Asianet News MalayalamAsianet News Malayalam

ഇങ്ങനെയുമുണ്ട് മുതലാളിമാര്‍!

  • റയാനെ കമ്പനിയിലെത്തിക്കുന്നതിനായി 6.30ന് തന്നെ അയാന്‍ സ്ഥലത്തെത്തി
  •  പക്ഷെ, റയാനെ കണ്ടില്ല. റയാന്‍ ജോലിക്കുമെത്തിയില്ല
  •  ജെയിംസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്
Businessman offer job to homeless man
Author
First Published Jul 12, 2018, 12:57 PM IST

ജോലിയോ, വീടോ, ഭക്ഷണം കഴിക്കാന്‍ മാര്‍ഗമോ ഇല്ലാത്ത യുവാവിന് ജോലി ഓഫര്‍ ചെയ്ത ബിസിനസ് മാനാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ അഭിനന്ദനമേറ്റു വാങ്ങുന്നത്. ദര്‍ഹമിലാണ് സംഭവം.

റയാന്‍ ഡേവിഡ്സണ്‍ എന്ന യുവാവിന് ജോലിയോ, സ്വന്തമായി വീടോ ഇല്ല. അവിചാരിതമായാണ് റയാന്‍, ജെയിംസിനെ കണ്ടുമുട്ടുന്നത്. അവര്‍ കുറച്ചുനേരം സംസാരിച്ചു. അതിനിടയിലാണ് ജെയിംസ് പറയുന്നത് അദ്ദേഹം സ്വന്തമായി ഒരു കമ്പനി നടത്തുന്നുന്നുണ്ട് എന്ന്. മാത്രവുമല്ല, അപ്പോള്‍ത്തന്നെ റയാന് സ്വന്തം കമ്പനിയില്‍ ജോലിയും ഓഫര്‍ ചെയ്തു ജെയിംസ്. തനിക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ലെന്നാണ് റയാന്‍ ഇതേക്കുറിച്ച് പറഞ്ഞത്. 

പെയിന്‍റ് കോട്ടിങ്ങ് കമ്പനി നടത്തുകയായിരുന്നു ജെയിംസ്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയപ്പോഴാണ് റയാനെ കണ്ടത്. റയാനെ കണ്ടപ്പോള്‍ നല്ല ആളാണെന്ന് തോന്നി തിങ്കളാഴ്ച മുതല്‍ ജോലിക്ക് വന്നോളാനും പറഞ്ഞു. 

ജോലി നല്‍കിയ കാര്യം റയാനോടൊപ്പമുള്ള ചിത്രമടക്കം ജെയിംസ് തന്നെയാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി കണക്കിന് കമന്‍റുകളാണ് പോസ്റ്റിന് താഴെ വന്നത്. 'ഇതുപോലെയുള്ള കമ്പനി മുതലാളിമാര്‍ രാജ്യത്ത് ഒരുപാടുണ്ടാവട്ടെ' എന്നാണ് മിക്കവരുമെഴുതിയത്. കമന്‍റിട്ടവരുടെ കൂട്ടത്തില്‍ റയാന്‍റെ ആന്‍റിയുമുണ്ടായിരുന്നു. റയാനെ വിളിച്ചാല്‍ കിട്ടുന്ന ഒരു നമ്പറും ആന്‍റി നല്‍കി. അവിടെയടുത്തുള്ളൊരു പാല്‍ക്കാരനായിരുന്നു അയാന്‍. തിങ്കളാഴ്ച രാവിലെ ഫാക്ടറി വരെ റയാനെ താനെത്തിക്കുമെന്ന് അയാള്‍ വാക്കും നല്‍കി.

റയാനെ കമ്പനിയിലെത്തിക്കുന്നതിനായി 6.30ന് തന്നെ അയാന്‍ സ്ഥലത്തെത്തി. പക്ഷെ, റയാനെ കണ്ടില്ല. റയാന്‍ ജോലിക്കുമെത്തിയില്ല. ജെയിംസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്. റയാന്‍ ജോലിക്കെത്തിയില്ലെന്നും അയാന്‍ അവിടെ ചെന്ന് അര മണിക്കൂര്‍ കാത്തുനിന്നെങ്കിലും റയാനെ കണ്ടില്ലെന്നും ജെയിംസിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കയ്യിലുള്ള നമ്പറിലേക്ക് നിരവധി തവണ വിളിച്ചെങ്കിലും റയാന്‍ എടുത്തിരുന്നില്ലെന്നും ജെയിംസ് വ്യക്തമാക്കി. 

റയാന്‍ ജോലിക്ക് ചെല്ലുന്നതും കാത്തിരുന്നവരെ ഇത് നിരാശരാക്കി. പക്ഷെ, സംഗതി അവിടെത്തീര്‍ന്നില്ല. റയാന് തിങ്കളാഴ്ച രാവിലെ അത്യാവശ്യമായി ഒരു വീട് വരെ ചെല്ലേണ്ടിയിരുന്നു. അതാണ് ജെയിംസിന്‍റെ കോള്‍ എടുക്കാന്‍ കഴിയാഞ്ഞത്. തിരിച്ചുവിളിക്കാന്‍ പൈസയുമില്ലായിരുന്നു. പക്ഷെ, പിറ്റേന്ന് രാവിലെ വളരെ നേരത്തേ തന്നെ റയാന്‍ ജോലിക്ക് ഹാജരായി.

റയാന്‍ ജോലിക്കെത്തിയ വിവരം ഫോട്ടോയടക്കം ജെയിംസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

താന്‍ ജെയിംസിനോട് വളരെ നന്ദിയുള്ള ആളാണെന്നും ജെയിംസ് വളരെ നല്ലൊരു മനുഷ്യനാണെന്നും പറയുന്നു റയാന്‍. ജെയിംസ് റയാനെ കുറിച്ച് പറയുന്നതും ഇതുതന്നെയാണ് ആദ്യം കണ്ടപ്പോള്‍ തന്നെ റയാന്‍ നല്ലൊരു പയ്യനാണെന്ന് തോന്നിയിരുന്നുവെന്ന്. ഏതായാലും റയാന്‍റെ 'സ്വന്തമായി ഒരു വീടെ'ന്ന സ്വപ്നത്തിനൊപ്പമാണ് ഇനി ജെയിംസ്. അതിനായി സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഫണ്ട് റൈസിങ്ങ് വെബ് പേജും തുടങ്ങി കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios