Asianet News MalayalamAsianet News Malayalam

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ആലോചിച്ചു നോക്കൂ പാതി വെട്ടിയ മുടിയുമായി ഓടേണ്ടി വരുന്ന ഒരാളുടെ അവസ്ഥ. കേള്‍ക്കുമ്പോള്‍ ചിരി തോന്നുമെങ്കിലും ആ അവസ്ഥ അനുഭവിച്ചവന് മാത്രമേ ബുദ്ധിമുട്ടറിയൂ. ഗള്‍ഫിലെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള പെടാപ്പാടുകളില്‍ ഇത്തരം ഓട്ടങ്ങളും..!

Faisal bin Ahmed on barbers of Jabal Ali
Author
First Published Feb 13, 2017, 12:16 PM IST

Faisal bin Ahmed on barbers of Jabal Ali

ദുബായ് ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പുകള്‍ തിങ്ങി നിറഞ്ഞ പ്രദേശം. ഒരു വെള്ളിയാഴ്ച രാവിലെയാണ് ഇവിടെയെത്തിയത്. അവധി ദിനമായതുകൊണ്ട് തന്നെ തൊഴിലാളികള്‍ അങ്ങുമിങ്ങും നടക്കുന്നുണ്ട്. ലുങ്കി ഉടുത്ത കുറേപ്പേരുമുണ്ട് തൊഴിലാളികള്‍ക്കിടയില്‍. തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ബംഗ്ലാദേശികളുമാണ് ഈ ലുങ്കിക്കാര്‍. അറബ് നാട്ടിലാണെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ആ ലുങ്കി ഉപേക്ഷിക്കാന്‍ ഇവരൊന്നും തയ്യാറല്ല. ഇത്ര സൗകര്യപ്രദമായ വസ്ത്രം വേറെ ഏതുണ്ട് എന്നതായിരിക്കാം.

ഉറക്കെ സംസാരിച്ച് കുറേപ്പേര്‍. ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ട് ചിലര്‍. ഒന്നും മിണ്ടാതെ പുകവലിച്ച്, റോഡരികിലിരിക്കുന്നു ചില തൊഴിലാളികള്‍. തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു മറ്റുചിലര്‍. വെയില്‍ കായാനെന്ന വണ്ണം കുന്തിച്ചിരിക്കുന്ന ചെറു സംഘവുമുണ്ട്.എല്ലായിടത്തും നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ മാത്രം. ഈ തൊഴിലാളികളുടെ  ഒരു അവധിദിനം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ച് കൊണ്ട് യാത്ര തുടരുമ്പോഴുണ്ട്, അകലെ അധികം വിശാലമല്ലാത്ത മൈതാനത്ത് ധാരാളം ആളുകള്‍. രണ്ട് ലേബര്‍ ക്യാമ്പുകള്‍ക്ക് ഇടയിലാണ് ഈ മൈതാനം. എന്താണ് ഇത്രയധികം ആളുകള്‍ എന്ന ആകാംക്ഷയിലാണ് പോയി നോക്കിയത്. 
അടുത്തെത്തിയപ്പോഴാണ് കാര്യം മനസിലായത്.പ്രദേശം മുഴുവനും മുടിവെട്ടുകാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.എല്ലാവരും തകൃതിയായി ജോലിയില്‍. മുടിമുറിയുടെ തിരക്കിലാണ്. കത്രികകളുടെ ശബ്ദം കൂട്ടത്തോടെ. കൃത്യതയോ ഈണമോ ഇല്ലെങ്കിലും ഒരുമിച്ചുള്ള ഈ കത്രിക ശബ്ദത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടോ?

Faisal bin Ahmed on barbers of Jabal Ali

പ്രദേശം മുഴുവനും മുടിവെട്ടുകാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.എല്ലാവരും തകൃതിയായി ജോലിയില്‍

മൈതാനം ഒരു ബാര്‍ബര്‍ ചന്തയാണ് ഇപ്പോള്‍. കാണേണ്ട കാഴ്ച തന്നെ.ഇത്രയധികം മുടിമുറിയന്മാരെ ഞാന്‍ ഒന്നിച്ച് കാണുന്നത് ഇതാദ്യമായാണ്. എന്നാല്‍പ്പിന്നെ ഒന്നെണ്ണി നോക്കിയാലോ?എണ്ണമെടുത്ത് വന്നപ്പോള്‍ എഴുപതിലധികം പേരുണ്ട്. 

തൊട്ടടുത്ത ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന സാധാരണ തൊഴിലാളികളാണ് വെള്ളിയാഴ്ചകളില്‍ ഇവിടെ ബാര്‍ബര്‍മാരായി മാറുന്നത്. മുടിവെട്ടാനും ഷേവ് ചെയ്യാനും എത്തുന്നതും പരിസരത്തെ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ളവര്‍ തന്നെ. 

വെള്ളിയാഴ്ചകളില്‍ മാത്രം സജീവമാകുന്ന മുടിമുറി ചന്തയാണിത്. ഈ കേന്ദ്രത്തിന് അതിന്റേതായ രീതികളുണ്ട്. താല്‍കാലിക ചന്തയായതുകൊണ്ട് തന്നെ സംവിധാനങ്ങളും താല്‍കാലികം. വലിയ പെയിന്റ് പാത്രത്തിന് മുകളിലാണ് മുടിവെട്ടാന്‍ ഇരുത്തുന്നത്. ചിലര്‍ രണ്ടും മൂന്നും പെയിന്റ് പാത്രങ്ങള്‍ വച്ച് ഉയരം ക്രമീകരിച്ചിരിക്കുന്നു. ചുരുക്കം ചിലരാവട്ടെ ഉപഭോക്താക്കള്‍ക്ക്  ചെറിയ പ്ലാസ്റ്റിക് സ്റ്റൂള്‍ നല്‍കിയിട്ടുണ്ട്. 

ഷര്‍ട്ട്  ഊരി കൈയില്‍ പിടിച്ചാണ് പലരും മുടിമുറിക്കാന്‍ തല വച്ച് കൊടുക്കുന്നത്. 

മുടിവെട്ടുന്നത് യഥാസമയം കാണണമെന്നുണ്ടെങ്കില്‍ കണ്ണാടി ഉപഭോക്താവ് തന്നെ കൈകൊണ്ട് പിടിക്കണം. ബാര്‍ബര്‍ക്കാവട്ടെ കുറഞ്ഞ ചില ഉപകരണങ്ങള്‍ മാത്രം. രണ്ട് കത്രികകള്‍, ഷേവിംഗ് ക്രീമും ബ്രഷും, രണ്ട് ചീപ്പുകള്‍, കണ്ണാടി, പിന്നെ ഒരു മുടിതട്ട് ബ്രഷ്, തീര്‍ന്നു . മുടിവെട്ടുമ്പോള്‍ പുതപ്പിക്കുന്നത് ലുങ്കി കൊണ്ട്. ചില അമ്പട്ടന്മാാരുടെ അടുത്ത് ആ സംവിധാനവും ഇല്ല. അതുകൊണ്ട് ഷര്‍ട്ട്  ഊരി കൈയില്‍ പിടിച്ചാണ് പലരും മുടിമുറിക്കാന്‍ തല വച്ച് കൊടുക്കുന്നത്. 

എന്തിന് ഇത്ര ബുദ്ധിമുട്ടി മുടി വെട്ടാനിരിക്കുന്നു എന്നല്ലേ. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളാണ് വരുന്നവരെല്ലാം. മാസത്തില്‍ 600 മുതല്‍ 1000 ദിര്‍ഹം വരെ മാത്രം ശമ്പളം വാങ്ങുന്നവര്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ മുടിവെട്ടുകയും ഷേവ് ചെയ്യുകയും ചെയ്യാം എന്നത് തന്നെയാണ് ഈ തൊഴിലാളികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഇവിടെ വെറും നാലോ അഞ്ചോ ദിര്‍ഹത്തിന് മുടി മുറിക്കാം. രണ്ട് ദിര്‍ഹത്തിന് ഷേവ് ചെയ്യാം. സലൂണില്‍ മുടിവെട്ടാന്‍ പതിനഞ്ച് ദിര്‍ഹവും ക്ഷൗരം ചെയ്യാന്‍ പത്ത് ദിര്‍ഹവും ചുരുങ്ങിയത് കൊടുക്കണം. 

ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ വെള്ളിയാഴ്ച ചന്തയില്‍ മുടിവെട്ടാന്‍ എത്തുന്നത്. ബാര്‍ബര്‍മാരും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തന്നെ. തങ്ങളുടെ തുച്ഛമായ ശമ്പളത്തിന് പുറമേ അധിക വരുമാനം ലഭിക്കുമെന്നതിനാലാണ് വെള്ളിയാഴ്ചകളില്‍ മിക്കവരും ഇങ്ങനെ ബാര്‍ബര്‍  വേഷം കെട്ടുന്നത്. ഇന്ത്യയില്‍ നിന്ന് ക്ഷുരകവേഷം കെട്ടുന്നവരില്‍ ആന്ധ്രക്കാരാണ് കൂടുതല്‍. തമിഴ്‌നാട്ടുകാരുമുണ്ട്.മലയാളിയുണ്ടോ എന്ന് അന്വേഷിച്ചു. എന്നാല്‍ ഒരൊറ്റ മലയാളിയപ്പോലും കണ്ടില്ല. 

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ഏഴ് മുതല്‍ തന്റെു ബാര്‍ബര്‍ ജോലി ആരംഭിക്കാറുണ്ടെന്ന് തമിഴ്‌നാട് സ്വദേശി സെല്‍വന്‍ പറഞ്ഞു. ഒരു കമ്പനിയില്‍ സ്റ്റീല്‍ ഫിറ്ററാണ് ഇദ്ദേഹം. ഉച്ചയ്ക്ക് ജുമുഅയ്ക്ക് മുമ്പ് വരെ സെല്‍വന്‍ മുടിമുറി ജോലി തുടരും. ചുരുങ്ങിയത് 70 ദിര്‍ഹം സമ്പാദിക്കും. ശമ്പളത്തിന് പുറമേ ആഴ്ചയില്‍ ഈ തുക കൂടി ലഭിക്കുന്നത് ഏറെ ആശ്വാസമാണ് ഈ ചെറുപ്പക്കാരന്. മാസത്തില്‍ 280 ദിര്‍ഹം അധികം ലഭിക്കുന്നത് ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നല്ലൊരു തുക തന്നെയാണ്. 1000 ദിര്‍ഹം മാത്രമാണ് സെല്‍വന്റെ  ശമ്പളമെന്നോര്‍ക്കണം. 

Faisal bin Ahmed on barbers of Jabal Ali

മലയാളിയുണ്ടോ എന്ന് അന്വേഷിച്ചു. എന്നാല്‍ ഒരൊറ്റ മലയാളിയപ്പോലും കണ്ടില്ല. 

ഈ ബാര്‍ബര്‍മാര്‍ക്കിടയിലൂടെ കത്രികകളുടെ ശബ്ദവും കേട്ട് വെറുതേ നടന്നു. അപ്പോള്‍ ഒരിടത്ത് വന്‍ കശപിശ. ഷേവ് ചെയ്യുന്നതിനിടയില്‍ പാക്കിസ്ഥാനിയുടെ മീശയുടെ അരിക് പോയി എന്നും പറഞ്ഞാണ് കശപിശ. അയാള്‍ പെട്ടെന്ന് തലവെട്ടിച്ചത് കൊണ്ടാണിത് സംഭവിച്ചതെന്നും പറഞ്ഞ് ബാര്‍ബര്‍ പിടിച്ച് നില്‍ക്കാനുള്ള പെടാപ്പാടിലാണ്. എന്നാല്‍ പാക്കിസ്ഥാനിക്ക് മുന്നില്‍ അയാള്‍ പറയുന്നതൊന്നും വിലപ്പോവുന്ന മട്ടില്ല. ബാര്‍ബര്‍ക്കിട്ട് ആ പഠാണി ഒന്നു പൊട്ടിക്കുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍. അവസാനം മറ്റ് തൊഴിലാളികള്‍ അയാളെ പിടിച്ച് മാറ്റുകയായിരുന്നു. പഷ്തുവില്‍* തെറിയഭിഷേകം നടത്തി നിലത്ത് ആഞ്ഞ് ചവിട്ടി അവസാനം പാക്കിസ്ഥാനി മൈതാനം വിട്ടു. 

ഇടയ്ക്ക് ഇവിടെ ഇത്തരം കശപിശകളൊക്കെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് വെളുക്കെ ചിരിച്ച് തന്റെ  ജാള്യത മറക്കാന്‍ ശ്രമിച്ചു ആ ബാര്‍ബര്‍. ചന്ദ്രബാബു എന്നാണ് ബാര്‍ബറുടെ പേര്. ആന്ധാപ്രദേശ് സ്വദേശി. 

അയാളൊരു കഥാപാത്രമാണ് സെല്‍വന്‍ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. 

നായിഡു എന്നാണ് ഞങ്ങള്‍ വിളിക്കാറ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പേരില്‍ നിന്നാണ് ഈ നായിഡു വന്നത്. അതിന് പിന്നിലൊരു കഥയുണ്ട്. 

ഒരുങ്ങി, സുഗന്ധം പൂശി ഉറങ്ങുന്നതിന് ചന്ദ്രബാബുവിന് കൃത്യമായ കാരണമുണ്ട്. ഉറക്കത്തിലെങ്ങാനും മരിച്ചു പോയാലോ?

ഇവനുണ്ടല്ലോ, ഈ ചന്ദ്രബാബു എപ്പോഴും നന്നായി ഒരുങ്ങിയേ ഉറങ്ങാന്‍ പോകൂ. കുളിച്ച് കുട്ടപ്പനായി നന്നായി മുടിചീകി, മുഖത്ത് പൗഡര്‍ പൂശും. നല്ല ഷര്‍ട്ടും  പാന്റും എടുത്തണിയും. പിന്നെ സ്‌പ്രേയും കൂടി പൂശിയേ ഉറങ്ങാന്‍ കിടക്കൂ. നീയെന്താ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണോ എന്ന് ചോദിച്ച് ഞങ്ങളെപ്പോഴും കളിയാക്കും. അങ്ങിനെ കളിയാക്കി കളിയാക്കി അവസാനം നായിഡു എന്ന വിളിപ്പേരായി അവന് സെല്‍വന്‍ ചിരിക്കുന്നു.

Faisal bin Ahmed on barbers of Jabal Ali ചിത്രീകരണം: വി.പി ഇസ്ഹാഖ്

ഇങ്ങനെ ഒരുങ്ങി, സുഗന്ധം പൂശി ഉറങ്ങുന്നതിന് ചന്ദ്രബാബുവിന് കൃത്യമായ കാരണമുണ്ട്. ഉറക്കത്തിലെങ്ങാനും മരിച്ചു പോയാലോ? അപ്പോള്‍ നല്ല വൃത്തിയും വെടിപ്പോടെയും ഇരിക്കണ്ടേ. 

ചന്ദ്രബാബുവിന്റെ  അഛന്‍ ഉറക്കത്തില്‍ മരിച്ചതാണത്രെ. ഹാര്‍ട്ട്  അറ്റാക്ക് ആയിരുന്നു. അഛന്റെ  മരണ ശേഷമാണ് ഇദ്ദേഹം ഒരുങ്ങി ഉറങ്ങുന്ന ശീലം തുടങ്ങിയത്. കശപിശ അടങ്ങിയപ്പോള്‍ മൈതാനം വീണ്ടും പതിവുപോലെ. ഇങ്ങനെയൊരു അടിപിടി നടന്നു എന്ന് തോന്നിപ്പിക്കുക പോലും ചെയ്യാതെ അമ്പട്ടന്മാരുടെ കത്രികകള്‍ കരകര ശബ്ദം ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു. 

ഒരു പ്രദേശം മുഴുവന്‍ വ്യാപിച്ച് നില്‍ക്കുന്നുവെങ്കിലും ഈ ക്ഷൗരം ചെയ്യല്‍ അനധികൃതമാണ്. പലപ്പോഴും പോലീസ് പരിശോധന ഉണ്ടാകാറുണ്ട്. പോലീസുകാര്‍ വരുമ്പോള്‍ താല്‍ക്കാലിക ബാര്‍ബര്‍മാര്‍ തങ്ങളുടെ സാമഗ്രികളുമായി ഓടി രക്ഷപ്പെടാറാണ് പതിവ്. അതുകൊണ്ട് തന്നെ വെട്ടിപൂര്‍ത്തിയാകാത്ത തലമുടിയുമായ് അല്ലെങ്കില്‍ പാതി വടിച്ച താടിയുമായി പലപ്പോഴും നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ചില ഉപഭോക്താക്കളെങ്കിലും സാക്ഷ്യപ്പെടുത്തുന്നു. 

ആലോചിച്ചു നോക്കൂ പാതി വെട്ടിയ മുടിയുമായി ഓടേണ്ടി വരുന്ന ഒരാളുടെ അവസ്ഥ. കേള്‍ക്കുമ്പോള്‍ ചിരി തോന്നുമെങ്കിലും ആ അവസ്ഥ അനുഭവിച്ചവന് മാത്രമേ ബുദ്ധിമുട്ടറിയൂ. ഗള്‍ഫിലെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള പെടാപ്പാടുകളില്‍ ഇത്തരം ഓട്ടങ്ങളും..!

നിര്‍മ്മാണ തൊഴിലാളിക്കും സ്റ്റീല്‍ ഫിറ്റര്‍ക്കും  കലപ്പണിക്കാരനുമെല്ലാം വെള്ളിയാഴ്ചകളില്‍ ഈ മൈതാനത്ത് ഒറ്റപ്പേരാണ് -ബാര്‍ബര്‍. 'കഥപറയുമ്പോള്‍' എന്ന സിനിമയിലെപ്പോലെ ഈ ക്ഷുരകന്മാരില്‍ ആര്‍ക്കെങ്കിലും ഒരു ഉന്നത സൗഹൃദം ഒരു പക്ഷേ ഉണ്ടായേക്കാം. എങ്കിലും ഒരു കാര്യം തീര്‍ച്ച. 'കഥപറയുമ്പോള്‍' എന്ന സിനിമയോ അതിന്റെ തമിഴ് പതിപ്പായ കുസേലനോ തെലുങ്ക് പതിപ്പായ കഥാനായകുഡുവോ ഹിന്ദി പതിപ്പായ ബില്ലു ബാര്‍ബതറോ ഇവരില്‍ ആരും തിയറ്ററില്‍ പോയി കണ്ടിട്ടുണ്ടാവില്ല. ബാര്‍ബര്‍ ഷോപ്പിലെ ചെലവ് പോലും കുറച്ച് ജീവിതം തള്ളിനീക്കുന്ന ഇവര്‍ കുടുതല്‍ തുക മുടക്കി തിയറ്ററില്‍ പോയി സിനിമ കാണുന്നതെങ്ങനെ?

 

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

Follow Us:
Download App:
  • android
  • ios