Asianet News MalayalamAsianet News Malayalam

പിന്നെന്തിനായിരുന്നു ഈ നാടകം?

Dr TM Thomas Issac on demonetisation
Author
Thiruvananthapuram, First Published Dec 29, 2016, 5:08 AM IST

Dr TM Thomas Issac on demonetisation

ഇന്ത്യാസര്‍ക്കാര്‍ രാജ്യത്തെ കള്ളപ്പണപ്രശ്‌നത്തെക്കുറിച്ച് 2012ല്‍ ഒരു ധവളപത്രം അവതരിപ്പിച്ചു. ഈ ധവളപത്രത്തില്‍ ഉദ്ധരിക്കുന്ന ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ പഠനം അനുസരിച്ച് 1948നും 2008നും ഇടയ്ക്ക് ഇന്ത്യയില്‍നിന്ന് നിയമവിരുദ്ധമായി പുറത്തേക്കൊഴുകിയ പണം ഏകദേശം 25 ലക്ഷം കോടി രൂപയാണ് (46,200 കോടി ഡോളര്‍). ഇത് ഒട്ടും അതിശയോക്തിപരമല്ല. 2011ല്‍ മാത്രം 5.25 ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് അനധികൃതമായി വിദേശത്ത് എത്തിയത്. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ സിംഹഭാഗവും വിദേശത്താണ് എന്നര്‍ഥം.
ഈ കള്ളപ്പണം വെളുപ്പിച്ച് ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ കേന്ദ്രംതന്നെ ഒട്ടേറെ വഴികള്‍ തുറന്നുകൊടുത്തിട്ടുണ്ട്. മൗറീഷ്യസ് പോലുള്ള രാജ്യങ്ങള്‍വഴി പണം ഇന്ത്യയില്‍ എത്തിച്ചാല്‍ പിന്നെ ചോദ്യമില്ല. ഇരട്ടനികുതി ഒഴിവാക്കലിനായി മൗറീഷ്യസുമായി കരാര്‍ നിലവിലുണ്ട്. ഇന്ത്യയിലേക്ക് വരുന്ന വിദേശനിക്ഷേപത്തിന്റെ 50 ശതമാനത്തിലേറെയും പാപ്പരടിച്ച ഈ ദ്വീപില്‍നിന്നാണ്. അടുത്തകാലംവരെ ഇന്ത്യയിലെ ഓഹരിവിപണിയിലും പണക്കമ്പോളത്തിലും നിക്ഷേപം നടത്താന്‍ പണത്തിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള പൂര്‍ണവിവരം നല്‍കണമായിരുന്നു. ഇപ്പോള്‍ അതും വേണ്ട. ഏതെങ്കിലും അംഗീകൃതസ്ഥാപനത്തില്‍നിന്ന് ഒരു പാര്‍ടിസിപ്പേറ്ററി നോട്ട് സംഘടിപ്പിച്ചാല്‍ മതി!

മുകളില്‍ പറഞ്ഞ ധവളപത്രപ്രകാരംതന്നെ 20102012 കാലത്തെ കയറ്റിറക്കുമതിയില്‍ വില കൂട്ടി ഇട്ടും കുറച്ച് ഇട്ടും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച 1343 കേസുകള്‍ പിടിക്കപ്പെട്ടു. ഇത് 67,768 കോടി രൂപയുടെ വെളുപ്പിക്കലാണ്. പിടിക്കപ്പെട്ട കേസുകള്‍ ഇത്രയുമാണെങ്കില്‍ പിടിക്കപ്പെടാതെ പോയവ എത്രയാവും! മഞ്ഞുമലയുടെ അരികു മാത്രമാണ് ഈ തുക എന്നു ധവളപത്രംതന്നെ പറയുന്നു.

ഈ ധവളപത്രത്തിലെ കൗതുകകരമായ ഒരു വിവരം, 2006ല്‍ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 23,373 കോടിരൂപ ആയിരുന്നത് 2010ല്‍ 9295 കോടിരൂപ ആയി കുറഞ്ഞു എന്നതാണ്. പക്ഷേ, ഈ കുറഞ്ഞ പണം എവിടെപ്പോയി? സര്‍ക്കാരിന് ഒരു പിടിയുമില്ല. ഈ പണം മൗറീഷ്യസ് വഴിയുള്ള നേരിട്ടുള്ള വിദേശനിക്ഷേപങ്ങളായും പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ വഴിയുള്ള വിദേശസ്ഥാപനനിക്ഷേപങ്ങളായും ഇന്ത്യയിലേക്കുതന്നെ വന്നിട്ടുണ്ടാകാമെന്നാണ് ഈ ധവളപത്രം സൂചിപ്പിക്കുന്നത്. എന്നിട്ടും മൗറീഷ്യസുമായുള്ള ഇരട്ടനികുതി ഒഴിവാക്കിയ ഉടമ്പടി റദ്ദാക്കാനോ പാര്‍ടിസിപ്പേറ്ററി നോട്ടുകള്‍ വഴിയുള്ള നിക്ഷേപം ഇല്ലാതാക്കാനോ ഒരു നടപടിയും കേന്ദ്രം എടുത്തിട്ടില്ല.

2006ല്‍ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 23,373 കോടിരൂപ ആയിരുന്നത് 2010ല്‍ 9295 കോടിരൂപ ആയി കുറഞ്ഞു എന്നതാണ്. പക്ഷേ, ഈ കുറഞ്ഞ പണം എവിടെപ്പോയി?

കള്ളപ്പണവും രാഷ്ട്രീയ പാര്‍ടികളും
ഇന്ത്യയിലെ കള്ളപ്പണം നിയന്ത്രിക്കാനാണ് സര്‍ക്കാരിന് ഉദ്ദേശ്യമെങ്കില്‍ മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളും നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന് അന്നത്തെ യുപിഎ സര്‍ക്കാരിനോട് സിപിഐ എം 2012ല്‍ത്തന്നെ ആവശ്യപ്പെട്ടിരുന്നു.

ഈ കള്ളപ്പണം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്‌നമാണ്. ഇന്ത്യയിലെ പണക്കാര്‍ ദരിദ്രകോടികളെ ചൂഷണം ചെയ്ത് വലിയ പണം സ്വരൂപിക്കുന്നു എന്നു മാത്രമല്ല, അത് നികുതി കൊടുക്കാതെ കള്ളപ്പണമാക്കി വിദേശത്തു കൊണ്ടുപോയി തിരിച്ച് മൗറീഷ്യസ് വഴിയും വിദേശസ്ഥാപനനിക്ഷേപമായും ഇന്ത്യയിലേക്കുതന്നെ കൊണ്ടുവന്ന് തങ്ങളുടെ സാമ്പത്തികമേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ ഉപയോഗിക്കുന്നു.
ഇന്ത്യന്‍ കമ്പനികളും വ്യക്തികളും നിയമവിരുദ്ധമായി വിദേശബാങ്കുകളില്‍ സൂക്ഷിക്കുന്ന ധനത്തെപ്പറ്റി രാജ്യസഭയില്‍ സംസാരിക്കവെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇങ്ങനെ പറഞ്ഞു 'ദരിദ്രര്‍ നിറഞ്ഞ സമ്പന്നരാഷ്ട്രം എന്നാണ് ഇന്ത്യയെപ്പറ്റി പറയുന്നത്. ഇത്രയേറെ ദരിദ്രര്‍ ഉണ്ടായിരിക്കുന്നത് നമ്മുടെ പണമത്രയും കള്ളപ്പണയ അക്കൗണ്ടുകളിലേക്ക് ഒഴുക്കിയിരിക്കുന്നതുകൊണ്ടാണ്. മൂലധനം കൂട്ടിവെക്കുന്ന പ്രാകൃതരീതിയാണു കള്ളപ്പണം. 

ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും പാലിക്കണം. അതിനുപകരം ഒഴികഴിവുകള്‍ പറയുകയാണ്. മൗറീഷ്യസുമായുള്ള ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ കള്ളപ്പണക്കാരായ വ്യക്തികളെയും കമ്പനികളെയും സഹായിക്കാനാണ്. കള്ളപ്പണത്തിനു പുറത്തേക്കു പോകാനും വെള്ളപ്പണമായി തിരികെവരാനും വഴിയൊരുക്കിയിരിക്കുകയാണു നിങ്ങള്‍. അവയില്‍ ഏറ്റവും അപകടകരം കള്ളപ്പണം നിയമവിധേയമാക്കാനുള്ള ഏറ്റവും വലിയ സ്രോതസായ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളാണ്. ഇതു നിരോധിക്കണമെന്നു രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ള ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടി ഞങ്ങളാണ്. കള്ളപ്പണം കണ്ടെത്തുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥമായ താല്പര്യം ഉണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം പഴുതുകള്‍ അടയ്ക്കുകയാണ്.'

പക്ഷേ, ഒരേസമയം കള്ളപ്പണത്തിന്റെ മുഖ്യസ്രോതസ്സുകള്‍ തടയാനുള്ള സാധ്യമായ നടപടികളെടുക്കാതെ വന്‍തോക്കുകള്‍ക്ക് ഒത്താശ ചെയ്യുകയും കള്ളപ്പണം മുഴുവന്‍ പിടിക്കാനെന്ന നാട്യത്തില്‍ നോട്ട് പിന്‍വലിക്കലെന്ന വെടിക്കെട്ട് നടത്തുകയും ചെയ്യുമ്പോള്‍ അത് ആത്മാര്‍ഥമല്ലെന്നും മറ്റെന്തൊക്കെയോ ഉദ്ദേശ്യത്തോടെ ഉള്ളതാണെന്നും വ്യക്തമാകുകയാണ്. ജനങ്ങളെയാകെ വലച്ചുകൊണ്ടല്ലാതെ ചെയ്യാമായിരുന്ന ഈ നടപടി ഇത്തരത്തില്‍ ജനദ്രോഹകരമായി നടപ്പാക്കിയതാണ് വിമര്‍ശിക്കപ്പെടുന്നത്.

വിദേശത്ത് കള്ളപ്പണമായി 26 ലക്ഷം കോടി രൂപ സൂക്ഷിച്ചിരിക്കുന്നുവെന്നും തന്റെ പാര്‍ടി തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് ഇന്ത്യയില്‍ തിരിച്ചു കൊണ്ടുവരുമെന്നും നരേന്ദ്രമോദി 2014ലെ തിരഞ്ഞടുപ്പുപ്രചാരണത്തിനിടയില്‍ പ്രഖ്യാപിച്ചിരുന്നു. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഗുരുതരമായി പരാജയപ്പെട്ടു. അതില്‍ ഒന്നും ചെയ്യാനാവാത്തതിലുള്ള ജാള്യം മറയ്ക്കാനാണ് മോദി ഈ നോട്ട് പിന്‍വലിക്കല്‍ നാടകം നടത്തുന്നത്.

ജനങ്ങളെയാകെ വലച്ചുകൊണ്ടല്ലാതെ ചെയ്യാമായിരുന്ന ഈ നടപടി ഇത്തരത്തില്‍ ജനദ്രോഹകരമായി നടപ്പാക്കിയതാണ് വിമര്‍ശിക്കപ്പെടുന്നത്.

കള്ളപ്പണവും സ്വകാര്യ ബാങ്കുകളും
കള്ളപ്പണവുമായി ബന്ധപ്പെട്ടു പണ്ടുപണ്ടേ നാം കേള്‍ക്കുന്നത് സ്വിസ് ബാങ്കുകളുടെ പേരാണ്. എന്നാല്‍ ഇന്ന് കള്ളപ്പണം വെളുപ്പിക്കാന്‍ ദൂരെയൊന്നും പോകേണ്ട. നമ്മുടെ നാട്ടില്‍ത്തന്നെ സൗകര്യം ധാരാളം. അതിനുള്ള ഉപായങ്ങള്‍ അറിയണമെങ്കില്‍ ഐസിഐസിഐ, അക്‌സിസ്, എച്ച്ഡിഎഫ്‌സി എന്നീ പുത്തന്‍തലമുറ സ്വകാര്യബാങ്കുകളോടു ചോദിച്ചാല്‍മതി. 

കോബ്രാപോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാസികയുടെ അസോസിയേറ്റ് എഡിറ്ററായ സെയ്ദ് മന്‍സൂര്‍ ഹസന്‍ പേരു മാറ്റി ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലുമുള്ള ഈ ബാങ്കുകളിലെ ഡസന്‍ കണക്കിനു മാനേജര്‍മാരെ സമീപിച്ചു. താന്‍ ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ ഏജന്റാണ്, ഏതാനും കോടി രൂപയുടെ കള്ളപ്പണം ഉണ്ട്, അതു വെളുപ്പിക്കാന്‍ സഹായിക്കാമോ എന്നായിരുന്നു അന്വേഷണം. ഒരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടുപോലും എല്ലായിടത്തും ചുവപ്പു പരവതാനി സ്വീകരണമാണ് ഹസനു ലഭിച്ചത്.

കോബ്രാ പോസ്റ്റ് ചില്ലറക്കാരല്ല. മുന്‍പ് പത്ത് ലോക്‌സഭാംഗങ്ങളുടെ ജോലി കളഞ്ഞവരാണവര്‍. സംഭാഷണങ്ങള്‍ മുഴുവള്‍ ടേപ്പുചെയ്യുന്നുവെന്ന് ബാങ്കുദ്യോഗസ്ഥര്‍ അറിഞ്ഞില്ല. നൂറുകണക്കിനു മണിക്കൂര്‍ വരുന്ന സംഭാഷണങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ പുത്തന്‍തലമുറ സ്വകാര്യബാങ്കുകള്‍ നല്‍കുന്ന 'വിദഗ്ധസേവന'ങ്ങളുടെ ഒരു നഖചിത്രം നമുക്കു ലഭിക്കും.

കള്ളപ്പണം കൈകാര്യം ചെയ്യുന്നതില്‍ തെല്ലൊരു അഹങ്കാരത്തോടെയാണ് ബാങ്കധികൃതര്‍ വീഡിയോ ടേപ്പുകളില്‍ പ്രസംഗിക്കുന്നത്. ആക്‌സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി എന്നീ മൂന്നു ബാങ്കുകളാണ് സ്വകാര്യബാങ്കുകളുടെ വിജയമാതൃകകളായി പ്രകീര്‍ത്തിക്കപ്പെടുന്നത്. എങ്ങനെയും ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ബാങ്ക്‌നിയമം, ആദായനികുതിനിയമം, വിദേശനാണയനിയമം തുടങ്ങിയവ മാത്രമല്ല ക്രിമിനല്‍ നിയമം പോലും ലംഘിക്കുന്നതിന് അവര്‍ക്ക് ഒരു മടിയുമില്ല. അപരിചിതരായ ഒരു അന്വേഷകനോട് ഇത്ര തുറന്നു പറയുന്നവര്‍ സുപരിചിതരായ കള്ളപ്പണക്കാര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കില്ല! ഇന്ത്യ മുഴുവനുമുള്ള സാമ്പിള്‍ ബാങ്കു ബ്രാഞ്ചുകളിലുണ്ടായ ഒരേരീതിയിലുള്ള പ്രതികരണം സൂചിപ്പിക്കുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നടപടികള്‍ ഈ പുത്തന്‍തലമുറബാങ്കുകളില്‍ വ്യവസ്ഥാപിതമായിത്തന്നെയാണു നടന്നുവരുന്നത് എന്നാണ്.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്. പക്ഷേ, കോബ്രാ പോസ്റ്റിന്റെ സംഭാഷണടേപ്പുകള്‍ വായിച്ചപ്പോള്‍ എന്റെ മനസില്‍ വന്ന ചോദ്യമിതാണ്: ഇന്ത്യയിലെ പുത്തന്‍തലമുറ ബാങ്കുകള്‍ എന്തിനും റെഡിയായി നില്‍ക്കുമ്പോള്‍, അവരെ സംരക്ഷിക്കാന്‍ ബൂര്‍ഷ്വാപ്പാര്‍ട്ടികളുടെ ഭരണനേതൃത്വങ്ങള്‍ തറ്റുടുത്തു നില്‍ക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കാനും സൂക്ഷിക്കാനും എന്തിനു സ്വിസ് ബാങ്കില്‍ പോകണം?

ഇന്ത്യയിലെ പുത്തന്‍തലമുറ ബാങ്കുകള്‍ എന്തിനും റെഡിയായി നില്‍ക്കുമ്പോള്‍, അവരെ സംരക്ഷിക്കാന്‍ ബൂര്‍ഷ്വാപ്പാര്‍ട്ടികളുടെ ഭരണനേതൃത്വങ്ങള്‍ തറ്റുടുത്തു നില്‍ക്കുമ്പോള്‍ എന്തിനു സ്വിസ് ബാങ്കില്‍ പോകണം?

നോട്ടുനിരോധനം കള്ളപ്പണം തടയുമോ?
ഇനി വിഷയത്തിലേക്കു വരാം. ഒന്നാമത്തെ പ്രശ്‌നം. കള്ളപ്പണം വര്‍ദ്ധിക്കാനും നിര്‍ബാധം ഒഴുകാനുമുള്ള എല്ലാ വഴികളും തുറന്നിട്ടുകൊണ്ടാണ് കള്ളപ്പണം തടയാനെന്നപേരില്‍ 500ന്റെയും 1000ന്റെയും കറന്‍സികള്‍ നിരോധിച്ചത് എന്നതാണ്. കള്ളപ്പണം അധികവും വിദേശത്താണ് എന്നതിനാലും അതൊന്നും ഇന്ത്യന്‍ രൂപയുടെ രൂപത്തില്‍ അല്ലാത്തതിനാലും അതിന്റെ കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ ഈ നടപടികൊണ്ടു കഴിയില്ല എന്നതു പകല്‍ പോലെ വ്യക്തം. രണ്ടാമത്തെക്കാര്യം ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുന്ന ഈ കള്ളപ്പണം രണ്ടു നോട്ടുകള്‍ നിരോധിച്ചതുകൊണ്ട് എത്രമാത്രം പുറത്തുകൊണ്ടുവരാനോ ഇല്ലാതാക്കാനോ കഴിയും എന്നതാണ്. മൂന്നാമത്തെ കാര്യം, കറന്‍സിനിരോധനം വേണ്ടിയിരുന്നുവെങ്കില്‍ത്തന്നെ അത് ജനങ്ങളെ ഇത്രമാത്രം ബുദ്ധിമുട്ടിക്കാതെ കുറേക്കൂടി ശാസ്ത്രീയമായി ചെയ്യാമായിരുന്നില്ലേ എന്നതും. ഒടുവില്‍ പറഞ്ഞ രണ്ടു കാര്യങ്ങളും ഓരോന്നായി പരിശോധിക്കാം.

കോടികളുടെ കള്ളപ്പണയിടപാടുകള്‍ ഉള്ളവരാരും അതു രൂപയാക്കി എവിടെയെങ്കിലും ഒളിച്ചുവെച്ചിരിക്കുകയല്ല. അത്ര മണ്ടത്തരം കാട്ടുന്ന സാധാരണക്കാരല്ല അവരാരും. ഉന്നതശ്രേണിയില്‍ ഉള്ളവരാണ് അവരേറെയും. അവര്‍ അത് അപ്പപ്പോള്‍ സ്വര്‍ണ്ണത്തിലോ റിയല്‍ എസ്റ്റേറ്റിലോ ഒക്കെ നിക്ഷേപിക്കും. പിന്നീട് നിയമവിധേയമായ ഇടപാടുകളിലൂടെ അതു വെളുപ്പിച്ചെടുക്കുകയും ചെയ്യും.

കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നതിന് ഒരു അമിനിസ്റ്റി സ്‌കീം കഴിഞ്ഞ ബജറ്റില്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യമിട്ടതിനേക്കാള്‍ എത്രയോ കുറവാണ് വെളിപ്പെട്ടത്. ഈ സ്‌കീമിന്റെയും കര്‍ശന 'ഭാവി നടപടികളു'ടെ മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വമ്പന്‍ കള്ളപ്പണക്കാരെല്ലാം തങ്ങളുടെ പണം സ്വര്‍ണത്തിലും ഭൂമിയിലും മറ്റും നിക്ഷേപിച്ചിരിക്കാനാണ് സാദ്ധ്യത. അവ വിറ്റാല്‍ ഇനി നിരോധമില്ലാത്ത പുതിയ കറന്‍സി കിട്ടുമല്ലോ. ചുരുക്കത്തില്‍, ഇവരെയാരെയും 500ന്റെയും 1000 ത്തിന്റെയും നോട്ടുനിരോധം ബാധിക്കില്ല.

ഇനി, 500ഉ 1000ഉം നോട്ടുകളായി സൂക്ഷിച്ചിട്ടുള്ള ഏതെങ്കിലും ചെറുകിടകള്ളപ്പണക്കാര്‍ ഉണ്ടെങ്കിലോ? അവരത് രണ്ടരലക്ഷത്തില്‍ക്കുറഞ്ഞ തുകകളാക്കി പലരെ ഉപയോഗിച്ച് പലദിവസങ്ങളിലായി പല ബാങ്കക്കൗണ്ടുകളിലൂടെ മാറ്റിയെടുക്കും. അതു ചെയ്യാന്‍ കഴിയാത്ത വല്ലവരും ഉണ്ടെങ്കില്‍ അവരുടെ കള്ളപ്പണം മാത്രമാകും ഇതുവഴി പാഴാകുക. സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ മനസിലാക്കാവുന്ന ഈ കാര്യങ്ങള്‍ ബിജെപിക്കു മനസിലാക്കാന്‍ കഴിയുന്നില്ല.

റിസര്‍വ് ബാങ്ക് ഗവണര്‍ ആയിരുന്ന രഘുറാം രാജന്‍തന്നെ ഇക്കാര്യം രണ്ടുകൊല്ലം മുമ്പ് സുവ്യക്തമായി പറഞ്ഞിട്ടുണ്ട്: 'മുമ്പൊക്കെ കള്ളപ്പണത്തിന്റെ വിനിമയം അസാധ്യമാക്കാനുള്ള വഴിയായാണ് കറന്‍സി പിന്‍വലിക്കല്‍ (demonetisation) കണ്ടിരുന്നത്. അപ്പോള്‍ ആളുകള്‍ വന്ന് 'എന്റെ പണപ്പെട്ടിയില്‍ ഇരിക്കുന്ന പത്തുകോടി രൂപ ഞാന്‍ എന്തുചെയ്യും' എന്നു ചോദിക്കും. ആ പണം എവിടെനിന്നു കിട്ടി എന്ന് അപ്പോള്‍ അവര്‍ക്ക് വിശദീകരിക്കേണ്ടിവരും. ഇതൊരു പരിഹാരമായി കണക്കാക്കിയിരുന്നു. ഇന്ന് കൗശലക്കാര്‍ അതിനപ്പുറത്ത വഴികള്‍ കണ്ടെത്തുന്നു എന്നാണ് എന്റെ ബോധ്യം. സമ്പാദ്യം ധാരാളം ചെറുപങ്കുകളാക്കി മാറ്റും. കള്ളപ്പണം വെളുപ്പിക്കാന്‍ മാര്‍ഗം കാണാത്തവര്‍ അതു കാണിക്കവഞ്ചിയില്‍ ഇടുന്നതു നാം കാണുന്നില്ലേ? കള്ളപ്പണം തടയാന്‍ കറന്‍സി പിന്‍വലിക്കലല്ലാതെ മാര്‍ഗങ്ങളുണ്ട്. കള്ളപ്പണം പുറത്തുകൊണ്ടുവരുക അത്ര എളുപ്പമല്ല. തീര്‍ച്ചയായും നല്ലൊരു പങ്ക് സ്വര്‍ണത്തിന്റെ രൂപത്തിലാകും; അതു പിടിക്കാന്‍ പ്രയാസവുമാണ്.' നികുതിക്കാര്യത്തിലും മറ്റും ഇന്‍സന്റീവുകള്‍ ആണ് അദ്ദേഹം അതിനു കാണുന്ന മാര്‍ഗം. പുതിയ സമ്പദ്‌സംവിധാനത്തില്‍ പണം അത്രയെളുപ്പം ഒളിപ്പിക്കാനാകില്ലെന്നും അതിനാല്‍ ഇന്‍സന്റീവുകള്‍ പ്രയോജനപ്പെടുത്താന്‍ ആളുകള്‍ തയ്യാറാകുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. പല മുതിര്‍ന്ന സാമ്പത്തികവിദഗ്ധരും നോട്ടുനിരോധനത്തെ കള്ളപ്പണം തടയാനുള്ള ഫലപ്രദമായ മാര്‍ഗമായി കാണുന്നവരല്ല. വേണമായിരുന്നോ ഈ ജനദ്രോഹം?

ഇനി മൂന്നാമത്തെക്കാര്യം നോക്കാം. കറന്‍സി പിന്‍വലിക്കല്‍ ജനങ്ങളെ വലയ്ക്കാതെ നടപ്പാക്കാമായിരുന്നോ എന്നതാണാ ചോദ്യം. ഞാനൊരു സാഹചര്യം വിവരിക്കാം.

ഇങ്ങനെയാണു സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലോ: 'പ്രചാരത്തിലുള്ള 500, 1000 രൂപാനോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്. നവംബര്‍ 30 മുതല്‍ ഈ നോട്ടുകള്‍ക്ക് പ്രാബല്യം ഉണ്ടാവില്ല. നിരോധിച്ച നോട്ടുകള്‍ കൈവശം ഉള്ളവര്‍ അതിനകം അവ മാറ്റി അംഗീകാരമുള്ള കറന്‍സികള്‍ ആക്കണം. ഇന്നുമുതല്‍ രണ്ടരലക്ഷത്തില്‍ക്കൂടുതല്‍ രൂപ (ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവ്) ആരു ബാങ്കില്‍ അടച്ചാലും അതിന്റെ സ്രോതസും തിരിച്ചറിയല്‍ രേഖയും ഒപ്പം സമര്‍പ്പിക്കണം. വ്യാപാരികളോ ധനകാര്യസ്ഥാപനങ്ങളോ ഇതിനുമുകളിലുള്ള തുക വ്യക്തികളില്‍നിന്നു സ്വീകരിക്കുകയാണെങ്കില്‍ ആ തുക എന്തിനാണു വിനിയോഗിച്ചത് എന്ന പ്രസ്താവനയും തിരിച്ചറിയല്‍ രേഖയും അവരില്‍നിന്നു വാങ്ങി ബാങ്കില്‍ സമര്‍പ്പിക്കണം. കള്ളനോട്ടു പരിശോധിച്ചുതിരിച്ചറിയാന്‍ വൈദഗ്ധ്യമുള്ള ജീവനക്കാരും സംവിധാനവും ഉള്ള സ്ഥാപനങ്ങളല്ലാതെ വ്യക്തികളോ സ്ഥാപനങ്ങളോ നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കരുത്.' വേണമെങ്കില്‍ കുറച്ചു നിബന്ധനകള്‍കൂടി വെക്കാം. ബാങ്കുകളിലും എറ്റിഎമ്മുകളിലും പുതിയ കറന്‍സി അന്നുമുതല്‍തന്നെ വിതരണം തുടങ്ങുകയും ചെയ്യുക. 

ഇപ്പോഴത്തെരീതിയിലുള്ള നിരോധനവും ഇതും തമ്മില്‍ എന്തു വ്യത്യാസമാണു കള്ളപ്പണക്കാര്യത്തില്‍ ഉണ്ടാവുക? ഇതിന് ആരും വ്യക്തമായ ഉത്തരം പറയുന്നില്ല.

ഒരേയൊരു വ്യത്യാസം ജനങ്ങള്‍ ആവശ്യങ്ങള്‍ക്കു പണമില്ലാതെ വലയുന്ന, പണിയുപേക്ഷിച്ചു ബാങ്കില്‍ ക്യൂ നില്‍ക്കുന്ന, കുഴഞ്ഞുവീണുമരിക്കുന്ന ദുരിതാവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നതു മാത്രമാണ്. അര്‍ധരാത്രി ആര്‍ക്കും മുന്നറിയിപ്പു നല്‍കാതെ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പകരം നവംബര്‍ അവസാനം വരെ ദിവസം കൊടുത്തുകൊണ്ട് നോട്ടുകള്‍ റദ്ദാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ നേടുമെന്നു പറയുന്ന ലക്ഷ്യങ്ങളെല്ലാം നേടാന്‍ കഴിയും.

'സര്‍ജിക്കല്‍ ഓപ്പറേഷ'ന്റെ ലക്ഷ്യം കള്ളനോട്ടുകള്‍ നിര്‍മാര്‍ജനം ചെയ്യലാണെന്നാണല്ലോ പറയുന്നത്. നവംബര്‍ 30 വരെ സമയം കൊടുത്താലും കള്ളനോട്ടുടമസ്ഥര്‍ക്ക് ആര്‍ക്കും അനിവാര്യമായ വിധിയില്‍നിന്നു രക്ഷപ്പെടാന്‍ കഴിയില്ല. ഏതെങ്കിലും ബാങ്കില്‍ കൊണ്ടുചെന്നു പകരം പുതിയ നോട്ടുകള്‍ വാങ്ങിയില്ലെങ്കില്‍ ഡിസംബര്‍ 30ന് ആ നോട്ടുകള്‍ റദ്ദാകും. കള്ളനോട്ടാണു കയ്യിലുള്ളതെന്ന് അറിയാവുന്ന ആരും ബാങ്കുവഴി അതു മാറ്റാന്‍ ശ്രമിക്കില്ല. മറ്റുവല്ലവര്‍ക്കും കൊടുത്തു പറ്റിക്കാന്‍ നോക്കുകയേയുള്ളൂ. എന്നാല്‍, ആ നോട്ടുകള്‍ വാങ്ങരുത് എന്നു നിര്‍ദ്ദേശം ഉള്ളതിനാല്‍ ആരും വാങ്ങാന്‍ മുതിരില്ല. അപ്പോള്‍പ്പിന്നെ അതു കത്തിച്ചുകളയുകയേ വഴിയുള്ളൂ. കള്ളനോട്ടാണെന്ന് അറിയാതെ കൈവശം വന്നുചേര്‍ന്ന ആരെങ്കിലുമൊക്കെ മാത്രമാണ് അതുമായി ബാങ്കില്‍ എത്താന്‍ സാധ്യത. അങ്ങനെവരുമ്പോള്‍, കള്ളനോട്ടിടപാടുകാരെ പിടികൂടുന്നതിലും കാര്യമായ നേട്ടമുണ്ടാവില്ല.

പക്ഷേ, നിലവിലുള്ള 500, 1000 കള്ളനോട്ടുകളുടെ വ്യവഹാരം പൂര്‍ണമായും നിലയ്ക്കും. അതുമാത്രമാണ് ഈ നടപടിയുടെ കാര്യമായ പ്രയോജനം. അതിന് ഈ ബുദ്ധിമുട്ടിക്കലൊന്നും ആവശ്യമില്ലായിരുന്നുതാനും.കള്ളപ്പണത്തിന്റെ കാര്യത്തിലാകട്ടെ, അങ്ങേയറ്റം വന്നാല്‍ സംഭവിക്കാവുന്നത്, പണമായി സൂക്ഷിച്ചിരിക്കുന്നതായി കണക്കാക്കുന്ന ആറുലക്ഷം കോടി രൂപയുടെ കള്ളപ്പണത്തില്‍ ഒരു പങ്ക്, ഒരു രണ്ടോ രണ്ടരയോ ലക്ഷം കോടി രൂപ, വിനിമയരംഗത്തുനിന്ന് അപ്രത്യക്ഷമായേക്കാം എന്നതാണ്. റിസര്‍വ്വ് ബാങ്കിന്റെ അത്രയും ബാധ്യതകള്‍ കുറയും. അതേ തോതില്‍ കരുതല്‍ ധനം ഉയരും. ഇതുമുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കലാക്കുകയാണെങ്കില്‍ അവരുടെ വരുമാനം വര്‍ദ്ധിക്കും. എന്നാല്‍, നോട്ടുനിരോധനം നടപ്പാക്കിയതിലൂടെ രാജ്യത്തിന് ഉണ്ടാകാവുന്ന സാമ്പത്തിക, ഉല്പാദന നഷ്ടവും മാന്ദ്യവും ഈ നേട്ടത്തെ നിഷ്ഫലമാക്കുമെന്നു മാത്രമല്ല, അതിലുമപ്പുറമുള്ള ക്ഷതം രാജ്യത്തിന് ഏല്പിക്കുകയും ചെയ്യും. അത് എങ്ങനെയൊക്കെ എന്നുകൂടി നോക്കാം.

500, 1000 കറന്‍സി ഒറ്റയടിക്കു വിപണിയില്‍നിന്നു പോകുന്നതോടെ രാജ്യത്തെ മൊത്തം ധനവ്യവഹാരം 10 ശതമാനത്തിലേക്ക് പൊടുന്നനെ ഇടിയുകയാണ്.

ധനവ്യവഹാരത്തിലെ  ഇടിവും മാന്ദ്യവും
ഇപ്പോള്‍ സംഭവിച്ചതിലെ ഏറ്റവും ഗൗരവമുള്ള കാര്യം, നമ്മുടെ രാജ്യത്തു വ്യവഹാരങ്ങള്‍ നടക്കുന്ന മൊത്തം ധനത്തിന്റെ 86.4 ശതമാനവും ഇപ്പോള്‍ നിരോധിച്ച 500, 1000 കറന്‍സികളായാണ് എന്നതാണ്. അവ ഒറ്റയടിക്കു വിപണിയില്‍നിന്നു പോകുന്നതോടെ രാജ്യത്തെ മൊത്തം ധനവ്യവഹാരം 10 ശതമാനത്തിലേക്ക് പൊടുന്നനെ ഇടിയുകയാണ്. ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള ഈ കറന്‍സികള്‍ മുഴുവന്‍ ഏതാനും ദിവസംകൊണ്ട് ഇല്ലാതാകുന്നു. പകരം അത്രയും ധനം അതേസമയംതന്നെ ജനങ്ങളില്‍ തിരിച്ചെത്തുകയാണെങ്കില്‍ കുഴപ്പമില്ല.

ഇവിടെ സംഭവിക്കുന്നത് അതല്ല. അങ്ങോട്ടു സ്വീകരിക്കുന്നതിനു പരിധിയില്ല. തിരികെ തരുന്നതിന് ദിവസം പരമാവധി 2000, ബാങ്കുവഴിയാണെങ്കില്‍ 10,000, ഒരാഴ്ച പരമാവധി 10,000 എന്നിങ്ങനെയൊക്കെ നിയന്ത്രണങ്ങളുണ്ട്. ഇത് സാമ്പത്തികവ്യവഹാരം വല്ലാതെ പരിമിതപ്പെടുത്തും. പച്ചക്കറിക്കമ്പോളങ്ങളില്‍ ആളുകള്‍ ഈച്ചയടിച്ചിരിക്കുന്നതു നാം ടിവിയില്‍ കണ്ടു. രാജ്യം മുഴുവന്‍ ഇതാണു സ്ഥിതി. ഇങ്ങനെ അളിഞ്ഞുപോയ പച്ചക്കറിയുടെ നഷ്ടംതന്നെ എത്രവരും!

അതു നാം നേരിട്ടുകണ്ട ഒരു ഉദാഹരണം മാത്രമാണ്. പച്ചക്കറി മുതല്‍ ഇലക്ട്രോണിക് വ്യവസായം വരെ എല്ലായിടത്തും ഈ മാന്ദ്യവും നഷ്ടവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ബാഹ്യമായ ഭീഷണികള്‍ നേരിടുന്ന ഒരു സാഹചര്യത്തില്‍ രാജ്യം ഇത്തരമൊരു മാന്ദ്യത്തിലേക്കും അതു സൃഷ്ടിക്കുന്ന അരാജകത്വത്തിലേക്കും അസംതൃപ്തിയിലേക്കും പോകുന്നത് എത്രകണ്ട് ആശാസ്യമാണ് എന്നെങ്കിലും ആലോചിക്കേണ്ടേ?

പണലഭ്യതയില്‍ മാത്രമല്ല, പണത്തിന്റെ കൈമാറ്റവേഗത്തിലും കുറവു വരും. ഇത് ഉല്‍പ്പാദന വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇതു തടയണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി  ഉയര്‍ത്തണം. എന്നാല്‍, ഇത്തരമൊരു ധനനയമല്ല കേന്ദ്രം ഇപ്പോള്‍ പിന്തുടരുന്നത്.

ഇപ്പോഴത്തെ നടപടി സാധാരണക്കാരില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ആദ്യനാള്‍തന്നെ അനുഭവിച്ചു. അത്യാവശ്യച്ചെലവുകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പോംവഴി പരിഹാസ്യമാണ്. നവംബര്‍ 11 അര്‍ധരാത്രി വരെ സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, സിഎന്‍ജി ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചു. പിന്നെ അതു മൂന്നുദിവസത്തേക്കുകൂടി നീട്ടി. (സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തില്‍ പറഞ്ഞ കാര്യമാണിത്. ഒരാഴ്ച നീട്ടണമെന്നാണു നമ്മള്‍ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞു വീണ്ടും വേണോ എന്ന് അവലോകനം ചെയ്യുകയും വേണം.) ഇവയോടൊപ്പം ശ്മശാനങ്ങള്‍, പാല്‍ ബൂത്തുകള്‍, സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയെയും പിന്നീടു ചേര്‍ത്തു. സഹകരണസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തണമെന്നതും യാഥാര്‍ത്ഥ്യബോധത്തോടെ നമ്മള്‍ വെച്ച നിര്‍ദ്ദേശമായിരുന്നു.

പക്ഷേ, ആശുപത്രിയില്‍ ചികിത്സ കിട്ടാത്തതിന്റെയും മരുന്നുകള്‍ ലഭിക്കാത്തതിന്റെയും ഒട്ടേറെ ഫോണ്‍വിളികള്‍ എനിക്കുതന്നെ വന്നു.  കോയമ്പത്തൂരില്‍ ദേശീയ അത്‌ലറ്റിക് മീറ്റിനു പോയ കേരളത്തിന്റെ ജൂനിയര്‍ ടീമും ഉദ്യോഗസ്ഥരും അടങ്ങുന്ന 188 അംഗസംഘം ഓരോദിവസവും ബാങ്കില്‍നിന്നു പിന്‍വലിക്കാവുന്ന 2000 രൂപകൊണ്ട് എങ്ങനെ കഴിച്ചുകൂട്ടും എന്ന് ഉത്ക്കണ്ഠപ്പെട്ടതു നാം മാധ്യമങ്ങളില്‍ കണ്ടു. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടും ബാങ്ക് സൗമനസ്യം കാണിച്ചതുകൊണ്ടുമാണ് അവര്‍ക്ക് പണമെത്തിക്കാനും അവരെ രക്ഷിക്കാനും കഴിഞ്ഞത്. ഇങ്ങനെ ആര്‍ക്കെല്ലാം എത്രയെത്രതരം ബുദ്ധിമുട്ടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്!

ബാങ്കില്‍നിന്ന് 2000ത്തിന്റെ നോട്ടു വാങ്ങിയവരും പ്രതിസന്ധിയിലാണ്. കാര്യങ്ങള്‍ നടക്കുന്നില്ല. അതുമായി പച്ചക്കറിക്കടയിലും മീന്‍ ചന്തയിലും പലചരക്കുകടയിലും റേഷന്‍ കടയിലുമൊക്കെ ചെല്ലുന്നവര്‍ ബുദ്ധിമുട്ടുന്നു. ബാക്കി കൊടുക്കാന്‍ കടകളില്‍ ചില്ലറയില്ല. ബസ്, റയില്‍ ടിക്കറ്റുകള്‍ക്കടക്കം പല കാര്യത്തിലും 500, 1000 ചില്ലറയില്ലായ്മയും അതുകൊണ്ടുതന്നെ മറ്റു ചില്ലറ നോട്ടുകള്‍ക്കുണ്ടാകുന്ന ദൗര്‍ലഭ്യവും ജനങ്ങളെയും വ്യാപാരികളെയും വലയ്ക്കുകയാണ്. ചെറുകിടവ്യാപാരരംഗം ഏറെക്കുറെ നിശ്ചലമാണ്.

ഡിസംബര്‍ 30 വരെ  പ്രയാസങ്ങള്‍ തുടരും. അല്ലെങ്കില്‍ കാര്‍ഡ്, ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയിലേതെങ്കിലും സ്വീകരിക്കണം. കാരണം അവയ്ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. രാജ്യത്തെ ഭൂരിപക്ഷം സാധാരണക്കാര്‍ക്കും ഇവയ്‌ക്കൊന്നും സൗകര്യങ്ങളില്ല; ഇവയൊന്നും അറിയുകപോലുമില്ല. ആര്‍ക്കാണ് ഇതൊന്നും അറിയാത്തത്. അല്ലെങ്കില്‍ത്തന്നെ കോര്‍പ്പറേറ്റുകളുടെ പാര്‍ടിയായ ബിജെപി എന്നാണു ജനങ്ങളെ പരിഗണിച്ചിട്ടുള്ളത്!

എന്തിന് ഇങ്ങനെയൊരു നാടകവും നടപടിയും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

നാടകത്തിന്റെ അകംപൊരുള്‍
വസ്തുത ഇതായിരിക്കെ എന്തിന് ഇങ്ങനെയൊരു നാടകവും നടപടിയും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. മാദ്ധ്യമങ്ങളില്‍ ഇതുസംബന്ധിച്ചു പല വിവരങ്ങളും വന്നുകൊണ്ടിരിക്കുന്നു. അവയിലൊന്ന് ബിജെപിയുടെ പല സംസ്ഥാനഘടകങ്ങളും അവരുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റുകളും അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കുവേണ്ടിയും മറ്റാവശ്യങ്ങള്‍ക്കും കരുതിവച്ചിരുന്ന 500, 1000 നോട്ടുകളിലുള്ള കള്ളപ്പണമത്രയും നിരോധത്തിനു മുമ്പായി വെളുപ്പിച്ചെടുത്തു എന്നതാണ്. തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന യുപിയിലെയും മറ്റും പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളും ഇത്തരത്തില്‍ കള്ളപ്പണം സമാഹരിച്ചുെവച്ചിട്ടുണ്ടാകുമല്ലോ. അവര്‍ക്ക് അത് ഉപയോഗിക്കാന്‍ അവസരം കൊടുക്കാതിരിക്കുക എന്നതാണ് അപ്രതീക്ഷിതമായ നിരോധത്തിന്റെ ഉദ്ദേശ്യം എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മറ്റൊരു നിരീക്ഷണം, കോര്‍പ്പറേറ്റുകള്‍ക്കു വായ്പ നല്‍കിയ ആറുലക്ഷം കോടിരൂപ കിട്ടാക്കടമായിരിക്കുന്ന ബാങ്കുകളെ ധനരാഹിത്യത്തിന്റെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാനും തങ്ങള്‍ക്കു വേണ്ടപ്പെട്ട കോര്‍പ്പറേറ്റുകള്‍ക്കു കൂടുതല്‍ വായ്പയ്ക്കു ധനം സമാഹരിക്കാനും ബാങ്കുകളെ സഹായിക്കുകയാണു ലക്ഷ്യം എന്നതാണ്. ധനവിപണിയുടെ 90 ശതമാനം വരുന്ന 500, 1000 നോട്ടുകളത്രയും ബാങ്കുകളില്‍ വന്നുചേരുകയും അവ നല്‍കിയവര്‍ക്ക് ആഴ്ചതോറും നക്കാപ്പിച്ചവീതം തിരികെ നല്‍കുകയും ചെയ്യുന്ന നടപടി ബാങ്കുകളില്‍ ധനം കുമിഞ്ഞുകൂടാന്‍ ഇടയാക്കുമല്ലോ. അപ്പോള്‍ ഈ സാധ്യതയും ഉണ്ട്.

മൂന്നാമതു മാധ്യമങ്ങളില്‍ കണ്ടത്, റിസര്‍വ്വ് ബാങ്ക് ഏറ്റവുമൊടുവില്‍ അടിച്ച 30,000 കോടിക്കുള്ള ആയിരത്തിന്റെ നോട്ടുകളില്‍ സെക്യൂരിറ്റി ചരട് ഇല്ലായിരുന്നെന്നും അവ പിന്‍വലിക്കാനുള്ള തന്ത്രമാണിത് എന്നുമാണ്. സെക്യൂരിറ്റി ത്രെഡ് ഇല്ലാത്ത നോട്ടുകള്‍ അച്ചടിച്ചു വിതരണം ചെയ്തു എന്നതും അവ കള്ളനോട്ടായി കരുതരുതെന്നും സ്വീകരിക്കണമെന്നും കാണിച്ചു ബാങ്കുകള്‍ക്കു റിസര്‍വ്വ് ബാങ്ക് കത്തയച്ചിരുന്നു എന്നതും അന്നുതന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഇത് ആയിരത്തിന്റെ കള്ളനോട്ടു വ്യാപകമാകാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടാകാം. ഒരുപാടു സുരക്ഷാക്രമീകരണങ്ങളോടെയും ജാഗ്രതയോടെയും നടത്തുന്ന നോട്ട് അച്ചടിയുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത ഇത്ര ഗുരുതരമായ ഒരു തെറ്റ് എങ്ങനെ സംഭവിച്ചു എന്നതില്‍ ദുരൂഹതയുമുണ്ട്.

മറ്റൊരു രസകരമായ കാര്യം നിരോധിച്ച നോട്ടുകള്‍ കൈമാറുന്നതിന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം വന്ന നടപടിക്രമങ്ങളും ഇളവുകളും നിരോധനം പ്രഖ്യാപിച്ച ഗസറ്റില്‍ ഇല്ല എന്നതാണ്. മറ്റുപല അറിയിപ്പുകളും പ്രധാനമന്ത്രിയുടെ കത്തും ഒക്കെയായാണ് ഇത്തരം കാര്യങ്ങള്‍ വന്നിട്ടുള്ളത്. ഇത് നടപടിക്രമങ്ങളുടെ ലംഘനമാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിലും ഞാന്‍ കേന്ദ്രധനമന്ത്രിക്ക് അയച്ച കത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യമെല്ലാം ഉള്‍പ്പെടുത്തി ആ ഗസറ്റ് പുനഃപ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കാം. ഒരു ആലോചനയും മുന്നൊരുക്കവും ഇല്ലാതെയാണ് കറന്‍സി നിരോധനം നടപ്പിലാക്കിയത് എന്നതിന്റെ തെളിവാണ് ഇതെല്ലാം.  എന്തിനേറെ, നവംബര്‍ എട്ട് അര്‍ദ്ധരാത്രിമുതല്‍ വിലയില്ല എന്നു ഗസറ്റ് പ്രഖ്യാപിച്ച നോട്ടുകളാണു പൂര്‍ണവിലയോടെ ഇപ്പോഴും വിപണിയില്‍ വിലസുന്നത് എന്നതുതന്നെ എന്തൊരു അപഹാസ്യതയാണ്.

ഏതായാലും ആ വന്‍നാടകം പൊളിഞ്ഞു. ദുരിതത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളില്‍ വലിയൊരുവിഭാഗം തല്‍ക്കാലം നാടകത്തിന്റെ ഭ്രമാത്മകതയില്‍പ്പെട്ട് എന്തോ മഹത്തായ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്തിരിക്കുകയാണ്, അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ രാജ്യത്തിനുവേണ്ടി നാം സഹിക്കണം എന്നൊരു ചിന്തയില്‍ ആണെങ്കിലും അത് ഏറെ നിലനില്‍ക്കില്ല. മാധ്യമങ്ങള്‍ ഇതിനകം പുറത്തുകൊണ്ടുവന്നതും ഇനിയും വെളിപ്പെടാനിരിക്കുന്നതുമായ അന്തര്‍നാടകങ്ങള്‍ വൈകാതെ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകതന്നെ ചെയ്യും. അപ്പോള്‍ അവര്‍ക്കു മനസ്സിലാകും അവര്‍ക്കുവേണ്ടി നിലപാടെടുത്തത് ആരെല്ലാമാണെന്ന്. ദേശഭക്തിയുടെ പുകമറ സൃഷ്ടിച്ചു നടത്തുന്ന തട്ടിപ്പുകളുടെയെല്ലാം അന്തപ്പുരക്കഥകള്‍ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളും അവയുടെ പിന്നാമ്പുറവും വെളിപ്പെട്ടതുപോലെ വെളിച്ചത്തുവരും. അതിനൊന്നും അന്നത്തെപ്പോലെ കാലവിളംബം ഉണ്ടാവില്ല പുതിയ ഡിജിറ്റല്‍കാലത്ത്.

ക്ഷമിക്കണം, ഒരു ധനകാര്യന്യായീകരണവുമില്ലാത്ത ഈ പതിവു മോദിനാടകത്തെ പിന്തുണയ്ക്കാനാവില്ല. എനിക്കറിയാം, ഇന്ത്യയിലാകെ ജനങ്ങളില്‍ ഈ നടപടി വലിയ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയാവുന്നവര്‍ക്കുപോലും പിന്തുണയ്ക്കാനാവാത്ത ഈ നടപടിയെ ഞാനും എന്നെപ്പോലെ സാമൂഹിക ഉത്തരവാദിത്വമുള്ളവരും എതിര്‍ക്കുകതന്നെ ചെയ്യും. നാടകം കളിക്കുന്നവരോട് ഒരുകാര്യം പറയാം: രാജ്യം എന്നുപറഞ്ഞാല്‍ ജനങ്ങളാണ്. അവരെ ദ്രോഹിക്കുന്നവര്‍ അവരെ സ്‌നേഹിക്കുന്ന ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കണ്ട.  

 

(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച കള്ളപ്പണവേട്ട: കള്ളവും പണവും എന്ന പുസ്തകത്തില്‍ നിന്ന്. എഡിറ്റര്‍: എ.കെ രമേശ്)

Follow Us:
Download App:
  • android
  • ios