Asianet News MalayalamAsianet News Malayalam

അലൂമിനിയം പാത്രങ്ങള്‍  അപകടകാരിയോ?

Dr Suresh C Pillai On Aluminium
Author
Thiruvananthapuram, First Published Aug 17, 2017, 1:17 PM IST

Dr Suresh C Pillai On Aluminium

അലൂമിനിയം പാത്രങ്ങളില്‍ പാകം ചെയ്യുന്നത് അപകടം ആണെന്നും, അലൂമിനിയത്തിന്റെ ഉപയോഗം കഴിവതും കുറയ്ക്കണം എന്നൊക്കെയുള്ള മെസേജുകള്‍ പലപ്പോഴും വാട്ട്‌സാപ്പില്‍ കണ്ടുകാണും. പല വിദഗ്ധരും ഇക്കാര്യത്തില്‍ അഭിപ്രായം പറയാറുമുണ്ട്. എന്താണ് ഇതിന്റെ അടിസ്ഥാനം. 

അതു പറയും മുമ്പ് നമുക്കൊരു  രസകരമായ കഥയിലേക്ക് പോവാം. 

നെപ്പോളിയനെക്കുറിച്ചു  (Louis-Napoléon Bonaparte) കേട്ടിട്ടുണ്ടാവുമല്ലോ? അദ്ദേഹത്തിന്റെ കാലത്ത് (1880 കളില്‍) അലുമിനിയം എന്നത് ഒരു അമൂല്യ വസ്തു ആയിരുന്നു.  ഉല്‍പാദിപ്പിക്കാനുള്ള പണച്ചിലവായിരുന്നു അലൂമിനിയത്തെ  വിലപിടിപ്പുള്ള വസ്തുവാക്കിയത്. അന്നൊക്കെ സ്വര്‍ണ്ണത്തേക്കാള്‍ വില അലുമിനിയത്തിനായിരുന്നുവത്രേ.

അദ്ദേഹം നടത്തിയ ഔദ്യോഗികവിരുന്നില്‍ വിശിഷ്ട അതിഥികള്‍ക്ക് നല്‍കിയിരുന്ന സ്പൂണും, കത്തിയും, ഫോര്‍ക്കും ഒക്കെ അലുമിനിയത്തില്‍ നിര്‍മ്മിച്ചവ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മറ്റുള്ള അതിഥികള്‍ക്കോ, സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ കത്തിയും, ഫോര്‍ക്കും ഒക്കെയും! 

അപ്പോള്‍ അലൂമിനിയം ചില്ലറക്കാരന്‍ അല്ലായിരുന്നു എന്ന് മനസ്സിലായല്ലോ?

എന്താണ് അലുമിനിയം?

അലൂമിനിയം ഒരു ലോഹമാണ്. പീരിയോഡിക് ടേബിളില്‍ (രാസമൂലക ആവര്‍ ത്തനപ്പട്ടിക) ഇതിന്റെ സ്ഥാനം 13 ആണ്. ഇതു കൂടാതെ ഭൗമോപരിതലത്തിന്റെ എട്ടു ശതമാനം അലുമിനിയം സംയുക്തങ്ങള്‍ ആണ്. സിലിക്കണും, ഓക്‌സിജനും കഴിഞ്ഞാല്‍ ഭൂമിയുടെ ഉപരിതലത്തില്‍ ഉള്ള മൂന്നാമത്തെ മൂലകമാണ് അലുമിനിയം.

എന്ന് പറഞ്ഞാല്‍, ഭൗമോപരിതലത്തില്‍ കാണപ്പെടുന്ന ഏറ്റവും സമൃദ്ധമായ ലോഹം.

അന്തരീക്ഷത്തിലുള്ള ഓക്‌സിജനും ആയി പ്രവര്‍ത്തിച്ചു അലുമിനിയം ഓക്‌സൈഡ് (Al2O3) എന്ന ചെറിയ ആവരണം ഈ ലോഹത്തിന്റെ പുറമെ രൂപം കൊള്ളുന്നതിനാല്‍ ദ്രവിക്കുന്നത് (corrosion) പ്രതിരോധിക്കാന്‍ പറ്റും.

എങ്ങിനെയാണ് അലുമിനിയം ഉണ്ടാക്കുന്നത്?

ആദ്യമായി അലുമിനിയം ലോഹം ലബോറട്ടറിയില്‍ നിര്‍മ്മിച്ചത് ഡാനിഷ് ശാസ്ത്ര്ജ്ഞനായ Hans Ørsted ആണ് (1825). അദ്ദേഹം ജലാംശം ഇല്ലാത്ത അലുമിനിയം ക്ലോറൈഡും (anhydrous aluminium chloride) പൊട്ടാസിയം അമാല്‍ഗവും (potassium amalgam) തമ്മില്‍ രാസപ്രവര്‍ത്തനം നടത്തിയാണ് ആദ്യമായി അലുമിനിയം വേര്‍തിരിച്ചെടുത്തത്. ഫ്രഞ്ച് ജിയോളജിസ്റ്റായ Pierre Berthier ആണ് ആദ്യമായി (Bauxite) ല്‍ നിന്നും അലുമിനിയം ലോഹം വേര്‍തിരിച്ചെടുത്തത്. ഇപ്പോള്‍ വ്യവസായിക അടിസ്ഥാനത്തില്‍ അലുമിനിയം ലോഹം ഭൂമിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത് ബോക്‌സിറ്റ് (Bauxite) എന്ന അയിരില്‍ (ore) നിന്നാണ്.

എന്തു കൊണ്ടാണ് അലുമിനിയം പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കാന്‍ കാരണം?

അലൂമിനിയം ഒരു നല്ല താപ വാഹിനിയാണ് (conductor of heat). ഇതുകൂടാതെ കുറഞ്ഞ നിര്‍മ്മാണ ചിലവും, ഇതിന്റെ ദ്രവിക്കല്‍ (corrosion) പ്രതിരോധവും, കനക്കുറവും എല്ലാം അലുമിനിയം പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കാന്‍ കാരണമാണ്.

അലുമിനിയം ടോക്‌സിക് (വിഷലിപ്തം) ആണോ?
പ്രശസ്തമായ ഒരു ലാറ്റിന്‍ പ്രയോഗമുണ്ട് 'sola dosis facit venenum'  എന്നു വച്ചാല്‍ 'The dose makes the poison'. അതായത് എത്ര 'മാത്ര' അല്ലെങ്കില്‍ എത്ര 'അളവാണ്' (dose) കഴിക്കുന്നത് എന്നതാണ് ഏതൊരു വസ്തുവിനെയും വിഷമാക്കുന്നത്. എന്നു പറഞ്ഞാല്‍ പാമ്പിന്റെ വിഷം പോലും, അതിന്റെ 'toxic' ആകാനുള്ള 'മാത്ര' (dose) താഴെ ആണെങ്കില്‍ അതു വിഷമല്ല എന്നര്‍ത്ഥം. അതുപോലെ, വിഷമല്ല എന്നു നമ്മള്‍ വിചാരിക്കുന്ന പലതും അളവില്‍ കൂടുതല്‍ കഴിച്ചാല്‍ അതും വിഷം ആകാം.

ഏതൊരു വസ്തുവിനെ പോലെയും അലുമിനിയത്തിനും ഇത് ബാധകമാണ്.

അപ്പോള്‍ അലുമിനിയത്തിന്റെ ഹാനികരമായ ഡോസ് എത്ര?

ടോക്‌സിസിറ്റി സാധാരണ mg/kg ആയാണ് സൂചിപ്പിക്കുന്നത്, അതായത് ടെസ്റ്റ് ചെയ്യുന്ന ടോക്‌സിക് ആയ വസ്തുവിന്റെ milligrams ഭാരത്തിന് അനുസരിച്ച് kilogram ലുള്ള മനുഷ്യന്റെ അല്ലെങ്കില്‍ മറ്റു ജീവികളുടെ ശരീരഭാരം. മെറ്റാലിക് അലൂമിനിയം ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ (അലുമിനിയത്തോട് അലര്‍ജി ഇല്ലാത്തവര്‍ക്ക്) 40 mg/day per kg ല്‍ കൂടിയാല്‍ ടോക്‌സിക് ആണ് എന്ന് കണ്ടെത്തി. ( Reference: Dolara, Piero 'Occurrence, exposure, effects, recommended intake and possible dietary use of selectedt race compounds (aluminium, bismuth, cobalt, gold, lithium, nickel, silver)'. International Journal of Food Sciences and Nturition. Informa Plc. 65: 911–924.).

അതായത് 60 kg ഭാരമുള്ള ഒരാളില്‍ 2400 mg അലുമിനിയം വരെ വിഷമല്ല.

പക്ഷെ ഇത് തുടര്‍ച്ചയായി ദിവസേന അലുമിനിയം മനുഷ്യ ശരീരത്തിലേക്ക് കടന്നാല്‍ ആണ് വിഷം ആകുന്നത്. പല പഠനങ്ങളും കാണിക്കുന്നത് വര്‍ഷങ്ങളോളം ഉള്ള തുടര്‍ച്ചയായുള്ള അലുമിനിയം ഉപയോഗം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നു തന്നെയാണ്.

എന്നിരുന്നാലും 2007 ല്‍ ലോകാരോഗ്യ സംഘടന അംഗമായ The Joint FAO/WHO Expert Committee on Food Additives (JECFA) യുടെ നിര്‍ദ്ദേശ പ്രകാരം ഒരാഴ്ചയില്‍ അകത്തേക്ക് കഴിക്കാവുന്ന അലുമിനിയത്തിന്റെ താല്‍ക്കാലികമായ  അനുവദനീയ അളവ് അല്ലെങ്കില്‍ provisional tolerable weekly intake (PTWI) for aluminium from all sources of 1 mg/kg of body weight (FAO/WHO, 2007). ഇതാണ് അവര്‍ പറഞ്ഞതിന്റെ ഇംഗ്ലീഷ് ഉപസംഹാരം (കൂടുതല്‍ അറിയേണ്ടവര്‍ക്കായി)

['the available studies have many limitations and are not adequate for defining the dose–response relationships. The Committee therefore based its evaluation on the combined evidence from several studies. The relevance of studies involving adminitsration of aluminium compounds by gavage was unclear because the toxicokinetics after gavage were expected to differ from toxicokinetics after dietary adminitsration, and the gavage studies generally did not report total aluminium exposure including basal levels in the feed.' ……………….. 'The Committee confirmed that the resulting health-based guidance value should be expressed as a PTWI, because of the potential for bioaccumulation. The Committee established a PTWI of 1 mg/kg bw for Al, which applies to all aluminium compounds in food, including additives.']

അലുമിനിയവും അല്‍ഷിമേഴ്‌സ് രോഗവും (ഒരു വ്യക്തിയുടെ ഓര്‍മ്മയും സംസാരശേഷിയും നഷ്ടപ്പെടുന്ന രോഗം) തമ്മില്‍ ബന്ധമുണ്ടെന്നാണ് മറ്റൊരു അഭിപ്രായം. ഇത് എത്രത്തോളം ശരിയാണ്?

പരസ്പരവിരുദ്ധമായ ഗവേഷണ റിപ്പോര്‍ട്ടുകള്‍ ആണ് ഇതില്‍ ഉള്ളത്. അല്‍ഷിമേഴ്‌സ് സൊസൈറ്റി തന്നെ പറയുന്നത് അലുമിനിയവും അല്‍ഷിമേഴ്‌സ് രോഗവും കാര്യമായ തമ്മില്‍ ബന്ധം ഇല്ല എന്നാണ്. 'studies have failed to confirm any role for aluminum in causing Alzheimer's.

എന്നിരുന്നാലും 1997 ലെ WHO യുടെ EHC document for aluminium പറയുന്നത്

'On the whole, the positive relationship between aluminium in drinking-water and AD, which was demontsrated in several epidemiological studies, cannot be totally dismissed. However, tsrong reservations about inferring a causal relationship are warranted in view of the failure of these studies to account for demontsrated confounding factors and for total aluminium intake from all sources.'

അതായത് ചുരുക്കത്തില്‍ അലുമിനിയവും അല്‍ഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധം മുമ്പേയുള്ള ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അവഗണിക്കാന്‍ പറ്റില്ല എന്നാണ്.

2013 ല്‍ പ്രസിദ്ധീകരിച്ച Aluminum in the cetnral nervous system (CNS): toxictiy in humans and animals, vaccine adjuvants, and autoimmuntiy (C. A. Shaw, L. Tomljenovic Immunol Res. 2013 Jul;56(2-3):304-16. doi: 10.1007/s12026-013-8403-1.) എന്ന പഠനത്തില്‍ അലുമിനിയം neurotoxictiy ഉള്ള ഒരു മെറ്റീരിയല്‍ ആണെന്നും, കൂടുതലായുള്ള അലുമിനിയത്തിന്റെ ഉപയോഗം പ്രായ സംബന്ധമായ ഓര്‍മ്മമ്മക്കുറവുകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യാം എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അപ്പോള്‍, അലുമിനിയം പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമോ?
ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍, അലൂമിനിയം പാത്രങ്ങളില്‍ കഴിവതും പാചകം ചെയ്യാതെ ഇരിക്കുവാന്‍ ശ്രദ്ധിക്കുക. എത്രത്തോളം അലുമിനിയം പാത്രങ്ങളുടെ ഉപയോഗം കുറയ്ക്കാമോ അത്രത്തോളം നല്ലതാണ്. കാരണം, പാചകം ചെയ്യുമ്പോള്‍ ലോഹ അലുമിനിയം  ഒലിച്ചിറങ്ങി (leach) ചെയ്തു ഭക്ഷണ സാധനങ്ങളിലേക്ക് വരാനുള്ള സാദ്ധ്യത ഉണ്ട്. പുളിയും മറ്റും ചേര്‍ത്ത് തിളപ്പിക്കുമ്പോള്‍ ഇതിനുള്ള സാദ്ധ്യത കൂടുതല്‍ ആണ്. കാരണം അലുമിനിയം ആസിഡില്‍ ലയിക്കാനുള്ള പ്രവണത ഉള്ള വസ്തുവാണ്. അതുപോലെ കൂടുതല്‍ സമയം തിളപ്പിക്കുമ്പോഴും അലുമിനിയം ഭക്ഷണത്തിലേക്ക് ഒലിച്ചിറങ്ങാനുള്ള സാദ്ധ്യത ഉണ്ട്. പുളിയുള്ള കറികള്‍ (സാമ്പാര്‍, തീയല്‍, അവിയല്‍) തുടങ്ങിയവ കഴിവതും അലുമിനിയം പാത്രത്തില്‍ പാചകം ചെയ്യാതെ ഇരിക്കുക. അതുപോലെ ചോറ്/കഞ്ഞി ഉണ്ടാക്കുന്നതും അലുമിനിയം പാത്രത്തില്‍ അല്ലാതെ ശ്രദ്ധിക്കുക. സ്‌റ്റെയിന്‍ ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ താരതമ്യേന അപകടകാരി അല്ല.

ഒരു തരത്തിലുള്ള അലൂമിനിയം പാത്രങ്ങളും ഉപയോഗിക്കരുത് എന്നാണോ പറയുന്നത്?
അല്ല. 'ആനോഡൈസ്ഡ് (Hrad anodised aluminium) ചെയ്ത' അലുമിനിയം പാത്രങ്ങള്‍ എന്ന് രേഖപ്പെടുത്തിയ പാത്രങ്ങള്‍ താരതമ്യേന അപകടകാരികള്‍ അല്ല. ഒരു തരം ഇലക്‌ട്രോകെമിക്കല്‍ പ്രക്രിയ ആണ് ആനോഡൈസേഷന്‍. ഒരു ആസിഡ് ബാത്തില്‍ ഇറക്കിവച്ച അലുമിയം ലോഹത്തില്‍ ഇലക്‌ട്രോഡുകള്‍ ഘടിപ്പിച്ചാണ് ആനോഡൈസേഷന്‍ പ്രക്രിയ നടത്തുന്നത്. ഇത് അലുമിനിയം ഓക്‌സൈഡിന്റെ ഒരു കട്ടിയുള്ള ആവരണം പാത്രങ്ങളുടെ പ്രതലത്തില്‍ ഉണ്ടാക്കും. ഇങ്ങനെയുള്ള കോട്ടിങ് സ്‌റ്റെയിന്‍ലെസ് സ്റ്റീലിനേക്കാളും 30% കട്ടിയുള്ളതായിരിക്കും. ഇവയില്‍ക്കൂടി അലുമിനിയം ലീച്ചു ചെയ്തു വരാനുള്ള സാധ്യത വളരെക്കുറവാണ്. ആനോഡൈസ്ഡ് ആണെങ്കില്‍ അത് പ്രത്യേകം പാത്രത്തിനു പുറത്തു രേഖപ്പെടുത്തിയിരിക്കും.

അപ്പോള്‍ അലുമിനിയം ഫോയിലുകളോ?
അലുമിയം ഫോയില്‍ ഭക്ഷണം പൊതിയാനും മറ്റും ഉപയോഗിക്കുന്നതു കൊണ്ട് അപകടം ഇല്ല. എന്നിരുന്നാലും, ബേക്ക് ചെയ്യുമ്പോളും, ഗ്രില്‍ ചെയ്യുമ്പോളും, റോസ്‌റ് ചെയ്യുമ്പോളും, മറ്റു കുക്കിങ് ചെയ്യുമ്പോളും അലുമിനിയം ഫോയില്‍ ഉപയോഗിക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം. അമിത ചൂടില്‍ ഇതില്‍ നിന്നും അലുമിനിയം ഭക്ഷണവും ആയി കൂടിക്കലരാനുള്ള സാദ്ധ്യത വളരെ കൂടുതല്‍ ആണ്.

ചുരുക്കിപ്പറഞ്ഞാല്‍ അലുമിനിയം പാത്രങ്ങള്‍ വളരെ സൗകര്യപ്രദമായതും, ഭാരം കുറവായതും, കൈകാര്യം ചെയ്യാന്‍ എളുപ്പം ആയതും, വിലകുറഞ്ഞതും ആണ്.

പഠനങ്ങള്‍ പറയുന്നത് അലുമിനിയം പാത്രങ്ങളില്‍ നിന്നും അലുമിനിയം ഭക്ഷണത്തില്‍ കലരാനുള്ള സാദ്ധ്യത ഉണ്ടെന്നും, കൂടുതലായുള്ള അലുമിനിയം ഉപയോഗം ചിലപ്പോള്‍ മാരകമായ അസുഖങ്ങള്‍ക്ക് ഹേതുവാകും എന്നുമാണ്.

ഇക്കാരണങ്ങള്‍ കൊണ്ട്, ചോറ്/കഞ്ഞി, പുളിയുള്ള കറികള്‍ എന്നിവ അലൂമിനിയം പാത്രങ്ങളില്‍ പാകം ചെയ്യാതെ സൂക്ഷിക്കണം.

ആനോഡൈസേഷന്‍ (Hrad anodised aluminium) ചെയ്ത അലുമിനിയം പാത്രങ്ങള്‍ എന്ന് രേഖപ്പെടുത്തിയ പാത്രങ്ങള്‍ താരതമ്യേന അപകടകാരികള്‍ അല്ല. കാരണം ഇവയില്‍ക്കൂടി അലുമിനിയം ലീച്ചു ചെയ്തു വരാനുള്ള സാധ്യത വളരെക്കുറവാണ്.

കൂടുതല്‍ വായനയ്ക്ക് 
 1. Venetski, S. (1969). ""Silver" from clay". Metallurgist. 13 (7): 451–453. doi:10.1007/BF00741130.
2. "Friedrich Wohler's Lost Aluminum". ChemMatters: 14. October 1990.
3. WHO (2010) Aluminium in drinking-water. Background document for development of WHO Guidelines for Drinking-water Quality. Geneva, World Health Organization (WHO/HSE/WSH/10.01/13).
4. Dolara, Piero (21 July 2014). "Occurrence, exposure, effects, recommended intake and possible dietary use of selected trace compounds (aluminium, bismuth, cobalt, gold, lithium, nickel, silver)". International Journal of Food Sciences and Nutrition. Informa Plc. 65: 911–924. ISSN 1465-3478. PMID 25045935. doi:10.3109/09637486.2014.937801.
5. "Alzheimer's Disease and Aluminum". National Institute of Environmental Health Sciences. 2005. (Archived from the original on 3 February 2007).
6. C. A. Shaw, L. Tomljenovic Aluminum in the central nervous system (CNS):
toxicity in humans and animals, vaccine adjuvants, and autoimmunity Immunol Res. 2013 Jul;56(2-3):304-16. doi: 10.1007/s12026-013-8403-1.)

7. Altmann P. Aluminium induced disease in subjects with and without renal failure-does it help us understand the role of aluminium in Alzheimer’s Disease? In: Exley C, editor. Aluminium and Alzheimer’s Disease: The science that describes the link. Amsterdam: Elsevier Science; 2001. p. 1–37.
8. McLachlan DRC, Bergeron C, Smith JE, Boomer D, Rifat SL. Risk for neuropathologically confirmed Alzheimer’s disease and residual aluminum in municipal drinking water employing weighted residential histories. Neurology. 1996;46(2):401–5. 57
9. Rondeau V, Jacqmin-Gadda H, Commenges D, Helmer C, Dartigues JF. Aluminum and silica in drinking water and the risk of Alzheimer’s disease or cognitive decline: findings from 15- year follow-up of the PAQUID cohort. Am J Epidemiol. 2009; 169(4):489–96.
10. Flaten TP. Aluminium as a risk factor in Alzheimer’s disease, with emphasis on drinking water. Brain Res Bull. 2001;55(2):187–96.

......................................................................

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD.  അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി.
നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ,  'തന്മാത്രം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Follow Us:
Download App:
  • android
  • ios