Asianet News MalayalamAsianet News Malayalam

'ലോകാരോഗ്യ സംഘടന മാപ്പു പറയുന്നു; പിന്നെയാണ് നമ്മള്‍ ഈ ചെറിയ ഡോക്ടര്‍മാര്‍'

  • ഡോ. എസ്. എസ്. ലാല്‍ എഴുതുന്നു
Dr SS Lal on medical sector

രോഗിയുടെ പോക്കറ്റില്‍ നിന്നും പ്രൊഫസര്‍ തപ്പിയെടുത്തത് ബീഡികളാണെന്ന് അപ്പോഴേയ്ക്കും ഞങ്ങള്‍ കണ്ടിരുന്നു. അയാള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത സാധനം. പ്രൊഫസര്‍ അത് ചുരുട്ടി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.

Dr SS Lal on medical sector

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്റെ എം.ബി.ബി.എസ്. പഠനം കഴിഞ്ഞത് 1990-ല്‍ ആണ്. അതിനുശേഷം ശസ്ത്രക്രിയ വിഭാഗത്തില്‍ ഒരു ട്രെയിനിങ്ങിന് ചേര്‍ന്നു. ഡിപ്.എന്‍ബി. ട്രെയിനിങ് എന്നു പറയും. ഒരുവര്‍ഷം കഴിഞ്ഞ് ഞാനത് വിട്ടു, മറ്റൊരു മേഖലയിലേയ്ക്ക് കടന്നപ്പോള്‍. എന്നാല്‍ വലിയ ശസ്ത്രക്രിയകളില്‍, അറിയപ്പെടുന്ന വിദഗ്ദ്ധരോടൊപ്പം, സഹായിയായി പങ്കെടുക്കാനും ചെറിയ ശസ്ത്രക്രിയകള്‍ സ്വയം ചെയ്യാനും കഴിഞ്ഞത് അക്കാലത്തായിരുന്നു. 

ജീവിതത്തില്‍ രോഗങ്ങളുണ്ടാക്കുന്ന വലിയ പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യര്‍ വന്നെത്തുന്ന സ്ഥലമാണ് ശസ്ത്രക്രിയ വിഭാഗം. ഒരു ചെറിയ കാലയളവില്‍ അവിടെ നിന്നും കിട്ടിയ വലിയ പാഠങ്ങളുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ടതും എന്നാല്‍  മെഡിക്കല്‍ പുസ്തകങ്ങളില്‍ എഴുതി വച്ചിട്ടില്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍.

മെഡിക്കല്‍ കോളേജിലെ ഓരോ കട്ടിലിനും ഒരുപാട് കഥകള്‍ പറയാനുണ്ടാവും. പല നാട്ടുകാരുടെ, പ്രായക്കാരുടെ, മതക്കാരുടെ കഥകള്‍.  വലിയ വേദനയോടെ വന്ന് രോഗം മാറി സന്തോഷമായി തിരികെ വീട്ടില്‍ പോയവര്‍. ചിരിയോടെ വന്ന് മൃതശരീരമായി തിരികെപ്പോയവര്‍. അങ്ങനെ രോഗങ്ങള്‍ മനുഷ്യരുടെ ജീവിതങ്ങള്‍ മാറ്റിമറിച്ച നിരവധി കഥകള്‍. ഇതൊന്നും കഥകളായി മെഡിക്കല്‍ പുസ്തകങ്ങളില്‍ ഇല്ല. ഇതൊക്കെ നമുക്കു മുന്നിലെ യാഥാര്‍ഥ്യങ്ങളാകുമ്പോള്‍ അവയോട് പ്രതികരിക്കാന്‍ പഠിക്കുന്നത് കണ്ടും കേട്ടുമാണ്. കണ്മുന്നിലെ അനുഭവങ്ങളില്‍ നിന്ന്. പരിചയസമ്പന്നരായ അധ്യാപകരുടെ ഇടപെടലുകളില്‍ നിന്ന്. തഴക്കം വന്ന നഴ്സുമാരില്‍ നിന്ന്. ഇതര ജീവനക്കാരില്‍ നിന്ന്.ഏറ്റവും കൂടുതല്‍, രോഗങ്ങളുമായി മല്ലിട്ട് വാര്‍ഡുകളില്‍ക്കിടന്ന നിസ്സഹായരായ ഒരുപാട് സാധാരണ മനുഷ്യരില്‍ നിന്ന്. ആകാംക്ഷ കവര്‍ന്ന അവരുടെ മുഖങ്ങളില്‍ നിന്ന്. അവരുടെ കാപട്യമില്ലാത്ത വാക്കുകളില്‍ നിന്ന്.

അയാളുടെ പാദത്തില്‍ മരുന്നുവച്ച് കെട്ടിയിരിക്കുന്നു. കടുത്ത ദുര്‍ഗന്ധമാണ് കാലില്‍ നിന്നും വമിക്കുന്നത്.

ഞാന്‍ പ്രവര്‍ത്തിച്ച യൂണിറ്റിന്റെ തലവന്‍ ശസ്ത്രക്രിയരംഗത്ത്  അക്കാലത്തെ മുതിര്‍ന്ന പ്രൊഫസറായിരുന്നു. അതിലുപരി ഒരു നല്ല മനുഷ്യന്‍. തികച്ചും മാന്യന്‍. മൃദുഭാഷി. അദ്ദേഹത്തേക്കാള്‍ നന്നായി ശസ്ത്രക്രിയ ചെയ്യുന്നവര്‍ അന്നും ഇന്നും ഉണ്ടാകാം. പക്ഷേ, മുഴുവന്‍ ശസ്ത്രക്രിയ വിദഗ്ദ്ധരും അദ്ദേഹത്തെപ്പോലെ നല്ല മനുഷ്യരാണെന്ന് തോന്നിയിട്ടില്ല. ഒരുപക്ഷേ, എന്റെ പരിചയത്തിന്റെ കുറവോ വിശകലനത്തിന്റെ പരിമിതിയോ ആകാം. എന്റെ ശസ്ത്രക്രിയ ട്രെയിനിങ്ങിന്റെ ആറുമാസം അദ്ദേഹത്തിന്റെ കൂടെയായിരുന്നു.

നല്ല ഉയരവും ചന്തവുമൊക്കെയുള്ള പ്രൊഫസര്‍. കുറച്ചുനാള്‍ ഇംഗ്ലണ്ടിലായിരുന്നു. ഇംഗ്ലീഷ് ജീവിതത്തിന്റെറ സ്വാധീനം അദ്ദേഹത്തിന്റെ വേഷത്തിലും വര്‍ത്തമാനത്തിലും പെരുമാറ്റത്തിലും പ്രതിഫലിച്ചിരുന്നു. കൂടാതെ, ഞെളിഞ്ഞ് തന്‍േറടത്തോടെയുള്ള നില്‍പ്പ്. നടപ്പ്. ചെകിട്ടില്‍ സാധാരണയിലും അല്പം നീണ്ട് താഴോട്ടിറങ്ങിയ കൃതാവ്. വെള്ളയോ ഇളം നിറങ്ങളിലോ ഉള്ള മുഴുക്കയ്യന്‍ ഷര്‍ട്ട്. ഭംഗിയുള്ള ടൈ. കഴുത്തില്‍ സ്‌റ്റെസ്‌കോപ്പ്. കാല്‍മുട്ടിനു താഴേയ്ക്ക് നീണ്ട വെള്ളക്കോട്ട്. പോളീഷിട്ട് തിളങ്ങുന്ന ഷൂസ്. ഇതെല്ലാം കൂടി അദ്ദേഹത്തിന്റെ രൂപം കൂടുതല്‍ ആകര്‍ഷകമാക്കി. നഗരത്തില്‍ അദ്ദേഹത്തിന് മാത്രമുള്ള ഒരിനം വിദേശനിര്‍മ്മിത കാറ്. അതിലായിരുന്നു യാത്ര. വിദേശ കാറുകള്‍ അപൂര്‍വമായിരുന്നു അക്കാലത്ത് ആ കാറും ഒരു കാഴ്ചയായിരുന്നു. 

ഇംഗ്ലീഷ് ആക്രമണത്തില്‍ അവിടവിടെ പരിക്കേറ്റ മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ വര്‍ത്തമാനം. കടുത്ത മലയാളം വാക്കുകള്‍ അദ്ദേഹത്തിന് വഴങ്ങില്ല. ഇടയ്ക്ക് തപ്പുമ്പോള്‍ ഇംഗ്ലീഷ് വാക്ക് പറയും. എങ്കിലും എല്ലാ രോഗികളോടും ഒപ്പമുള്ള ഡോക്ടര്‍മാരോടും നല്ല മധുരമായാണ് സംസാരിക്കുക. ദേഷ്യത്തില്‍ ഒരു വാക്കു പറയുന്നതോ ആരോടെങ്കിലും മോശമായി പെരുമാറുന്നതോ കണ്ടിട്ടില്ല. 

ഒരു ദിവസം ഞങ്ങളുടെ യൂണിറ്റിന്റെ പ്രഭാത റൗണ്ട്‌സ്. എട്ടുമണി മുതല്‍ വാര്‍ഡുകളിലൂടെ പ്രൊഫസര്‍ നയിക്കുന്ന ജാഥയാണ് റൗണ്ട്‌സ്.  മറ്റുള്ളവര്‍ സീനിയോറിറ്റി പ്രകാരം പ്രൊഫസറുടെ പിന്നില്‍ അണിനിരക്കുന്നു. മുതിര്‍ന്ന നഴ്സ് പ്രൊഫസര്‍ക്കൊപ്പം മുന്നില്‍ത്തന്നെയുണ്ടാകും. വാര്‍ഡിലെ  കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അവര്‍ക്കാണല്ലോ. രോഗികളുടെ കേസ് ഷീറ്റ് ബുക്കുകളും അത്യാവശ്യം ഉപകരണങ്ങളും മരുന്നുകളുമൊക്കെ വച്ച ട്രോളിയും അവരുടെ കസ്റ്റഡിയില്‍.

ഞങ്ങള്‍ 19 ാ0 വാര്‍ഡിലാണ് റൗണ്ട്സ് തുടങ്ങിയത്. ഉണങ്ങിമെലിഞ്ഞ ഒരു രോഗി. കുറച്ച് ആഴ്ചകളായി അയാള്‍ ആ വാര്‍ഡില്‍ എത്തിയിട്ട്. അയാളുടെ കട്ടിലിനു മുന്നിലാണ് ഞങ്ങള്‍. അയാളുടെ പാദത്തില്‍ മരുന്നുവച്ച് കെട്ടിയിരിക്കുന്നു. കടുത്ത ദുര്‍ഗന്ധമാണ് കാലില്‍ നിന്നും വമിക്കുന്നത്. ത്രോമ്പോഅഞ്ചൈറ്റിസ് ഒബ്ലിറ്ററന്‍സ് (ടി.എ.ഒ) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു രോഗമാണയാള്‍ക്ക്. സ്ഥിരം പുകവലിക്കാരില്‍ രക്തക്കുഴലുകള്‍ നീരുകെട്ടി അടഞ്ഞുപോയി രക്തമെത്താതെ കാലിന്റെയും കയ്യുടെയുമൊക്കെ അഗ്രഭാഗങ്ങള്‍ പട്ടുപോകുന്ന, അഴുകിപ്പോകുന്ന, അവസ്ഥ. പട്ടുപോയ ഭാഗങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹനീയമാണ്. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ജീവനറ്റ ഭാഗങ്ങള്‍ മുറിച്ചുകളയേണ്ടിയും  വരും.

ടി.എ.ഒ. വന്നവര്‍ പിന്നൊരിക്കലും പുക വലിക്കരുത്. അതും ചികിത്സയുടെ ഭാഗമാണ്. പ്രൊഫസര്‍ എന്നും അയാളെ അത് ഓര്‍മ്മിപ്പിക്കും. മാസങ്ങളായി പുകവലി നിര്‍ത്തിയിട്ട് എന്നയാള്‍ പറയാറുണ്ടായിരുന്നു. അതിനു പ്രൊഫസര്‍ അയാളെ അഭിനന്ദിക്കുമായിരുന്നു.

പ്രൊഫസര്‍ എല്ലാരോടുമെന്നതുപോലെ ഈ രോഗിയോടും വളരെ മയത്തിലാണ് സംസാരിക്കുക. അയാളുടെ രോഗാവസ്ഥയോടുള്ള സഹാനുഭൂതിയും പ്രൊഫസറുടെ മുഖത്തു കാണാം. മരുന്നുകള്‍ നല്‍കിയും അഴുകുന്ന ഭാഗങ്ങള്‍ വൃത്തിയോടെ പരിചരിച്ചും പാദത്തിന്റെ കുറേ ഭാഗങ്ങളെങ്കിലും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പ്രൊഫസര്‍. കാലില്‍ നിന്നും കഴിയുന്നത്ര കുറച്ചുഭാഗം മാത്രം മുറിച്ചുകളയാനുള്ള ശ്രമം.

പ്രൊഫസര്‍ അയാളുടെ കാല് അന്നും പരിശോധിച്ചു. മറ്റു പരിശോധനകളും നടത്തി. നല്‍കിക്കൊണ്ടിരിക്കുന്ന മരുന്നുകളുടെ അളവുകളില്‍ ചില മാറ്റങ്ങള്‍ വരുത്തി. അപ്പോഴേയ്ക്കും അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. പ്രൊഫസര്‍ അയാളോട് ചില കുശലാന്വേഷണങ്ങള്‍ നടത്തി. അരികില്‍ അയാളുടെ ഭാര്യയുമുണ്ടായിരുന്നു. അവരോടും രണ്ടു വാക്കു പറഞ്ഞു. എങ്ങനെയെങ്കിലും തന്റെ കാല് രക്ഷപ്പെടുത്തിത്തരണമെന്ന് രോഗി തൊഴുകൈയ്യോടെ പ്രൊഫസറോട് പറഞ്ഞു. വല്ലാത്ത ദൈന്യമായിരുന്നു അയാളുടെ മുഖത്ത്. അത്യാവശ്യം കുത്തി നടക്കാന്‍ അയാള്‍ ഉപയോഗിക്കുന്ന ഒരു താങ്ങുവടി കട്ടിലിന്റെ തലയ്ക്കല്‍. എല്ലാ ദുരിതങ്ങള്‍ക്കും മൂകസാക്ഷിയായി. 

പെട്ടെന്നാണ് അത് സംഭവിച്ചത്. പ്രൊഫസര്‍ അല്‍പ്പം മുന്നോട്ടാഞ്ഞു. രോഗിയുടെ അടുത്തേയ്ക്ക്. എന്തിന്റെയോ മണം  പിടിക്കുന്നതുപോലെ അദ്ദേഹം ഉള്ളിലേയ്ക്ക് ശ്വാസം വലിച്ചു. പിന്നെ നടന്ന കാര്യങ്ങളെ അതേ  വേഗത്തില്‍ പിന്തുടരാന്‍ കണ്ണുകള്‍ക്ക് കഴിയാതെപോയി. പ്രൊഫസര്‍ രോഗിയുടെ ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് അതിവേഗത്തില്‍ കയ്യിട്ടു. ഞൊടിയിടയില്‍ ആ പോക്കറ്റിനുള്ളില്‍ നിന്ന് എന്തോ തപ്പിയെടുത്തു. എന്താണ് കയ്യില്‍ കിട്ടിയതെന്ന് ഞങ്ങള്‍ കാണുന്നതിനു മുമ്പ് അദ്ദേഹം ഉച്ചത്തില്‍ അലറി വിളിച്ചു. 'എടാ നായേടെ മോനേ .....' ആ അലര്‍ച്ചക്കിടയില്‍ അദ്ദേഹം രോഗിയുടെ മുഖത്തേയ്ക്ക് കയ്യും ഓങ്ങിയിരുന്നു. അയാള്‍ പെട്ടെന്ന് മുഖം വെട്ടിച്ചതിനാല്‍ അടികിട്ടിയില്ല. പ്രൊഫസര്‍ നിന്ന് വിറയ്ക്കുകയായിരുന്നു. വീണ്ടും അദ്ദേഹം ദേഷ്യത്തില്‍ പറഞ്ഞു. 'നിന്നോട് എത്രപ്രാവശ്യം ഞാന്‍ പറഞ്ഞു, ബീഡി വലിക്കരുതെന്ന്'. അത് പറഞ്ഞപ്പോള്‍ പ്രൊഫസറുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

രോഗിയുടെ പോക്കറ്റില്‍ നിന്നും പ്രൊഫസര്‍ തപ്പിയെടുത്തത് ബീഡികളാണെന്ന് അപ്പോഴേയ്ക്കും ഞങ്ങള്‍ കണ്ടിരുന്നു. അയാള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത സാധനം. പ്രൊഫസര്‍ അത് ചുരുട്ടി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.

'നിന്റ കാല്  പകുതി പട്ടിരിക്കുന്നത് നിനക്ക് കണ്ടൂടേ. നിന്റെയീ കാല് എങ്ങനെയെങ്കിലും രക്ഷപെടുത്തിയെടുക്കാന്‍ നോക്കുമ്പോള്‍ നീ തോന്നിവാസം കാണിക്കുന്നോ? എന്നോടുതന്നെ നീയിത് ചെയ്യണം. ദുഷ്ടാ...'

എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളെല്ലാം നിന്നു. 

'ഇയാളുടെ പേര് വെട്ടി വിടുകയാ സിസ്റ്റര്‍. എവിടെയെങ്കിലും പൊയ്‌ക്കോട്ടേ'- നഴ്‌സിനെ നോക്കി പ്രൊഫസര്‍ പറഞ്ഞു. 

പ്രൊഫസറിന് കൂടുതല്‍ സംസാരിക്കാന്‍ കഴിയാതായി. വീണ്ടും എന്തോ പറയാന്‍ ശ്രമിച്ച അദ്ദേഹം വിതുമ്പിപ്പോയി. പെട്ടെന്ന് രോഗി പൊട്ടിക്കരഞ്ഞു. ഇനി താനിത് ചെയ്യില്ലെന്ന് പറഞ്ഞുകൊണ്ട്. അയാളുടെ ഭാര്യയും മുഖം പൊത്തിക്കരഞ്ഞു. മാപ്പാക്കണം സാറേ എന്നവര്‍ കേണു. പ്രൊഫസര്‍ക്കൊപ്പം നിന്ന നഴ്സ് വളരെ കര്‍ക്കശക്കാരിയായിരുന്നു. പക്ഷേ , ഞാന്‍ നോക്കുമ്പോള്‍ അവര്‍ വെള്ള സാരിത്തുമ്പുകൊണ്ട് കണ്ണുകള്‍ തുടയ്ക്കുന്നു. പ്രൊഫസറുടെ കൂടെയുണ്ടായിരുന്ന ഞങ്ങളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു. ഒരു വനിതാ ഹൌസ് സര്‍ജന്‍ കണ്ണില്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച തുള്ളികള്‍ അവരുടെ കവിളിന് മുന്നിലൂടെ പൊട്ടിയൊലിച്ചു.

അപ്പോഴാണ് അത് ശ്രദ്ധിച്ചത്. ആ വാര്‍ഡില്‍ പൂര്‍ണ്ണ നിശ്ശബ്ദതയായിരുന്നു. അവിടത്തെ ബാക്കി ഡോക്ടര്‍മാരും ജീവനക്കാരും പണിനിര്‍ത്തി ഞങ്ങളെ നോക്കിനില്‍ക്കുന്നു. മറ്റ്  കട്ടിലുകളിലെ രോഗികളും അവരുടെ കൂട്ടിരുപ്പുകാരുമൊക്കെ നോക്കുന്നത് ഞങ്ങളെത്തന്നെ. പെട്ടെന്ന് പ്രൊഫസര്‍ ഞങ്ങളുടെ യൂണിറ്റിലെ സീനിയറായ അസോസിയേറ്റ് പ്രൊഫസറോട് ബാക്കി റൗണ്ട്‌സ് എടുക്കാന്‍ ആവശ്യപ്പെട്ടിട്ട് പതിയെ നടന്നുപോയി. ഒറ്റയ്ക്ക്. അദ്ദേഹത്തിന്റെ മുറിയിലേയ്ക്ക്.

ആ വാര്‍ഡിലെ റൗണ്ട്‌സ് പൂര്‍ത്തിയാക്കി ഞങ്ങളും പ്രൊഫസറുടെ മുറിയിലേയ്ക്ക് ചെന്നു. പ്രൊഫസര്‍ മുറിയില്‍ കസേരയില്‍ ഇരിക്കുകയാണ്. അദ്ദേഹത്തിന്റെ എതിര്‍വശത്ത് 19 ാം വാര്‍ഡിലെ രോഗിയുടെ ഭാര്യയും മകനും ഇരിക്കുന്നുണ്ട്. ആ സ്ത്രീ അപ്പോഴും കരയുകയാണ്. കരച്ചിലിനിടയില്‍ പ്രൊഫസറോട് ക്ഷമ യാചിക്കുന്നുമുണ്ട്. ആ വയ്യാത്ത മനുഷ്യന്‍ വടിയുമിടിച്ച് വാര്‍ഡിനു പുറത്തുപോയി ബീഡി വലിക്കുമെന്ന് ഭാര്യ സങ്കടം പറഞ്ഞു. ആരുപറഞ്ഞാലും കേള്‍ക്കില്ലത്രേ. മകനും അച്ഛനുവേണ്ടി ക്ഷമ ചോദിക്കുന്നു. അച്ഛന്റെ മനസ്സ് തകര്‍ക്കുന്ന ചില സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായെന്നും അന്നുമുതല്‍ അദ്ദേഹം സ്വന്തം കാര്യത്തില്‍ അശ്രദ്ധനാണെന്നും മകന്‍ വിഷമത്തോടെ പറഞ്ഞു.  പ്രൊഫസറും തിരികെ അവരോട് ക്ഷമചോദിച്ചു. ദേഷ്യം കൊണ്ട് എന്തൊക്കെയോ പറഞ്ഞുപോയതാണെന്ന് ശബ്ദം താഴ്ത്തി അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ക്കൊന്നും അപ്പോഴും അതിശയം മാറിയിരുന്നില്ല. ഇത്രയും ശാന്തനായ പ്രൊഫസര്‍ തൊട്ടു മുമ്പ് ഗര്‍ജ്ജിച്ചതും രോഗിയ്ക്കെതിരെ ഒരു മോശം വാക്കുപയോഗിച്ചതും ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. അപ്പോഴേയ്ക്കും ആ വാര്‍ഡിലെ സിസ്റ്ററും അവിടെയെത്തി. അവരുടെ മുഖവും വാടിയിരുന്നു. രോഗി വാര്‍ഡില്‍ വളരെ ദുഃഖത്തിലാണെന്ന് സിസ്റ്റര്‍ പറഞ്ഞു. അയാളോട് ഒരുപ്രാവശ്യം കൂടി ക്ഷമിക്കണമെന്ന് സിസ്റ്റര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. അയാളെ പേരുവെട്ടി വിടരുതെന്നും പ്രൊഫസറോട് അപേക്ഷിച്ചു.

'അയാള്‍ അവിടെത്തന്നെ കിടന്നോട്ടെ'- പ്രൊഫസര്‍ സിസ്റ്ററോട് പറഞ്ഞു. അന്നേരത്തെ ദേഷ്യത്തില്‍ ചീത്ത പറഞ്ഞുപോയതാണെന്ന് അദ്ദേഹം  ആവര്‍ത്തിച്ചു. പ്രൊഫസറുടെ ആത്മാര്‍ത്ഥത എല്ലാവര്‍ക്കും അറിയാമെന്നും രോഗിയെ മോശം വാക്കു വിളിച്ചതില്‍ ആര്‍ക്കും പരിഭവമില്ലെന്നും സിസ്റ്റര്‍  പറഞ്ഞു.

പ്രൊഫസറിന് കൂടുതല്‍ സംസാരിക്കാന്‍ കഴിയാതായി. വീണ്ടും എന്തോ പറയാന്‍ ശ്രമിച്ച അദ്ദേഹം വിതുമ്പിപ്പോയി.

സിസ്റ്റര്‍ മുറിയ്ക്കു പുറത്തിറങ്ങിയപ്പോള്‍ ഞങ്ങളില്‍ ചിലരും കൂടെയിറങ്ങി. പിന്നെ സിസ്റ്ററില്‍ നിന്നും കേട്ട കാര്യങ്ങള്‍ ഞങ്ങളെ വീണ്ടും അതിശയിപ്പിച്ചു. നിര്‍ദ്ധനനായ ആ രോഗിയ്ക്ക് പ്രൊഫസര്‍ ധനസഹായം നല്‍കിയിരുന്നു. സ്വന്തം പോക്കറ്റില്‍ നിന്ന്. സിസ്റ്റര്‍ മാത്രം അറിഞ്ഞിരുന്ന രഹസ്യം. കിടപ്പാടം വിറ്റ് ചികിത്സ നടത്തുകയായിരുന്നു ആ രോഗി. വിലകൂടിയ മരുന്നുകള്‍ പലതും വാങ്ങാന്‍ കഴിയാത്തതിനാല്‍ ഫാര്‍മസി കമ്പനികളിലെ  റെപ്രസെന്‍േററ്റീവുമാരോട് പറഞ്ഞ് പ്രൊഫസര്‍ സൗജന്യമായി ചില മരുന്നുകള്‍ സംഘടിപ്പിക്കുകയായിരുന്നു. പണമുണ്ടാക്കാന്‍ പ്രൈവറ്റ്് പ്രാക്ടീസിലൊന്നും കാര്യമായി ശ്രദ്ധിക്കാത്ത പ്രൊഫസറാണ് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് രോഗിയ്ക്ക് കൊടുത്തത്. 

അപ്പോഴേയ്ക്കും പ്രൊഫസര്‍ മുറിയ്ക്ക് പുറത്തിറങ്ങി. അദ്ദേഹം വാര്‍ഡിന്റെ ഭാഗത്തേയ്ക്ക് നടന്നുപോയി. ഒറ്റയ്ക്ക്. അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ തിരികെവന്നു. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ മുഖത്ത്  നല്ല ശാന്തത പടര്‍ന്നിരുന്നു. ഞങ്ങളെയുംകൂട്ടി അദ്ദേഹം ബാക്കി വാര്‍ഡുകളിലെ റൗണ്ടസ് കൂടി നടത്തി.

എല്ലാ വാര്‍ഡും കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രൊഫസര്‍ക്കൊപ്പം ഇന്ത്യന്‍ കോഫീ ഹൌസിലേയ്ക്ക് പോയി. അവിടെയാണ് എന്നും റൗണ്ട്‌സ്  അവസാനിക്കുക. പ്രൊഫസറുടെ വകയാണ് എല്ലാവര്‍ക്കും ചായയും പഴംപൊരിയും. ആ ചായകുടിയ്ക്കിടയിലും അന്ന് ചെയ്തുതീര്‍ക്കാനുള്ള ജോലികളാണ് ചര്‍ച്ച ചെയ്യുക. അതിനിടയില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് വിദ്യാര്‍ത്ഥിയായ ഒരു ഡോക്ടര്‍ പ്രൊഫസറോട് ഒരു ചോദ്യം ചോദിച്ചു.

'സാര്‍ മുറിയില്‍ നിന്നിറങ്ങി വീണ്ടും 19-ാം വാര്‍ഡിലേയ്ക്കാണോ  പോയത്?'

മറുപടി കേള്‍ക്കാന്‍ ഞങ്ങളെല്ലാം പ്രൊഫസറെ നോക്കി.

'അതേ. ഞാന്‍ തിരികെ വാര്‍ഡില്‍ പോയി. അയാളോട് ഞാന്‍ നേരിട്ട്  മാപ്പു പറഞ്ഞു. അയാള്‍ രോഗിയാണ്. അയാളുടെ സാഹചര്യങ്ങളാണ് അയാളെ രോഗിയാക്കിയത്. അയാള്‍ നമ്മുടെ സ്‌നേഹവും കരുണയും ബഹുമാനവും അര്‍ഹിക്കുന്നു. അയാളോട് ദേഷ്യപ്പെടാന്‍ എനിക്കവകാശമില്ല. അയാള്‍ അയാളുടെ വീട്ടില്‍ ജനിച്ചത് അയാളുടെ കുറ്റമല്ല. ഞാന്‍ എന്റെ വീട്ടില്‍ ജനിച്ചത് എന്റെ കഴിവല്ലാത്തതു പോലെ.  പിന്നെ തെറ്റു ചെയ്താല്‍ നമ്മള്‍ അത് ഏറ്റുപറയണം. ആരോടും. നമുക്കതിന് പക്ഷേ ധൈര്യം വേണം'.

ഞങ്ങള്‍ അതിശയത്തോടെ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കി. സ്വയം വിശ്വസിച്ചു പറയുന്ന രണ്ട് കണ്ണുകള്‍. തുടര്‍ന്ന് അദ്ദേഹം പറഞ്ഞ ചില വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു.

'ലോകാരോഗ്യ സംഘടനയ്ക്ക് പോലും തെറ്റുകള്‍ പറ്റുന്നു. അവര്‍ അത്  തിരുത്തുന്നു. ക്ഷമ ചോദിക്കുന്നു. പിന്നെയല്ലേ നമ്മള്‍ ഈ ചെറിയ ഡോക്ടര്‍മാര്‍'.

...................

ഡോ. എസ്. എസ്. ലാല്‍: പൊതുജനാരോഗ്യ വിദഗ്ദ്ധന്‍, എഴുത്തുകാരന്‍, അവതാരകന്‍. വൈദ്യശാസ്ത്ര ലേഖനങ്ങള്‍ കൂടാതെ കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഏഷ്യാനെറ്റില്‍ 1993 മുതല്‍ 2003 വരെ അഞ്ഞൂറില്‍പ്പരം എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്ത പ്രതിവാര ആരോഗ്യ പരിപാടി 'പള്‍സ്' തയ്യാറാക്കി അവതരിപ്പിച്ചത് ഡോ. ലാലാണ്. ഇപ്പോള്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍  ഡി.സി. യില്‍. 

 

 

Follow Us:
Download App:
  • android
  • ios