Asianet News MalayalamAsianet News Malayalam

മോദിയുടെ സ്വന്തം അംബാനി, അംബാനിയുടെ സ്വന്തം മോദി

  • സിന്ധു സൂര്യകുമാര്‍ എഴുതുന്നു
cover story sindhu sooryakumar
Author
First Published Jul 17, 2018, 7:09 PM IST

മൻമോഹൻ സിംഗ് സർക്കാരിനെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ലക്ഷം കോടികളുടെ അഴിമതി ആരോപണങ്ങളും വിവാദങ്ങളുമാണ്. നരേന്ദ്രമോദി സർക്കാർ അവസാന വർഷത്തിലേക്കെത്തുമ്പോഴും അത്തരത്തിലുള്ള ലക്ഷം കോടി കഥകൾ കേട്ടിട്ടില്ല. പകരം കേൾക്കുന്നതെല്ലാം സർക്കാരുമായി അടുപ്പമുള്ളവരുടെ സാമ്പത്തിക വളർച്ചയാണ്, പലരോടുമുള്ള പ്രത്യേക സ്നേഹമാണ്. ഇതൊക്കെ ഏതുവകുപ്പിലാണ് പെടുത്തേണ്ടത്? 

cover story sindhu sooryakumar

'ക്രോണിക്യാപ്പിറ്റലിസം' എന്ന് ഇംഗ്ലീഷിലൊരു വാക്കുണ്ട്. ചങ്ങാത്ത മുതലാളിത്തം എന്ന് മലയാളത്തിലാക്കാം. ചങ്ങാതിമാരായ മുതലാളിമാർക്കുവേണ്ടി ചെയ്യുന്ന വഴിവിട്ട കാര്യങ്ങൾ എന്നർത്ഥം. ചങ്ങാത്ത മുതലാളിത്തം ആദ്യം കണ്ടത് കോൺഗ്രസിൽ, യുപിഎയിൽ. ചില സിപിഎം നേതാക്കൾക്കെതിരെയും ഈ ആരോപണങ്ങളുയർന്നിട്ടുണ്ട്. ഇപ്പോൾ ബിജെപിയിലെ ശക്തർക്കെതിരെ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി വരുന്നു. രാജ്യത്തെ സർവകലാശാലകൾക്ക് മികവിന്‍റെ  കേന്ദ്രം പദവി നൽകുന്നതിലൂടെയാണ് ചങ്ങാത്തശക്തി ഇപ്പോൾ കാണുന്നത്. ഇനിയും തുടങ്ങിയിട്ടില്ലാത്ത, ഒരാശയം മാത്രമായി നിൽക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമ്പോൾ ശ്രേഷ്ഠപദവിയായിരിക്കും എന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു. 'പിറക്കാത്ത കുഞ്ഞിന്‍റെ ജാതകം നോക്കുന്നു'വെന്ന് നമ്മൾ മലയാളത്തിൽ പറയാറില്ലെ, അതുതന്നെ. മുകേഷ് അംബാനി തുടങ്ങാൻ ആഗ്രഹിക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ശ്രേഷ്ഠമായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ ഉറപ്പുപറയുന്നുണ്ടെങ്കിൽ അത് ശരിയായിരിക്കും. അവർ തമ്മിലുള്ള അടുപ്പം അത്രയ്ക്കുണ്ട്. എന്നാലും നാട്ടിൽ വിദ്യാഭ്യാസ വിദഗ്ദ്ധർക്കും , ശ്രേഷ്ഠപദവിയെക്കുറിച്ച് അറിയുന്നവർക്കും ഒക്കെ അമ്പരപ്പാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരോടും ഗവേഷകരോടും ചോദിച്ചാലറിയാം ഇപ്പോൾ നടക്കുന്ന ഞെക്കിപ്പിഴിയലുകൾ

യുജിസിയുടെ നിബന്ധനകളിലും നൂലാമാലകളിലും ഇളവ് നൽകി മികച്ച സർവകലാശാലകൾക്ക് കുറേക്കൂടി വളരാനുള്ള സ്വാതന്ത്ര്യം നൽകലാണ് ശ്രേഷ്ഠപദവി. യുജിസി തന്നെ ഇല്ലാതാവുകയാണ്. യുജിസി ഗ്രാന്റൊക്കെ ഇനി എച്ച്ആർഡി മന്ത്രാലയം വഴിയാകും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരോടും ഗവേഷകരോടും ചോദിച്ചാലറിയാം ഇപ്പോൾ നടക്കുന്ന ഞെക്കിപ്പിഴിയലുകൾ.  ഇനി എച്ച്ആർഡി നേരിട്ടത് ചെയ്യും. പിന്നെ കൂടുതൽ അധികാരമുള്ള ദേശീയ ഉന്നതവിദ്യാഭ്യാസ കമ്മീഷനും. ശ്രേഷ്ഠപദവിക്കാർക്ക് ഈവക നൂലാമാലകളില്ലാത്ത പ്രവർത്തനസ്വാതന്ത്ര്യമുണ്ട്.

മുകേഷ് അംബാനിയും നിത അംബാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുക്കളാണ് എന്നതിന് രേഖാമൂലം കയ്യിൽ തെളിവൊന്നുമില്ല.  കൺമുന്നിൽ കാണുന്നത് മനസ്സിലാക്കുന്നതാണ് തെളിവ്. ജിയോ ഇൻസ്റ്റിറ്റൂട്ടിന് ശ്രേഷ്ഠപദവി കൊടുത്തത് നിയമാനുസൃതമാണ്.  ഒരാൾ നിയമം ഉണ്ടാക്കുന്നു, നിയമം ഉണ്ടാക്കിയതിന് പിന്നാലെ സർവീസിൽ നിന്ന് വിരമിച്ച് റിലയൻസിൽ ജോലിചെയ്യുന്നു. എന്നിട്ട് അതേ നിയമം അനുസരിച്ചുള്ള അപേക്ഷ  കൊടുക്കാൻ പോകുന്നു.  വേണ്ടപ്പെട്ടവർക്ക്  വേണ്ടത് ചെയ്തുകൊടുക്കുന്ന ഈ കാര്യത്തിനെ നമ്മൾ എന്താണ് വിളിക്കേണ്ടത്. ഇതൊക്കെയാണ് മോദിയുടെ രാജ്യത്തെ നിയമം നടപ്പാക്കലെന്ന് കയ്യടിക്കുന്നവരോട് സഹതാപം മാത്രം.

വിനയ്ശീൽ ഒബ്റോയ് ഐഎഎസ്,  2016 കാലത്ത് എച്ച്ആർഡി സെക്രട്ടറിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായി പലകുറി ചർച്ച ചെയ്താണ് എച്ച്ആർഡി , ശ്രേഷ്ഠപദവി മാനദണ്ഡമുണ്ടാക്കിയത്. 2017 ഫെബ്രുവരിയിൽ വിനയ്ശീൽ വിരമിച്ചു, സെപ്റ്റംബറിൽ ശ്രേഷ്ഠപദവി വിജ്ഞാപനം, 2018 ഫെബ്രുവരിയിൽ കമ്മിറ്റി, റിലയൻസ് ടീമിൽ വിനയ്ശീൽ. റിലയൻസിന് ഗ്രീൻഫീൽഡ് വിഭാഗത്തിൽ പദവി.

ഈ ട്രോളുകളൊന്നും വെറുതെയല്ല

ഐഐടി ദില്ലി, ഐഐടി ബോംബെ, ബിറ്റ്സ് പിലാനി പിന്നെ മണിപ്പാൽ അക്കാദമി പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇക്കൂട്ടത്തിലേക്കാണ് പിറക്കാനിരിക്കുന്ന അംബാനി സർവകലാശാലയെ കേന്ദ്രസർക്കാർ ഉരുട്ടിക്കയറ്റിയത്. 'മുകേഷ് അംബാനിക്ക് പിറക്കാനിരിക്കുന്ന ചെറുമകന് ഭാരതരത്ന ഇപ്പോഴേ കൊടുത്തു' എന്ന് ട്രോൾ വരുന്നത് വെറുതയെല്ല.  ഗ്രീൻഫീൽഡ് എന്ന് കേട്ടിട്ടില്ലേ, ദാ ഇതാണ് ശ്രേഷ്ഠപദവിയുടെ മാനദണ്ഡം എന്ന് കാണ്ഡം കണക്കിന് വിശദീകരിച്ചാലും കറമായുന്നില്ലല്ലോ.  നിർമ്മാണച്ചട്ടങ്ങൾ, പരിസ്ഥിതി അനുമതി പോലുള്ള നൂലാമാലകൾ, സിലബസ് നിശ്ചയിക്കൽ, ഫീസ് നിർണയം, സംവരണതത്വമടക്കം നിബന്ധനകൾ...  ഇളവുകൾ ധാരാളം കിട്ടും. എന്തൊക്കെയെന്ന് അവ്യക്തം. പിറക്കാനിരിക്കുന്ന കുഞ്ഞിന് ഉടുപ്പ് തുന്നിയ നിബന്ധനകൾ ആരെയെങ്കിലും മനസ്സിൽ കണ്ട് ഉണ്ടാക്കിയതാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയരുത്. ശ്രേഷ്ഠപദവിയുള്ള സ്ഥാപനമാണെന്ന ലേബൽ നല്ല കച്ചവടത്തിനുപകരിക്കും. മുകേഷ് അംബാനി നല്ല കച്ചവടക്കാരനാണ്. ഏത് മാർഗമുപയോഗിച്ചും ആ കച്ചവടം നന്നാക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. അതിൽ ഭരണകൂടം ആയുധമാകരുത്. മോദിസർക്കാരിന്‍റെ ഭരണപരമായ പല തീരുമാനങ്ങളും ഇതുപോലെ വിവാദമാണ്. ഇതേ ഗണത്തിൽ വരുന്ന നിയമനങ്ങളുമുണ്ട്.

വിരമിച്ചയുടനെ പദവി എന്നത് ഭരണകൂടത്തിന്‍റെ ഔദാര്യമാണ്

എസ്.സി/എസ്.ടി നിയമം, ഗാർഹിക പീഡനവിരുദ്ധനിയമം   ഇതിന്റെയൊക്കെ ഉപയോഗ , ദുരുപയോഗം സംബന്ധിച്ച് വിധിപുറപ്പെടുവിച്ച ജസ്റ്റിസ് എ.കെ. ഗോയൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച് മണിക്കൂറുകൾക്കകം പുതിയ പദവിയിലെത്തി. ഇനി അഞ്ചുവർഷത്തേക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ അധ്യക്ഷനാണ്.  കേസിലെ കക്ഷിയും, നിയമിക്കുന്നയാളും സർക്കാരാകുന്നത് വഴി തീരുമാനങ്ങൾ സ്വാധീനിക്കപ്പെടും, അത് ശരിയല്ല. വിരമിച്ചയുടനെ സർക്കാരിൽ നിന്ന് ജോലി സ്വീകരിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് വിധിയെഴുതി രണ്ട് മാസം തികഞ്ഞപ്പോൾ ജസ്റ്റിസ് ഗോയൽ വിരമിച്ചയുടൻ നിയമനം സ്വീകരിച്ചു.

വിരമിച്ചയുടനെ പദവി എന്നത് ഭരണകൂടത്തിന്‍റെ ഔദാര്യമാണ്. ഔദാര്യം നേടുന്നവർ വിശ്വസ്തതയും കൂറും പുലർത്താൻ ബാധ്യതയുള്ളവരാണ്. പരിസ്ഥിതി പ്രശ്നം വലിയ പ്രശ്നമായ രാജ്യത്ത്, വൻകിട പദ്ധതികൾ പോലും കുടുങ്ങിയിരിക്കുന്ന നേരത്ത് സ്ഥാപിത താൽപര്യം തീരുമാനങ്ങളിലുണ്ടാകാത്തതാണ് രാജ്യതാത്പര്യത്തിന് നല്ലത്.  അങ്ങനെ നോക്കുമ്പോള്‍ മോദി സർക്കാരിന്റെ ഈ തീരുമാനം ഏത് ഗണത്തിൽ വരും.  ഒരു നയം പ്രഖ്യാപിക്കുക. നയത്തിന് വേണ്ടി നിയമാവലിയുണ്ടാക്കുക, ആ നിയമാവലിയിൽ വേണ്ടപ്പെട്ടവർ മാത്രം ഉൾക്കൊള്ളുന്ന വ്യവസ്ഥകളുണ്ടാക്കുക, ഉണ്ടാക്കുന്ന ഉദ്യോഗസ്ഥർ മറുകണ്ടം ചാടി മുതലാളിക്ക് വേണ്ടി നിയമാവലിക്കനുസരിച്ച് അപേക്ഷ ഉണ്ടാക്കി അതേ സർക്കാരിന് കൊടുക്കുക. കിട്ടിയപാടേ സർക്കാർ അത് അംഗീകരിക്കുക. ഇത് സ്വജനപക്ഷപാതം എന്ന വലിയ അർത്ഥത്തിന് കീഴിൽ അല്ലെങ്കിൽ പിന്നെവിടെയാണ് ഉൾപ്പെടുത്തേണ്ടത്? 

നിയമം നടപ്പാക്കേണ്ടത് കോടതികളാണ്

 ലളിത് മോദിയെ സഹായിച്ചെന്ന് ആരോപണം കേട്ടത് വസുന്ധര രാജെയും സുഷമ സ്വരാജും.  ദൂരദർശന് 60 കോടിയോളം നഷ്ടമുണ്ടാക്കുന്ന തീരുമാനമെടുത്ത് ബാലാജി ടെലിഫിലിംസിനെ സഹായിച്ചെന്ന് ആരോപണം കേട്ടത്  സ്മൃതി ഇറാനി എന്ന് തുടങ്ങി അംബാനിയും അദാനിയും പ്രധാനമന്ത്രിയെ വിദേശയാത്രകളിൽ നിരന്തരം അനുഗമിച്ചതുവരെ വിവാദവാർത്തയായിട്ടുണ്ട്. അമിത്ഷായുടെ മകന്‍റെ അതിശയകരമായ സാമ്പത്തിക വളർച്ച, നിതിൻഗഡ്കരിയുടെ കമ്പനിക്കെതിരായി വന്ന ആരോപണം, പീയുഷ് ഗോയലിന്റെ ഭാര്യയുമായി ബന്ധമുള്ള കമ്പനിക്കെതിരെ ഉയർന്ന 650 കോടിയുടെ കിട്ടാക്കടആരോപണം തുടങ്ങി മോദി സർക്കാരിലെ പ്രതികൾക്കെതിരെ ധാരാളം സ്വജനപക്ഷപാത, അധികാര ദുർവിനിയോഗ ആരോപണങ്ങൾ ഇതുപോലെ വാ‍ർത്തയായിട്ടുണ്ട്. രാജ്യത്തൊരു പ്രതിപക്ഷമില്ലാത്തതുകൊണ്ടും വലിയ വിഭാഗം മാധ്യമങ്ങൾ സർക്കാർ സ്പോൺസേർഡ് ആയതുകൊണ്ടും മോദി ഭക്തിഭയമുള്ളതുകൊണ്ടും ബോഫോഴ്സ് പോലെ, ടൂജി പോലെ വലിയ ചർച്ചകളുണ്ടായിട്ടില്ല എന്ന് മാത്രം.

അഴിമതി എന്ന വലിയ തെറ്റിന്‍റെ പരിധിക്കുള്ളിലാണ് സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും ചങ്ങാത്ത മുതലാളിത്തവും വരേണ്ടത്

 ഗ്രീൻഫീൽഡ് വാഴ്ത്തുകൾ നടത്തുന്ന മോദി ഭക്തജനസംഘവും ദിനേന വ്യാജവാർത്തകളും ഫോട്ടോഷോപ്പുകളുമുണ്ടാക്കുന്ന ആരാധക സംഘവും ഉള്ളിടത്തോളം സത്യം പറയുന്നവരെ കല്ലെറിഞ്ഞുകൊണ്ടിരിക്കാം, പരിഹസിച്ചുകൊണ്ടിരിക്കാം. അഴിമതി എന്ന വലിയ തെറ്റിന്‍റെ പരിധിക്കുള്ളിലാണ് സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും ചങ്ങാത്ത മുതലാളിത്തവും വരേണ്ടത്, വരുന്നതും. ആ നിർവചനമനുസരിച്ച് നിയമം നടപ്പാക്കേണ്ടത് കോടതികളാണ്.  അത് നടപ്പാക്കേണ്ട സുപ്രീംകോടതിയെപ്പറ്റി ഇനി കൂടുതൽ പറയാനില്ല.  ജനാധിപത്യം എന്ന് കേൾക്കുമ്പോഴേക്കും പരിഹസിച്ച് ചിരിക്കുന്നവരും കളിയാക്കുന്നവരുമുണ്ട്. അവരും അറിയാനിരിക്കുന്നതേയുള്ളൂ. ഉന്നതവിദ്യാഭ്യാസ രംഗമാകെ കുളംകലക്കുകയാണ്. എത്നിക് ക്ലെൻസിംഗ് എന്നൊക്കെ കേട്ടിട്ടുണ്ട്. സംസ്കാരിക മതശുദ്ധീകരണമൊക്കെ ഇവിടെയും വേണ്ടതാണ് എന്ന് ഭരണകൂടം ചിന്തിച്ചാൽ അതനുസരിച്ച് ഭരണകൂടത്തിന്‍റെ എല്ലാ കൈകളും നീങ്ങും. അപ്പോൾ വാഴ്ത്തുന്നവരുടെ കഴുത്തിലേക്ക് കുരുക്കു മുറുകുമ്പോൾ മാത്രമെ അവർ അപകടം തിരിച്ചറിയൂ. അതുവരെ വാഴ്ത്തിക്കൊണ്ടിരിക്കട്ടെ.  


 

Follow Us:
Download App:
  • android
  • ios