Asianet News MalayalamAsianet News Malayalam

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

Dr Shimna Azeez on Cerebral Palsy
Author
Thiruvananthapuram, First Published Jan 16, 2017, 1:12 PM IST

Dr Shimna Azeez on Cerebral Palsy

റൗണ്ട്‌സിനിടയിലാണ്.
പിറകിലേക്ക് കെട്ടി വെച്ച കൈയില്‍ എന്തോ ഭാരം തൂങ്ങിയത് പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ മൂന്നര വയസ്സുകാരന്‍ കൊച്ചുചട്ടമ്പി കൈയില്‍ തൂങ്ങിയാടുന്നു. ഒരു കൈ കൊണ്ട് അവനെ തൂക്കിയെടുത്ത് അപ്പുറത്ത് വെച്ചപ്പോള്‍, അവന്റെ മുന്നിലേക്ക് കുഴഞ്ഞ് വീഴാന്‍ പോയ, എന്റെ കഴുത്തിലെ സ്‌തെത്തും വലിച്ചെടുത്ത് ഒറ്റ ഓട്ടം. റൗണ്ട്‌സിന് വന്ന ഒരു പടയുടെ ഇടയില്‍ എനിക്കെന്ത് ചെയ്യാനാകും. ഒടുക്കം ഓടിച്ചിട്ട് പിടിച്ച് കാര്യം നേടിയപ്പോള്‍ അവന്‍ കൈക്കൂലിയായി മിഠായി ചോദിച്ചു. അതും കൊടുത്തു. ഇപ്പോള്‍ ശാന്തി, സമാധാനം!

ഓടിത്തൊട്ടു കളിക്കാന്‍ ഒക്കെയാണ് അവരുടെ ഓര്‍ഡര്‍. 'ഇത്താത്താ വാ' എന്നൊക്കെ പറഞ്ഞു വിളിക്കും.

എല്‍കെജി ക്ലാസിനെ പ്ലേ ഗ്രൗണ്ടില്‍ വിട്ടത് പോലൊരു വാര്‍ഡ് !
കുട്ടികളുടെ വാര്‍ഡ് രസകരമായൊരനുഭവമാണ്. തിരക്കൊഴിഞ്ഞാലും ഇല്ലെങ്കിലും ബഹളത്തിനൊരു കുറവും കാണില്ല. കരച്ചിലും കളിപ്പാട്ടങ്ങളും കലപില കൂട്ടുന്ന മിഠായിപ്പൊതികളും നിറങ്ങളും കൊഞ്ചലും. ഓടിത്തൊട്ടു കളിക്കാന്‍ ഒക്കെയാണ് അവരുടെ ഓര്‍ഡര്‍. 'ഇത്താത്താ വാ' എന്നൊക്കെ പറഞ്ഞു വിളിക്കും. എല്‍കെജി ക്ലാസിനെ പ്ലേ ഗ്രൗണ്ടില്‍ വിട്ടത് പോലൊരു വാര്‍ഡ് !

ചെറിയൊരു ഇന്‍ഫക്ഷന്‍ പോലും വാടിയ ചേമ്പിന്‍തണ്ട് പോലെയാക്കിയ കുഞ്ഞുങ്ങള്‍ മിക്കവരും തന്നെ മരുന്നിനോട് പെട്ടെന്ന് പ്രതികരിക്കും. വേഗം ഉഷാറായി അവര്‍ കുഞ്ഞരിപ്പല്ല് കാണിച്ച് ചിരി തുടങ്ങും. ചില കുറുമ്പന്‍മാര്‍ ഇണങ്ങി വരുമ്പോഴേക്ക് ഡിസ്ചാര്‍ജിനുമാകും.  

കുഞ്ഞുരോഗികള്‍ക്ക് ഒരു വിധം തല പൊക്കാനെങ്കിലും ശേഷിയുണ്ടെങ്കില്‍ കണ്ണിന് കുളിരാണ്. ആകെയുള്ള നാല് പല്ലും കാണിച്ച് ചിരിക്കുന്ന കുഞ്ഞുവാവകളെ കാണുന്നത് തന്നെ കൗതുകകരം. വരുമ്പോള്‍ രോഗഭാവത്തില്‍ തളര്‍ന്നു കിടപ്പായിരുന്നെങ്കില്‍ പോലും  മടങ്ങുമ്പോള്‍ ആ നിഷ്‌കളങ്കമായ ചിരി തിരിച്ചു കിട്ടും.  അസുഖവുമായി വന്ന് സുഖമായി പോകുന്നവര്‍ സന്തോഷം തന്നെയാണ്, സംശയമില്ല. എന്നാല്‍ ചില സ്ഥിരവൈകല്യങ്ങള്‍ ഉണങ്ങാത്ത മുറിവായി നെഞ്ചിലുറങ്ങും.അങ്ങനെയൊന്നാണ് സെറിബ്രല്‍ പാല്‍സി.

'എന്തെങ്കിലുമൊരു പുരോഗതി ഡോക്ടര്‍ പറയുമോ' എന്നൊരു വരണ്ട പ്രതീക്ഷ ആ അമ്മയുടെ കണ്ണില്‍ എപ്പോഴും അടിഞ്ഞു കിടപ്പുണ്ടാകും. മിക്കപ്പോഴും അത് കണ്ടില്ലെന്നു നടിക്കേണ്ടി വരും.

ഉണങ്ങാത്ത ചില മുറിവുകള്‍
'വിധി' എന്ന ഭാരമുള്ള വാക്കില്‍ ഒതുക്കപ്പെടുന്ന ഈ കുഞ്ഞുങ്ങളെപ്പോലെയോ അതിലേറെയോ ദയനീയമാണ് അവരുടെ അമ്മമാരുടെ കാര്യം. ഈ കുഞ്ഞിന്റെ പിറവിയോടെ അമ്മയുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങുന്നു. മിക്ക അമ്മമാരും മൂകരായി മാറും. വിഷാദം സ്ഥായീഭാവമാകും. ആയുഷ്‌കാലം കിടക്കയില്‍ കഴിയുന്നൊരു കുഞ്ഞിന്റെ ഭാരം മനസ്സിലും തോളിലും പേറേണ്ടി വരുന്നത് പലരെയും നിത്യരോഗികള്‍ ആക്കും.

മറ്റു മാതാപിതാക്കളോട് ചിരിച്ചു മിണ്ടിയെത്തുന്ന ഡോക്ടര്‍ക്ക്, നിശ്ശബ്ദതയുടെ അര്‍ദ്ധവിരാമത്തിനു  ശേഷം മാത്രമേ ഈ കുഞ്ഞിലേക്ക് വന്നു ചേരാനാവൂ.  'എന്തെങ്കിലുമൊരു പുരോഗതി ഡോക്ടര്‍ പറയുമോ' എന്നൊരു വരണ്ട പ്രതീക്ഷ ആ അമ്മയുടെ കണ്ണില്‍ എപ്പോഴും അടിഞ്ഞു കിടപ്പുണ്ടാകും. മിക്കപ്പോഴും അത് കണ്ടില്ലെന്നു നടിക്കേണ്ടി വരും.

'ഹോ, എന്നാലും എന്റെ കുടുംബത്തില്‍ ഇത് സംഭവിച്ചില്ലല്ലോ' എന്ന ക്രൂരമായ സന്തോഷവും ആശ്വാസവും പലരുടേയും സഹതാപത്തില്‍ മുങ്ങി നീരാടുന്നത് അത്യധികം വെറുപ്പോടെ നിശ്ശബ്ദമായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.

സെറിബ്രല്‍ പാല്‍സി എന്ന അവസ്ഥ
സെറിബ്രല്‍ പാല്‍സി എന്നത് സ്ഥിരവൈകല്യമാണെന്നതില്‍ സംശയമില്ല. അസുഖമെന്നല്ല, അവസ്ഥ എന്നതാവും അല്‍പം കൂടി നല്ല വിശേഷണമെന്ന് തോന്നുന്നു. ഗര്‍ഭസമയത്തോ പ്രസവസമയത്തോ പ്രസവം കഴിഞ്ഞ ഉടനെയോ മസ്തിഷ്‌കം പൂര്‍ണ്ണവളര്‍ച്ചയെത്തുന്നതിന് മുന്നേയുള്ള ഏതെങ്കിലും കാലഘട്ടത്തിലോ (ഏകദേശം രണ്ട് വയസ്സ് വരെ) തലച്ചോറ് നേരിടേണ്ടി വരുന്ന പല വിധത്തിലുള്ള പ്രതികൂലമായ കാരണങ്ങളാണ് പൊതുവേ സെറിബ്രല്‍ പാല്‍സിയിലേക്ക് നയിക്കുന്നത്.  അണുബാധകള്‍, റേഡിയേഷന്‍, ഗര്‍ഭത്തിന്റെ തുടക്കത്തില്‍ അശ്രദ്ധമായി കഴിച്ച് പോയ മരുന്നുകള്‍, ജനിതകമായ കാരണങ്ങള്‍ തുടങ്ങിയവയെല്ലാം  ഈ അവസ്ഥക്ക് വഴിയൊരുക്കുന്നു.

ചലനത്തെയോ ശരീരനിലയെയോ (movement and posture) ബാധിക്കാത്ത  വൈകല്യം സെറിബ്രല്‍ പാല്‍സി അല്ല.

സഹതാപമല്ല വേണ്ടത്!
പൊതുവേ കുഞ്ഞിന്റെ കഴുത്തുറക്കാന്‍ വൈകുമ്പോഴാണ് മാതാപിതാക്കളുടെ മനസ്സില്‍ ഈ അപകടത്തിന്റെ കൊള്ളിയാന്‍ ആദ്യം മിന്നുന്നത്. കിടക്കയിലൊതുങ്ങിപ്പോകുന്ന കുഞ്ഞ് കാഴ്ചയില്‍ പകരുന്ന വേദനയ്ക്കുമപ്പുറമാണ് യഥാര്‍ത്ഥ സ്ഥിതി. ചിലരെല്ലാം ഉപ്പൂറ്റിനടത്തം പോലുള്ള ചെറിയ മാറ്റങ്ങളോടെ സാധാരണ ജീവിതം നയിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റ് കുഞ്ഞുങ്ങള്‍ കാഴ്ചയും കേള്‍വിയുമില്ലാതെ തുപ്പലൊലിപ്പിച്ച് മലര്‍ന്ന് കിടക്കുമ്പോഴും ന്യുമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഇടക്കിടെ വിളിക്കാതെ വന്ന് ഈ മക്കളെ കഷ്ടപ്പെടുത്തും. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകരുന്ന അച്ഛനെയും അമ്മയെയും കുത്തി നോവിക്കുന്ന സഹതാപതൊഴിലാളികളുടെ ഉപദ്രവം പുറമേ.

ദു:ഖം അര്‍ഹിക്കുന്ന സ്വകാര്യതയും ബഹുമാനവും നല്‍കാന്‍ നമ്മുടെ മനസ്സുകള്‍ ഇനിയും പക്വമാകേണ്ടിയിരിക്കുന്നു. 'ഹോ, എന്നാലും എന്റെ കുടുംബത്തില്‍ ഇത് സംഭവിച്ചില്ലല്ലോ' എന്ന ക്രൂരമായ സന്തോഷവും ആശ്വാസവും പലരുടേയും സഹതാപത്തില്‍ മുങ്ങി നീരാടുന്നത് അത്യധികം വെറുപ്പോടെ നിശ്ശബ്ദമായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. വികാരപ്രകടനങ്ങളുടെ വിളനിലമാണല്ലോ, ആശുപത്രി!

ഏതുണങ്ങിയ ചില്ലയില്‍ നിന്നും തളിര് വരുത്താനുള്ള കഴിവ് പ്രകൃതിക്കുണ്ട്.

ഉണങ്ങിയ ചില്ലയിലും തളിരുണരും
സെറിബ്രല്‍ പാല്‍സി എന്ന മസ്തിഷ്‌കത്തെ ബാധിക്കുന്ന അസുഖത്തെ വിധിയായി എടുത്താല്‍ പോലും അന്തിമവിധിയായി എടുക്കരുത്. ഏതുണങ്ങിയ ചില്ലയില്‍ നിന്നും തളിര് വരുത്താനുള്ള കഴിവ് പ്രകൃതിക്കുണ്ട്. പഞ്ചേന്ദ്രിയങ്ങളെ വേണ്ട വിധത്തില്‍ ഉത്തേജിപ്പിക്കുക വഴി, നശിച്ചു പോയ ന്യൂറോണുകളില്‍ അല്‍പമെങ്കിലും തലച്ചോറില്‍ ബാക്കി കിടപ്പുണ്ടെങ്കില്‍, അതിനെ പരിപോഷിപ്പിച്ചെടുക്കാനാവും. അതിന് തടസ്സമാകുന്നത് ചുറ്റുമുള്ള 'അഭ്യുദയകാംക്ഷികള്‍' ആണെന്നതിന് യാതൊരു സംശയവുമില്ല. പരിഹാസവും സഹതാപവുമെല്ലാം അമ്മയുടെ മുറിവിലേക്ക് തറക്കുന്ന മുള്ളുകളാണ്. ആരാന് വരുന്നത് കാഴ്ചയാണ്, അവനവന് വരുന്നത് വീഴ്ചയും.

സെറിബ്രല്‍ പാല്‍സിയുള്ള കുഞ്ഞുങ്ങള്‍  വേറിട്ട കഴിവുള്ളവര്‍ ആയിരിക്കാം. ചിലപ്പോള്‍ അവന്‍ കിടക്ക വിട്ടു എഴുന്നേല്‍ക്കാന്‍ കഴിയാത്ത, ഭക്ഷണം വായിലൂടെ കഴിക്കാന്‍ പോലും കെല്‍പ്പില്ലാത്ത കുഞ്ഞുമാവാം. കാഴ്ചയില്‍  പ്രകടമായ കുറവുകളുള്ള, തല സ്ഥിരമായി ചെരിഞ്ഞും ഉമിനീര്‍ വായ്‌ക്കോണിലൂടെ ഒഴുകിയിറങ്ങിയുമൊക്കെ കാണപ്പെടുന്ന കുട്ടികള്‍ പോലും മുന്‍ധാരണകള്‍ക്ക് അതീതമായ കഴിവുകള്‍ ഉള്ളവരായിരിക്കാം. വേണ്ട ശ്രദ്ധയും പരിചരണവും ചികിസയും ലഭിച്ചാല്‍ 'ബുദ്ധിക്കുറവുള്ളവര്‍' എന്ന പാര്‍ശ്വവല്‍ക്കരണവും സംഭവിക്കില്ല. അവര്‍ക്കുള്ള അത്ഭുതകരമായ കഴിവുകള്‍ കണ്ടെത്താനുള്ള ശ്രമം മാത്രമേ ആവശ്യമുള്ളൂ. പിന്നെ, ആരുടേയും കുറ്റം കൊണ്ടല്ല അവരങ്ങനെ പിറവിയെടുത്തത് എന്നു കൂടിയോര്‍ക്കണം. പലപ്പോഴും രൂപത്തിന്റെ പേരില്‍ അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നത്, ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ലജ്ജാവഹമായ അധ:പതനം എന്നേ പറയാനാകൂ.

'സുഖമില്ലാത്ത'  കുട്ടിക്ക് താനില്ലാതെ കഴിയില്ലെന്ന്' പറഞ്ഞു  രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കി മണിക്കൂറുകള്‍ തികയും മുമ്പേ ആശുപത്രിയില്‍ തുടരാന്‍ വിസമ്മതിച്ചു പോയ നിസ്സഹായയായ അമ്മയെയും അറിയാം.

ആശ്രയമുറിവായി അമ്മ
അവരെപ്പോലെ തന്നെ ശ്രദ്ധയര്‍ഹിക്കുന്നുണ്ട് അവരെ പരിപാലിക്കുന്നവരും. നേരത്തിനു ഭക്ഷണം കഴിക്കാനോ ഒന്ന് മൂത്രമൊഴിക്കാന്‍ പോകാന്‍ പോലുമോ ഈ മക്കള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു കരയുന്ന അമ്മമാരെ കാണുന്നത് വല്ലാത്ത വേദനയാണ്. മറ്റു ചിലര്‍, ഇനിയൊരു കുഞ്ഞിനു ജന്മം കൊടുക്കാന്‍ ഭയമാണെന്ന് പറയും. 'സുഖമില്ലാത്ത'  കുട്ടിക്ക് താനില്ലാതെ കഴിയില്ലെന്ന്' പറഞ്ഞു  രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കി മണിക്കൂറുകള്‍ തികയും മുമ്പേ ആശുപത്രിയില്‍ തുടരാന്‍ വിസമ്മതിച്ചു പോയ നിസ്സഹായയായ അമ്മയെയും അറിയാം.

ജനിതകമായ കാരണങ്ങള്‍ ഒഴിച്ചുള്ളവ കൊണ്ടുണ്ടായ സെറിബ്രല്‍ പാല്‍സി  അടുത്ത കുഞ്ഞില്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വളരെ അപൂര്‍വ്വമാണ്. കൃത്യമായ ഗര്‍ഭകാലപരിശോധനകളും പ്രസവസമയത്ത്  കൃത്യമായി ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതുമെല്ലാം ഈ ഒരു സ്ഥിതി വരാതിരിക്കാന്‍ സഹായിക്കും. കുഞ്ഞിന്റെ ജനനശേഷമുള്ള രണ്ടു വര്‍ഷങ്ങള്‍ അവരുടെ മസ്തിഷ്‌കവളര്‍ച്ചയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ആ സമയത്ത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ, തലച്ചോറിനു ക്ഷതം സംഭവിക്കുന്ന രീതിയിലുള്ള അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഈ അവസ്ഥ ഉണ്ടാകാം. രോഗങ്ങളും അപകടങ്ങളും യഥാസമയം വൈദ്യശ്രദ്ധ നേടാതെ പോകരുത്.  ഗര്‍ഭാവസ്ഥ മുതല്‍ രണ്ടു വയസ് വയസ്സ് വരെ കുഞ്ഞിനെ വളരെ ശ്രദ്ധിക്കണം.

ഗര്‍ഭിണിക്ക് വരുന്ന അഞ്ചാം പനി, ചിക്കന്‍ പോക്‌സ്, റുബെല്ല തുടങ്ങിയവ അപകടകാരികള്‍ ആണ്. ഇവിടെയാണ് ഒരുപാട് എതിര്‍ക്കപ്പെട്ട റുബെല്ല വാക്‌സിന്റെ പ്രസക്തി. നാളത്തെ അമ്മയായ ഇന്നത്തെ കൗമാരക്കാരിക്ക് സ്വസ്ഥതയുള്ള ഒരു കുടുംബജീവിതം കൂടിയാണ് നിര്‍ദോഷമായ ഒരു കുത്തിവെപ്പിലൂടെ നല്‍കപ്പെടുന്നത്. അവളുടെ ശരീരത്തില്‍ വിളര്‍ച്ച തടയാന്‍ വേണ്ടി ഇരുമ്പ് ഗുളിക നല്‍കുന്നതും അവള്‍ ഭാവിയില്‍ ആരോഗ്യത്തോടെ അവളുടെ ശരീരത്തിന്റെ അനിവാര്യതകളിലേക്ക് കടക്കാന്‍ വേണ്ടിയാണ്. അവളുടെ രക്തത്തിലൂടെയാണ് കുഞ്ഞിനു ശ്വാസവും ഭക്ഷണവും അടക്കം സര്‍വ്വം കിട്ടുന്നത്. അമ്മയുടെ രക്തം തന്നെയാണ്  കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം. അടുത്ത തലമുറയുടെ അടിത്തറയാണത്. കുത്തിവെപ്പിനെയും സര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളെയും എതിര്‍ക്കുന്നവര്‍ സത്യത്തില്‍ ഇല്ലാതാക്കുന്നത് എന്തൊക്കെയെന്ന് കൂടി സാമാന്യബോധത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രസവസമയത്ത് അമ്മക്ക് മൂത്രത്തിലുണ്ടാവുന്ന അണുബാധ കുഞ്ഞിലേക്ക് പകരുമ്പോള്‍ ഉണ്ടായേക്കാവുന്ന സെപ്‌സിസ് എന്ന മാരകമായ അണുബാധ, ക്രമാതീതമായ  ഛര്‍ദ്ദിയും വയറിളക്കവും വരുത്തുന്ന നിര്‍ജലീകരണത്താല്‍ തലച്ചോറിലേക്ക് രക്തപ്രവാഹം കുറയല്‍ എന്നിങ്ങനെ സാധാരണ ഗതിയില്‍ അവഗണിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് കൂടി അല്‍പം കരുതല്‍ നന്ന്.

കുത്തിവെപ്പിനെയും സര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളെയും എതിര്‍ക്കുന്നവര്‍ സത്യത്തില്‍ ഇല്ലാതാക്കുന്നത് എന്തൊക്കെയെന്ന് കൂടി സാമാന്യബോധത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.

നിലാവു കാണട്ടെ, ഈ കുഞ്ഞുങ്ങള്‍!
ഒക്യുപേഷണല്‍ തെറാപ്പി, ഫിസിയോതെറാപ്പി, മ്യുസിക് തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിങ്ങനെ മികച്ച ചികിത്സാമാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്.  എല്ലാ കുട്ടികള്‍ക്കും വേണ്ടി അളവ് എടുത്തു തയ്പ്പിച്ചത് പോലുള്ള ചികിത്സകള്‍ സെറിബ്രല്‍ പാല്‍സിക്കില്ല. രണ്ടു  രോഗികള്‍ ഒരിക്കലും ഒരേ പോലെ ആകുകയുമില്ല.കാരണം, തലച്ചോറിന്റെ ഏതു ഭാഗത്തിനാണ് ക്ഷതം സംഭവിച്ചത് എന്നതനുസരിച്ച് ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.ചിലപ്പോള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ചെറിയ കുറവുകള്‍ മാത്രമേ ഉണ്ടാകുകയുമുള്ളൂ.  

കുറച്ചെങ്കിലും കേള്‍വിയുള്ള കുഞ്ഞിനെ പാട്ട് കേള്‍പ്പിച്ചും, പ്രകൃതിയിലെ ശബ്ദങ്ങള്‍ കേള്‍പ്പിച്ചും ശ്രവണശക്തിയെ ഉദ്ദീപിക്കാം. വെളിച്ചത്തോട്  മാത്രം പ്രതികരിക്കുന്ന കുഞ്ഞിനെ വെളിച്ചത്തിന്റെ വിഭിന്ന ഭാവങ്ങള്‍ കാണിക്കാം. പുറത്തേക്കു കൊണ്ട് പോയി നിലാവും നിഴലും കാണിക്കാം. വെയിലും മഴയും കാണിക്കാം. നിറങ്ങള്‍ കാണിച്ചു കൊടുക്കാം. കുഞ്ഞിനു സ്പര്‍ശമെന്ന ഭാഷ പഠിപ്പിക്കാം. വേണ്ടത് ക്ഷമയും സമയവും വാത്സല്യവും മാത്രമാണ്. ഈ കുഞ്ഞുങ്ങളില്‍ അതുണ്ടാക്കുന്ന മാറ്റം അവിശ്വസനീയം തന്നെയായിരിക്കും.

എത്രയൊക്കെ ശ്രമിച്ചാലും എന്തെല്ലാം സഹിച്ചാലും സമൂഹത്തിന്റെ ചിന്താഗതി രാവിരുട്ടി വെളുക്കുമ്പോഴേക്ക് മാറുമെന്നു കരുതാനില്ല. അസംഭവ്യം എന്ന് തന്നെ പറയാം. പിറകോട്ടു വലിക്കുന്നവര്‍ക്കൊന്നും നേട്ടങ്ങള്‍ ഉണ്ടാകില്ല. അപരന്റെ ദു:ഖത്തില്‍ സുഖം കണ്ടെത്തുന്നവരെ ഒരു തരം മാനസികരോഗികളായി കാണുന്നതായിരിക്കും നല്ലത്. സഹതപിക്കാനല്ലാതെ ബഹുമാനിക്കാന്‍ അറിയാവുന്ന ചെറിയൊരു വിഭാഗമെങ്കിലും  ചുറ്റുമുണ്ട് എന്നറിയുക.

വേണ്ടത് ക്ഷമയും സമയവും വാത്സല്യവും മാത്രമാണ്. ഈ കുഞ്ഞുങ്ങളില്‍ അതുണ്ടാക്കുന്ന മാറ്റം അവിശ്വസനീയം തന്നെയായിരിക്കും.

മാറാതിരിക്കില്ല, ലോകം!
ചിന്തകള്‍ പ്രത്യാശാഭരിതമാകണം. വയ്യാത്ത കുഞ്ഞുണ്ട് എന്നത് സത്യം തന്നെ. അതൊന്നിനും ഒരു അന്ത്യമാകരുത്. അമ്മയോളം അച്ഛനോളം വലുതാണ് കുഞ്ഞിനു പുറംലോകം. സായാഹ്‌ന വെയിലില്‍ തിളങ്ങി നില്‍ക്കുന്ന പച്ചയിലകള്‍ നിറഞ്ഞ മുറ്റവും പൂക്കളും മഞ്ഞുമൊന്നും അവര്‍ കാണുന്നില്ലെന്നും അറിയുന്നില്ലെന്നും തീരുമാനിക്കാന്‍ നമ്മളാരുമല്ല. വാര്‍ഡില്‍ തനിച്ചൊരു മൂലയില്‍ വ്യര്‍ത്ഥമായ ശബ്ദങ്ങളുമായി ചുറ്റുപാടിനെ ഭയന്ന് കിടക്കുന്ന മക്കള്‍ക്ക് ഡോക്ടറെ പേടിയാണ്, വല്ലാതെ കരയും അവര്‍. വളഞ്ഞ കൈയും കാലും കുഞ്ഞിനെ കിടക്കയില്‍ നിന്നെടുക്കുമ്പോള്‍ കത്രികപ്പൂട്ട് പോലെയാകും. മരുന്നും ചികിത്സയുമെല്ലാം കഷ്ടപ്പാട് തന്നെ. എന്നാലും കളങ്കം നിറഞ്ഞ ലോകത്ത് നിലത്തു ചവിട്ടി നില്‍ക്കാന്‍ സഹായിക്കുന്ന ചിലതില്‍ പെട്ടതാണ് ഈ മാലാഖക്കുഞ്ഞുങ്ങള്‍. സഹായം ആവശ്യമുള്ളവര്‍, സ്വയം എത്ര അനുഗൃഹീതരാണ് എന്ന് പ്രത്യാശ നഷ്ടപ്പെട്ട ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്ന ചില വ്യക്തികള്‍. അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്.സന്തോഷത്തോടെ, അഭിമാനത്തോടെ.

മുന്നില്‍ ഇരുട്ടെന്ന് തോന്നുന്നവര്‍ ഒന്ന് മാത്രമോര്‍ത്താല്‍ മതി. മലര്‍ന്നു കിടക്കുന്ന കുഞ്ഞ് മാനം മാത്രം കാണും, അവനെ എടുത്തു കൊണ്ട് നടക്കുമ്പോള്‍ അവന്‍ ലോകം കാണും, അല്‍പ്പമെങ്കിലും കോശങ്ങള്‍ തലച്ചോറില്‍ പിടഞ്ഞുണരുന്നുവെങ്കില്‍, അതിനു ഹേതുവാകാന്‍ ആ കാഴ്ചകള്‍ക്കാകും. അവന്റെ ലോകം വലുതാവും. അവന്‍ മാത്രമായി ലോകം ചുരുങ്ങി പോയവരുടെ ലോകവും വലുതാകും.

പതുക്കെപ്പതുക്കെ, ചുറ്റുമുള്ള ലോകവും മാറും. ലോകരുടെ ചിന്താഗതി മാറും. തീര്‍ച്ചയായും, അത് തന്നെയാണ് സംഭവിക്കേണ്ടതും.

 

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:


കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!
വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

 

Follow Us:
Download App:
  • android
  • ios