Asianet News MalayalamAsianet News Malayalam

ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന റോസ് നിറമുള്ള ഒരു പെന്‍സില്‍ ബോക്‌സ്, അതുണ്ടാക്കിയ സങ്കടം!

ജീവിതാവസാനം വരെ, അത്രമേല്‍ പ്രിയതരമായ ഒരാളിന്റെ അവഗണന നല്‍കുന്ന നടുക്കവും അവിശ്വസനീയതയും  നെഞ്ചിന്‍ കൂടിനുള്ളില്‍ ശ്വാസം മുട്ടി പിടയും. മരിച്ചു ജീവിച്ച് തീര്‍ക്കേണ്ടുന്ന, വരണ്ട് നീണ്ട വര്‍ഷങ്ങള്‍. 

speak up on rejection and ignorance by sheeba prasad
Author
First Published Mar 28, 2024, 5:56 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

speak up on rejection and ignorance by sheeba prasad

 

അനുഭവങ്ങള്‍ക്ക് രുചിയുണ്ടാകുമോ? 

സ്‌നേഹവും വാത്സല്യവും നിറഞ്ഞ അനുഭവങ്ങള്‍ക്ക് മധുരം. സങ്കടങ്ങള്‍ക്കും വേദനകള്‍ക്കും ചവര്‍പ്പ്. ചിലതിന് എരിവ്, ഇനി ചിലതിന് പുളി രസം. പിന്നെയും രുചികള്‍ ബാക്കിയുണ്ട്.

എന്റെ അനുഭവത്തില്‍ അവഗണനയ്ക്ക് കയ്പ് രസമാണ്. കയ്പ് തന്നെ പല തരത്തില്‍ ഉണ്ടല്ലോ. പാവയ്ക്കയുടെ കയ്പ്, പൊടിച്ച പാരസെറ്റമോളിന്റെ കയ്പ്, കാഞ്ഞിരത്തിന്റെയും കിരിയാത്തിന്റെയും കയ്പ്!

അവഗണനയുടെ കയ്പ് ഇതൊന്നുമല്ല. വേറിട്ട് നില്‍ക്കും! നല്ല എണ്ണം പറഞ്ഞ, മുറ്റിയ കയ്പ്!

ഇതൊന്നും പോരാഞ്ഞ് നീറിപ്പിടിക്കുന്ന ഒരു വേദനയും കൂടിയുണ്ട്. അതും അനുഭവിക്കണം.

അനുഭവിച്ച കാലം മുതല്‍ അവസാന ശ്വാസം വരെയും അതേക്കുറിച്ച് ഓര്‍ക്കുന്ന നിമിഷങ്ങളിലെല്ലാം വായില്‍, നാവില്‍, തൊണ്ടക്കുഴിയില്‍, എന്തിനേറെ ദു:സ്വപ്നങ്ങളില്‍ വരെ ആ കയ്പ് കല്ലിച്ചു നില്‍ക്കും. 

ഒരിക്കലും പറിച്ചെറിയാനോ, തുടച്ചു നീക്കാനോ കഴിയാതെ ആത്മാവിന്റെ അങ്ങേയറ്റം വരെ ആ കയ്പുരസം വേരാഴ്ത്തി നിന്ന് നമ്മളെ നിസ്സഹായരാക്കും.

പണ്ട് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിന് ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍ അതനുഭവിച്ചിട്ടുണ്ട്.  ഇരുണ്ടു മെലിഞ്ഞ കുട്ടികളെ, 'നിങ്ങള്‍ അങ്ങോട്ട് മാറി നിന്നേ' എന്ന് പറഞ്ഞിരുന്ന അധ്യാപര്‍ക്ക് രണ്ടാമതൊരു അവസരം കൊടുക്കാന്‍ ആ പ്രായത്തിലും എന്റെ ആത്മാഭിമാനം അനുവദിച്ചിട്ടില്ല.

ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കുമ്പോഴും വെളുപ്പും തുടുപ്പും നോക്കിയ അധ്യാപകരും ഉള്ളില്‍ നിറച്ചത് അവഗണനയുടെ കയ്പ് നീര്‍ തന്നെ. കുഞ്ഞു പ്രായത്തില്‍, പ്രത്യേകിച്ച് അടുത്ത ബന്ധുക്കളില്‍ നിന്നോ മറ്റോ, നേരിടേണ്ടി വരുമ്പോള്‍ അതുണ്ടാക്കുന്ന അരുചിയും മുറിവിന്റെ ആഴവും ഭീകരമായിരിക്കും.

ആദ്യഗണത്തില്‍ വന്ന അധ്യാപകരോട് പൊറുക്കാന്‍ കഴിഞ്ഞാലും ആ ബന്ധുക്കളോട് പൊറുക്കാന്‍ കഴിയില്ല.


ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ചെറിയമ്മാവന്‍ ദുബായില്‍ നിന്നും ആദ്യ ലീവിന് നാട്ടില്‍ വരുന്നത്.  സ്‌കൂള്‍ വിട്ടു വന്നൊരു വൈകുന്നേരം അമ്മാവന്റെ വീട് കടന്നു പോകുമ്പോള്‍ മുറ്റത്ത് പതിവില്ലാതെ കുറെ ജോഡി ചെരുപ്പുകള്‍ കണ്ടു.  വേഗം അങ്ങോട്ടേക്ക് ചെന്ന് കയറുമ്പോഴേ കണ്ടു, ചെറിയമ്മാവനും അമ്മായിയും, അമ്മായിയുടെ അനിയനും ഭാര്യയും കൂടാതെ അനിയത്തിയും മക്കളും എല്ലാവരും മുന്‍വശത്തെ മുറിയില്‍ ഇരിക്കുന്നു.

ചെറിയമ്മാവന്‍ ഗള്‍ഫില്‍ നിന്നും വന്നു. എന്റെ മനസ്സ് സന്തോഷത്താല്‍ തുടി കൊട്ടി.  ചുറ്റിലും പരക്കുന്ന ഗള്‍ഫ് മണം ഞാന്‍ ആവോളം നുകര്‍ന്നു.

ചെറിയമ്മാവന്‍ തൊട്ടപ്പുറത്ത് പായ വിരിച്ചിട്ടിരുന്ന്, തുറന്നുവെച്ച വലിയ പെട്ടിയില്‍ നിന്നും സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്തു വെക്കുന്നു.

അമ്മായി വേഗം കൈയില്‍ ഇരുന്നു ഞെളിപിരി കൊള്ളുന്ന കുഞ്ഞുമോളെ എന്റെ കൈയില്‍ തന്നു. തോളില്‍ തൂക്കിയിട്ടിരുന്ന സഞ്ചി നിലത്തേക്ക് വെച്ച് ഞാന്‍ കുഞ്ഞിനെ മാറത്തടക്കി പിടിച്ചു നിന്നു.

അമ്മാവന്‍ പുറത്തെടുത്തു വെക്കുന്ന സാധനങ്ങള്‍ ഞാന്‍ ആകാംക്ഷയോടെ നോക്കി നിന്നു.  ഇതില്‍ എന്താകും എനിക്ക് തരുന്നത്.  പെട്ടിയുടെ ഒരറ്റത്തായി കാണുന്ന റോസ് നിറമുള്ള പെന്‍സില്‍ ബോക്‌സിലേക്കായി എന്റെ കണ്ണുകള്‍.  ഇരുവശവും തുറക്കാന്‍ സാധിക്കുന്ന കാന്തം പിടിപ്പിച്ച പെന്‍സില്‍ ബോക്‌സ്

പൗഡറുകള്‍, സ്‌പ്രേ, നിവിയ, മഞ്ഞയും കറുപ്പും നിറമുള്ള പെന്‍സില്‍, പേനകള്‍, സോപ്പ്, ടൈഗര്‍ ബാം എന്നു തുടങ്ങി ചെറിയമ്മാവന്‍ കൊണ്ടുവന്ന സാധനങ്ങള്‍ കുറേശ്ശേ പകുത്ത് അമ്മായി ഓരോ കവറുകളില്‍ നിറച്ച് മാറ്റി വെക്കുന്നു.  അതില്‍ നിന്നും കുട്ടിച്ചാക്ക് പോലെ രണ്ടു കവറുകള്‍ അമ്മായിയുടെ അനിയനും അനിയത്തിക്കും നീക്കി വെച്ചു.

എന്റെ കണ്ണുകള്‍ അപ്പോഴും ഏതാണ്ട് ഒഴിഞ്ഞ പെട്ടിയുടെ മൂലയ്ക്കു കിടക്കുന്ന പെന്‍സില്‍ ബോക്‌സിലാണ്.  അമ്മായി അതെടുക്കുന്നത് കണ്ടെന്റെ ചങ്കിടിപ്പ് കൂടി.

'ദാ ഇത് വെച്ചേരെ, അനു അടുത്ത കൊല്ലം സ്‌കൂളില്‍ പോകുമല്ലോ അന്നേരം എടുക്കാം..'  പെന്‍സില്‍ ബോക്‌സ് ചേട്ടത്തിയുടെ നേരെ നീട്ടി അമ്മായി പറഞ്ഞു.

എനിക്കെന്തോ കണ്ണ് നിറഞ്ഞു. ഞാന്‍ ഇത്രയും നേരം അവിടെ നിന്നിട്ടും ചെറിയമ്മാവന്‍ എന്നെ കണ്ട ഭാവം കാണിച്ചില്ലല്ലോ. സങ്കടം കൊണ്ടെനിക്ക് നെഞ്ചു വിങ്ങി.

'അമ്മായി, ഞാന്‍ പോണു. താമസിച്ചാല്‍ അമ്മ വഴക്കു പറയും..' കുഞ്ഞിനെ താഴെയാക്കി, എന്റെ സഞ്ചിയെടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു.

'നീയെന്തിനാ ഓടിപ്പിടിച്ച് ഇങ്ങോട്ട് വന്നത്? സ്‌കൂള്‍ വിട്ടാല്‍ നേരെ വീട്ടില്‍ പോകാന്‍ വയ്യേ?' തെല്ല് അനിഷ്ടത്തോടെ ചെറിയമ്മാവന്‍ ചോദിച്ചു.

പതിനൊന്നു വയസ്സ് പ്രായമാണ്.. കുട്ടികളുടേതായ കൊച്ചുകൊച്ച് ആഗ്രഹങ്ങളും കൊതികളും മുറ്റി നില്‍ക്കുന്ന പ്രായം.

ആവശ്യം ഇല്ലാത്തയിടങ്ങളില്‍ വലിഞ്ഞു കയറി ചെല്ലരുത് എന്നൊരു തിരിച്ചറിവ് ഉണ്ടായിട്ടില്ലല്ലോ. പിന്നെയും കുറേക്കാലം വേണ്ടിവന്നു അത്തരം ഒരു തിരിച്ചറിവിലേക്കെത്താന്‍.

ആ അനുഭവങ്ങളോടെല്ലാം എനിക്ക് നന്ദിയുണ്ട്.  അവയാണ് എന്നെ പതം  വരുത്തി, പാകപ്പെടുത്തി ഇന്നത്തെ ഞാനാക്കിയത്. അവഗണിക്കപ്പെട്ട ഇടങ്ങളില്‍ നിന്നും മൗനമായി തിരിഞ്ഞു നടക്കാനുള്ള ആര്‍ജവം കിട്ടിയത് ഇതേ പോലെയുള്ള സാഹചര്യങ്ങളില്‍ നിന്നാണ്. 

ഇന്നാണെങ്കില്‍ നമ്മള്‍ അപ്രസക്തരാകുന്ന ഇടങ്ങള്‍ വളരെ പെട്ടെന്ന് മനസ്സിലാകും. കുട്ടിക്കാലത്ത് അങ്ങനെയല്ലല്ലോ. 

ആദ്യം പറഞ്ഞ സാഹചര്യങ്ങളിലെല്ലാം എനിക്ക് ചോയ്‌സ് ഉണ്ടായിരുന്നു, ഇനി അങ്ങോട്ടേക്കില്ല എന്നൊരു ചോയ്‌സ്.

കാലം ഒരുപാട് കൈവഴികള്‍ പിന്നിട്ടു.  ജീവിതം മാറി.  ഞാനും എന്റെ ഒപ്പമുണ്ടായിരുന്നവരും മാറി. പക്ഷേ അവഗണനകളുടെ കൂര്‍ത്ത ശരങ്ങള്‍ നിരവധിയായ് എന്റെ നെഞ്ചില്‍ തറഞ്ഞു കയറിക്കൊണ്ടേയിരുന്നു.

തിരിച്ചിറങ്ങാന്‍ കഴിയാത്ത വിധം കെട്ടപ്പെട്ട ഇടങ്ങളില്‍, ജീവിതത്തില്‍ വളരെ വേണ്ടപ്പെട്ട ഒരാള്‍, അയാളുടെ ജീവിതത്തില്‍ നമ്മള്‍ ഒന്നുമല്ല എന്ന് പറയാതെ പറയുന്ന ചില പ്രവൃത്തികളുണ്ട്. അനുഭവിക്കുന്ന ആളിന്റെ ഹൃദയത്തില്‍ അതേല്‍പ്പിക്കുന്ന ആഘാതം.  അതിന്റെ നോവ്.. ഇതൊക്കെ എത്രയാണെന്ന് അവര്‍ക്കൂഹിക്കാന്‍ കൂടി കഴിയില്ല.

പിടി വരെ ആഴ്ന്നിറങ്ങിയ ഒരു കത്തി, എന്നേക്കുമായ് നെഞ്ചില്‍ തറഞ്ഞത് പോലെ,  ആ വേദനയും പേറി, ശിഷ്ടകാലം ജീവിക്കേണ്ടി വരുന്നവരുടെ ദൈന്യത. നിസ്സഹായത. നെഞ്ചു നീറ്റുന്ന വേദനയ്ക്കും ഭാരമുണ്ടെന്ന തിരിച്ചറിവുകള്‍. എന്തു ഹൃദയഭേദകമായ അവസ്ഥയാണത്.

ജീവിതാവസാനം വരെ, അത്രമേല്‍ പ്രിയതരമായ ഒരാളിന്റെ അവഗണന നല്‍കുന്ന നടുക്കവും അവിശ്വസനീയതയും  നെഞ്ചിന്‍ കൂടിനുള്ളില്‍ ശ്വാസം മുട്ടി പിടയും. മരിച്ചു ജീവിച്ച് തീര്‍ക്കേണ്ടുന്ന, വരണ്ട് നീണ്ട വര്‍ഷങ്ങള്‍. 

കാലം പലപ്പോഴും മുറിവുകള്‍ ഉണക്കും.. എങ്കിലും ചോരയിറ്റിയ വടുക്കള്‍ തെല്ലും മങ്ങാതെ അവശേഷിക്കും. ചിലതെല്ലാം ഓര്‍മിപ്പിച്ചു കൊണ്ട്. 

സ്വാര്‍ത്ഥരാണ് നമ്മള്‍ മനുഷ്യര്‍. എങ്കിലും, എന്നെയും പരിഗണിക്കൂ എന്ന് നിശ്ശബ്ദം നിലവിളിക്കുന്ന ഒരാളോട് കാണിക്കുന്ന അലിവും പരിഗണനയും, ചേതമില്ലാത്ത ഉപകാരമായിരിക്കും. തീര്‍ച്ച.

Follow Us:
Download App:
  • android
  • ios