Asianet News MalayalamAsianet News Malayalam

ശ്രീനിവാസന്‍ അറിയുമോ, ഈ മനുഷ്യര്‍ അകാലത്തില്‍ മരിച്ചുപോയത് എന്തുകൊണ്ടെന്ന്?

Dr Suresh C Pillai on Sreenivasans remarks about life and death
Author
Thiruvananthapuram, First Published Jul 10, 2017, 5:09 PM IST

Dr Suresh C Pillai on Sreenivasans remarks about life and death

'എങ്ങനാ അച്ഛ്ഛാ അപ്പൂപ്പന്‍ മരിച്ചത്?'

'അപ്രതീക്ഷിതം ആയിരുന്നു, തൊണ്ടയില്‍ എന്തോ നീരു പോലെ വന്നു. അന്നൊന്നും ഇന്നത്തെപ്പോലെ ആശുപത്രികള്‍ ഇല്ലല്ലോ? പ്രത്യേകിച്ചും കറുകച്ചാല്‍ പോലെ ഒരു കൊച്ചു ഗ്രാമത്തില്‍. എന്തായിരുന്നു അസുഖം എന്ന് കൃത്യമായി ആര്‍ക്കും അറിയില്ല.'

'അന്ന് എനിക്ക് ഏഴു വയസ്സു കാണും, മണിക്ക് (അച്ഛന്റെ അനുജന്‍) രണ്ടോ മൂന്നോ വയസ്സു കാണും. അദ്ദേഹത്തിന് മരിക്കുമ്പോള്‍ കഷ്ടിച്ചു മുപ്പത്തെട്ടു വയസ്സു കാണും'-അച്ഛന്‍ പറഞ്ഞു.

അച്ഛന്റെ അച്ഛന്റെ മരണത്തെപ്പറ്റി അച്ഛന്‍ പറഞ്ഞ ഓര്‍മ്മ ഇങ്ങനെയാണ്. അച്ഛന്റെ അച്ഛന്റെ പേര് കിഴക്കേട്ട് ദാമോദരക്കുറുപ്പ്, അച്ഛന്‍ പറഞ്ഞ ഓര്‍മ്മ വച്ച് 1940 കളുടെ ആദ്യ പകുതിയില്‍ ആണ് അദ്ദേഹം മരിക്കുന്നത്.

വളരെ ചെറുപ്പത്തിലേ അപ്പൂപ്പന്‍ മരിച്ചല്ലോ എന്നൊക്കെയാവും ഇപ്പോള്‍ ആലോചിക്കുന്നത്. ഇല്ലേ?

എന്നാല്‍ കണക്കുകള്‍ പ്രകാരം, അപ്പൂപ്പന്റെ മരണ സമയത്തെ പ്രായം അന്നത്തെ നമ്മുടെ രാജ്യത്ത് ആള്‍ക്കാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തിലും (life expectancy) അല്‍പ്പം കൂടുതല്‍ ആയിരുന്നു.

1950 കളില്‍ പോലും ശരാശരി ആയുര്‍ ദൈര്‍ഘ്യം 37ആയിരുന്നു.

1960 കളില്‍ ഇത് 44 ആയി.

1970 കളില്‍ 51; 1980 ല്‍ 56; 1990 ല്‍ 60; 2000 ല്‍ 61; 2010 ല്‍ 65.

ഇപ്പോള്‍ ഏകദേശ ആയുര്‍ ദൈര്‍ഘ്യം 67 ല്‍ എത്തി നില്‍ക്കുന്നു.

അമേരിക്കയിലും യൂറോപ്പിലും 1950 കളില്‍ ശരാശരി ആയുര്‍ ദൈര്‍ഘ്യം 65 നു മുകളില്‍ ആയിരുന്നത് ഇപ്പോള്‍ ഏകദേശം 75 നു മുകളില്‍ ആണ്.

എന്താണ് ഇതിനു കാരണം എന്ന് ആലോചിച്ചിട്ടുണ്ടോ?

ഒരു പ്രധാന കാര്യം ഓര്‍മ്മിപ്പിക്കാനുള്ളത്. (Ref United Nations, Department of Economic and Social Affairs (DESA), Population Division, New York). ഇത് ഇപ്പോള്‍ കേരളത്തിലെ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തിനു (75) തുല്യമാണ് എന്നുള്ളതാണ്.

ശരാശരി എന്നാല്‍ എല്ലാവരും 37 വയസ്സാകുമ്പോള്‍ മരിച്ചിരുന്നു എന്നര്‍ത്ഥമില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. ചിലര്‍ പത്തില്‍ താഴെ വയസ്സ് ആകുമ്പോള്‍ മരിച്ചിരുന്നത്, മറ്റു ചിലര്‍ 70 ആകാം മരിച്ചത്. ചിലര്‍ നൂറു വയസ്സു വരെയും ജീവിച്ചിരുന്നിരിക്കാം.

ഇനി നമുക്ക് കുറച്ചു കൂടി പുറകോട്ട് പോകാം. പ്രാചീനശിലായുഗത്തിലും (Paleolithic or prehistoric period), നവീനശിലായുഗത്തിലും (Neolithic; New Stone Age 3300 ബി. സി) ശരാശരി ആയുര്‍ ദൈര്‍ഘ്യം 33 വയസ്സ് ആയിരുന്നു.

ഇത് ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ വെങ്കലയുഗം (2900 ബി. സി), ഇരുമ്പു യുഗം (1200-300 ബിസി) ആയപ്പൊഴേക്കും ശരാശരി ആയുര്‍ ദൈര്‍ഘ്യം 26 വയസ്സിലേക്ക് താണു.

ഇത് വലിയ മാറ്റം ഇല്ലാതെ പത്തൊന്‍പതാം നൂറ്റാണ്ടു വരെയും തുടര്‍ന്നു. 1900 ആയപ്പോള്‍ ഉള്ള ലോകത്തിലെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 31 ആയി.

ഇതിനു ശേഷമാണ് മനുഷ്യന്റെ ശരാശരി ആയുസ്സില്‍ വലിയ ഒരു കുതിച്ചു ചാട്ടം ഉണ്ടായത്.

1950 കള്‍ ആയപ്പൊഴേക്കും ലോക ശരാശരി 48 വയസ്സില്‍ എത്തി.

ശരാശരി ആയുര്‍ ദൈര്‍ഘ്യത്തില്‍ ഉണ്ടായ പ്രബലമായ ഒരു മാറ്റം 1950 കള്‍ക്കു ശേഷം ആണ് എന്ന് ശ്രദ്ധിച്ചു കാണുമല്ലോ?

എന്താണ് ഇതിനു കാരണം എന്ന് ആലോചിച്ചിട്ടുണ്ടോ?

പ്രതിരോധ കുത്തിവയ്പ്പുകള്‍ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രചാരത്തില്‍ ആയതും, ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ചയും, ആന്റി ബയോട്ടിക്കുകളുടെ ഉപയോഗവും, കുറഞ്ഞ ശിശു മരണ നിരക്ക് (infant mortaltiy), ഉയര്‍ന്ന വിദ്യാഭ്യസവും, നല്ല ആഹാര രീതികളും, ജീവിത രീതികളില്‍ വന്ന മാറ്റവും എല്ലാം ആയുര്‍ ദൈര്‍ഘ്യം കൂടാന്‍ കാരണമായി.

(തീ കണ്ടു പിടിക്കുന്നതിനു മുന്‍പേ മനുഷ്യന്‍ 150 വയസ്സു വരെ ജീവിച്ചിരുന്നു എന്ന് നടനും സംവിധായകനും ആയ ശ്രീനിവാസന്‍ പറഞ്ഞത് കേട്ടതു കൊണ്ടാണ് ആണ് ഇത്രയും എഴുതാന്‍ കാരണം. അദ്ദേഹത്തെ ആരോ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചത് ആകണം. ശ്രീനിവാസന്റെ സിനിമകള്‍ കണ്ടാണ് എന്റയൊക്കെ ബാല്യവും, കൗമാരവും. അദ്ദേഹത്തിന്റെ ഓരോ സിനിമകളും ഓരോ മെസ്സേജുകള്‍ ആയിരുന്നു. അദ്ദേഹത്തെ സോഷ്യല്‍ മീഡിയകളില്‍ അപഹാസ്യന്‍ ആക്കി ട്രോളുകള്‍ ഒക്കെ വരുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. സിനിമയിലെ ബുദ്ധിജീവി എന്നായിരുന്നു അന്നൊക്കെ എന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ പല സിനിമകളും പത്തില്‍ കൂടുതല്‍ തവണ കണ്ടിട്ടുണ്ട്. ഇപ്പോളും മനസ്സില്‍ അദ്ദേഹത്തെ ആരാധനയോടെ കാണാന്‍ പറ്റൂ. എന്നിരുന്നാലും, അദ്ദേഹത്തിന്റെ നാവില്‍ നിന്ന് കുറച്ചു കാലങ്ങളായി ഇങ്ങനെയുള്ള അബദ്ധങ്ങള്‍ കേള്‍ക്കുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല ).

References/ കൂടുതല്‍ വായനയ്ക്ക്: 

United Nations, Department of Economic and Social Affairs (DESA), Population Division, New York) Life Expectancy at Birth in China, Europe, USA and India: 1950-2050 (Both Sexes) http://www.china-profile.com/data/fig_WPP2008_L0_1.htm

Wright, Janice C., and Milton C. Weinstein. "Gains in life expectancy from medical interventions—standardizing data on outcomes." New England Journal of Medicine 339.6 (1998): 380-386.

Acemoglu, Daron, and Simon Johnson. "Disease and development: the effect of life expectancy on economic growth." Journal of political Economy 115.6 (2007): 925-985.

The life expectancy myth, and why many ancient humans lived long healthy lives http://www.ancient-origins.net/…/life-expectancy-myth-and-w…

OECD (2009), Health at a Glance 2010: OECD Indicators, OECD Publishing, Paris. https://www.oecd.org/berlin/47570143.pdf

Mabel C. Buer, Health, Wealth and Population in the Early Days of the Industrial Revolution, London: George Routledge & Sons, 1926, page 30 ISBN 0-415-38218-1

Life expectancy rising, but UN report shows ‘major’ rich-poor longevity divide persists http://www.un.org/apps/news/story.asp…

Wilkinson, Richard G. "Income distribution and life expectancy." BMJ: British Medical Journal 304.6820 (1992): 165.

Katz, Sidney, et al. "Active life expectancy." New England journal of medicine 309.20 (1983): 1218-1224.

Ehreth, Jenifer. "The global value of vaccination." Vaccine 21.7 (2003): 596-600.

Chetty, Raj, Michael Stepner, and David Cutler. "Relationships Between Income, Health Behaviors, and Life Expectancy—Reply." Jama 316.8 (2016): 880-881.

Harrison, Kathleen McDavid, Ruiguang Song, and Xinjian Zhang. "Life expectancy after HIV diagnosis based on national HIV surveillance data from 25 states, United States." JAIDS Journal of Acquired Immune Deficiency Syndromes 53.1 (2010): 124-130.

Acemoglu, Daron, and Simon Johnson. "Disease and development: the effect of life expectancy on economic growth." Journal of political Economy 115.6 (2007): 925-985.

................................................

സുരേഷ് സി പിള്ള
കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD.  അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി.
നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ,  'തന്മാത്രം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
 

Follow Us:
Download App:
  • android
  • ios