magazine
By ഫൈസല്‍ ബിന്‍ അഹമ്മദ് | 10:22 AM January 03, 2017
ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

Highlights

  • വേറെ മാര്‍ഗ്ഗമില്ലാത്തത് കൊണ്ട് മാത്രമാണ് റാഷിദ് അലി അറബിയുടെ ആടുകളേയും നോക്കി ഈ ഉപദ്വീപില്‍ ഏകനായി ജീവിക്കുന്നത്.
  • ഈ മടുപ്പിക്കുന്ന ഏകാന്തത അവസാനിപ്പിക്കണമെന്ന് അവന് എത്ര പ്രാവശ്യം തോന്നിയിട്ടുണ്ടാകും?
  • അതോ ഏകാന്തത അവന് ഇഷ്ടമാണോ?

ഫൈസല്‍ ബിന്‍ അഹമ്മദിന്റെ കോളം ആരംഭിക്കുന്നു: അതേ, ഈ ഉപദ്വീപില്‍ താമസിക്കുന്നത് റാഷിദ് മാത്രം.ഏകാന്തമായി വസിക്കാന്‍ ഇവനെന്താ ഭ്രാന്തുണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ. ജീവിക്കാന്‍ വേണ്ടിയാണ് റാഷിദിന്റെ ഏകാന്തവാസം. അവന്റെ ജോലിയാണത്.

ഒമാനിലെ ഉപദ്വീപാണ് ഹഫ ഖദീം. ഒരു വശത്ത് മലയും മറ്റ് വശങ്ങളിലെല്ലാം കടലുമായി ഒരു ചെറു ഉപദ്വീപ്. മനോഹരമായ കടല്‍ത്തീരമുള്ള ഇവിടെ സ്പീഡ് ബോട്ടില്‍ വന്നിറങ്ങുമ്പോള്‍ ആരേയും കാണാനില്ല. ചില ആടുകള്‍ അങ്ങിങ്ങ് നടക്കുന്നുണ്ട്. ദൂരെ നായയുടെ കുര കേട്ടു. 

ബീച്ചില്‍ നിന്ന് അകലെയല്ലാതെ ഒരു കെട്ടിടമുണ്ട്. ആരെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അവിടേക്ക് നടന്നു. മുട്ടിയപ്പോള്‍ അധികം വൈകാതെ തന്നെ ഒരാള്‍ വാതില്‍ തുറന്നു.ടീ ഷര്‍ട്ടും  പാന്റ്‌സും ധരിച്ച ചെറുപ്പക്കാരന്‍. അവന്റെ മുഖത്ത് ആരാണെന്ന ആശ്ചര്യം. 

ഒറ്റനോട്ടത്തില്‍ മലയാളിയാണോ എന്ന് ശങ്കിച്ചെങ്കിലും ഹിന്ദിയില്‍ അവന്‍ പറഞ്ഞ് തുടങ്ങിയപ്പഴേ മനസിലായി. ആള് ബംഗാളിയാണ്. ബംഗ്ലാദേശിലെ സില്ലറ്റ് സ്വദേശി. പേര് റാഷിദ് അലി.ഇന്ത്യക്കാരനാണെന്നും മാധ്യമപ്രവര്‍ത്തകനാണെന്നും പറഞ്ഞപ്പോള്‍ അവന്റെ മുഖത്ത് പുഞ്ചിരി. ഒറ്റക്കേ ഉള്ളോ? എന്ന എന്റെ ചോദ്യത്തിന് വീണ്ടും ചിരി തന്നെ മറുപടി. ഇവിടെ ഞാന്‍ ഒറ്റയ്ക്കാണ്. ചിരിക്കൊടുവില്‍ അവന്‍ പറഞ്ഞു. 

അതേ, ഈ ഉപദ്വീപില്‍ താമസിക്കുന്നത് റാഷിദ് മാത്രം.ഏകാന്തമായി വസിക്കാന്‍ ഇവനെന്താ ഭ്രാന്തുണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ. ജീവിക്കാന്‍ വേണ്ടിയാണ് റാഷിദിന്റെ ഏകാന്തവാസം. അവന്റെ ജോലിയാണത്. ഒറ്റയ്ക്കുള്ള ഈ താമസമല്ല ജോലി. ഇവിടെയുള്ള ആടുകളെ നോക്കല്‍. അറബിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇവ. 

നൂറുകണക്കിന് ആടുകളുണ്ട് അറബിക്ക്. തുറസായ സ്ഥലത്താണ് ആടുകളെ പാര്‍പ്പിച്ചിരിക്കുന്നത്. ചുറ്റും വേലികെട്ടി തിരിച്ചിരിക്കുന്ന ഇടം. രാവിലെ ആടുകളെ തുറന്ന് വിടും. മലയിലേക്ക് തീറ്റതേടി കയറുന്ന ഇവ പിന്നെ നേരമിരുട്ടുന്നതോടെയേ തിരിച്ചെത്തൂ. ആടുകള്‍ എത്തിയാല്‍ വെള്ളവും മറ്റ് തീറ്റയും നല്‍കണം. വേലിക്കുള്ളിലാക്കി വാതിലടക്കണം. ഇത്രയൊക്കെയേ ഉള്ളൂ ഈ 26 കാരന് ജോലി. 

രാവിലെ ഞാന്‍ ഇവിടെ എത്തുമ്പോഴേക്കും ആടുകളെല്ലാം തീറ്റതേടി മലമുകളിലേക്ക് പോയിരുന്നു. ചിലത് മാത്രം അങ്ങിങ്ങ് നടക്കുന്നുണ്ട്. മലകയറാന്‍ മടിച്ച് പോകാത്തതാവും. 

ആടുകളെക്കൂടാതെ റാഷിദിന് കൂട്ടായി ഒരു നായയുണ്ട്. പിന്നെ ഒരു കഴുതയും കുറച്ച് കോഴികളും. ഉപദ്വീപിലെ ആകെ അന്തേവാസികള്‍ ഇത്രയും മാത്രം. 

ഒരു ദിവസം മുഴുവനും ആരേയും കാണാതെ ഒറ്റയ്ക്ക് നില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ.തലപെരുക്കുന്ന ഭ്രാന്തന്‍ ചിന്തയാണത്.എന്നാല്‍ ഒരു വശത്ത് കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ചെങ്കുത്തായ മലയും മറുവശങ്ങളിലെല്ലാം കടലുമായി നില്‍ക്കുന്ന ഒരു പ്രദേശത്ത് ഒറ്റയ്ക്ക് കഴിയുന്ന റാഷിദിന്റെ അവസ്ഥയോ. അതും വര്‍ഷങ്ങളോളം. നാല് വര്‍ഷം കഴിയുന്നു, റാഷിദ് ഈ ഉപദ്വീപില്‍ ഏകാന്ത വാസം തുടങ്ങിയിട്ട്.

ഒറ്റയ്ക്ക് കഴിയാന്‍ പേടിയില്ലേ? 

വെറുതെ അവനോട് ചോദിച്ചു.

പേടിക്കേണ്ട കാര്യമെന്തിരിക്കുന്നു? മരിക്കുമ്പോഴും നമ്മള്‍ ഒറ്റയ്ക്കല്ലേ. ആരും കൂടെ വരില്ലല്ലോ.അതുപോലെ ഇവിടേയും ഞാന്‍ ഒറ്റയ്ക്ക് കഴിയുന്നു -അവന്റെ മറുപടി. താന്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും ബംഗ്ലാദേശുകാര്‍ക്ക് പേടിയില്ലെന്നും അഭിമാനത്തോടെ പറയുന്നു ഈ യുവാവ്.

വൈദ്യുതിയുണ്ടിവിടെ. റാഷിദിന്റെ താമസ സ്ഥലത്തെ ഇരുമ്പ് വാതില്‍ തുറക്കുന്നത് ചെറിയൊരു മുറിയിലേക്ക്. ടിവിയും ഫ്രിഡ്ജും ഫാനുമെല്ലാമുണ്ട്. പഴയൊരു എസിയും പ്രവര്‍ത്തിക്കുന്നു. മുറിയുടെ മൂലയില്‍ ഒരു ഇരുമ്പ് കട്ടിലിട്ട് അതിലാണ് കിടത്തം. ഭക്ഷണം പാചകം ചെയ്യാന്‍ ഒരിടവുമുണ്ട്. 

ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ കുടിക്കാനുള്ള വെള്ളമെത്തും. അകലെയുള്ള കസബില് നിന്ന്. അത് ടാങ്കില്‍ ശേഖരിച്ച് വച്ചാണ് ഉപയോഗം. 

നഗരത്തില്‍ താമസിക്കുന്ന റാഷിദിന്റെ അര്‍ബാബ് മാസത്തില്‍ ഒന്നോ രണ്ടോ തവണ വന്നാലായി. അറബി നേരിട്ടാണ് പലപ്പോഴും പാചകം ചെയ്യാനുള്ള ഭക്ഷ്യവിഭവങ്ങള്‍  എത്തിക്കുന്നത്. കടല്‍ പ്രക്ഷുബ്ധമായാല്‍ സാധനങ്ങള്‍ എത്തുകയുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ റാഷിദ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ച് മാത്രമേ ഉപയോഗിക്കൂ. 

അറബിക്ക് വേറെ സ്ഥലമൊന്നും കിട്ടിയില്ലേ ആടുകളെ പോറ്റാന്‍? ഈ വിജനമായ ഉപദ്വീപില്‍ തന്നെ വേണമെന്നുണ്ടോ? കാര്യമായും അല്‍പ്പംതമാശയായും റാഷിദിനോട് ചോദിച്ചു. അതിനും ചിരി മാത്രമായിരുന്നു മറുപടി.

ഹഫ ഖദീം ഒരു കാലത്ത് സജീവമായിരുന്നു. ധാരാളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. മീന്‍പിടുത്തം തന്നെയായിരുന്നു ഈ അറബികളുടെ പ്രധാന ഉപജീവന മാര്‍ഗം. താമസക്കാരെല്ലാം നഗരത്തിലേക്കും മറ്റൊരു ഗ്രാമത്തിലേക്കുമായി താമസം മാറ്റിയതോടെ ഈ ഉപദ്വീപ് വിജനമാവുകയായിരുന്നു. 

റാഷിദിന്റെ അര്‍ബാബും കുടുംബ സമേതം താമസം മാറിയെങ്കിലും ആടുവളര്‍ത്തല്‍ ഇവിടെ സജീവമായി തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 

വേറെ മാര്‍ഗ്ഗമില്ലാത്തത് കൊണ്ട് മാത്രമാണ് റാഷിദ് അലി അറബിയുടെ ആടുകളേയും നോക്കി ഈ ഉപദ്വീപില്‍ ഏകനായി ജീവിക്കുന്നത്. ഈ മടുപ്പിക്കുന്ന ഏകാന്തത അവസാനിപ്പിക്കണമെന്ന് അവന് എത്ര പ്രാവശ്യം തോന്നിയിട്ടുണ്ടാകും? അതോ ഏകാന്തത അവന് ഇഷ്ടമാണോ?

വിശാലമായ മരുഭൂമികളും അറബ് നഗരത്തിലെ അംബര ചുംബികളായ കെട്ടിടങ്ങളും അവന്‍ അടുത്തറിഞ്ഞിരിക്കാന്‍ ഇടയില്ല. അറബി നാട്ടില്‍ ഇങ്ങനെയൊക്കെയുണ്ടെന്ന് അവന് അറിയാമായിരിക്കും. വിമാനമിറങ്ങുമ്പോള്‍ ഒരു പക്ഷേ കെട്ടിടങ്ങളില്‍ മനസ് ഉടക്കിയിട്ടുണ്ടാവാം. 

ഇവിടെ താമസം സുഖമാണോ എന്ന് ഭംഗിവാക്ക് ചോദിച്ചു. 'നിങ്ങള്‍ കണ്ടില്ലേ. ഈ സുഖത്തിലൊക്കെ പോകുന്നു. ഇതൊക്കെയാണ് ഇവിടുത്തെ സൗകര്യങ്ങളും ജീവിതവും'- ഏകാന്ത വാസത്തിന്റെ നിരാശ കടഞ്ഞ മറുപടി. 

എങ്കിലും കുറച്ച് സമയത്തേക്കെങ്കിലും ഒരു കൂട്ട് കിട്ടിയതിന്റൈ സന്തോഷത്തിലാണ് അവന്‍. മിണ്ടിയും പറഞ്ഞും കുറച്ച് നേരമെങ്കിലും ഇരിക്കാമല്ലോ എന്ന ആശ്വാസം. 

ദ്വീപില്‍ ഒറ്റയ്ക്കാണ് ജീവിതമെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. ഒരു ഓഫീസിലെ ജോലിയാണെന്നാണ് അവന്‍ ധരിപ്പിച്ചിരിക്കുന്നത്. ഇവിടെ ഈ കടല്‍ത്തീരത്ത് ആടുകളേയും നോക്കി ഒറ്റയ്ക്കുള്ള ഇരിപ്പാണെന്ന് വീട്ടുകാരറിഞ്ഞാല്‍? അടുത്ത വര്‍ഷം നാട്ടില്‍ പോകണമെന്നുണ്ട് റാഷിദിന്. പിന്നെ തിരിച്ച് വന്ന് അടുത്ത അവധിക്ക് പോകുമ്പോള്‍ കല്യാണം കഴിക്കണമെന്ന ആഗ്രഹവും അവന്‍ പങ്കുവച്ചു. 'എനിക്കും ഒരു കൂട്ട് വേണം; അവനും -തണലത്ത് ഇരിക്കുന്ന നായയെ ചൂണ്ടി റാഷിദ് പറഞ്ഞു. ആ നായയാണ് അവന്റെ ആത്മാര്‍ത്ഥ സുഹൃത്തെന്ന് തോന്നിച്ചു ആ പറച്ചില്‍. 

ഏകാന്തമായ ഇരിപ്പില്‍ തന്റെ് മനസ് റാഷിദ് പങ്ക് വയ്ക്കുന്നത് ഒരു പക്ഷേ ഈ നായയുമായിട്ടായിരിക്കണം. അല്ലാതെ ഒരാള്‍ക്ക്  എത്ര ദിവസം ഒന്നും സംസാരിക്കാതെ ഇരിക്കാനാവും. ഇരുട്ട് ഖനീഭവിക്കുമ്പോള്‍ ഭയം പകുക്കാനും കടലില്‍ കാറ്റും കോളും നിറയുമ്പോള്‍ വിഹ്വലതകള്‍ പറയാനും അവന് കൂട്ട് ഈ നായ തന്നെ.ഒറ്റപ്പെടല്‍ അസഹ്യമായ ദിനങ്ങളില്‍ അവന്‍ സംസാരിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടാവണം. ഏകാന്തതയില്‍ അവന്റെ ചിന്തകള്‍ എന്തെല്ലാമായിരിക്കും?

ചിത്രീകരണം: വി.പി ഇസ്ഹാഖ്.

തന്നെ ആരോ പിടിച്ച് വലിക്കുന്നതായി രാത്രിയുടെ അന്ത്യയാമത്തില്‍ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നാല്‍ എന്താകും സ്ഥിതി?

പച്ച വിരിച്ച മാന്തോപ്പിലൂടെ,അല്ലെങ്കില്‍ നഗരത്തിലെ ആള്‍ക്കൂട്ടത്തിനിടയിലെ ഒരാളായി താന്‍ നടക്കുന്നത് കണ്ട സ്വപ്നത്തെക്കുറിച്ച് അവന്‍ ആരോട് പറയും?

അവിടെ നിന്ന് തിരിച്ച് പോരുമ്പോള്‍ റാഷിദ് ഞങ്ങളുടെ ബോട്ടിന് അടുത്ത് വരെ വന്നു.ഇത്രയും നേരത്തെ കൂട്ടിന് അവന്‍ നന്ദി പറഞ്ഞു. കൈവീശി യാത്രയാക്കുമ്പോള്‍ ആ മുഖത്ത് ദുഖ:ഛവി ഉണ്ടായിരുന്നോ. ബോട്ട് നീങ്ങിയപ്പോള്‍ റാഷിദിന്റെ മുഖത്തേക്ക് ഒരിക്കല്‍കൂടി നോക്കി. ആ യുവാവ് മുഖം തരാതെ തിരിച്ച് നടന്നു കളഞ്ഞു. 

അവനോട് ചോദിക്കണമെന്ന് പലതവണ വിചാരിച്ച ചോദ്യം അപ്പോഴും ബാക്കി. യുവാവാണ് എന്നതൊക്കെ നേര്. പെട്ടെന്നൊരു അസുഖം വന്നാല്‍ ഈ ഏകാന്തതയില്‍ നീ എന്തു ചെയ്യും?

Show Full Article


Recommended


bottom right ad