Asianet News MalayalamAsianet News Malayalam

'സഖാവ്'എന്ന കവിത മോഷണമോ;  കഥ ഇതുവരെ!

comrade poem controversy
Author
Thiruvananthapuram, First Published Aug 8, 2016, 7:55 AM IST

comrade poem controversy

സഖാവ് എന്ന കവിതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അവകാശത്തര്‍ക്കത്തിന്റെ കഥ രസകരമാണ്. സാഹിത്യ ചോരണമാണല്ലൊ വിഷയം, ഫേസ്ബുക്കില്‍ ലഭിക്കുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് ഒരന്വേഷണം നടത്തി. കവിത ആദ്യം ചൊല്ലി പ്രചാരത്തിലാക്കിയ ചെറുപ്പക്കാരന്‍ മരിച്ചതുള്‍പ്പെടെ കഥയിലുടനീളം ട്വിസ്റ്റുകളാണ്. മനസിലായ കാര്യങ്ങള്‍ ഇങ്ങനെ ഓര്‍ഡറില്‍ നിരത്താം.

 

1. 
തലശേരി ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന ആര്യ ദയാല്‍ എന്ന പെണ്‍കുട്ടി സഖാവ് എന്ന് പേരുള്ള ഒരു കവിത ചൊല്ലി വീഡിയോ പകര്‍ത്തുന്നു. സോഷ്യല്‍ മാധ്യമങ്ങളിലെ അഭിനവ പാണന്‍മാര്‍ അത് ഷെയര്‍ ചെയ്ത് വൈറലാക്കുന്നു. രണ്ടാഴ്ച മുന്‍പ് തൊട്ടാണ് കവിത തരംഗമായിത്തുടങ്ങിയത്. മന്ത്രി തോമസ് ഐസക്കും എം.സ്വരാജ് എം.എല്‍.എയുമെല്ലാം ഇതിന്റെ വീഡിയോ ഷെയര്‍ ചെയതവരില്‍പ്പെടുന്നുണ്ട്.


2
കോട്ടയം സി.എം.എസില്‍ ഡിഗ്രി പഠിച്ച, ഇപ്പോള്‍ എം.ജി. യൂണിവേഴ്‌സിറ്റി ക്യാപസിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എം.എക്ക് പഠിക്കുന്ന സാം മാത്യുവിന്റെ സൃഷ്ടി എന്ന നിലയിലാണ് ഇത് പ്രസിദ്ധിയാര്‍ജിച്ചത്. 2012 13 അദ്ധ്യയന വര്‍ഷത്തിലെ സി.എം.എസ്. കോളേജ് മാഗസിനില്‍ സാമിന്റെ പേരില്‍ ഈ കവിത അച്ചടിച്ച് വന്നിരുന്നു. കവിത വൈറലായതോടെ സാമിന് ഒരു സിനിമയില്‍ പാട്ടെഴുതാനുള്ള അവസരവും കൈവന്നു.


3. 
പാലക്കാട് ജില്ലക്കാരിയായ പ്രതീക്ഷ ശിവദാസ് എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി സഖാവ് എന്ന കവിത താന്‍ എഴുതിയതാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നു. പ്രതീക്ഷയുടെ ചില സുഹൃത്തുക്കള്‍ ഇതിനെ പിന്തുണച്ച് രംഗത്തെത്തി. 2013 ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ എഴുതി എസ്.എഫ്.ഐയുടെ മുഖമാസികയായ സ്റ്റുഡന്റിലേക്ക് അയച്ചതാണ് ഇതെന്ന് പ്രതീക്ഷ പറയുന്നു. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ പഠിച്ചിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനായ തന്റെ ചേട്ടന്റെ അനുഭവങ്ങളാണ് കവിതക്ക് വിഷയമായതെന്നും ആ കുട്ടി പറയുന്നുണ്ട്. സാമിന്റേതെന്ന് പറഞ്ഞ് പുറത്ത് വന്ന കവിതയില്‍ തന്റേതല്ലാത്ത ആറു വരികള്‍ ഉണ്ട്. ബാക്കിയെല്ലാം അതുപോലെ തന്നെയുണ്ടെന്നാണ് പ്രതീക്ഷയുടെ ആരോപണം.


ഈ കവിതയുടെ രണ്ട് വീഡിയോകള്‍ ആര്യ പാടും മുന്‍പേ പ്രചാരത്തിലുണ്ട്. ഒന്ന് ഹരി കോവിലകം എന്ന ചെറുപ്പക്കാരന്റെ പേരില്‍ ഫേസ്ബുക്കില്‍ പലയിടത്തും പ്രചരിക്കപ്പെട്ടത്. പ്രവീണ്‍ എന്ന ചെറുപ്പക്കാരനാണ് അത് പാടിയതെന്ന ഒരു വാദവുമുണ്ട്. മറ്റൊന്ന് സാം പാടിയത്. ആ വീഡിയോയില്‍ പ്രതീക്ഷ പറയുന്ന ആറ് വരികള്‍ ഇല്ല. 

ഇത്രയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങള്‍ നടത്താമെന്ന് കരുതുന്നു

ഒന്ന്
ഈ കവിതക്ക് ഒരു പെണ്‍ പേഴ്‌സ്‌പെക്ടീവ് ഉണ്ട്. കോളേജില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി സമരം നടത്തുന്ന സഖാവിനെ കോളേജ് മുറ്റത്തെ പൂമരം പ്രണയിക്കുന്നതാണ് അതിന്റെ തീം. പെണ്‍ സഖാവിനെയല്ല പൂമരം പ്രണയിക്കുന്നത് എന്നോര്‍ക്കണം. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ വാദങ്ങളെ തള്ളിക്കളയാനാകില്ല എന്നാണ് തോന്നുന്നത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഒരു കുട്ടിക്ക് ഇങ്ങനൊക്കെ എഴുതാന്‍ കഴിയുമോ എന്നതാണ് അപ്പോള്‍ ഉയരുന്ന പ്രധാന സംശയം. വിദ്യാരംഗത്തിന്റെ ജില്ലാതല കോഓര്‍ഡിനേറ്ററായ ഒരു അദ്ധ്യാപകന്‍ പ്രതീക്ഷ ശിവദാസിനേക്കുറിച്ച് ഒരിടത്ത് കമന്റ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി സ്‌കൂള്‍ യുവജോനോത്സവം മുതല്‍ സകല കവിതാ മത്സരങ്ങളിലും വിജയിക്കുന്ന കുട്ടിയാണിതെന്ന് അദ്ദേഹം പറയുന്നു. ആ കുട്ടി നുണ പറയാനിടയില്ലെന്നും അദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവള്‍ ഇതിലും ഗഹനമായ വിഷയങ്ങള്‍ എഴുതിയിട്ടുണ്ടെന്നും പലരും സാക്ഷ്യപ്പെടുത്തുന്നു.

രണ്ട് 
രസകരമായ 'പിഴവുകള്‍' കവിതയിലുണ്ട്. ഒന്നാമത്തേത് നേരത്തേ ചര്‍ച്ചയായതാണ്. സെമസ്റ്റര്‍ കാലത്ത് കൊല്ലപ്പരീക്ഷ എന്നെഴുതുമോ എന്ന്. സ്‌കൂള്‍ കുട്ടി എഴുതിയതാണെന്ന സംശയത്തിന് ബലം കൂടാനേ ഇത് സഹായിക്കൂ. അവള്‍ക്ക് സെമസ്റ്റര്‍ സമ്പ്രദായം അറിയണമെന്നില്ലല്ലോ.

മൂന്ന്
'പീത പുഷ്പങ്ങള്‍ പൊഴിക്കുന്ന' എന്ന പ്രയോഗമാണ്. വിപ്ലവ പ്രണയ കവിതയില്‍ പീത വര്‍ണത്തിന് എന്ത് പ്രാധാന്യം. മഞ്ഞപ്പൂക്കള്‍ പൊഴിക്കുന്ന വാക മരങ്ങളുണ്ടല്ലോ എന്ന് ചോദിക്കാം. പക്ഷേ, ചുവപ്പല്ലേ വരാന്‍ സാധ്യത എന്ന് ആരും കരുതിപ്പോകും. 'തരിക നീ പീതസായന്തനത്തിന്റെ നഗരമേ' എന്ന് ചുള്ളിക്കാട് എഴുതിയതിന് ശേഷം ആധുനിക കവിതയിലേക്ക് നെഞ്ച് വിരിച്ച് കയറി നിന്ന പുള്ളിയാണ് 'പീതം' എന്ന വാക്ക്. അതിന് മുന്‍പ്/ശേഷവും എസ്.എന്‍.ഡി.പി യുടെ റാലി നടന്നതിന്റെ പിറ്റേ ദിവസം ' ആലപ്പുഴ പീത സാഗരമായി' എന്ന് തലക്കെട്ട് കൊടുക്കാന്‍ പത്രങ്ങള്‍ ഉപയോഗിച്ചിരുന്ന വാക്കാണിത്. മഞ്ഞക്കൊടികള്‍ നിറഞ്ഞ ഒരു ചിത്രവും ഒപ്പമുണ്ടാകും. ചുള്ളിക്കാടിനെ വായിച്ച് കൊതിപൂണ്ട ഒരു സ്‌കൂള്‍ കുട്ടി ഇതെടുത്ത് പ്രയോഗിച്ചാല്‍ ഒന്നും പറയാനില്ല. ഇംഗ്ലീഷ് സാഹിത്യ ബിരുദം പഠിക്കുന്ന ഒരാള്‍ വിപ്ലവ പ്രണയ കവിതയില്‍ മഞ്ഞപ്പൂക്കള്‍ വച്ചാല്‍, അവനെ പിടികിട്ടാത്ത കേമനായി കാണേണ്ടി വരും.

നാല്
മറ്റൊരു വശം കൂടി പ്രതീക്ഷക്ക് പിന്തുണ നല്‍കുന്നുണ്ട്. തന്റേതല്ലെന്ന് പ്രതീക്ഷ പറയുന്ന വരികളൊഴികെ മറ്റെല്ലാ വരികളും താളബദ്ധമാണ്. കൂട്ടിച്ചേര്‍ത്തതെന്ന് പറയുന്ന ആറ് വരികള്‍ വേറിട്ട് നില്‍ക്കുകയാണ്. കവിതയുടെ ഈണത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത് എന്ന് സംശയം തോന്നും അവ വായിച്ചാല്‍.

എസ്.എഫ്.ഐയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റിന്റെ സുഹൃത്താണ് സാം മാത്യു. ഇരുവരും സി.എം.എസില്‍ പഠിച്ചവര്‍. ജയ്ക്കിനെ കോളേജ് മാനേജ്‌മെന്റ് പുറത്താക്കിയതുമായി ബന്ധപ്പെട്ട സമരത്തില്‍ സാം ഉണ്ടായിരുന്നു. ആ അനുഭവമാണ് സഖാവ് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് സാം പറഞ്ഞിട്ടുണ്ട്. ജയ്ക്ക് സംസ്ഥാന പ്രസിഡന്റാകും മുന്‍പേ സ്റ്റുഡന്റ് മാസികയുടെ എഡിറ്റര്‍ സ്ഥാനത്ത് എത്തി എന്നാണ് മനസിലാകുന്നത്. അത് എന്ന് മുതലാണെന്ന് വിഷയത്തില്‍ താത്പര്യമുള്ള ആരെങ്കിലും അന്വേഷിച്ച് കണ്ടുപിടിച്ചാല്‍ പ്രതീക്ഷ ശിവദാസിന്റെ അവകാശവാദത്തിന്റെ നിജസ്ഥിതി അറിയാം. 

പൈങ്കിളി എന്നൊക്കെ ആളുകള്‍ വിളിക്കുന്നുണ്ടെങ്കിലും സാഹിത്യ മോഷണം ചെറിയ കലയല്ലല്ലൊ. കോട്ടയത്ത് ബാറ്റണ്‍ബോസ് ഫാന്‍സായ അശ്വാരൂഢ ഡിറ്റക്ടീവുകള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അന്വേഷിക്കണമെന്നപേക്ഷ.

Follow Us:
Download App:
  • android
  • ios