Asianet News MalayalamAsianet News Malayalam

മരുന്ന് കുറിപ്പടി മലയാളത്തില്‍  വേണോ?

Dr Shimna Azeez column on malayalam prescription controversy
Author
Thiruvananthapuram, First Published Feb 16, 2017, 10:02 AM IST

പാലക്കാട്ട്, ഗര്‍ഭിണിയുടെ വയറ്റിലുള്ളത് ഇരട്ടകള്‍ ആണെന്നറിയാത്തത് കാരണം കുഞ്ഞുങ്ങള്‍ മരിച്ച സംഭവം പരിഗണിക്കവേ, ഡോക്ടര്‍മാരുടെ പരിശോധനാ നിഗമനങ്ങളും ലാബുകളിലെ പരിശോധനാ ഫലവും മലയാള ഭാഷയില്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍ പരാമര്‍ശിച്ചിരുന്നല്ലോ. യാഥാർഥ്യമാകില്ലെന്ന്‌ ഉറപ്പുണ്ടെങ്കിലും വായിച്ചു കേട്ടപ്പോള്‍ 'അതു നേരാണല്ലോ' എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വെച്ച ചിലരെങ്കിലും ഉണ്ടാകുമെന്നറിയാം.അങ്ങനെയൊരു സാധ്യതയുടെ നെല്ലും പതിരും തിരിച്ചറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? വാര്‍ത്തകള്‍ പറയുന്നതു പ്രകാരം, 
യഥാര്‍ത്ഥത്തില്‍ പാലക്കാട്ട് സംഭവിച്ചത് ഡോക്ടറും രോഗിയും തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ്. ആശുപത്രിയിലെ തിരക്കുകള്‍ക്കിടയില്‍ വളരെ പ്രധാനപ്പെട്ടൊരു വിവരം പറയാന്‍ ഗൈനേക്കാളജിസ്റ്റ് വിട്ടുപോപോയി എന്നത് ശരിയാണെങ്കില്‍, അത്
വീഴ്ചയാണ്. പക്ഷേ, ഈയൊരവസ്ഥ വന്നു ചേരാന്‍ കാരണമായ തികച്ചും അശാസ്ത്രീയമായ, പ്രാവര്‍ത്തികമാക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്ത ഡോക്ടര്‍ -രോഗി അനുപാതത്തിന്റെ കാര്യത്തിലായിരുന്നു മനുഷ്യാവകാശ കമീഷന്‍ ഇടപെടേണ്ടത്. 

ഈയൊരവസ്ഥ വന്നു ചേരാന്‍ കാരണമായ ഡോക്ടര്‍ -രോഗി അനുപാതത്തിന്റെ കാര്യത്തിലായിരുന്നു മനുഷ്യാവകാശ കമീഷന്‍ ഇടപെടേണ്ടത്. 

രോഗീ പരിശോധനയും പ്രസവമെടുക്കലും സിസേറിയനും മറ്റു സ്‌ത്രൈണരോഗ ശസ്ത്രക്രിയകളും ഇതിനുപുറമേയുള്ള ഡ്യൂട്ടികളും തുടര്‍ച്ചയായി ചെയ്യേണ്ടിവരുന്ന ഗൈനക്കോളജിസ്റ്റിനെ കാലാഹരണപ്പെട്ട ആരോഗ്യവ്യവസ്ഥിതിയുടെ ബലിയാടെന്ന് വിളിക്കണ്ടിവരും. ആവശ്യത്തിന് തസ്തികകളും സ്റ്റാഫ് വിന്യാസവും നടത്തി രോഗികള്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ നേടിക്കൊടുക്കാനുള്ള വഴിയാണ് മനുഷ്യാവകാശ കമീഷന്‍ ഇടപെട്ട് ഉണ്ടാക്കേണ്ടത്. അല്ലാതെ എലിയെ കൊല്ലാൻ 'ഇല്ലം' ചുടുക എന്നു പറഞ്ഞതുപോലെ , വര്‍ഷങ്ങളോളം പഠിച്ചും പകര്‍ത്തിയും പോന്ന ശാസ്ത്രീയ സാങ്കേതിക പദങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന കാര്യം ചിന്തിച്ച് ഡോക്ടറുടെ വിലപ്പെട്ട സമയം ഒഴുക്കിക്കളയുകയല്ല. ഒരു തരത്തിലും പ്രായോഗികമല്ല എന്ന് നിസ്സംശയം പറയാവുന്ന ഈ അഭിപ്രായത്തെ ഒരു ഉദാഹരണത്തിലൂടെ സൂചിപ്പിക്കട്ടെ. 

Dr Shimna Azeez column on malayalam prescription controversyഇതൊരു സാങ്കല്‍പ്പിക മരുന്നു കുറിപ്പാണ്. അലന്‍ എന്ന ഈ കുട്ടിക്ക് രോഗലക്ഷണങ്ങള്‍ എന്താണെന്നും രോഗ ചരിത്രവും ചികില്‍സയും എല്ലാം ഇംഗ്ലീഷിലെഴുതാന്‍ മുഴുവന്‍ വാക്കുകള്‍ പോലും വേണമെന്നില്ല. On examination എന്നതിന് O/E എന്നും History of എന്നതിന് H/Oഎന്നും എഴുതുന്നത് മനസ്സിലാക്കാനും എഴുതാനും സൗകര്യപ്രദമാണ്. ഇവയെല്ലാം തന്നെ യൂനിവേഴ്‌സല്‍ എന്നു പറയാവുന്ന രീതിയില്‍ ഏതു ഭാഷ ഉപയോഗിക്കുന്ന ഡോക്ടര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. 

രോഗലക്ഷണങ്ങളും രോഗ ചരിത്രവും ചികില്‍സയും എല്ലാം ഇംഗ്ലീഷിലെഴുതാന്‍ മുഴുവന്‍ വാക്കുകള്‍ പോലും വേണമെന്നില്ല.

മലയാളത്തില്‍ എഴുതുന്നു എന്നുതന്നെയിരിക്കട്ടെ. വര്‍ഷങ്ങളോളം പഠിച്ച സാങ്കേതിക പദങ്ങളെ എല്ലാവരും ഒരു പോലെ  വിവര്‍ത്തനം ചെയ്യണം.
വായിക്കുന്ന ആള്‍ അതു കൃത്യമായി മനസ്സിലാക്കണം.മറ്റൊരു ഡോക്ടര്‍ക്ക് ഇത് വായിക്കേണ്ടി വന്നാല്‍ അവരും ഇത് ഡീ കോഡ് ചെയ്‌തെടുക്കണം. പ്രാവർത്തികമാക്കാന്‍ യാതൊരു നിർവ്വാഹവുമില്ലാത്ത നടപടിയാണിത്.കാലം ചലിക്കുന്നത് മുന്നോട്ടാണ്. നമ്മളും ചലിക്കേണ്ടത് അങ്ങനെ തന്നെ. 

ഇനി ലാബ് റിപ്പോര്‍ട്ടുകളുടെ കാര്യം. ഇതിലും ദയനീയമായ അവസ്ഥയായിരിക്കും അത്. ഒരു ലാബ് റിപ്പോര്‍ട്ട് പോലും രോഗി/കൂട്ടിപ്പുകാരന്‍ ഡോക്ടര്‍ക്കു മുമ്പ് കാണാതിരിക്കുന്നില്ല എന്നതാണ് സത്യം. ഓരോ പരിശോധനാ ഫലവുംം വലതു ഭാഗത്ത് നല്‍കപ്പെട്ടിരിക്കുന്ന റഫറന്‍സ് റേഞ്ചുമായി താരതമ്യം പഠനം നടത്തുകയാണ് രീതി.

ജീവിതപങ്കാളിയുടെ HIV ടെസ്‌റ്റ്‌ പോസിറ്റീവ്‌ ആണെന്ന റിസൽറ്റ്‌ ലാബിൽ ചെന്ന്‌ വാങ്ങിയ ഭാര്യ തല കറങ്ങി വീണതിന്‌ സാക്ഷ്യം വഹിച്ചത്‌ സുഹൃത്ത്‌ പങ്ക്‌ വെക്കുകയുണ്ടായി. മലയാളഭാഷ ഇത്തരം സാഹചര്യങ്ങൾ കൂട്ടുക തന്നെ ചെയ്യും.  സ്വയം രോഗനിര്‍ണയം നടത്തി സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിടാമെന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും കിട്ടില്ല താനും. 

വസ്തുത എന്താണെന്ന് വെച്ചാല്‍, ലാബ് റിപ്പോര്‍ട്ട് കണ്ടല്ല ഡോക്ടര്‍ ചികില്‍സിക്കുന്നത്. പകരം, രോഗിയുടെ ശാരീരിക അവസ്ഥയും ശരീരം തൊട്ടുള്ള പരിശോധനയുടെ നിമഗനങ്ങളും ഉറപ്പ് വരുത്താനുള്ള ഒരു സഹായി മാത്രമാണ് ലാബ് റിപ്പോര്‍ട്ട്. 
 

രോഗി അറിയേണ്ടതേ അറിയാവൂ എന്ന് പറയുമ്പോള്‍ അതിന് മറ്റൊരു വശമുണ്ട്

ഇംഗ്ലീഷില്‍ ആയിട്ടുതന്നെ ലാബ് റിപ്പോര്‍ട്ടുകള്‍ ഗൂഗിളിന്റെ ആഹാരമാണ്. ഇനി മലയാളം കൂടിയായാല്‍ പറയുകയും വേണ്ട. 'മൂത്രത്തില്‍ രണ്ടുമൂന്ന് പഴുപ്പുകോശങ്ങള്‍ കണ്ടിട്ടും ഡോക്ടര്‍ മരുന്നുതന്നില്ല, അഡ്മിറ്റ് ചെയ്തില്ല, ഡോക്ടറുടെ അനാസ്ഥ' എന്നെല്ലാം കൂടി കേള്‍ക്കേണ്ടി വരും. മരുന്നു കുറിപ്പ് ഫാര്‍മസിക്കുള്ളതാണ്. ലാബ് റിപ്പോര്‍ട്ട് ഡോക്ടര്‍ക്കും. രോഗിയുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കേണ്ടത് ഡോക്ടറുടെ മാത്രം കടമയാണ് എന്ന കാര്യത്തിലും സംശയമില്ല. 

സ്വന്തം കാര്യങ്ങള്‍ അറിയാനുള്ള അവകാശം തീര്‍ച്ചയായും രോഗിക്കുണ്ട്. പക്ഷേ ചില അവസരങ്ങളില്‍ അറിവില്ലായ്മ അനുഗ്രഹമാണ്. കാന്‍സര്‍ ഉറപ്പിക്കുന്ന ബയോപ്‌സി റിപ്പോര്‍ട്ടും അതിസൂക്ഷ്മ സൂചി സമ്മര്‍ദ്ദ കോശ പഠന (Fine Needle Aspiration Cytology - തർജമക്ക്‌ കടപ്പാട് ഡോ. അഞ്ജിത് ഉണ്ണി ) റിപ്പോര്‍ട്ടുമെല്ലാം രോഗി വായിക്കുന്നത് തിക്ത ഫലമേ തരൂ. രോഗം വെളിപ്പെടുത്താൻ ബന്ധുക്കൾ അനുവാദം തരുന്നെങ്കിൽ, അല്ലെങ്കിൽ ആ വിവരം താങ്ങാനുള്ള കെൽപ്പ്‌ രോഗിക്കുണ്ടെന്ന്‌ ബോധ്യപ്പെട്ടാലല്ലാതെ അതിന്‌ മുതിരാത്തതാണ്‌ നല്ലത്‌. രോഗി അനാവശ്യമായി രോഗ ചിന്തയില്‍ ആകുലനാവുന്നത് പോലും ചികില്‍സയുടെ പരാജയത്തിലേക്ക് നയിക്കും. 

രോഗി അറിയേണ്ടത്‌ മാത്രമറിയുന്നതാണ്‌ അഭികാമ്യം എന്ന് പറയുമ്പോള്‍ അതിന് മറ്റൊരു വശമുണ്ട്. പ്രത്യേകിച്ച് മലയാള ഭാഷ പരിഗണിക്കപ്പെടുന്ന ഒരു വിഷയം കൂടിയാവുമ്പോള്‍. മരുന്നുകുറിപ്പ് മലയാളത്തില്‍ എഴുതുന്നത് എതിര്‍ക്കുമ്പോഴും ഏതൊരു മെഡിക്കല്‍ പ്രക്രിയയ്ക്കുമുമ്പും മാതൃഭാഷയില്‍ എഴുതിയ സമ്മതപത്രം വായിച്ചു ബോധ്യപ്പെടുത്തി ഒപ്പിട്ടുവാങ്ങാറുണ്ട്. ഓരോ ശസ്ത്രക്രിയയും അതു വലുതോ ചെറുതോ എന്ന് പരിഗണിക്കാതെ എന്തിനെന്നും അതെങ്ങനെ ചെയ്യുന്നുവെന്നും അതു കൊണ്ടുവന്ന് ചേരാവുന്ന ഗുണവും ദോഷവും സമ്മതപത്രത്തിലുണ്ടാവും. ഓരോ ആശുപത്രിയിലും സുതാര്യമായി നടന്നുപോവുന്ന നടപടിയാണിത്. 

രോഗനിര്‍ണയത്തിലേക്ക് ആവശ്യമായ വിവരങ്ങള്‍ തരുന്നതിലപ്പുറം രോഗിക്ക് ചികില്‍സാ നിര്‍ണയത്തിലുള്ള പങ്ക് ചെറുതാണ്

ആശുപത്രിയിലെ മലയാളവല്‍ക്കരണം കൊണ്ട് നഷ്ടമാകാവുന്ന സമയത്തെക്കുറിച്ചും മനസ്സമാധാനത്തെക്കുറിച്ചും ഏകദേശ ധാരണ കിട്ടിക്കാണുമല്ലോ. രോഗനിര്‍ണയത്തിലേക്ക് ആവശ്യമായ വിവരങ്ങള്‍ തരുന്നതിലപ്പുറം രോഗിക്ക് ചികില്‍സാ നിര്‍ണയത്തിലുള്ള പങ്ക് ചെറുതാണ്. തുടര്‍ന്നുള്ള ആശയക്കുഴപ്പങ്ങള്‍ സംഭവിക്കുന്നത് ആശയവിനിമയത്തിലെ കുറവുകള്‍ ഒന്നുകൊണ്ടുമാത്രമാണ്. മരുന്നുകളെക്കുറിച്ചുള്ള സംശയങ്ങള്‍ ഡോക്ടേറാട് ചോദിക്കുക, ഗൂഗിളിനോടല്ല. 

വിവരങ്ങള്‍ ഡോക്ടര്‍ വിട്ടുനല്‍കാത്തതാണ് എങ്കില്‍, അതു തെറ്റ് തന്നെയാണ്. പക്ഷേ, സാഹചര്യങ്ങളാണ് ഈ സ്ഥിതി ഉണ്ടാക്കുന്നത് എങ്കില്‍, മാറേണ്ടത് ഡോക്ടറുടെ ഭാഷയല്ല, ആരോഗ്യ സംവിധാനത്തിലെ പാകപ്പിഴവുകളാണ്. 

1961ലെ തസ്തികാ നിര്‍ണയത്തെ അടിസ്ഥാനമാക്കിയാണ് ഇന്നും കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതു ആരോഗ്യ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. 

മരുന്നു കുറിപ്പുകള്‍ കമ്പ്യൂട്ടര്‍വല്‍കരിക്കാന്‍ കഴിയുകയാണെങ്കില്‍, അത് വിപ്ലവാത്മകമായ മാറ്റമായിരിക്കും

ഓരോ രോഗിയോടും കുശലം ചോദിക്കാനും മരുന്നിനെ കുറിച്ച് വാചാലയാകാനും എണ്ണത്തില്‍ ഇരുന്നൂറു കടക്കുന്ന ഓപിയില്‍ കഴിഞ്ഞെന്നു വരില്ല. കൈയക്ഷരവും ഉച്ചയോടെ കുത്തിവരയില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി ആയേക്കും. ന്യായീകരിക്കുകയല്ല, സത്യാവസ്ഥ ബോധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. 

മരുന്നു കുറിപ്പുകള്‍ കമ്പ്യൂട്ടര്‍വല്‍കരിക്കാന്‍ കഴിയുകയാണെങ്കില്‍, അത് വിപ്ലവാത്മകമായ മാറ്റമായിരിക്കും ആരോഗ്യ മേഖലയില്‍ സുഷ്ടിക്കുക. ഇംഗ്ലീഷില്‍ ക്യാപ്പിറ്റല്‍ ലെറ്റര്‍ ഉപയോഗിച്ച് മരുന്നുകളെഴുതുക, മരുന്നുകളു ജനറിക് നാമം ഉപയോഗിക്കുക തുടങ്ങിയവയും പതുക്കെ എങ്കിലും പ്രായാഗികമാക്കാന്‍ സാധിച്ചേക്കും. ഡോക്ടറുടെ കൈയക്ഷരം എന്ന ചീത്തപ്പേരും മാറിക്കിട്ടുമല്ലോ. 

ബാലിശമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതിനു പകരം മനുഷ്യാവകാശ കമീഷന്‍ ആരോഗ്യമേഖലയിലെ വിടവുകള്‍ നികത്താന്‍ സഹായിച്ചാല്‍ അതു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഒരു പോലെ സഹായകരമാവും. കമീഷനും ഡോക്ടറും പ്രവര്‍ത്തിക്കുന്നത് മനുഷ്യാവകാശത്തിനു വേണ്ടിയാവുമ്പോള്‍ അത് തന്നെയാണ് വേണ്ടത്. 

(കടപ്പാട്: ഡോ. ജിനേഷ് പിഎസ്, ഡോ ദീപു സദാശിവന്‍, ഡോ. നെല്‍സണ്‍ ജോസഫ് എന്നിവരുടെ ഫേസ്ബുക്ക് കുറിപ്പുകള്‍) 

 

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

മറയിട്ട വാക്‌സിന്‍ ക്ലാസ്; ഡോക്ടര്‍ ചെയ്തതാണ് ശരി!

പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം

Follow Us:
Download App:
  • android
  • ios