Asianet News MalayalamAsianet News Malayalam

ബ്ലൂ വെയില്‍: ഫേസ്ബുക്കില്‍ സംഭവിക്കുന്നത്

Deepa praveen on Blue whale challenge
Author
Thiruvananthapuram, First Published Aug 16, 2017, 7:14 PM IST

Deepa praveen on Blue whale challenge

'ബ്ലൂവെയില്‍ കളിച്ചു, ഇഷ്ടപ്പെട്ടു, ജയിച്ചു, മരിച്ചില്ല' 

ഇന്നലെ ഫേസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ് ആണിത്. എന്തോ സാഹസിക പ്രവൃത്തി ചെയ്തു എന്ന മട്ടില്‍ നെഞ്ചുവിരിച്ചുനിന്നുള്ള ആ പോസ്റ്റിന് ലൈക്കുകളുമുണ്ട്. അവിടെ തീര്‍ന്നില്ല. നമ്മുടെ ഫേസ്ബുക്ക് ഇടത്തില്‍ ഈ മാരക ഗെയിമിനുള്ള ഓപ്പണ്‍ ഇന്‍വിറ്റേഷനുകളും വ്യാപകമാണ്. എനിക്കു തന്നെ വന്നു, നാലഞ്ച് മെസേജുകള്‍. ബ്ലൂ വെയിലിനെ കുറിച്ച് ഞാനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഇന്‍ബോക്‌സില്‍ അതിനുള്ള ആഹ്വാനങ്ങള്‍ വരാന്‍ തുടങ്ങിയത്. പോസ്റ്റിനു താഴെത്തന്നെ പരസ്യമായ കമന്റുകള്‍ കാണാം. 

ഫേസ്ബുക്കില്‍ ഇതാണ് അവസ്ഥയെങ്കില്‍, പുറത്ത് എന്താണ് അവസ്ഥയെന്ന് നോക്കൂ. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും ബ്ലൂവെയില്‍ ഇരകളുടെ വിവരങ്ങള്‍ പുറത്തുവരുന്നു. ബ്ലൂ വെയില്‍ ആത്മഹത്യകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബാലാവകാശ സംരക്ഷണ കമീഷന്‍ സ്വമേധയാ കേസ് എടുക്കുന്നു. കേരളത്തില്‍ പേടിക്കാനില്ലെന്ന് ഡിജിപിയും എഡിജിപിയും പറയുന്നു. ഈ മരണ ഗെയിം നിരോധിക്കണമെന്ന് കേരള മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിക്ക് തീരുമാനം എടുക്കുന്നു. 

തീര്‍ന്നില്ല, നമ്മുടെ മാധ്യമങ്ങളില്‍ നിറയെ ബ്ലൂ വെയില്‍ ചലഞ്ച് പ്രത്യക്ഷപ്പെടുന്നു. ഭീതി കലര്‍ന്ന അവലോകനങ്ങള്‍. ദൃശ്യമാധ്യമ ചര്‍ച്ചകള്‍. നാലാള്‍ കൂടുന്നിടത്തെ ആശങ്കകള്‍. സ്‌കൂളുകള്‍ തോറും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. എന്നിട്ടും, നമ്മുടെ ഫേസ്ബുക്ക് ഇടത്തില്‍ പോലും, ബ്ലൂ വെയില്‍ ചലഞ്ച് ക്ഷണങ്ങള്‍ പടരുന്നതിന്റെ അര്‍ത്ഥമെന്താണ്? രഹസ്യമായുള്ള ക്ഷണങ്ങളെക്കുറിച്ചല്ല പറയുന്നത്. പരസ്യമായിത്തന്നെ നടക്കുന്ന ക്ഷണങ്ങള്‍.  കുട്ടികളിലും കൗമാരക്കാരിലും ദുരഭിമാനവും ആണത്തഘോഷവും വ്യാജ ഹീറോയിസവും അതിസാഹസികതയും നിറയ്ക്കുന്ന വിധത്തിലാണ് പലരും ഇക്കാര്യം പറയുന്നത്. മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവുമുള്ള വികാര ജീവികളായ ചെറുപ്പക്കാരെ മാത്രമല്ല, സാഹസികരായ, ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറായ കൗമാരങ്ങളെ കൂടിയാണ് ഈ ഈ മരണവഴിയിലേക്ക് നയിക്കുന്നത്. 

ഈ സാഹചര്യത്തിലാണ്, നമ്മുടെ സോഷ്യല്‍ മീഡിയാ ഇടങ്ങളെക്കുറിച്ചും മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കേണ്ടി വരുന്നത്. അപകടകരമായ പ്രവണതകളെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത്.

എന്തോ സാഹസിക പ്രവൃത്തി ചെയ്തു എന്ന മട്ടില്‍ നെഞ്ചുവിരിച്ചുനിന്നുള്ള ആ പോസ്റ്റിന് ലൈക്കുകളുമുണ്ട്.  

അപകടകരമായ മൗത് പബ്ലിസിറ്റി

ഈ ഗെയിം എങ്ങനെ കളിക്കാന്‍ പറ്റുമെന്നും കളിയ്ക്കാന്‍ താല്‍പര്യമുണ്ട് എന്നും പലരുടെയും ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ കണ്ടു. ഇത്തരം സ്റ്റാാറ്റസ് മെസ്സേജുകള്‍ സൃഷ്ടിക്കുന്ന അപകടം പലതാണ്.

ഇതില്‍, ഏറ്റവും അപകടകരമായത് ഇതുമൂലമുണ്ടാവുന്ന മൗത് പബ്ലിസിറ്റി തന്നെ. കൂടുതല്‍ പേരിലേയ്ക്ക് ഈ കളിയെ കുറിച്ചുള്ള കൗതുകം (creating curiostiy) എത്തിക്കാന്‍ ഇത് കാരണമാകും. ഇത്തരം കളികളിലേയ്ക്ക് നമ്മുടെ കൗമാരം എത്തുന്നതിന്റെ ഒരു കാരണം അതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന ദൂരൂഹതയും നിഗൂഢതയുമാണ്. 

ചില വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ ഇത് ഡൗണ്‍ലോഡ് ചെയ്തു കളിക്കുന്ന ഒരു കളിയല്ല. മറിച്ചു സൈബര്‍ ക്രിമിനലുകളോ സൈക്കോപാത്തുകളോ അല്ലെങ്കില്‍ ആ പ്രവണത ഉള്ളവരോ സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ഇരകളെ കണ്ടെത്തുകയും മാര്‍ക്ക് ചെയ്യുകയും അവരിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്ന ചലഞ്ചാണ്. അവര്‍ ഒരു പക്ഷെ നമുക്കിടയില്‍ തന്നെ ഉണ്ടായിരിക്കാം. ഈ പ്രത്യേക കളിയെ കുറിച്ച് അവര്‍ക്ക് അറിവില്ല എങ്കിലും ഇത്തരം സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളിലെ വിനിമയങ്ങള്‍, മാനസികമായി ബലഹീനരായവരോ (vulnerable ) അല്ലെങ്കില്‍ ഇരകളാകാന്‍ സാധ്യതയുള്ളതോ ആയ ആളുകളെയും ഇത്തരം സൈബര്‍ ക്രൈമുകള്‍ക്കു പിന്നിലെ കുറ്റവാളികളെയും കണക്ട് ചെയ്യുന്ന ലിങ്കുകളായേക്കാം. പലപ്പോഴും സ്റ്റാറ്റസ് ഇടുന്നവരാവില്ല അതില്‍ കമന്റ് ചെയ്യുന്നവരാകും ഇരകളാകുക. ഓണ്‍ലൈന്‍ sexual abuseലൊക്കെ അക്രമിക്കപ്പെട്ടവരിലേക്ക് കുറ്റവാളി എത്തുന്ന ഒരു വഴി ഇതാണ്.

സോഷ്യല്‍ മീഡിയയുടെ പോസിറ്റീവ് ട്രെന്‍ഡിങ് സാധ്യത പല നല്ല മാറ്റങ്ങള്‍ക്കും കാരണമാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തെറ്റായ രീതിയില്‍ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് 'ഞാന്‍ അതില്‍ ആകൃഷ്ടനാണ്' എന്ന തരത്തിലുളള സ്റ്റാറ്റസുകള്‍ ഒരു ട്രെന്‍ഡ് ആവുകയും അത് കൂടുതല്‍ ആളുകളെ ഇത്തരം അനാരോഗ്യകരമായ പ്രവണതകളെ സാമാന്യവത്കരിച്ചു കാണാന്‍ സഹായിക്കുകയും ചെയ്യും.

പലപ്പോഴും സ്റ്റാറ്റസ് ഇടുന്നവരാവില്ല അതില്‍ കമന്റ് ചെയ്യുന്നവരാകും ഇരകളാകുക.

അപകടകാരികളായ ആപ്പുകള്‍
വാട്ട്‌സാപ്പില്‍ ഈ കളിയുടേത് എന്ന് പറഞ്ഞു ലിങ്കുകള്‍ വരുന്നതായി പലരും പറയുന്നുണ്ട്. ഇത്തരം ലിങ്കുകള്‍ നമ്മള്‍ തന്നെ അപകട വാതില്‍ സ്വയം തുറന്നു കൊടുക്കുന്നതിനു തുല്യമാണ് . ഇത്തരം കളികളിലേക്കോ സമാനമായതെന്നു പറയപ്പെടുന്ന ആപ്പുകളിലേക്കോ ചെന്നെത്തുന്നത് നമ്മുടെ തന്നെ സ്വകാര്യതയെയും വ്യക്തിവിവരങ്ങളെയും സ്വയം തുറന്നിടുന്നതിന് സമാനമാണ്. ഇവയില്‍ പല ആപ്പുകളും നമ്മുടെ സ്വകാര്യതകളെ കവര്‍ന്നെടുക്കുന്നതാവാം. ഫിഷിങ് , സൈബര്‍ ബുള്ളിയിങ് , സൈബര്‍ stalking, ഓണ്‍ലൈന്‍ ഹറാസ്‌മെന്റ്, സൈബര്‍ സെക്‌സ് abuse  തുടങ്ങിയ മറ്റു സൈബര്‍ ക്രൈമുകളുടെ തുടക്കം കുറിയ്ക്കുന്നതിനായി പല ക്രിമിനലുകളും  ഇത്തരം സാധ്യതകള്‍ ഉപയോഗിക്കാറുണ്ട്. 

ബ്ലൂ വെയില്‍ സംവാദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും നെഗറ്റീവായ ഇത്തരം ഒരു സാദ്ധ്യത കൂടെയുണ്ട്.

'ഞാന്‍ കളിച്ചു എനിക്കു കുഴപ്പമൊന്നുമില്ലല്ലൊ'
ഫേസ്ബുക്കില്‍ ഇന്നൊരു ബ്ലൂ വെയില്‍ സ്റ്റാറ്റസ് ഇട്ടപ്പോള്‍ വന്ന ഒരു  പ്രതികരണമാണ് ഈ കമന്റ്. കമന്റ് ചെയ്ത ആളെ വ്യക്തിപരമായി അറിയാത്തതുകൊണ്ട് ആ വ്യക്തിയുടെ ഫീഡ്ബാക്കിന്റെ ആധികാരികത പറയുക സാധ്യമല്ല. എന്നാല്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ സൃഷ്ടിക്കുന്ന മറ്റൊരു അപകടത്തെക്കുറിച്ചു പറയാതെ വയ്യ. 

നമ്മുടെ കൂടെയുള്ള ഒരാള്‍ ഇത്തരം ഒരു തുറന്നു പറച്ചില്‍ നടത്തുമ്പോള്‍ അവിടെ ഒരു peer പ്രഷര്‍ സൃഷ്ടിക്കപ്പെടുന്നു. അവന്‍ ഒരാഴ്ച്ചകൊണ്ട് ഈ കടമ്പകള്‍ കടന്നെങ്കില്‍ എനിക്കും അതിനും മുമ്പേ ഇതിനു കഴിയും. അതിനു ഇതല്ലെങ്കില്‍, അതിലും കടുപ്പമുള്ള മറ്റു വഴികള്‍ നോക്കുന്നതില്‍ കുഴപ്പമില്ല. ഈ മനോഭാവമാണ് പടരുന്നത്. 

ഇതിനു മറ്റൊരു തലം കൂടിയുന്നുണ്ട്. അത് മനോനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു പ്രവൃത്തിയിലും, കളിയാവട്ടെ, ടാസ്‌ക് ആവട്ടെ, മത്സരമാവട്ടെ, വ്യക്തിപരമായ ആശയവിനിമയമാവട്ടെ, അതില്‍ ഏര്‍പ്പെടുന്ന വ്യക്തിയുടെ മനോനില പ്രധാനമാണ്. MTV അടക്കമുള്ള ചാനലുകളിലെ  പലതരം റിയാലിറ്റി സാഹസിക പരീക്ഷണങ്ങള്‍ നോക്കുക. സാഹസികമായി അവയില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍ സമാനമായ മനോനിലയുള്ള മറ്റുള്ളവരിലും അതിനുള്ള ത്വര വളരുകയാണ്. നിത്യ ജീവിതത്തില്‍ ഉയരമുള്ള ഒരു കോവണിയില്‍ കയറി നില്‍ക്കാന്‍ പേടിയുള്ളവരെ പോലും സാഹസിക വഴികളിലേക്ക് തുറന്നുവിടാന്‍ പര്യാപ്തമാണിത്. നമ്മുടെ കുട്ടികളും കൗമാരക്കാരും അവരുടെ ജീവിതം പറിച്ചുനടുന്ന യുദ്ധങ്ങളുടെയും ചോരക്കളികളുടെയും വീഡിയോ ഗെയിമുകളും ഇത്തരം മനോനില സൃഷ്ടിക്കാന്‍ സഹായകമാണ്. 

ഓരോ മനുഷ്യന്റെ മനോനിലയും കാര്യപ്രാപ്തിയും വ്യത്യസ്തമാണ്. വളര്‍ച്ചയുടെ ചില പ്രത്യേക കാലഘട്ടങ്ങളില്‍ ചില പ്രത്യേക സ്‌ട്രെസുകളിലൂടെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ മറ്റു ചില അസുഖകരമായ വസ്തുതകളെ മറികടക്കാനും സ്വയം തെളിയിക്കാനുമുള്ള പുതിയ ത്രില്ല് തേടുന്നത് സ്വാഭാവികമാണ്. 

പറയുന്നത് പല തരം മനുഷ്യരെക്കുറിച്ചാണ്. എല്ലാവരും ഈ അവസ്ഥകളെ നേരിടുക ഒരു പോലെയാവില്ല. ചില പ്രത്യേക അവസ്ഥകളിലുള്ളവര്‍ ഇത്തരം അപകടങ്ങള്‍ക്ക് എളുപ്പം വഴങ്ങുന്നവരാണ്. അത്തരം മനോനിലയുള്ളവരാണ്. അത്തരക്കാരെയാണ്, നമ്മുടെ സോഷ്യല്‍ മീഡിയാ, മീഡിയാ ഇടപെടലുകള്‍ നേരിട്ടേ പരോക്ഷമായോ സ്പര്‍ശിക്കുന്നത്. അവരിലാണ് സാഹസികതയുടെ പുതിയ വിത്തുകള്‍ പാകപ്പെടുന്നത്. 

ബ്ലൂ വെയില്‍ സംവാദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും നെഗറ്റീവായ ഇത്തരം ഒരു സാദ്ധ്യത കൂടെയുണ്ട്. അത് തിരിച്ചറിയുകയും ആ തിരിച്ചറിവ് പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരികയും ചെയ്യേണ്ടതിന്റെ അനിവാര്യതയാണ് ബ്ലൂ വെയില്‍ കാലം ബോധ്യപ്പെടുത്തുന്നത്. അതിനുള്ള ജാഗ്രതയാണ് നമ്മോട് ആവശ്യപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios