Asianet News MalayalamAsianet News Malayalam

അവള്‍ നിഴലില്‍ ഒതുങ്ങാതിരിക്കാന്‍ നമുക്കെന്ത് ചെയ്യാനാവും?

Dr Smitha CA on women empowerment
Author
Thiruvananthapuram, First Published Mar 8, 2017, 7:04 AM IST

Dr Smitha CA on women empowerment

ജഹനാരയെപ്പറ്റി കേട്ടിട്ടുണ്ടോ? മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും പ്രിയപത്‌നി മുംതാസിന്റെയും പ്രഥമപുത്രി. മുഗള്‍ചരിത്രത്തില്‍ നിറച്ചാര്‍ത്തുകളില്ലതെ കോറിയിടപ്പെട്ട ഒരു കഥാപാത്രം.പ്രതിഭയും സൗന്ദര്യവും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നിട്ടും ചക്രവര്‍ത്തിമാരുടെയും അവരുടെ  സുന്ദരികളായ പ്രേമഭാജനങ്ങളുടെയും കഥകള്‍ക്കിടയില്‍ ഒരു നിഴല്‍ മാത്രമായി ചരിത്രത്തിലലിഞ്ഞു ഈ രാജകുമാരി. 'നിഴല്‍രാജകുമാരി' എന്നു സ്‌നേഹപൂര്‍വ്വം വിളിച്ച്  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു എഴുത്തുകാരി ഈയിടെ ചരിത്രത്തില്‍ നിന്നും അവരെ പുറത്തെടുത്ത് നിറം നല്‍കിയിരുന്നു. നിറമില്ലാതെ ജീവിച്ചുമരിച്ച ഇത്തരം എത്രയോ രാജകുമാരിമാര്‍ നമ്മുടെ ചരിത്രത്തിലുറങ്ങുന്നുണ്ടാവും? ഓരോ പെണ്‍കുഞ്ഞും സ്വന്തം സ്വപ്നങ്ങളില്‍ രാജകുമാരിമാരാണ് ; യാഥാര്‍ത്ഥ്യത്തില്‍ മറിച്ചും.ആരുടെയൊക്കെയോ നിഴലായി മാത്രമാണ് അധികപങ്കും ഇത്തരം രാജകുമാരിമാരും ജീവിക്കുന്നത്. നാളെയുടെ പെണ്‍കുഞ്ഞുങ്ങളെയെങ്കിലും ഈ നിഴല്‍ജീവിതത്തില്‍ നിന്നും നിറങ്ങള്‍  നിറഞ്ഞ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നമുക്കാകുമോ?

ജഹനാരയെപ്പറ്റി കേട്ടിട്ടുണ്ടോ?

Dr Smitha CA on women empowerment

ഒരു പെണ്‍കുഞ്ഞിനു ജീവിക്കാന്‍  ഏറ്റവും അപകടം  പിടിച്ച രാഷ്ട്രങ്ങളുടെ പട്ടികയില്‍ നാലാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ശാരീരികമായും മാനസികമായും  സാമൂഹികമായും ഒരുപാട് അപായാവസ്ഥകള്‍ അവള്‍ തന്റെ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.ഇതിനായി യാതൊരു വിധ തയ്യാറെടുപ്പോ പരിശീലനമോ മിക്ക കുഞ്ഞുങ്ങള്‍ക്കും ലഭിക്കുന്നുമില്ല. മറിച്ച്, തങ്ങള്‍ക്കഭിമുഖീകരിക്കേണ്ടി വരുന്ന ദുരവസ്ഥകളെ  ഒരു നിയോഗം പോലെ അനുഭവിച്ചുതീര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും നാമവര്‍ക്കുനല്‍കുന്നത്. പൊതുസമൂഹത്തിനു സ്ത്രീകളോടുള്ള മനോഭാവത്തിന്റെ ഒരു പ്രതിഫലനം മാത്രമാണ് പെണ്‍കുഞ്ഞുങ്ങളുടെ നിലവിലുള്ള ശോച്യാവസ്ഥ.സമൂഹത്തിലെ വലിയൊരു ശതമാനവും ഇന്നും അവരെ ഒരു ഭാരമായും രണ്ടാം തരം പൗരന്മാരായും കണക്കാക്കുന്നവര്‍ തന്നെയാണ്. 

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസകാര്യത്തിലും ആരോഗ്യകാര്യത്തിലും ഒരുപടി   മുന്നിലാണെങ്കിലും  ആത്മവിശ്വാസം, സ്വയംപര്യാപ്തത, നേതൃപാടവം, ക്രിയാത്മകചിന്താശേഷി എന്നിങ്ങനെ പല തലങ്ങളിലും  കേരളത്തിലെ പെണ്‍കുഞ്ഞുങ്ങള്‍ പുറകിലാണ്
ആണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പെണ്‍കുഞ്ഞുങ്ങള്‍  ജൈവപരമായി കൂടുതല്‍  അതിജീവനശേഷിയുള്ളവരാണ്. ബാലാരിഷ്ടതകളെ അതിജീവിക്കാനുള്ള കഴിവ് കൂടുതലായും കണ്ടുവരുന്നതും പെണ്കുഞ്ഞുങ്ങളിലാണ്.  ശൈശവകാലത്ത് ആണ്‍കുഞ്ഞുങ്ങളേക്കാള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള നിപുണതയും  പ്രകൃത്യാ പെണ്‍കുഞ്ഞുങ്ങള്‍ക്കാണുള്ളത്. പെണ്‍കുട്ടികള്‍ ആദ്യവര്‍ഷങ്ങളില്‍ കൂടുതല്‍ ആഭിമുഖ്യവും ആവേശവും ജീവിതത്തോടു കാണിക്കുന്നു.  പക്ഷേ കൗമാരാരംഭത്തോടുകൂടി കൂടുതല്‍ ഉള്‍വലിയാനുള്ള പ്രവണതയാണ് അവരില്‍ ഭൂരിഭാഗവും പ്രകടിപ്പിക്കാറുള്ളത്. തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാനും ആത്മവിശ്വാസത്തോടെ  ജീവിതത്തെ അഭിമുഖീകരിക്കാനുമുള്ള പ്രാപ്തിയല്ല, മറിച്ച്  ലോകത്തെയാകെ  ഭയന്ന് ഒതുങ്ങിക്കഴിയാനുള്ള സന്ദേശങ്ങളാണു ജീവിതകാലം മുഴുവന്‍ അവര്‍ക്കു നല്‍കപ്പെടുന്നത്. ഇന്നത്തെ മാറുന്ന സാമൂഹ്യസാഹചര്യങ്ങളില്‍ പുതുതലമുറയിലെ പെണ്‍കുഞ്ഞുങ്ങളെ  അതിജീവന ശേഷിയുള്ളവരാക്കുന്നതിന്  നമ്മുടെ പരമ്പരാഗതരീതികള്‍ സഹായിക്കുന്നുണ്ടോ?നിറങ്ങള്‍ നിറഞ്ഞ ഒരു കുട്ടിക്കാലത്തു നിന്നും ഇരുണ്ട ജീവിതയാഥാര്‍ത്യങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ അവരെ എങ്ങനെയെല്ലാമാണ് സജ്ജരാക്കേണ്ടത്?

പെണ്‍കുഞ്ഞുങ്ങള്‍  ജൈവപരമായി കൂടുതല്‍  അതിജീവനശേഷിയുള്ളവരാണ്.

ആത്മവിശ്വാസം നല്‍കുക
കുഞ്ഞുങ്ങളെ തുടക്കം മുതല്‍ നാമെന്തു ശീലിപ്പിക്കുന്നോ അവരതു പിന്‍തുടരും. മാതാപിതാക്കള്‍ തങ്ങളെ എങ്ങനെ കാണുന്നുവോ അത്തരമൊരു കാഴ്ചപ്പാട് അവരവരെപ്പറ്റിയുണ്ടാക്കാന്‍ കുഞ്ഞുങ്ങള്‍ ശീലിക്കും. കുഞ്ഞുന്നാള്‍ മുതലേ നിങ്ങളുടെ കൊച്ചു രാജകുമാരിയുടെ മനസ്സിലേക്ക് 'മോളെക്കൊണ്ടത്  ചെയ്യാന്‍ സാധിക്കും','പരിശ്രമിച്ചാല്‍ മോള്‍ക്കെന്തുമായിതീരാം'എന്നിങ്ങനെ ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും സന്ദേശങ്ങളയക്കുക.നിങ്ങളുടെ വാക്കുകള്‍ അവളുടെ വിശ്വാസങ്ങളായിത്തീരുംആജീവനാന്തം!

  • തന്റെ അസ്തിത്വത്തിലും മനോഭാവങ്ങളിലും പ്രവര്‍ത്തികളിലും നിങ്ങള്‍ക്ക് അഭിമാനം അനുഭവപ്പെടുന്നുണ്ട് എന്ന് കുഞ്ഞിനു ബോദ്ധ്യമാവുന്ന രീതിയില്‍ പെരുമാറുക.
  • പെണ്‍കുഞ്ഞാണ് എന്നത് ഒരു ഭാരമായോ, ബുദ്ധിമുട്ടായോ കുട്ടിയുടെ മുന്നില്‍ വച്ചവതരിപ്പിക്കാതിരിക്കുക
  • മകളില്‍ വിശ്വാസവും പ്രതീക്ഷകളും ഉണ്ട് എന്ന് ബോധ്യമാക്കുന്ന രീതിയില്‍ ഇടപെടുക.
  • കുടുംബവുമായി ബന്ധപ്പെട്ട പ്രധാനകാര്യങ്ങളില്‍ തീരുമാനങ്ങ ളെടുക്കുമ്പോള്‍ കുട്ടിയുടെ അഭിപ്രായങ്ങള്‍ ആരായുക.
  • വീട്ടില്‍ കുട്ടിയുടെ ആശയങ്ങളെ നിര്‍ഭയം പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുക
  • കുഞ്ഞിന്റെ കഴിവുകളെ, അതെത്ര ചെറുതായാലും, പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുക
  • 'നീ മിടുക്കിയാണ്' എന്ന് അലക്ഷ്യമായി പറയുന്നതിന് പകരം വ്യക്തമായി കഴിവിനെപ്പറ്റി സൂചിപ്പിക്കുക ഉദാ:'നന്നായി പാടുന്നുണ്ട് ''ഭംഗിയായി എഴുതിയിരിക്കുന്നു '
  • പ്രശംസ നല്‍കുമ്പോള്‍ അത് ഇല്ലാത്ത കഴിവുകള്‍ക്കായിരിക്കരുത്. മറിച്ച് ശരിക്കും ഉള്ള കഴിവുകള്‍ക്കായിരിക്കണം എന്നോര്‍ക്കുക.
  • കുഞ്ഞിനെന്തെല്ലാം സാധിക്കും എന്തെല്ലാം സാധിക്കില്ല എന്നതിനെപ്പറ്റിയുള്ള മാതാപിതാക്കളുടെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുക
  • കുട്ടിക്ക് വേണ്ടതെന്തെന്ന് മുതിര്‍ന്നവര്‍ തീരുമാനമെടുത്തു നടപ്പാക്കുന്ന ശീലം ഒഴിവാക്കുക
  • കുട്ടിയെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് ഒഴിവാക്കുക.
  • കുട്ടിയുടെയോ കുടുംബത്തിലെയോ പ്രശ്‌നങ്ങള്‍ക്ക്  ഉത്തരവാദിത്തം ഏറ്റെടുത്തു കുട്ടി  സ്വയം  കുറ്റപ്പെടുത്തുന്ന പ്രവണത വളര്‍ത്തുന്നതും  ഒഴിവാക്കുക
  • തങ്ങള്‍ കൂടെയുണ്ടെന്ന ഉറപ്പ് എപ്പോഴും കുഞ്ഞിനു നല്‍കുക.

വിവാഹമല്ല  ജീവിതത്തിലെ ആത്യന്തിക ലക്ഷ്യമെന്ന്  അവരെ  ബോധ്യപ്പെടുത്തുക

ബൗദ്ധികവികാസം  ഉറപ്പു വരുത്തുക
ഈ  ലോകത്തെ  നേരിടാന്‍ മികച്ച ധിഷണാശേഷിയും  ചിന്താശക്തിയും അത്യന്താപേക്ഷിതമാണ്. ജീവിതത്തിന്റെ വിവിധതലങ്ങളില്‍ മുന്നേറുവാനുള്ള അറിവാര്‍ജ്ജിക്കാനും അത്  വേണ്ടപ്പോള്‍ വേണ്ടിടത്ത്  പ്രകടിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതുമുണ്ട്. വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ച്  അവരെ ബോധവല്‍ക്കരിക്കുക. സ്വയം മാതൃകയായും കുഞ്ഞുനാള്‍ മുതലേ പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിച്ചും നല്ല പുസ്തകങ്ങള്‍ സമ്മാനം നല്‍കിയുമെല്ലാം വായനാശീലം വളര്‍ത്തിയെടുക്കുകയും വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക. അവ നല്ലരീതിയില്‍ രൂപപ്പെടുത്തിയെടുത്ത് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാന്‍ അവരെ സഹായിക്കുക. ഒരു ജീവിതലക്ഷ്യം വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുകയും അതിന്റെ സാത്ക്ഷാത്കാരതിനായി പരിശ്രമിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുകയും ചെയ്യുക.  അറിവുനേടുന്നത് പരീക്ഷകളില്‍ വിജയിക്കാന്‍ മാത്രമല്ല ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കാന്‍ കൂടിയാണെന്ന സന്ദേശം അവര്‍ക്ക് നല്‍കുക.വിവാഹമല്ല  ജീവിതത്തിലെ ആത്യന്തിക ലക്ഷ്യമെന്ന്  അവരെ  ബോധ്യപ്പെടുത്തുക

സ്വന്തം ചുവടുറപ്പിക്കാന്‍ സ്വയം പര്യാപ്തരാവേണ്ടത് അത്യന്താപേക്ഷിതമാണ്.

പെണ്‍കുട്ടികളുടെ ജോലികള്‍ എന്നൊന്നില്ല
മാറുന്ന ലോകത്ത് സ്വന്തം ചുവടുറപ്പിക്കാന്‍ സ്വയം പര്യാപ്തരാവേണ്ടത് അത്യന്താപേക്ഷിതമാണ്.എന്തിനും ഏതിനും മറ്റൊരാളെ ആശ്രയിക്കുന്ന ഇന്നത്തെ രീതിയില്‍നിന്നും പെണ്‍കുട്ടികളെ മുന്നോട്ടുനടത്തേണ്ടതുണ്ട്. കുഞ്ഞുന്നാള്‍ മുതലേ അതിനായി അവരെ പരിശീലിപ്പിക്കണം.ആവശ്യങ്ങള്‍ തുറന്നു പറയാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും കുട്ടികള്‍ക്കവസരം നല്‍കുവാന്‍ ശ്രദ്ധിക്കുക.തീരുമാനങ്ങള്‍ സ്വന്തമായെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്യുക. ഉപരിപഠനം,തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ച് തീരുമാനമെടുക്കുമ്പോള്‍  കുഞ്ഞിന്റെ താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക പ്രായാനുസൃതമായ ജോലികള്‍ കുട്ടിയെ ഏല്‍പ്പിക്കുക. അവ എങ്ങിനെയാണ് ചെയ്യേണ്ടതെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.

പെണ്‍കുട്ടികളുടെ ജോലികള്‍ എന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള പാചകം,വീട് വൃത്തിയാക്കല്‍ എന്നിവ മാത്രം പരിശീലിപ്പിക്കുക എന്ന യാഥാസ്തിതികരീതിയില്‍ നിന്നും മാറി എല്ലാ തലങ്ങളിലും സ്വയംപര്യാപ്തത നല്‍കുന്ന തരം ജോലികളും ശീലിപ്പിക്കുക ഉദാ:കേടു  വന്ന ടാപ്പ് നന്നാക്കുക, വാഹനത്തിന്റെ ടയര്‍ മാറ്റിയിടുക തുടങ്ങിയവ. അതോടൊപ്പം തന്നെ ആത്മരക്ഷാമാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുകയും (ഉദാ:നീന്തല്‍,ആത്മസംരക്ഷണത്തിനുതകുന്ന ആയോധനമുറകള്‍ എന്നിവ) പ്രശ്‌നങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക. ചുറ്റുപാടുകളെപ്പറ്റി സ്വന്തമായ അന്വേഷണനിരീക്ഷണങ്ങള്‍ നടത്തി സ്വന്തം ധാരണകള്‍ രൂപപ്പെടുത്താന്‍  അവസരമൊരുക്കുന്നതും ജീവിതവിജയത്തിനവരെ സഹായിക്കും.

വ്യക്തിത്വം, അറിവ് ,പ്രകടനമികവ് എന്നിവയും സൗന്ദര്യത്തിന്റെ ഭാഗമാണെന്ന ആശയം മകള്‍ക്ക് നല്‍കുക.

ശരീരം, സൗന്ദര്യം, ആരോഗ്യം
പെണ്‍കുട്ടികളെ അണിയിച്ചൊരുക്കി നടത്താന്‍ എല്ലാ അച്ഛനമ്മമാര്‍ക്കും വളരെ ഇഷ്ടമാണ്.ഞൊറി വച്ച ഉടുപ്പുകളും,കുഞ്ഞുവളകളും മാലകളും കുഞ്ഞുമനസ്സുകളില്‍ നിറം ചാര്‍ത്തുന്നു.ഒരാണ്‍കുഞ്ഞിനെ ഒരുക്കുന്നതിനെക്കാളും അവനു  വസ്ത്രം തെരഞ്ഞെടുക്കുന്നതിനെക്കാളും  കൂടുതല്‍  സമയം ഇത്തരം ആവശ്യങ്ങള്‍ക്കായി പെണ്‍കുട്ടിക്ക് ചെലവഴിക്കുന്നു നമ്മള്‍.ഫലമോ, സ്വന്തം രൂപഭംഗിയേയും  വസ്ത്രധാരണത്തെയും പറ്റി പെണ്‍കുട്ടികള്‍  കൂടുതല്‍ ഔത്സുക്യം കാണിക്കാനാരംഭിക്കുന്നു. ശരീരം,ബാഹ്യസൗന്ദര്യം എന്നിവക്കപ്പുറം സ്വന്തം വ്യക്തിത്വത്തെപ്പറ്റിയും കഴിവുകളെപ്പറ്റിയും കുട്ടികളെ അറിവുള്ളവരാക്കണം.അതോടൊപ്പം തന്നെ  സ്വശരീരത്തെപ്പറ്റി ആത്മവിശ്വാസം വളര്‍ത്തുകയും  വേണം. ശരീരത്തെക്കുറിച്ചുള്ള കുട്ടിയുടെ  സംശയങ്ങളെ ഒരിക്കലും  അവഗണിക്കാതിരിക്കുക, അവയ്ക്ക്   വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുക,അതവരെ  ആത്മവിശ്വാസമുള്ളവരാക്കിത്തീര്‍ക്കും.കുട്ടിയുടെ സൗന്ദര്യസങ്കല്പങ്ങളെ അംഗീകരിക്കുകയും സ്വന്തം രൂപഭംഗിയെക്കു റിച്ചുള്ള  കുട്ടിയുടെ ചോദ്യങ്ങളെ ബഹുമാനിക്കുകയും  ചെയ്യുക.

ബാഹ്യസൗന്ദര്യം മാത്രമല്ല പ്രധാനം, മറിച്ചു വ്യക്തിത്വം, അറിവ് ,പ്രകടനമികവ് എന്നിവയും സൗന്ദര്യത്തിന്റെ ഭാഗമാണെന്ന ആശയം മകള്‍ക്ക് നല്‍കുക. മാധ്യമങ്ങളില്‍ കാണുന്ന സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളെല്ലാം യഥാര്‍ത്ഥമാകണമെന്നില്ല  എന്ന അവബോധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. കുട്ടിക്ക് സൗകര്യപ്രദവും ഇണങ്ങിയതുമായ  വസ്ത്രധാരണം പ്രോത്സാഹിപ്പിക്കുകയും മെലിഞ്ഞിരിക്കുന്നത് മാത്രമാണ് രൂപഭംഗി എന്ന ചിന്തയില്‍ ഭക്ഷണം ഉപേക്ഷിക്കാനുള്ള പ്രവണത നിരുല്‍സാഹപ്പെടുത്തുകയും  പ്രായത്തിനും ഉയരത്തിനും അനുയോജ്യമായ തൂക്കം നിലനിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും വേണം.ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുകയും    വ്യായാമം,കായികവിനോദങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

ആര്‍ത്തവത്തെക്കുറിച്ചും,  ശരീരശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്രീയമായ  അറിവ് നല്‍കേണ്ടതും  അവശ്യമാണ് .മാനസീകാരോഗ്യത്തെക്കുറിച്ചും ജീവിതനൈപുണ്യത്തെക്കുറിച്ചും മാതാപിതാക്കളും അധ്യാപകരും അറിവുനേടേണ്ടതും അവ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതും അത്യാവശ്യമാണ്.    കൌമാരകാലത്തുണ്ടാകുന്ന ശരീരമാറ്റങ്ങളെക്കുറിച്ച് കുട്ടിയെ ബോധവല്‍ക്കരിക്കുക. സ്വാഭാവികശരീരമാറ്റങ്ങളില്‍ അപകര്‍ഷതാബോധം വച്ചുപുലര്‍ത്താതിരിക്കാന്‍ ഇതൊരു പരിധി വരെ സഹായിക്കും.

സ്ത്രീയെന്ന അനന്യത ജീവിതകാലമത്രയും ഒരു പെണ്‍കുട്ടി  അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വിഷയമാണ്.

ലൈംഗികത, ലിംഗവിവേചനം, ലിംഗധര്‍മം
സ്ത്രീയെന്ന അനന്യത ജീവിതകാലമത്രയും ഒരു പെണ്‍കുട്ടി  അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വിഷയമാണ്. സമൂഹം ചാര്‍ത്തിനല്‍കുന്ന  ലിംഗധര്‍മങ്ങളെക്കുറിച്ചും(gender roles), ലൈംഗികതയെക്കുറിച്ചും  നിലവിലുള്ള അസമത്വങ്ങളെക്കുറിച്ചും  കുട്ടിക്കറിവുനല്‍കാന്‍ തുടക്കം മുതലേ ശ്രമിക്കണം .ഇതൊരിക്കലും കുട്ടിയുടെ സ്വത്വബോധത്തെ താഴ്ത്തിക്കെട്ടുന്ന രീതിയിലാകരുതെന്നും ഓര്‍മ്മിക്കണം .സ്ത്രീക്കും പുരുഷനും പ്രകൃതിപരമായുള്ള തുല്യ പ്രാധാന്യത്തെക്കുറിച്ചും അറിവുനല്‍കണം .

  • ലിംഗധര്‍മത്തെക്കുറിച്ചും, നിലവിലുള്ള ലിംഗവിവേചന പ്രവണതകളെക്കുറിച്ചും പ്രായാനുസൃതമായി അവബോധം നല്‍കുക
  • ദൈനംദിന ജീവിതത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി അവയിലെ ശരിതെറ്റുകള്‍ മനസ്സിലാക്കികൊടുക്കുക
  • പെണ്‍കുട്ടി/ സ്ത്രീ എന്ന നിലയ്ക്ക് സമൂഹത്തിലുള്ള അവകാശങ്ങളെക്കുറിച്ചു പഠിപ്പിക്കുക
  • ആത്മധൈര്യത്തോടെ സ്വന്തം ആവശ്യങ്ങളും അവകാശങ്ങളും ചോദിച്ചുവാങ്ങാന്‍ പരിശീലിപ്പിക്കുക
  • ലിംഗവിവേചനത്തെയും ലൈംഗികാതിക്രമങ്ങളെയും ചെറുക്കുന്നതിനും നിയമസഹായം തേടുന്നതിനും വിമുഖത കാണിക്കേണ്ടതില്ല എന്ന അറിവ് നല്‍കുക.
  • പെണ്‍കുട്ടിയായതുകൊണ്ട് ജീവിതാഭിലാഷങ്ങള്‍ക്ക് തടയിടേണ്ടതില്ല എന്നു പറയാനുള്ള അവസരങ്ങളെല്ലാം വിനിയോഗിക്കുക. ഉദാ: ടി വി കാണുമ്പോള്‍ വിവിധ തുറകളിലുള്ള സ്ത്രീകളെക്കുറിച്ച് പറഞ്ഞുകൊടുക്കാം
  • ശക്തരായ സ്ത്രീ മാതൃകകളെ ചൂണ്ടിക്കാണിക്കുക
  • സ്ത്രീപ്രാധാന്യമുള്ള പുസ്തകങ്ങളും സിനിമകളും പ്രോത്സാഹിപ്പിക്കുക.
  • സമര്‍ത്ഥരായ സ്ത്രീ ഭരണാധികാരികളുടെയും മറ്റു നേട്ടങ്ങള്‍ കൊയ്ത സ്ത്രീകളുടെയും ജീവചരിത്രങ്ങളും അവരെക്കുറിച്ചുള്ള  വിവരങ്ങളും വായിച്ചറിയുവാന്‍ കുട്ടിക്കു പ്രചോദനം നല്‍കുക.സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും വികസിപ്പിക്കാനുമുള്ള പ്രേരണയാകുമത്.
Follow Us:
Download App:
  • android
  • ios