Asianet News MalayalamAsianet News Malayalam

സ്വന്തം ഭാര്യ അറിയാതെ ഗദ്ദാമയുടെ വീട്ടിലേക്ക് പണം അയച്ച അറബി!

'ഞാന്‍ സര്‍വ്വന്റിന്റെ നാട്ടിലെ അക്കൗണ്ടിലേക്ക് ഭാര്യയറിയാതെ ക്യാഷ് അയച്ചിട്ടാണു വരുന്നത്. ഹറാമായതൊന്നും നമുക്കു വേണ്ട.'
 

deshantharam a heart touching story about gaddama by Shams Veetil
Author
Thiruvananthapuram, First Published Aug 3, 2022, 5:30 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

deshantharam a heart touching story about gaddama by Shams Veetil

 

എന്റെ ജോലി ആരംഭിക്കുന്നത് രണ്ടു മണിക്കായിരുന്നു. ഈ വ്യാപാര സമുച്ചയത്തില്‍ വന്നശേഷം വിവിധ ദേശക്കാരും ഭാഷക്കാരുമായി സംവദിക്കുന്നത് നിത്യവൃത്തിയുടെ ഭാഗമായിരുന്നു. എന്നിട്ടും എനിക്കൊരിക്കലുമത് ആവര്‍ത്തനവിരസതയോ മടുപ്പോ ആയി തോന്നിയിട്ടില്ല.

ഉപഭോക്താക്കളായി വരുന്ന പലരും നൈമിഷികമായ ചങ്ങാത്തമാണ് സ്ഥാപിക്കുന്നതെന്ന തിരിച്ചറിവിലും ഞാന്‍ അവരുടെ കാര്യങ്ങള്‍ അറിയുവാനുള്ള ആഗ്രഹവും ഔത്സുക്യവും വ്യഗ്രതയും എപ്പോഴും പ്രകടിപ്പിക്കുമായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം പ്രായം ചെന്ന സ്വദേശികളില്‍ നിന്നും കിട്ടുന്ന അറിവിനു പൊതുവെ കാമ്പും സത്തയും കൂടുതലുണ്ടാകാറുമുണ്ട്.

ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന ഞങ്ങളുടെ വിഭാഗത്തില്‍ അന്നത്തെ ഇരയെയും കാത്തു കച്ചവടവും പ്രതീക്ഷിച്ചു നില്‍ക്കവെയാണ് മുഖപരിചയമുള്ള പ്രായം ചെന്ന ഒരു അറബി എന്നെ നോക്കി ചിരിച്ചു കൊണ്ടു അടുത്തേക്കു വന്നത്.

'അസ്സലാമു അലൈക്കും.'

'വ അലൈക്കും സലാം.'

ഞാന്‍ പ്രത്യാദിവാദ്യം ചെയ്തു.

'ഓര്‍മ്മയുണ്ടോ?' 

ആദ്യത്തെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി. എണ്ണമറ്റ കസ്റ്റമേഴ്‌സിനെ ദിനംപ്രതി  കാണുന്നതിനാല്‍ പൊടുന്നനെ മനസ്സിലാക്കാന്‍ കഴിയാത്ത എന്റെ നിസ്സഹായാവസ്ഥയിലേക്കു നോക്കി അറബി തന്നെ എന്നെ സഹായിച്ചു.

'ഗസ്സാല' (വാഷിംഗ് മെഷീന്‍)

നോട്ടം പിന്‍വലിക്കാതെതന്നെ അയാള്‍  തുടര്‍ന്നു:

'ആദി' (സാധാരണ)

പെട്ടെന്നെനിക്കു കത്തി. സെമി ആട്ടോമാറ്റിക് വാഷിംഗ് മെഷീനാണ്.

'ഗബല്‍ സിത്ത ശഹര്‍?' (ആറു മാസം മുമ്പ്)

ഞാന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു.

'അതെ' 

അദ്ദേഹം സമ്മതിച്ചു.

അറബിയെയും കൂട്ടി വാഷിംഗ് മെഷീനുകള്‍ നിരത്തി വെച്ചിരിക്കുന്ന ഭാഗത്തേക്കു നടന്നു.

'അന്നു വാങ്ങിയ മെഷീന്‍ ഇത്ര വേഗം കേടായോ?'

എന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം ചിരിച്ചു.

'അന്നു തന്നതു തരക്കേടില്ലാത്ത മുന്തിയ ഇനം കമ്പനിയുടേതാണല്ലോ. പിന്നെന്തു പറ്റി?' 

എന്റെ അവിശ്വസനീയത കേട്ടതിനു മറുപടിയായി വേറെ ചോദ്യമാണയാള്‍ ചോദിച്ചത്.

'വില കുറഞ്ഞ മെഷീനില്ലെ?' 

ഞാന്‍ വിട്ടില്ല.

'അന്നത്തെ മെഷീനിനെന്തു പറ്റി? ഒരു വര്‍ഷത്തെ വാറണ്ടിയുള്ളതല്ലേ?'

'അതറിയാം. നിങ്ങളെനിക്കു പുതിയതു കാണിച്ചു തരൂ.'

ഞാന്‍ പിന്നെയൊന്നും പറഞ്ഞില്ല. നിരത്തി വെച്ച അലക്കുയന്ത്രങ്ങളുടെ പുതിയ നിരയില്‍ നിന്നും ഇടത്തരം വിലയുളള ഒരു മെഷീന്‍ തൊട്ടുകാണിച്ചു. പിന്നീടു ഞാന്‍ ഉല്‍പന്നത്തിന്റെ ഗുണ നിലവാരത്തെക്കുറിച്ചു വിശദീകരണം തുടങ്ങി.

പക്ഷെ എന്റെ പ്രകീര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍ തീരെ താല്‍പര്യമില്ലെന്നു മുഖത്തു പ്രകടിപ്പിച്ചു കൊണ്ടു തന്നെ അദ്ദേഹം ഞാന്‍ തൊട്ടുകാണിച്ച ഉല്‍പന്നത്തിനു ബില്ലെഴുതാന്‍ പറഞ്ഞു. 

കല്പന സ്വീകരിച്ച സന്തോഷം മുഖത്തു പ്രദര്‍ശിപ്പിച്ചു ഞാന്‍ കമ്പ്യൂട്ടറിനടുത്തേക്കു ചെന്നു സ്വന്തം യൂസര്‍ നെയിമിനു താഴെ പാസ് വേഡ് അടിക്കവെ മൊബൈല്‍ നമ്പര്‍ ചോദിച്ചു.

'വില കൂടിയ രണ്ടു വാഷിംഗ് മെഷീനാണു ഞാന്‍ ഈ വര്‍ഷത്തിനുളളില്‍ വാങ്ങിയത്.'

തന്റെ തലയിലെ തൊപ്പിക്കിടയില്‍ വിരല്‍ കൊണ്ടു പരതി പറ്റ വെട്ടിയ മുടി തടവി അറബി തുടര്‍ന്നു.

'.....മൂന്നാമത്തെ മെഷീനാണു നിങ്ങളെനിക്കു തരുന്നത്. ഓര്‍മ്മയുണ്ടോ?'

'ങാഹ്. അതെ.'

ഞാന്‍ സമ്മതിച്ചു. 

'ആ രണ്ടു മെഷീനും ഇത്ര പെട്ടെന്നു കേടായോ?'

എന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം ഫോണ്‍ നമ്പര്‍ പറഞ്ഞു.

കമ്പ്യൂട്ടറില്‍ ഫോണ്‍ നമ്പറടിച്ചതും സ്‌ക്രീനില്‍ പേരുവിവരങ്ങള്‍  തെളിഞ്ഞു.

'അബ്ദുള്ള അല്‍....

പേരും വിലാസവും ഉറക്കെ വായിച്ചു കഴിഞ്ഞതിനു ശേഷം ഞാന്‍ ചോദിച്ചു.

'നിങ്ങളുടെ കയ്യില്‍ അന്നു വാങ്ങിയ ആ   സാധനങ്ങളുടെ ബില്ലുണ്ടോ?'

'ഇല്ല. അതു പോട്ടെ. നിങ്ങള്‍ ഇതു ബില്ലടിച്ചോളൂ.' 

അദ്ദേഹം സൗമ്യനായി.

'ശരി.'

ഇന്‍ വോയ്‌സ് തയ്യാറാക്കി പ്രിന്റെടുക്കവെ ഞാന്‍ തുടര്‍ന്നു:

'ബില്ലു നഷ്ടപ്പെട്ടാലും കുഴപ്പമില്ല. കസ്റ്റമര്‍ സര്‍വ്വീസില്‍ പോയി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പറഞ്ഞാല്‍ അതു വെച്ചു സെര്‍ച്ചു ചെയ്യാം.'

'അതെയോ? നന്ദി.'

'വാറണ്ടി കഴിഞ്ഞിട്ടില്ലെങ്കില്‍ താങ്കള്‍ക്കു പ്രത്യേകിച്ചു ചിലവൊന്നുമില്ല. എല്ലാ റിപ്പയറും കമ്പനിക്കാര്‍ തന്നെ വന്നു ചെയ്തു തരും.'

'ശരി.' 

അദ്ദേഹം എന്നോടു ചേര്‍ന്നു നിന്നു.

'പെണ്ണുങ്ങളുടെ ഒരു കാര്യം!'

ആ ആത്മഗതം ഞാന്‍ കേട്ടു.

'എന്തു പറ്റി?'

അദ്ദേഹത്തിന്റെ ആത്മഗതത്തിനു നേരെ അടുത്ത ചോദ്യമെറിഞ്ഞു.

'വാഷിംഗ് മെഷീന്‍ 'ഗദ്ദാമ ' മന:പൂര്‍വ്വം കേടുവരുത്തിയതാണെന്നു ഭാര്യ തീര്‍ത്തു പറയുന്നു.'

വേലക്കാരി അതു ചെയ്യാന്‍ സാധ്യതയുണ്ട്. ഞാന്‍ ആ സാധ്യതയെ അനുകൂലിച്ചു.

'പക്ഷെ'

അയാളുടെ അര്‍ദ്ധോക്തിയിലേക്കു ഞാന്‍ ശ്രദ്ധയെ കേന്ദ്രീകരിച്ചു.

'ഗദ്ദാമയുടെ ശമ്പളത്തില്‍ നിന്നും വാങ്ങാന്‍ പറഞ്ഞാണ് ഭാര്യ എന്നെ അയച്ചിട്ടുള്ളത്.'

'അതെയോ?'

ഞാന്‍ കൗതുകം മറച്ചു വെച്ചില്ല.

പക്ഷെ എന്നു അറബി വീണ്ടും ആവര്‍ ത്തിച്ചു.

'എന്തേ?'

ഞാന്‍ യാന്ത്രികമായി ചോദിച്ചു.

'നാടുംവീടും വിട്ടു തന്റെ കുടുംബത്തെ നോക്കാന്‍ വേണ്ടി മാത്രം കുറഞ്ഞ ശമ്പളത്തിനു ഇവിടെ വന്നു കഷ്ടപ്പെടുന്ന അവരുടെ അവസ്ഥയും നമ്മള്‍ മനസ്സിലാക്കണ്ടെ?'

'അതും ശരിയാണ്.'

'വീട്ടുകാരിയുടെ ദേഷ്യപ്പെടലും ശകാരവും അമിതമാകുമ്പോള്‍ അവര്‍ പ്രതികാരം ചെയ്യുന്നത് ഒരു പക്ഷെ ഇത്തരം ഉപകരണങ്ങളോടായിരിക്കാം.'

ഞാന്‍ എന്റെ ശരിവെക്കല്‍ തുടര്‍ന്നു.

എന്റെ ഈ ഫ്‌ലക്‌സിബിള്‍ സ്വഭാവം മനസ്സിലാക്കിയ പോലെ അദ്ദേഹം എന്നെയൊന്നു ഉഴിഞ്ഞു നോക്കി.

'അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പു ഞങ്ങളുടെ ജീവിത അവസ്ഥ എന്തായിരുന്നുവെന്നു ഞാനോര്‍ക്കും.'

'...ഇപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്'

അദ്ദേഹം കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തി.

പിന്നെ എന്റെ തോളത്തുതട്ടി ക്യാഷ് കൗണ്ടറിലേക്കു നടന്നു.

'ഞാന്‍ സര്‍വ്വന്റിന്റെ നാട്ടിലെ അക്കൗണ്ടിലേക്ക് ഭാര്യയറിയാതെ ക്യാഷ് അയച്ചിട്ടാണു വരുന്നത്. ഹറാമായതൊന്നും നമുക്കു വേണ്ട.'

ഞാന്‍ അദ്ദേഹത്തെ ബഹുമാനത്തോടെ നോക്കി.

'ഇനി ഈ ബില്ല് ഭാര്യയുടെ കയ്യില്‍ കൊടുത്തു ബാക്കി സംഖ്യ വേലക്കാരിയുടെ കയ്യില്‍ അവള്‍ കൊടുക്കുമ്പോള്‍ രണ്ടു പേരുടെയും മുഖത്തെ വിജയഭാവം കാണണം.'

കയ്യില്‍ ചുരുട്ടി വെച്ച ദിര്‍ഹം എണ്ണിക്കൊടുത്ത് ബില്ലുമായി വിടപറഞ്ഞു പിരിഞ്ഞു നടന്നകലുന്ന ആ വലിയ മനസ്സിനു ഞാന്‍ മനസ്സുകൊണ്ടു വലിയൊരു സല്യൂട്ട് കൊടുക്കുകയായിരുന്നു.

 

ഹൃദയസ്പര്‍ശിയായ പ്രവാസാനുഭവങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
 

Latest Videos
Follow Us:
Download App:
  • android
  • ios