Asianet News MalayalamAsianet News Malayalam

'മുഹബ്ബത്ത് കര്‍നേ വാലേ..', പ്രണയനൈരാശ്യത്തിന് ഒരു ഉത്തമൗഷധം!

ഗസല്‍: കേട്ട പാട്ടുകള്‍, കേള്‍ക്കാത്ത കഥകള്‍. പരമ്പര ഏഴാം ഭാഗം. 'ഹംഗാമാ ഹേ ക്യൂം ബര്‍പാ' 

learn indian classical ghazal series Mohabbat Karne Wale by babu ramachandran
Author
Thiruvananthapuram, First Published Sep 21, 2019, 7:34 PM IST

അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

learn indian classical ghazal series Mohabbat Karne Wale by babu ramachandran

പ്രണയനൈരാശ്യത്തിന് ഉത്തമൗഷധമാണ് ഹഫീസ് ഹോഷിയാര്‍പുരി എഴുതി മെഹ്ദി ഹസ്സന്‍ ഖമ്മജ് രാഗത്തില്‍ ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്ന ''മുഹബ്ബത്ത് കര്‍നേവാലേ ..'' എന്ന ഈ ഗസല്‍. ഈ ലോകത്ത് പ്രണയികള്‍ക്ക് പഞ്ഞമൊന്നും ഉണ്ടാവില്ല, പക്ഷേ,  നിന്റെ മെഹ്ഫിലില്‍ ഇനി ഈ 'ഞാന്‍' ഉണ്ടാവില്ല..! എന്നാണ് ഭഗ്‌നഹൃദയനായ കവി തന്റെ പ്രണയിനിയോട് അറിയിക്കുന്നത്. ഗസലിന്റെ വരികളിലേക്ക്...

അര്‍ത്ഥവിചാരം

I

മൊഹബ്ബത്ത് കര്‍നേവാലേ
കം ന ഹോംഗേ,
തെരീ മെഹ്ഫില്‍ മേ ലേകിന്‍
ഹം നാ ഹോംഗേ..!

പ്രണയികള്‍ക്കീ മണ്ണില്‍
പഞ്ഞമൊന്നും കാണില്ല..
പക്ഷേ, നിന്റെ മെഹ്ഫിലില്‍
ഇനിയൊരിക്കലും 'ഞാന്‍' ഉണ്ടാവില്ല..!

നിനക്ക് യാതൊന്നിനും ഒരു കുറവുമുണ്ടാവില്ല. സ്‌നേഹിതര്‍ എമ്പാടുമുണ്ടാകും നിനക്ക്. നേരമ്പോക്കിനുള്ള ഉപാധികളും നിന്റെ സഭകളില്‍ ഒട്ടും കുറവുണ്ടാവില്ല. ഇല്ലാതെയാവാന്‍ പോവുന്നത് ഒന്നു മാത്രം. ഞാനും, എന്റെ കവിതകളും. എന്റെ ആകാരത്തിൽ ഒരു ശൂന്യത, അതുമാത്രമേ നിനക്ക് ഇനി അനുഭവപ്പെടാന്‍ പോവുന്നുള്ളൂ.

കഠിനപദങ്ങള്‍ :

മുഹബ്ബത്: പ്രണയം മെഹ്ഫില്‍ - സൗഹൃദസദസ്സ്

 

മെഹ്ദി ഹസന്‍ പാടിയത്

 

II

സമാനേ ഭര്‍ കാ ഗം,
യാ ഇക് തെരാ ഗം,
യേ ഗം ഹോഗാ തോ
കിത്നേ ഗം ന ഹോംഗേ..!

ഒരു വശത്ത് ലോകത്തുള്ള സര്‍വ്വദു:ഖങ്ങളും,
മറുവശത്ത് നിന്നെക്കുറിച്ചുള്ള ദു:ഖം.
ഈയൊരു  ദു:ഖമുള്ളില്‍ക്കിടക്കുമ്പോള്‍
എന്നെ മറ്റെന്തു സങ്കടമാണ് അലട്ടുക..?

പലപ്പോഴും എനിക്ക് തോന്നാറുണ്ട്, നീയൊരു ദുഷ്ടയാണ്, എനിക്ക് ഒരുപാട് സങ്കടങ്ങള്‍ തന്നവളാണ് എന്നൊക്കെ. എന്നാല്‍, പിന്നീട് അതേപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്ക് നിന്നോട് കടപ്പാടുണ്ട്. നീ തന്ന നോവുകള്‍ എന്നെ മറ്റൊരു സങ്കടവും ഏശാത്തവനാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇനി ഈ ലോകത്തെ മറ്റൊരു സങ്കടവും എനിക്ക് ബാധകമല്ല. ആകെ മുങ്ങിയാല്‍ കുളിരില്ല എന്നര്‍ത്ഥം..!

കഠിനപദങ്ങള്‍ :

ഗം - ദു:ഖം

III

അഗര്‍ തൂ ഇത്തിഫാക്കന്‍
മില്‍ ഭി ജായേ,
തെരീ ഫുര്‍ക്കത്ത് കെ സദ്‌മേ
കം ന ഹോംഗേ..!

നാളെ നീ എന്റെ സ്വന്തമായി എന്നുവരികിലും
നിന്റെ വേര്‍പാട് ഇന്നെനിക്ക് തരുന്ന
ആഘാതത്തിന്, അന്നും കുറവൊന്നുമുണ്ടാവില്ല..!

നീ എന്റെ ജീവിതത്തില്‍ ഇല്ലാതിരിക്കുമ്പോള്‍ ഞാനനുഭവിക്കുന വേദന പറഞ്ഞാല്‍ മനസ്സിലാവുന്ന ഒന്നല്ല. അത് ഉമിത്തീയില്‍ എന്ന പോലെ എന്നെ അനുനിമിഷം നീറ്റുന്ന ഒന്നാണ്. അതിന് ഒരിക്കലും അറുതി വരുന്നില്ല, എനിക്ക് ആശ്വാസം ലേശവും കിട്ടുന്നുമില്ല. നിന്റെ വേര്‍പാട് എന്നെ വേദനയുടെ പരമകാഷ്ഠയില്‍ ഇതിനകം തന്നെ എത്തിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി, നാളെ ഒരു ദിവസം നിന്നെ എനിക്ക് തിരിച്ചു കിട്ടി എന്നുതന്നെ ഇരിക്കിലും നിന്റെ വേര്‍പാട് എന്നിലുണ്ടാക്കിയ ക്ഷതങ്ങളുടെ വേദന ആറുകയില്ല.

കഠിനപദങ്ങള്‍ :

ഇത്തിഫാക്കന്‍ - യാദൃച്ഛികമായി,
ഫുര്‍ക്കത് - വേര്‍പാട്,
സദ്മ  - മനോനില തെറ്റിക്കാന്‍ പോന്ന നടുക്കം

 

ഫരീദാ ഖാനം പാടിയത്‌

 

IV

ദിലോം കി ഉല്‍ഝനേ
ബഡ്തീ രഹേംഗീ,
അഗര്‍ കുഛ് മശ്വരേ
ബാഹം ന ഹോംഗേ..!

ഹൃദയങ്ങളിലെ കാലുഷ്യം
ഇനിയും ഏറിക്കൊണ്ടേയിരിക്കും,
നമ്മള്‍ തമ്മില്‍ ഉടനെന്തെങ്കിലും
ഒരു വഴി കണ്ടില്ലയെങ്കില്‍..!

പ്രണയത്തിന്റെ സങ്കടം ഓരോ നിമിഷവും അധികരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. മനസ്സിനുണ്ടാകുന്ന ഉലച്ചിലുകള്‍ നമ്മളെ വല്ലാതെ വീര്‍പ്പുമുട്ടിക്കും. വിഷാദത്തിന്റെ  ആത്മഹത്യാമുനമ്പിലാണ്  ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഉടനടി എന്തെങ്കിലും പരിഹാരം കണ്ടില്ലെങ്കില്‍ എല്ലാം തകിടം മറിയും എന്ന അവസ്ഥയാണ്.

കഠിനപദങ്ങള്‍ :

ഉല്‍ഝന്‍ - പ്രശ്‌നം, കാലുഷ്യം,
മശ്വരേ- പരിഹാരം, ബാഹം-പരസ്പരം

V

'ഹഫീസ്' ഉന്‍സേ മേ കിത്‌നാ
ബദ്ഗുമാ ഹൂം,
വോ മുഝ്‌സേ ഇസ് കദര്‍
ബര്‍ ഹം ന ഹോംഗേ.

തെരീ മെഹ്ഫില്‍ മേ ലേകിന്‍
ഹം ന ഹോംഗേ..!

മൊഹബ്ബത് കര്‍നെ വാലേ
കം ന ഹോംഗേ.
തെരീ മെഹ്ഫില്‍ മെ ലേകിന്‍
ഹം ന ഹോംഗേ.

എനിക്കവളോടത്രയ്ക്കും
ഉള്ളില്‍ ഈര്‍ഷ്യയുണ്ട്.
 എനിക്ക് അങ്ങോട്ടുള്ളത്ര  ദേഷ്യമൊന്നും
അവള്‍ക്ക് തിരിച്ചെന്നോടു കാണില്ലെങ്കിലും..!

നിന്റെമെഹ്ഫിലില്‍
ഇനി, 'ഞാന്‍`ഉണ്ടാവില്ല.

പ്രണയികള്‍ക്കീ മണ്ണില്‍
പഞ്ഞമൊന്നും കാണില്ല.
നിന്റെ മെഹ്ഫിലില്‍
ഇനിയീ `ഞാനു`ണ്ടാവില്ല..!

അവളോട് ഞാന്‍ എന്ത് ദേഷ്യത്തിലാണെന്നോ..? പറഞ്ഞറിയിക്കാനാവാത്ത കാലുഷ്യമാണ് ഇപ്പോള്‍ എന്റെ മനസ്സില്‍. ചിലപ്പോള്‍ ഞാനോര്‍ക്കും എന്നാലും, എനിക്ക് അങ്ങോട്ടുള്ളത്ര ദേഷ്യം ചിലപ്പോള്‍ അവള്‍ക്ക് തിരിച്ചെന്നോട്  ഉണ്ടാവണമെന്നില്ല..!

കഠിനപദങ്ങള്‍ :

ഹഫീസ് - കവിയുടെ പേര്, ഹഫീസ് ഹോഷിയാര്‍പുരി,
ബദ്ഗുമാ ഹോനാ - ഈര്‍ഷ്യ തോന്നുക,
ഇസ് കദര്‍ - ഇത്രയ്ക്കും, ബര്‍ഹം ഹോനാ- ദേഷ്യം തോന്നുക
ബര്‍ഹം ഹോനാ- ദേഷ്യം തോന്നുക

learn indian classical ghazal series Mohabbat Karne Wale by babu ramachandran

കവിപരിചയം
യഥാര്‍ത്ഥനാമം അബ്ദുല്‍ ഹഫീസ്. തഖല്ലുസ്, 'ഹഫീസ് ഹോഷിയാര്‍പുരി'. 1912-ല്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ജനനം. ലാഹോറിലെ ഗവ. കോളേജില്‍ പഠിക്കുന്ന കാലത്ത് ഫെയ്സ് അഹമ്മദ് ഫെയ്സ് സമകാലികനും സഹപാഠിയും ആയിരുന്നു. സൂഫി തബസ്സും എന്ന അധ്യാപകനാണ് ഇരുവരുടെയും സാഹിത്യസിദ്ധി തിരിച്ചറിഞ്ഞ്, മുഷായിരകള്‍ സംഘടിപ്പിച്ച് അവരെക്കൊണ്ട് അതില്‍ ഉര്‍ദു കവിതകള്‍ വായിപ്പിക്കുന്നത്. ഹഫീസിന്റെ ശിഷ്യനായിരുന്നു പ്രസിദ്ധ കവി നാസിര്‍ കാസ്മി. 1973  ജനുവരി 10-ന് കറാച്ചിയില്‍ വെച്ച മരണം.

രാഗവിസ്താരം
'ഖമ്മജ് ' രാഗത്തില്‍ മെഹ്ദി ഹസന്‍ സംഗീതം പകര്‍ന്ന വേര്‍ഷനാണ് കൂടുതല്‍ പ്രസിദ്ധമെങ്കിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന രണ്ട് ആലാപനങ്ങള്‍ കൂടി ഈ ഗസലിനുണ്ട്. ഒന്ന്, ഇക്ബാല്‍ ബാനോവിന്റെ രണ്ട്, ഫരീദാ ഖാനത്തിന്റെ. രണ്ടും ഒന്നിനൊന്നു മികച്ചവയാണ്.  വൈഷ്ണവ ജനതോ എന്ന് തുടങ്ങുന്ന ഒരു പ്രസിദ്ധ ഭജനും ഖമ്മജ് രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണ്. കുച്ച് തോ ലോഗ് കഹേംഗേ, തേരെ മേരെ മിലന്‍ കി യേ റെയ്ന തുടങ്ങിയ പ്രസിദ്ധ ചലച്ചിത്രഗാനങ്ങളുടെയും അടിസ്ഥാനം ഇതേ രാഗം തന്നെ.

 

ഇക്ബാല്‍ ബാനോ പാടിയത്

1 : ചുപ്‌കേ ചുപ്‌കേ രാത് ദിൻ... 

2 : 'ഏക് ബസ് തൂ ഹി നഹി' 

3: യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ

4: ഹസാറോം ഖ്വാഹിഷേം ഐസീ

5: 'രൻജിഷ് ഹീ സഹീ'

6. ഹംഗാമാ ഹേ ക്യൂം ബര്‍പാ

Follow Us:
Download App:
  • android
  • ios