magazine
By Web Desk | 03:55 PM July 12, 2018
'പശുവിനുവേണ്ടി അവര്‍ അവര്‍ എന്നെയും കൊന്നേനെ!'

Highlights

  • ഇപ്പോള്‍ രണ്ടോ മൂന്നോ പേരില്ലാതെ ഞാന്‍ വീടിനു പുറത്തിറങ്ങാറില്ല
  •  കാരണം എനിക്ക് ഭയമാണ്
  •  എനിക്ക് നീതി വേണം
  • അത് കിട്ടിയേ തീരൂ

കഴിഞ്ഞ ഏപ്രില്‍ ഒന്നിനായിരുന്നു ആ അരുംകൊല. രാജസ്ഥാനിലെ ജയ്പ്പൂരില്‍, കന്നുകാലിക്കടത്തുകാരെന്ന് പറഞ്ഞ് നുഹു സ്വദേശിയായ പെഹ്‌ലു ഖാനെന്ന 55കാരനെ ബജ്‌റംഗ് ദള്‍ നേതൃത്വത്തില്‍ എത്തിയ സംഘം തല്ലിക്കൊന്നു. ഒപ്പമുണ്ടായിരുന്ന ക്ഷീരകര്‍ഷകനായ അസ്മത് ഖാന്‍ അടക്കം നാലുപേര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടുവെങ്കിലും രക്ഷപ്പെട്ടു. ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും വ്യക്തമായ രേഖകളോടെ അസ്മത് ഖാന്റെ നൂഹിലുള്ള ഫാമിലേക്ക് പശുവിനെ കൊണ്ടുവന്നതായിരുന്നു സംഘം. കന്നുകാലിക്കടത്തുകാരെന്ന് പറഞ്ഞാണ് ആയുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തിയത്. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞു. കേസില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. കന്നുകാലിക്കടത്തുകാരെന്നു പറഞ്ഞ് ഇവര്‍ക്കെതിരെ ആള്‍വാര്‍ പൊലീസ് കേസ് എടുക്കുകയും ചെയ്തു. അന്ന് അക്രമണത്തില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട അസ്മത് ഖാന്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ആ ദിവസത്തെക്കുറിച്ചും അതു കഴിഞ്ഞുള്ള അനുഭവങ്ങളെക്കുറിച്ചും അസ്മത് ഖാന്‍ സംസാരിക്കുകയാണിവിടെ. കാരവന്‍ മാസിക പ്രസിദ്ധീകരിച്ചതാണ് ഈ വീഡിയോ: 

2015 മുതല്‍ ഇതുവരെ 27 മുസ്ലീങ്ങളാണ് ഇന്ത്യയില്‍ സമാനമായ രീതിയില്‍ ആള്‍ക്കൂട്ട അക്രമത്തിനിരയായിട്ടുള്ളത്. അതിലേറെയും പശുവിന്റെ പേരില്‍. വിവിധ ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു അക്രമങ്ങള്‍ക്ക് പിന്നില്‍.
 

കാരവന്‍ മാഗസിന്‍, ഫീച്ചേഴ്സ് സ്റ്റോറീസ് ഏഷ്യ തയ്യാറാക്കിയ വീഡിയോയിലെ പ്രസക്തഭാഗങ്ങള്‍ (സ്വതന്ത്ര പരിഭാഷ). 

അസ്മത് ഖാന്‍: 'ആ അക്രമകാരികള്‍ ഒരിക്കല്‍പോലും നമ്മളെ കുറിച്ച് ചോദിച്ചില്ല. എവിടെനിന്ന് വരുന്നു എന്നുപോലും. പശുവിനെ വാങ്ങിയതിന്‍റെ എല്ലാ കടലാസുകളും നമ്മുടെ കയ്യിലുണ്ടായിരുന്നു. അവര്‍ നേരെ വന്ന് ഞങ്ങളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. 'അവര്‍ മുസ്ലീങ്ങളാണ്, സുന്നത്ത് ചെയ്തവരാണ്, അവരെ കത്തിച്ചുകളയ്' എന്നെല്ലാം അവരതിനിടയില്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവര്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദള്‍ പ്രവര്‍ത്തകരായിരുന്നു. അവര്‍ 'ജയ് ശ്രീറാം' എന്ന് വിളിക്കുകയും പശുക്കളെ 'മാതാവെ'ന്ന് അഭിസംബോധന ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇപ്പോഴും പോലീസവരെ അറസ്റ്റ് ചെയ്തിട്ടില്ല. സിബി സിഐഡി (ക്രൈം ബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ) അവര്‍ക്ക് ക്ലീന്‍ ചീട്ടും നല്‍കിയിരിക്കുകയാണ്. ജീവിതത്തിലെ എന്‍റെ ഒരേയൊരു സ്വപ്നം നല്ലൊരു ക്ഷീര കര്‍ഷകനാവുകയെന്നതാണ്. എന്‍റെ പൂര്‍വ്വികരെല്ലാം അത് തന്നെയാണ് ചെയ്തിരുന്നത്. അവരെയെല്ലാം പോലെ എന്‍റെ ജോലിയില്‍ ഉയരണമെന്ന് എനിക്കും ആഗ്രഹമുണ്ട്. അതിലൂടെ അവര്‍ക്ക് നല്ലൊരു പേരുണ്ടാക്കി നല്‍കണമെന്നും. അത് മാത്രമാണ് ഞാനാഗ്രഹിച്ചിരുന്നത്. അപ്പോഴാണ് ഈ സംഭവമുണ്ടാകുന്നത്.

നേരത്തേ, ഞാനെല്ലാ ജോലിയും ചെയ്യുമായിരുന്നു. എന്നാലിന്ന് മര്‍ദ്ദനമേറ്റത് കാരണം ഭാരം വഹിക്കാനൊന്നും വയ്യ. അതുപോലെത്തന്നെ പാടത്തിലെ കൃഷിപ്പണിയും ചെയ്തുകൊണ്ടിരുന്നതാണ്. അതിനും പറ്റാതായി. മര്‍ദ്ദനമേറ്റയിടത്തെല്ലാം പ്രശ്നങ്ങളാണ്. നേരത്തേ പശുക്കളുണ്ടായിരുന്നപ്പോള്‍ കാര്യങ്ങളെല്ലാം നല്ല രീതിയിലാണ് പോയിക്കൊണ്ടിരുന്നത്. കാരണം, പശുവിനെ പോറ്റാന്‍ ചെറിയ ചിലവേ വരൂ. കുറച്ച് പുല്ലും വൈക്കോലുമേ അതിന് വേണ്ടതുള്ളൂ. എന്നാലിപ്പോള്‍  ഞങ്ങള്‍ക്ക് എരുമ മാത്രമേയുള്ളൂ. അതിനെ വളര്‍ത്തുക വളരെ ചിലവുള്ള കാര്യമാണ്. പശുവിനെ അപേക്ഷിച്ച് കൂടുതല്‍ ഭക്ഷണവും വേണം.' 

അസ്മത് ഖാന്‍റെ ഭാര്യ പറയുന്നു: 'ഈ വീട്ടിലെ ഒരേയൊരു വരുമാന ദാതാവ് എന്‍റെ ഭര്‍ത്താവാണ്. ഞങ്ങള്‍ക്ക് രണ്ട് മക്കളുണ്ട്. ഭര്‍ത്താവിന്‍റെ സഹോദരിയെ കല്ല്യാണം കഴിച്ചയക്കണം. അദ്ദേഹത്തിന്‍റെ സഹോദരന്‍ വികലാംഗനാണ്. അച്ഛനാകട്ടെ നല്ല പ്രായമുള്ള ആളാണ്, അതിനാല്‍ അദ്ദേഹത്തിനും ജോലിക്ക് പോകാനാകില്ല. ഈ സംഭവത്തിനു ശേഷം ഞങ്ങളെല്ലാം വലിയ പ്രയാസത്തിലാണ്.' 

അസ്മത് ഖാന്‍ തുടരുന്നു: 'നേരത്തേ ഞാനൊറ്റയ്ക്ക് പുറത്തുപോവുമായിരുന്നു. പക്ഷെ, ഇപ്പോള്‍ രണ്ടോ മൂന്നോ പേരില്ലാതെ ഞാന്‍ വീടിനു പുറത്തിറങ്ങാറില്ല. കാരണം എനിക്ക് ഭയമാണ്. എനിക്ക് നീതി വേണം. അതിനു വേണ്ടി എന്‍റെ സ്ഥലവും എല്ലാ സമ്പാദ്യങ്ങളും വില്‍ക്കാനും ഞാന്‍ തയ്യാറാണ്. എന്ത് വിലകൊടുത്തായാലും എനിക്ക് നീതി കിട്ടിയേ തീരൂ. എനിക്ക് ദേഷ്യമുണ്ട്. പകരം വീട്ടണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, എന്‍റെ പകരം വീട്ടല്‍ കോടതിയിലൂടെ മാത്രമാകും. കോടതി എനിക്ക് നീതി തന്നാല്‍ അതാണെന്‍റെ പ്രതികാരം. കോടതി അവരെ ശിക്ഷിക്കണം. അതാണെന്‍റെ പ്രതികാരം. അവരെ ഉപദ്രവിച്ചുകൊണ്ടോ, തിരിച്ചക്രമിച്ചുകൊണ്ടോ, കൊന്നുകൊണ്ടോ പകരം വീട്ടുന്നത് തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോടതിയിലൂടെ നീതിക്കായി ഞാന്‍ പോരാടും.' 

 


 

Show Full Article


Recommended


bottom right ad