ആ പഴയ നാഷനല്‍ ജിയോഗ്രാഫിക് മാസികയില്‍ കണ്ടു, ഫോട്ടോഗ്രാഫ് ബൈ ലീലാമ്മ മാത്യു!
ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് ഇന്ന് ക്യാമറയിലൂടെ സ്വന്തം ജീവിതത്തെ മാറ്റിയെഴുതിയ ഒരു സ്ത്രീജീവിതം
ആന്റി ടേബിളില്‍ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളുടെയിടയില്‍ തിരഞ്ഞു. അതിനിടയില്‍നിന്നും അവര്‍ വലിച്ചെടുത്ത മാഗസിന്‍ ഞാന്‍ നോക്കി, നാഷണല്‍ ജിയോഗ്രാഫിക്. പേജുകള്‍ മറിച്ച് ആന്റി ഒരത്ഭുതം കാണിച്ചു. അറോറ ബോറിയാലിസ് അഥവാ ധ്രുവദീപ്തി. മനോഹരമായ ചിത്രങ്ങള്‍. അതിനടിയില്‍ ആന്റിയുടെ ചിരിച്ചമുഖം. ഫോട്ടോഗ്രാഫ് ബൈ ലീലാമ്മ മാത്യു.
'നിനക്ക് ഹോം ഹെല്‍ത്ത് നഴ്‌സിംഗ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ?'
മാഗിയുടേതായിരുന്നു ചോദ്യം. വര്‍ഷങ്ങളായിരാത്രിജോലി ചെയ്ത് തളര്‍ന്ന ഒരുദിവസം ജോലിസ്ഥലത്ത് പരാതിയുടെ കെട്ടഴിക്കുകയായിരുന്നു ഞാന്‍.
'ഹോം ഹെല്‍ത്ത് ആണെങ്കില്‍ കുറച്ചുകൂടി ഫ്‌ലെക്‌സിബിള്‍ ആയിരിക്കും.'
മാഗി പിന്നെയും പ്രലോഭിപ്പിച്ചു. ശരിയാണ്. നഴ്‌സിംഗ് കെയര്‍ വേണ്ട രോഗികളെ വീട്ടില്‍ ചെന്നു കാണുകയും അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയുമാണ് ഒരു ഹോം ഹെല്‍ത്ത് നേഴ്‌സ് ചെയ്യേണ്ടത്. നമുക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാമെന്നത് അതിന്റെ പോസിറ്റീവ് ആയ വശമാണ്.
അന്നത്തെ സംഭാഷണത്തിന്റെ തുടര്‍ച്ചയായി ഒരു പരീക്ഷണമെന്ന നിലയിലാണ് അടുത്തയാഴ്ച്ച അവളുടെയൊപ്പം ഞാന്‍ പോയത്. ഹോസ്പിറ്റലില്‍ ജോലിചെയ്യുന്നതിനൊപ്പം അധികവരുമാനത്തിനാണ് മാഗി ഹോം ഹെല്‍ത്ത് നേഴ്‌സ് ആയി ജോലിചെയ്തിരുന്നത്. അറുപതുകളുടെ മധ്യത്തില്‍ എത്തിയിട്ടും ജീവിതത്തെ അഗാധമായി പ്രണയിക്കുന്നവളായിരുന്നു മാഗി. ജീവിതം ഓരോ പരിക്കുകളേല്‍പ്പിക്കുമ്പോഴും അവളുടെ ചുണ്ടിലെ ചിരി അല്‍പ്പം കൂടി വിടര്‍ന്നു. ആറുമാസം കൂടുമ്പോഴെങ്കിലുമുള്ള യാത്രകള്‍ അവള്‍ക്ക് നിര്‍ബന്ധമായിരുന്നു. മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കുള്ള ഔഷധമാണെന്നാണ് മാഗി ഓരോ യാത്രയേയും വിശേഷിപ്പിക്കാറുള്ളത്.
പോകുംവഴി അന്ന് കാണാന്‍ പോകുന്ന രോഗിയെക്കുറിച്ചുള്ള ഏകദേശ വിവരണം എനിക്ക് കിട്ടി. പ്രമേഹം കൂടുതലായി കാലിലെ രണ്ടു വിരലുകള്‍ മുറിച്ചുകളഞ്ഞ അറുപത്തി രണ്ടുവയസ്സുകാരിയാണ് ഞങ്ങള്‍ കാണാന്‍പോകുന്ന രോഗി. അവരുടെ ഡ്രസിങ് ചെയ്യണം. ഷുഗര്‍ ലെവല്‍ നോക്കണം. എന്തെങ്കിലും ആവശ്യമെന്നുകണ്ടാല്‍ ഡോക്ടറെ വിവരമറിയിക്കണം. ഇത്രയുമാണ് അന്നത്തെ പ്ലാന്‍. പേര് മിസ്. മാത്യു.
ഇരുവശങ്ങളിലും മനോഹരമായി പുല്ലുവെട്ടിയൊതുക്കിയ വഴിയിലൂടെ മാഗിയുടെ കാര്‍ മിസ് മാത്യുവിന്റെ വീടിന്മുന്നിലെത്തി നിന്നു. സുന്ദരമായി പരിപാലിക്കുന്ന പുല്‍ത്തകിടിയും പൂച്ചെടികളും. ചിരിച്ചുനില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍. ബെല്ലമര്‍ത്തി ഞങ്ങള്‍ കാത്തുനിന്നു. അകത്തളങ്ങളില്‍ മുഴങ്ങുന്ന മണിനാദം.
'ഗുഡ് മോര്‍ണിംഗ്, വരൂ വരൂ. എന്റെ പ്രിയപ്പെട്ട കുട്ടി, കൃത്യസമയത്തുതന്നെ എത്തിയല്ലോ.'
ഒഴുക്കുള്ള ഇംഗ്ലീഷില്‍ അവര്‍ അഭിവാദനം ചെയ്തു. അപ്പോഴാണ് മാഗിയുടെ പുറകില്‍ നില്‍ക്കുന്ന എന്നെ അവര്‍ കാണുന്നത്.
'ഓ ഇന്ന് ഒരാള്‍കൂടിയുണ്ടല്ലോ. വരൂ, അകത്തുവരൂ.'
മിസ് മാത്യു എന്റെ കൈപിടിച്ചു. ബാറ്ററി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു വീല്‍ചെയറില്‍ ആയിരുന്നു അവര്‍. വീട്ടിനുള്ളില്‍ എവിടെയും അനായാസം കറങ്ങിനടക്കാന്‍ സഹായിക്കുന്ന വീല്‍ചെയര്‍. മുടിയുടെ മുന്‍ഭാഗം മുക്കാലും നരച്ചിരുന്നു. മുഖത്ത് തിളങ്ങുന്ന പുഞ്ചിരി.
പുറകിലേക്ക് ചാരിവെയ്ക്കാവുന്ന സോഫയില്‍ കാലും നീട്ടിയിരുന്ന് അവര്‍ ഡ്രസിങ്ങിന് തയ്യാറായി.
'മുറിവ് നന്നായി ഉണങ്ങിയിട്ടുണ്ട്. ഇനി ഞങ്ങള്‍ വരേണ്ട ആവശ്യമില്ല.'
മാഗി പറഞ്ഞു. അവള്‍ എന്നെ മിസ് മാത്യൂവിന് പരിചയപ്പെടുത്തി.
'നീ കേരളത്തില്‍നിന്നാണെന്ന് ഞാന്‍ കരുതുന്നു.'
ഒരു കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
'അതേ, നമ്മള്‍ രണ്ടുപേരും ഒരു സ്ഥലത്തുനിന്നാണ്.'
അപ്പോഴേക്ക് ലാപ്‌ടോപ്പില്‍ തുറന്നുവെച്ചിരുന്ന അവരുടെ ചാര്‍ട്ടില്‍നിന്ന് ലീലാമ്മ മാത്യു എന്ന അവരുടെ മുഴുവന്‍ പേര് ഞാന്‍ കണ്ടുപിടിച്ചിരുന്നു.
'എത്രനാളായി ഇവിടെയെത്തിയിട്ട്?'
ശുദ്ധമലയാളത്തിലായിരുന്നു ഇത്തവണത്തെ ചോദ്യം.
പിന്നീടുള്ള ഞങ്ങളുടെ സംഭാഷണം മലയാളത്തിലായി. മാഗിക്കുവേണ്ടി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയും ഇടയ്ക്ക് ഉച്ചത്തില്‍ ചിരിച്ചും അവര്‍ സംസാരിച്ചുകൊണ്ടിരുന്നു.
'നിനക്കെന്നെ ആന്റിയെന്ന് വിളിക്കാം. Don't be too official.'
സ്വര്‍ണ്ണനിറമുള്ള പൂച്ചക്കുട്ടിയെ ഓമനിക്കുന്നതിനിടയില്‍ മിസ് മാത്യു പറഞ്ഞു. മാഗി പണികള്‍ തീര്‍ത്ത് പോകാനിറങ്ങി.
'എപ്പോള്‍ വേണമെങ്കിലും വരൂ. നമുക്ക് സംസാരിക്കാം.'
വാതില്‍ക്കലോളം വന്ന് ഞങ്ങളെ യാത്രയാക്കുന്നതിനിടെ അവര്‍ പറഞ്ഞു.
അതിന് ശേഷം ഇടയ്ക്കിടെ അവരെ വിളിക്കാറുണ്ടായിരുന്നു. സയന്‍സ് ഫിക്ഷന്‍ വായിക്കാനിഷ്ടപ്പെടുന്ന, അയല്‍പക്കത്തെ എട്ടുവയസ്സുകാരനൊപ്പം വീഡിയോഗെയിം കളിക്കാനിഷ്ടപ്പെടുന്ന മിസ് മാത്യു.
ഒരിക്കല്‍ ഞാനവരെ കാണാന്‍ പോയി. വെറുതെ ഒരു സൗഹൃദസന്ദര്‍ശനം. കാലിലെ മുറിവുണങ്ങി അവര്‍ നടക്കാന്‍ തുടങ്ങിയിരുന്നു. വാതില്‍തുറന്ന ആന്റിയുടെ പുറകില്‍ നീലഫ്രോക്കിട്ട ഒരു കൊച്ചുപെണ്‍കുട്ടി.
'ഇത് ഗ്രേസ്. തൊട്ടടുത്ത വീട്ടിലെയാണ്. അമ്മ പുറത്തുപോകുമ്പോള്‍ അവള്‍ എന്റെകൂടെയാണ്.'
ആന്റി പരിചയപ്പെടുത്തി. കുഞ്ഞുകണ്ണുകളില്‍ ഒരു പുഞ്ചിരി വിരിഞ്ഞു.
അന്ന് ഞങ്ങള്‍ ഒരുമിച്ച് പാചകം ചെയ്തു. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ അത്രനാള്‍ അടക്കിവെച്ചിരുന്ന ഒരുചോദ്യം പുറത്തുചാടി.
'ആന്റി തനിച്ചാണോ? ഫാമിലിയൊക്കെ?'
അവര്‍ ഉച്ചത്തില്‍ ചിരിച്ചു.
'അതൊരു കഥയാണ് കൊച്ചേ.'
ആന്റി പറഞ്ഞുതുടങ്ങി.
'നാല്പത്തൊന്നു വര്‍ഷമായി ഞാനിവിവിടെയെത്തിയിട്ട്. ഫ്രഡിയെ വിവാഹം കഴിച്ചായിരുന്നു അമേരിക്കയിലേക്കുള്ള വരവ്. ഫ്രെഡിയുടെ പേരന്റ്‌സിന് എന്റെ അപ്പനെയും അമ്മച്ചിയേയും അറിയാമായിരുന്നു. നാട്ടില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടിവേണം മകന് ഭാര്യയായി വരാനെന്ന് അവര്‍ക്കായിരുന്നു നിര്‍ബന്ധം. എന്നോട് അഭിപ്രായം ഒന്നും ആരും ചോദിച്ചില്ല. ഞാന്‍ അന്ന് ഡിഗ്രി കഴിഞ്ഞതേയുള്ളൂ. ജീവിതം എന്താണെന്ന് അറിഞ്ഞുതുടങ്ങുന്ന പ്രായം. കല്യാണം കഴിച്ച് അമേരിക്കയ്ക്ക് പോകുന്നു എന്ന കാര്യം മനസ്സില്‍ ഉറപ്പിക്കുന്നതിനു മുന്‍പ് തന്നെ കെട്ടു നടന്നു. ഒരാഴ്ച കഴിഞ്ഞ് ഫ്രഡിയും പേരന്റസും തിരിച്ചു പോന്നു. പിന്നെ ഒരു വര്‍ഷത്തോളം കാത്തിരിപ്പ്. ഒരു വര്‍ഷമായപ്പോഴേയ്ക്ക് പേപ്പറുകള്‍ ശരിയാക്കി എന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു. സത്യം പറഞ്ഞാല്‍ ഫ്‌ളൈറ്റില്‍ ഇരിക്കുമ്പോള്‍ എനിക്ക് പേടിതോന്നി. കാരണം വേറൊന്നുമല്ല ഫ്രഡിയെ കണ്ടാല്‍ തിരിച്ചറിയാതെ പോകുമോ എന്ന പേടി'
ആന്റി അത് പറഞ്ഞ് ഉച്ചത്തില്‍ ചിരിച്ചു. 'ഒരുമിച്ചുണ്ടായിരുന്ന ഒരാഴ്ച ഫ്രെഡിയെ നേരാംവണ്ണം ഒന്ന് കണ്ടിട്ട്‌പോലുമില്ല. ബന്ധുവീടുകളിലും തിരക്കുകളുമായി ക്ഷീണിച്ചു കിടന്നുറങ്ങിയിരുന്ന രാവുകള്‍. ഒപ്പം ഭാഷയുടെ തടസ്സവും. മലയാളം ഫ്രഡിക്ക് മനസ്സിലാവും. പക്ഷേ പറയുമ്പോള്‍ അത്ര ഒഴുക്ക് ഉണ്ടാവില്ല. അതുകൊണ്ട്ഞങ്ങളുടെ ഇടയില്‍ സംഭാഷണം കുറവായിരുന്നു.'
ഏതോ ഓര്‍മകളില്‍ മുഴുകിയെന്നോണം ആന്റി കുറച്ചു സമയം മിണ്ടാതിരുന്നു. ഗ്രേസ് മോള്‍ സ്വര്‍ണവാലുള്ള പൂച്ചക്കുഞ്ഞിനെ ഓമനിക്കുന്ന തിരക്കിലായിരുന്നു. 'അമേരിക്കയില്‍ വന്ന ആദ്യ ദിവസം. എല്ലാം പുതിയതായിരുന്നു. ജീവിതവും ചുറ്റും കാണുന്നതെല്ലാം പുതിയത്. അപ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ തനിച്ചായിരുന്നു. ചുരുങ്ങിയ വാക്കുകളിലുള്ള സംഭാഷണങ്ങള്‍. രാത്രിയിലെപ്പോഴോ ഫ്രെഡിയുടെ ഭാരം എന്റെ മേല്‍ അമര്‍ന്നു. ഉള്ളില്‍ സൂക്ഷിച്ചിരുന്ന പ്രണയ പുഷ്പങ്ങളില്‍ തറച്ചു കയറുന്ന മുള്ളുകള്‍. സഹിക്കാനാവാത്ത വേദനയുടെ ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ അവനെ തള്ളിമാറ്റി.
'വാട്ട് ഹാപ്പെന്‍ഡ്?'
ഫ്രഡിയുടെ ഈര്‍ഷ്യ നിറഞ്ഞ ചോദ്യം. ഒരു നിമിഷം കഴിഞ്ഞ് അയാള്‍ ചോദിച്ചു.
'ആര്‍ യു സ്റ്റില്‍ എ വെര്‍ജിന്‍?'
ചോദ്യം എന്റെ ഉള്ളിലേക്ക് ഉരുകിയിറങ്ങി. ഇണയായി വരുന്നവന് കൊടുക്കുവാന്‍ വേണ്ടി കാത്തുവെച്ചിരുന്നതൊക്കെയും ഒറ്റ നിമിഷത്തില്‍ വിലകെട്ട ഒരു ഭാരം പോലെ എന്റെ കഴുത്തില്‍ തൂങ്ങിക്കിടന്നു. അതായിരുന്നു തുടക്കം. പിന്നീടുള്ള ദിവസങ്ങളില്‍ എനിക്കു മനസ്സിലായി, എനിക്കും ഫ്രഡിക്കുമിടയില്‍ പൊതുവായി ഒന്നുമില്ല. വിവാഹം എന്ന വ്യവസ്ഥയോടുതന്നെ ഫ്രഡിക്ക് താല്പര്യമുണ്ടായിരുന്നില്ല. ജീവിതം ആസ്വദിച്ചു കൊണ്ടിരുന്ന മകന് കടിഞ്ഞാണിടാന്‍ കുടുംബത്തില്‍ പിറന്ന കന്യകയെ കണ്ടെത്തുകയായിരുന്നു ഫ്രഡിയുടെ മാതാപിതാക്കള്‍. ഒരു വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് താമസിച്ചു. പക്ഷേ പരസ്പരം ഇഷ്ടം കണ്ടെത്തുന്ന ഒന്നും ഞങ്ങളുടെയിടയില്‍ ഉണ്ടായില്ല. ഉടലുകള്‍ പരസ്പരം ഒരിക്കലും അറിഞ്ഞില്ല. എന്റെ എണ്ണ മണമുള്ള നീണ്ടമുടി ഫ്രഡിയ്ക്ക് വെറുപ്പായിരുന്നു. ചിലപ്പോള്‍ ആഴ്ചകളോളം വീട്ടില്‍ വരില്ല. വന്നാല്‍ത്തന്നെ പരസ്പരം സംസാരിക്കാറുപോലുമില്ല. ഒരു വര്‍ഷം പൂര്‍ത്തിയായ അന്ന് ഞാന്‍ ഫ്രെഡിയുടെ അപ്പനേയും അമ്മയേയും കാണാന്‍ ചെന്നു. എനിക്ക് ഡിവോഴ്‌സ് വേണം, ഞാന്‍ അവരുടെ മുഖത്തുനോക്കി പറഞ്ഞു. ഈ ജീവിതം കൊണ്ട് എനിക്കോ നിങ്ങളുടെ മകനോ യാതൊരു ഗുണവുമില്ല. അവര്‍ ആദ്യം സമ്മതിച്ചില്ല. പക്ഷേ ഒരു വര്‍ഷത്തെ അമേരിക്കന്‍ ജീവിതം കൊണ്ട് എനിക്ക് കുറച്ച് ധൈര്യം വന്നിരുന്നു. ഞാന്‍ തന്നെ ഒരു വക്കീലിനെ കണ്ടുപിടിച്ചു. ഫ്രഡിയ്ക്കും പിരിയാന്‍ സമ്മതമായിരുന്നു. പരസ്പര സമ്മതപ്രകാരം ഞങ്ങള്‍ വേര്‍പിരിഞ്ഞു. നിനക്കറിയാമോ ഡിവോഴ്‌സ് കഴിഞ്ഞ് ആദ്യം ഞാന്‍ ചെയ്തത് എന്താണെന്ന്'?
ആന്റി എന്റെ ചായക്കപ്പിലേക്ക് അല്‍പ്പംകൂടി മധുരം ചേര്‍ത്തു.
'ഞാനൊരു യാത്ര പോയി. അപ്പോഴേക്കും ചെറിയ ചെറിയ ജോലികള്‍ ചെയ്തു കുറച്ചു പണം സമ്പാദിച്ചിട്ടുണ്ടായിരുന്നു. പിന്നെ കല്യാണത്തിന് അപ്പച്ചന്‍ തന്ന സ്വര്‍ണ്ണം മുഴുവന്‍ വിറ്റു. ഫ്രെഡി തരാമെന്ന് പറഞ്ഞ് പണം ഞാന്‍ വാങ്ങിയില്ല. ഞങ്ങള്‍ സുഹൃത്തുക്കളായിത്തന്നെ പിരിഞ്ഞു.
ഒരു ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ മാത്രമായിരുന്നു യാത്രപോകാന്‍ കരുതിയത്. പോകുന്നതിനു മുന്‍പ് സലൂണില്‍ പോയി നീണ്ടമുടി മുറിച്ചു. അതായിരുന്നു ആദ്യപടി. സലൂണില്‍നിന്ന് ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത ഗ്യാസ് സ്റ്റേഷനില്‍ ട്രക്കില്‍ ഗ്യാസ് നിറക്കുന്ന ഡ്രൈവര്‍. മെക്‌സിക്കോയിലേയ്ക്ക് ചരക്കുമായി പോകുകയായിരുന്നു അയാള്‍'
ചായ ഒരുകവിള്‍ കുടിച്ച് അവര്‍ ഓര്‍മ്മകളില്‍ മുഴുകിയെന്നോണം അല്പസമയമിരുന്നു. ചുണ്ടില്‍ എന്തോ ഓര്‍ത്തെന്നോണം പുഞ്ചിരി വിരിഞ്ഞു. സന്ധ്യ തണുത്തുതുടങ്ങിയിരുന്നു. തിരികെ പോരാന്‍ അല്‍പ്പവും തിടുക്കമില്ലാതെ കഥയിലേക്ക് കാതുകൂര്‍പ്പിച്ചിരുന്ന നിമിഷങ്ങള്‍.
'ഞാനും പോന്നോട്ടെ എന്ന് അയാളോട് ചോദിച്ചു.'
ആന്റി കഥ തുടര്‍ന്നു.
'ഡ്രൈവര്‍ എന്നെ ഒന്ന് നോക്കി. ഒട്ടും ചൂളാതെ അയാളുടെ കണ്ണുകളില്‍ തന്നെ ഞാനും നോക്കി.
പാസഞ്ചര്‍സൈഡിലെ ഡോര്‍ അയാള്‍ എനിയ്ക്കായി തുറന്നുതന്നു. യാത്രയിലുടനീളം ഞങ്ങള്‍ സംസാരിച്ചു. രാത്രിയില്‍ ട്രക്കിനുള്ളില്‍ കിടന്നുറങ്ങി. ഞാന്‍ ഒരു സ്ത്രീയാണെന്ന് തോന്നിക്കാത്ത വിധം സൗഹൃദത്തോടെ അയാള്‍ എന്നോട് പെരുമാറി. പിന്നെ അടുത്ത ട്രക്ക്, അതിനുശേഷം ബോര്‍ഡര്‍ ക്രോസ് ചെയ്തുപോകുന്ന ബസ്. ഒരു ജിപ്‌സിയെപ്പോലെ മാസങ്ങള്‍ നീണ്ടൊരു യാത്ര. അന്ന് അത് ചെയ്യാന്‍ എങ്ങനെ ധൈര്യം കിട്ടിയെന്ന് പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അതിനുത്തരം ഒരിക്കലും കിട്ടിയില്ല. ഏത് നിമിഷത്തിലാണ് ചിറകുകള്‍ കുടഞ്ഞുണര്‍ന്നതെന്ന് ആലോചിച്ചു മിനക്കെട്ടുമില്ല. ആ യാത്രയുടെ ഒടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്നത് അലാസ്‌കയില്‍ ആണ്. ഒരു ഫെബ്രുവരി മാസത്തില്‍. ചെറിയ ഒരു ക്യാബിനില്‍ ആയിരുന്നു താമസം. തണുത്തതും ഇരുണ്ടതുമായ ഒരു രാത്രി. ഉറക്കം വരാതെ കിടക്കുന്ന ആ രാത്രിയില്‍ ഞാന്‍ ഒരു കാഴ്ച കണ്ടു. ആകാശം നിറയെ പലനിറത്തിലുള്ള വെളിച്ചം. പച്ച, മഞ്ഞ, പര്‍പ്പിള്‍...പിന്നെയും പിന്നെയും നിറങ്ങള്‍. പലനിറങ്ങളിലുള്ള വെളിച്ചം ഒരു കര്‍ട്ടന്‍ പോലെ ആകാശത്തെ മൂടിയിരിക്കുന്നു. നൃത്തം ചെയ്യുന്ന നിറങ്ങളുടെ ഒരു കടല്‍ ആകാശത്തെ തിളങ്ങുന്ന ഉടുപ്പിടുവിച്ചതുപോലെ. അറോറ ബോറിയാലിസ്...പ്രകൃതി ഒരുക്കുന്ന വിസ്മയം. സൂര്യനില്‍ നിന്ന് രൂപപ്പെടുന്ന ഒരു കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജ സ്രോതസ്സാണ് ഇതിന് പിന്നില്‍'
കഥപറയുന്ന ആന്റിയുടെ കണ്ണുകള്‍ മഴവില്ലുപോലെ മനോഹരമായി.
'എന്റെ കയ്യില്‍ ഒരു പഴയ ക്യാമറ ഉണ്ടായിരുന്നു. അതില്‍ കുറെ ഫോട്ടോസ് എടുത്തു. കാഴ്ചകണ്ട് തനിയെ പ്രകൃതിയിലേക്ക് നോക്കി നിന്ന ആ നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു, ജീവിതം എത്ര മനോഹരമാണെന്ന്. നമ്മുടെ സന്തോഷം തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണെന്ന്. ഒരാളും കൂടെയില്ലെങ്കിലും ജീവിതത്തിന് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന.'
ആന്റി ടേബിളില്‍ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളുടെയിടയില്‍ തിരഞ്ഞു. അതിനിടയില്‍നിന്നും അവര്‍ വലിച്ചെടുത്ത മാഗസിന്‍ ഞാന്‍ നോക്കി, നാഷണല്‍ ജിയോഗ്രാഫിക്. പേജുകള്‍ മറിച്ച് ആന്റി ഒരത്ഭുതം കാണിച്ചു. അറോറ ബോറിയാലിസ് അഥവാ ധ്രുവദീപ്തി. മനോഹരമായ ചിത്രങ്ങള്‍. അതിനടിയില്‍ ആന്റിയുടെ ചിരിച്ചമുഖം. ഫോട്ടോഗ്രാഫ് ബൈ ലീലാമ്മ മാത്യു.
'അന്നെടുത്ത ചിത്രങ്ങളാണ്. വെറുതെ ഒരു രസത്തിന് അയച്ചുകൊടുത്തു, അവര്‍ പ്രസിദ്ധീകരിച്ചു.'
നാഷണല്‍ ജിയോഗ്രാഫിക്കിന്റെ പേജുകളില്‍ ഒരു ചിത്രം വരിക എന്നത് അത്ര എളുപ്പമല്ലെന്ന് ഞാനോര്‍ത്തു.
'ഈ ഫോട്ടോ മാഗസിനില്‍ വന്ന അന്നാണ് എന്റെ വഴി ഞാന്‍ തിരിച്ചറിഞ്ഞത്. ഞാനൊരു ഫോട്ടോഗ്രാഫറായി. കൂടുതലും വൈല്‍ഡ് ലൈഫ്. കാട്ടുമൃഗങ്ങള്‍ എന്ന് പറയുമ്പോള്‍ പേടിക്കാനൊന്നുമില്ല. ചില മനുഷ്യരേക്കാള്‍ എത്രയോ ഭേദമാണ് മൃഗങ്ങള്‍. ഈ ഫോട്ടോ നോക്കൂ, ആഫ്രിക്കന്‍ സഫാരിക്കിടെ എടുത്തതാണ്'
ആന്റി അടുത്തിരുന്ന ആല്‍ബത്തില്‍നിന്ന് ഒരു കടുവയുടെ ചിത്രം കാണിച്ചു.
'അവളുടെ കണ്ണുകളില്‍ ക്രൗര്യത്തേക്കാളേറെ അടുത്ത് പുല്ലില്‍ കിടന്ന് കളിക്കുന്ന കുഞ്ഞുങ്ങളോടുള്ള വാത്സല്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആന്‍ഡ്, യു നോ വണ്‍ തിങ്?'
ഒരു കണ്ണിറുക്കി കുസൃതിയോടെ ആന്റി ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു.
'ഐ ആം സ്റ്റില്‍ എ വെര്‍ജിന്‍.'
അമ്പരന്ന് ഇരിക്കുന്ന എന്നെ നോക്കി ആന്റി പൊട്ടിച്ചിരിച്ചു. തുറന്നു കിടന്ന വാതിലിലൂടെ കാണാം ദേവനു നേരെ മുഖം നോക്കിനില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍. ആന്റി എന്റെ കയ്യില്‍നിന്ന് ഫോണ്‍വാങ്ങി. ക്യാമറ വിടര്‍ന്നുനിന്ന പൂവിനെ ചുംബിക്കുന്ന ചിത്രശലഭത്തിനുനേരെ തിരിച്ചു. ക്ലിക് എന്നൊരു മാന്ത്രികശബ്ദം. മൊബൈലിന്റെ സ്‌ക്രീനില്‍ ചിരിച്ചുകൊണ്ട് ഓടിവരുന്ന ഗ്രേസ്മോള്‍. പശ്ചാത്തലത്തില്‍ വിടര്‍ന്ന സൂര്യകാന്തിപ്പൂവില്‍നിന്ന് പറന്നുയരുന്നൊരു ചിത്രശലഭവും!
'ആന്റീ ഇതെങ്ങനെ?'
എനിക്ക് ആശ്ചര്യം അടക്കാനായില്ല. 'ക്യാമറയില്‍ പതിയുന്നതിന് ഒരുനിമിഷം മുന്‍പേ ചിത്രം ഫോട്ടോഗ്രാഫറുടെ മനസ്സില്‍ പതിയണം. അതാണ് ചിത്രങ്ങള്‍ സുന്ദരമാകുന്നതിന്റെ രഹസ്യം.'
ഓടിവന്ന ഗ്രേസ്മോളെ വാരിയെടുത്തുകൊണ്ട് ആന്റി തിരികെ കിച്ചണിലേക്ക് നടന്നു. അവരോട് യാത്രപറഞ്ഞ് പുറത്തെ മങ്ങിയ പകലിലേക്ക് നടക്കുമ്പോള്‍, നൃത്തം വെയ്ക്കുന്ന വെളിച്ചത്തിന്റെ കിരണങ്ങള്‍ എന്റെ മനസ്സില്‍ പ്രകാശം നിറച്ചുകൊണ്ടിരുന്നു.