Asianet News MalayalamAsianet News Malayalam

മരിച്ചു പോയവർക്കിനി നീതി വേണ്ട, ജീവിച്ചിരുന്നപ്പോഴാണ് അവർ നീതിക്ക് വേണ്ടി കരഞ്ഞതും, കേണപേക്ഷിച്ചതും

സർക്കാർ മെഡിക്കൽ കോളേജിൽ MBBS -ന് ചേര്‍ന്നു പഠിക്കുന്ന ഒരു നാട്ടിൻപുറത്തുകാരിയായ മിടുക്കിയായ ഒരു കുഞ്ഞിനേക്കുറിച്ച് അവളുടെ അച്ഛനായ അദ്ദേഹത്തിനും ആ നാട്ടിലുള്ളവർക്കുമുണ്ടായിരുന്ന പ്രതീക്ഷകളേപ്പറ്റിയും ഒക്കെ അദ്ദേഹം എന്നോട് സംസാരിച്ചു. 

case of shamna and abootty forensic surgeon writes
Author
Thiruvananthapuram, First Published Nov 2, 2018, 3:34 PM IST

ഷംനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുമായി ലിസ എറണാകുളത്തുള്ള മെഡിക്കൽ ബോർഡ് മീറ്റിങ്ങിന് പോയി. അവിടെ വച്ച് ഷംനയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളേപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും, അലർജിയിലല്ല, മറിച്ച് ഡ്രഗ് അലർജി വന്ന് അനാഫൈലാക്ടിക്ക് റിയാക്ഷനടിച്ചതിന് ശേഷം അവൾക്ക് നേരാംവണ്ണം, തക്കസമയത്ത് ചികിത്സ ലഭിച്ചിരുന്നോ ഇല്ലയോ എന്നതുമാണ് ഈ കേസ്സിൽ പ്രധാനമെന്നും, അങ്ങനെയൊരു പരിശോധനയ്ക്ക് മാത്രമാണ്, ഈ കേസ്സിനേ സത്യത്തിലേക്കും നീതിയിലേക്കും എത്തിക്കുകയുള്ളുവെന്നും വ്യക്തമായി പറഞ്ഞു. 

case of shamna and abootty forensic surgeon writes

ഫോറൻസിക്കിലാണ് ജോലി എന്ന് അറിഞ്ഞാലുടൻ ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമാണ് നിങ്ങൾ ഏതെങ്കിലും “പ്രമാദമായ” കേസ് വല്ലതും ചെയ്തിട്ടുണ്ടോ എന്ന്. ‘ഇല്ല’ എന്ന ഒറ്റവാക്കിലാണ് ഞാൻ ഉത്തരം കൊടുക്കാറ്. ആ ഉത്തരത്തിലുള്ള ഒരു തരം കോൾഡ്നെസ്സ് അനുഭവിച്ചറിഞ്ഞിട്ടാവണം ഒരുമാതിരിയുള്ളവർ പിന്നെയങ്ങനത്തെ ചോദ്യം ചോദിക്കാറില്ല. ജീവിച്ചിരിക്കുമ്പോഴുള്ള പ്രമാണിത്തവും അപ്രമാദിത്വവും ഒക്കെ പാസ്റ്റ് മാറ്റർ. മരിച്ച് കഴിഞ്ഞാലിതിനൊക്കെ എന്ത് പ്രസക്തി. 

ഇന്നലെ രാവിലെ വീട്ടീല്‍ നിന്നിറങ്ങി കോളേജിലേക്ക് വരുമ്പോഴാണ് ലിസാമ്മ വിളിക്കുന്നത്. ചിലപ്പോ കുറച്ചുപേരെങ്കിലും അറിയുമായിരിക്കും ലിസയെ. ഡോ.ലിസ ജോൺ. ഇപ്പോള്‍ കൊല്ലം ഗവ.മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് മെഡിസിൻ അസോസിയേറ്റ് പ്രഫസറാണ്. അവിടേക്ക് ട്രാൻസ്ഫറായി പോയത് ആലപ്പുഴയിൽ നിന്നുമാണ്. “പ്രമാദമായ” പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകമരണത്തിൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ. എന്‍റെ അടുത്ത കൂട്ടുകാരിയാണ്.

പണ്ടൊരു ദിവസം, കൃത്യമായി പറഞ്ഞാൽ 2016 ജുലൈ 16ന്, വൈകിട്ടാണ് കൊച്ചി മെഡിക്കൽ കോളേജിലെ MBBS വിദ്യാര്‍ത്ഥിനിയായ ഷംനയുടെ (ഷംന തസ്നിം) ശരീരം പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി ആലപ്പുഴയിൽ കൊണ്ടുവരുന്നത്. ലിസയുടെ ഡ്യൂട്ടി ദിവസമായിരുന്നു അന്ന്. ഞങ്ങൾ രണ്ടുപേരും കൂടി ആയിരുന്നു അന്ന് മോർച്ചറിയിൽ ഷംനയുടെ ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളിലെ വിവരങ്ങൾ അവളുടെ സഹപാഠികളായിരുന്ന രണ്ടു കുട്ടികളിൽ നിന്നും ചോദിച്ചറിയുന്നത്.

ലിസയോടൊപ്പം ആ കേസിൽ ഞാൻ ഉടനീളം കൂടെയുണ്ടായിരുന്നു

പൊലീസിന്‍റെ റിക്വിസിഷൻ ഫോമിലെഴുതിയ കേസ്സിന്‍റെയും ചുരുക്കവും, ബന്ധുക്കൾക്ക് പറയാനുള്ളതും ഒക്കെ കേട്ടിട്ട് പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി വേണ്ടിവരുന്ന ലാബ് പരിശോധനകളെല്ലാം തീരുമാനിച്ച് (സാധാരണ പരിശോധനകളായ ഹിസ്റ്റോപത്തോളജിയും രാസപരിശോധനയുമല്ലാതെ വൈറോളജിയും മൈക്രോബയോളജിയും ഉൾപ്പെടെ) സാധ്യമായ ഏറ്റവും മികച്ച ശാസ്ത്രീയ പരിശോധനകളാണ് നടത്തിയത്. ലിസയോടൊപ്പം ആ കേസിൽ ഞാൻ ഉടനീളം കൂടെയുണ്ടായിരുന്നു. 

അന്ന് ലഭ്യമായ അറിവ് പ്രകാരം 2016 ജൂലൈ 15 -ന് വൈകിട്ടും രാത്രിയിലും (ജൂലൈ 16ന് അതിരാവിലെ) കടുത്ത പനിയുമായി ഷംന അവൾ MBBS -ന് ചേര്‍ന്നു പഠിക്കുന്ന അവളുടെ കോളേജായ കൊച്ചി ഗവ: മെഡിക്കൽ കോളേജിന്‍റെ അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടി എത്തിയിരുന്നു. ആ രണ്ടു തവണയും അവളെ പരിശോധിച്ച് പാരസെറ്റമോൾ മരുന്ന് നൽകിയത് ഹൗസ് സർജ്ജനായിരുന്നു. രണ്ടു തവണയും മരുന്ന് എടുത്തിട്ട് അവൾ അവളുടെ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയിരുന്നു.

ജൂലൈ 16 -ന് ഉച്ചക്ക് മുമ്പായി അവൾ മെഡിസിൻ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഒ.പി വിഭാഗത്തിലെത്തി മുതിർന്ന ഡോക്ടറെ കണ്ടിരുന്നു. അദ്ദേഹം അവളെ പരിശോധിച്ച് അഡ്മിറ്റാവാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നിട്ട് വാർഡിലെത്തിയാലുടൻ മരുന്നായി ഞരമ്പുകളിലൂടെയുള്ള (I.V.) ceftriaxone ഇഞ്ചക്ഷനും എഴുതി (ceftriaxone മൂന്നാം തലമുറ സെഫലോസ്പോറിൻ വർഗ്ഗത്തിൽപ്പെടുന്ന ആന്‍റിബയോട്ടിക് മരുന്നാണ്). വിദ്യാർത്ഥികൾക്കായുള്ള സിക്ക് റൂം (പേ വാർഡിലേ ഒരു മുറി) ആണ് ഷംനയ്ക്ക് കിട്ടിയത്. 

ടെസ്റ്റ് ഡോസ് കൊടുത്തിട്ട് കുഴപ്പമൊന്നും കാണാഞ്ഞ് മരുന്ന് കുത്തിവെച്ചു. നിമിഷങ്ങൾക്കുള്ളിൽ ഷംനയ്ക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടു. 

ഇവിടെ രണ്ടുമൂന്ന് കാര്യങ്ങൾ എടുത്തു പറയേണ്ടതായിട്ടുണ്ട്; 
1. മരുന്നിനോടുള്ള അലർജിയുണ്ടോ എന്നറിയാനായി മരുന്നിന്‍റെ വളരെ ചെറിയ ഒരളവ്- test dose- കുത്തിവച്ച് ചൊറിച്ചിലോ അലർജിയുടെ മറ്റ് ലക്ഷണങ്ങളോ ഉണ്ടാവുന്നില്ലെന്ന് അറിഞ്ഞതിന് ശേഷമേ മരുന്നിന്‍റെ ഫുൾ ഡോസ് കൊടുക്കൂ. എന്നാലും, ചിലപ്പോഴൊക്കെ test dose -ന്‍റെ സമയത്ത് കുഴപ്പമൊന്നും കാണിക്കാത്തവരിലും അലർജിക്ക് റിയാക്ഷൻ കണ്ടുവരാറുണ്ട്.

ജീവന് അപകടം വരുത്താവുന്ന തരമൊരു അവസ്ഥയാണ് അത്

2. ഡ്രഗ് അലർജി എന്നത് രോഗിയുടെ ശരീരവും മരുന്നും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു പരിപാടിയാണ്. ശരിയായ അളവിൽ, ശരിയായ മാര്‍ഗ്ഗത്തില്‍, എത്ര നിപുണതയോടെയും ശ്രദ്ധയോടെയും കൂടി കൊടുത്താലും അലര്‍ജി സംഭവിക്കാം.

3.Anaphylactic reaction - അനഫൈലാക്റ്റിക് റിയാക്ഷനെന്നത് അലർജിയുടെ ഏറ്റവും ഭീകരവും, ജീവന് അപകടം വരുത്താവുന്ന തരമൊരു അവസ്ഥയാണ്. അതിന് ഉടനടി ചികിത്സ ലഭിച്ചിരിക്കണം. ശരിയായ ചികിത്സ ലഭിക്കുവാനുള്ള കാലതാമസം ക്യാൻ ഹാവ് ഡെഡ്ലി കോൺസിക്വൻസസ്.  

അനഫൈലാക്റ്റിക് റിയാക്ഷൻ വന്നനേരം ശരിയാംവണ്ണം ഷംനയ്ക്ക് ലഭിക്കേണ്ട ശുശ്രൂഷ തക്കസമയത്ത് ലഭിച്ചില്ലെന്നും, മറുമരുന്നായ അഡ്രിനാലിൻ ഇഞ്ചക്ഷൻ ഉടൻ തന്നെ കുത്തിവച്ചില്ലെന്നും, അവളുടെ ശ്വാസനാളത്തിലടിഞ്ഞു കൂടിയ സ്രവങ്ങളും നുരയും പതയുമൊന്നും പുറത്തേക്ക് വലിച്ചെടുത്ത് നീക്കം ചെയ്യുവാനുള്ള Suction Apparatus ഉം അവിടെ അന്നേരം ഉപയോഗിക്കുവാൻ തക്കവണ്ണം ലഭ്യമായിരുന്നില്ലെന്നും, അതും പോരാഞ്ഞ് ഈ സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത അവിടെ നിന്നും അതൊക്കെ ഉള്ള ICU -വിലേക്ക് വേഗം ഷംനയെ മാറ്റുവാൻ വേണ്ടുന്ന സ്ട്രെച്ചറും അവിടില്ലായിരുന്നുവെന്നും, കെട്ടിടത്തിന്‍റെ മറ്റൊരു നിലയിലായിരുന്ന ICU -വിലേക്ക് എത്തിക്കാൻ വൈകി പോയിരുന്നുവെന്നുമൊക്കെ ആരോപണങ്ങൾ ഉയർന്നിരുന്നു. 

ഈ മേൽപ്പറഞ്ഞ ആരോപണങ്ങളെ ശരിവയ്ക്കുവാനോ അല്ലെങ്കിലവ തെറ്റാണെന്ന് സ്ഥാപിക്കാനോ ഒരു പൊസ്റ്റുമോർട്ടം പരിശോധനയ്ക്ക് സാധിക്കില്ല. അവ മരണത്തിലേക്ക് നയിച്ചിരിക്കാം. പക്ഷേ, ഈ ആരോപണങ്ങൾ ആ മരണത്തിന്‍റെ കാരണത്തേക്കാളും അതിന്‍റെ സാഹചര്യത്തോടാണ് ചേർന്ന് നിൽക്കുന്നത്. . 

The allegations were more related to the CIRCUMSTANCES rather than the CAUSE of the death. 
എന്തായാലും postmortem പരിശോധന കഴിഞ്ഞു. Paper works എല്ലാം കഴിഞ്ഞ്, പോലീസിന് സ്റ്റേറ്റ്മെന്‍റുകളും പറഞ്ഞിട്ട് ഞങ്ങൾ വീട്ടില്‍ പോകാനിറങ്ങി. പോകുന്ന വഴിക്ക് തന്നെ മാധ്യമപ്രവർത്തകരുടേയും പത്രക്കാരുടേയും ഒക്കെ വിളി വരുവാൻ തുടങ്ങി. 

ചികിത്സാപ്പിഴവുണ്ടായിരുന്നോ, ഇല്ലയോ എന്നത് സാധാരണയായി പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ പറയാറില്ല

ലാബ് പരിശോധനാഫലങ്ങളിലാണ് കാര്യങ്ങൾ അറിയേണ്ടതെന്നും കടുത്തപനി മൂലമുണ്ടായേക്കാവുന്ന എൻക്കഫലൈറ്റിസ് (തലച്ചോറിന്‍റെ വീക്കം), മയോകാർഡൈറ്റിസ് (ഹൃദയത്തിന്‍റെ വീക്കം) ന്യുമോണൈറ്റിസ് (ശ്വാസകോശത്തിന്‍റെ വീക്കം) മുതലായവയൊന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിഞ്ഞില്ലെങ്കിലും അവയൊക്കെ സൂക്ഷമപരിശോധനയ്ക്ക് (histopathology) ശേഷം മാത്രം പറയുവാൻ പറ്റുകയുള്ളുവെന്നും, വൈറോളജിയും മൈക്രോബയോളജി പരിശോധനാഫലങ്ങളുടേയും എല്ലാം ഫലമറിഞ്ഞാൽ മാത്രമേ മരണകാരണത്തേപ്പറ്റിയുള്ള ഒരു അഭിപ്രായം പറയുവാൻ സാധിക്കുകയൊള്ളുവെന്നും പറഞ്ഞ് സംഭാഷണങ്ങൾ അവസാനിപ്പിച്ചു. 

എന്തായാലും പരിശോധനാ ഫലങ്ങളെല്ലാം കിട്ടിക്കഴിഞ്ഞ് മരുന്ന് കുത്തിവച്ചപ്പോഴുണ്ടായ അലർജിക്ക് റിയാക്ഷനാണ് മരണകാരണമെന്ന് പറഞ്ഞ്‌ പോസ്റ്റുമോർട്ടം റിപ്പോർട്ടും കൊടുത്തു. 

ഇവിടെ ഒരു കാര്യം കൂടി പറയാം. 
മരണകാരണം പറയുക എന്നതിൽ കവിഞ്ഞ്, ചികിത്സാപ്പിഴവുണ്ടായിരുന്നോ, ഇല്ലയോ എന്നത് സാധാരണയായി പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ പറയാറില്ല. വളരെ വ്യക്തമായും ശ്രദ്ധക്കുറവും ചികിത്സാപ്പിഴവും ചൂണ്ടിക്കാണിക്കാവുന്ന res ipsa loquitur (വളരെ സ്പഷ്ടമായും കാര്യങ്ങൾ മനസ്സിലാവുന്ന തരം കേസുകൾ- ഉദാഹരണം: വയറ്റിൽ കത്രികയോ മറ്റ് ശസ്ത്രക്രിയ ഉപകരണങ്ങൾ വച്ച് മറക്കുക, സൈഡ് മാറി ഓപ്പറേഷൻ ചെയ്യുക തുടങ്ങിയ) കേസ്സുകളിലല്ലാതെ ചികിത്സാപ്പിഴവുണ്ടെന്നോ ഇല്ലെന്നൊ പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ കാണില്ല. 

അതിന് കാരണവുമുണ്ട്. 
Negligence ഒരു നിയമപരമായ പദമാണ്, നിർമ്മിതിയും. 'Negligence is a legal construct'.അത് തെളിയിക്കേണ്ടതും, തെളിയേണ്ടതും കോടതികളിലാണ്. അന്നേരം സത്യം കണ്ടെത്തി നീതി നടപ്പിലാക്കുന്ന ഒരു പ്രക്രിയ- വിചാരണ - കോടതികളിൽ നടക്കുമ്പോൾ സത്യസന്ധമായും നിഷ്പക്ഷമായും ശാസ്ത്രീയമായ തെളിവ് നൽകി നീതി നിർവഹണത്തിനായി കോടതികളെ സഹായിക്കുക എന്നതാണ് ഫോറൻസിക്കുകാരന്‍റെ പണി.

പക്ഷേ, ചികിത്സാപ്പിഴവ് ആരോപിക്കുന്ന കേവലം ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു ഡോക്ടർക്കെതിരെ ക്രിമിനൽ നടപടികൾ ( IPC 304A. Causing death by negligence —Whoever causes the death of any person by doing any rash or negligent act not amounting to culpable homicide, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both) ചുമ്മാതങ്ങ് തുടങ്ങാൻ ചില നിയമ തടസ്സങ്ങളുണ്ട്. 

പരമോന്നത നീതിപീഠത്തിന്‍റെ മാർഗ്ഗനിർദ്ദേശപ്രകാരം അതിന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസർ അധ്യക്ഷനായ ഒരു മെഡിക്കൽ ബോർഡിന്‍റെ മുന്നിൽ (public prosecutor, forensic expert പിന്നെ ഒരു subject expert) കേസിന്‍റെ വിശദാംശങ്ങൾ പരിശോധിച്ചിട്ട് പ്രത്യക്ഷത്തിൽ ചികിത്സാപ്പിഴവുണ്ടെന്നോ (ഇല്ലെന്നോ) ഉള്ള അഭിപ്രായമറിഞ്ഞതിന് ശേഷമാണ് പോലീസ് ക്രിമിനൽ നടപടികൾ തുടങ്ങേണ്ടത്. 

ലിസയുടെ ഈ ഒരു നിലപാട് ഈ കേസിന് ജീവൻ വയ്പ്പിച്ചു

ഷംനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുമായി ലിസ എറണാകുളത്തുള്ള മെഡിക്കൽ ബോർഡ് മീറ്റിങ്ങിന് പോയി. അവിടെ വച്ച് ഷംനയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളേപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും, അലർജിയിലല്ല, മറിച്ച് ഡ്രഗ് അലർജി വന്ന് അനാഫൈലാക്ടിക്ക് റിയാക്ഷനടിച്ചതിന് ശേഷം അവൾക്ക് നേരാംവണ്ണം, തക്കസമയത്ത് ചികിത്സ ലഭിച്ചിരുന്നോ ഇല്ലയോ എന്നതുമാണ് ഈ കേസ്സിൽ പ്രധാനമെന്നും, അങ്ങനെയൊരു പരിശോധനയ്ക്ക് മാത്രമാണ്, ഈ കേസ്സിനേ സത്യത്തിലേക്കും നീതിയിലേക്കും എത്തിക്കുകയുള്ളുവെന്നും വ്യക്തമായി പറഞ്ഞു. 

ലിസയുടെ ഈ ഒരു നിലപാട് ഈ കേസിന് ജീവൻ വയ്പ്പിച്ചു. ഡ്രഗ് അലർജി അനാസ്ഥമൂലമല്ലെന്നുള്ള ഒരു സിമ്പിൾ കൺക്ലൂഷനിലേക്ക് ഒതുങ്ങാതെ മരണത്തിലേക്ക് നയിക്കാനിടയായ ചികിത്സാ സൗകര്യങ്ങളുടെ പോരായ്മകളേപ്പറ്റിയും, ഷംനയ്ക്ക് അനാഫൈലാക്ടിക്ക് ഷോക്കിനുള്ള ശരിയായ ചികിത്സ കിട്ടിയിരുന്നുവോ എന്ന പ്രധാനമായ ചോദ്യത്തിലേക്കും കാര്യങ്ങളെ കൊണ്ടെത്തിച്ചു. 

DME -യുടെ കീഴിലുള്ള മെഡിക്കൽ കോളേജായതിനാൽ DME -യുടെ വക അന്വേഷണം വേറേയും നടന്നു. ആ എൻക്വയറിയിൽ ചികിത്സാസൗകര്യങ്ങളുടെ പോരായ്മകളും മറ്റനേകം കുറ്റങ്ങളും കുറവുകളും കണ്ടെത്തിയിട്ടുണ്ട് എന്നാണറിഞ്ഞത്. 

വി.ആര്‍ കൃഷ്ണയ്യർ ഫൗണ്ടേഷനെന്നോ മറ്റോ പേരുള്ള ഒരു എറണാകുളത്തുള്ള ഒരു സംഘടനയുടെ ഭാരവാഹികളെന്നെ വിളിച്ചിരുന്നു. അവർ മുഖേനേയായിരിക്കണം ഷംനയുടെ വാപ്പ ശ്രീ. അബൂട്ടി എന്നൊട് രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു. 

'അബൂട്ടിക്കാ' എന്ന് രണ്ടുമൂന്ന് തവണ ഞാനദ്ദേഹത്തേ വിളിച്ചിരുന്നതായി ഓർക്കുന്നു

സർക്കാർ മെഡിക്കൽ കോളേജിൽ MBBS -ന് ചേര്‍ന്നു പഠിക്കുന്ന ഒരു നാട്ടിൻപുറത്തുകാരിയായ മിടുക്കിയായ ഒരു കുഞ്ഞിനേക്കുറിച്ച് അവളുടെ അച്ഛനായ അദ്ദേഹത്തിനും ആ നാട്ടിലുള്ളവർക്കുമുണ്ടായിരുന്ന പ്രതീക്ഷകളേപ്പറ്റിയും ഒക്കെ അദ്ദേഹം എന്നോട് സംസാരിച്ചു. 97 മുതൽ 2010വരെ 13 വർഷം കണ്ണൂരും കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ ജീവിച്ച എനിക്ക് അനുഭവമായി തോന്നിയിട്ടുള്ള മലബാറിന്‍റെ ഒരു വാംതുണ്ട്. അത് ആ മനുഷ്യനിൽ നിന്നും ഫോണിൽ വളരെ കുറച്ച് സമയം സംസാരിച്ചപ്പോൾത്തന്നെ എനിക്ക് കിട്ടിയിരുന്നു. 'അബൂട്ടിക്കാ' എന്ന് രണ്ടുമൂന്ന് തവണ ഞാനദ്ദേഹത്തേ വിളിച്ചിരുന്നതായി ഓർക്കുന്നു. 

ഇനിയിപ്പോ ഷംനയുടെ മരണത്തിൽ, ചികിത്സാപ്പിഴവുണ്ടെന്ന് തെളിയിച്ചാലും അത് civil negligence മാത്രമേ ആകുവാൻ സാധ്യതയുള്ളുവെന്നും, വെറും അശ്രദ്ധ മാത്രം പോരാ, ഒരു man endangering ലെവലിലുള്ള, മനുഷ്യജീവനോട് തികച്ചും വിലകല്‍പിക്കാത്ത, കുറ്റകരവും, അപകടകരവും, ശിക്ഷാർഹവുമായ തരത്തിലുള്ള മാനസികാവസ്ഥ ചികിത്സിച്ചിരുന്ന ഡോക്ടർമാരിലുണ്ടായിരുന്നുവെന്ന് ന്യായമായ സംശയത്തിനതീതമായി (beyond reasonable doubt) കോടതിയില്‍ തെളിയിക്കപ്പെടുവാൻ സാധ്യത തീരെയില്ലെന്നും അദ്ദേഹത്തിനോട് സംഭാഷണമദ്ധ്യേ ഞാന്‍ പറഞ്ഞു. 

ക്രിമിനൽ നെഗ്ലിജൻസ് ഇല്ലെങ്കിൽ പിന്നെ സിവിൽ കോടതികളിലോ, കൺസ്യൂമർ കോടതികളിലോ കേസ് പറഞ്ഞ് ഒരിക്കലും തിരിച്ചു വരാത്ത മകളുടെ ജീവനുപകരം ഒരു തുകയ്ക്ക് വേണ്ടി കേസുപറയുന്ന ഒരു പരിപാടിക്ക് പോവുക എന്നത് ആ പിതാവിനേക്കൊണ്ട് പറ്റില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഇതായിരുന്നു ഞങ്ങൾ തമ്മിലുള്ള ആദ്യത്തെ സംഭാഷണം. അന്ന്, മകളുടെ മരണത്തിന് ഉത്തരവാദികളായവരെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നവരെ നിയമത്തിന് മുന്നിൽ എത്തിയ്ക്കണമെന്ന ഒരു വാശിയും നിശ്ചയദാര്‍ഢ്യവുമൊക്കെ ശബ്ദത്തിലുണ്ടായിരുന്നു. 

അബൂട്ടിക്കയ്ക്ക് ക്ഷീണം വന്നു തുടങ്ങിയിരുന്നു

രണ്ടാമതൊരിക്കൽക്കൂടി അബൂട്ടിക്ക എന്നെ വിളിച്ചിരുന്നു. വളരെ പതുക്കെ നീങ്ങുന്ന റിക്കറ്റി വീലുകളുള്ള ഒരു നീതിന്യായ വ്യവസ്ഥ അതിന്‍റെ ക്രൂരത കൊണ്ടും അട്ട്രിറ്റിവ് എഫിഷ്യന്‍സികൊണ്ടും ഇക്കയെ തോല്‍പിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്.

അബൂട്ടിക്കയ്ക്ക് ക്ഷീണം വന്നു തുടങ്ങിയിരുന്നു. ശബ്ദത്തിന്, വ്രണപ്പെട്ടയൊരു പരാജിതന്‍റെ വിങ്ങലുണ്ടായിരുന്നു. കേസ്സ് എങ്ങും എത്തിയിരുന്നില്ല. അന്വേഷണത്തിലോ, ഇനി വിചാരണ (അങ്ങനെയൊന്ന് നടന്നാൽത്തന്നെയോ) ജീവിതത്തിൽ “പ്രായോഗികത” യുടെ ഗുണഫലങ്ങൾ മനസ്സിലാക്കിയ സാക്ഷികൾ പറയേണ്ട സമയത്ത് സത്യം പറയുമോ എന്നൊക്കെ അദ്ദേഹത്തിന് സംശയമായി തുടങ്ങിയിരുന്നു എന്നാണ് എനിക്ക് അന്ന് തോന്നിയത്. അങ്ങനെ ദുർബലനായി തുടങ്ങിയ അബൂട്ടിക്ക പക്ഷെ എന്‍റെ ചങ്കിലേക്ക് ആഴത്തിൽ ഒരു കത്തി കുത്തിയിറക്കിയിട്ടാണ് അന്ന് ഫോൺ വെച്ചത്. ആഴ്ന്നെന്‍റെ ചങ്ക് അന്ന് പിടഞ്ഞത് പൊള്ളുന്ന ഒരു തരം വേദനകൊണ്ടിട്ടാണ്. 

രണ്ട് കാര്യങ്ങളാണ് അബൂട്ടിക്ക അന്ന് പറഞ്ഞത്. ''എനിക്ക് ഒന്നും വേണ്ട ഡോക്ടറേ. എന്‍റെ മോള് പോയി. ഞാനത് സഹിക്കും. എന്‍റെ മകളുടെ മരണത്തിന്‍റെ ഉത്തരവാദിത്വം എനിക്ക് ആരിലും കെട്ടി വയ്ക്കേണ്ട. പക്ഷെ അവളന്നേരം മരിക്കേണ്ടവളല്ല. അത് എല്ലാവരും ഓർത്ത് വയ്ക്കണം. തെറ്റോ കുറ്റമോ ഒന്നും ആരുമേൽക്കേണ്ട. അവൾ പഠിച്ചു ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ അവളെഴുതുന്ന ഇഞ്ചക്ഷൻ മരുന്നിന് ചിലപ്പോ ആർക്കെങ്കിലും അലർജി വന്നേക്കാം. 
എനിക്കറിയാം. ''

''പക്ഷെ, എന്‍റെ മോള് മരിക്കുന്നതിന് മുൻപ് അവസാനമായി എന്താ പറഞ്ഞതെന്ന് അറിയ്വോ…'ആരെങ്കിലും എന്തെങ്കിലും ചെയ്യ്… ഇല്ലെങ്കിൽ ഞാനിപ്പോ മരിച്ചു പോവും…' എന്നായിരുന്നു. ചികിത്സ കിട്ടാതെ പിടഞ്ഞാണ് എന്‍റെ മോള് മരിച്ചത്… ന്നിട്ട് ശ്വാസം കിട്ടാതെ പിടഞ്ഞെന്‍റെ മോള് പോയിട്ട്, മരിച്ച അവളെ അവരെല്ലാംകൂടി ICU-വിലേക്ക് കയറ്റി. പിന്നീട് അവരവളെ വേറേ ആശുപത്രിയിലൊട്ട് മാറ്റി ഒരു നാടകം കളിച്ചു. സത്യവും എത്തിക്സുമൊക്കെ പഠിപ്പിച്ചു മാതൃകയാവേണ്ടവരെല്ലാം കൂടി നാടകം കളിച്ച് എന്‍റെ മോൾടെ മരണം, ഇവരെല്ലാങ്കൂടി ഒരു നുണയാക്കി ഡോക്ടറേ… എന്‍റെ മോൾടെ മരണം വെറുമൊരു നുണയാക്കി. അതെനിക്ക് സഹിക്കാൻ പറ്റുന്നില്ല. ''

സൗമ്യയ്ക്ക് നീതി ലഭിക്കണം, ജിഷയ്ക്ക് നീതി ലഭിക്കണം ആസിഫയ്ക്ക് നീതി. എന്നൊക്കെ പറഞ്ഞോണ്ട് മരിച്ചവർക്ക് നീതി കൊടുക്കാനായിട്ട് മനുഷ്യർ ഇറങ്ങും. ആലോചിച്ചിട്ടുണ്ടോ ആ മുദ്രാവാക്യങ്ങളുടെ വ്യർത്ഥതയേപ്പറ്റി? അതിന്‍റെ ഉപയോഗശൂന്യതയേയും പൊള്ളത്തരത്തിനേയും പറ്റി? ഉണ്ടോ? 

ഷംന എന്ന മോൾ പോയി, പിറകേ അവളുടെ അച്ഛനും

ഇല്ലെങ്കിലിതാ പറയാം. മരിച്ചു പോയവർക്കിനി നീതി വേണ്ട. ജീവിച്ചിരുന്നപ്പോഴാണ് അവർ നീതിക്ക് വേണ്ടി കരഞ്ഞതും, കേണപേക്ഷിച്ചതും. 
അന്നേരമൊന്നും അവരുടെ കരച്ചില് നമ്മൾ കേട്ടിരുന്നില്ല. കേൾക്കാൻ താല്‍പര്യപ്പെട്ടിരുന്നുവോ എന്നൊരു ആത്മപരിശോധനയൊക്കെയാവാം. വല്യ കുഴപ്പം ചെയ്യില്ല അങ്ങനത്തെ തിരിഞ്ഞു നോട്ടങ്ങൾ. കാരണം ഇന്നിപ്പോ അവർ മരിച്ചിരിക്കുന്നു. ഇനിയവർക്ക് നമ്മൾ എപ്പോൾ, എവിടെ ചെന്നിട്ട്, ജീവിച്ചിരുന്നപ്പോൾ അവരാഗ്രഹിച്ച നീതി കൊടുക്കും? 

മരിച്ചവർക്കല്ല നീതിയുടെ ആവശ്യം. ജീവനുള്ളവർക്കാണ്. ജീവിച്ചിരിക്കുമ്പോൾ. അത് നമ്മൾ കൊടുത്തില്ല. ഷംന എന്ന മോൾ പോയി. പിറകേ അവളുടെ അച്ഛനും. എനിക്കുറപ്പുണ്ട് ഷംന മരിച്ചുപോയ അതേ രീതിയിൽ മരിക്കാൻ ഇനിയും എത്രയോ പേർ വരിയിൽ നിൽപ്പുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽ ഇഞ്ചക്ഷനുകൾ കിട്ടി അനാഫൈലാക്ടിക്ക് റിയാക്ഷന് ശേഷം ശ്വാസം കിട്ടാതെ വേണ്ടുന്ന ചികിത്സ കിട്ടാതെ പിടഞ്ഞ് മരിക്കാനിനിയുമെത്രയോ ആളുകളുണ്ട് ക്യൂവിൽ? 

രണ്ട് വർഷമെടുത്ത് പതുക്കെ പതുക്കെയാണ്, ഞാനിത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത, രണ്ടേ രണ്ടു തവണമാത്രം ഫോണിലൂടെ സംസാരിച്ച് മാത്രം എനിക്ക് പരിചയമുള്ള അബൂട്ടിക്ക മരിച്ചത്, ഹൃദയത്തിൽ മാരകമായി മുറിവേറ്റ്. 

ഷംന. 
അബൂട്ടിക്ക. 
ങ്ങള് പോയ്ക്കോളീ…

അതായിപ്പോ നല്ലത്. 
ന്നാലും എന്‍റെ ചങ്ക് നീറുന്നണ്ട് ക്കാ. 
ചോര പൊടിയുന്നുമുണ്ട്. 
ങ്ങടെ നെഞ്ചിനേറ്റ ആ കുത്ത്. 
എനിക്കും കൊണ്ട്ട്ടാ…


 

Follow Us:
Download App:
  • android
  • ios