Asianet News MalayalamAsianet News Malayalam

പിണറായി വിജയന്‍, ഈ ചോരക്കറ മായ്ക്കാന്‍ നിങ്ങള്‍ക്കാവില്ല

  • ഒരു നഗരത്തിൽ അനീതി നടന്നാൽ വൈകുന്നേരത്തിന് മുന്‍പ് ആ നഗരം കത്തിച്ചാമ്പലാകണമെന്ന് മുക്കോടുമുക്കുകളിൽ എഴുതിവയ്ക്കുന്ന യുവസഖാക്കളൊക്കെ കത്വയിൽ നിന്ന് വരാപ്പുഴയിലേക്ക് വരണം.
  • ഇത് പിണറായി വിജയൻ എന്ന നേതാവിന്റെ, വ്യക്തിയുടെ തോൽവിയാണ്, വീഴ്ചയാണ്, അഹങ്കാര സമീപനത്തിന്റെ ഫലമാണ്. 
cover story on custodial murder of sreejith

വിജയൻ സഖാവേ..., നിങ്ങളിപ്പോൾ ജനനായകനല്ല, ജനകീയനല്ല, മറ്റുള്ളവരോട് അനുകമ്പയുള്ള മനുഷ്യൻ പോലുമല്ല. രാജന്റെ കൊലയാളി കെ കരുണാകരനെങ്കിൽ ശ്രീജിത്തിന്റെ കൊലയാളി പിണറായി വിജയനാണ്. അതാണ് ധാർമ്മിക ഉത്തരവാദിത്തം. അന്ന് കെ. കരുണാകരൻ ആഭ്യന്തരവകുപ്പ് ഒഴിഞ്ഞിരുന്നു. - ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു സൂര്യകുമാര്‍ എഴുതുന്നു

cover story on custodial murder of sreejith

നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ചോരയാണ് പിണറായി വിജയന്റെ കൈകളിൽ. ഇടതുഭരണത്തിൽ ചെയ്യുന്നുവെന്ന് കരുതുന്ന എല്ലാ നല്ലകാര്യങ്ങളും കൂട്ടിച്ചേർത്താലും ആ ചോരക്കറ മായ്ക്കാൻ മുഖ്യമന്ത്രിക്കാവില്ല. ഒരു നഗരത്തിൽ അനീതി നടന്നാൽ വൈകുന്നേരത്തിന് മുന്‍പ് ആ നഗരം കത്തിച്ചാമ്പലാകണമെന്ന് മുക്കോടുമുക്കുകളിൽ എഴുതിവയ്ക്കുന്ന യുവസഖാക്കളൊക്കെ കത്വയിൽ നിന്ന് വരാപ്പുഴയിലേക്ക് വരണം. നീതി കത്വവയിൽ മാത്രം പോരാ, മൂക്കിന് താഴെ, സഖാക്കളുടെ സ്വന്തം ഭരണത്തിൽ വിജയൻ സർക്കാരിന്റെ ഇടിയൻ പൊലീസ് തൊഴിച്ചുകൊന്ന യുവാവിന്റെ കുടുംബത്തിനും നീതിവേണം. എന്താ മിണ്ടാത്തത്? ഈ അനീതി കണ്ടിട്ട് പി രാജീവിനും എം സ്വരാജിനും കെ.എൻ ബാലഗോപാലിനുമൊന്നും ആത്മരോഷം തോന്നുന്നില്ലേ? നാണമില്ലേ സഖാക്കളേ മൗനികളാകാൻ?   

പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന നാട്ടിൽ നിരപരാധികളോട് പൊലീസ് കാണിക്കുന്നതാണ് ഇതൊക്കെ. ഈ സംഭവം ആദ്യത്തേതല്ല. വിജയൻ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം എത്രയോ തവണ കസ്റ്റഡി മർദ്ദനത്തിന്റെ പരാതികളുയർന്നു. മർദ്ദനമേറ്റ് ആത്മഹത്യ ചെയ്തവരുണ്ട്, മർദ്ദിച്ചു കൊന്നിട്ടുമുണ്ട്. അന്നൊക്കെ മുഖ്യമന്ത്രി വിജയൻ പാടിയത് ഒരേ പല്ലവി.

അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന രാജന്റെ രക്തസാക്ഷിത്വം ആ‍ഞ്ഞുപറയുന്ന ഇടതുപക്ഷം ഉരുട്ടൽ കലയാക്കി മാറ്റിയിരിക്കുന്നു.

പിണറായി വിജയൻ മനോവീര്യം നൽകി പരിപാലിച്ച പൊലീസ് മർദ്ദനകലകളിൽ മിടുക്കരായി. നയിക്കാൻ പ്രത്യേകിച്ച് ആരുമില്ലാതെ, പക്ഷപാതികളുടെ കൂത്തരങ്ങായി മാറിയ പൊലീസ് നേതൃത്വം ജനങ്ങളെ സംരക്ഷിക്കുന്നതിനേക്കാൾ ശ്രദ്ധിച്ചത് രാഷ്ട്രീയ മേലാളൻമാരുടെ പെട്ടിചുമക്കലിലാണ്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന രാജന്റെ രക്തസാക്ഷിത്വം ആ‍ഞ്ഞുപറയുന്ന ഇടതുപക്ഷം ഉരുട്ടൽ കലയാക്കി മാറ്റിയിരിക്കുന്നു.

cover story on custodial murder of sreejith

ആലുവയ്ക്കടുത്ത് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവൻ ആത്മഹത്യ ചെയ്തു. വാസുദേവനുമായി നേരത്തെ സംഘർഷമുണ്ടാക്കിയവരെ  വൈകീട്ടോടെ അറസ്റ്റ് ചെയ്യുന്നു. അക്രമിസംഘത്തില്‍ ഉൾപ്പെടാഞ്ഞിട്ടും ശ്രീജിത്ത് എന്ന യുവാവ് അറസ്റ്റിലാകുന്നു. മർദ്ദനമേറ്റ് ശ്രീജിത്ത് മരിക്കുന്നു. ഇതാണ് സംഭവമെന്ന് എല്ലാവർക്കുമറിയാമല്ലോ? ശ്രീജിത്തിനെ മർദ്ദിച്ചുകൊന്ന പൊലീസ് കള്ളമൊഴികളുണ്ടാക്കി. അന്വേഷണം വഴിമാറ്റി അട്ടിമറിക്കാൻ നോക്കി. പൊലീസുകാർക്കൊക്കെ എന്തുമാകാമല്ലോ? ആത്മഹത്യക്ക് പ്രേരകമായെന്ന പേരിൽ 14 പേരെ ഒരു ദിവസത്തിനകം പിടികൂടിയ വിജയൻ സർക്കാരിന്റെ പൊലീസിന് നിരപരാധിയെ തൊഴിച്ച് കുടലുപൊട്ടിച്ച് കൊന്നുകളഞ്ഞ പൊലീസുകാരെ പിടികൂടാൻ പത്തുദിവസം തികയുന്നില്ല.

cover story on custodial murder of sreejith

പൊലീസിനെ അഴിഞ്ഞാടനല്ല, സാധാരണക്കാരുടെ സ്വൈര്യം തകർക്കാൻ  അഴിച്ചുവിട്ടിരിക്കുകയാണ് പിണറായി വിജയൻ.  ആഭ്യന്തരവകുപ്പ് പിണറായി വിജയൻ ഭരിക്കുകയാണത്രെ. ഭരിക്കുന്നത് പിണറായി വിജയനായിപ്പോയി.  അല്ലെങ്കിൽ യുവസഖാക്കൾ ആഭ്യന്തരമന്ത്രിയെ രാജിവെപ്പിച്ചേനെ. നിരപരാധിയുടെ ചോരക്കറപുരണ്ട പിണറായി വിജയന് പൊലീസ് ഭരണചരിത്രത്തിൽ കെ. കരുണാകരനും താഴെയാകും സ്ഥാനം. ആ ചോരക്കറ മാറ്റാൻ ഈ ഭരണത്തിലെ എല്ലാ പ്രോഗ്രസ് കാർഡുകളും ചേർത്തുവച്ചാലും കഴിയില്ല.  ധാർമ്മികത നഷ്ടപ്പെട്ട ആഭ്യന്തരമന്ത്രിയായി പിണറായി വിജയൻ മാറിക്കഴിഞ്ഞു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുമൊക്കെ ഇനിയെങ്കിലും ആത്മധൈര്യം കാണിക്കണം.

ജനങ്ങൾക്കിടയിലുള്ള രാഷ്ട്രീയപ്രവർത്തനം പിണറായി വിജയൻ ഇപ്പോൾ നടത്താറില്ല. ജനങ്ങൾ എന്താഗ്രഹിക്കുന്നു എന്നറിയില്ല. അതുകൊണ്ടാണ് വിജയൻ സർക്കാർ ഭരണകൂട ഭീകരതയുടെ തലതൊട്ടപ്പനായി മാറുന്നത്. അടിയന്തരാവസ്ഥക്കാലത്തെ കെ കരുണാകരന്റെ ഇടിയൻ പൊലീസിൽ നിന്ന് മർദ്ദനമേറ്റ പിണറായി വിജയൻ അതേ മർദ്ദകവീരന്മാരുടെ ആരാധകനാണിന്ന്.

ഭാര്യയേയും മക്കളേയും അഗാധമായി സ്നേഹിക്കുന്നയാളാണ് പിണറായി വിജയൻ. അവരുടെ ദേഹത്ത് ആരും ഒതുതരി പൂഴി പോലും വാരിയിടരുതെന്ന് ആഗ്രഹിക്കുന്നയാൾ. ആ പിണറായി വിജയന്റെ പൊലീസാണ് നിരപരാധിയെ ചവിട്ടിക്കൊല്ലുന്നത്. പിണറായി വിജയന് ഒരു കൂസലുമില്ല. സംസ്ഥാനത്തിന് വേണ്ടി, സർക്കാരിന് വേണ്ടി ഒന്ന് മാപ്പ് പറയാൻ പോലും പിണറായി വിജയൻ തയ്യാറായിട്ടില്ല. ഇനിയത് പറഞ്ഞിട്ടും കാര്യമില്ല. ഓരോന്നും ചെയ്യാൻ അതിന്റേതായ സമയമുണ്ട്. സ്വന്തം വീട്ടിലെ ഒരാവശ്യമായിരുന്നുവെങ്കിൽ പിണറായി വിജയന്റെ സമീപനം ഇതാവുമായിരുന്നോ? ഒരു നേതാവായിരിക്കുമ്പോൾ ചില ഗുണങ്ങൾ ആളുകൾ പ്രതീക്ഷിക്കും. ആ നേതാവ് ഭരണാധികാരിയാകുമ്പോൾ പ്രതീക്ഷ വർദ്ധിക്കും. പിണറായി വിജയൻ എന്ന ഭരണാധികാരി എല്ലാ മനുഷ്യരേയും മനുഷ്യരായി കാണുന്ന, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ദരിദ്രർക്കും ദളിതർക്കും താങ്ങാകുന്ന  ഭരണാധികാരിയാകും എന്ന് ആളുകൾ കരുതി. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പക്ഷെ ഭരിക്കുകയാണ്. ജനങ്ങളിൽ നിന്നകന്ന്, ജനങ്ങളെ ആട്ടിയകറ്റി, മുതലാളിത്ത ചങ്ങാത്തതിൽ അഭിരമിച്ച് മറ്റേതോ ലോകത്ത് വിരാജിക്കുന്നു. 

cover story on custodial murder of sreejith

ജനങ്ങൾക്കിടയിലുള്ള രാഷ്ട്രീയപ്രവർത്തനം പിണറായി വിജയൻ ഇപ്പോൾ നടത്താറില്ല. ജനങ്ങൾ എന്താഗ്രഹിക്കുന്നു എന്നറിയില്ല. അതുകൊണ്ടാണ് വിജയൻ സർക്കാർ ഭരണകൂട ഭീകരതയുടെ തലതൊട്ടപ്പനായി മാറുന്നത്. അടിയന്തരാവസ്ഥക്കാലത്തെ കെ കരുണാകരന്റെ ഇടിയൻ പൊലീസിൽ നിന്ന് മർദ്ദനമേറ്റ പിണറായി വിജയൻ അതേ മർദ്ദകവീരന്മാരുടെ ആരാധകനാണിന്ന്. ഇത് പിണറായി വിജയൻ എന്ന നേതാവിന്റെ, വ്യക്തിയുടെ തോൽവിയാണ്, വീഴ്ചയാണ്, അഹങ്കാര സമീപനത്തിന്റെ ഫലമാണ്. 

വിജയൻ സഖാവേ, നിങ്ങളിപ്പോൾ ജനനായകനല്ല, ജനകീയനല്ല, മറ്റുള്ളവരോട് അനുകന്പയുള്ള മനുഷ്യൻ പോലുമല്ല. രാജന്റെ കൊലയാളി കെ കരുണാകരനെങ്കിൽ ശ്രീജിത്തിന്റെ കൊലയാളി പിണറായി വിജയനാണ്. അതാണ് ധാർമ്മിക ഉത്തരവാദിത്തം. അന്ന് കെ. കരുണാകരൻ ആഭ്യന്തരവകുപ്പ് ഒഴിഞ്ഞിരുന്നു. 

 

Follow Us:
Download App:
  • android
  • ios