Asianet News MalayalamAsianet News Malayalam

കടല്‍  ഞങ്ങള്‍ക്കായി ഒരു ചുഴലിക്കാറ്റ് കരുതിവെച്ചിരുന്നു

Backer Aboo on voyage to Africa
Author
Thiruvananthapuram, First Published Jun 14, 2017, 4:35 PM IST

Backer Aboo on voyage to Africa

ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖം ദുബായില്‍ നിന്നും കടല്‍ വഴി നൂറ്റി എഴുപത് നോട്ടിക്കല്‍ മൈല്‍ ദൂരെയാകുന്നു. ഹോര്‍മൂസ് സ്‌ട്രെയിറ്റ് കുറുകെ കടന്നാല്‍ ചെന്നെത്തുന്ന സ്ഥലം. ഇരുപത്തി രണ്ട് വര്‍ഷം മുമ്പുള്ള അനുഭവം.

മുമ്പ് പോയിരുന്ന ബന്തര്‍ ഇമാം ഖുമൈനിയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ബന്തര്‍ അബ്ബാസ്. ആ കാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും വന്ന ഒട്ടേറെ അഭയാര്‍ഥികള്‍ തുറമുഖത്ത് ജോലിചെയ്യുന്നുണ്ടായിരുന്നു. കപ്പലില്‍ നിന്ന് ചരക്കിറക്കാന്‍ വന്ന തൊഴിലാളികളില്‍ ഒരു വിഭാഗം അഫ്ഗാനികളും, ഒരു വിഭാഗം പാര്‍സി ഇറാനികളും മറ്റൊരു വിഭാഗം അറബ് വംശരോട് കൂടുതല്‍ അടുപ്പമുള്ള ഇറാനികളുമാണ്. ഒന്ന് മറ്റൊന്നിനോട് കൂടിച്ചേരാതെ പരസ്പരം പോരടിക്കുന്നവര്‍. തുണിയില്‍ കെട്ടിക്കൊണ്ട് വന്ന കുബ്ബൂസും, പിന്നെ തൈരും, ഷുഗര്‍ ക്യുബും ഉണ്ടെങ്കില്‍ എത്ര ദിവസവും അവര്‍ ജോലിയെടുക്കും. രാത്രിയില്‍ ഹഷീഷ് കുത്തിക്കയറുമ്പോള്‍ വാക്ക് തര്‍ക്കങ്ങളും അടിയും ചോരയോലിപ്പുമായി കപ്പലിലെ ഹോസ്പിറ്റലില്‍ വന്നു കയറുന്നവരുടെ എണ്ണം ഓരോ ദിനവും കൂടിക്കൂടിവന്നു.

മയക്ക് മരുന്ന് ഉപയോഗിക്കുന്നത് ഒരു വലിയ തെറ്റായി കണക്കാക്കാത്തൊരു ജനതയാണ് ഇറാനികള്‍

മരണ ശിക്ഷ ഉണ്ടെങ്കില്‍ പോലും മയക്ക് മരുന്ന് ഉപയോഗിക്കുന്നത് ഒരു വലിയ തെറ്റായി കണക്കാക്കാത്തൊരു ജനതയാണ് ഇറാനികള്‍. ഇന്ന് മൂന്നു മില്ലിയന്‍ ജനങ്ങള്‍ ഹെറോയിന്‍ ഉപയോഗിക്കുന്ന ഒരു രാജ്യമാണിത്. വര്‍ഷത്തില്‍ 140 മെട്രിക് ടണ്‍ ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴി തുര്‍ക്കിയിലേക്കും യൂറോപ്പിലേക്കും കടന്നു പോവുന്നു. മരണ ശിക്ഷയുടെ മുമ്പിലും അവര്‍ എത്ര വാങ്ങിക്കഴിക്കുന്നുവെന്നു അവര്‍ക്ക് തന്നെ തിട്ടമില്ല. മയക്ക് മരുന്നിനു വേണ്ടി അഞ്ച് ഡോളറിന് കയ്യിലെ നല്ല വാച്ച് വില്‍ക്കാന്‍ വന്ന ഒരു തുറമുഖ തൊഴിലാളിയില്‍ നിന്നാണ് ഇതിന്റെ കഥ ആദ്യമായി അറിയുന്നത്, പരമ്പരാഗതമായി കുടുംബങ്ങള്‍ ഒന്നിച്ചിരുന്നു ഹൂക്കവലിച്ചു ശീലിച്ചവര്‍ക്ക് ഹഷീഷും, ഹെറോയിനും ഒന്നും പുത്തരിയല്ല. തീവ്രമായ തൊഴിലില്ലായ്മ കൊണ്ടുംസാമ്പത്തിക ഞെരുക്കം കൊണ്ടും, പെണ്‍കുട്ടികളുടെ ഒടുക്കത്തെ ഡിമാന്‍്രുകള്‍ കൊണ്ടും വിവാഹം വൈകുന്നതും, പൊതു ജീവിതത്തില്‍ സ്ത്രീസംസര്‍ഗ്ഗം കുറയുന്നതുമൊക്കെയാണ് മയക്കുമരുന്നിലേക്ക് പോവുന്നതിനു അവര്‍ പറയുന്ന കാരണങ്ങള്‍.

ഷായുടെ അമേരിക്കന്‍ ഭരണത്തില്‍ നിന്നും ഖുമൈനിയില്‍ എത്തുമ്പോള്‍ കാലത്തിനൊത്ത് നടക്കാത്ത മുനയൊടിഞ്ഞ യുവത്വമാണ് ഇറാനിലെന്ന് അവര്‍ പരിതപിക്കുന്നുണ്ട്. ഇറാനില്‍ ഇന്ന് മാറ്റങ്ങളുടെ കാറ്റ് വീശിത്തുടങ്ങി.

സ്ത്രീകള്‍ തലമറച്ചും പുരുഷന്മാര്‍ മുട്ടിനു താഴെ വസ്ത്രം ധരിച്ചും മാത്രം പുറത്തിറങ്ങാന്‍ അനുവാദമുള്ളൊരു രാജ്യം. കപ്പല്‍ വന്ന ദിവസം തന്നെ സീമാന്‍ ക്ലുബ്ബിലേക്കുള്ള വഴിയില്‍ ഞങ്ങളില്‍ ഒരാളെ പോലീസ് ശരിയായ വസ്ത്രം ധരിച്ചു വരാന്‍ തിരികെ വിട്ടു. ഹിന്ദുസ്ഥാനികളോട് അവര്‍ക്ക് പ്രത്യേക മമതയുണ്ട്. അത് കൊണ്ട് പോലീസുകാരന്‍ മറുത്തൊന്നും പറഞ്ഞില്ല. ഇന്ത്യയുമായുള്ള ഇറാന്റെ ബന്ധത്തിന്റെ പഴക്കം നൂറ്റാണ്ടുകള്‍ പിന്നോട്ട് പോവുന്നു.

ബന്തര്‍ അബ്ബാസിലെ സീമാന്‍ ക്ലബ്ബായിരുന്നു സന്ദര്‍ശനത്തിനായി ആദ്യം തെരഞ്ഞെടുത്തത്. ഒരു സീമാന്‍ ക്ലബ്ബിനാവശ്യമുള്ള വൃത്തിയുള്ള കെട്ടിടവും പരിസരവും. വിശാലമായ റെസ്‌റ്റോറന്റ്, സുവനീര്‍ ഷോപ്പ്, സലൂണ്‍, താമരക്കുളം, കടല്‍ ജീവികളല്ലാത്ത കരക്കാരും കുടുംബ സമേതം അവിടെ ഉല്ലസിക്കുന്നത് കാണുന്നുണ്ട്. നൂറ് ഡോളര്‍ മാറിയാല്‍ ഒരു തലയണ നിറയെ കാശ് കൊണ്ടുപോവുന്നൊരു കാലമായിരുന്നു അത്. പണി വരുന്നതും അത് ചിലവാക്കാനുള്ള വഴിയില്‍ തന്നെ.

ഹൂക്കയും വലിച്ചു ചായ കുടിച്ചു 'സായാഹ്‌നം' ആസ്വദിക്കുന്ന ഒരു ഫാമിലിയെ കണ്ട്, ഞാനും കൂടെയുള്ള ലൂയിസും രണ്ടു ചായക്ക് ഓര്‍ഡര്‍ നല്‍കി. ചായയുടെ ഓര്‍ഡര്‍ എടുത്ത് പോവുന്നതിനിടയില്‍ അയാള്‍ ഞങ്ങളെ ഒന്നുകൂടെ തിരിഞ്ഞു നോക്കി. ഒരു പുഞ്ചിരിയോടെ ലൂയിസ് അയാള്‍ക്ക് വീണ്ടുമൊരു പ്രത്യഭിവാദ്യം നല്‍കി. അധികം താമസിച്ചില്ല, കശാപ്പ് ശാലയില്‍ വെട്ടുവാളുമായി വരുന്നത് പോലെയായിരുന്നു അയാള്‍ ചായയുമായി തിരിച്ചെത്തി. വലിയ രണ്ട് ഇറാനി പോട്ടില്‍ നിറയെ കട്ടന്‍ ചായ, കൂടെ ഷുഗര്‍ ക്യുബ്‌സും ചെറിയ രണ്ടു കപ്പും. ചുരുക്കത്തില്‍ പറഞ്ഞാല്‍ രണ്ടു കുടുക്കകളിലായി ലിറ്റര്‍ കണക്കിന് കട്ടന്‍ ചായ. ഓര്‍ഡര്‍ കൊടുക്കാന്‍ അറിയില്ലെങ്കില്‍ ഓടിച്ചിട്ട് കുടിപ്പിക്കുമെന്ന ഭാവത്തില്‍ അയാള്‍ അതും അവിടെ വെച്ചിട്ട് പിന്‍വലിഞ്ഞു. ഞങ്ങള്‍ ചായയുടെ ചരുവത്തില്‍ ചാട്ടവാറിന്റെ അടിയേറ്റ് മുഖം കുത്തിയിരിപ്പായി.

ഏഴാം ബഹറില്‍ നിന്നാണ് ഓരോ പേര്‍ഷ്യന്‍ സുന്ദരികളുടെയും അതിസുന്ദരമായ കണ്ണുകള്‍ ജനിക്കുന്നത്.

കുടിച്ചിട്ടും കുടിച്ചിട്ടും ചായ തീരുന്നില്ല.

സന്ധ്യ മാഞ്ഞു തുടങ്ങി, ഹോര്‍മൂസ് കടലിടുക്കിലെ കനല്‍ക്കാറ്റിനു പതിയെ ചൂട് കുറഞ്ഞു തുടങ്ങി. ശിരോവസ്ത്രത്തില്‍ നിന്നും പുറത്തേക്ക് വരുന്ന മൗനം നിറഞ്ഞ, സ്‌നേഹമുള്ള കണ്ണുകളുള്ള ഒരു സ്ത്രീയെയും നോക്കി ഞങ്ങള്‍ കുറേനേരം ചായയുമായി അവിടെയിരുന്നു. പ്രകൃതി എന്തൊളിപ്പിച്ചാലും അവളുടെ കണ്ണുകളിലൂടെ പ്രപഞ്ചത്തിന്റെ കഥ തീര്‍ക്കാന്‍ കരുത്തുള്ള ജന്മം തനിക്കുണ്ടെന്ന് അടുത്തിരിക്കുന്ന പുരുഷനറിയാതെ, അവളുടെ മൗനം നിറഞ്ഞ കണ്ണുകള്‍ ഞങ്ങളോട് മൊഴിയുന്നുണ്ടായിരുന്നു. ആ കണ്ണുകള്‍ കണ്ടില്ലേ, ആയിരത്തൊന്നു രാവുകളിലെ ഏഴാം ബഹറില്‍ നിന്നാണ് ഓരോ പേര്‍ഷ്യന്‍ സുന്ദരികളുടെയും അതിസുന്ദരമായ കണ്ണുകള്‍ ജനിക്കുന്നത്.

ബന്തര്‍ അബ്ബാസ് നഗരത്തില്‍ ചെന്നെത്താന്‍ ഒത്തിരിപേര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടിവന്നു. ഓരോ ഗെയിറ്റ് കടന്നു ചെല്ലുമ്പോഴും കപ്പലുകാരനാണെന്ന് അറിഞ്ഞാല്‍ മാള്‍ബെരോ സിഗരറ്റും വിസ്‌ക്കിയും ഉണ്ടോ എന്നൊരു ചോദ്യം കേള്‍ക്കാം. നാലഞ്ചു പായ്ക്കറ്റ് സിഗരറ്റ് കൊണ്ട് നഗരാതിര്‍ത്തിയില്‍ എളുപ്പത്തില്‍ ചെന്നെത്തി. വ്യാഴാഴ്ചകളിലുള്ള മിനാബ് മാര്‍ക്കറ്റാണ് അന്നത്തെ വലിയൊരാകര്‍ഷണം. പരമ്പരാഗതമായ വസ്ത്രങ്ങളും, വാസ്തുശില്പങ്ങളും തെരഞ്ഞെടുക്കാന്‍ അവിടം ജനനിബിഡമാവുന്നു.

ചരിത്രപരമായ ചില സ്ഥലങ്ങള്‍ക്ക് പുറമേ ഒരു ടൂറിസ്റ്റിനെ ആകര്‍ഷിക്കുന്ന, തീര്‍ച്ചയായും കാണേണ്ടുന്ന ഇടങ്ങളൊന്നും തുറമുഖ നഗരിയില്‍ അന്നുണ്ടായിരുന്നില്ല. മിനാബില്‍ ചേലാ കബാബും ധഫ് (ലസ്സി) പാനീയവും ലഭിക്കുന്ന കടകളാണ് കൂടുതലും. നഗരത്തിന്റെ ഒരു ഭാഗം പരവതാനികള്‍ക്കും ഒരു ഭാഗം ബദാം, പിസ്ത, ആപ്രിക്കോട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സു്കള്‍ക്കും വീതിച്ചു കൊടുത്തിരിക്കയാണ്. വൈവിധ്യമാര്‍ന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ഈ ഡ്രൈ ഫ്രൂട്ട്‌സ് ഖത്തറിലെ ഇറാനി മാര്‍ക്കറ്റിലും ഇതേപോലെ കണ്ടിരുന്നു. നമ്മുടെ നാട്ടില്‍ നമുക്ക് കിട്ടുന്നത് ഏറ്റവും ഗുണം കുറഞ്ഞതാണെന്ന് അപ്പോഴാണ് ശരിക്കും മനസ്സിലായത്.

എണ്ണ കഴിഞ്ഞാല്‍ കാര്‍പ്പെറ്റിലാണ് ഇറാന്‍ ജീവിക്കുന്നത്. ഓരോ സ്‌ക്വയര്‍ ഇഞ്ചിലും നൂറുക്കണക്കിന് ഇഴകള്‍ തുന്നിച്ചേര്‍ക്കുന്ന കൈവിരലുകളുടെ കലാവിരുത് ഇറാന് മാത്രം അവകാശപ്പെടുന്നൊരു മുഖമുദ്രയാണ്. കാര്‍പ്പെറ്റുകള്‍ പെറ്റുപെരുകിക്കിടക്കുന്ന കടകള്‍ക്കിടയിലൂടെയായിരുന്നു യാത്ര. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഫര്‍ണിച്ചര്‍ ഉപയോഗം ചിന്തിക്കാത്തൊരു സമൂഹമാണ് ഇറാനില്‍ ഉണ്ടായിരുന്നത്. വീടുകളില്‍ ഇടനാഴികളോ മുറികളോ എന്ന വ്യത്യാസമില്ലാതെ നിലത്ത് വിരിക്കുന്ന വിരികള്‍നുസൃതമായി അവര്‍ ജീവിച്ചുപോന്നു. ഭക്ഷണ വിരി വിരിച്ചാല്‍ അത് ഡൈനിംഗായി, അത് മാറ്റി അവിടെത്തന്നെ കിടക്കവിരി വിരിച്ചാല്‍ അത് കിടപ്പ് മുറിയായി, കാര്‍പ്പെറ്റും ഉരുളന്‍ തലയണയും വെച്ച് കൊടുത്താല്‍ അത് സന്ദര്‍ശകമുറിയായി. പരമ്പരാഗത ഇറാനികളുടെ കുടുംബ കൂട്ടായ്മ കാര്‍പെറ്റുകളുടെ നൂലിഴകളില്‍ ഡിസൈന്‍ ചെയ്തതാണെന്ന് പറയാം.

കാലിഗ്രാഫി ചിത്രങ്ങള്‍ ഇറാനില്‍ ലഭിക്കുന്നത് പോലെ മറ്റെവിടെയും ഉണ്ടെന്നു തോന്നുന്നില്ല. അക്ഷരങ്ങളുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യം തൂക്കിയിട്ടിരിക്കുന്ന കടകളില്‍ കാലിയോഗ്രാഫിക് സ്‌റ്റൈലില്‍ വരച്ചുണ്ടാക്കിയ സോളാര്‍ കലണ്ടറുകള്‍ അത്ഭുതപ്പെടുത്തും. പൊതുവേ ചന്ദ്രമാസത്തെ അടിസ്ഥാനപ്പെടുത്തി ഇസ്ലാമിക രാജ്യങ്ങള്‍ കലണ്ടറുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇറാനില്‍ അത് സോളാര്‍ അടിസ്ഥാനത്തിലാണ് നിര്‍മ്മിക്കുന്നത്. അറബികളില്‍ നിന്നും പാര്‍സികള്‍ വ്യത്യസ്തരാകുന്ന ചില അടിസ്ഥാന നിര്‍മ്മിതികള്‍.

ഇരുപത്തിയഞ്ചു ദിവസത്തിനു ശേഷം കപ്പല്‍ ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് യാത്രയായി.

ഇരുപത്തിയഞ്ചു ദിവസത്തിനു ശേഷം കപ്പല്‍ ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് യാത്രയായി. ഹോര്‍മൂസ് കടലിടുക്ക് കടന്ന് അറബിക്കടലിലൂടെ സൊകൊട്ര ദ്വീപില്‍ നിന്നകന്ന് ഗള്‍ഫ് ഓഫ് എഡനിലെത്തിച്ചേരണം. ചെങ്കടലിന്റെ വാതില്‍പ്പടിയില്‍ എത്യോപ്പിയയും സോമാലിയയുമായി അതിര്‍ത്തി പങ്കെടുന്ന ഒരു മുന്‍ ഫ്രഞ്ച് കോളനിയാണ് ജിബൂട്ടി. അമേരിക്കന്‍ പടക്കപ്പലുകളും എണ്ണ ടാങ്കറുകളും കയ്യടക്കിയിരിക്കുന്ന ഹോര്‍മൂസില്‍ ഇറാന്‍ നേവിയുടെ ഒരു കണ്ണ് എപ്പോഴുമുണ്ട്. യുദ്ധത്തിന്റെ ഒരു തീപ്പൊരി പറന്നാല്‍ ഭസ്മാസുരന്റെ കളിക്കളമാകും ഹോര്‍മൂസ്. അതായിരുന്നു അതിന്റെ മുന്‍കാല ചരിത്രം.

ഇനി കുറച്ചു ദിവസം സമുദ്ര യാത്രയാണ്.

മണ്‍സൂണ്‍ കാലങ്ങളിലാണ് സാധാരണ അറബിക്കടല്‍ പ്രകോപിതമാവുന്നത്. കടല്‍ നിശ്ചലത കണ്ണാടിപ്പരുവമായി വരുന്ന ചില സമയങ്ങളില്‍ പറക്കും മത്സ്യങ്ങള്‍ നൂലുപോലെ നീന്തിപ്പോവുന്നത് കാണാം. ചിലപ്പോള്‍ കുടുംബസമേതം കൂടിയാട്ടം നടത്തുന്ന ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ നമ്മുടെ കൂട്ടിനു വരും. ഒഴുകുന്ന കപ്പലില്‍ നിന്ന് അറ്റമില്ലാത്ത ചക്രവാളത്തിലേക്കുള്ള നേര്‍ക്കാഴ്ച ആയുസ്സിനു ബലം നല്‍കും.

കടലിന് പല മുഖങ്ങളുണ്ട്. 

കടല്‍ ചിലപ്പോള്‍ സൗമ്യ സുന്ദരമാണ്. പറക്കമുറ്റാന്‍ വെമ്പുന്നൊരു ചിത്രശലഭത്തിന്റെ നീലച്ചിറകില്‍ ഒരു തുള്ളി സൂര്യന്‍ ഉറ്റിയുതിര്‍ന്ന് വീണു തെളിയുന്നത് പോലെ സൗമ്യ സുന്ദരം.

ചിലപ്പോള്‍ കടല്‍ ശാന്തമാണ്. വരാന്‍ പോകുന്ന അനര്‍ത്ഥങ്ങളെക്കുറിച്ച് വേവലാതിപ്പെടാത്ത അര്‍ജുനന്റെ  മനസ്സ് പോലെ, തൊടുത്തുവിടാന്‍ പോവുന്ന ഓരോ അമ്പിന് മുന്‍പും, ഒരു ചിന്ത അവസാനിക്കുകയും മറ്റൊരു ചിന്ത ആരംഭിക്കുന്നതിനുമിടയിലുള്ള നിശ്ശബ്ദത പോലെ ശാന്തം.

കൊടുങ്കാറ്റടിക്കുന്നതിനു മുമ്പ കടല്‍ എന്തിനാണിങ്ങനെ ശാന്തമാകുന്നതെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

കപ്പല്‍ സോകൊട്ര ദ്വീപ് അടുക്കുകയാണ്, ഒരു ചുഴലിക്കാറ്റ് പ്രകൃതി ഞങ്ങള്‍ക്കായി കരുതിവെച്ചിരുന്നു.

ചിതറിത്തെറിച്ച സൂര്യന്റെ അവസാനത്തെ കനല്‍ചീന്തും കയങ്ങളിലേക്ക് മുങ്ങിപ്പോയി. കനത്ത് വരുന്ന രാത്രിയില്‍ ഇരുട്ടിന്റെ പെരുമ്പറ മുഴങ്ങാന്‍ നേരമായി, എന്റെ നെഞ്ചിടിപ്പ് കൂടി, വിശന്നു വയറുനൊന്ത് വീട്ടിലേക്ക് വരുന്നവന്റെ കണ്ണിലും കടലിലും ഇപ്പോള്‍ ഒരേ ഇരുട്ടാണ്.

ദുരന്തങ്ങള്‍ക്ക് ദൃക്‌സാക്ഷിയാവാന്‍ വൈമനസ്യപ്പെടുന്ന നക്ഷത്രങ്ങളും കണ്ണ് ചിമ്മിത്തുടങ്ങി

കാറ്റിരമ്പിത്തുടങ്ങി. കപ്പലാടിത്തുടങ്ങി. ദുരന്തങ്ങള്‍ക്ക് ദൃക്‌സാക്ഷിയാവാന്‍ വൈമനസ്യപ്പെടുന്ന നക്ഷത്രങ്ങളും കണ്ണ് ചിമ്മിത്തുടങ്ങി. മേഘക്കീറില്‍ കറുപ്പ് കീറിപ്പൊട്ടി മുഖം തെളിയാത്തൊരു ചന്ദ്രബിംബം സങ്കടപ്പെടുന്നത് കാണാം.

ഞങ്ങള്‍ സോകൊട്ര ദ്വീപ് കടന്നു പോവുന്നു.

കടന്നു പോവുന്ന ഈ വഴിയില്‍, ഇത് പോലെ പ്രകമ്പനം കൊള്ളുന്ന കടലിലാണ് ഒരു മഴക്കാലത്ത് എന്റെ പ്രിയ സുഹൃത്ത് സുഗീഷിന്റെ കപ്പല്‍ മുങ്ങിത്താണത്.

മഴക്കാലത്ത് സോകൊട്ര ദ്വീപ് ഒരു മരണക്കെണിയാണ്. ആ മേഖലയില്‍ നിന്നുയരുന്ന കാറ്റും തിരമാലയും ഏത് നൗകകളെയും വിഴുങ്ങിയേക്കാം. ബോംബെയില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ സുഗീഷിന്റെ കപ്പല്‍ അവിടെ ചരക്കിറക്കി സൗത്ത് ഈസ്റ്റ് ആഫ്രിക്കയിലേക്ക് പോകുകയായിരുന്നു. മണ്‍സൂണ്‍ മലപൊട്ടി അലറുന്ന അറബിക്കടലിലെ തിരമാല താണ്ഡവത്തില്‍ അവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. 

കപ്പലില്‍ വെള്ളം കയറാന്‍ തുടങ്ങി, കപ്പല്‍ ഒരു ഭാഗം ചെരിഞ്ഞു മുങ്ങിത്തുടങ്ങി, അപകട സന്ദേശങ്ങള്‍ ലഭിച്ചവരാരും രക്ഷപ്പെടുത്താന്‍ മിനക്കെട്ടില്ല, ഒരു ഹെലികോപ്റ്ററിനും ആ കാലാവസ്ഥയില്‍ അങ്ങോട്ട് അടുക്കാനാവില്ല, അടുത്തൊന്നും ഒരു നേവിയോ കോസ്റ്റ് ഗാഡോ രക്ഷപ്പെടുത്താനില്ല, എഞ്ചിന്‍ റൂമില്‍ ജലം ഇരച്ചു കയറി. മെഷിനുകളെല്ലാം ഉപ്പുവെള്ളം നിറഞ്ഞു കേടുപാടായി.

അപകടങ്ങള്‍ ഉണ്ടാവുമ്പോഴുള്ള വെപ്രാളത്തില്‍ സമനില തെറ്റുന്നതിലൂടെ പിന്നെയും അപകടങ്ങള്‍ അവരുടെ ജീവന് വിലപറഞ്ഞു. ഇരമ്പിക്കയറുന്ന തിരമാലയില്‍ കപ്പല്‍ വേഗത്തില്‍ മുങ്ങുകയായിരുന്നു . കോഴിക്കോട്ടുകാരായ റേഡിയോ ഓഫീസര്‍ സുഗീഷും, എഞ്ചിനീയര്‍ സിദ്ധീക്കും ലൈഫ് ജാക്കറ്റ് ധരിച്ചു ഉയര്‍ന്നു പൊങ്ങുന്ന തിരമാലയിലെക്ക് എടുത്തുചാടി. എല്ലാവരെയും രക്ഷപ്പെടുത്താനുള്ള അതീവ ശ്രമത്തിലായിരുന്നു കപ്പിത്താന്‍. പക്ഷെ സമയം കാത്തുനിന്നില്ല.  ഒരു വലിയ തിര മിനിട്ടുകള്‍ക്കകം കപ്പലിനെ അടിമറിക്കുകയായിരുന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ കപ്പിത്താന്റെയും കൂട്ടരുടെയും ആര്‍ത്തനാദവും തിരവിഴുങ്ങി.

കപ്പല്‍ കൊടിമരത്തിന്റെ അവസാന തുമ്പും ആഴങ്ങളിലേക്കമര്‍ന്ന്, തിര, മരണം നുകരുന്നത് സുഗീഷിനും സിദ്ധീക്കിനും വിറങ്ങലിച്ച് നോക്കി കാണാനേ വിധിയുണ്ടായിരുന്നുള്ളൂ. നാല് മീറ്റര്‍ കപ്പല്‍ മുങ്ങിയാല്‍ ഓട്ടോമാറ്റിക്കായി ഉയര്‍ന്നു വരുന്ന ലൈഫ് റാഫ്റ്റില്‍ അവര്‍ പിടിച്ചു കയറി. നാലഞ്ച് ദിവസത്തിനു ശേഷം മൈലുകളോളം ഒഴുകിയ അവരെ ഒരു കണ്ടയിനര്‍ ഷിപ്പ് രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.

സ്വന്തം ജീവന്‍ രക്ഷപ്പെട്ടാലും മരണവെപ്രാളത്തോടെ കണ്‍മുമ്പില്‍ സഹപ്രവര്‍ത്തകര്‍ മുങ്ങിത്താഴുന്നൊരു രംഗം കാണുമ്പോള്‍ എനിക്കൊന്നേ പറയാനുള്ളൂ.  എല്ലാ സുഖഭോഗങ്ങളും ഉണ്ടെങ്കിലും ഭൂമിയെ നെറുകെചീന്തി ഒരു പാളി കയ്യില്‍ തന്നാല്‍ അത് താങ്ങാന്‍ കഴിയാത്തവന്റെ ദുഃഖഭാരം ഞാനിപ്പോള്‍ അറിയുന്നുണ്ടെന്ന്.

കരയില്‍ മരണങ്ങള്‍ക്ക് കാവലാളില്ല. നമ്മള്‍ അറിഞ്ഞു കൊണ്ടേ കൊല്ലുന്നവരാണ്.

കരയില്‍ മരണങ്ങള്‍ക്ക് കാവലാളില്ല. നമ്മള്‍ അറിഞ്ഞു കൊണ്ടേ കൊല്ലുന്നവരാണ്.  ചരിത്രത്തില്‍ നിന്നൊന്നും പഠിക്കാത്താവന്റെ ചരിത്രമാണ് നമ്മുടെ സിരകളിലൂടെ കട്ടപിടിക്കാതെ ഇന്നുമൊഴുകുന്നത്.

നിങ്ങളുടെ കപ്പല്‍ എപ്പോഴാണ് കരയിലടുക്കുക?

മൂത്ത മകന്‍ പിറന്നിട്ട് മാസം എഴായിരിക്കുന്നു, അവന്റെ മുഖം കാണാന്‍ നിങ്ങള്‍ എപ്പോഴാണ് വരുന്നെതെന്നും ചോദിച്ചു പ്രിയതമ കാത്തിരിക്കുന്നു. ഓരോ സ്ഥലത്തും ഓരോ കാരണങ്ങള്‍, സമയം ഒത്തു വരുന്നില്ല, അടുത്ത കുഞ്ഞ് ജനിക്കുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ നിന്റെ കൂടെ നാട്ടിലുണ്ടാവുമെന്ന് ഒരുറപ്പ് കൊടുത്ത് ഒഴിവാകാനേ തരമുള്ളൂ,

സ്ത്രീയുടെ സുഗന്ധംപേറുന്ന മോഹങ്ങള്‍ സഫലീകരിക്കപ്പെടുന്നൊരു ഭൂമിയിലാണ് ഇനിയുള്ള കുഞ്ഞുങ്ങള്‍ ജനിക്കേണ്ടത്. മനസ്സ് പിറുപിറുത്തെങ്കിലും അവളോട് ഞാനത് പറഞ്ഞില്ല. ഈ യാത്രയില്‍ തന്നെ എപ്പോഴാണ് വീട്ടില്‍ തിരിച്ചെത്തുന്നതെന്ന് ഒരുറപ്പുമില്ല. എന്നിട്ടും ഞാന്‍?

ദേശാന്തരങ്ങളില്‍ അലയുന്നവന്റെ ടെലഫോണില്‍ നെടുവീര്‍പ്പാണ് മറുതലക്കല്‍ മണിനാദമായി ഉയരുന്നത്. ഒന്നുകില്‍ അത് അമ്മയുടെതാവാം, ഭാര്യയുടെതാവാം, അല്ലെങ്കില്‍ ദൂരത്തിരിക്കുന്ന മക്കളുടേതാവാം.

ദേശാന്തരങ്ങളില്‍ അലയുന്നവന്റെ ടെലഫോണില്‍ നെടുവീര്‍പ്പാണ് മറുതലക്കല്‍ മണിനാദമായി ഉയരുന്നത്.

ഉമ്മ ഫോണെടുക്കുമ്പോള്‍ മോനെയെന്നൊരു നീട്ടി വിളിയുണ്ട്. പിന്നെ ഫോണിന്റെ ഇരു പുറവും നിശ്ശബ്ദതയാണ്. അപ്പോള്‍ ഒരു ശബ്ദത്തില്‍ അടങ്ങിപ്പോവുന്ന കടലാവും മനസ്സ്. ആദ്യ കുഞ്ഞിന്റെ മുഖം കാണുന്ന കാര്യം പറയുമ്പോള്‍ ഉമ്മ സമാധാനിപ്പിക്കും.

'മനസ്സ് ഉടയേണ്ട, കരുത്തോടെ നിക്ക്, ഓന്റെ  മുഖം നിനക്ക് വരുമ്പം കാണാ'  ഉമ്മ പറഞ്ഞു നിറുത്തുന്നു, കാരിരുമ്പിന്റെ  കരുത്തുള്ള കടലാണ് അമ്മ മനസ്സ്. അമ്മ മരണമില്ലാത്തൊരു മാര്‍ഗദര്‍ശ്ശിയായി എന്നോടൊപ്പം എന്നുമുണ്ടായിരുന്നെങ്കില്‍ വളര്‍ച്ചയില്ലാത്തൊരു വിരല്‍ത്തുമ്പുള്ള കുട്ടിയായി ഞാനവരുടെ കൈകളില്‍ എന്നുമെന്നും കോര്‍ന്നു കിടന്നേനെ.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഉമ്മ മരിച്ചു പിരിയുന്ന ദിവസം എന്റെ മനസ്സ് എന്നോട് പറഞ്ഞു. 
മയ്യത്ത് കട്ടിലിനു കാലിടറുന്നു. അവര്‍ക്കീ ഖല്‍ബില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ വയ്യ.നിന്റെ മനസ്സ് ഉടയരുത്, നീ വിതുമ്പരുത്. ഒസ്യത്തില്‍ എഴുതിച്ചേര്‍ക്കാത്ത അമൂല്ല്യ സമ്പത്തായിരുന്നു ഉമ്മയുടെ വാക്കുകള്‍.

കപ്പല്‍ ചെങ്കടലിലേക്ക് പ്രവേശിക്കുകയാണ്.

Follow Us:
Download App:
  • android
  • ios