Asianet News MalayalamAsianet News Malayalam

പാഡ് മാന്‍ ചലഞ്ച്: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുണ്ട്

ഒരു കിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ പുരുഷന്മാര്‍ രണ്ടു പ്രാവശ്യം റോഡരുകില്‍ കാര്യം സാധിക്കുമ്പോള്‍, സ്ത്രീകള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍, വീട്ടില്‍ വരണം ഒതുക്കിപ്പിടിച്ച വയറൊന്നഴിക്കാന്‍, നനഞ്ഞു കുതിര്‍ന്ന പാഡൊന്നു മാറ്റാന്‍.

Asha Susan on Pad man challenge
Author
Thiruvananthapuram, First Published Feb 7, 2018, 8:28 PM IST

സാനിറ്ററി നാപ്കിന്‍ കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ടിട്ട് ഇതൊക്കെ എന്തിനു വേണ്ടി, ആരെ കാണിക്കാന്‍, ചുമ്മാ ഓരോരോ പേക്കൂത്ത് എന്നോക്കെ പറയുന്നവരോടായി ചിലതു പറയാം.

Asha Susan on Pad man challenge

ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തിലെ പൊതുബോധത്തെ തച്ചുടക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധി സാമൂഹിക മാധ്യമങ്ങളാണ്. മനുഷ്യന്റെ പല തെറ്റായ കാഴ്ചപ്പാടുകളും തിരുത്താന്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്കു ചെറുതല്ല. അജ്ഞത കൊണ്ടു മാത്രം മോശമെന്ന് മുദ്രകുത്തപ്പെടുന്ന ചില പരിഹാസങ്ങളെ, ചില അപകര്‍ഷതാ ബോധങ്ങളെ തൂത്തെറിയാന്‍ സോഷ്യല്‍മീഡിയ ചലഞ്ചുകള്‍ക്ക് ഒരു പരിധിവരെ കഴിയും.

സാനിറ്ററി നാപ്കിന്‍ കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ടിട്ട് ഇതൊക്കെ എന്തിനു വേണ്ടി, ആരെ കാണിക്കാന്‍, ചുമ്മാ ഓരോരോ പേക്കൂത്ത് എന്നോക്കെ പറയുന്നവരോടായി ചിലതു പറയാം.

1) പെണ്‍കുട്ടികളുടെ കൈയ്യില്‍ സാനിറ്ററി നാപ്‌സിന്റെ പാക്കറ്റ് കാണുമ്പോള്‍ ബ്രഡാണോ, അതില്‍ ജാം പുരുട്ടി കാണിക്കുമോ എന്നുള്ള നിലവാരമില്ലാത്ത തമാശകളും കളിയാക്കലും ഇതോടെ ഇല്ലാതാവണം. അവള്‍ തെരഞ്ഞെടുക്കാതെ കിട്ടിയ സ്ത്രീ ജന്മത്തിന്റെ സവിശേഷതകളില്‍ ഒന്നു മാത്രമാണിതെന്നും അതിന്റെ പേരിലെന്നല്ല, ജന്മനാ കിട്ടുന്ന ഒരു സവിശേഷതയുടെ പേരിലും മറ്റുള്ളവരെ കളിയാക്കുന്നത് വ്യക്തിത്വമുള്ളവര്‍ക്കു ചേരുന്നതല്ലെന്നു പുതിയ തലമുറയിലെ കുട്ടികളെങ്കിലും തിരിച്ചറിയണം.

എത്ര പറഞ്ഞാലും നിലാവ് കണ്ടാല്‍ ഓരിയിടുന്ന കുറുക്കന്മാരെ പോലെ ചിലര്‍ വീണ്ടും കളിയാക്കിയേക്കാം. അതും കേട്ട്, ചൂളി തലയും താഴ്ത്തി പോവാതെ തിരിഞ്ഞു നിന്ന് ഇതിനെക്കുറിച്ചൊരു സ്റ്റഡി ക്ലാസ്സ് എടുത്തു കൊടുക്കാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്കുണ്ടാവണം. അതിലേക്കുള്ള ചുവട് വെപ്പാണിത്.

2) നിയമവിധേയമായി വില്‍ക്കപ്പെടുന്ന പാഡുകള്‍ നിയമവിരുദ്ധ സാധനങ്ങള്‍ വാങ്ങുന്നത് പോലെ ശബ്ദം താഴ്ത്തിയും ചുറ്റുപാട് കണ്ണോടിച്ചും വാങ്ങി, ആരും കാണാതെ ഒളിച്ചു കടത്തുന്ന കള്ളക്കടത്ത് അവസാനിപ്പിക്കണം. മടിക്കാതെ വാങ്ങാനും മറയ്ക്കാതെ കൈയ്യില്‍ പിടിക്കാനുമുള്ള ധൈര്യം പെണ്‍കുട്ടികള്‍ കാണിക്കണം.

3) ആണ്‍കുട്ടികള്‍ ഇതൊന്നും അറിയരുതെന്നും, ഇത്തരം വിഷയങ്ങളില്‍ തലയിടരുതെന്നും പറയുന്ന അമ്മമാരും, അദ്ധ്യാപികമാരും അറിയട്ടെ, ഇത് സമൂഹം മുഴുവനും അറിയേണ്ടതും കൃത്യമായ ബോധവല്‍ക്കരണം ആവശ്യമുള്ളതുമായ സംഗതിയാണെന്ന്. പെണ്‍കുട്ടികളോട് മര്യാദയോടെ പെരുമാറാനുള്ള ആദ്യപാഠങ്ങള്‍ വീട്ടില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും തുടങ്ങട്ടെ.

എത്ര പറഞ്ഞാലും നിലാവ് കണ്ടാല്‍ ഓരിയിടുന്ന കുറുക്കന്മാരെ പോലെ ചിലര്‍ വീണ്ടും കളിയാക്കിയേക്കാം

4) പൂമ്പാറ്റയെ പോല്‍ പാറി നടക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ കുഞ്ഞിച്ചിറകുകളെ (ഭൂരിഭാഗം) പിടിച്ചു കെട്ടുന്ന ദിനമാണ് ആദ്യമായി ആര്‍ത്തവരക്തം കാണുന്ന നാള്‍. 
നീയൊരു പെണ്ണായി, ഇനി അങ്ങനെ പാടില്ല, ഇങ്ങനെ പാടില്ല എന്ന് തുടങ്ങി അരുതുകളുടെ ചങ്ങലയില്‍ അവളുടെ ആത്മവിശ്വാസത്തെ പൂട്ടിയിടുന്ന എല്ലാ മാതാപിതാക്കളും അറിയണം, ആര്‍ത്തവമെന്നതു പെണ്‍കുട്ടികളെ തളച്ചിടാനുള്ള കൂച്ചു വിലങ്ങല്ലെന്ന്, അവളുടെ മുന്നോട്ടുള്ള കുതിപ്പിന് അതൊരു തടസ്സമേയല്ലെന്ന്. അതവളെ ബോധ്യപ്പെടുത്തി കൊടുത്ത് അവള്‍ക്ക് ധൈര്യം പകരാന്‍ വീട്ടുകാര്‍ക്ക് കഴിയണം.

5) ഭര്‍ത്താവിന്റെ പ്രിവിലേജില്‍ നില്‍ക്കുന്നവര്‍ മാസത്തിലെ നാലു ദിവസം മാത്രമെങ്കിലും ഒന്നു താഴേക്കിറങ്ങി അവരോടൊപ്പം നില്‍ക്കാന്‍ ശ്രമിക്കുക. ശാരീരിക അസ്വസ്ഥകളെക്കാള്‍ അവരെ കുഴപ്പിക്കുന്ന ഒന്നാണ് അപ്പോഴുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം. അനാവശ്യമായ ദേഷ്യം, വാശി, ഉത്കണ്ഠ എന്നു തുടങ്ങി പല മാനസിക അസ്വസ്ഥതകളും അനുഭവപ്പെടും. അപ്പോഴൊക്കെ അത് കണ്ട് അതിനൊപ്പം പൊട്ടിത്തെറിക്കാതെ സംയമനം പാലിച്ച് അവരെ ആശ്വസിപ്പിക്കാനും വീട്ടു ജോലികളില്‍ സഹായിക്കാനും (എപ്പോഴെങ്കിലും) ശ്രമിക്കുക. പങ്കാളിയുടെ സ്‌നേഹവും സാമീപ്യവും പരിചരണവും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സമയമാണത്.

6) ഇന്നും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മനഃപൂര്‍വ്വമോ അല്ലാതായോ നമ്മള്‍ മാറ്റി നിര്‍ത്തിയിട്ടുള്ളവരാന് ആദിവാസി വിഭാഗങ്ങള്‍. ഇന്നും പാഡ് പോയിട്ട് മാറ്റി ഉപയോഗിക്കാന്‍ വൃത്തിയുള്ള തുണിക്കു പോലും നിവൃത്തിയില്ലാത്ത അവരിലേക്കിറങ്ങി ചെല്ലാനും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കാനും പാഡുകള്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ തലത്തിലോ, സംഘടനകള്‍ വഴിയായോ അവരിലേക്കെത്താനും അവരെ പരിഗണിക്കാനും സാധിക്കട്ടെ.

7) ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും സഞ്ചരിക്കാന്‍ കൂടുതല്‍ നല്ല റോഡുകള്‍, പാലങ്ങള്‍, വെയ്റ്റിംഗ് ഷെഡുകള്‍, സ്മാരകങ്ങള്‍, പ്രതിമകള്‍, പാര്‍ട്ടി മന്ദിരങ്ങള്‍, തീര്‍ത്ഥാടനങ്ങള്‍ക്കുള്ള സബ്സിഡി, പൊങ്കാലകള്‍, സാധിക്കുമെങ്കില്‍ പഞ്ചായത്തുകള്‍ തോറും ഓരോ വിമാനത്താവളം സ്ഥാപിക്കുക എന്നിങ്ങനെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ മുങ്ങിപ്പോവുന്ന ഒന്നാണ് ജനസംഖ്യാ അനുപാതത്തില്‍ (മാത്രം) തുല്യത പങ്കിടുന്ന സ്ത്രീകളുടെ പ്രാഥമിക കൃത്യം നിര്‍വഹിക്കാനുള്ള അവകാശം. 

ഒരു കിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ പുരുഷന്മാര്‍ രണ്ടു പ്രാവശ്യം റോഡരുകില്‍ കാര്യം സാധിക്കുമ്പോള്‍, സ്ത്രീകള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍, വീട്ടില്‍ വരണം ഒതുക്കിപ്പിടിച്ച വയറൊന്നഴിക്കാന്‍, നനഞ്ഞു കുതിര്‍ന്ന പാഡൊന്നു മാറ്റാന്‍. ഇനി ഏതെങ്കിലും ശൗചാലയത്തില്‍ നിന്നും മാറ്റിയാല്‍ തന്നെ അവയെ വൃത്തിയായ രീതിയില്‍ ഉപേക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കാണില്ല. അവയെ പൊതിഞ്ഞു ബാഗില്‍ വെച്ചു തിരികെ വീട്ടില്‍ കൊണ്ടുപോകേണ്ട ദുര്‍വിധിയെക്കുറിച്ച് പ്രിവിലേജില്‍ നില്‍ക്കുന്നവര്‍ ചിന്തിക്കാറേയില്ല എന്നതാണ് സത്യം. സ്‌കൂളുകളിലും, ജോലിസ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും സ്ത്രീകളുണ്ടെന്നും, പരസ്യമായി ഉന്നയിക്കാന്‍ മടിക്കുന്ന ഇങ്ങനെ ചില ബുദ്ധിമുട്ടുകള്‍ അവര്‍ക്കുണ്ടെന്നും, അതു മനസ്സിലാക്കി അവരുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണ് തുറക്കാനും ദുരവസ്ഥ പരിഹരിക്കാനും ഗവണ്മെന്റിനു കഴിയട്ടെ.

8) തെരഞ്ഞെടുക്കാതെ കിട്ടിയ പുരുഷജന്മത്തിന്റെ പേരിലും, വിവരവും വിദ്യാഭ്യാസവും സമ്പത്തുമുള്ള മാതാപിതാക്കള്‍ക്ക് ജനിച്ചതിന്റെ പേരിലുള്ള എല്ലാ പ്രിവിലേജിലും ജീവിക്കുന്ന പെണ്‍കുട്ടികളും കുലസ്ത്രീകളും മനസ്സിലാക്കേണ്ട ഒന്നുണ്ട്; നമ്മള്‍ അനുഭവിക്കാത്ത, നമ്മുടെ കണ്ണില്‍ കാണാത്ത, കണ്ടാലും മനസ്സിലാകാത്ത പല വിവേചനങ്ങളും വേദനകളും ഒറ്റപ്പെടലും കളിയാക്കലുകളും നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തിലുണ്ട്. അതനുഭവിക്കുന്നവരോടൊപ്പം തോള്‍ കൊടുത്തു ചേര്‍ന്ന് നിന്നില്ലെങ്കിലും അവരെ പരിഹസിക്കാതിരിക്കുക. അദ്ധ്വാനിച്ചു നേടുന്ന പ്രിവിലേജില്‍ മാത്രം അഭിമാനം കണ്ടെത്തുക.

സ്വയം അശുദ്ധി കല്‍പിച്ചു സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള ഒന്നല്ല ആര്‍ത്തവം. 

9) ഇതിനേക്കാളെല്ലാം ഉപരി ഓരോ പെണ്‍കുട്ടിയും തിരിച്ചറിയുക, സ്വയം അശുദ്ധി കല്‍പിച്ചു സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള ഒന്നല്ല ആര്‍ത്തവമെന്നത്. 

അശുദ്ധിയുടെ ലേബല്‍ ഒട്ടിച്ച് ആരാധനാലയത്തില്‍ പോവരുതെന്നു വിലക്കുന്നവരോട്, ആര്‍ത്തവം അശുദ്ധിയാണെന്നു ദൈവം നേരിട്ട് വന്നു പറയാത്തിടത്തോളം ഞങ്ങള്‍ ശുദ്ധിയുള്ളവരാണെന്നും ആരാധനാ സ്വാതന്ത്ര്യം പൗരന്റെ അവകാശമാണെന്നും ഉറപ്പിച്ചു പറയുക. ആര്‍ത്തവ അശുദ്ധിയെ മാത്രമല്ല നമ്മില്‍ ഭയവും, ആത്മവിശ്വാസമില്ലായ്മയും, അപകര്‍ഷകതയും കുത്തിനിറയ്ക്കുന്ന ഏതൊരു ആചാരത്തെയും, വിശ്വാസത്തെയും, പൊതുബോധത്തെയും കുഴിച്ചു മൂടി അതിന്റെ മുകളില്‍ ആത്മവിശ്വാസത്തിന്റെ തൈ നടുക.

10) വിപ്ലവകരമായ ഏതൊരു മാറ്റവും ഒരു രാത്രി കൊണ്ടു പൊട്ടിവീഴുന്നതല്ല. അതുകൊണ്ടു വലിയ മാറ്റത്തിന്റെ തുടക്കത്തിന് ഈ ചെറിയ പാഡുകള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

പാഡ് മാന്‍ ചലഞ്ചിന് ഐകദാര്‍ഢ്യം.

ഒന്നുകൂടി:
ആര്‍ത്തവരക്തം പവിത്രമാണെന്നോ, തലമുറകള്‍ നിലനിര്‍ത്താന്‍ അത് വേണമെന്നതു കൊണ്ട് അതിനെ പുണ്യമായി കാണണമെന്നോ, അതിനെ കളിയാക്കുന്നവരോട് അമ്മയ്ക്കും സഹോദരിക്കും വിളിക്കുന്നതിനോട് തീര്‍ത്തും വിയോജിപ്പ്. പ്രസവം പോലെ ഇതൊരു ചോയ്സ് ആയിരുന്നെങ്കില്‍ ഇത്ര മഹത്വവല്‍ക്കരിക്കുന്ന ഒരു സ്ത്രീയും എല്ലാ മാസവും നനഞ്ഞൊട്ടിയ പാഡുകള്‍ ഉരസി തുട പൊട്ടി നീറ്റല്‍ അനുഭവിക്കാന്‍ നില്‍ക്കില്ലായിരുന്നു. അതുകൊണ്ട് ഒരു തിരഞ്ഞെടുപ്പിന് ചാന്‍സില്ലാത്തതു കൊണ്ട് മാത്രം സഹിക്കുന്ന ഒന്നിനെ മഹത്വവല്‍ക്കരിച്ചല്ല മറ്റുള്ളവരെ മനസ്സിലാക്കി കൊടുക്കേണ്ടത്, കാര്യകാരണങ്ങള്‍ വ്യക്തമാക്കുന്ന വിവരണത്തിലൂടെ ആവണം.

Follow Us:
Download App:
  • android
  • ios