Asianet News MalayalamAsianet News Malayalam

പാക്കിസ്താനില്‍ നടക്കുന്നതെന്ത്?

Dr KM Seethi on Pakistan politics
Author
Thiruvananthapuram, First Published Jul 29, 2017, 8:35 PM IST

Dr KM Seethi on Pakistan politics

പാക്കിസ്ഥാന്‍ രാഷ്ട്രീയം വീണ്ടുമൊരു വഴിത്തിരിവിലേക്ക്, പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് മറ്റൊരു 'കറുത്ത വെള്ളിയാഴ്ച' സമ്മാനിച്ചുകൊണ്ട്. 

'പാനമ രേഖകള്‍' ഒരു കരിനിഴല്‍ പോലെ നവാസിനെ പിന്തുടരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. അഴിമതി ഒരു പഴങ്കഥയായ പാകിസ്ഥാനില്‍ ഉന്നത നീതിപീഠം ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുമെന്നു പലരും കരുതിക്കാണില്ല (ഭരണകക്ഷിയായ മുസ്ലിം ലീഗ് ചില മുന്നൊരുക്കങ്ങള്‍ നടത്തിയത് മറിച്ചു ചിന്തിക്കാന്‍ ഇടനല്‍കിയിട്ടുണ്ടെങ്കിലും).

ഭരണപക്ഷത്തും പ്രതിപക്ഷത്തും അര്‍ബുദം പോലെ പടര്‍ന്നുപിടിച്ച അഴിമതിക്കഥകള്‍ക്ക് പാകിസ്ഥാന്റെ ചരിത്രത്തോളം പഴക്കമുണ്ട്. അതുകൊണ്ടുതന്നെ പാനമ രേഖകളും മറ്റൊരു വ്യാജരേഖാ വിവാദമാക്കാന്‍ നവാസ് ഷെരീഫും കൂട്ടരും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ നാല് ലോകകപ്പില്‍ ഒന്നാന്തരം ഫാസ്റ്റ് ബൗളറായി ശോഭിച്ച ഇമ്രാന്‍ ഖാന്‍ എടുത്ത രാഷ്ട്രീയ വിക്കറ്റ് പ്രതിയോഗിയുടെ തുടര്‍ക്കളികളെ തല്‍ക്കാലത്തേക്കെങ്കിലും വിലക്കിയിട്ടുണ്ട്.

ഇത് എത്രത്തോളം അര്‍ത്ഥവത്തായ, സ്ഥായിയായ മാറ്റത്തിന്റെ ശബ്ദമാണ്?

'പുതിയ രാഷ്ട്രീയ'ത്തിന്റെ ശബ്ദമോ?
പാക്കിസ്ഥാനില്‍ നിന്നും ഇപ്പോള്‍  ഉയര്‍ന്നുവരുന്നത് ഒരു 'പുതിയ രാഷ്ട്രീയ'ത്തിന്റെ ശബ്ദമാണ് എന്ന് ചിലര്‍ പറയുന്നു. 'പുതിയ പാക്കിസ്ഥാന്‍' എന്ന മുദ്രാവാക്യവും ഇതോടൊപ്പം ചിലര്‍ ചേര്‍ത്തുപിടിക്കുന്നു. ഇത് എത്രത്തോളം അര്‍ത്ഥവത്തായ, സ്ഥായിയായ മാറ്റത്തിന്റെ ശബ്ദമാണ്?

ഒരു സുപ്രീംകോടതി വിധിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് മാത്രം 'മാറ്റ'ത്തിന്റെ ഈ 'കാറ്റി'നെ വിലയിരുത്താന്‍ കഴിയുമോ? പാകിസ്ഥാന്റെ ചരിത്രപരമായ അധികാരബന്ധങ്ങളും അതിനെ നിലനിര്‍ത്തിവന്ന രാഷ്ട്രീയ സാമ്പത്തിക ഘടനാസ്വഭാവവും കണക്കിലെടുത്താല്‍ ഈ 'മാറ്റം'  മറ്റൊരു രാഷ്ട്രീ യപ്രതിസന്ധിയുടെ മറ്റൊരു ഘട്ടമായി  മാത്രമേ  കാണാന്‍ കഴിയു. മുമ്പും പുറത്താക്കലുകളും തിരിച്ചുവരവും നടന്നിട്ടുണ്ട്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലും മുസ്ലിം ലീഗിലും ഇമ്രാന്റെ തെഹ്‌രിക് ഇ ഇന്‍സാഫിലും ഇത്തരം അഴിമതിവിവാദങ്ങള്‍ കാലാകാലങ്ങളില്‍ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

പാക്കിസ്ഥാന്റെ ചരിത്രം തന്നെ ശുഷ്‌കമായ ജനാധിപത്യ സംവിധാനങ്ങളുടെ ചെറിയ ഇടവേളകളിലെ പെരുപ്പിക്കലാണ്.

പടിയിറക്കങ്ങളുടെ തുടര്‍ക്കഥ
പാക്കിസ്താന്റെ ചരിത്രത്തിലെ 18 പ്രധാനമന്ത്രിമാരും അവരുടെ കാലാവധി തീരുന്നതിനു മുമ്പ് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. 1947-1958 കാലഘട്ടത്തില്‍ മാത്രം ഏഴ് പ്രധാനമന്ത്രിമാര്‍ വന്നുപോയി. മൂന്നു തവണ ഭരണ തലപ്പത്തു എത്തിയ നവാസ് ഷെരീഫും കാലാവധി പൂര്‍ത്തിയാക്കാതെയാണ് പടിയിറങ്ങേണ്ടി വന്നത്.
 
70 വര്‍ഷത്തെ പാക്കിസ്ഥാന്റെ ചരിത്രം തന്നെ ശുഷ്‌കമായ ജനാധിപത്യ സംവിധാനങ്ങളുടെ ചെറിയ ഇടവേളകളിലെ പെരുപ്പിക്കലാണ്. 1947 മുതല്‍ 1958 വരെ അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും കാലം. 1958 മുതല്‍ 1971 ഡിസംബര്‍ വരെ മാറിവന്ന രണ്ടു പട്ടാള ഭരണകൂടങ്ങളുടെ ദീര്‍ഘകാലചരിത്രം. ജനറല്‍ അയൂബ് ഖാനും ജനറല്‍ യഹ്യാഖാനും പരീക്ഷണങ്ങള്‍ പലതും നടത്തിയ ഘട്ടം. സൈന്യത്തിനു സാമൂഹിക വേരുകള്‍ ഉണ്ടാക്കികൊടുത്ത പട്ടാളഭരണകൂട മേധാവികളായിരുന്നു  ഇരുവരും. 

1972 മുതല്‍ 1977 വരെയുള്ള ഭൂട്ടോ കാലഘട്ടം ജനാധിപത്യത്തിന്റെ ഒരു ചെറിയ ഇടവേള. വീണ്ടും പട്ടാള ഭരണത്തില്‍ ആയ പാക്കിസ്ഥാന്‍ 11 വര്‍ഷത്തിന് ശേഷമാണ് പിന്നെയും ഒന്ന് ഉണരുന്നത്. പക്ഷെ അസ്ഥിരതയും അനിശ്ചിതത്വവും വിഴുങ്ങിയ രാജ്യത്തു പട്ടാളത്തിന് വീണ്ടും രംഗപ്രവേശം ചെയ്യാന്‍ വളരെ ആയാസപെടേണ്ടിവന്നില്ല. കാര്‍ഗില്‍ യുദ്ധാനന്തരം 1999 മുതല്‍ ഏതാണ്ട് ഒരു ദശകത്തോളം ജനാധിപത്യത്തെ ജനറല്‍ മുഷറഫ്  ചവിട്ടിമെതിച്ചു. ഇക്കാലയളവില്‍ അഴിമതിയുടെ പേരില്‍ (സൗദിയില്‍) വനവാസത്തില്‍ കഴിഞ്ഞ നവാസ് ഷെരിഫ് വീണ്ടും പാക് രാഷ്ട്രീയത്തിലേക്ക്. തന്റെ കൂടി എതിരാളിയായ ബേനസീര്‍ ഭൂട്ടോ പാകിസ്ഥാനില്‍ വധിക്കപ്പെട്ടത് മറ്റൊരു വഴിത്തിരിവായി. കൊലപാതകങ്ങളും അട്ടിമറികളും വധശിക്ഷയും സംശയാസ്പദമായ അപകടങ്ങളും ഭീകരാക്രമണങ്ങളും പല മുന്‍നിര നേതാക്കളുടെയും തിരോധാനത്തിന് വഴിയൊരുക്കിയപ്പോള്‍ നവാസ് ഷെരീഫ് ഒരു ഫീനിക്‌സ് പക്ഷിയെപോലെ ഉയര്‍ന്നുവന്നു. അതാണ് ഇപ്പോള്‍ സുപ്രീംകോടതി ഇല്ലാതാക്കിക്കളഞ്ഞത്.

പുറത്താക്കലുകളും  കേസുകളും പിന്നെ ഷെരീഫിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 

അഴിമതിയുടെ സ്വകാര്യസ്വര്‍ഗ്ഗങ്ങള്‍
ഷെരീഫിന്റെ മകളും സഹോദരരും മറ്റു കുടുംബാംഗങ്ങളും കൂടി വാരിക്കൂട്ടിയ സ്വത്തുക്കള്‍ ആഗോളാടിസ്ഥാനത്തിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം രാജ്യത്തു ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത ലക്ഷങ്ങള്‍ അതിജീവനത്തിനു പാടുപെടുമ്പോള്‍ ഭരണകൂട കുടുംബ വൃത്തങ്ങള്‍ സ്വകാര്യസ്വര്‍ഗ്ഗലോകങ്ങള്‍ കെട്ടിപ്പടുക്കുകയായിരുന്നു.
 
കുടുംബസ്വത്ത് എന്ന് വിശേഷിപ്പിച്ചിരുന്ന ഉരുക്കു വ്യവസായം രാജ്യത്തിനകത്തും പുറത്തും കെട്ടിപ്പടുത്ത ഷെരിഫ് ഒന്ന് ഞെട്ടിയത് ഭൂട്ടോ ഈ മേഖലയില്‍ നടത്തിയ ദേശസാല്‍ക്കരണമായിരുന്നു. പക്ഷെ ഇതിനെ മറികടക്കാന്‍ ഷെരീഫിന് അധികകാലം വേണ്ടി വന്നില്ല. ഭൂട്ടോയുടെ തന്നെ എതിരാളിയായ ജനറല്‍ സിയാവുള്‍ ഹഖുമായി സന്ധിചെയ്തു തന്റെ സാമ്രാജ്യം തിരിച്ചുപിടിക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിയോഗിയായ ഭുട്ടോയെ തെരഞ്ഞെടുപ്പുകേസില്‍ കുടുക്കി സുപ്രീംകോടതിയെ കൊണ്ടുതന്നെ വധശിക്ഷക്ക് വിധേയമാക്കിയപ്പോള്‍ സിയായും ഷെരീഫും തങ്ങളുടെ ഐക്യവും സഹകരണവും ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു.
  
ധനകാര്യമന്ത്രിപദത്തില്‍നിന്നും പഞ്ചാബ് മുഖ്യമന്ത്രിയായി മാറിയ ഷെരിഫ് പിന്നീട് തന്റെ സാമ്രാജ്യം വിപുലീകരിക്കാന്‍ ആണ് ശ്രമിച്ചത്. സൈന്യവുമായി പരസ്യമായും രഹസ്യമായും ഇടപാടുകള്‍ ഉണ്ടാക്കിയ ഷെരിഫ് ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ ഒരു വലിയ വ്യാപാരശൃംഖലയുടെ ദല്ലാളുകാരനായിട്ടു കൂടിയാണ് അവതരിക്കുന്നത്. സിയായുടെ മരണശേഷം പാകിസ്ഥാന്‍ രാഷ്ട്രീയം ജനാധിപത്യത്തിലേക്കു പതുക്കെ നടന്നടുക്കാന്‍ തുടങ്ങുമ്പോള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നത് പിപിപി യുടെ ബേനസീര്‍ ഭൂട്ടോ ആയിരുന്നു. പക്ഷെ അവരെ പിന്തുടര്‍ന്ന രാഷ്ട്രീയഅഴിമതി വിവാദങ്ങള്‍ ഷെരീഫിന്റെ രാഷ്ട്രീയഭാവി ശോഭനമാക്കി.

1990 മുതല്‍ 1993 വരെയും വീണ്ടും 1997 മുതല്‍ 1999 വരേയും നവാസ് ഷെരിഫ് പ്രധാനമന്ത്രിയായി. വാസ്തവത്തില്‍ ഈ കാലഘട്ടത്തില്‍ നടന്ന അഴിമതിയാണ് ആദ്യം പാനമരേഖകള്‍ പുറത്തുവിട്ടത്. തൊണ്ണൂറുകളില്‍ നടത്തിയ അഴിമതികളും പാക്കിസ്ഥാനിലെ ഐഎസ്‌ഐയുമായി ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമങ്ങളും നവാസ് ഷെരീഫിനെ അന്നുതന്നെ അനഭിമതനാക്കിയിരുന്നു.  പുറത്താക്കലുകളും  കേസുകളും പിന്നെ ഷെരീഫിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 

നവാസ് ഷെരിഫ് കൂസലില്ലാതെ മുന്നോട്ടു പോകുകയായിരുന്നു.

നവാസ് ഷെരിഫിന്റെ രാഷ്ട്രീയ ജീവിതം
കാര്‍ഗില്‍യുദ്ധത്തെ തുടര്‍ന്ന് സൈന്യവുമായി ഉണ്ടായ അസ്വാരസ്യങ്ങള്‍ ജനറല്‍ മുഷറഫിന്റെ നേതൃത്വത്തില്‍ ഉള്ള പട്ടാള അട്ടിമറിയിലാണ് അവസാനിച്ചത്. പക്ഷെ അത് നവാസ് ഷെരീഫിന്റെ രാഷ്ട്രീയ ജീവിതത്തിലെ  കറുത്ത അദ്ധ്യായം കൂടിയായിരുന്നു. മുഷറഫിന്റെ കടുത്ത നടപടികള്‍കൊണ്ട് സൗദി അറേബ്യയില്‍ അഭയം തേടിയ ഷെരിഫ് പിന്നെ തിരിച്ചു വരുന്നത് പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ പട്ടാള ഭരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ്. ഈ പ്രക്ഷോഭത്തില്‍ പിപിപി യുമായി ആദ്യം സഹകരിച്ചെങ്കിലും നവാസ് ഷെരിഫ് പിന്നീടു തന്റെ വഴികള്‍ തേടുകയായിരുന്നു. ഈ ഘട്ടത്തിലാണ് സര്‍ദാരിയുമായി ചേര്‍ന്ന് ഉണ്ടാക്കിയ ഐക്യമുന്നണി സര്‍ക്കാര്‍ മുഷറഫിനെ പുറത്താക്കുന്നത്. നേരത്തെ മുഷറഫ് പുറത്താക്കിയ ജഡ്ജിമാരെ പുനര്‍നിയമിക്കാന്‍ ഷെരിഫ് സര്‍ദാരിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും, ഇത് ആത്യന്തികമായി ഷെരീഫിന്റെ രാഷ്ട്രീയ പുനര്‍പ്രവേശത്തിന് കളമൊരുക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ 'യോഗ്യത'യെ സുപ്രീംകോടതി തന്നെ അന്ന് പുനഃസ്ഥാപിച്ചുകൊടുത്തതു വലിയൊരു വഴിത്തിരിവാകുകയായിരുന്നു.

എന്നാല്‍ 2009ല്‍ സുപ്രീംകോടതി തന്നെ വീണ്ടും ഷെരീഫിന് അയോഗ്യത പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു കാരണമായി. അഭിഭാഷക പ്രക്ഷോഭങ്ങളും ഷെരീഫിനെ വീട്ടുതടങ്കലില്‍ ആക്കിയതും പിന്നീട് 2010 ല്‍ പാര്‍ലമെന്റ് തന്നെ പതിനെട്ടാം ഭരണഘടനാഭേദഗതിയിലൂടെ പ്രധാനമന്ത്രിമാര്‍ക്കു സംരക്ഷണം ഉറപ്പാക്കിയതും പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്കു കളമൊരുക്കി. ഈ ഘട്ടത്തിലാണ് ഇമ്രാന്‍ ഖാനുമായി ഷെരിഫ് കടുത്തപോരിന് മുന്നിട്ടിറങ്ങുന്നത്. ഖാന്‍ ഷെരീഫിന്റെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷെ ഇമ്രാന്റെ രാഷ്ട്രീയശക്തി 2013  ലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു കണ്ടില്ല. നവാസ് ഷെരിഫ് അങ്ങനെ മൂന്നാമതും പ്രധാനമന്ത്രിയായി.

അഴിമതിക്കഥകള്‍ അങ്ങനെ ഒന്നൊന്നായി പുറത്തുവരുമ്പോഴും നവാസ് ഷെരിഫ് കൂസലില്ലാതെ മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍ പാനമ രേഖകള്‍ ഷെരീഫിനെ ഒരു ദുര്‍ഭൂതം പോലെ പിന്നാലെ കൂടി. സുപ്രീംകോടതി തങ്ങളുടെ എല്ലാ അധികാരവും ഉപയോഗിച്ചാണ് നവാസ്  ഷെരീഫിനെ കുടുക്കിയത്. സുപീകോടതി നിയമിച്ച അന്വേഷണസമിതിയില്‍ സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയത് വിചിത്രമായ ഒരു സംഭവമായിരുന്നു. ഒരു പക്ഷെ അവരെ വിശ്വാസത്തില്‍ എടുക്കാതെ മുന്നോട്ടുപോകാന്‍ സുപ്രീംകോടതിക്ക് തന്നെ കഴിയുമായിരുന്നില്ല. എന്തായാലും ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയില്‍ നടന്ന വ്യവഹാരം പല അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഇമ്രാന്‍ തന്നെ സൈന്യവുമായി എന്തെങ്കിലും ധാരണ ഉണ്ടാക്കിയിട്ടുണ്ടോ എന്ന സംശയം നേരത്തെ തന്നെ പലരും പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ സൈനിക മേധാവിയായ ഖമര്‍ ജാവേദ് ബജ്‌വായെ ഇമ്രാന്‍ കണ്ടത് ഇത്തരം അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

'അയോഗ്യത' താല്‍ക്കാലികമാണോ സ്ഥിരമായുള്ള ഒന്നാണോ എന്നുള്ളത് നിയമ തര്‍ക്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്

നിയമ പ്രശ്‌നങ്ങള്‍
2018 ല്‍ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പുവരെ ഒരു താല്‍ക്കാലിക ക്രമീകരണം ഉണ്ടാക്കാന്‍ മുസ്ലിംലീഗ് ശ്രമിക്കുന്നുണ്ട്.  ഷെരീഫിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷാബാസ് ഈ താത്കാലിക ചുമതല ഏറ്റെടുക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞു. വാസ്തവത്തില്‍ ഇദ്ദേഹവും അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് എന്നത് മറ്റൊരു കാര്യം. നവാസ് ഷെരീഫിന്റെ 'അയോഗ്യത' താല്‍ക്കാലികമാണോ സ്ഥിരമായുള്ള ഒന്നാണോ എന്നുള്ളത് നിയമജ്ഞന്‍മാര്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭരണഘടനായുടെ 62(1) അനുച്ഛേദം അനുസരിച്ചാണ് സുപ്രീംകോടതി വിധി വന്നിട്ടുള്ളതു. എന്നാല്‍ ഇത് പിന്നീട് വിശദമായി പരിശോധിക്കേണ്ട ഒന്നാണെന്ന് പല നിയമവൃത്തങ്ങളും ചൂണ്ടികാണിക്കുന്നു.

എന്തായാലും പാക്കിസ്ഥാന്‍ രാഷ്ട്രീയം വീണ്ടും അധികാരസമവാക്യങ്ങള്‍ തേടുന്ന ഒരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സൈന്യവും സാമ്പത്തികശക്തികളും കൈകോര്‍ക്കുന്ന ഒരു അധികാരവൃന്ദത്തിനു മാത്രമേ ഇതിനെ ഫലപ്രദമായി നേരിടാന്‍ കഴിയൂ. ഇമ്രാന്‍ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫിനു ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകമാകാന്‍ അത്ര എളുപ്പമൊന്നുമല്ല.

ഏറ്റവും വലിയ അഴിമതി നടക്കുന്നത് പോലീസിലും നീതിന്യായ വ്യവസ്ഥയിലുമാണെന്നാണ്.

പട്ടിണിയും അഴിമതിയും മുഖാമുഖം
1968-70 കാലഘട്ടങ്ങളില്‍ 22 കുടുംബങ്ങളാണ് പാക്കിസ്ഥാന്‍ സമ്പത് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നതെന്ന് ഡോ. മഹബൂബുള്‍ ഹഖ് കണ്ടെത്തിയിരുന്നത് ഇപ്പോള്‍ പലരും ഓര്‍ക്കുന്നുണ്ടാവും. അന്ന് വ്യവസായമേഖലയുടെ 66 ശതമാനവും ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലയുടെ 87 ശതമാനവും ഈ 22 കുടുംബങ്ങളാണ് നിയന്ത്രിച്ചിരുന്നത്. ഇന്നത് 2200 കുടുംബങ്ങളെങ്കിലും ഉണ്ടാകുമെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു. സമ്പത്ത് ഇങ്ങനെ ഒരു ചെറു ന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ രാജ്യം വലിയ കടക്കെണിയിലാണ്. അഴിമതിയുടെ കാര്യത്തില്‍ 2016 ലെ ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ കണക്കുപ്രകാരം പാകിസ്ഥാന്റെ സ്ഥാനം 116 ആണ്. ഇവരുടെ തന്നെ കണ്ടെത്തല്‍ പ്രകാരം ഏറ്റവും വലിയ അഴിമതി നടക്കുന്നത് പോലീസിലും നീതിന്യായ വ്യവസ്ഥയിലുമാണെന്നാണ്.

2016 ലെ മറ്റൊരു കണക്കനുസരിച്ചു ലോകത്തിലെ പട്ടിണികിടക്കുന്ന ജനവിഭാഗങ്ങളില്‍ വലിയൊരു ശതമാനം പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്ന ത്. 118 വികസ്വര രാജ്യങ്ങളില്‍ നടത്തിയ പട്ടിണി സര്‍വേയില്‍ പാകിസ്താന്റെ സ്ഥാനം 107 ആണ്. തൊഴിലില്ലായ്മയും പട്ടിണിയും ഭീകരാക്രമണങ്ങളും എല്ലാം ഇന്ന് പാക്കിസ്ഥാന്റെ സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്‍ തന്റെ സ്വന്തം  പ്രസ്ഥാനത്തെ മറ്റൊരു വസന്തത്തിന്റെ ഇടിമുഴക്കമായി വിശേഷിപ്പിക്കുന്നത്.

എന്തായാലും ഇനി കുറച്ചുനാള്‍ അനിശ്ചിതത്വത്തിന്റെ കാലമായിരിക്കും.

അനിശ്ചിതത്വങ്ങളുടെ കാലം
എന്തായാലും ഇനി കുറച്ചുനാള്‍ അനിശ്ചിതത്വത്തിന്റെ കാലമായിരിക്കും. പാകിസ്ഥാനില്‍ സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാര്‍ ഉണ്ടാകുന്നത് അമേരിക്കക്കും തലവേദനയുണ്ടാക്കും. അഫ്ഘാനിസ്ഥാനിലും മധ്യേഷ്യയിലും ഉയര്‍ന്നുവരുന്ന തീവ്രവാദവും മറ്റു പ്രശ്‌നങ്ങളും എല്ലാം ചുറ്റിപറ്റി നില്‍ക്കുന്നത് പാകിസ്ഥാന്‍ രാഷ്ട്രീയവുമായി കൂടി ബന്ധപ്പെട്ടാണ്. 

സ്ഥിരതക്കായി എന്നും പാക്കിസ്ഥാനില്‍ അമേരിക്ക കണ്ടെത്തിയിരുന്നത് പട്ടാളത്തിന്റെ നേതൃത്വമാണ്. കോടിക്കണക്കിനു ഡോളറിന്റെ ആയുധ കച്ചവടവും സുഗമമാക്കുന്ന ഈ ഭരണകൂടബാന്ധവം അത്ര പെട്ടെന്നൊന്നും അമേരിക്ക ഉപേക്ഷിക്കില്ല. ട്രംപിന്റെ നയങ്ങള്‍ പ്രത്യക്ഷത്തില്‍ പാക്കിസ്ഥാനുള്ള താക്കീതാണെന്നു തോന്നാമെങ്കിലും പെന്റഗണും സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റും ഇപ്പോഴും പാകിസ്ഥാനെ പല കാര്യത്തിനും ആശ്രയിക്കുന്നത് നാം കാണുന്നു. ചുരുക്കത്തില്‍ പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം മാറിമറിയുന്നതില്‍ ഉത്ക്കണ്ഠാകുലരാണ് അമേരിക്കയും ചൈനയും ഇന്ത്യയും. ഈ മൂന്ന് രാജ്യങ്ങള്‍ക്കും ബാധകമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ പാകിസ്ഥാന്‍ ഭരണകൂടം എടുക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ അനുസരിച്ചാണ് നില്‍ക്കുന്നത്.

Follow Us:
Download App:
  • android
  • ios