Asianet News MalayalamAsianet News Malayalam

പക്ഷികള്‍ക്ക് ഒരിടം, കാഴ്ചക്കാര്‍ക്കും!

Divya Ranjith on Ranganathittu bird sanctury
Author
Thiruvananthapuram, First Published Jul 19, 2017, 4:40 PM IST

Divya Ranjith on Ranganathittu bird sanctury

പക്ഷിസ്‌നേഹികളും പ്രകൃതി സ്‌നേഹികളും ഒരിക്കലെങ്കിലും തീര്‍ച്ചയായും വന്നിരിക്കേണ്ട സ്ഥലമാണ് ബാംഗ്ലൂര്‍ മൈസൂര്‍ ഹൈവേയില്‍ നിന്നു കുറച്ചു മാറി സ്ഥിതി ചെയ്യുന്ന രംഗനാത്തിട്ടു പക്ഷിസങ്കേതം. പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ  ചെറിയ ഒരു ട്രിപ്പ് പോകാന്‍ പറ്റിയ ഇടം. ബാംഗ്ലൂര്‍,  മൈസൂര്‍ എന്നിവിടങ്ങളില്‍ ഐ ടി മേഖലകളിലും മറ്റുമായി ജോലി ചെയ്യുന്ന മലയാളികള്‍ക്ക്, അവരുടെ വീക്കെന്റുകളില്‍ ഒന്നു റിലാക്‌സ് ചെയ്യാനും  ഏറ്റവും നല്ല  സ്ഥലമാണ് കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ ഈ സ്ഥലം. 

ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും ഇവിടേക്ക് ഒരു ഏകദേശം 10 കിലോ മീറ്റര്‍ ദൂരമേ ഉള്ളൂ.  മൈസൂര്‍ സിറ്റിയില്‍ നിന്നും 19  കിലോ മീറ്ററും. ചരിത്രപ്രസിദ്ധമായ ശ്രീരംഗപട്ടണത്തില്‍ നിന്നും 3 കിലോ മീറ്റര്‍ ദൂരമാണ് ഇവിടേക്ക്.  വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെ വളരെ അടുത്തിത്. ഹൈവേയില്‍ നിന്നും ഇങ്ങോട്ടുള്ള വഴിയിലേക്കു തിരിഞ്ഞു കഴിഞ്ഞാല്‍ പിന്നെ റോഡിന്റെ ഇരുപുറവും വയലുകളാണ്. പലതരം കൃഷികള്‍. തനി നാട്ടിന്‍ പുറത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍.  എന്‍ട്രി ഗേറ്റ് എത്തുമ്പോള്‍ തന്നെ പക്ഷികളുടെ  ബഹളങ്ങള്‍. 

എഡി 1648 ല്‍ കാവേരി നദിക്കു കുറുകെ അന്നത്തെ മൈസൂര്‍ രാജാവ് കണ്ടീരവ നരസിംഹ വോഡയാര്‍  ഒരു ചെറിയ ഡാം നിര്‍മിച്ചതിന്റെ  ഫലമായി  ഉണ്ടായ ആറു ചെറിയ ദ്വീപ സമൂഹങ്ങളുടെ കൂട്ടമാണ് ഈ പ്രദേശം. പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ സലിം അലി ഈ പ്രദേശം സന്ദര്‍ശിക്കുകയും അദ്ദേഹം വോഡയാര്‍ രാജാവിനോട് ഈ സ്ഥലം സംരംക്ഷിക്കാനും പക്ഷി സങ്കേതമാക്കാനും ശുപാര്‍ശ ചെയ്യുകയും ചെയ്തു. അങ്ങനെ ആണ് 1940 ല്‍ രംഗനാത്തിട്ടു പക്ഷിസങ്കേതം  രൂപീകൃതമായത്. കര്‍ണാടകയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമാണിത്. രംഗനാഥ സ്വാമി എന്ന ഹിന്ദു ദൈവത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 

 

രാംഗനാ തിട്ടു ഫോട്ടോ ഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

40ഏക്കറില്‍ പരന്നു കിടക്കുന്ന സ്ഥലം. നിബിഡവനങ്ങള്‍ എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും മുളങ്കൂട്ടങ്ങളും,  മഹാഗണി,  യൂക്കാലിപ്റ്റ്‌സ്, ആല്‍  അങ്ങിനെ പേരറിയുന്നതും അറിയാത്തതുമായി   മരങ്ങള്‍. മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍, വെയില്‍ അധികം ഉള്ളില്‍ എത്തില്ല. അതിനാല്‍, ഗാര്‍ഡനില്‍ ഒക്കെ ചുറ്റി നടന്നാലും തളര്‍ച്ച തോന്നില്ല.  മരങ്ങളെപ്പറ്റിയും പക്ഷികളെപ്പറ്റിയും വിവരങ്ങള്‍  എഴുതി ചേര്‍ത്ത ബോര്‍ഡുകളും അങ്ങിങ്ങായി  ഉണ്ട്.  ഡോ. സലിം അലി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന ഒരു ചെറു കെട്ടിടത്തില്‍ രംഗനാ തിട്ടുവിന്റെ ഒരു ചെറു മാതൃകയുണ്ട്. അവിടെ കാണപ്പെടുന്ന എല്ലാതരം പക്ഷികളെ കുറിച്ചുള്ള വിവരണങ്ങളും ലഭ്യമാണിവിടെ. പഠനാവശ്യങ്ങള്‍ക്കൊക്കെ വരുന്നവര്‍ക്കായി ഒരു ചെറു ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്. 

ബോട്ടിംഗ് ആണ് ഇവിടുത്തെ ഒരു പ്രത്യേകത. ലൈഫ്  ജാക്കറ്റുകള്‍ ലഭ്യമാക്കിയതിനാല്‍ ബോട്ട് യാത്ര സുരക്ഷിതമാണ്. നദിയിലെ  മുതലകള്‍  ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.  അങ്ങിങ്ങായി കാണപ്പെടുന്ന പാറക്കെട്ടുകളില്‍ ഇവ വിശ്രമിക്കുന്നുണ്ടാകും.പലതരം പക്ഷികള്‍ പാറകളില്‍ നിലയുറപ്പിച്ച്  മീന്‍ ്പിടിക്കുന്നുണ്ടാകും.  ബോട്ട് ഇവയ്ക്കരികിലേക്കു പോകും. മുതലകളെയും പക്ഷികളെയും ഒക്കെ  നമുക്ക് വളരെ അടുത്ത് നിന്നും കാണാന്‍ സാധിക്കും.  നദിയുടെ മറ്റേ കരയിലും  മരങ്ങള്‍ തിങ്ങിനിറഞ്ഞു തന്നെയാണ്. അവിടവും പല പക്ഷികളുടെയും ആവാസ കേന്ദ്രങ്ങളാണ്.  കയ്യില്‍ ഒരു ബൈനോക്കുലര്‍ കരുതിയിട്ടുണ്ടെങ്കില്‍ അവയെയും കാണാം. എരണ്ടകള്‍,  പലതരം കൊക്കുകള്‍,  തീക്കാക്കകള്‍,  കാട്ടു താറാവുകള്‍,  കുളക്കോഴികള്‍,   മറ്റനേകം ദേശാടനപക്ഷികള്‍ എന്നിങ്ങനെ അനേകം പക്ഷികള്‍. 

നവംബര്‍ മുതല്‍ ജൂണ്‍ വരെ ആണ് ഇവിടെ സീസണ്‍. 

നല്ല മഴക്കാലത്ത് കൃഷ്ണസാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം തുറന്നു വിടാറുണ്ട്. ആ സമയം ഇവിടെയും നന്നായി വെള്ളം കയറും. അപ്പോള്‍  ടൂറിസ്റ്റുുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ട്. അപ്പോള്‍, ബോട്ടിംഗ്  ഉണ്ടാകാറില്ല.  എങ്കിലും ഇവിടുത്തെ  ഗാര്‍ഡനില്‍ സമയം ചിലവഴിക്കാം. നന്നായി പരിപാലിക്കപ്പെടുന്ന പാര്‍ക്ക് ആണ് ഇവിടെ.  ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍ കാണാനായി അങ്ങിങ്ങായി ഇരുമ്പു കൂടാരങ്ങള്‍ ഉയരത്തില്‍ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്.  മുകളില്‍ കയറിയുള്ള  ജലാശയത്തിന്റെ  കാഴ്ച അതിമനോഹരമാണ്.  മരങ്ങളില്‍ വെള്ള കൊക്കുകള്‍ അങ്ങിങ്ങായി ഇരിക്കുന്നത് കണ്ടാല്‍, മരങ്ങളെ മഞ്ഞു കണങ്ങള്‍  മൂടിയിരിക്കുകയാണോ എന്ന് തോന്നി പോകും. 

രവിലെയും വൈകിട്ടുമാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. പ്രദേശത്തിന്റെ സൗന്ദര്യം മുഴുവനായും അപ്പോള്‍  ആസ്വദിക്കാം. രാവിലെ 9 മുതല്‍  വൈകീട്ട് 6 വരെ ആണ് സന്ദര്‍ശനാനുമതി. ടിക്കറ്റ് നിരക്ക് 50രൂപ. പാര്‍ക്കിംഗ് സൗകര്യം ഉണ്ട്.  മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന കഫറ്റെരിയയും അകത്തുണ്ട്.  ദൂരെ നിന്നും വരുന്നവര്‍ക്ക്  താമസിക്കാന്‍ മൈസൂറിലോ ശ്രീരംഗപട്ടണത്തോ നല്ല ബജറ്റ് ഹോട്ടലുകളും ഉണ്ട്.  

തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന സ്ഥലം ആയതു കൊണ്ട് തന്നെ ശുദ്ധവായുവും ശ്വസിച്ച്, ചെറിയ കാറ്റും കൊണ്ട്  ശാന്തതയും,  പ്രകൃതിയുടെ സൗന്ദര്യവും അനുഭവിക്കാം. സീസണ്‍ അല്ലാത്ത മാസങ്ങളിലും വന്നാല്‍ നഷ്ടം ഒന്നും സംഭവിക്കില്ല.  സീസണ്‍ സമയത്തു  4000ത്തോളം പക്ഷികള്‍ കാണപ്പെടാറുണ്ട്. അതില്‍ ലാറ്റിന്‍ അമേരിക്ക  സൈബിരിയ, വടക്കേ ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ദേശാടനപക്ഷികളും ഉള്‍പ്പെടുന്നു. ജലാശയത്തിലും മരങ്ങളിലും പാറകളിലും ആയി  ഒട്ടു മിക്ക പക്ഷികളെയും നമുക്ക് ദൃശ്യമാകുകയും ചെയ്യും.

രാംഗനാ തിട്ടു ഫോട്ടോ ഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Follow Us:
Download App:
  • android
  • ios