Asianet News MalayalamAsianet News Malayalam

മാസം കിട്ടാന്‍ പോകുന്ന ആ അറുന്നൂറ് രൂപയിലായിരുന്നു എന്റെ കണ്ണ്!

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

tulunadan kathakal a humour column by Tulu Rose Tony
Author
First Published Sep 30, 2022, 2:51 PM IST

ഉണ്ണിക്കുട്ടനെ ദ്വേഷ്യത്തില്‍ നോക്കി ഞാന്‍ മുകളിലേക്ക് കയറി പോയി. കുറേ കഴിഞ്ഞ് ഒളിച്ച് നോക്കിയപ്പോള്‍ അമ്മ അവനെ ക്ഷമയോടെ പഠിപ്പിക്കുന്നതാണ് കണ്ടത്. അവന്‍ വിരലും വായേല് വെച്ചിരുന്നെഴുതുന്നുമുണ്ട്. അന്ന് രാത്രി ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞാന്‍ അമ്മക്കൊരു ഓഫര്‍ വെച്ചു:

 

tulunadan kathakal a humour column by Tulu Rose Tony

 

ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ആദ്യമായി ഞാനൊരു ടീച്ചര്‍ ആകുന്നത്, ഒന്നാം ക്ലാസ്‌കാരനായ സൂര്യ നാരായണന്റെ ട്യൂഷന്‍ ടീച്ചര്‍.

അച്ഛനും അമ്മക്കും ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ചികിത്സകള്‍ക്കും ശേഷം ഉണ്ടായ കുട്ടിയാണ് ഉണ്ണിക്കുട്ടന്‍ എന്ന് വിളിച്ചിരുന്ന സൂര്യനാരായണന്‍. നല്ല പ്രായത്തിലവര്‍ക്ക് മക്കളുണ്ടായിരുന്നുവെങ്കില്‍ ഉണ്ണിക്കുട്ടനെ പോലുള്ള ഒരു പേരക്കുട്ടി ഉണ്ടായിരിക്കേണ്ട സമയം ആണ്.

കോളേജ് വിട്ട് കൃത്യം മൂന്ന് മണിക്ക് വീട്ടിലെത്തി വെറുതെ ഇരുന്നിരുന്ന എന്നെ ഒരു അറുന്നൂറ് രൂപാ മാസശമ്പളക്കാരിയാക്കി മാറ്റി ഉണ്ണിക്കുട്ടന്റെ അമ്മ. 

കുട്ടികളെ പഠിപ്പിക്കുന്നത് പോയിട്ട് എനിക്കെന്നെ തന്നെ പഠിപ്പിക്കാന്‍ സമയമുണ്ടായിരുന്നില്ല എന്ന സത്യം എനിക്കറിയാമായിരുന്നിട്ടും ഞാനാ ദൗത്യം ഏറ്റെടുത്തു. 

മാസം കിട്ടാന്‍ പോകുന്ന ആ അറുന്നൂറിലായിരുന്നു എന്റെ നോട്ടം അഥവാ ആര്‍ത്തി. 

കൂടാതെ, ഒരു ചെറിയ ആഗ്രഹവും..! 

ഒരു കുട്ടിയില്‍ തുടങ്ങി ഭാവിയില്‍ ചറ പറ കുട്ടികള്‍ ഉള്ള ഒരു ട്യൂഷന്‍ സെന്ററിന്റെ ഉടമസ്ഥ ഞാനാകുന്നതും ഓരോ കുട്ടികളുടെ കൈയില്‍ നിന്നും കിട്ടുന്ന ഫീസ് വാങ്ങി തൃശ്ശൂരങ്ങാടിയിലൊരു വീട് വാങ്ങുന്നതും ആയിരുന്നു ആ ആഗ്രഹം. 

ഉണ്ണിക്കുട്ടന്റെ അമ്മയോട് യെസ് പറഞ്ഞ് വീട്ടിലേക്ക് ചെന്നപ്പോള്‍ അമ്മയുടെ ചോദ്യം :

'ആവശ്യല്ല്യാത്ത പണിക്ക് പോണോ?'

'എന്താ, എനിക്ക് വിവരമില്ലെന്ന് വിചാരിച്ചോ? പിന്നേയ്, അറുന്നൂറീന്ന്  അഞ്ച് പൈസ പ്രതീക്ഷിക്കണ്ട കേട്ടോ.'

'മ്മക്കൊന്നും വേണ്ടപ്പോ നിന്റെ കാശ്.' 

ഇവരുടെ മുന്നില്‍ എന്റെ വില മനസ്സിലാക്കി കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. 

കാര്യം അമ്മയൊക്കെ തന്നെ. എനിക്ക് ബോധം കുറവാണെന്നാ ഇവരുടെയൊക്കെ ഒരു ധാരണ.

ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ സൂര്യനാരായണന് പാഠം പറഞ്ഞ് കൊടുക്കാന്‍ തീരുമാനിച്ചു. 

പാഠം അത് ആരേലും പഠിക്കും. 

എന്തായെലെന്താ, പഠിച്ചാല്‍ പോരേ!

ട്യൂഷന്‍ ദിവസമിങ്ങെത്തി. ഹയ്യോ!

കറക്ട് അഞ്ച് മണിയായപ്പോള്‍ സൂര്യനാരായണന്‍ എത്തി. 

'ടീ ടുല്വോ, ആ ക്ടാവ് വന്ന്ണ്ട് ട്യൂഷന്.'- അമ്മയുടെ ഒടുക്കത്തെ വിളി.

'ക്ടാവാ? ഇത്തിരി മര്യാദക്ക് പറയണം. ക്ടാവ് എന്നല്ല സ്റ്റുഡന്റ് വന്നു എന്ന് പറ.' 

അമ്മക്ക് ഒട്ടും സ്റ്റാന്‍ഡേര്‍ഡ് ഇല്ല, ഛേയ്!

'ഓ ഉവ്വ! ചെല്ല് ചെല്ല്.'

'അല്ലേലും നിങ്ങളെയൊന്നും പറഞ്ഞിട്ടൊരു കാര്യോമില്ല. ഓള്‍ഡ് ജെനറേഷന് ബോധം കുറവായിരിക്കും. ക്ലാസ്സെടുക്കുമ്പോള്‍ സ്റ്റുഡന്റിനെ ഡിസ്റ്റേര്‍ബ് ചെയ്യരുത് പറഞ്ഞേക്കാം.'- എന്റെ മറുപടി.

തികഞ്ഞ പുച്ഛത്തോടെ ഞാന്‍ കോണിയിറങ്ങി വരാന്തയിലേക്ക് പോയി.

അവിടെ സൂര്യനാരയണന്‍  പുറത്തൊരു ബാഗുമിട്ട് ചൂണ്ട് വിരല്‍ കടിച്ച് കണ്ണും പുറത്തേക്ക് തള്ളി നില്‍ക്കുന്നു. 

ആകെ കൂടി രണ്ടടിയില്‍ എട്ട് കിലോ തൂക്കവുമായി തിളങ്ങുന്ന ഒരു മുത്ത്. 

സൂര്യനാരായണന്‍ എന്ന സ്വന്തം പേര് പോലും താങ്ങുവാനുള്ള ഒരു ശക്തി അവനില്ലായിരുന്നു. 

അവന്റെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ മുയലിന്റേത് പോലെ നീണ്ടതും പുറത്തേക്ക് തള്ളിയതുമായിരുന്നു. ചുണ്ട് കൂട്ടിപ്പിടിച്ചാലും ഈ പല്ലുകള്‍ പുറത്തേക്ക് കാണാം. പേടിച്ച് വിറച്ചാണ് നില്‍പ്പ്. 

അച്ചോടാ പാവം എന്റെ സ്റ്റുഡന്റ്!

കുറച്ച് പേടിയൊക്കെ ഉണ്ടായ്‌ക്കോട്ടെ, ടീച്ചറോട്. അത് മാറ്റാനൊന്നും പോവണ്ട എന്ന് മനസ്സില്‍ ഓര്‍ത്ത് മുഖത്ത് ഗൗരവഭാവം വരുത്തി പറഞ്ഞു :

'ഉണ്ണിക്കുട്ടന്‍ വാ. ഇവിടിരിക്ക്.'

ഒരു ചെറിയ മേശക്കപ്പുറത്തുള്ള ഒരു കസേരയില്‍ അവനിരുന്നു. ബാഗെടുത്ത് മേശയില്‍ വെച്ചു. ഓരോ പ്രവര്‍ത്തി ചെയ്ത് കഴിഞ്ഞാലും ഉടനെ അവന്റെ ഇടത്‌കൈയിലെ ചൂണ്ട് വിരല്‍ വായിലേക്ക് പോയിരുന്നു. 

ഒരു ടീച്ചര്‍ എന്ന നിലയില്‍ അതൊക്കെ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

'പുസ്തകമെടുക്ക് ഉണ്ണിക്കുട്ടാ.'

വിരല്‍ വായക്കുള്ളില്‍ നിന്നെടുത്ത് ബാഗ് തുറന്ന് കണക്ക് ടെക്സ്റ്റ് പുസ്തകവും നോട്ട് പുസ്തകവും എടുത്ത് മേശമേലും, ശേഷം വിരല്‍ വായയിലും വെച്ചു.

ഒന്ന് പേടിപ്പിച്ചാലോ..

എന്റെ ഉള്ളിലെ മറ്റേ ടീച്ചര്‍ ഉണര്‍ന്നു.

'ഉണ്ണീ, വിരലെടുക്ക് വായേന്ന്.'

ആഹ്! എടുത്തു. അപ്പോ പറഞ്ഞാല്‍ അനുസരിക്കും. 

അടുത്ത സെക്കന്റില്‍ വിരല്‍ ദേ വീണ്ടും വായയില്‍...

ആഹ്! വെച്ചു. അപ്പോ പറഞ്ഞാലനുസരിക്കില്ല.

എന്തേലുമാവട്ടെ. ഞാന്‍ ട്യൂഷനെടുത്താല്‍ പോരേ? 

വിരലെടുപ്പിക്കുന്നത് അച്ഛനും അമ്മയും ചെയ്യട്ടെ.

കണക്കിന്റെ ടെക്സ്റ്റ് ബുക്ക് ഞാനെടുത്ത് നിവര്‍ത്തി. ഒരു ചെറിയ പേടി ഉണ്ടായിരുന്നു. കാരണം, വലിയ സംഖ്യകള്‍ കൂട്ടാനും കുറക്കാനും എനിക്കറിയില്ലായിരുന്നു.

പിന്നെ ഗുണനവും ഹരണവുമാണെങ്കില്‍ രക്ഷപ്പെട്ടു. ഒരു കാല്‍ക്കുലേറ്റര്‍ കിട്ടിയാല്‍ മാത്രം മതി. എത്ര വലിയ സംഖ്യയും എനിക്ക് വഴങ്ങും.

പേടിച്ചത് പോലെ പ്രശ്‌നം ഇല്ലായിരുന്നു. അക്കങ്ങള്‍ പഠിക്കണം, സ്‌പെല്ലിങ്ങ് എഴുതിപ്പിക്കണം, പിന്നെ ചെറുതായി കൂട്ടണം. സോ..സിംപിള്‍!

'ഉണ്ണീ, എഴുതി പഠിക്കാം?'

'ഉം.' 

വിരലപ്പോഴും അവിടെ തന്നെ. അവന്‍ നോട്ട് ബുക്കും പെന്‍സിലുമെടുത്ത് വായയും കണ്ണും പൊളിച്ചെന്നെ നോക്കി. ആ മുയല്‍പ്പല്ലുകള്‍ പുറത്ത് ചാടി.

'എഴുതിക്കോ, വണ്‍.'

അവന്റെ വലിയ കണ്ണുകള്‍ ഒന്നു കൂടെ വലുതായി. ചൂണ്ട് വിരല്‍ വായുടെ അറ്റത്തേക്ക് തിരുകി. ദയനീയമായ മുഖത്തോടെ എന്നെ നോക്കി.

'എഴുതിക്കോ ഉണ്ണീ. സ്‌പെല്ലിങ്ങ് പറഞ്ഞ് തരാം.  ഒ എന്‍ ഇ - വണ്‍ എഴുത്.'

പിന്നേയും ദയനീയമായ നോട്ടം തന്നെ. ഞാനവന്റെ പുസ്തകം വാങ്ങി വണ്‍ എഴുതിക്കൊടുത്തു.

'ദേ ഇത് പോലെ താഴേക്ക് എഴുത്, പത്ത് തവണ.'

അവന്‍ ഞാനെഴുതിയത് നോക്കി പകര്‍ത്തി എഴുതാന്‍ തുടങ്ങി. അങ്ങനെ ഒന്ന് മുതല്‍ അഞ്ച് വരെ അതുപോലെ എഴുതിപ്പിച്ചു. ഒരക്ഷരം പോലും സംസാരിക്കാതെ അവന്‍ വിരല്‍ വായയില്‍ തിരുകി കൊണ്ട് എഴുതി തീര്‍ത്തു. 

'ഇനി അതൊക്കെ ഒന്ന് കാണാതെ എഴുത് ഉണ്ണീ.'

വീണ്ടും അവന്റെ മുയല്‍പ്പല്ല് വെളിയില്‍ ചാടി. 

'എഴുത് 'ഒ'

ഒരനക്കം ഇല്ല.

'എഴുതാന്‍.....'

ടീച്ചര്‍ക്ക് ചെറുതായി ചൊറിഞ്ഞ് തുടങ്ങി. അത് കണ്ട് ഉണ്ണി വിറക്കാന്‍ തുടങ്ങി.

'നിനക്ക് 'ഒ' അറിയില്ലേ എഴുതാന്‍? ശെരി, എന്നാല്‍ 'എ' എഴുതിക്കേ. നോക്കട്ടെ.'

ഒരു മാറ്റവുമില്ല.

പ്രശ്‌നം മനസ്സിലായി, ആല്‍ഫബെറ്റ്‌സ് അറിയില്ല. എഴുതുക പോയിട്ട് ചൊല്ലാന്‍ പോലും അറിയില്ല.


'സാരല്യാട്ടോ. ഇന്നിത് മതി. ഉണ്ണി ഇപ്പോള്‍ പൊക്കോ. ഇനി നാളെ പഠിക്കാം.'

ആദ്യ ദിവസം തന്നെ തനിസ്വരൂപം കാണിക്കണ്ടല്ലോ എന്ന് കരുതി ട്യൂഷന്‍ വേഗം അവസാനിപ്പിച്ചു.

രണ്ടാം ദിവസവും മൂന്നാം ദിവസവും ആ ആഴ്ച മുഴുവനും ആല്‍ഫബെറ്റ്‌സ് പഠിപ്പിച്ച് ഞാന്‍ മടുത്തു. പണ്ടാരം!

ഹോ! ഈ ടീച്ചര്‍മാരെയൊക്കെ പൂവിട്ട് പൂജിക്കണം.

ഇതിനിടെ ഞാന്‍ ചൂടാവാനും തുടങ്ങി. 

ആദ്യം മുതല്‍ എഴുതിപ്പിച്ച് വീണ്ടും 'എ' എഴുതാന്‍ പറഞ്ഞാല്‍ അവന്‍ വീണ്ടും വിരലും വായക്കുള്ളിലിട്ട് നോക്കി കൊണ്ടിരിക്കും. നോട്ടം കണ്ടാല്‍ ഞാനെന്തോ തെറ്റ് ചെയ്ത പോലെയും. എല്ലാ ദിവസവും എ തന്നെ എ...

ഒരു ദിവസം 'എ' എഴുതിപ്പിക്കുന്നതിനിടയില്‍ എന്റെ അമ്മ വന്നു. എന്റെ ബഹളം കേട്ട് പുച്ഛിക്കാന്‍ വന്നതാ.

കലി വന്നിരിക്കുന്നതിനിടയില്‍ പുച്ഛരസം കൂടി താങ്ങാനുള്ള കെല്‍പ്പെനിക്കില്ലായിരുന്നു.

'എന്നാ ഒരു കാര്യം ചെയ്യ്. അമ്മയങ്ങടാ പഠിപ്പിക്ക്. നോക്കട്ടൊന്ന്. അല്ല പിന്നെ!' - നാണക്കേട് മുഖത്ത് നിന്ന് പോകാതെ ഞാന്‍ പറഞ്ഞു.

'നീയിങ്ങനെ പ്രാന്തായാല്‍ അത് പേടിക്കില്ലേ... സമാധാനത്തില് പറഞ്ഞ് കൊടുക്ക്.'

ഞാനെഴുന്നേറ്റ് പോയി അമ്മയോട് പല്ല് കടിച്ച് പതുക്കെ പറഞ്ഞു :

'അതേയ്, ഈ കുട്ടിക്കെന്തോ കുഴപ്പംണ്ട്, ഉറപ്പാ. എനിക്കൊന്നും വയ്യ കിടന്ന് കീറാന്‍.'

'ഹഹഹഹഹ എന്തൊക്കെയാരുന്നു. ട്യൂഷന്‍, സ്റ്റുഡന്റ്‌സ്, ഫീസ്... ! ഒലക്കേടെ മൂട്! ഒന്ന് പറഞ്ഞ് രണ്ടാമത്തേന് പാത്രം വലിച്ചെറിയണോളാ ട്യൂഷനെടുത്ത് സമ്പാദിക്കാന്‍ പോണേ. എനിക്കപ്പഴേ അറിയാരുന്നെടി ഇതിങ്ങനേ ആവൂന്ന്.'

'അപ്പഴേ അറിയാരുന്നേല് എന്നെ തടയാരുന്നില്ലേ? എന്താ ചെയ്യാഞ്ഞേ? ഒന്നൂല്ലേലും എന്റമ്മയല്ലേ.. ഞാനനുസരിക്കില്ലേ...'

'ഉവ്വ അനുസരിക്കും കൊറേ! ഒന്നുകില് നീയതിനെ പറഞ്ഞ് വിട്. അല്ലേല് മര്യാദക്ക് പഠിപ്പിക്ക്.'

'എന്തേലും ചെയ്യ്. ഞാനൊന്നൂല്ല്യ ഇനി.'

ഉണ്ണിക്കുട്ടനെ ദ്വേഷ്യത്തില്‍ നോക്കി ഞാന്‍ മുകളിലേക്ക് കയറി പോയി. കുറേ കഴിഞ്ഞ് ഒളിച്ച് നോക്കിയപ്പോള്‍ അമ്മ അവനെ ക്ഷമയോടെ പഠിപ്പിക്കുന്നതാണ് കണ്ടത്. അവന്‍ വിരലും വായേല് വെച്ചിരുന്നെഴുതുന്നുമുണ്ട്. 

അന്ന് രാത്രി ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞാന്‍ അമ്മക്കൊരു ഓഫര്‍ വെച്ചു:

'അമ്മ ടീച്ചറായിക്കോ. ക്രെഡിറ്റും അമ്മയെടുത്തൊ. എനിക്ക് ഫീസ് മാത്രം മതി. എന്താ സന്തോഷായില്ലേ അമ്മേ?'

മാതാപിതാക്കളെ നമ്മള്‍ ഒന്നിനും ബുദ്ധിമുട്ടിപ്പിക്കരുത്. അന്തസ്സായി അവരെ കൊണ്ട് പണിയെടുപ്പിച്ച് ആ കാശ് കൊണ്ട് വേണം മക്കള്‍ ജീവിക്കാന്‍....!

അങ്ങനെ പെറ്റമ്മക്ക് വയസ്സാം കാലത്ത് ഒരു പണി, ഐ മീന്‍ ജോലി വാങ്ങി കൊടുത്ത നല്ലവളായ മകള്‍ എന്ന അംഗീകാരം എനിക്ക് കിട്ടി. 

ഗുണപാഠം : ജോലിയൊന്നും ചെയ്യാതെ മാസം ശമ്പളം കിട്ടുമ്പോ നല്ല ഒരു 'ഇതാ'.

എന്റെ ഉണ്ണിക്കുട്ടന്‍ ഇപ്പോ എവ്‌ടെയാണോ എന്തോ.

ഉണ്ണീ...മോനേ ഉണ്ണീ...(വിതുമ്പുന്നു)

Follow Us:
Download App:
  • android
  • ios