Asianet News MalayalamAsianet News Malayalam

വിവാഹത്തില്‍ പ്രണയം മരിക്കുമോ?

  • ഡോ. ഹീര ഉണ്ണിത്താന്‍ എഴുതുന്നു
Dr Heera Unnithan on love after marriage
Author
First Published Jul 20, 2018, 7:39 PM IST

തമാശക്ക് ഞാനും പറയാറുണ്ട് പലരും പല വിധത്തില്‍ അത് തന്നെ പറയാറുണ്ട്.... 'മാര്യേജ് ഈസ് അതര്‍ വൈസ് കാള്‍ഡ് ലവ്'സ് സൂയിസൈഡ് ' -എന്ന് ... പക്ഷെ ഞാന്‍ പറയുന്ന എല്ലാ തമാശകളും ഞാന്‍ അത്ര സീരിയസ് ആയി എടുക്കാറില്ല. 

Dr Heera Unnithan on love after marriage

കവിത ഇങ്ങനിരിക്കണോ അങ്ങനിരിക്കണോ? 

ആ മഴയോ ഈ മഴയോ? 

അവിടത്തേതോ ഇവിടത്തേതോ? 

പ്രണയത്തിനെ ചട്ടക്കൂട്ടിലിട്ടുള്ള വിലയിരുത്തല്‍ കാണുമ്പോള്‍ ആനയുടെ കഥ തന്നെയാണ് ഓര്‍മ്മ വരുക. 

തീര്‍ച്ചയായും ആന ഒരു സംഭവം തന്നെ. സുന്ദരമായ സൃഷ്ടി. വലിപ്പമുള്ള-പലര്‍ക്കും പല വശത്തു നിന്നും പലതായവന്‍- (അല്ലേല്‍ അവള്‍. )

അങ്ങനത്തെ പ്രണയത്തെ ചട്ടക്കൂട്ടിലിട്ടു നൈമിഷികം എന്നോ പ്രാന്ത് എന്നൊക്കെ പറയാമോ. പല മനുഷ്യര്‍ക്ക് പ്രാന്തായോണ്ട് മനുഷ്യസൃഷ്ടിി ഒട്ടാകെ പ്രാന്തന്‍ സൃഷ്ടിയാകുമോ? 

അപ്പൊ മനുഷ്യനെ പോലെ എപ്പോള്‍ വേണേലും പ്രാന്ത് പിടിക്കാവുന്ന പ്രണയവും ഉണ്ട്, അത്ര അല്ലേ ഉള്ളു. മനുഷ്യനെ പോലെ ജലദോഷവും ഹൃദ്രോഗവും ക്യാന്‌സറും വരാവുന്ന പാവം പ്രണയം. 

സമ്മതിച്ചു, അത് ഭൂമികുലുക്കവും അഗ്‌നിപര്‍വ്വതവും പോലെയൊക്കെ ആവുമെന്ന്. അപ്പോള്‍ ഭൂമിയെ പോലെ പ്രണയം. പച്ചപ്പും വെള്ളവും പൊള്ളലും പൊട്ടലും ഒക്കെയുള്ള ഒരു ഗ്രഹം. അതിനെ അതിലെ ഒരു മലയായി മാത്രം, മദംപൊട്ടലായി മാത്രം, എങ്ങനെ കാണാനാകും? 

പ്രണയം ചിലപ്പോള്‍ മരമാണ്. കാറ്റാണ്. എത്രയോ വാകമര വീഥികളില്‍ ഗുല്‍മോഹര്‍ പോലെ പൂത്തിരിയ്ക്കുന്ന പ്രണയം. 

പ്രണയം അപ്പോള്‍ മരമല്ലേ? . അതൊരു വിത്തായി പിറന്നു പിഞ്ചിലകള്‍ തലപൊക്കി വരുന്ന അത്ഭുതമാണ്. മണ്ണ് കുടഞ്ഞെണീറ്റു ജീവിക്കുന്ന പ്രണയവും മണ്ണിനു മുകളില്‍ തെളിയാത്ത എത്രയോ പ്രണയവും. 

പിന്നീട് വെയിലില്‍ ഉണങ്ങി പോയിരിക്കാം . മഴയില്‍ വേരിളകിയും ഒടിഞ്ഞും പോയിരിക്കാം . പല മരം പോലെ പല പോലെ പ്രണയം ആയിപോയിരിക്കാം .

ചിലതു ശീമക്കൊന്ന പോലെ ചിലതു കണിക്കൊന്ന പോലെ ചിലതു മാവ് പോലെ ചിലതു പ്ലാവ് പോലെ . ചിലതു തെങ്ങു പോലെ ചിലതു തേക്കു പോലെ . പല മരമായി കാറ്റിലാടുന്ന പ്രണയമില്ലേ . അപ്പോള്‍ പ്രേമം ഒരു മരം പോലെതന്നെയല്ലേ . 

പ്രണയം അപ്പോള്‍ മരമല്ലേ? .

കാറ്റില്‍ പിന്നെയും പൂ പറത്തുന്ന മണം പരത്തുന്ന പ്രണയം. 

ഒരു നോക്കില്‍ മാത്രം ഒതുങ്ങി കണ്ടിട്ടുണ്ട് . ഒരു നോക്കില്‍ മാത്രം തുടങ്ങി കണ്ടിട്ടുണ്ട്. പിന്നീടോര്‍മ്മയുടെ വിശകലനത്തില്‍ ഒരു കുഞ്ഞോര്‍മ്മയായി ജനിക്കുന്നത് കണ്ടിട്ടുണ്ട്. നോക്കില്‍ തുടങ്ങി വാക്കിലവസാനിക്കുന്നതും കണ്ടിട്ടുണ്ട് . കണ്ണും വാക്കും കൊടുക്കാതെ നെഞ്ചില്‍ ആജന്മം അടഞ്ഞിരുന്നതും കണ്ടിട്ടുണ്ട്. 

പ്രണയ ദൈവങ്ങള്‍ വിവാഹ മോചനം തേടിയെന്ന് കേട്ട് എന്റെ ഉള്ളിലെ ഭൂമി രണ്ടായി പിളര്‍ന്നിട്ടുണ്ട് . 

നോക്കില്‍ തുടങ്ങി വാക്കിലൊഴുകിയും കൈ പിടിച്ചറ്റത്തെത്തിയ പ്രണയവും കണ്ടിട്ടുണ്ട് . 

വിവാഹം കഴിഞ്ഞു ഇരുപതു വര്‍ഷം കഴിഞ്ഞ എന്റെ കൂട്ടുകാരിയുടെ കണ്ണില്‍ കുടത്തില്‍ പിടിക്കാന്‍ പാകത്തില്‍ പ്രണയം തുളുമ്പുന്നതു കണ്ടിട്ടുണ്ട് . അവന്റെയും. 

വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം ജനിക്കുന്ന പ്രണയത്തെ കണ്ടിട്ടില്ലേ? !

അങ്ങനെ പല മൂപ്പില്‍ രുചിയും മണവുമുള്ള പ്രണയം.

ചുമ്മാ ഒരുമിച്ചു ടി വി കാണുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ചിലപ്പോള്‍ തന്നെയിരുന്നു പങ്കാളിയെ കുറിച്ച് വെറുതെ ഓര്‍ക്കുമ്പോഴും പ്രണയം തോന്നിയിട്ടില്ലേ? 

ചുമ്മാ ഇരിക്കുമ്പോള്‍ വലിച്ചു പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നിയിട്ടില്ലേ? 

എങ്ങനെ പൊട്ടി മുളച്ചു എന്ന് പോലുമറിയാത്ത ഒരു സുന്ദരിക്കാടായി എന്റെയുള്ളില്‍ പ്രണയം. എവിടെനിന്നോ ഒഴുകിവന്ന പുഴയെ കടലാക്കിയ എന്റെ പ്രണയം. 

ജീവിക്കാന്‍ പ്രണയം ആവശ്യകതയല്ലെന്ന അറിവില്‍, പണവും വീടും ഭക്ഷണവും വിദ്യാഭാസവും ജോലിയുമൊക്കെയും മതിയെന്ന് നില്‍ക്കുന്നിടത്ത്, പ്രണയമില്ലെങ്കില്‍ ജീവിതം ഈ കാടും കടലും വിട്ടകലും എന്ന് ഞാന്‍ തിരിച്ചറിയുന്ന എന്റെ പ്രണയം. 

പാട്ടുകളിലും കവിതകളിലും വലിഞ്ഞു മുറുകിയ ഹൃദയത്തിന്റെ താക്കോല്‍ കൂട്ടം തന്നെയാണ് എന്റെ താലികെട്ടില്‍ ഞാന്‍ അടിയറവു നല്‍കിയത്. 

രംഗത്തവതരിപ്പിക്കാന്‍ സീന്‍ വണ്‍ സീന്‍ ടു ഒന്നും വേണ്ട എന്റെ പ്രണയത്തിന് . 

ചുണ്ടിന്റെ അറ്റത്തും, കണ്ണിന്റെ കോണിലും, ക്ഷീണിച്ച ഒരു വൈകുന്നേരത്തെ കൈയ്യുടെ മേല്‍ പതിയുന്ന കൈയും, യാത്രക്ക് പോയി വരുമ്പോള്‍ കൊണ്ട് വന്ന സാരിയും, അതിപ്പോള്‍ തന്നെ ഉടുത്തു കാണിക്കണം എന്ന് പറയുന്ന വാശിയിലും എന്റെ പ്രേമം പതഞ്ഞു പൊങ്ങും. അടിവരകളും കുത്തും കോമ്മയും ഇട്ടു വെക്കണം എന്നേ ഒള്ളു,വിവാഹത്തിലും ഇരച്ചിറങ്ങുന്ന പ്രണയമഴയുണ്ട്. 

അല്ലേല്‍ രണ്ടു ദിവസം മിണ്ടാതായാല്‍ എന്റെ മനസ്സ് അന്ധകാരക്കൂടാവില്ലായിരുന്നല്ലോ. 

അപ്പൊ വിവാഹത്തില്‍ പ്രണയം മരിക്കുന്നില്ല 

പിന്നെ ഹൃദയത്തില്‍ കൊള്ളാവുന്ന രക്തത്തിളപ്പും ശ്വാസം കോശത്തിനു കൈകാര്യം ചെയ്യാവുന്ന കാറ്റും പോരെ നമുക്ക്. മനസ്സില്‍ പ്രണയം എന്ത് തന്നെയായാലും കൊറച്ചു കണ്ണും കാതും മൂക്കുമുള്ള പ്രണയമാണ് ജീവിതവഴിയില്‍ അഭികാമ്യം എന്നേയൊള്ളൂ.

അങ്ങനെ പറയുമ്പോഴും ഭൂമിയുടെ മേല്‍ എന്ന പോല്‍ മനസ്സിന്റെ പ്രണയത്തിനു മേല്‍ പന്തയം വയ്ക്കാനാളല്ല.ചിലപ്പോള്‍ ചെറുകാറ്റു പോലെ, ചാറ്റല്‍ മഴയുടെ തണുത്ത തുള്ളി പോലെ, ആറ്റിലെ മീന്‍ പോലെ, ചെറുങ്ങനെ തൊടുന്ന പ്രണയം കുതിക്കുന്ന വെള്ളച്ചാട്ടവും കൊടുങ്കാറ്റും ആയി മാറുന്ന പ്രണയം .ചിലപ്പോള്‍ മേല്‍ പറഞ്ഞ ഭൂമികുലുക്കവും അഗ്‌നിപര്‍വ്വതവും.പര്‍വ്വതം പുഴയായി കടലിലിറങ്ങുന്ന പ്രണയം. 

പ്രണയം ഇനിയും മുളക്കും, ജീവിതകാറ്റില്‍ തലയാട്ടും.

വാക്കിലും നോക്കിലും കവിതയിലും കഥയിലും ബുക്കിലും സിനിമയിലും പാട്ടിലും എല്ലാം ചുമ്മാതെയല്ല പ്രണയപ്പൂശ് . അതൊരു പൂശ് മാത്രമല്ല താനും . സൃഷ്ടികളുടെ സങ്കല്‍പം എത്രത്തോളം വിവിധം ആണോ അത്ര തന്നെ പ്രണയവും . 

പ്രണയം ഇനിയും മുളക്കും, ജീവിതകാറ്റില്‍ തലയാട്ടും. ആകാശം നോക്കി വളരും. ഒന്നണഞ്ഞാല്‍ നൂറു തിളങ്ങുന്ന വിത്തുകള്‍ വിതറും . 

പ്രണയം നിങ്ങളുടെ മനസ്സില്‍ നിറവും നിറമില്ലായ്മയുടെയും സങ്കീര്‍ണ്ണതയായി ചിന്തകള്‍ക്ക് കൂട്ടിരിക്കും. മനസിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കും. ചിലപ്പോള്‍ നിങ്ങളുടെ ചില്ലു കൊട്ടാരം ഭ്രാന്തിയെ പോലെ വലിച്ചെറിയും. 

കയ്യില്‍ പിടിച്ചാല്‍ കാറ്റു പോലെയും ഉള്ളുതുറന്ന് വെച്ചാല്‍ മാമരം പോലെയും വര്‍ത്തിക്കും. 

തമാശക്ക് ഞാനും പറയാറുണ്ട് പലരും പല വിധത്തില്‍ അത് തന്നെ പറയാറുണ്ട്.... 'മാര്യേജ് ഈസ് അതര്‍ വൈസ് കാള്‍ഡ് ലവ്'സ് സൂയിസൈഡ് ' -എന്ന് ... 

പക്ഷെ ഞാന്‍ പറയുന്ന എല്ലാ തമാശകളും ഞാന്‍ അത്ര സീരിയസ് ആയി എടുക്കാറില്ല. 

എന്റെ ഹൃദയത്തിന്റെ മനസിന്റെ ആത്മാവുതന്നെയാണ് പ്രണയം. ആത്മാവിനെ പോലെ തന്നെ തൊട്ടു കാണിക്കാന്‍ കഴിയാത്തത് .എന്റെ ജീവന്റെ കാമ്പ്. 

Follow Us:
Download App:
  • android
  • ios