Asianet News MalayalamAsianet News Malayalam

തീവ്രസൗഹൃദങ്ങളുടെ ഓണ്‍ലൈന്‍ ആകാശത്ത് ഇനി ഹരികൃഷ്ണനില്ല!

Au revoir Harikrishnan
Author
Thiruvananthapuram, First Published Jun 28, 2016, 9:43 AM IST

തിരുവനന്തപുരം: ഒരേ ആകാശങ്ങളില്‍ സഞ്ചരിക്കുന്ന മനുഷ്യരെ ചേര്‍ത്തുവെക്കുന്ന ഇടമായിരുന്നു ആദ്യകാലങ്ങളില്‍ മലയാളത്തിലെ ബ്ലോഗ് ഇടം. അവിടെ ഒത്തുചേര്‍ന്ന മനുഷ്യരില്‍ പലരും പിന്നീട് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയാ ഇടങ്ങളിലും സ്‌നേഹസൗഹൃദങ്ങളോടെ ചേര്‍ന്നു നിന്നു. മലയാളം ഓണ്‍ലൈന്‍ ഇടത്തിന്റെ വികാസ പരിണാമ കാലങ്ങളിലെല്ലാം അനേകം മനുഷ്യരെ ഒന്നിച്ചുചേര്‍ത്തുവെച്ച അത്തരമൊരാള്‍ ഇന്നലെ വിടപറഞ്ഞു. ആദ്യകാല ബ്ലോഗര്‍മാരില്‍ ഒരാളും പരസ്യ ചിത്ര സംവിധായകനുമായ സി. ഹരികൃഷ്ണന്‍. പരാജിതന്‍ എന്ന ബ്ലോഗിലൂടെ സ്വയം പകര്‍ത്തിയ ഹരികൃഷ്ണന്‍ പിന്നീട് ഫേസ്ബുക്കിലും സജീവമായിരുന്നു. 

രക്താര്‍ബുദത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃതാ ആശുപത്രിയിലായിരുന്നു ഹരികൃഷ്ണന്റെ അന്ത്യം. ആ ഇല്ലായ്മ ഓണ്‍ലൈന്‍ ലോകത്ത് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. മനുഷ്യപറ്റിന്റെ ഭാഷയില്‍ ലോകത്തോട് സംവദിച്ച ആ മനുഷ്യന്‍ സഹജീവികളുടെ ഹൃദയങ്ങളില്‍ അത്രയ്ക്ക് ആഴത്തില്‍ പതിഞ്ഞുചേര്‍ന്നിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഫേസ്ബുക്കില്‍ എഴുതപ്പെട്ട ഈ കുറിപ്പുകള്‍. പല കാലങ്ങളില്‍,പല തലങ്ങളില്‍ ഹരികൃഷ്ണനുമായി ഇഴയടുപ്പമതുണ്ടായിരുന്ന അനേകം പേരുടെ കുറിപ്പുകളില്‍നിന്ന് തെരഞ്ഞെടുത്ത ചില കുറിപ്പുകളാണ് ഇവിടെ: 

Au revoir Harikrishnan

Bilu Padmini Narayanan:

ഹരികൃഷ്ണൻ, പരാജിതൻ എന്ന പേരിൽ പ്രശസ്തമായ ബ്ളോഗ് എഴുതിയിരുന്ന, ഒട്ടേറെപ്പേരുടെ വിലപ്പെട്ട സുഹൃത്തായിരുന്ന ഹരി ജീവിതം വിട്ടുപോയി, അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ....

കണ്ടിട്ട് എന്നതിനേക്കാൾ കേട്ടറിവാണ്..എന്റെ ഭർത്താവിന്റെ ആത്മസുഹൃത്തായി..കൂട്ടത്തിൽ ചേരാത്ത കാണിയായി ചെറ്റപ്പുരസിദ്ധാന്തങ്ങളുമായി ഞാൻ മാറിനിൽക്കുമ്പോൾ തീയിൽ കുരുത്തവർക്കു മാത്രം ഉണ്ടാവുന്ന വാടാത്ത ചിരിയോടെ മറ്റാർക്കുമില്ലാത്ത ജീവിതത്തിന്റെ പൊള്ളുന്ന വെയിലത്ത് നിങ്ങളെ അറിഞ്ഞിട്ടുണ്ട്..
ഭാര്യയുടേയും രണ്ടുമക്കളുടെയും പരിഹാരമില്ലാത്ത രോഗാവസ്ഥയെ അസാമാന്യധൈര്യത്തോടെ നേരിട്ടവനാണ്...
സുഹൃത്തേ... നിങ്ങളിൽ നിന്ന് അപഹരിക്കപ്പെട്ട സമയമാണ് തുഛസങ്കടങ്ങളുടെ, അഹന്തകളുടെ മുകളിൽ ഞങ്ങൾ ശ്വസിച്ചുതീർക്കുന്നത് എന്നത് പേടിപ്പിക്കുന്നു...തല കുനിപ്പിക്കുന്നു..
സലാം.....

Sereena Rafi

പ്രിയപ്പെട്ടവരെല്ലാം അടർന്നടർന്നു തീർന്ന് ഒടുവിൽ മരണം നക്കിയ ഒരു എല്ലിൻ കൂടായി നമ്മൾ മാറും .അവസാനമായി നിന്നോട് പറഞ്ഞ നുണയ്ക്ക് മാപ്പ് . നീ പറഞ്ഞ മീൻകറി വെച്ചു കൊണ്ടു വരാൻ പാടില്ലാത്തതു കൊണ്ടാണ് , നിനക്കത് കഴിക്കാൻ പാടില്ലാത്തതു കൊണ്ടാണ് , അതില്ലാതെ നിന്റടുത്തേയ്ക്കു വരാൻ തോന്നാത്തതു കൊണ്ടാണ് പനിയാണെന്ന് നുണ പറഞ്ഞത് ..പക്ഷെ എല്ലാ തീയിൽ നിന്നുമെന്ന പോലെ ചിരിച്ചു കൊണ്ടുനീ തിരിച്ചു വരുമെന്ന്എനിക്കുറപ്പായിരുന്നു :( ഉറപ്പില്ലായ്മകളെ കുറിച്ചു ആറര കൊല്ലം മുൻപ് നമ്മൾ മിണ്ടിയ ചാറ്റ് വീണ്ടും വായിക്കുന്നു .. സങ്കടപ്പെടുന്നൊരു യാത്രാമൊഴി നിനക്കിഷ്ടമാവില്ല . പൊയ്ക്കോളൂ , എപ്പോഴെങ്കിലും കാണുംവരെ സലാം .

Au revoir Harikrishnan
T.p. Vinod

2006 ൽ ബ്ലോഗിൽ പോസ്റ്റ് ചെയ്ത ഒരു കവിതയ്ക്ക് കമന്റ് ചെയ്താണ് Hari Krishnan എന്നോട് ആദ്യമായി മിണ്ടുന്നത്. നല്ലത് പറഞ്ഞുകൊണ്ടുമാത്രം കമന്റുകൾ ഇടുന്ന പ്രവണതയുണ്ടായിരുന്ന അക്കാലത്തെ ബൂലോക കാലാവസ്ഥയിൽ നിന്ന് വിഭിന്നമായി നല്ല വൃത്തിയുള്ള വിമർശനമായിരുന്നു അയാൾക്ക് ആ കവിതയെപ്പറ്റി പറയാനുണ്ടായിരുന്നത്. അത്രമേൽ കൃത്യതയും സ്നേഹവുമുള്ള വിമർശനം. അതിൽപ്പിന്നെ എന്തെഴുതിയാലും അങ്ങോട്ടുമിങ്ങോട്ടും വായിക്കുകയും ആസ്വദിക്കുകയും ചെയ്യുമായിരുന്നു. സൗന്ദര്യബോധത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒരേ ചേരികളിലായിരുന്നു എപ്പോഴും.

ഇന്റർനെറ്റിൽ എനിക്ക് കിട്ടുന്ന ഇടങ്ങളിൽ എന്തെങ്കിലുമൊക്കെ എഴുതിയിടുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ അയാൾ കൂടി വായിക്കുമല്ലോ എന്ന് തോന്നിയിരുന്നത് എത്ര പ്രസരിപ്പുള്ള ഒരുറപ്പായിരുന്നു എന്ന് ഓർത്തുപോവുന്നു.

വിഷ്ണുപ്രസാദിന്റെ ആദ്യത്തെ ബുക്ക് (കുളം+പ്രാന്തത്തി) ഹരിയേട്ടൻ മുൻകൈ എടുത്താണ് പ്രസിദ്ധീകർച്ചത്. അതിനുശേഷം എന്റെ ബുക്ക് ഇറക്കണമെന്നും, അതിന് എഡ്‌വേഡ് മങ്കിന്റെ ‘നിലവിളി‘ എന്ന പ്രശസ്ത ചിത്രത്തെ അടിസ്ഥാനപ്പെടുത്തി കവർ ചെയ്യാമെന്നും പറഞ്ഞിരുന്നു. അത് നടന്നില്ല. പുസ്തകം വേറൊരു വഴിയിൽ പുറത്തുവന്നപ്പോൾ അതിന്റെ കൂടെ എല്ലാ ഉൽസാഹത്തോടെയും കൂട്ട് ചേർന്നിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്ന് എഫ്.ബി യിൽ ചാറ്റ് ചെയ്തിരുന്നു. പിന്നെ കാണാം എന്നും ചിയേഴ്സ് എന്നുമാണ് അവസാനം പറഞ്ഞത്. ഞാനത് ആവർത്തിക്കുന്നു.. പിന്നെ കാണാം, ചിയേഴ്സ്..

 

Niranjan TG

ബ്ലോഗുകളുടെ വസന്തകാലത്ത് രൂപപ്പെട്ട പുതിയ എഴുത്തിന്റെ ചങ്ങാത്തങ്ങളുടെ നാലാമിടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടയാളായിരുന്നു പരാജിതൻ എന്ന പേരിൽ എഴുതിയിരുന്ന ഹരികൃഷ്ണൻ. ഹരി അസുഖമായി കിടക്കുന്നു എന്ന് അറിഞ്ഞത് Rajeeve Chelanat പറഞ്ഞിട്ടാണ്. അമൃതാ ആശുപത്രിയിൽ ലൂക്കേമിയക്ക് ചികിത്സയിൽ ആയിരുന്ന ഹരി നമ്മെ വിട്ടുപോയി എന്നറിഞ്ഞത് കുറച്ചു മുമ്പ്.. മൂന്നു സമുദ്രങ്ങൾക്കിപ്പുറമിരുന്നുകൊണ്ട് ഹരി ബാക്കിവെച്ചുപോയ എഴുത്തിന്റെ ലോകത്തെ ആദരവോടെ നമിക്കുന്നു..
സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു 
 

Manu Gupthan

ഇന്നലെ ഇവിടെ നിന്ന് പ്രൊഫൈൽ പൂട്ടി ഒരിക്കൽ കൂടി ഇറങ്ങിയതാണ്. പക്ഷെ ഹരിയേട്ടൻ എന്നൊന്ന് ഓൺലൈനിൽ എഴുതാതെ വയ്യ. ഒരിക്കലും കണ്ടിട്ടില്ലാത്ത, ടെക്സ്റ്റ്ചാറ്റിലല്ലാതെ മിണ്ടിയിട്ടില്ലാത്ത എനിക്കിത്ര നോവുന്നെങ്കിൽ, ആരൊക്കെ എവിടൊക്കെ ഈ രാത്രി ഉണർന്നിരിക്കുന്നുണ്ടാവും.... 
 

Au revoir Harikrishnan

Rafeek Umbachy

ഒരിക്കൽ തമ്മിൽ കണ്ടിരുന്നു, ഒരിക്കലേ കണ്ടിട്ടുള്ളൂ. കാണേണ്ട കാര്യമൊന്നും പിന്നെ ഉണ്ടായിരുന്നില്ല. കാരണം ഒരുപാട് പേർക്ക് എന്നെ കാട്ടിക്കൊടുത്തു കൊണ്ട് ഈ ചെറിയവന്റെ, അവനേക്കാൾ കുറിയവന്റെ ജീവിതത്തിൽ ഇടപെട്ടു കളഞ്ഞിരുന്നു ഹരി.

സജിനയുടെ മുഖം മറന്നു പോയല്ലോ, റബി വലുതായി ചുള്ളനായല്ലോ എന്നൊക്കെ സ്വകാര്യങ്ങളും സന്തോഷങ്ങളും അന്വേഷിക്കുന്ന ബ്ലോഗു കാലത്തു നിന്നുള്ള ഒരാളും ഹരി ആയിരുന്നു. ദുബായിൽ വരേണ്ടതുണ്ട്, മൂന്നാലു ദിവസം കാണുമെന്നു പറഞ്ഞിരുന്നു. ഹരി എന്നാൽ ശരിക്കും അപരാജിതനല്ലേ എന്നു ചോദിച്ചതിനു ലൂസിംഗ് ഒരു ശീലമായാൽ പിന്നെ നേരെ തിരിച്ചാണു തോന്നുക എന്നു പറഞ്ഞിരുന്നു. വി.എസ് മുമ്പ് ആറാട്ടുമുണ്ടൻ എന്നു പറഞ്ഞപ്പോ അതെന്താ സംഗതീന്നു ചോദിച്ചതൊക്കെ ഇപ്പോൾ ചാറ്റിൽ കാണുന്നു. ഉടനടി കിട്ടി അതാരാണെന്നും വകുപ്പെന്താണെന്നും ഉത്തരം.

ഞാൻ എഴുതുന്നതു കവിത തന്നെയെന്നു ഉറപ്പു തന്ന കൃഷ്ണനായിരുന്നു പഹയൻ. പോയ്ക്കളഞ്ഞു. കരയാനും പറ്റുന്നില്ല. അവനു പുച്ഛമായിരിക്കുമത്. ഞാനെന്നെയും അവനെയും വായിച്ചു നോക്കുന്നു..വേറെ ഒന്നിനുമുള്ള ജീവിതമില്ല.
ഒപ്പരം ബ്ലോഗിൽ ഹരി എഴുതിയ കമന്റ്.
http://umbachy.blogspot.ae/2007/02/blog-post_20.html…

അതു പോരെന്നു തോന്നിയിട്ട് സ്വന്തം ബ്ലോഗിൽ വിശദാമായിട്ട എഴുത്ത്.
http://parajithan.blogspot.ae/2007/02/blog-post_21.html

ആ കാലം.. “പലപ്പോഴും നമ്മള്‍ "അതൊക്കെ ഒരു കാലം!" എന്ന്‌ ആനന്ദത്തോടെ പറയുന്നത്‌ നിരന്തരപരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച്‌ തന്നെയല്ലേ“ എന്നു ചോദിച്ച അവനോടിനി ചിലപ്പോഴെങ്കിലും അങ്ങനെയല്ല എന്നു പറയാൻ ഇനിയൊരു വഴിയുമില്ല.
 

Ragesh Kp

മൂന്നോ നാലോ തവണ മാത്രം നേരിൽ കാണുകയും വല്ലപ്പോഴും മാത്രം ഓൺലൈനിൽ സംസാരിയ്ക്കുകയും ചെയ്തിട്ടുള്ള ഒരാളോടും ഇത്രയ്ക്കടുപ്പം തോന്നിയിട്ടില്ല. കലയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഇത്ര തെളിമയോടെ സംസാരിയ്ക്കുന്ന അധികം പേരെയൊന്നും ഓൺലൈനിൽ കണ്ടിട്ടില്ല..നിങ്ങളിത്ര നേരത്തേ പോവേണ്ടിയിരുന്നില്ല ഹരിയേട്ടാ..
Farewell Comrade.. :(

Au revoir Harikrishnan

Manu Gupthan

2006 ന്റെ ഒടുക്കത്തിലോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ ബ്ലോഗിൽ 'സാക്ഷി' എന്നൊരു പോസ്റ്റ് എഴുതിയിരുന്നു. ആ പോസ്റ്റിൽ 'ദേവൻ പറഞ്ഞിട്ടു വന്ന് വായിച്ചതാണ്, നന്നായി കഥപറയാം മനുവിന്' എന്നൊരു കമന്റിൽ നിന്നാണ് ഹരിയേട്ടനുമായുള്ള പരിചയം.

എന്റെ കഥ പിന്നെ അധികമൊന്നും വളർന്നില്ല. പക്ഷെ ഹരിയേട്ടനോടുള്ള സ്നേഹവും ആദരവും എന്നും വളർന്നിട്ടേയുള്ളൂ. ചെറിയ ചെറിയ വിനിമയങ്ങൾ, മിക്കപ്പോഴും എഴുത്തുമായി ബന്ധപ്പെട്ട്.

നിലപാടിന്റെ വ്യക്തതയും അനന്യസാധാരണമായ, ഒരിക്കലും പൈങ്കിളിയിലേക്ക് വഴുതിപ്പോകാത്ത മനുഷ്യത്തവുമാണാ വ്യക്തിയുടെ മുഖമുദ്രയെന്ന് തോന്നിയിട്ടുണ്ട്--ഓൺലൈൻ പ്രൊഫൈൽ ബിൽഡിംഗിന്റെ എല്ലാ പരിമിതിയും അറിയുമ്പോഴും അത് സത്യമായിരുന്നു എന്ന് ഇന്നുവായിക്കുന്ന സങ്കടക്കുറിപ്പുകളിൽ നിന്ന് ആഴപ്പെടുന്നു. ഒരുപാടുവേദനകളിൽ പതറാതെ നിന്ന പോരാളിയെന്നുകൂടി ഇടക്കെങ്ങോ അറിഞ്ഞ കഥകളിൽ നിന്ന് പ്രൊഫൈൽ പുതുക്കിയിരുന്നു.

ഓൺലൈൻ വ്യക്തിത്വവും ഓഫ് ലൈൻ ജീവിതവും രണ്ടായിട്ടുതന്നെ സൂക്ഷിക്കുന്ന എനിക്ക് ഹരിയേട്ടൻ ചുറ്റുമുള്ളവരോടുള്ള വിനിമയങ്ങളിലൂടെ പുറത്തേക്ക് വഴികണ്ടെത്താനാകാത്ത ശൂന്യതയാണിനി. ചിലവാക്കുകളും ഞാനും മാത്രമായി ചുരുങ്ങിപ്പോകുന്ന ഒരിടം. ജ്യോനവൻ യാത്രയായപ്പോൾ ഇങ്ങനെയൊരു തോന്നലിൽ കുരുങ്ങി കുറേനാൾ പ്രതിസന്ധിയിലായിപ്പോയിരുന്നു.

അനോണീന്ന് വിളിച്ച് റ്റീസ് ചെയ്ത് പുറത്തിറക്കാൻ ശ്രമിക്കുന്ന മരഭൂതമേ, Abhilash Melethil നിനക്കീ ചുമടിന്റെ ഭാരമറിയില്ല.

ഈ വാക്ക് വായിക്കാനിടയുള്ള ആരെയും അറിയിക്കാതെ ഒടുങ്ങിപ്പോകാമെന്നുള്ള എളുപ്പവും 

 

Sebin A Jacob

2009 ഏപ്രിൽ 14ന് ലോകസഭാതെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ ഏതാനും ബ്ലോഗുകളിൽ ഒരേ സമയത്ത് അപ് ചെയ്ത പോസ്റ്റർ ആണിത്. അരമണിക്കൂറിനുള്ളിൽ നിരവധി ബ്ലോഗുകളിലേക്ക് അതു പകർത്തപ്പെട്ടു. ഇതുമാത്രമല്ല, ഇതോടൊപ്പം പിഎജി ബുള്ളറ്റിനിൽ നിന്നെടുത്ത കുറേ വാചകങ്ങളും. അന്ന് ബ്ലോഗിലെ ചേട്ടാ ചേച്ചി സൗഹൃദത്തിന്റെ കാല്പനികത ഭേദിച്ച് ഓൺലൈനിലെ ഇടതുപക്ഷത്തെ ഒറ്റയടിക്കു പെറുക്കിക്കൂട്ടാൻ സഹായിച്ച ഒരു നീക്കം. പോസ്റ്റർ ഡിസൈൻ ചെയ്തത് Hari Krishnan. വിട പറയുമ്പോൾ ഒപ്പം ചെലവഴിച്ച മുഹൂർത്തങ്ങളല്ല, ഇതുമാത്രമാണ് എനിക്ക് എടുത്തുപറയണമെന്നു തോന്നുന്നത്. ലാൽ സലാം കോമ്രേഡ്.
 

Jeeva Jayadas

ആളുകള്‍ ചുറ്റും വേണമായിരുന്നു അവന്...ആശുപത്രിയിലും...വായ്ക്കു രുചിയില്ലെടീ കഞ്ഞി കിട്ടിയാല്‍ നന്നായിരുന്നു എന്നു പറഞ്ഞപ്പോള്‍ പൊടിയരിക്കഞ്ഞീം പയറും ഉണ്ടാക്കി കൊടുത്തയച്ചു...പിറ്റന്നും ചോദിച്ചു,അന്നു കൊടുത്തയച്ചപ്പോള്‍ പറഞ്ഞു ''എന്തൊരു ടേസ്റ്റാടീ ഇനീഎന്നും കൊണ്ടു വരേണ്ടിവരും...''.ഇനീ തരില്ല നിന്റെ diet അനുസരിച്ച് മുന്നോട്ട് പോയാല്‍ മതിയെന്ന് ഉറപ്പിച്ച് പറയേണ്ടി വന്നു. ഒരു ദിവസം കാണാന്‍ പോയി, വല്ലാത്തൊരു ആത്മ വിശ്വാസത്തിന്റെ നെറുകയില്‍ ആയിരുന്നു...ചില കാര്യങ്ങളെ മുറുക്കെപ്പിടിച്ചു...കുഞ്ഞുങ്ങളെയാവാം ആ മനസ്സിനെ അലട്ടിയിരുന്നത്...ചില പ്രതിസന്ധികളില്‍ ഹരിയെ വിളിച്ചിട്ടുണ്ട്, എപ്പോഴും വീട്ടിലേയ്ക്ക് ഓടിയെത്തിയിരുന്നു...എെഷുവിന്റെ ചങ്ങാതി അങ്കിള്‍...അവളെ അറിയിക്കണോ.?..ഡാന്‍സ് ചെയ്യാന്‍ അവള്‍ കാത്തിരിക്കുവാടാ പഹയാ Hari Krishnan


Devadas VM

Hariയുമായി ഉള്ള സൗഹൃദത്തിനും വ്യക്തിബന്ധത്തിനും ഒപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ്‌ എന്റെ എഴുത്തു ജീവിതത്തിൽ മൂപ്പരുടെ ഇടപെടൽ. ആദ്യ നോവലായ ഡിൽഡോയുടെ കഥാബീജം ഞാൻ ആദ്യമായി പറഞ്ഞ നാലഞ്ചു പേരിലൊരാൾ ആണ്‌ ഹരിയേട്ടൻ. മാത്രമല്ല, അത്‌ പുസ്തകമാക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കുകയും പ്രകാശനച്ചടങ്ങിന്‌ ആദ്യാവസാനക്കാരുടെ കൂട്ടത്തിൽ ഉണ്ടാകുകയും ചെയ്തു. അന്നു മുതൽ ഇങ്ങോട്ട്‌ ഞാൻ എഴുതിയ ഒട്ടു മിക്കവാറും എല്ലാം വായിക്കുകയും വിമർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോന്നു. പ്രസിദ്ധീകരിക്കാത്ത ഒരു കഥയുടെ First Draft ഇപ്പോഴും അയാളുടെ Gmail ഇൻബോക്സിൽ കാണും. അസുഖം മൂർച്ഛിച്ചതിനാൽ വായിച്ചിരിക്കില്ല, ഉണ്ടെങ്കിൽ ഉടനെ മറുകുറി ലഭിച്ചേനെ. ആശുപത്രിക്കിടക്കയിൽ അർബുദത്തിന്റെ വേദനയനുഭവിച്ച്‌ കിടക്കുന്നേരത്തും കഴിഞ്ഞയാഴ്ച മലയാളം വാരികയിൽ എന്റെ നോവൽ ഭാഗം കണ്ട്‌ അതിന്റെ ഇല്ലസ്ട്രേഷൻ മൊബൈലിൽ പടമെടുത്ത്‌ 'ദാസപ്പാ...' എന്നു നീട്ടി വിളിച്ച്‌ അയച്ചു തന്നിരുന്നു. ഇനിയതാര്‌ വായിച്ചു മുഴുവനാക്കും മനുഷ്യാ? 

Au revoir Harikrishnan
Nitheesh Narayanan

ഇവിടത്തെ എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ Hari Krishnan എന്നൊരാൾ ഉണ്ടായിരുന്നു. ഒരുപാടുപേരുടെ വേദനയായി ഇന്നലെ ഇവിടെയാകെ നിറഞ്ഞുനിൽക്കുന്നത്‌ കണ്ടപ്പോൾ ആരാണെന്നറിയാൻ നോക്കിയതാണ്‌. നമ്മളിലൊരാൾ സൗഹൃദത്തിന്റെ കൈ നീട്ടിയിരുന്നുവെന്ന് അപ്പഴാണ്‌ ശ്രദ്ധിച്ചത്‌. അതിനപ്പുറം ഓർമ്മിച്ചെടുക്കാൻ മറ്റൊന്നുമില്ല. അദ്ദേഹം എഴുതുന്നത്‌ പോലും നിർഭാഗ്യവശാൽ എന്റെ കാഴ്ചകളിലൂടെ കടന്നുപോയിരുന്നുമില്ല. ഇന്നലെയാണവ വായിച്ചത്‌. ഇത്രയേ പറയാനുള്ളു, ഇടയ്ക്കിടയ്ക്‌ 'കുത്തിപ്പൊക്കാൻ' ഒരുപാട്‌ വകയുള്ള ടൈം ലൈൻ ആണ്‌. നമുക്കവ ഓർമ്മിച്ചും ഓർമ്മിപ്പിച്ചും സജീവമാക്കണം.എഴുതിയതൊക്കെയും അവിടെ തന്നെയുണ്ടാകും. ഇനി കുറിക്കാൻ മാത്രമാണ്‌ ആ മനുഷ്യൻ ഇല്ലാണ്ടായത്‌. അഭിവാദനം കോമ്രേഡ്‌...!!

 

ദീപക് ശങ്കരനാരായണൻ

-"ഡാ

രാവിലെ എണീറ്റ് ഒരു ചായയുണ്ടാക്കി കുടിക്കുക. ഒരു സിഗരറ്റ് വലിക്കുക. പുറത്തിറങ്ങി പത്തുമിനുറ്റ് നടക്കുക. വീണ്ടും‌ ഒരു ചായകൂടി ഉണ്ടാക്കി കുടിക്കുക. വേണോ വേണ്ടേ എന്നാലോചിച്ച് ഒരു സിഗരറ്റുകൂടി വലിക്കുക.

ഈ സിംപിൾ പ്ലെഷേഴ്സ് ഓഫ് ലൈഫ് എത്ര വലിയ ലക്ഷ്വറിയാണെന്ന് തൽക്കാലത്തേക്കെങ്കിലും ഈ കിടപ്പുകിടന്നാലേ മനസ്സിലാവൂ"

- "എണീറ്റ് വാ, നമുക്ക് കോംപൻസേറ്റ് ചെയ്യാം. അതിനിടക്ക് നിനക്ക് നമ്മുടെ സുഹൃത്തുക്കളോട് വല്ലതും പറയാനുണ്ടോ? ഓഡിയോ അയച്ചുകൊടുക്കാം"

- "ഡായ് ഡേഷുകളേ. പുകവലി, മദ്യപാനം തുടങ്ങി ജീവിതത്തിന്റെ ലളിതമായ ആനന്ദങ്ങൾ ഉപേക്ഷിക്കരുത്. ഈ കിടപ്പുകിടക്കുമ്പോൾ അതൊക്കെയേ ഉള്ളൂ സമാധാനിക്കാൻ"

ശേഷം ഹരി ഒരു ദിവസം കൂടി ജീവിച്ചു.

PT Jafer

Hari Krishnan ....ആ ചുംബന സമരത്തിൻെറ രാത്രിയിൽ ജിലാശുപത്രിയിൽ മർദ്ദനമേറ്റ സഹപ്രവർത്തകരെ കാണാൻ വന്ന കൂട്ടത്തിൽ നിന്ന് നമ്മൾ കണ്ടു. നീണ്ട് നിവർന്ന ആരോഗ്യദൃഢഗാത്രൻ...സൗമ്യപ്രകൃതം...ആ മനോഹരമായ സാൾട്ടൻ പെപ്പർ താടിയോടെനിക്ക് അസൂയയാണ്. സ്നേഹമാണ്.

പിന്നീട് എത്രയൊ തവണകണ്ട കൂടിചേരലിൽ ഞാൻ അറിഞ്ഞ്കൊണ്ടേയിരുന്നൂ ..നിങ്ങൾ ദുഖങ്ങളെ പിഴുതെറിയുന്ന അമാനുഷികനാണ്. ധീരനാണ്. അവസാനം ഒരിക്കൽ നിങ്ങളെ കണ്ടപ്പോൾ നിങ്ങൾ ക്ഷീണിച്ചിരുന്നു. ദുഖിച്ചിരുന്നു.ദൃതിപെട്ടിരുന്നു. പക്ഷെ കണ്ണുകളിൽ എനിക്ക് ആ പ്രത്യാശ കാണാമായിരുന്നു.....

ആത്മാക്കൾ കൂടിചേരൂന്ന ലോകത്ത് വെച്ച് നമുക്ക് വീണ്ടും വീണ്ടും രാഷ്ട്രീയം പറയാം...എനിക്ക് അത്യാകർശമായ ആ സാൾട്ട് ആൻറ് പെപ്പർ താടി വളർത്തിയെടുക്കുന്നതിനെ പറ്റി പഠിപ്പിച്ച് തരണം....ആ നേരിയ വിഷാദഛായയിൽ ചിരിക്കണം....

Sushaj Sudhakar

ഈ കാണുന്ന പരസ്യങ്ങളുടെ പിന്നിൽ ഹരിചേട്ടനായിരുന്നു. ..ക്രെഡിറ് ആരൊക്കെയോ കൊണ്ടു പോയപോലും ഒരു ചിരി മാത്രം ബാക്കി തന്നു...
കൊണ്ടു പോകട്ടെ സുഷാജേ എന്നു പറഞ്ഞു........

പരിചയപ്പെടുന്നവരിലൊക്കെയും എന്നും ഹരിച്ചേട്ടന്റെ ഓർമകൾ ഉണ്ടാകും...നല്ല മനുഷ്യർ പെട്ടെന്നു പോകുന്നു എന്ന ക്ളീഷേ ഇവിടെയും ആവർത്തിക്കുന്നു ഹരിച്ചേട്ടാ...ചിന്ടിക്കാവുന്നതിലും അപ്പുറത്തുള്ള ജീവിതത്തോട് പടവെട്ടി നിന്ന ഹരിച്ചേട്ടാ...നിങ്ങൾക് മാത്രമേ ഇതൊക്കെ തരണം ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ
......

ഹോസ്പിറ്റലിൽ ചെന്നപ്പോൾ തോളിൽ പിടിച്ചു മാറ്റി നിർത്തി കൊച്ചു പിള്ളേരോട് പറയുന്നത് പോലെ സുഷാജേ സംഗതി കൺഫോം ചെയ്തു എന്നു എത്ര കൂൾ ആയിട്ടാണ് നിങ്ങൾ പറഞ്ഞത്.നിങ്ങളുടെ ആത്മവിശ്വാസം കൊണ്ടു മാത്രമാണ് ഇന്ന് വരെ നിങ്ങൾ പിടിച്ചു നിന്നത്..ഇന്ന് രാവിലെ ഓക്സിഗൻ മാസ്ക് വേണ്ട എന്നു വാശി പിടിക്കുമ്പോളും ഒരു തികഞ്ഞ ഫൈറ്റർ ആരുന്നു ഹരിച്ചേട്ടാ നിങ്ങൾ...

ജീവിതം കൈ വിട്ടു പോയി എന്നറിഞ്ഞപ്പോളും ഒന്നുമറിയാത്ത പോലെ ഇങ്ങള് ചിരിച്ചു..തമാശകൾ പറഞ്ഞു..ഡെയ് നല്ല വിശപ്പ്..മീൻ കറി വല്ലോം കൊണ്ട് തടെ എന്നു പറഞ്ഞു...കറി കിട്ടാഞ്ഞപ്പോൾ ഒരു മാതിരി മൂഞ്ചിക്കൽ മൂഞ്ചിക്കല്ലേ എന്നു.......

മക്കളെ ഓർത്തു മാത്രം ഹരിച്ചേട്ടന്റെ കണ്ണു നിറഞ്ഞു .ഞാൻ കണ്ടു..

തിരിച്ചപ്പോളൊ ഒരിക്കൽ ആശുപത്രി വിടുമ്പോൾ എന്റെ പേരിൽ രാകേഷിനെയും കൂടി പൊറോട്ടയും ബീഫും കഴിക്കണം എന്നു പറഞ്ഞു........

രണ്ടര വർഷം കൊണ്ട് നിങ്ങൾ ഒരുപാട് എന്തൊക്കെയോ ഞങ്ങള്ക് തന്നു.ഒരു മാന്ത്രികത നിങ്ങളിൽ എപ്പോളും ഉണ്ടാരുന്നു.

എല്ലാം കേട്ട് ചിരിച്ചോ.....ഒരു ബീർ ബോട്ടിലും ചുണ്ടിൽ കത്തുന്ന സിഗററ്റുമായി ബ്ലൂ ഷർട്ടും അതിന്റെ ഉള്ളിൽ ടീ ഷർട്ടുമിട് നിങ്ങളെവിടെയോ ഇരുന്നു ഇതെല്ലാം കണ്ടു ചിരിക്കുന്നുണ്ടോ?

പറയാതിരിക്കാൻ വയ്യ... രതീ നീയാണ് ഹരിച്ചേട്ടന്റെ വല്യ പുണ്യം.
മറക്കില്ല ഹരിച്ചേട്ടാ............
എത്ര പേര് നിങ്ങൾക്കു വേണ്ടി വന്നു ...നിങ്ങൾക് വേണ്ടി മാത്രം.അവര്കൊക്കെ നിങ്ങൾ എന്താണ് കൊടുത്തത്.?അതു ആലോചിക്കുമ്പോൾ അവിടെ നിങ്ങൾ വലുതായിക്കൊണ്ടേ ഇരിക്കുന്നു ഹരിച്ചേട്ടാ...................

 

Follow Us:
Download App:
  • android
  • ios