Asianet News MalayalamAsianet News Malayalam

'മുംബൈയില്‍ നടക്കുന്നത് ദളിതരെ ഇല്ലാതാക്കാനുള്ള ശ്രമം'

B hariskrishnan  article on Dalit strike in maharashta
Author
First Published Jan 4, 2018, 7:03 PM IST

B hariskrishnan  article on Dalit strike in maharashta

ദാ തിരക്കിലായിരിക്കുന്ന മുംബൈ മഹാനഗരം അങ്ങനെയല്ലാതെ  കാണപ്പെടുന്നതിൽ  വല്ലാത്തൊരു അനൗചിത്യമുണ്ട്. ഇന്നലെയും മിനിഞ്ഞാന്നും മുംബൈയ്ക്ക് അതിന്‍റെ പതിവുകൾ തെറ്റി. മെഗാസിറ്റിയിൽ പലയിടങ്ങളിലും  ലോക്കൽ ട്രെയിനുകൾ ഓടിയില്ല, ഹൈവേകളിൽ വാഹനഗതാഗതം തടസ്സപ്പെട്ടു, റിക്ഷക്കാർ സവാരിക്ക് പോകാൻ കൂട്ടാക്കിയില്ല. റെയിൽവേ സ്റ്റേഷനുകളിലും മറ്റ് പൊതുവിടങ്ങളിലും താരതമ്യേന തിരക്ക് വളരെ കുറവ്. പൂർണ്ണാർത്ഥത്തിൽ അല്ലെങ്കിൽക്കൂടി ഒരു ബന്ദിന്‍റെ പ്രതീതി പ്രകടമായിരുന്നു. 

പുതുവർഷ ദിനത്തിൽ പൂനെയിൽ ദളിത് പ്രവർത്തകർ ആക്രമിക്കപ്പെടുകയും ഒരാൾ കൊല്ലപ്പെടുകയും  ചെയ്ത സാഹചര്യത്തിലായിരുന്നു മഹാരാഷ്ട്രയുടെ ഏഴ് ജില്ലകളിൽ ദളിത് പ്രവർത്തകർ ബന്ദിന് ആഹ്വാനം ചെയ്തത്. പൂനെയിലെ  ഭീമ കൊറേഗാവോൺ പ്രദേശത്ത്  ബ്രിട്ടീഷ് ഇന്ത്യയിലെ ദളിത് ഭടന്മാർ നടത്തിയ യുദ്ധവിജയത്തിന്‍റെ അനുസ്മരണ ആഘോഷങ്ങൾക്കിടെയാണ് അക്രമം ഉണ്ടായത്. വിജയത്തിന്റെ ഇരുന്നൂറാം വാർഷികം ആഘോഷിക്കാൻ പതിനായിരക്കണക്കിന് ദളിതുകൾ ഒത്തുകൂടിയിരുന്നു. ഇതിനിടയിലേക്ക് ആർഎസ്എസ്, സംഘപരിവാർ പ്രവർത്തകർ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചശേഷം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ദളിത് ആക്ടിവിസ്റ്റുകള്‍ പറഞ്ഞത്.

സംഘപരിവാർ പ്രവർത്തകർ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചശേഷം അക്രമം അഴിച്ചുവിടുകയായിരുന്നു

 

B hariskrishnan  article on Dalit strike in maharashta

തുടർന്ന് മുബൈയിൽ പലയിടങ്ങളിലും അക്രമസംഭവങ്ങൾ ഉണ്ടായി. മുംബൈയുടെ സർക്കാർ ബസ് സർവീസായ 'ബെസ്റ്റി'ന്‍റെ പതിമൂന്ന് ബസ്സുകൾ നശിപ്പിക്കപ്പെട്ടു. ചെമ്പൂർ, മുളുണ്ട്, ഭാണ്ഡൂപ്, വിഘ്‌റോളി, കുർള, തുടങ്ങിയ സ്ഥലങ്ങളിലെ റെയിൽവേ ട്രാക്കുകൾ പ്രതിഷേധക്കാർ തടസ്സപ്പെടുത്തുകയും ലോക്കൽ ട്രെയിനുകൾ തടയുകയും ചെയ്തു. ഇന്നലെ ഉച്ചസമയത്തോടടുത്തു മുംബൈയിലെ പ്രധാന റോഡുകളായ ഈസ്റ്റണും വെസ്റ്റേണും എക്സ്പ്രസ്സ് ഹൈവേകൾ സമരക്കാർ തടഞ്ഞു. ഇതോടെ ഗതാഗതം ഏതാണ്ട് പൂർണ്ണമായി സ്തംഭിക്കുന്ന അവസ്ഥയിലായി. ഇതിനിടെയാണ് ഞങ്ങൾ സമരമുഖത്തേക്ക് തിരിച്ചത്. 

ഒടുവിൽ ഒരു ഓട്ടോറിക്ഷക്കാരൻ അന്ധേരിയിലെ സമരമുഖത്ത് എത്തിക്കാമെന്ന് സമ്മതിച്ചു

അന്ധേരി ഒരു സമരമുഖമാണെന്ന് ട്വിറ്ററിൽനിന്ന് മനസ്സിലാക്കി. വാഹനമെടുക്കാതെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നതാകും ബുദ്ധിയെന്ന് തോന്നി. ഓട്ടോറിക്ഷകളൊന്നും സവാരി വരാൻ തയ്യാറാകാത്തതുകൊണ്ട് കുറച്ച് നടക്കേണ്ടിവന്നു. ഒടുവിൽ ഒരു ഓട്ടോറിക്ഷക്കാരൻ അന്ധേരിയിലെ സമരമുഖത്ത് എത്തിക്കാമെന്ന് സമ്മതിച്ചു. സമരക്കാർ മാധ്യമപ്രവർത്തകരെന്ന പരിഗണന തന്നതുകൊണ്ട് പിന്നീടങ്ങോട്ട് യാത്രക്ക് വലിയ തടസ്സമുണ്ടായില്ല. 

സമരകേന്ദ്രങ്ങളിലും റോഡിലുമെല്ലാം സംഘടനയുടെ പതാകകളും മുദ്രാവാക്യങ്ങളുമായി സമരക്കാർ. ബാരിപ ബഹുജൻ മഹാസംഘ് നേതാവും ബാബാസാഹിബ് അംബേദ്കറുടെ കൊച്ചുമകനുമായ  രാജരത്ന അംബേദ്ക്കറാണ് സമരത്തിന് നേതൃത്വം നൽകിയത്. അംബേദ്കറെ ഓർമ്മിപ്പിക്കുന്ന അതേ കറുത്ത കോട്ടാണ് വേഷം. ഇടയ്ക്ക് അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. പോലീസ് നടപടികൾക്കുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് ഉണ്ടായതെന്നാണ് രാജരത്ന അംബേദ്‌കർ ഞങ്ങളോട് പ്രതികരിച്ചത്. 

തടിച്ചുകൂടിയ പ്രവർത്തരുടെ മുഖത്ത് അദ്ദേഹം ഒരു പ്രതീക്ഷയുടെ വെട്ടം കൊളുത്തുന്നുണ്ട് എന്നുതോന്നി

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുവേണ്ടി മൊബൈൽ ഫോണിനുമുമ്പിൽ ഒരു ലൈവ് പ്രതികരണത്തിനും അദ്ദേഹം തയ്യാറായി. പ്രവർത്തകരോട് സംസാരിച്ചുകൊണ്ട് ചടുലമായ ശരീരഭാഷയിൽ രാജരത്ന അംബേദ്കർ നടന്നുനീങ്ങുന്നത് നോക്കിനിന്നു. ചരിത്രം ആവർത്തിക്കുകയാണോ? പ്രഹസനമായാണോ ദുരന്തമായാണോ എന്ന് കാലം തന്നെ തീരുമാനിക്കട്ടെ. പക്ഷേ ഈ തടിച്ചുകൂടിയ പ്രവർത്തകരുടെ മുഖത്ത് അദ്ദേഹം ഒരു പ്രതീക്ഷയുടെ വെട്ടം കൊളുത്തുന്നുണ്ട് എന്നുതോന്നി.

B hariskrishnan  article on Dalit strike in maharashta

'മുംബൈ മുഴുവൻ സ്തംഭിച്ചതറിഞ്ഞില്ലേ? തിരികെ പൊയ്ക്കോളൂ!'

മുംബൈയിലെ അന്ധേരിയിൽ സ്ത്രീ ദളിത് പ്രവർത്തകരാണ് റോഡ് ഉപരോധത്തിന് ചുക്കാൻ പിടിച്ചത്. അങ്ങേയറ്റം പ്രതിഷേധച്ചൂടിലായിരുന്ന ഇവർ ആംബുലൻസുകൾ, ആശുപത്രിയിലേക്കു പോകുന്നവർ എന്നിവരെ ഒഴിച്ച് ആരെയും കടത്തി വിടാൻ തയ്യാറായില്ല.   'മുംബൈ മുഴുവൻ സ്തംഭിച്ചതറിഞ്ഞില്ലേ? തിരികെ പൊയ്ക്കോളൂ!'  എന്ന് പറഞ്ഞാണ് സ്ത്രീകൾ വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. ''ദളിതരെ മൂടോടെ ഇല്ലാതാക്കണം. മുംബൈയില്‍ നടക്കുന്നത് അതിനു വേണ്ടിയുള്ള ആസൂത്രിത പ്രവർത്തനമാണ്- കൂടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകയുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിച്ചുകൊണ്ട്, ദളിത് വിദ്യാർത്ഥി പ്രവർത്തക ആരതി ബാഗുൾ പറഞ്ഞു.  

പൊരിവെയിലത്ത് പൊള്ളുമ്പോഴും അവളുടെ മുഖത്ത് രോഷം എരിയുന്നു. ചില പ്രവർത്തകർ വെയിൽ വകവയ്ക്കാതെ റോഡിൽ കുത്തിയിരിക്കുന്നുണ്ട്. ഇതിനിടെ പ്രകാശ് അംബേദ്ക്കറുടെ മകൻ രാജരത്‌ന അംബേദ്‌കർ സ്ഥലത്തെത്തി പ്രവർത്തകരോട് വിശദാംശങ്ങൾ ചോദിച്ചറിയുന്നത് കണ്ടു. തിരക്കിനിടെ അദ്ദേഹവുമായും ഏതാനും മിനുട്ട് എനിക്ക് സംസാരിക്കാനായി. പൂനെയിലുണ്ടായത് സംഭവിച്ചത് കരുതിക്കൂട്ടി നടത്തിയ അക്രമം ആണ്, അതിനുള്ള തെളിവുകൾ കൈവശമുണ്ട്... അദ്ദേഹം പറഞ്ഞു. സംഘ് പരിവാർ പ്രവർത്തകരെ ജയിലിൽ അടക്കണം, അതിനു കഴിഞ്ഞില്ലെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വയ്ക്കണം, രാജരത്ന അംബേദ്കർ പറഞ്ഞു.

B hariskrishnan  article on Dalit strike in maharashta

ഇത്തരം സമരങ്ങളിൽ ജിഗ്നേഷ് മേവാനിയുമായി സഹകരിക്കുമോ എന്ന് ചോദിച്ചു. ജിഗ്നേഷ് കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ആളാണെന്നും കമ്മ്യൂണിസ്റ്റുകളുമായോ, ഇടത് വലത് പാർട്ടികളുമായോ ഒരു വിധത്തിലും സഹകരിക്കാൻ ഉദ്ദേശ്യമില്ല എന്നും രാജരത്ന അംബേദ്കർ മറുപടി തന്നു. വൈകിട്ട് നാലരയോടെ പ്രകാശ് അംബേദ്‌കർ ബന്ദ്  പിൻവലിച്ചു. അതിന് ശേഷമാണ് മുഴുവൻ പ്രവർത്തകരും പിരിഞ്ഞുപോയത്. ഒരു മഹാനഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിക്കാൻ മാത്രം ശേഷിയുള്ള ജാതി എന്ന വലിയ യാഥാർത്ഥ്യത്തെപ്പറ്റി ആയിരുന്നും മടങ്ങും വഴി മനസ്സിലോർത്തത്.

Blood is thicker than water...

Follow Us:
Download App:
  • android
  • ios