'എന്റെ കുഞ്ഞിനെ കാണാതായതല്ല, കൊണ്ടുപോയി കളഞ്ഞതാണ്'

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന്റെ കഥ
 

tale of a transgender boy  memoirs of a nurse by Teresa Joseph

ചില സ്വരങ്ങള്‍ എത്ര മധുരമാണ്! ചില മുഖങ്ങള്‍ അത്രമേല്‍ ദീപ്തവും. കടലിരമ്പം പോലെ കേള്‍ക്കുന്ന സ്വരങ്ങള്‍ ചുറ്റിലും ആര്‍ത്തിരമ്പുമ്പോള്‍ അതില്‍നിന്ന് ചിലത് മാത്രം നമ്മിലേക്ക് ആഴത്തില്‍ പതിയുകയാണ്.  മൃദുവായ് ഉള്ളില്‍ പതിയുന്ന സ്വരങ്ങള്‍, കനിവായ് ജീവനില്‍ പതിഞ്ഞു പോകുന്ന മുഖങ്ങള്‍. അങ്ങനൊരാളായിരുന്നു ശാന്തമ്മച്ചേച്ചി. എപ്പോഴും ചിരി തൂവുന്നൊരു മുഖം. 

ഉറക്കം തൂങ്ങിയ മുഖവുമായി ജോലിക്കെത്തിയ ഒരു രാത്രിയാണ് ശാന്തമ്മച്ചേച്ചി ചിരിയുടെ ഒരു കസേരയുമായി എന്റെ മനസ്സിന്റെ വരാന്തയില്‍ ഇരിക്കാനെത്തിയത്. 'എന്താ മോളേ, ഇന്ന് ഉറങ്ങിയില്ലേ? പകല് കൊല്ലത്തു കറങ്ങാന്‍ പോയോ?' വെളുക്കെ ചിരിച്ച് ചേച്ചി അടുത്ത് വന്നു. 

ഞാനൊന്ന് ചിരിച്ച് അകത്തേക്ക് കയറിപ്പോയി. ശരിയാണ്, അന്ന് കൊല്ലത്ത് പോയിരുന്നു, ബുക്സ്റ്റാളില്‍. ആകെക്കിട്ടുന്ന നാലും മൂന്നും ഏഴുരൂപാ ശമ്പളത്തില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാന്‍ മാത്രമേ കാശ് ചിലവാക്കിയിരുന്നുള്ളു. പുസ്തകക്കടകളില്‍ കയറിയിറങ്ങി ആര്‍ത്തിപിടിച്ചു വാങ്ങിയ പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തി പകല്‍ മുഴുവന്‍ ഉറങ്ങാതെ കിടന്നിട്ടാണ് ജോലിക്കുള്ള വരവ്. 

നാലഞ്ചു കുഞ്ഞുങ്ങള്‍ തൊട്ടിലില്‍ നിരന്ന് കിടന്ന് കരയുന്നുണ്ടായിരുന്നു. അന്ന് ഡിസ്‌പോസ് ചെയ്യാവുന്ന ഡയപ്പര്‍ ഇത്ര പ്രചാരത്തിലായിട്ടില്ല. തുണി കൊണ്ടുള്ള ഡയപ്പര്‍ ആയിരുന്നു കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. അത് കഴുകിയിരുന്നത് ക്ളീനിംഗ് ജോലികള്‍ ചെയ്തിരുന്ന ശാന്തമ്മച്ചേച്ചിയും അവരുടെ കൂടെയുള്ളവരും ആയിരുന്നു. ചിലപ്പോള്‍ രാത്രിയില്‍ അവരെ വിളിച്ചെഴുന്നേല്‍പ്പിക്കേണ്ടിവരാറുണ്ട്. തറയൊക്കെ തൂത്ത് തുടച്ചശേഷം നഴ്‌സറിയുടെ വരാന്തയില്‍ ആണ് അവരൊക്കെയും കിടക്കുന്നത്. 'ചേച്ചിയേ, തുണി കഴുകാറായി' എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ ആദ്യം എഴുന്നേല്‍ക്കുന്നത് ശാന്തമ്മച്ചേച്ചി ആയിരിക്കും. വലിയ ബക്കറ്റില്‍ നിറഞ്ഞിരിക്കുന്ന മൂത്രത്തുണികള്‍ ഒരു പരാതിയും പറയാതെ കഴുകി അയയില്‍ വിരിച്ചിട്ട് ചേച്ചി വീണ്ടും കിടക്കും. തുണിയിലെ വെളളം തോരുമ്പോള്‍ അതെടുത്ത് ഫാനിന്റെ കീഴെ ഇടാനായി ഞാന്‍ ചെല്ലുമ്പോള്‍, വെറും നിലത്ത് ഉടുത്തിരുന്ന സാരി ഒന്ന് വാരിപ്പുതച്ച്  അവര്‍ ഉറങ്ങുന്നുണ്ടായിരിക്കും.  

നഴ്‌സറിയില്‍ നിറയെ കുഞ്ഞുങ്ങളുള്ള ഒരു രാത്രിയിലാണ് ശാന്തമ്മച്ചേച്ചിയുടെ മുഖം ആദ്യമായി സങ്കടപ്പെട്ട് കണ്ടത്. ഇരുപതാം പിറന്നാളിന്റെ തിളക്കത്തില്‍ ജോലിക്കെത്തിയ ഞാന്‍ കയ്യില്‍ കരുതിയിരുന്ന കിറ്റ്ക്യാറ്റിന്റെ ഒരു ബാര്‍ ചേച്ചിക്ക് കൊടുത്തു. 'ഇന്നെന്റെ ബെര്‍ത്‌ഡേ ആണ് ചേച്ചി.' 

ഒരു നിമിഷം ചേച്ചിയുടെ മുഖമൊന്ന് മങ്ങി. തുണികള്‍ വിരിച്ച് പോകാന്‍ തിരിയുകയായിരുന്നു ചേച്ചി. ഞാന്‍ രാത്രിയില്‍ ജോലിചെയ്യുന്നവര്‍ക്ക് കഴിക്കാന്‍ ഹോസ്പിറ്റലില്‍ നിന്ന് കിട്ടുന്ന കട്ടന്‍കാപ്പിയും ബ്രെഡിന്റെ ഉണങ്ങിത്തുടങ്ങിയ കഷണങ്ങളും കഴിക്കാന്‍ തുടങ്ങുകയും. 

എപ്പോഴും ചിരിച്ചു കാണുന്ന ചേച്ചിയുടെ മുഖം മാറി. സങ്കടമോ ദേഷ്യമോ ഒക്കെ കലര്‍ന്ന ഒരു ഭാവം മുഖത്ത് തെളിഞ്ഞു. ഒന്നും പറയാതെ ഞാന്‍ കൊടുത്ത കിറ്റ്ക്യാറ്റ് സാരിയുടെ തുമ്പില്‍ കെട്ടിവെച്ച് ചേച്ചി ധൃതിയില്‍ നടന്ന് പോയി. 'ലീലേ, ഞാനിപ്പോ വരാം കേട്ടോ, ആരേലും വിളിച്ചാല്‍ ഒന്ന് നോക്കിക്കോണേ' പോകുന്ന പോക്കില്‍ അവര്‍ കൂടെയുള്ളവരോട് പറഞ്ഞു. 

ഒരു മണിക്കൂര്‍ കഴിഞ്ഞ് കാണും, ശാന്തമ്മച്ചേച്ചി തിരികെ വന്നു. അവരുടെ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നു. തൊട്ടിലില്‍ കിടക്കാന്‍ കൂട്ടാക്കാത്ത രണ്ടു കുഞ്ഞുങ്ങളെയും മടിയില്‍ വെച്ച് ഇരിക്കുകയായിരുന്നു ഞാന്‍. ശാന്തമ്മച്ചേച്ചി അടുത്ത് വന്ന് നിന്നു. 'ഇപ്പൊ തുണിയൊന്നും കഴുകാനില്ല ചേച്ചീ' എന്ന്പറഞ്ഞ എനിക്ക് നേരെ അവര്‍ ഒരു പൊതി നീട്ടി. രണ്ടു കയ്യിലും കുഞ്ഞുങ്ങളെ പിടിച്ചിരിക്കുന്ന എനിക്ക് മണത്ത് നോക്കാന്‍ പാകത്തില്‍ മൂക്കിന് നേരെ അവര്‍ ആ പൊതി നീട്ടിപ്പിടിച്ചു. വാട്ടിയ വാഴയിലയുടെ മണം, പൊരിച്ച മീനിന്റെ മണം, മോരുകറിയുടെ മണം... ഓരോ മണങ്ങളും നാവിലെ രുചിമുകുളങ്ങളെ പതിയെ തൊട്ടുണര്‍ത്തി.

കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തി ഞാനാ പൊതിയഴിച്ചു. കഴിക്ക് മോളെ, എന്ന് പറഞ്ഞ് ചേച്ചി ആ തറയിലിരുന്നു. ഓരോ ഉരുളയും, അല്ല ഓരോ വറ്റും രുചിയറിഞ്ഞ് ഞാന്‍ കഴിച്ചു. മത്തിവറുത്തത്, കൂര്‍ക്ക മെഴുക്കുപുരട്ടി, മോരുകറി.. ഒപ്പം നെല്ലിക്ക അച്ചാറും. ഇപ്പോഴും ഓര്‍ക്കുന്നു അതിലെ ഓരോ വറ്റും. ഇതെഴുതുമ്പോഴും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം വിട്ടുപോകാത്ത ആ പൊതിച്ചോറിന്റെ ഗന്ധം കൂടെയുണ്ട്.
 
ഞാന്‍ കഴിക്കുമ്പോള്‍ ചേച്ചി അവിടെയിരുന്ന് ഒരു പാട്ട് പാടി.

'കളിവീടുറങ്ങിയല്ലോ...
കളിവാക്കുറങ്ങിയല്ലോ...'

ദേശാടനത്തിലെ നോവുണര്‍ത്തുന്ന പാട്ട്. 

'എത്രയായാലുമെന്‍ ഉണ്ണിയല്ലേ...അവന്‍...'

സ്വരം ചേച്ചിയുടെ തൊണ്ടയില്‍ തടഞ്ഞിരുന്നു. 

'വിലപിടിയാത്തൊരെന്‍ നിധിയല്ലേ...' അടുത്ത വരി ഞാന്‍ പാടി.  പക്ഷേ എന്റെ പാട്ടിന് അത്ര ഭംഗി പോരായിരുന്നു. 'ബാക്കികൂടി പാട് ചേച്ചീ'- നെല്ലിക്കാ അച്ചാറില്‍ തൊട്ട് അതിന്റെ എരിവ് ആസ്വദിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. 

ചേച്ചി മൂക്കൊന്ന് പിഴിഞ്ഞ് സാരിയില്‍ തുടച്ചു. പിന്നെ വരുത്തിക്കൂട്ടിയ ഒരു ചിരി മുഖത്ത് ഒട്ടിച്ചു വെച്ച് പതിവായി കിടക്കാറുള്ള സ്ഥലത്തേക്ക് പോയി. ഒരു കരച്ചിലില്‍ അവരുടെ ഉടല്‍ വിറയ്ക്കുന്നതും അല്പസമയത്തിനകം താളാത്മകമായഒരു ശ്വാസഗതിയിലേക്ക് അവരൊന്നാകെ ഉയര്‍ന്ന് താഴുന്നതും ഞാന്‍ കണ്ടു.

കൂര്‍ക്ക മെഴുക്കുപുരട്ടിയില്‍ മൊരിഞ്ഞു കിടന്ന വറ്റല്‍മുളക് എന്റെ നാവില്‍ ഒരു തരി തീക്കനല്‍ പോലെ നീറി. ഒപ്പം മനസ്സില്‍ അറിയാതെയേതോ നോവുകള്‍ ഉണര്‍ന്നു. പിറന്നാള്‍ രാത്രിയില്‍ ഉണങ്ങിയ ബ്രെഡും നിറം മങ്ങിയ കട്ടന്‍കാപ്പിയും കഴിക്കുന്ന എന്നെയോര്‍ത്ത് ശാന്തമ്മച്ചേച്ചിയുടെ മനസ്സിലുണ്ടായ അലിവാണ് മുന്നിലിരിക്കുന്ന ഒഴിഞ്ഞ വാഴയില. പക്ഷേ എന്തിനാവും പാട്ട് പാടി ചേച്ചി കരഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. 

ഏറെ നാളുകള്‍ കഴിഞ്ഞു. ഒരിക്കല്‍ ലേബര്‍ റൂമില്‍ ഒരു പതിനഞ്ചു വയസ്സുകാരി വന്നു. വയറുവേദന എന്ന് മാത്രം പറയാനറിയുന്ന ഒരു പെണ്‍കുട്ടി. 'പിഴച്ച പെണ്ണ്' എന്ന ലേബല്‍ പതിഞ്ഞൊരു കൊച്ചുപെണ്ണ്. പിഴപ്പിച്ചവനെ എവിടെയും കാണാനില്ല. നിറകണ്ണുകളുമായി അമ്മ കൂടെയുണ്ട്. 

നീണ്ട നിലവിളികള്‍ക്കൊടുവില്‍ അവള്‍ ഒരാണ്‍കുഞ്ഞിനെ പെറ്റിട്ടു. പിന്നെ മറുവശത്തേക്ക് തിരിഞ്ഞ് കണ്ണുകളടച്ചു കിടന്നു. ലേബര്‍റൂമിലെ നേഴ്‌സ് അവനെയും കൊണ്ട് സ്റ്റെപ്പുകളിറങ്ങി നഴ്‌സറിയിലെത്തിയ അന്ന് മുതല്‍ അവന്‍ ഞങ്ങളുടെ ഓമനയായി. ദിനംതോറും വന്നെത്തുന്ന പുതിയ അതിഥികളുടെഇടയില്‍ അവന്‍ വീട്ടുകാരനായും വല്യേട്ടനായും വിലസി. മറ്റ് കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന സമയത്ത് ഒച്ചവെച്ച് കരയുന്ന അവനെ എടുത്ത് ഓമനിക്കാന്‍ ഞങ്ങള്‍ മത്സരിച്ചു. ഏറെത്താമസിയാതെ, നഴ്‌സറിയിലെ കുഞ്ഞുതൊട്ടില്‍ അവന് പോരാതെയായി.  

അധികം താമസിയാതെ അവനെ ദത്തെടുക്കാന്‍ തയ്യാറായി ഒരു കുടുംബം വരുന്നുണ്ടെന്ന് ഞങ്ങളറിഞ്ഞു. നോവായിരുന്നു എല്ലാവരുടെയും ഉള്ളില്‍. ഞങ്ങള്‍ക്ക് അവനെ ഏറെനാള്‍ സൂക്ഷിക്കാനാവില്ലെന്ന് അറിഞ്ഞിട്ടും അവന്‍ പോകുന്നതോര്‍ത്ത് എല്ലാവരും നൊമ്പരപ്പെട്ടു.  

അവന്‍ അപ്പന്റെയും അമ്മയുടെയും ഒപ്പം പോയ അന്നാണ് വീണ്ടും ശാന്തമ്മച്ചേച്ചി എന്റെ മുന്നിലെത്തുന്നത്. രാത്രിയില്‍ പതിവ് പോലെ തുണികഴുകല്‍ കഴിഞ്ഞ് കിടക്കാന്‍ വട്ടം കൂട്ടുകയായിരുന്നു ചേച്ചി. നഴ്‌സറിയില്‍ അന്ന് തീരെകുറച്ച് കുട്ടികളെ ഉണ്ടായിരുന്നുള്ളു. പ്രസവ വാര്‍ഡിന്റെ നടുമുറ്റത്തുള്ള യേശുവിന്റെ പ്രതിമ നോക്കിനില്‍ക്കുകയായിരുന്നു ഞാന്‍. ഡൊറോത്തി സിസ്റ്ററിന്റെ പരിപാലനയില്‍ വളര്‍ന്ന പൂന്തോട്ടത്തില്‍ മനോഹരമായ റോസാപ്പൂക്കള്‍ വിടര്‍ന്ന് നിന്നിരുന്നു. യേശുദേവന്റെ കാല്‍ച്ചുവട്ടില്‍ ആരോ അര്‍പ്പിച്ച റോസാപ്പൂക്കള്‍ ഉണങ്ങിയും ഇതളുകള്‍ അടര്‍ന്നുമിരുന്നു. 

'ആ കുഞ്ഞ് പോയി അല്ലേ മോളേ' 

പുറകില്‍ നിന്നൊരു ചോദ്യം, ശാന്തമ്മച്ചേച്ചി. 

ഞാനൊന്നും മിണ്ടിയില്ല, അവനെ കാണാഞ്ഞ് എനിക്ക് സങ്കടമുണ്ടായിരുന്നു. 

'അതേ, മോളേ ഈ ആണും പെണ്ണുമല്ലാത്ത പിള്ളേരെ ആരെങ്കിലും ദത്തെടുക്കുവോ?'- പെട്ടെന്നായിരുന്നു ചേച്ചിയുടെ ചോദ്യം. എനിക്കതിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. ആണും പെണ്ണുമല്ലാത്ത ഒരു വിഭാഗത്തോട് നമ്മള്‍ ഇന്ന് പുലര്‍ത്തുന്ന സഹിഷ്ണുതയൊന്നും കേട്ടുകേള്‍വിപോലുമില്ലാത്തൊരു കാലമായിരുന്നു അത്. പഠിക്കാനുള്ള തടിയന്‍ പുസ്തകങ്ങളുടെ ഏതോ കോണില്‍ കോറിയിട്ട ഡെഫിനിഷനുകള്‍ ഒട്ടൊരു പരിഹാസച്ചുവയോടെ വായിച്ചുപോയി എന്ന പരിചയം മാത്രമേ എനിക്ക് അതുമായി ഉണ്ടായിരുന്നുള്ളു. അത് കൊണ്ടുതന്നെ ചേച്ചിയുടെ ഈചോദ്യം തീര്‍ത്തും അനാവശ്യമാണെന്ന ഒരു മുന്‍വിധിയില്‍ എന്റെ മനസ്സിന്റെ കോണില്‍ അവരുമായി ഞാനൊരകലം പാലിക്കാന്‍ തുടങ്ങി. ചേച്ചി അരുതാത്തത് എന്തെങ്കിലും ചോദിച്ചാലോ എന്നൊരു പേടിയില്‍ ഞാനവരെ കണ്ടിട്ടും പലപ്പോഴും ഒഴിഞ്ഞുമാറി നടന്നു. മെഡിക്കല്‍ റെപ്പുമാര്‍ നിരന്നിരിക്കുന്ന വരാന്ത പിന്നിട്ട് തിടുക്കത്തില്‍ ചാപ്പലിലേക്ക് നടക്കുന്ന വഴിയിലായിരിക്കും ചിലപ്പോള്‍ ചേച്ചിയെ കാണുന്നത്. 'ഇന്ന് രാത്രീലാണോ മോളേ ജോലി?' എന്ന അവരുടെ ചോദ്യത്തിന് ഒരു തല കുലുക്കത്തിലൂടെ മറുപടിനല്‍കി ഞാന്‍ മിതഭാഷിയായി.

വര്‍ഷം ഒന്ന് കഴിഞ്ഞു. അടുത്ത പിറന്നാള്‍ ദിവസം ഓര്‍ത്തുവെച്ച് ഒരു പൊതിയുമായി വീണ്ടും അവരെന്നെ കാണാനെത്തി. അപ്പോഴേക്കും അവരുടെ ജോലി വേറെ സ്ഥലത്തേക്ക് മാറിയിരുന്നു. രാവിലത്തെ ജോലി തിടുക്കത്തില്‍ തീര്‍ത്ത് പോകാനൊരുങ്ങുകയായിരുന്നു ഞാന്‍. ആ തിരക്കിലേക്കാണ് ശാന്തമ്മച്ചേച്ചി പൊതിയുമായി എത്തിയത്. 

'മോളേ, ഒരു വായെങ്കിലും കഴിച്ചിട്ട് പോണേ, ചേച്ചി മോള്‍ക്ക് വേണ്ടി ഉണ്ടാക്കിയ കറികളാ.'  

സ്റ്റെറിലൈസറില്‍ കുഞ്ഞുങ്ങള്‍ക്ക് പാലുണ്ടാക്കാനുള്ള വെളളം തിളപ്പിക്കുകയായിരുന്നു ഞാന്‍. ഇനി റിപ്പോര്‍ട്ട് ഏഴുതണം, എല്ലായിടവും ക്ളീന്‍ ചെയ്യണം. അടുത്ത ഷിഫ്റ്റിലെ ആള്‍ വരുന്നതിന് മുന്‍പ് പണികള്‍ തീരാനുണ്ട്. അതിനിടയില്‍ ചേച്ചിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ഞാന്‍ പൊതിതുറന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട തക്കാളിക്കറി, അച്ചിങ്ങാപ്പയര്‍ തോരന്‍ വെച്ചത്..പിന്നെയും എന്തൊക്കെയോ കറികള്‍. തിടുക്കത്തില്‍ ഒന്നുരണ്ട് ഉരുളകള്‍ കഴിച്ചു.

'ബാക്കി ഞാന്‍ കഴിച്ചോളാം, ചേച്ചി പൊക്കോ'- പോകാതെ നില്‍ക്കുന്നചേച്ചിയെ നോക്കി ഞാന്‍ പറഞ്ഞു.

'ഇന്ന് ശാന്തമ്മച്ചേച്ചീടെ കിറ്റ് ക്യാറ്റ് മറന്നു പോയി അല്ലേ മോളേ'

ഉരുട്ടിയ ഉരുള എന്റെ കയ്യില്‍ അതേപടി ഇരുന്നു. ഉവ്വ്, ചേച്ചിക്ക് കൊടുക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. 

'അയ്യേ ഞാന്‍ വെറുതെ പറഞ്ഞതല്ലേ, മോള് കഴിക്ക്.' എന്റെ പരുങ്ങല്‍ കണ്ട് ചേച്ചി ചിരിച്ചു, പിന്നെ ബ്ലൗസിനകത്ത് നിന്ന് ഒരു മുഷിഞ്ഞ പേഴ്സ് വലിച്ചെടുത്തു. അത് പൊടിഞ്ഞുതുടങ്ങിയിരുന്നു. പേഴ്‌സിന്റെ ഒരു കള്ളിയില്‍ നിന്ന്, നിറംമങ്ങിയ അരികുകള്‍ ദ്രവിച്ചു തുടങ്ങിയ ഒരു ഫോട്ടോ അവര്‍ സൂക്ഷിച്ചു പുറത്തെടുത്തു. 

ഫോട്ടോയില്‍ അല്‍പ്പം നാണം കലര്‍ന്നൊരു നിറചിരിയോടെ നില്‍ക്കുന്ന ഒരു പയ്യന്‍. കണ്ണുകളില്‍ ഒരല്‍പം തിളക്കം കൂടുതലുണ്ടോ? മഷിക്കറുപ്പില്‍ഇടതൂര്‍ന്ന കണ്‍പീലികള്‍ ഒന്നിളകിയോ!

ശാന്തമ്മച്ചേച്ചിയുടെ മകനായിരുന്നു അവന്‍. അവനെ നഷ്ട്ടപ്പെടുന്നതിനും ഏറെനാള്‍ മുന്‍പെടുത്ത ഒരു ഫോട്ടോ. നിരന്തരമുള്ള എടുക്കലിന്റെയും തിരികെ വെക്കലിന്റെയും ബാക്കിയായി അരികുകള്‍ പൊടിഞ്ഞടര്‍ന്ന്, എന്തൊക്കെയോ പാടുകള്‍ നിറഞ്ഞൊരു ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം.  

'മോളുടെ ബെര്‍ത്‌ഡേയുടെ അന്നുതന്നെയാണ് അവനും ഉണ്ടായത്.' ഫോട്ടോയില്‍ നോക്കിക്കൊണ്ട് തന്നെ ചേച്ചി പറഞ്ഞു. 'എന്നിട്ട് എന്തിയേ അവനിപ്പോള്‍?'- ചോദിക്കുമ്പോഴും റിപ്പോര്‍ട്ട് എഴുതുന്ന തിരക്കിലായിരുന്നു ഞാന്‍. പേന അടച്ചുവെച്ച് മൂന്ന് കുപ്പികളില്‍ പാല്‍ നിറച്ചു വെച്ച് അടുത്ത ഷിഫ്റ്റിന് വരുന്ന ആളെ പ്രതീക്ഷിച്ച് വാതില്‍ക്കലേക്ക്‌നോക്കിയ ഞാന്‍ കണ്ടത് നിറഞ്ഞ കണ്ണുകള്‍ നീലവരകളുള്ള മുഷിഞ്ഞ സാരിയില്‍ തുടച്ച് ഫോട്ടോ തിരികെ പേഴ്‌സിലേക്ക് വെക്കുന്ന ശാന്തമ്മച്ചേച്ചിയെ ആണ്.

എന്റെ മുഖത്ത് നോക്കാതെ അവര്‍ പറഞ്ഞു. 'അവന്‍ പോയി മോളെ.' 

മരിച്ചു പോയെന്നാണ് ഞാന്‍ കരുതിയത്. 'പോയതല്ല, അപ്പന്‍തന്നെ കൊണ്ടുപോയി കളഞ്ഞതാ' കല്ലിച്ച സ്വരത്തില്‍ അവരത് പറഞ്ഞപ്പോള്‍ എന്റെ മനസ്സൊന്ന് കിടുങ്ങി. 

പെണ്‍കുട്ടിയുടെ സ്വഭാവമുണ്ടായിരുന്ന മകനെക്കുറിച്ച് അവര്‍ പറഞ്ഞു. എല്ലാവരും അവനെ കളിയാക്കുമായിരുന്നു. എന്നാലും അവന്‍ ആരോടും ഒന്നും പറയില്ല. അങ്ങനെയൊരു കുഞ്ഞുണ്ടായത് അപ്പന്റെയും അമ്മയുടെയും കുഴപ്പമാണെന്നും, ശാപം പിടിച്ച ജന്മമെന്നുമുള്ള പരിഹാസങ്ങള്‍ അവരെ തളര്‍ത്തി. ആളുകളുടെ കളിയാക്കല്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ ഒരുദിവസം അപ്പന്‍ അവനെയും കൊണ്ട് എവിടെയോ പോയി. കുറേ ദിവസങ്ങള്‍ കഴിഞ്ഞ് തിരികെവന്നപ്പോള്‍ തമിഴ്നാട്ടിലെവിടെയോ ക്ഷേത്രത്തിരക്കില്‍ പെട്ട് അവനെ കാണാതായെന്ന് അയാള്‍ പറഞ്ഞുവത്രേ! 

'എനിക്കറിയാം, കാണാതായതല്ല. കൊണ്ടുപോയി കളഞ്ഞതാണ്.' 

'അവന്റെ ഓരോ പിറന്നാളിനും ഞാനോര്‍ക്കും എന്റെ കുഞ്ഞ് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമെന്ന്. ഇപ്പോള്‍ അവനുണ്ടായിരുന്നെങ്കില്‍ മോളുടെ പ്രായം കണ്ടേനെ.' ചേച്ചി പറഞ്ഞു നിര്‍ത്തി, പിന്നെ സാരിത്തുമ്പ് കൊണ്ട് കണ്ണൊന്നുതുടച്ച്,  'പോട്ടെ മോളെ' എന്നൊരു യാത്രപറച്ചിലില്‍ എന്നെ അഗാധമായൊരു ശൂന്യതയിലേക്ക് തള്ളിയിട്ട് അവര്‍ നടന്നുപോയി. 

ശാന്തമ്മച്ചേച്ചി എന്നെ കഴിപ്പിച്ച ഓരോ ഉരുള ചോറും തൊണ്ടയില്‍ വന്ന് വിങ്ങി. എവിടെയോ നഷ്്ടപ്പെട്ട മകനായി അവര്‍ കരുതിയിരുന്ന അവല്‍പ്പൊതിയാണോ ഞാന്‍ ഭക്ഷിച്ചത്! ആണെന്നും പെണ്ണെന്നുമുള്ള രണ്ടു സ്വത്വം ഉടലില്‍ പേറുന്നൊരാള്‍ കൂടി എന്റെ പിറന്നാള്‍ ദിനത്തിന് അവകാശിയായുണ്ട്. അവന്റെ അമ്മ നോവോര്‍മ്മയില്‍ കണ്ണീര്‍ചേര്‍ത്തു പാകപ്പെടുത്തിയ പിറന്നാള്‍ സദ്യ നെഞ്ചില്‍ കനലാകുന്നു. അവന്‍ എവിടെയാകും ഇപ്പോള്‍? 'സ്വന്തക്കാരുടെ' ഒപ്പം ചേര്‍ന്നിട്ടുണ്ടാകുമോ? 

'എത്രയായാലുമെന്‍ ഉണ്ണിയല്ലേ.' പാട്ടുവരികള്‍ ഉള്ളില്‍ തീ കോരിയിടുന്നു. മകനെ കളഞ്ഞിട്ടുവന്ന ഭര്‍ത്താവിനെ അവര്‍ ഇപ്പോഴും സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നു എന്നത് എനിക്കത്ഭുതമായി. മനുഷ്യമനസ്സിന്റെ നിഗൂഢതകള്‍! 

അടുത്ത ഷിഫ്റ്റിലെ ആള്‍ക്ക് റിപ്പോര്‍ട്ട് കൊടുത്ത് ഞാനിറങ്ങി. കയ്യില്‍ പൊതിയിലെ ബാക്കി ചോറുണ്ട്. അത് പ്രസാദം പോലെ എനിക്ക് തോന്നി. പക്ഷേ എനിക്കിനി അമ്മയുടെ കണ്ണുനീര്‍വീണ ആ പൊതിയിലെ ഒരു വറ്റ് പോലും കഴിക്കാനാകില്ല. അവര്‍ ആ പൊതി കെട്ടുമ്പോള്‍ തീര്‍ച്ചയായും ഒരു തുള്ളികണ്ണീരെങ്കിലും അടര്‍ന്ന് അന്നത്തില്‍ പതിച്ചിട്ടുണ്ടാകും.  

ഗുരുപ്രസാദം പോലെ ആ പൊതി നെഞ്ചില്‍ ചേര്‍ത്ത് ഞാന്‍ ഹോസ്റ്റലില്‍ എത്തി. ആരുടെയും കണ്ണില്‍പ്പെടാതെ ടെറസ്സില്‍കയറി ഒരു കോണില്‍ ഞാനിരുന്നു. പൊതി തുറന്ന് വെച്ച്, പറന്ന് പോകാതിരിക്കാന്‍ മുകളില്‍ ഒരു കല്ലും എടുത്ത് വെച്ച്, ആകാശത്തിലെയും ഭൂമിയിലെയും സകല ജീവനെയും ഉള്ളില്‍സ്മരിച്ച് അല്‍പ്പസമയം ഞാനവിടെ ഇരുന്നു. ജീവിച്ചിരിക്കുന്നോ അതോ മരിച്ചോ എന്ന് ഉറപ്പില്ലാത്ത ജയന്റെ ഓര്‍മ്മയില്‍ എന്റെ മനസ്സാകെ ഇരുണ്ടുപോയി. കയ്യില്‍ കരുതിയിരുന്ന നീലപുറംചട്ടയുള്ള ഒരു ഡയറിയില്‍ ജയന്‍ എന്നെഴുതി. അതിന്റെ അടിയില്‍ ഒരു വര വരച്ചു. പക്ഷേ പേന ചലിച്ചതേയില്ല. 

ആരോടും പറയാന്‍ പറ്റാത്തൊരു നോവ് കവിള്‍ത്തടങ്ങളിലൂടൊഴുകി. ശാന്തമ്മച്ചേച്ചിയുടെ എന്നോ എവിടെയോ നഷ്ടപ്പെട്ടൊരു മകനെയോര്‍ത്ത് എന്തിന് കരയുന്നു എന്ന് ഞാന്‍ തന്നെ അത്ഭുതപ്പെട്ടു. അന്ന് അത് മാത്രമേ എനിക്ക് ചെയ്യാനാവുമായിരുന്നുള്ളു. ഞാന്‍ പിറന്ന് വീണ അതേ ദിവസം ഭൂമിയിലേക്ക് വന്നവന്‍, ഒരിക്കലും ഞാന്‍ കണ്ടിട്ടില്ലാത്തൊരാള്‍..എങ്കിലും വല്ലാത്തൊരു നോവോടെ അവന്‍(ള്‍) ഉള്ളിലൊരു തിരിയായെരിഞ്ഞു.

 ട്രാന്‍സ്ജെന്‍ഡര്‍ എന്നോ ലെസ്ബിയന്‍ എന്നോ ഒക്കെയുള്ള വാക്കുകള്‍ പോലും അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല അന്ന്. മനുഷ്യന്‍ എന്നൊരു പരിഗണന പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. പുരാണങ്ങളിലും വിശുദ്ധഗ്രന്ഥങ്ങളിലും വരെ പരാമര്‍ശമുള്ള അവരെപ്പറ്റി അശ്ലീലച്ചുവയുള്ള തമാശകള്‍ പറഞ്ഞു രസിക്കുന്നൊരു കാലമായിരുന്നു അത്. ആണെന്നോ പെണ്ണെന്നോ ഉള്ള കാറ്റഗറിയില്‍ പെടാത്ത ഏതൊരാളും അബ്‌നോര്‍മല്‍ എന്നൊരു കാഴ്ചപ്പാട്. ജയന്‍ എന്ന് പേരുള്ള അവന്‍ ജയ ആയിട്ടുണ്ടാവും എന്ന് പിന്നീടൊരിക്കല്‍ ഞാനോര്‍മ്മിച്ചു.  

എത്ര വറ്റുകള്‍ കണ്ണീരുപ്പ് ചേര്‍ത്ത് ചവച്ചിറക്കിയിട്ടുണ്ടാകും ആഅമ്മ. അവന് കൊടുക്കാനുള്ള പിറന്നാള്‍ സദ്യകള്‍ ആര്‍ക്കൊക്കെ നല്‍കിയിട്ടുണ്ടാവും അവര്‍! നോവിന്റെ മേളപ്പെരുക്കങ്ങള്‍ ഉള്ളിലുയരുമ്പോഴും അവര്‍ ഭര്‍ത്താവിനോട് മറുത്തൊന്നും പറഞ്ഞിരുന്നില്ല. അവര്‍ അയാളെ സ്‌നേഹിച്ച് തോല്‍പ്പിച്ചു കാണണം.

കാലങ്ങളെത്ര കഴിഞ്ഞു! മറവിയിലേക്ക് മാഞ്ഞുപോകുന്നവരുടെ ലിസ്റ്റിലേക്ക് ശാന്തമ്മച്ചേച്ചിയും ജയനുമൊക്കെ ചേക്കേറിയിരുന്നു. ട്രെയിനിലെ യാത്രക്കിടയില്‍ കൈകൊട്ടുകള്‍ ഉയരുമ്പോള്‍ അല്‍പ്പം പേടിയോടുംആകാംക്ഷയോടും കൂടി ആ കൂട്ടത്തില്‍ ഞാനാരെയോ തിരഞ്ഞിട്ടുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്തൊരാള്‍, ഒരുപക്ഷേ സ്വന്തമായിരുന്ന മുഖം പോലും നഷ്ടപ്പെട്ടു പോയൊരാള്‍! 

സഹോദരാ..അങ്ങനെതന്നെ നിന്നെ വിളിക്കട്ടെ. നിന്റെ പിറന്നാള്‍ ചോറ് രണ്ടുവട്ടം ഉണ്ട ആളാണ് ഞാന്‍. പൊതിച്ചോറിന്റെ പകുതി, നിന്റെയോര്‍മ്മയില്‍ ആകാശത്തിലെ പറവകള്‍ക്ക് നേദിച്ചൊരാളാണിത്. എവിടെയാണെങ്കിലും നീ സ്വപ്നങ്ങള്‍ ഉള്ളവനും സന്തോഷമുള്ളവനും ആകട്ടെ. ആണെന്നും പെണ്ണെന്നുമല്ലാതെ, മനുഷ്യന്‍ എന്ന പേരില്‍ പരസ്പരം സ്‌നേഹിക്കാനാവുന്ന ഒരു ലോകം നമുക്ക് ചുറ്റും ഉണ്ടാവട്ടെ. 

Latest Videos
Follow Us:
Download App:
  • android
  • ios