Asianet News MalayalamAsianet News Malayalam

പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം

Dr Shimna Azeez column on birth
Author
Thiruvananthapuram, First Published Feb 7, 2017, 12:41 PM IST

Dr Shimna Azeez column on birth

'പ്രൈമി' എന്ന് കേട്ടിട്ടുണ്ടോ? എന്റെ മോളുടെ പേരല്ല. ആദ്യമായി ഗര്‍ഭിണിയാവുന്ന സ്ത്രീക്ക് ആധുനികവൈദ്യം കല്‍പ്പിച്ചു നല്‍കിയ പേരാണത്. പത്തു മാസങ്ങളും അതിനു ശേഷവും സംശയങ്ങളുടെയും ആശങ്കകളുടെയും ഘോഷയാത്ര ആയിരിക്കും. ഗര്‍ഭിണിയാകും വരെ ആകാനുള്ള തത്രപ്പാട്. ആയിക്കഴിഞ്ഞാല്‍ അതിന്റെ സംശയങ്ങള്‍. 

ഇടവേള വെച്ചുള്ള വേദനയുടെ വരവും പോക്കും കണ്ടപ്പോള്‍ ഉറപ്പിച്ചു, ഇത് അത് തന്നെ, പ്രസവവേദന!

ആ നവംബര്‍ പുലര്‍ച്ചെ!
വര്‍ഷങ്ങള്‍ക്കപ്പുറം ഒരു നവംബറില്‍ പുലര്‍ച്ചേ ഒന്നരക്ക് വയറിന്റെ ഇരുവശത്തും ഒരു കൊളുത്തിപ്പിടിത്തം. വയറിനകത്തുള്ള കുഞ്ഞുവാവയ്ക്ക് അന്നേക്കു പ്രായം മുപ്പത്തേഴു ആഴ്ചയും രണ്ടു ദിവസവും. ഏതാണ്ടൊക്കെയോ പുസ്തകം വായിച്ച അറിവ് വെച്ച്  പ്രസവ വേദന എന്ന് പറഞ്ഞാല്‍ വന്നു പോകുന്ന വേദനയാണ് , അത് അരക്കെട്ട് ഭാഗത്ത് അനുഭവപ്പെടും, പ്രസവം അടുക്കുംതോറും വേദനയുടെ തീവ്രത കൂടിക്കൂടി വരും, വേദന വന്നു പോകുന്ന ഇടവേളകളുടെ ദൈര്‍ഘ്യം കുറയും. ഇത്രയും അറിയാം. ബാക്കിയെല്ലാം ഭയം, ഭീതി, ഭീകരത... എടുത്തു പറയേണ്ട കാര്യം, അന്ന് ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. മെഡിക്കല്‍ വിവരമൊന്നും ഇല്ല.

രണ്ടു മണിക്കൂര്‍ കടിച്ചു പിടിച്ചു സഹിച്ചു, പിന്നെ ഈ ഇടവേള വെച്ചുള്ള വേദനയുടെ വരവും പോക്കും കണ്ടപ്പോള്‍ ഉറപ്പിച്ചു, ഇത് അത് തന്നെ, പ്രസവവേദന! അടുത്ത് കിടന്ന ഉമ്മയെ വിളിച്ചുണര്‍ത്തി. ഉമ്മ കുളിച്ച് വസ്ത്രം മാറാന്‍ നിര്‍ബന്ധിച്ചു.ശരീരം വൃത്തിയായി സൂക്ഷിക്കാതിരിക്കാന്‍, ഗര്‍ഭവും ക്ഷീണവും ഒരു ഒഴിവുകഴിവാക്കി കൊണ്ട് നടക്കുന്നവരെ, പില്‍ക്കാലത്ത് കാണുമ്പോഴെല്ലാം ഉമ്മച്ചിയുടെ പല നിര്‍ദേശങ്ങളും ഞാന്‍ ഓര്‍ത്തിട്ടുണ്ട്. ശേഷം ലേബര്‍ റൂമില്‍.പ തിനൊന്നു മണിക്കൂര്‍ വേദന സഹിച്ചിട്ടും പുരോഗതി ഇല്ലാതായപ്പോള്‍ സിസേറിയന്‍  ചെയ്യേണ്ടി വന്നതാണ് കഥയുടെ ക്ലൈമാക്‌സ്.

പ്രസവം കാണുമ്പോഴും പ്രസവം എടുക്കുമ്പോഴും സ്ത്രീയേക്കാള്‍ ദയയും സ്‌നേഹവുമെല്ലാം പുരുഷനിലാണ് കണ്ടിട്ടുള്ളത്.  

വെമ്പല്‍ പിടയുന്ന നോട്ടം
അപരിചിതരുടെ ഇടയില്‍ ദുസ്സഹമായ വേദനയുമായി മണിക്കൂറുകള്‍ മിണ്ടാനും കരയാനും വയ്യാതെ കിടന്നത് എത്ര വേദനയോടെ ആയിരുന്നെന്ന് ഇന്ന് ലേബര്‍ റൂമിലെ പാവം അമ്മമാരുടെ മുഖം കാണുമ്പോള്‍ മനസ്സിലാകുന്നുണ്ട് . സ്‌ത്രൈണതക്ക് പൂര്‍ണത വരുന്നത് അമ്മയാകുമ്പോള്‍ ആണെന്ന് പറയാറില്ലേ. അത് തെറ്റാണ്. ഓരോ സ്ത്രീയിലും ഒരു മാതൃഭാവം ഉണ്ട്. അല്ല, ഓരോ മനുഷ്യനിലും ഒരു മാതൃഭാവം ഉണ്ട്. പ്രസവം കാണുമ്പോഴും പ്രസവം എടുക്കുമ്പോഴും സ്ത്രീയേക്കാള്‍ ദയയും സ്‌നേഹവുമെല്ലാം പുരുഷനിലാണ് കണ്ടിട്ടുള്ളത്.  ജനനം പോലെ കൗതുകകരമായൊരു  കാഴ്ചയില്ല. എത്ര മനോഹരമായി പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന ഒന്നാണ് മനുഷ്യ ശരീരമെന്നത് പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തും. 

പ്രസവസമയത്ത് കുഞ്ഞിന്റെ തല കണ്ടു തുടങ്ങുമ്പോഴേ എല്ലാവരും നെടുവീര്‍പ്പയക്കും. അവസാനത്തെ തള്ളലില്‍ കുഞ്ഞു പുറത്തെത്തും വരെ അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ഡോക്ടറും ഹൃദയമിടിപ്പ് സ്വന്തം ചെവിയില്‍ കേള്‍ക്കുന്നുണ്ടാകും.അമ്മ പ്രാണന്‍ പിടയുന്ന വേദന സഹിക്കുകയായിരിക്കും. ഒടുക്കം വാവയെ പുറത്തെത്തിച്ചു കഴിഞ്ഞു മുഖത്തിറ്റ് വീണ കണ്ണീര്‍ വറ്റും മുന്നേ അവര്‍ കുഞ്ഞിനെ കാണാനുള്ള വെമ്പല്‍ പിടയുന്ന നോട്ടമയക്കും. കുഞ്ഞിനെ മുഖത്തോട് ചേര്‍ക്കുമ്പോള്‍ വെളിച്ചം വിതറുന്ന ഒരു അമ്മച്ചിരി പൊഴിയും. ചുറ്റുമുള്ളവരുടെ കണ്ണ് നിറയും. ചില കാഴ്ചകളുടെ നിറവ് വാക്കുകള്‍ക്കും അപ്പുറമാണ്.

ചിലരെങ്കിലും കരുതുന്ന പോലെ 'ചികിത്സ' എന്ന സംഗതിക്കല്ല പത്ത് മാസവും ആശുപത്രി കയറിയിറങ്ങുന്നത്.

അയണ്‍ ഗുളികയും കാത്സ്യം ഗുളികയും ഒന്നിച്ചു കഴിക്കുമ്പോള്‍
ഗര്‍ഭമോ പ്രസവമോ ഒരു അസുഖമല്ല. ചിലരെങ്കിലും കരുതുന്ന പോലെ 'ചികിത്സ' എന്ന സംഗതിക്കല്ല പത്ത് മാസവും ആശുപത്രി കയറിയിറങ്ങുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പു വരുത്താന്‍ വേണ്ടി മാത്രമാണ് പ്രസവപൂര്‍വ്വ ആശുപത്രി സന്ദര്‍ശനങ്ങള്‍. മിക്കവര്‍ക്കും ഗര്‍ഭകാല ഗുളികസേവ എന്ന ചിന്ത വരുത്തുന്നത് തന്നെ ഫോളിക് ആസിഡ് ഗുളികകകളാണ് . വൈറ്റമിന്‍ ഗുളികകള്‍ ആണിവ.കുഞ്ഞിന്റെ സുഷുമ്‌നാനാഡിയില്‍ ഉണ്ടാകാവുന്ന സാരമായ പ്രശ്‌നങ്ങള്‍ തടയാന്‍ വേണ്ടിയാണ് ഈ ഗുളികകള്‍. ഇവ കഴിച്ചു തുടങ്ങേണ്ടത് കഴിയുമെങ്കില്‍ ഗര്‍ഭിണി ആകുന്നതിനും മൂന്നു മാസങ്ങള്‍ക്ക് മുന്നേയാണ്. പ്രത്യേകിച്ചു മുന്‍പ്രസവങ്ങളില്‍ ഇത്തരം ബുദ്ധിമുട്ടുള്ള കുഞ്ഞുണ്ടായിട്ടുള്ള അമ്മമാര്‍. അല്ലാത്തവര്‍ ഗര്‍ഭിണിയെന്നറിഞ്ഞ ശേഷം മൂന്നു മാസമെങ്കിലും ഫോളിക് ആസിഡ് കഴിക്കണം. ശേഷമുള്ള മാസങ്ങളില്‍ ഇരുമ്പും കാത്സ്യവും കൂടി ഗുളികകള്‍ ആയി നല്‍കുന്നു.

അയണ്‍ നല്‍കപ്പെടുന്നത് അമ്മയുടെ ശരീരത്തില്‍ രക്തം വര്‍ദ്ധിക്കാനും അത് വഴി കുഞ്ഞിലേക്ക് ആവശ്യത്തിനു പോഷകങ്ങള്‍ എത്താനും കുഞ്ഞിന്റെ വളര്‍ച്ച ത്വരിതപ്പെടാനും കൂടിയാണ്. അയണ്‍ ഗുളികകള്‍ കൗമാര പ്രായം തൊട്ടു കഴിച്ചു തുടങ്ങേണ്ടതിന്റെ ആവശ്യകതയും ഇത് തന്നെയാണ്. കൗമാരം കടന്നു യൗവനം എത്തി ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോള്‍ ആവശ്യത്തിനു രക്തം ഇല്ലെങ്കില്‍ അവളുടെ അടുത്ത തലമുറയുടെ വളര്‍ച്ച പോലും ബാധിക്കപ്പെടുന്നു. വിളര്‍ച്ച വളരെ ഗൗരവത്തോടെ കാണേണ്ടുന്ന ഒന്ന് തന്നെയാണ് എന്നാണു ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. അതായത്്, പോഷകാംശം കുറഞ്ഞ ഭക്ഷണം കഴിക്കുകയും, രക്തക്കുറവ് പരിഹരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍, സ്വാഭാവികമായി തന്നെ അല്‍പ്പം വിളര്‍ച്ച സംഭവിക്കുന്ന ഗര്‍ഭിണിയുടെ ശരീരത്തിനകത്തു വളരുന്ന കുഞ്ഞിനു വളര്‍ച്ചക്കുറവ് ഉണ്ടാകുമെന്നതിനു യാതൊരു സംശയവും ഇല്ല.

മിക്കപ്പോഴും കാണുന്ന ഒരു തെറ്റാണ്  അയണ്‍ ഗുളികയും കാത്സ്യം ഗുളികയും ഒന്നിച്ചു കഴിക്കുന്നത്. കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ സാരമായി ബാധിക്കുന്ന ഒരു ലവണമാണ്. യാതൊരു കാരണവശാലും ഇവ രണ്ടും ഒരുമിച്ചു കഴിക്കാന്‍ പാടുള്ളതല്ല. പകരം, രണ്ടു നേരത്ത് കഴിക്കുന്നത് വഴി ഈ ഒരു പ്രശ്‌നം പരിഹരിക്കാം. 

മിക്കപ്പോഴും കാണുന്ന ഒരു തെറ്റാണ്  അയണ്‍ ഗുളികയും കാത്സ്യം ഗുളികയും ഒന്നിച്ചു കഴിക്കുന്നത്.

റൂബല്ലാ വാക്‌സിനും വിഡ്ഢിത്തവും

കൂടാതെ, ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ശരീരത്തില്‍ ദേഹത്ത് പൊങ്ങല്‍ ഉണ്ടാക്കുന്ന ഒരു തരത്തിലുള്ള പനിയും ഉണ്ടാകാതെ സൂക്ഷിക്കണം.കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ വികസിക്കുന്ന ആദ്യ മൂന്നുമാസത്തില്‍ റുബെല്ല, അഞ്ചാം പനി, ചിക്കന്‍പോക്‌സ് തുടങ്ങിയവ ഉണ്ടാകുന്നതു കുഞ്ഞില്‍ സാരമായ ആരോഗ്യപ്രശനങ്ങള്‍ക്ക് കാരണമാകാം. റുബെല്ല എന്ന അസുഖം രോഗിയില്‍ സാരമായ ബുദ്ധിമുട്ടൊന്നും തന്നെ ഉണ്ടാക്കുന്നില്ലെങ്കില്‍ കൂടിയും ഗര്‍ഭസ്ഥശിശുവിന്റെ കണ്ണ്, ചെവി, ഹൃദയം എന്നിവ ഉള്‍പ്പെടെയുള്ള അവയവങ്ങളെ ബാധിക്കും.Congenital Rubella Syndrome എന്ന ഈ അവസ്‌ഥ കുഞ്ഞിന്‌ വളരെ സാരമായ അപാകതകളാണ്‌ വരുത്തി വെക്കുക.

മുപ്പതിന് ശേഷമുള്ള ആദ്യപ്രസവം അല്‍പം സങ്കീര്‍ണതകള്‍ ഉള്ളത് തന്നെയാണ്.

ആദ്യഗര്‍ഭം നീട്ടി വെക്കരുത്
പണ്ട് ഈ കുത്തിവെപ്പുകളും പരിശോധനമുറകളും ഒന്നുമില്ലാതെ തന്നെ പത്ത് പ്രസവിച്ചിരുന്ന കഥകള്‍ ഇഷ്ടം പോലെ കേള്‍ക്കാം. നെല്ല് കുത്തുന്നതിനിടക്ക് പോയി പ്രസവിച്ചു വന്നതും പ്രസവിച്ചു കഴിഞ്ഞു അറ്റന്‍ഷനില്‍ മലര്‍ന്നു കിടന്നതുമെല്ലാം ചരിത്രം. ഇന്നത്തെ പെണ്ണിന് ഇതെല്ലം കേള്‍ക്കുന്നത് പോലും അസഹ്യമായേക്കാം. ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ ഉള്ള ആശുപത്രി യാത്രകള്‍ക്കെല്ലാം മുന്‍പത്തേക്കാള്‍ ശ്രദ്ധ ഇന്ന് ലഭിക്കുന്നുണ്ട്.എന്നാല്‍, ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള കാലഘട്ടം എത്രത്തോളം പരിഗണിക്കപ്പെടുന്നുണ്ട്?

ഭൗതികസാഹചര്യങ്ങള്‍ അനുകൂലമാകും വരെ ബന്ധങ്ങളെ ബന്ധനങ്ങള്‍ ആയി കാണുന്ന ഒരു രീതിയാണ് ഇന്നുള്ളത്. ഇഷ്ടപ്പെട്ട തൊഴില്‍ മേഖലയില്‍ നിലയുറപ്പിക്കാന്‍ വേണ്ടി വിവാഹവും ഗര്‍ഭവും വൈകിക്കുന്നതും ഇതിന്റെ ഭാഗമാണ്.ആരെയും കുറ്റം പറയാന്‍ പറ്റില്ല. സാമൂഹികസാമുദായിക രീതികള്‍ വെച്ച് ഒന്നുകില്‍ വളരെ നേരത്തെ, അല്ലെങ്കില്‍ വളരെ വൈകി എന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ വിവാഹിതര്‍ ആകുന്നതു. കഴിയുമെങ്കില്‍ ആദ്യപ്രസവം ഇരുപത്തൊന്നു വയസ്സിനു ശേഷമാണ് നല്ലത്. ഇടുപ്പെല്ലുകളുടെ വികാസം പൂര്‍ത്തിയാകുന്നത് ഏകദേശം ഈ പ്രായത്തിലാണ്.ഇരുപത്തഞ്ചിനു മുന്‍പ് എന്ന് കൂടി ചേര്‍ത്ത് വായിക്കാം. മുപ്പതിന് ശേഷമുള്ള ആദ്യപ്രസവം അല്‍പം സങ്കീര്‍ണതകള്‍ ഉള്ളത് തന്നെയാണ്. സ്വഭാവികകാരണങ്ങള്‍ കൊണ്ടല്ലെങ്കില്‍, ആദ്യഗര്‍ഭം അത്ര നീട്ടി വെക്കാത്തതാണ് നല്ലത്.

ഞാന്‍ കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രൈമിക്ക് പ്രായം പതിനാലു വയസ്സായിരുന്നു.

കുട്ടികള്‍ അമ്മമാരാകുമ്പോള്‍
ഇനി കാലത്തിനൊപ്പം എഴുതി ചേര്‍ക്കേണ്ട ചിലതുണ്ട്. മൂന്നു പതിറ്റാണ്ട് തികഞ്ഞിട്ടില്ലാത്ത ഓര്‍മ്മയില്‍, ഞാന്‍ കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രൈമിക്ക് പ്രായം പതിനാലു വയസ്സായിരുന്നു.  പതിനെട്ടു വയസ്സ് തികയാതെ കല്യാണം കഴിപ്പിക്കരുത് എന്ന നിയമം ശക്തമാക്കിയത് കൊണ്ട് തന്നെ, പത്താം ക്ലാസ്സിലും ഒന്‍പതാം ക്ലാസ്സിലും വെച്ച് പെണ്‍കുട്ടികളെ പറഞ്ഞയക്കുന്ന പരിപാടി നിന്നിട്ടുണ്ട് എന്ന് തന്നെ പറയാം. ഇരുപത്തൊന്നു വയസ്സില്‍ ആദ്യഗര്‍ഭം ധരിച്ചിട്ടു പോലും പല സമയത്തും മനസ്സിലെ ശങ്കകളും പേടിയും മുന്നിട്ടു നിന്നിരുന്നു. സ്വന്തം ശരീരത്തെ പോലും അറിഞ്ഞു വരുന്ന പ്രായത്തില്‍ ആ പെണ്‍കുട്ടികള്‍ എങ്ങനെയാണ് വിവാഹത്തോടും ഭര്‍ത്താവിനോടും ഉള്ളില്‍ വളരുന്ന കുഞ്ഞിനോടും ഒടുക്കം പ്രസവമെന്ന അത്ര സുഖകരമല്ലാത്ത അനുഭവത്തിനോടും സമചിത്തതയോടെ പെരുമാറിയിരുന്നത് എന്നറിയില്ല. നിയമപരമായി പോലും 'statutory rape'എന്ന് വിളിക്കപ്പെടേണ്ട ആ രീതി പെണ്‍കുട്ടിയുടെ മനസ്സിലും ശരീരത്തിലും ഏല്‍പ്പിക്കുന്ന മുറിവുകള്‍ ചെറുതായിരിക്കില്ല എന്നുറപ്പ്.

കൗമാരത്തില്‍ ശരീരത്തിന്റെ ധര്‍മം ആരോഗ്യമുള്ള അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ ശരീരത്തെ ഒരുക്കുക എന്നത് മാത്രമാണ്. കെട്ടഴിഞ്ഞ ലോകത്ത് കൗമാരത്തെ ദുരുപയോഗം ചെയ്യുന്നത്  നല്ല ഫലങ്ങള്‍ അല്ല നല്‍കുക. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നെങ്കില്‍ പോലും, മനസ്സും ശരീരവും വൈവാഹികജീവിതത്തിനും സന്താനങ്ങള്‍ക്കും തയ്യാറായിരിക്കണം. ആ സ്ഥിതി കൗമാരത്തിന്റെ അതിരുകള്‍ക്കുള്ളില്‍ അല്ലെന്നുള്ളത് ഉറപ്പ്. അത് പോലെ തന്നെയാണ് അല്‍പം പ്രായക്കൂടുതല്‍ ഉള്ള ഗര്‍ഭിണികളുടെ കാര്യം. അറുപതു വയസ്സുള്ള സ്ത്രീ ചികിത്സക്ക് ഒടുവില്‍ അമ്മയായതെല്ലാം  ഏറെ വായിക്കപ്പെട്ട വാര്‍ത്തയാണ്. ഏറെ ചികിത്സകള്‍  വേണ്ടി വരുമവര്‍ക്ക്. പ്രായം കൂടുന്നതിന് അനുസരിച്ച് അമ്മയ്ക്ക് ഗര്‍ഭാവസ്ഥയിലെ പ്രമേഹം, രക്തസമ്മര്‍ദ്ദം കൂടുന്നത് കൊണ്ടുള്ള അപസ്മാരം, കുഞ്ഞിനു ഡൗണ്‍സ് സിന്‍ഡ്രോം പോലുള്ള ക്രോമസോം സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഗര്‍ഭിണിയാകുന്നതിനു മുമ്പ് ശരീരം ശ്രദ്ധിക്കുന്നതില്‍ വലിയൊരു പരാജയം തന്നെയാണ് നമ്മുടെ യുവതികള്‍.

ശരീരം ശ്രദ്ധിക്കണം
ഇവയെല്ലാം തന്നെ നേരത്തെ കണ്ടെത്താനും വേണ്ട ചികിത്സ ചെയ്യാനും ഇന്ന് മാര്‍ഗമുണ്ട്. കൃത്യമായി ഡോക്ടറെ കാണണമെന്ന് മാത്രം. ആദ്യ 6 മാസങ്ങളില്‍ മാസത്തില്‍ ഒരിക്കല്‍, 78 മാസങ്ങളില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍, ഒന്‍പതാം മാസം ആഴ്ചയില്‍ ഒരിക്കല്‍ എന്നിങ്ങനെ ഡോക്ടറെ കണ്ടിരിക്കണം.  പറയുന്ന പരിശോധനകള്‍ ചെയ്യാനും, ഫലം കൃത്യമായി ഡോക്ടറെ കാണിക്കാനും ശ്രദ്ധിക്കണം.

ഗര്‍ഭിണിയായ ശേഷം പോഷകാഹാരവും വിശ്രമവും ആവശ്യത്തിനു വെള്ളവുമെല്ലാം ഉറപ്പു വരുത്തുന്നു എന്നത് നേര്. ഗര്‍ഭിണിയാകുന്നതിനു മുമ്പ് ശരീരം ശ്രദ്ധിക്കുന്നതില്‍ വലിയൊരു പരാജയം തന്നെയാണ് നമ്മുടെ യുവതികള്‍.കൃത്യസമയത്ത് നല്ല ഭക്ഷണം കഴിക്കാനും, അനാരോഗ്യകരമായ ഭക്ഷ്യരീതികള്‍ ഒഴിവാക്കാനും കൃത്യമായ ഒരു ജീവിതരീതി പിന്തുടരാനും അവരുടെ ഭാഗത്ത് നിന്നുള്ള ശ്രമം കുറവാണ് എന്ന് നിസ്സംശയം പറയാം. ഇതെല്ലാം തന്നെ പ്രത്യുല്‍പാദനവ്യവസ്ഥിതിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്. ആരോഗ്യമുള്ള ശരീരത്തില്‍ വേണം പുതുജീവന്‍ നാമ്പിടാന്‍. ആവശ്യത്തിനു രക്തമുള്ള, ഭാരം നിയന്ത്രിതമായ, സന്തോഷവും സമാധാനവുമുള്ള ഒരു സ്ത്രീക്ക് ആ പത്ത് മാസങ്ങള്‍ കടക്കുക അത്ര കഷ്ടപ്പാട് ഉണ്ടാകില്ല.

ഗര്‍ഭിണി ആകും മുമ്പുള്ളതും ആയ ശേഷം ഉള്ളതും ചര്‍ച്ച ചെയ്യപ്പെടുന്നത് സാധാരണം തന്നെ. എന്നാല്‍, ഗര്‍ഭത്തെ തടയുന്ന ചിലതെല്ലാം ഇന്നത്തെ ജീവിതരീതിയില്‍ വല്ലാതെ വന്നു ഭവിക്കുന്നുണ്ട്. പൊളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം അത്തരത്തില്‍ ഒന്നാണ്. ഭക്ഷണനിയന്ത്രണം ഇല്ലാത്തതും വ്യായാമമില്ലാത്ത ജീവിതരീതിയും ഒരു പരിധി വരെ കുടുംബ പാരമ്പര്യവും എല്ലാം തന്നെ ഇതിനു കാരണമാണ്.

സ്ത്രീവന്ധ്യത പുരുഷ വന്ധ്യതയെ അപേക്ഷിച്ച് എളുപ്പം ചികില്‍സിക്കാവുന്ന ഒന്നാണ്.

വന്ധ്യതയെ നേരിടാന്‍
പക്ഷെ, PCOD എന്ന സര്‍വ്വസാധാരണ ശാരീരികാവസ്ഥ  കൃത്യമായ ചികിത്സയുള്ള ഒന്നാണ്. അമിതമായ കലോറി അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, ഭാരം കുറയ്ക്കുക, ചിട്ടയായ വ്യായാമം എന്നിവയിലൂടെ ഇതിനെ പടിക്ക് പുറത്ത് നിര്‍ത്താം. സ്ത്രീ വന്ധ്യതക്കുള്ള മറ്റു കാരണങ്ങള്‍ കൂടിയുണ്ട്. എല്ലാം കൂടി വിശദീകരിക്കുന്നതിന് പരിമിതിയുണ്ടല്ലോ . ഒന്നറിയുക, ഇവക്കെല്ലാം തന്നെ കൃത്യമായ ചികിത്സയുണ്ട്.

സ്ത്രീവന്ധ്യത പുരുഷ വന്ധ്യതയെ അപേക്ഷിച്ച് എളുപ്പം ചികില്‍സിക്കാവുന്ന ഒന്നാണ്. വീടിനു ശബ്ദവും ശ്വാസവും പകര്‍ന്നു ഓടി നടക്കാന്‍ ഒരു കുഞ്ഞുണ്ടാകാന്‍ ആരാണ് ആശിക്കാത്തത്. ആധുനികവൈദ്യം ചില ദുഷ്പ്രചരണങ്ങള്‍ പോലെ കുറേ ഗുളികകള്‍ മാത്രമല്ല. അതൊരു ജീവിതരീതി കൂടിയാണ്. ജീവിതശൈലി  മെച്ചപ്പെടുത്തുന്നത് വഴി, ഡോക്ടറുടെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കുക വഴി ആഗ്രഹിക്കുന്ന ഫലം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ശാസ്ത്രശാഖ...

അത് കൊണ്ട് തന്നെയാണ് ഒരു വാതിലില്‍ മുട്ടിയിട്ടും വിളി കേള്‍ക്കാതാകുമ്പോള്‍ വാഹനം മോഡേണ്‍ മെഡിസിന്‍ ഡോക്ടറുടെ അടുത്തേക്ക് തന്നെ തിരിയുന്നത്..ചിലപ്പോഴെങ്കിലും വിലപ്പെട്ട സമയം മറ്റിടങ്ങളില്‍ ചിതറി പോയി വീണു കാണുമെങ്കില്‍ കൂടിയും ശ്രമിക്കാറുണ്ട്...

രക്ഷിക്കാന്‍ പഠിച്ചവര്‍ക്ക് മുന്നില്‍ മറ്റൊരു മാര്‍ഗമില്ല.
 

Follow Us:
Download App:
  • android
  • ios