ഓള്‍ഡേജ് ഹോമിനും, ക്ലബ്ബിനും കൊടുക്കുന്നുണ്ട്. അതായത് ഗര്‍ഭസ്ഥ ശിശു മുതല്‍ വൃദ്ധര്‍ വരെ ആ രാജ്യത്തിന്റെ സ്വത്താണ് എന്ന ബോധ്യം അവര്‍ക്കുണ്ട്.

നമ്മുടെ നാട്ടില്‍ ഒരു മകനെ വിവാഹം കഴിപ്പിക്കുന്നതിന്റെ പ്രധാന കാരണം മാതാപിതാക്കള്‍ക്ക് ചൂടുവെള്ളം കാച്ചാനും, കുഴമ്പിടാനും, നേരത്തിനും കാലത്തിനും വെച്ചു വിളമ്പാനും ഒരാള്‍ ആവശ്യമായത് കൊണ്ടാണ് (ഭൂരിഭാഗവും). നമ്മുടെ പെണ്‍കുട്ടികളെല്ലാം തന്നെ പ്രൊഫഷണല്‍ കോഴ്‌സോ അതിനടുത്ത വിദ്യാഭ്യാസമോ നേടിയവരാണ്. എന്നാല്‍ ഇവരില്‍ എത്രപേര്‍ക്ക് വിവാഹ ശേഷം ജോലിയില്‍ തുടരാന്‍ സാധിക്കാറുണ്ട്? വളരെ ചെറിയൊരു ശതമാനം മാത്രം. അതു നിലനിര്‍ത്തണമെങ്കിലോ, അവള്‍ ഇരട്ടി ഭാരം ചുമക്കുകയും വേണം.

അല്ലെങ്കില്‍ തന്നെ ഏതു കാര്യമാണ് മലയാളിക്ക് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അറിയാവുന്നത്?

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് നോക്കിയാല്‍ അതു ചെന്നെത്തുന്നത് പരമ്പരാഗത ചിന്തകളുടെ കെണിയിലായിരിക്കും. 'കുടുംബത്തില്‍ പിറന്ന' പെണ്‍കുട്ടികളുടെ ലക്ഷണമാണ് ഇതെല്ലാമെന്ന അദൃശ്യചങ്ങലയില്‍ പല പെണ്‍കുട്ടികളുടെ ജീവിതവും വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്നു. എന്നാല്‍ അവരില്‍ ചുരുക്കം ചിലര്‍ ഇതിനെതിരെ ചിന്തിക്കുകയും, പുതു തലമുറയോടൊപ്പം ഓടിയെത്താത്ത പഴയതലമുറയെ അവഗണിക്കുകയും ഏതെങ്കിലും ഒരു പാതിരാത്രിയുടെ ഏഴാം യാമങ്ങളില്‍ മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്യുന്നു. അങ്ങനെ വൃദ്ധസദനത്തില്‍ എത്തുന്ന മാതാപിതാക്കളുടെ കദനകഥ വിറ്റ് ചാനലുകാരും മതപ്രഭാഷകരും, ലൈക് സമ്പാദ്യക്കാരും ജീവിക്കുന്നു.

നമ്മുടെ നാട്ടില്‍ മക്കള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് വേണ്ടിയാണ് വൃദ്ധസദനങ്ങളെങ്കില്‍ വികസിത രാജ്യങ്ങളില്‍ അവര്‍ അവരുടെ വാര്‍ദ്ധക്യം ആസ്വദിച്ച് തീര്‍ക്കാന്‍ സ്വയം തിരഞ്ഞെടുക്കുന്ന ഒന്നാണത്. അതായത് രാവും പകലുമുള്ള വ്യത്യാസം. ഇവിടെ ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുണര്‍ന്ന്, ഒരുമിച്ചു കുഞ്ഞുങ്ങളെയും, വീട്ടുജോലിയും നോക്കി ഒരുമിച്ചു ജോലിക്ക് പോകുന്നു.

ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുമ്പോള്‍ നമ്മുടെ നാട്ടില്‍ മാതാപിതാക്കളെ വീട്ടിലാക്കി പൂട്ടിയിട്ട് പോകേണ്ട ഗതികേട് ഇവര്‍ക്കില്ല. കാരണം 
കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുന്നതിനോടൊപ്പം മാതാപിതാക്കള്‍ ഓള്‍ഡേജ് ക്ലബ്ബുകളില്‍ പോകാനും ഒരുങ്ങും. കുഞ്ഞുങ്ങള്‍ക്ക് സ്‌കൂള്‍ ബസാണെങ്കില്‍ ഇവരെ കൊണ്ടുപോകാനും, കൊണ്ടുവന്നാക്കാനും ക്ലബ്ബുകളില്‍ നിന്നുള്ള വാഹങ്ങള്‍ ഉണ്ട്.

രാവിലെ പ്രഭാത ഭക്ഷണത്തില്‍ തുടങ്ങി വൈകിട്ട് വരെയുള്ള ആരോഗ്യപ്രദമായ ആഹാരം അവിടെ റെഡിയായിരിക്കും. പലവിധ വ്യായാമങ്ങളും, നൃത്തം, സംഗീതം, വായനശാലകള്‍, വിവിധതരം കളികള്‍, നീന്തല്‍, പൂന്തോട്ട പരിചരണം, ചിത്രമെഴുത്ത് എന്ന് തുടങ്ങി എല്ലാത്തരം സജീകരങ്ങളും ഇത്തരമിടങ്ങളില്‍ ഉണ്ടാവും. കൂടാതെ ചെറിയൊരു ആശുപത്രിയും ബ്യൂട്ടി പാര്‍ലറും കാണും.

വാര്‍ദ്ധക്യം എന്നത് ശൈശവത്തിലേക്കുള്ള തിരിച്ചു പോക്കായതു കൊണ്ട് തന്നെ പലപ്പോഴും പുത്തന്‍ തലമുറയെ ഉള്‍ക്കൊള്ളാനോ അവരോടൊപ്പം ചേര്‍ന്നു സഞ്ചരിക്കാനോ കഴിഞ്ഞെന്നു വരികയില്ല.

ഞാന്‍ മലമറിച്ചതു പോലെ എന്റെ മക്കളും മരുമക്കളും മറിക്കണം, അതുപോലെ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നൊക്കെ വാശി പിടിക്കുമ്പോഴാണ് തറവാടുകള്‍ ഏറ്റെടുക്കാന്‍ ഇന്ന് മക്കള്‍ മടിക്കുന്നതും വാര്‍ദ്ധക്യം വീട്ടുതടങ്കലാവുന്നതും ഏറെ താമസിയാതെ മാതാപിതാക്കളെ പടിയടച്ചു പിണ്ഡം വെക്കേണ്ടി വരുന്നതും.

അങ്ങനെ നമ്മുടെ വൃദ്ധസദനങ്ങളെല്ലാം കണ്ണീരിന്റെയും നെടുവീര്‍പ്പിന്റെയും കഥ പറയുമ്പോള്‍ ഇവിടെ ഇവര്‍ക്ക് സംസാരിക്കാനുള്ളത് അന്നത്തെ മാധ്യമവാര്‍ത്തകളും, തലേന്ന് കണ്ട സിനിമാ വിശേഷങ്ങളും, മാറി വരുന്ന ഫാഷന്‍ തരംഗങ്ങളെക്കുറിച്ചുമൊക്കെയാണ്.

മക്കളെ വളര്‍ത്തുമൃഗം പോലെ 'പോറ്റി'' വളര്‍ത്തുന്നവര്‍ക്ക് മക്കളുടെ യൗവനകാലം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കണം എന്നു പറയാന്‍ വലിയ ബുദ്ധിമുട്ടൊന്നും കാണില്ല. എന്നാല്‍ അവരെ ഒരു വ്യക്തിയായി കാണുന്നവര്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുള്ളവര്‍ക്കും വേഗത്തില്‍ കുതിച്ചോടാന്‍ ആഗ്രഹിക്കുന്ന മക്കളോട് നീ എന്റെ കൈപിടിച്ച് നടന്നാല്‍ മതിയെന്ന് പറയാനാവില്ല, പകരം അവരെ അവരുടെ ലക്ഷ്യത്തിലേക്ക് പോകാന്‍ അനുവദിക്കും. പോകും വഴിയില്‍ അവരുടെ ഒരു തിരിഞ്ഞു നോട്ടം, അല്ലെങ്കില്‍ ശ്രദ്ധ മതി ഞങ്ങള്‍ക്ക് എന്ന് സ്വയം തീരുമാനിക്കാനും യാഥാര്‍ഥ്യത്തെ അംഗീകരിക്കാനും കഴിയും.

തങ്ങളെ മനസ്സിലാക്കുന്ന സമപ്രായക്കാരായ ഒരുകൂട്ടം സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാനാവുന്നു എന്നതാണ് ഇതിന്റെ ഏറ്റവും നല്ല വശം. മക്കളോടൊപ്പം കഴിയുന്നവര്‍ക്ക് വൈകുന്നേരം തിരികെ പോകാവുന്നതാണ്. അതല്ലാത്തവര്‍ക്ക് ഓള്‍ഡേജ് ക്ലബ്ബുകളോട് ചേര്‍ന്ന് തന്നെ ഓള്‍ഡേജ് ഹോമുകളുമുണ്ട്. രണ്ടു മുറികളും അടുക്കളയും ഉള്‍പ്പെടുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഓരോ ഫ്‌ലാറ്റ് ഓരോരുത്തര്‍ക്കും ഉപയോഗിക്കാം. മക്കള്‍ക്ക് ഒഴിവു കിട്ടുന്നതിനനുസരിച്ച് അവരെ സന്ദര്‍ശിക്കാവുന്നതും ,അവരെ കൂടെ കൂട്ടാവുന്നതുമാണ്.

വാര്‍ദ്ധക്യം എന്നത് പുത്തന്‍ തലമുറയെ പുച്ഛിച്ചും, സ്വയം ശപിച്ചും, പിറുപിറുത്തും തീര്‍ക്കേണ്ട ഒന്നല്ല

കുറച്ചു കാലത്തേക്ക് മക്കള്‍ക്ക് വീട് വിട്ടു നില്‍ക്കേണ്ടുന്ന അവസ്ഥ വരുമ്പോള്‍ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമായാണ് ഓള്‍ഡേജ് ഹോമുകളെ കാണുന്നത്. ഇതിനു മാസം നിശ്ചിത സംഖ്യ ഫീസായി അടക്കുന്നു. വരുമാനമുള്ളവര്‍ സ്വന്തമായും അല്ലാത്തവരെ ഗവണ്മെന്റും സഹായിക്കുന്നു. ഓരോ സിറ്റിക്കും മനോഹരമായ ഓള്‍ഡേജ് ഹോമുകളുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ഗവണ്മെന്റ് തന്നെ അവരെ നിര്‍ബന്ധിക്കുന്നു എന്നതാണ് വാസ്തവം.

രത്‌ന ചുരുക്കം: വാര്‍ദ്ധക്യം എന്നത് പുത്തന്‍ തലമുറയെ പുച്ഛിച്ചും, സ്വയം ശപിച്ചും, പിറുപിറുത്തും തീര്‍ക്കേണ്ട ഒന്നല്ല. വേഗത്തില്‍ പായാന്‍ ആഗ്രഹിക്കുന്ന മക്കളുടെ വണ്ടിക്ക് ഒരിക്കലും നമ്മള്‍ വിലങ്ങാവരുത്. അവരെ അവരുടെ ജീവിതങ്ങള്‍ ആസ്വദിക്കാന്‍ അനുവദിക്കണം. കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങള്‍ ആയാലും മക്കള്‍ തങ്ങളുടെ ചൊല്പടിയില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആ വൃത്തികെട്ട പാരമ്പര്യമൊക്കെ അന്യം നില്‍ക്കണം.

മതങ്ങള്‍ക്കും, ഗൃഹാതുരത്വം പാകിമുളപ്പിക്കുന്ന സാഹിത്യകാരന്മാര്‍ക്കും കാരണവന്മാരെ മക്കളുടെ ആട്ടും തുപ്പും ഏല്‍ക്കാന്‍ വീട്ടില്‍ കെട്ടിയിട്ടേ മതിയാവു എന്ന വാശിയാണ്. എന്നാല്‍ ദുരഭിമാനത്തിന്റെ പേരില്‍ ഇരുകൂട്ടരും ജീവിതം നശിക്കുന്നതിലും നല്ലത് ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ഓള്‍ഡേജ് ഹോമുകള്‍ തന്നെയാണ്.

നമ്മുടെ സര്‍ക്കാര്‍ മേഖലയില്‍ ഗുണനിലവാരമുള്ള സ്ഥാപനങ്ങള്‍ ഉണ്ടാവുക എന്നത് വിദൂരസ്വപ്നമായതിനാല്‍ സഹകരണ സംഘങ്ങളായോ, പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിലോ ഗുണനിലവാരമുള്ള ഓള്‍ഡേജ് ഹോമുകള്‍ നിലവില്‍ വരണം.

ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ ഒരു നഴ്‌സറി സ്‌കൂളിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അതേ പ്രാധാന്യം അവസാന ഘട്ടത്തിലെ വാര്‍ദ്ധക്യം ചിലവിടുന്നതിനുള്ള വൃദ്ധസദനങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ, വിവേകമുള്ള പുത്തന്‍ വാര്‍ധ്യക്യത്തിന് വേണമൊരു പുതിയ തണല്‍.

NB: ഞാനീ പറഞ്ഞത് അത്രയും ഇന്നത്തെ യുവതലമുറയോടാണ്. അവര്‍ വാര്‍ധക്യത്തില്‍ എത്തുമ്പോള്‍ അത് ആസ്വദിച്ച് ജീവിക്കാനാവണം. ഇതെല്ലാം പാശ്ചാത്യ സംസ്‌കാരമല്ലേ, നമുക്കതു വേണോ എന്നൊക്കെ ചിന്തിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നമ്മുടേതെല്ലാം നല്ലത് എന്ന മൂഢസ്വര്‍ഗ്ഗത്തില്‍ നിന്നും നല്ലതിനെ എല്ലാം നമ്മുടേതാക്കുക എന്ന യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങി വരിക.

Follow Us:
Download App:
  • android
  • ios