Asianet News MalayalamAsianet News Malayalam

പെട്ടെന്ന് അയാളെന്നെ ആലിംഗനം ചെയ്തു, ആ കണ്ണുകള്‍ നനഞ്ഞു...

ദരിദ്രനായ ഒരറബി. ദേശാന്തരത്തില്‍ ശംസ് വീട്ടില്‍ എഴുതിയ കുറിപ്പ്. 

deshantharam by shams veettil
Author
Thiruvananthapuram, First Published Nov 7, 2020, 3:06 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

deshantharam by shams veettil

 

അജ്മാന്‍. 

ആഴ്ചയിലൊരു നാളൊഴികെ മറ്റുഎല്ലാ ദിവസങ്ങളിലും ഉദയ സൂര്യനു ശക്തി പ്രാപിക്കാറാകുമ്പോഴേക്കും ജോലി സ്ഥലമായ കേരീഫോറില്‍ ഹൈപര്‍ മാര്‍ക്കറ്റില്‍ എത്തണമായിരുന്നു. വിശാലമായ പാര്‍ക്കിംഗ് സൗകര്യം കാരണമാവാം അയല്‍നാടായ ഷാര്‍ജയില്‍ നിന്നും ഉമ്മുല്‍ ഖ്വയിനില്‍ നിന്നും ഉപഭോക്താക്കള്‍ പതിവായി എത്തും. വിദേശികളേക്കാളേറെ സ്വദേശികളായതിനാല്‍ ഒരു ഗള്‍ഫ് രാജ്യത്തിന്റെ മണവും ഗുണവും അന്തരീക്ഷത്തിലും ചുറ്റുപാടിലും പ്രകടമായിരുന്നു. 

ഏറ്റവും വിലയേറിയ ഊദിന്റെ അത്തറിനു ചാണകത്തിന്റെ ചൂരാണുള്ളതെന്ന് ഇവിടെയെത്തിയപ്പോഴാണറിയുന്നത്. സ്ത്രീകളില്‍ ആകര്‍ഷണീയമായ പ്രലോഭനങ്ങളുളവാക്കാനും കിടപ്പറയിലെ ദാമ്പത്യം ആനന്ദപുരിതമാക്കാനും ഈ ദ്രാവകസത്തിനുള്ള കഴിവു തന്നെയാണ് ഇത്ര വിലയീടാക്കുവാനുള്ള കാരണമെന്ന് കൂടെ ജോലി ചെയ്യുന്ന ഈജിപ്തുകാരനായ മുഹമ്മദ് ബയോമിയാണ് പരസ്യമായി പറഞ്ഞു തന്നത്. 

ഏപ്രില്‍ പകുതിയായതോടെ കാറ്റു ശക്തമായി. ശീല്‍ക്കാരം പുറപ്പെടുവിച്ചു വന്ന കാറ്റു ഫ്‌ലാറ്റുകളും വില്ലകളും ചുറ്റിക്കറങ്ങി. എത്തിസലാത്ത് കെട്ടിടത്തിനു ചുറ്റുമുള്ള മരങ്ങള്‍ കാറ്റിലാടി. വേരോട്ടം കുറഞ്ഞവ പിഴുതുവീണു. ബലമില്ലാത്ത ചില്ലകള്‍ ഒടിഞ്ഞു തൂങ്ങി. മണല്‍ കാറ്റ് റോഡിലേക്കാഞ്ഞു വീശി. വാഹനങ്ങള്‍ അപായ ഭയ വെളിച്ചമിട്ടു വേഗത തീരെ കുറച്ചു ഓടി.

ചൂടു തുടങ്ങുകയായി. ഇനി എ സി കച്ചവടം ആരംഭിക്കുകയായി.

ഭംഗിയായി ചിട്ടയോടെ അടക്കി നിരത്തി വെച്ച വില്‍പന സാധന സാമഗ്രികള്‍ക്കിടയിലൂടെ മുഷിഞ്ഞ കന്തൂറയിട്ട ഒരു അറബി പതിവില്‍ കവിഞ്ഞ സമയം റോന്തു ചുറ്റുന്നതു കണ്ടപ്പോഴാണ് അടുത്തു ചെന്നത്.

വില കുറഞ്ഞ അത്തറിന്റെ മണവും മെലിഞ്ഞു വിളറിയ ശരീരവും ദയനീയമായ നോട്ടവും. തീര്‍ത്തും ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങള്‍.

സലാം ചെല്ലി ഉപചാര വാക്കുകള്‍ക്കു ശേഷം എന്താ വേണ്ടതെന്ന് ചോദിച്ചപ്പോള്‍ എയര്‍ കണ്ടീഷണറിരിക്കുന്ന സ്ഥലം ചോദിച്ചു.ഞാന്‍ അദ്ദേഹത്തേയും കൂട്ടി എ.സിയുടെ വിശദാംശങ്ങളിലേക്കു കടന്നു. അയാള്‍ കൈയ്യുയര്‍ത്തി തടഞ്ഞ് തീരെ കുറഞ്ഞ വിലക്കു ലഭിക്കാവുന്ന എസിയെക്കുറിച്ചു പറഞ്ഞാല്‍ മതിയെന്നു പറഞ്ഞു. ഞാന്‍ വില കുറഞ്ഞവ കാണിച്ചു കൊടുത്തു. എന്റെ പേരു ചോദിച്ചറിഞ്ഞ ആ അറബി രണ്ടു ദിവസം കഴിഞ്ഞു വരാമെന്നു പറഞ്ഞു തിരിച്ചു പോയി. 

മൂന്നാം ദിവസം രാവിലെ പത്തു മണിയോടെ പര്‍ദ്ദയണിഞ്ഞ ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൈയ്യും പിടിച്ചു അദ്ദേഹമെത്തി.ആ കുട്ടിയുടെ കയ്യില്‍ ഒരു ബാഗുണ്ടായിരുന്നു. അയാളതു വാങ്ങി ഉയര്‍ത്തിപ്പിടിച്ച് എന്നെ കാണിച്ച് എ.സി തരാന്‍ പറഞ്ഞു.

ഞാന്‍ അവരെ കൗതുകത്തോടെ നോക്കി. അതു മുഴുവനും കുടുക്ക പൊട്ടിച്ചെടുത്ത ചില്ലറത്തുട്ടുകളും, ചുരുട്ടിയും മടക്കിയുമിട്ട നോട്ടുക ളുമായിരുന്നു.

എ. സി യുടെ ബില്ലെഴുതി ഞാന്‍ അവരെയും കൂട്ടി ക്യാഷ് കൗണ്ടറിലേക്കു നടന്നു. ഞങ്ങള്‍ മൂന്നു പേരും കൂടി എല്ലാം എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ തൊള്ളായിരത്തി രണ്ടു ദിര്‍ഹമുണ്ടായിരുന്നു. എ സിയുടെ തുക കഴിച്ചു മൂന്നു ദിര്‍ഹം ആ കുട്ടിയുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോള്‍ ആ കുഞ്ഞു മുഖത്തു തെളിഞ്ഞ സന്തോഷത്തിന്റെ ആ ചിരി ഇന്നും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.

പിന്നീടൊരു ദിവസം ബ്രേക്ക് സമയത്ത് ചായ കുടി ക്കാനായി മേലെ പാന്‍ട്രിയിലേക്കു പോകവെ, ആദായവില്‍പനയ്ക്കായി കൂട്ടി വെച്ച കൈതച്ചക്കയുടെ അടുത്തായി അയാള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതു കണ്ടു. ഉച്ചക്ക് മുമ്പായതിനാല്‍ പൊതുവെ തിരക്ക് കുറഞ്ഞ സമയമായിരുന്നു. വാങ്ങുന്നവര്‍ക്കു രുചി നോക്കാനായി ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ചെറുകഷണങ്ങളായി മുറിച്ചിട്ട പൈനാപ്പിള്‍ കഷണങ്ങള്‍ പല്ലുകുത്തിയുപയോഗിച്ച് കുത്തിയെടുത്ത് ഓരോന്നായി ദ്രുതഗതിയില്‍ വായിലേക്കിട്ടു ആ മനുഷ്യന്‍ ആര്‍ത്തിയോടെ തിന്നുകയായിരുന്നു. 

പരിസരം മറന്ന തന്റെ പ്രവൃത്തി മറ്റുള്ളവര്‍ നോക്കിനില്‍ക്കുന്നതോ അഥവാ നടന്നു നീങ്ങുന്നതോ അയാളറിഞ്ഞില്ല. അടുത്തേക്കു ചെന്ന എന്നെ കണ്ടതും അയാള്‍ ജാള്യതയോടെ സലാം പറഞ്ഞു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ച അയാള്‍ തന്റെ കയ്യിലിരുന്ന ടൂത്ത് പിക്‌സ് കൈകളില്‍ മാറി മാറിയിട്ടു പിന്നീടു ഒരു ചക്കയില്‍ കുത്തിയുറപ്പിച്ചു കൈ വീശി പുറത്തേക്ക് നടന്നു നീങ്ങുകയും ചെയ്തു.

ഒരു വര്‍ഷത്തിനു ശേഷം അയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

അവിചാരിതമായ ഇടപെടലുകളാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതിനാലാകാം ആ മുഖം ഞാന്‍ മറന്നിരുന്നില്ല.

തീര്‍ത്തും ഔപചാരികമായ ഓര്‍മ്മപ്പെടുത്തലിനു ശേഷം അയാള്‍ മുമ്പു വാങ്ങിയ എ സി യുടെ ബില്ലു എന്റെ കൈയ്യില്‍ വെച്ചു തന്നു നേരെ വിഷയത്തിലേക്കു കടന്നു.

എ സി പ്രവര്‍ത്തനരഹിതമായി. കോയില്‍ കമ്പിയിഴകളില്‍ ഐസ് പിടിച്ചു. മുറി തണുക്കുന്നില്ല ഇതിന് പരിഹാരം കാണണം. ഇതാണ് ആവശ്യം. ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ വാറണ്ടി കാലാവധി കഴിഞ്ഞിരുന്നു.

രണ്ടു ദിവസത്തിനകം ടെക്‌നീഷ്യന്‍ വീട്ടില്‍ വരുമെന്ന് പറഞ്ഞ് കമ്പനിക്കു കൈമാറാനായി ഞാന്‍ അയാളുടെ ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തു. നന്ദി പ്രകടിപ്പിച്ചു കൊണ്ടു മടങ്ങിയ അയാള്‍ മൂന്നാം ദിവസം വീണ്ടും വന്നു. തകരാറു നോക്കാന്‍ ആരും വന്നില്ലെന്നായിരുന്നു അയാളുടെ പരാതി.

ഉപഭോക്തൃ സേവന വിഭാഗത്തിലേക്കു പോയി എഴുത്തു രേഖയുണ്ടാക്കി മെയില്‍ അയച്ചു. ആ സ്ഥാപനത്തിലേക്കു വിളിച്ചതിനു ശേഷം നാളെ വരാമെന്നു ലഭിച്ച ഉറപ്പു അദ്ദേഹത്തിനു നല്‍കി ആശ്വസിപ്പിച്ചു വിട്ടു. ഉറപ്പില്ലാതെ എന്നെ നോക്കുന്നത് കണ്ടപ്പോള്‍' നാളെ ഞാനും വരാമെന്നു സത്യം ചെയ്തു. കാരണം പിറ്റേന്ന് എനിക്ക് അവധിയായിരുന്നു.

പിറ്റെ ദിവസം രാവിലെ ഒമ്പത് മണിയോടെ ഉമ്മുല്‍ ഖ്വയിനിലേക്കു പോകുന്ന എ സി സര്‍വ്വീസ് വാഹനം എന്നെയും കയറ്റി അയാളുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

കെട്ടിടങ്ങള്‍ തീരെ കുറഞ്ഞ മരുഭൂമിയിലൂടെ വാന്‍ ഓടിക്കൊണ്ടിരുന്നു. ഞാന്‍ പുറം കാഴ്ചകള്‍ നോക്കിയിരുന്നു. പഴയ രീതിയിലുള്ള ചില വീടുകളും വില്ലകളും ഇടക്കിടെ പ്രത്യക്ഷപ്പെടുകയും അകന്നു പോകുകയും ചെയ്തു. തലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില കെട്ടിടങ്ങളൊന്നും തന്നെ കണ്ടില്ല. ഉപ്പെടുക്കാന്‍ കടലില്‍ നിന്നും മരുഭൂമിയിലേക്കു തിരിച്ചുവിട്ട വെള്ളക്കെട്ടുകളില്‍ വെളുത്ത ഉപ്പു മഞ്ഞു പോലെ പരന്നു കിടക്കുന്നുണ്ടായിരുന്നു.

പ്രധാന റോഡില്‍ നിന്നും വണ്ടിയിറക്കി പടിഞ്ഞാറോട്ടോടി പിന്നെ ഒരു വില്ലയുടെ മുന്നില്‍ പാര്‍ക്കു ചെയ്തു.

ഞങ്ങള്‍ മൂന്നു പേരുമിറങ്ങി. ഡ്രൈവര്‍ ഫോണ്‍ ചെയ്തു ഉപഭോക്താവിന്റെ അനുവാദം വാങ്ങി മുന്നോട്ടു നടന്നു. ആദ്യ വില്ലയുടെ പിന്നിലൂടെ നടന്നു നീങ്ങിയ ഞങ്ങള്‍ ചെറിയ വെളിംപ്രദേശം കഴിഞ്ഞു പഴയ ഒരു വീടിന്റെ മുന്നിലെത്തി.ഞങ്ങളെ കണ്ടതും അയാള്‍ പുറത്തേക്കിറങ്ങി. വരി വരിയായി ഈന്തപ്പനയോലകള്‍ കുത്തി നിര്‍ത്തി കളിമണ്ണു കൊണ്ട് പൊത്തിയുറപ്പിച്ച മതില്‍ കടക്കവെ ഞാന്‍ സലാം ചൊല്ലി. സലാം മടക്കി ഹസ്തദാനം ചെയ്തു ഞങ്ങളെ സ്വീകരിച്ചു.

ഒരു അറബിയുടെ വീട് ഇങ്ങനെയും ഉണ്ടാകുമോ എന്ന അവിശ്വസനീയതയില്‍ എനിക്ക് സങ്കടം വന്നു. അന്നു കണ്ട മകള്‍ ഒരു ട്രേയില്‍ കുജയും കപ്പുകളും ഉയര്‍ത്തിപ്പിടിച്ചു വരുന്നത് കണ്ടു. കൂടെയുണ്ടായിരുന്നവര്‍ സുലൈമാനിയെടുത്തപ്പോള്‍ ഞാന്‍ സ്വമേധയാ ദല്ലയില്‍ നിന്നും ഖാവ വളരെ ചെറിയ കപ്പിലേക്കു പകര്‍ന്നു കൈയ്യിലെടുത്തു.

'കൈഫല്‍ ഹാല്‍'-ഞാന്‍ വെറുതെ വിശേഷം ചോദിച്ചു.

'അല്‍ഹംദുലില്ലാഹ്'- ദൈവത്തിന് സ്തുതി പറഞ്ഞ് ആ കുട്ടി ഞങ്ങളെ നോക്കി മന്ദഹസിച്ചു.

അര മണിക്കൂര്‍ കഴിഞ്ഞ് ടെക്‌നീഷ്യന്‍മാര്‍ പരാജിതരായി ഏണിയില്‍ നിന്നും താഴെയിറങ്ങി. കംപ്രസര്‍ മാറ്റണം. അല്ലാതെ റിപ്പയര്‍ ചെയ്തിട്ടു കാര്യമില്ല.

കേടുവന്ന ഉപകരണത്തിന്റെ വില കേട്ട അറബി വിഷണ്ണനായി നിന്നു. അയാളുടെ സാമ്പത്തിക നിസ്സഹായാവസ്ഥ വെളിപ്പെടുത്താന്‍ വീടു തന്നെ ഉദാഹരണമാണെന്നു തിരിച്ചറിഞ്ഞ ഞാന്‍ കമ്പനിയിലെ പ്രധാന മാനേജരെ വിളിച്ചു വിശദീകരണം നല്‍കി.

'സാര്‍ ഈ കസ്റ്റമര്‍ വളരെ പാവപ്പെട്ട ഒരു മനുഷ്യനാണ്. ഞാന്‍ അയാളുടെ വീട്ടില്‍ നിന്നാണ് വിളിക്കുന്നത്.'

'നോക്കൂ. നമ്മളെല്ലാം പാവപ്പെട്ടവര്‍ തന്നെയല്ലെടോ....പിന്നെ ....?'

അദ്ദേഹത്തിന്റെ അര്‍ദ്ധോക്തിയില്‍ ഞാന്‍ തുടര്‍ന്നു. 'അങ്ങനെയല്ല സാര്‍. പക്ഷെ ഒരു സ്വദേശി ഇത്രയും...'

മറുപടിയൊന്നും കേള്‍ക്കാതെയായപ്പോള്‍ ഞാന്‍ തുടര്‍ന്നു.

'ഇന്നേ വരെ ഞാന്‍ സാറിനോടു ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതു ഞാന്‍ സാക്ഷിയാണു സാര്‍. ദയവു ചെയ്ത് കഴിയുമെങ്കില്‍....?'

എന്നെ മുഴുവനാക്കുവാന്‍ അദ്ദേഹം സമ്മതിച്ചില്ല. 'ഫോണ്‍ ടെക്‌നീഷ്യന്റെ കയ്യില്‍ കൊടുക്കൂ'

അവര്‍ ഹിന്ദിയില്‍ കുറച്ചു നേരം സംസാരിച്ചു. ഞങ്ങള്‍ മൂന്നു പേരും പുറത്തിറങ്ങി.

പിക്കപ്പില്‍ നിന്നും തീരെ പഴക്കമില്ലാത്ത മറ്റൊരു എയര്‍ കണ്ടീഷണര്‍ ഞങ്ങള്‍ ഒരുമിച്ചു താങ്ങിയെടുത്ത് നടക്കുന്നതിനിടെ ടെക്‌നീഷ്യന്‍മാര്‍ രണ്ടു പേരും അറബിയുടെ പരിതാപകരമായ അവസ്ഥ കണ്ടു വ്യസനം പറയുകയായിരുന്നു.

പഴയ എസി ഇറക്കി വെച്ചു പുതിയത് കയറ്റി വെച്ചു തിരിയവെ അപ്രതീക്ഷിതമായി അയാളെന്നെ ആലിംഗനം ചെയ്തു. അയാളുടെ കണ്ണുകള്‍ ഈറനണിയുന്നതു ഞാന്‍ കണ്ടു.

ശീതികരിക്കാന്‍ തുടങ്ങിയ മുറിയില്‍ നിന്നും ഞങ്ങളിറങ്ങുമ്പോള്‍ മനസ്സും തണുക്കുന്നുണ്ടായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios