Asianet News MalayalamAsianet News Malayalam

ഈ 'കുലസ്ത്രീ' എന്നാല്‍ ഇങ്ങനെയാണോ? ഫേസ്ബുക്കില്‍ ലൈവായി മീരയുടെ നാടകം

അടുത്തിടെ സ്ത്രീകള്‍ക്കെതിരായ കുറേ സംഭവങ്ങളില്‍ നിരാശയുണ്ട്. അതിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തലാണ് ആ നാടകം. നമ്മള്‍ നില്‍ക്കുന്ന ചെറിയ ഇടങ്ങള്‍ വരെ പ്രതികരണത്തിനുള്ള മാര്‍ഗമാക്കുക എന്നാണല്ലോ. 

facebook live drama from hostel by meera
Author
Thiruvananthapuram, First Published Oct 20, 2018, 6:32 PM IST

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവില്‍ നാടകം ചെയ്ത് മീര കൃഷ്ണന്‍. ജനിച്ച ദിവസം മുതല്‍ 'അത് ചെയ്യരുത്, ഇത് ചെയ്യരുത്' എന്ന് പറഞ്ഞ് പെണ്‍കുട്ടികളെ 'കുലസ്ത്രീ'കളായി വളരാന്‍ പ്രേരിപ്പിക്കുകയാണ് ഓരോരുത്തരും ചെയ്യുന്നത്. അതിനെതിരെയുള്ള പ്രതിഷേധമാണ് നാടകം. ആണ്‍കുട്ടിക്ക് കളിപ്പാട്ടമായി വാഹനങ്ങള്‍ കൊടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പാവയാണ്. പെണ്‍കുട്ടികള്‍ ഉറക്കെ ചിരിക്കരുത്, ഉറക്കെ സംസാരിക്കരുത്, പയ്യെ നടക്കണം എന്നെല്ലാം തിട്ടൂരങ്ങളിറക്കുന്നു. അവളുടെ വാ മൂടിക്കെട്ടുന്നു. ഇവയൊക്കെയാണ് നാടകത്തില്‍ പറയുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് വിധി വന്ന സമയത്ത് ചില സ്ത്രീകള്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളേയും മീര കൃഷ്ണനും സംഘവും നാടകത്തിലൂടെ ചോദ്യം ചെയ്യുന്നു. എം.എ മലയാളം വിദ്യാര്‍ഥിനിയാണ് മീര കൃഷ്ണന്‍. ഹോസ്റ്റലിലിരുന്നാണ് നാടകം ചെയ്തിരിക്കുന്നത്. കൂടെ രണ്ട് സുഹൃത്തുക്കളുമുണ്ട്. സ്ക്രിപ്റ്റും, സംവിധാനവും മീര തന്നെയാണ്. നാടകം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് മീര ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

അടുത്തിടെ സ്ത്രീകള്‍ക്കെതിരായ കുറേ സംഭവങ്ങളില്‍ നിരാശയുണ്ട്. അതിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തലാണ് ആ നാടകം. നമ്മള്‍ നില്‍ക്കുന്ന ചെറിയ ഇടങ്ങള്‍ വരെ പ്രതികരണത്തിനുള്ള മാര്‍ഗമാക്കുക എന്നാണല്ലോ. തെരുവ് നാടകമൊക്കെ അതുതന്നെയാണല്ലോ ചെയ്യുന്നത്. ഒരു ഹോസ്റ്റല്‍ മുറിയിലിരുന്നുകൊണ്ട് പരിമിതമായ വസ്തുക്കളുപയോഗിച്ച് നമുക്ക് ചെയ്യാനാവുന്ന തരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എന്നേയുള്ളൂ. 

പെട്ടെന്ന് ഇങ്ങനെ നാടകം ചെയ്യാന്‍ കാരണമായത് ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തന്നെയാണ്. നമ്മുടെ സമൂഹത്തില്‍ ആണിടങ്ങളാണ് എല്ലായിടവും. സ്വന്തം ഇടം കണ്ടെത്താനുള്ള സമരത്തിലാണല്ലോ ഓരോ പെണ്ണും. നമ്മുടേതായ പ്രതിഷേധത്തിന് ഇത്തരത്തിലൊരു സങ്കേതമുപയോഗിച്ചുവെന്ന് മാത്രം. കൂടെ പഠിക്കുന്ന രേഷ്മ, മുറിയില്‍ ഒരുമിച്ചു താമസിക്കുന്ന അമൃത, അനുമോള്‍ എന്നിവരും കൂടെയുണ്ടായിരുന്നു. 

നേരത്തേയും നാടകം ചെയ്തിട്ടുണ്ട്. നാടകക്യാമ്പുകളില്‍ പങ്കെടുക്കുമായിരുന്നു. ആ സമയത്ത് പലപല സങ്കേതങ്ങളെ പരിചയപ്പെടുത്തിയിരുന്നു. ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വരെ നാടകം ചെയ്തിരുന്നതായി കേട്ടിരുന്നു. അങ്ങനെയാണ് എന്തുകൊണ്ട് ലൈവായി ഒരു നാടകം ചെയ്തുകൂടാ എന്ന് തോന്നിയത്. പ്രതിഷേധം രേഖപ്പെടുത്തുക എന്നതാണ് പ്രാഥമികമായ കാര്യം. അതുകൊണ്ട് ഒരു നല്ല സ്ക്രിപ്റ്റോ, സംവിധാനമോ ഉള്ള നാടകമല്ല. കൂട്ടുകാര്‍ക്ക് സംഭവം പറഞ്ഞുകൊടുത്തു, നേരെ ലൈവിലേക്ക് പോവുകയായിരുന്നു.

ഇനിയും പ്രതിഷേധത്തിനുള്ള മാര്‍ഗമായി നാടകത്തിന്‍റെ സാധ്യതകളുപയോഗിക്കും. 

Follow Us:
Download App:
  • android
  • ios