Asianet News MalayalamAsianet News Malayalam

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

അതൊരു വില്ലയായിരുന്നു. ഞാന്‍ മാത്രമാണ് അകത്ത് കയറിയത്. മറ്റുള്ളവര്‍ പുറത്ത് രണ്ട് കാറുകളില്‍ കാത്തിരുന്നു. ഇവിടെ വച്ച് താല്‍പര്യമില്ലെന്നും യുവതിയെ ഹോട്ടലിലേക്ക് കൊണ്ട് പോകണമെന്നും റൂം ബോയിയോട് പറഞ്ഞു. പക്ഷേ അത് പറ്റില്ലെന്ന് അവന്‍. 

Faisal bin Ahmed on Dubai sex racket victims
Author
Dubai, First Published Feb 27, 2017, 7:08 AM IST

Faisal bin Ahmed on Dubai sex racket victims

ദുബായ്. ഈ മഹാനഗരത്തിലാണ് യുവാവിന് ജോലി. ഒരു സാധാരണ തൊഴിലാളി. പേര് പ്രസക്തമല്ല. കാരണം ഇത് അയാളുടെ കഥയല്ല. 

കഠിനമായ ജോലിക്കൊടുവില്‍ കിട്ടുന്ന വെള്ളിയാഴ്ചയെന്ന അവധി ദിനത്തിലാണ് അയാള്‍ ആ പെണ്‍ വാണിഭ കേന്ദ്രത്തില്‍ പോയത്. മുന്നിെലത്തിയ പെണ്‍കുട്ടിയെ കണ്ട് അയാള്‍ ഞെട്ടി. മിനി (പേര് യഥാര്‍ത്ഥമല്ല). സ്വന്തം നാട്ടുകാരി!

പെണ്‍ വാണിഭ കേന്ദ്രത്തിലെ അടച്ചിട്ട മുറിക്കുള്ളിലിരുന്ന് അയാളോട് മിനി തന്റെ കഥ പറഞ്ഞു. ബ്യൂട്ടീഷ്യന്‍ ജോലിയുടെ വിസയെന്നു പറഞ്ഞാണ് ഏജന്റ് കൊണ്ട് വന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ കൊണ്ട് പോയത് പെണ വാണിഭ കേന്ദ്രത്തിലേക്ക്. തനിക്ക് ഈ പണി വയ്യന്ന് കരഞ്ഞ് പറഞ്ഞെങ്കിലും നടത്തിപ്പുകാര്‍ മിനിയെ വിടാന്‍ തയ്യാറല്ലായിരുന്നു.മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചു. എന്നിട്ടും വഴങ്ങാതായപ്പോള്‍ അടിച്ച് സമ്മതിപ്പിക്കാനായി ശ്രമം. മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയായിരുന്നു കേന്ദ്രം നടത്തിപ്പിന് പിന്നിലും. 

ഭക്ഷണമില്ലായ്മയും പീഡനവും കാരണം ഒടുവില്‍ അവള്‍ക്ക്  സമ്മതിക്കേണ്ടി വന്നു. അങ്ങനെ മിനിയെത്തേടി ഉപഭോക്താക്കള്‍ എത്താന്‍ തുടങ്ങി. 
മിനിയെക്കണ്ട ആ നാട്ടുകാരനാണ് ഇങ്ങനെ ഒരാള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷപ്പടുത്തണമെന്നും ഫോണ്‍ വിളിച്ച് എന്നോട് പറഞ്ഞത്. അവിടുത്തെ മേല്‍നോട്ടക്കാരനായ റൂം ബോയിയുടെ നമ്പറും അയാള്‍ തന്നു. 

പെണ്‍ വാണിഭ കേന്ദ്രത്തിലെ അടച്ചിട്ട മുറിക്കുള്ളിലിരുന്ന് അയാളോട് മിനി തന്റെ കഥ പറഞ്ഞു.

ഉപഭോക്താവാണ് എന്ന വ്യാജേന, റൂം ബോയിയെ വിളിച്ചു. മിനിയിലേക്ക് എത്താന്‍ അതുമാത്രമായിരുന്നു മാര്‍ഗം. ഈയിടെ വന്ന യുവതിയെ വേണമെന്നും മറ്റൊരു ഉപഭോക്താവാണ് ഫോണ്‍ നമ്പര്‍ തന്നതെന്നും പറഞ്ഞു. 

വിളിച്ചിട്ട് വന്നാല്‍ മതി. ആള്‍ റെഡിയായിരിക്കും- മറുതലക്കല്‍ മറുപടി. 

പിറ്റേന്ന് പോകാന്‍ തന്നെ തീരുമാനിച്ചു. അങ്ങിനെ ക്യാമറാമാന്‍ തന്‍വീറിനെയും കെ.എം.സി.സി നേതാവ് ഇബ്രാഹിം എളേറ്റിലിനേയും അദ്ദേഹത്തിന്റെറ രണ്ട് സുഹൃത്തുക്കളേയും കൂടെ കൂട്ടി. 

ഫോണ്‍ വിളിച്ചപ്പോള്‍ കേന്ദ്രത്തില്‍ എത്തേണ്ട വഴി കൃത്യമായി പറഞ്ഞു തന്നു. 

Faisal bin Ahmed on Dubai sex racket victims

മിനിയെ രക്ഷപ്പെടുത്താനുള്ള പ്ലാന്‍ വണ്‍ അങ്ങിനെ അവിടെ തകര്‍ന്നു. ഇനി പ്ലാന്‍ 2.

അതൊരു വില്ലയായിരുന്നു. ഞാന്‍ മാത്രമാണ് അകത്ത് കയറിയത്. മറ്റുള്ളവര്‍ പുറത്ത് രണ്ട് കാറുകളില്‍ കാത്തിരുന്നു. ഇവിടെ വച്ച് താല്‍പര്യമില്ലെന്നും യുവതിയെ ഹോട്ടലിലേക്ക് കൊണ്ട് പോകണമെന്നും റൂം ബോയിയോട് പറഞ്ഞു. പക്ഷേ അത് പറ്റില്ലെന്ന് അവന്‍. 

അധികം കാശ് നല്‍കാമെന്ന് പല തവണ പറഞ്ഞിട്ടും വഴങ്ങുന്നില്ല. 'വില്ലയ്ക്ക് പുറത്ത് വിടരുതെന്നാണ് ബോസ് പറഞ്ഞിരിക്കുന്നത്. എന്റെ പണി പോകും' -അവന്‍ നിസ്സഹായത വ്യക്തമാക്കി. 

മിനിയെ രക്ഷപ്പെടുത്താനുള്ള പ്ലാന്‍ വണ്‍ അങ്ങിനെ അവിടെ തകര്‍ന്നു. ഇനി പ്ലാന്‍ 2. 

ക്യാമറ റിക്കോര്‍ഡ് ചെയ്ത് കൊണ്ട് തന്നെ വില്ലയിലേക്ക് കയറാന്‍ തന്‍വീറിന് നിര്‍ദേശം നല്‍കി.

'എന്റെ സുഹൃത്ത് കൂടിയുണ്ട്. അവന്‍ പുറത്ത് കാറില്‍ കാത്തിരിക്കുകയാണ്. പുറത്ത് കൊണ്ട് പോകാന്‍ പറ്റില്ലെങ്കില്‍ പിന്നെ അവനെക്കൂടി വിളിക്കട്ടേ?'

'ഓ, അതിനെന്താ. നിങ്ങള്‍ രണ്ട് പേരുണ്ടെങ്കില്‍ രണ്ട് പേരുടെ കാശ് തരണം. അഡ്വാന്‍സായി തന്നെ വേണം. പിന്നത്തേക്ക് വെക്കാന്‍ പറ്റില്ല'.

അവന് കാശ് നല്‍കി. 

പ്ലാന്‍ 2 ഏറ്റല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോള്‍. 

ക്യാമറ റിക്കോര്‍ഡ് ചെയ്ത് കൊണ്ട് തന്നെ വില്ലയിലേക്ക് കയറാന്‍ തന്‍വീറിന് നിര്‍ദേശം നല്‍കി. പിന്നെ എല്ലാവരും കൂടി ഒരു ഇരച്ച് കയറ്റമായിരുന്നു. 

അപ്രതീക്ഷിതമായ ഈ ട്വിസ്റ്റില്‍ റൂം ബോയി ഒന്ന് പകച്ചു. പക്ഷേ നിമിഷങ്ങള്‍ക്കകം അവന്‍ നില വീണ്ടെടുത്തു. ഇവിടെ പെണ്‍കുട്ടി ഇല്ലെന്നായി അവന്‍. 

'എങ്കില്‍ മുറി തുറക്കൂ' എന്ന് ഞങ്ങള്‍. അവന്‍ ഒരു മുറി തുറന്നു തന്നു. ശൂന്യം. ഇപ്പോള്‍ പകച്ചുപോയത് ഞങ്ങളാണ്. ഇനിയെന്ത് ചെയ്യും? 

മുറിക്കകത്ത് അവളുണ്ടായിരുന്നു. മിനി!

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്. നിരവധി മുറികളുണ്ട് ഈ കേന്ദ്രത്തില്‍. 

'ആ മുറികള്‍ തുറക്കൂ'.

'അയ്യോ സാര്‍. അവിടെയെല്ലാം ഫാമിലികളാണ് താമസിക്കുന്നത്. കീ അവരുടെ കൈയില്‍ തന്നെയാണ്'. ഞങ്ങളുടെ അങ്കലാപ്പ് വര്‍ദ്ധിച്ചു. 

അവസാനം ഓരോ മുറികളുടെ വാതിലിലും മുട്ടാന്‍ ആരംഭിച്ചു. ആദ്യ മുറിയുടെ വാതില്‍ തുറന്നപ്പോള്‍ തന്നെ കാര്യം മനസിലായി. കുടുംബങ്ങളൊന്നുമല്ല താമസിക്കുന്നത്. വിപുലമായ വാണിഭ കേന്ദ്രമാണ്. അങ്ങിനെ ഓരോ മുറിയും തുറപ്പിച്ച് പരിശോധന. ബെഡ്‌റൂമും അടുക്കളയും ബാത്ത്‌റൂമും എല്ലാമായി കൃത്യമായ താമസ സൗകര്യങ്ങളിലേക്കാണ് ഓരോ വാതിലും തുറന്നത്. അവിടെയെല്ലാം സ്ത്രീകളുണ്ടെങ്കിലും മിനിയെ മാത്രം കാണാനില്ല. 

എന്ത് ചെയ്യും എന്നറിയാതെ പകച്ച് നില്‍ക്കുമ്പോഴാണ് ഒരു വെളിപാടുണ്ടാകുന്നത്. റൂം ബോയിയുടെ മുറി പരിശോധിച്ചില്ലല്ലോ. റൂം ബോയിക്ക് നേരെ അലറി 'തുറക്കെടാ നിന്റൊ മുറി'

'സാര്‍ അവിടെ ആരുമില്ല'. ആക്രോശമൊന്നും വിലപ്പോയില്ല. 

തുറന്നില്ലെങ്കില്‍ ഇപ്പോള്‍ പോലീസിനെ വിളിക്കും എന്ന് പറഞ്ഞതോടെ അവന്‍ മുറി തുറന്നു തന്നു. 

മുറിക്കകത്ത് അവളുണ്ടായിരുന്നു. മിനി!

സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ഇറങ്ങാന്‍ മിനിയോട് ആവശ്യപ്പെട്ടു. കാറില്‍ മടങ്ങുമ്പോഴാണ് കഥ കേട്ടത്. 

സ്ത്രീകളെ ഉപയോഗിച്ച് നടത്തിപ്പുകാരനായ മലയാളി കീശ വീര്‍പ്പിക്കുകയാണ്. 

കൊല്ലം ജില്ലക്കാരി. ലൈംഗിക വൃത്തിക്ക് സമ്മതമല്ലെന്ന് പറഞ്ഞതോടെ മുറിയില്‍ അടച്ചിട്ടു. രാവെന്നോ പകലെന്നോ അറിയാതെയുള്ള ദിനങ്ങള്‍. ഇടയ്ക്ക് പട്ടിണിക്കിടല്‍. പിന്നെ മര്‍ദ്ദിച്ച് സമ്മതിപ്പിക്കാനുള്ള ശ്രമങ്ങള്‍. ഇരുപത്തി ഒന്നാം ദിവസമാണ് മിനി പുറംലോകം കാണുന്നത്. ഒരു രാത്രിയില്‍. അന്ന് പൗര്‍ണ്ണമിയായിരുന്നു. പൂര്‍ണ്ണ ചന്ദ്രനെ നിറകണ്ണുകളോടെ നോക്കിക്കണ്ട ദിനം. 

അസുഖം വന്നാല്‍ പോലും വിശ്രമിക്കാന്‍ അനുവദിക്കാതെ ഉപഭോക്താക്കളുടെ അടുത്തേക്ക് പറഞ്ഞുവിടുന്ന രീതിയായിരുന്നു പെണ്‍വാണിഭ കേന്ദ്രത്തിലെന്ന് മിനി പറഞ്ഞു. ഇരുപത്തി അഞ്ച് പേര്‍ വരെ അടുത്തുവന്ന ദിവസങ്ങളുണ്ട്. മെന്‍സസ് ആയാല്‍ പോലും ഗുളിക തന്ന് ഉപഭോക്താക്കളുടെ അടുത്തേക്ക് പറഞ്ഞ് വിടും. 

ഞങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞിട്ടെന്ത് ഫലം!  അവര്‍ ഒരു പുസ്തകം എടുത്ത് നിവൃത്തി ക്കാണിച്ചു. ഓരോ ദിവസവും ദാഹശമനത്തിനായി എത്തിയവരുടെ എണ്ണം രേഖപ്പെടുത്തി വച്ചിരിക്കുന്നു അതില്‍. ഈ എണ്ണം അനുസരിച്ചാണ് മിനിക്ക് തുക ലഭിക്കുക. ഒരാള്‍ വന്നാല്‍ മൂന്ന് ദിര്‍ഹം മാത്രമാണ് സ്ത്രീക്ക്. 50 ദിര്‍ഹം ഒരു ഉപഭോക്താവില്‍ നിന്ന് വാങ്ങുമ്പോള്‍ നല്ലൊരു ഭാഗം നടത്തുന്ന ആളിന് പോകും. ബാക്കിയുള്ളവ ചേഞ്ചിംഗ്കാരന്, ഫ്‌ളാറ്റില്‍ നില്‍ക്കുന്ന ബോയ്‌സിന്, ഏജന്റിന് എന്നിങ്ങനെ വീതിക്കുന്നു. 

സ്ത്രീകളെ ഉപയോഗിച്ച് നടത്തിപ്പുകാരനായ മലയാളി കീശ വീര്‍പ്പിക്കുകയാണ്. 

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അഭയ കേന്ദ്രത്തില്‍ കൊണ്ടാക്കുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും നിങ്ങളെ മറക്കില്ലെന്ന് പറഞ്ഞ് കൈകൂപ്പി പൊട്ടിക്കരഞ്ഞു, മിനി. 

Faisal bin Ahmed on Dubai sex racket victims

സൂസന്‍
ഇനി പറയുന്നത്, സൂസന്റെ (പേര് യഥാര്‍ത്ഥമല്ല) കഥയാണ്. അതുമൊരു ഫോണ്‍ കോളായിരുന്നു. ഫോണില്‍ അവള്‍ തന്നെയായിരുന്നു. 

'സാര്‍, ഞാന്‍ ഒരു കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. രക്ഷിക്കണം'-ഫോണില്‍ സംസാരിക്കുമ്പോള്‍ സൂസന്‍  കരഞ്ഞു. 

'ഇവിടെ ഒരു ഫ്‌ളാറ്റില്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് പെണ്‍ വാണിഭ കേന്ദ്രമാണ്.'-അവള്‍ പറഞ്ഞു. 

കൊല്ലം സ്വദേശിനിയാണ് സൂസന്‍. തന്റെ കദനകഥ പറയുന്നതിനിടെ അവള്‍ വിങ്ങിവിങ്ങിക്കരഞ്ഞു. 

ദുബായിയില്‍ ആയയുടെ ജോലി ഒഴിവുണ്ടെന്നു പറഞ്ഞാണ് അവരെ കൊണ്ട് വന്നത്. എന്നാല്‍ എത്തിച്ചത് പെണ്‍ വാണിഭ കേന്ദ്രത്തില്‍. ഏജന്റ് ചതിക്കുകയായിരുന്നു. 

എങ്ങനെയോ എന്റെ മൊബൈല്‍ നമ്പര്‍ കിട്ടിയ അവര്‍ രക്ഷയുടെ വാതില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് വിളിച്ചത്. കേന്ദ്രത്തിലെ റൂം ബോയി മലയാളിയായിരുന്നു. ഇവരുടെ ദുരവസ്ഥ കണ്ട് അയാള്‍ തന്റെ മൊബൈലില്‍ നിന്ന് എന്നെ വിളിക്കാന്‍ അനുവദിക്കുകയായിരുന്നു. 

അവര്‍ രക്ഷയുടെ വാതില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് വിളിച്ചത്.

'എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ച ശേഷം ഞാന്‍ വിളിക്കാം'. മറുപടി പറഞ്ഞ്, ഫോണ്‍ കട്ട് ചെയ്തു. സൂസന്‍ പറഞ്ഞതെല്ലാം സത്യമായിരിക്കുമോ? എന്തായാലും അല്‍പ്പനേരം കഴിഞ്ഞ്  അവരെ തിരിച്ച് വിളിച്ചു. 

'അവിടെ നിന്ന് നിങ്ങള്‍ക്ക്  ഇറങ്ങി വരാന്‍ കഴിയുമോ?'

'ആ. അത് പറ്റും. റൂം ബോയി എന്നെ സഹായിക്കും. പക്ഷേ രാവിലെ മാത്രമേ സാധിക്കൂ.'
 
'ഒ.കെ. അങ്ങിനെയെങ്കില്‍ നാളെ രാവിലെ പത്തിന് ഞാന്‍ കാറുമായി അടുത്തുള്ള പാര്‍ക്കിന് മുന്നിലുണ്ടാവും. റൂമില്‍ നിന്നിറങ്ങി നേരെ വണ്ടിയില്‍ വന്ന് കയറുക'. കാറിന്റെ  നിറവും മറ്റും പറഞ്ഞ്  കൊടുത്ത ശേഷം ഫോണ്‍വച്ചു.

പിറ്റേന്ന്. ഞാനും ക്യാമറാമാന്‍ തന്‍വീറും സാമൂഹ്യ പ്രവര്‍ത്തകനായ പുന്നക്കന്‍ മുഹമ്മദലിയും കാറുമായി പാര്‍ക്കിനു മുന്നില്‍ രാവിലെ പത്തിന് മുമ്പേ എത്തി. 

Faisal bin Ahmed on Dubai sex racket victims

സമയം നീങ്ങുകയാണ്. പത്തേകാല്‍, പത്തര, പത്തേമുക്കാല്‍... സൂസനെ കാണാനില്ല

സമയം നീങ്ങുകയാണ്. പത്തേകാല്‍, പത്തര, പത്തേമുക്കാല്‍... സൂസനെ കാണാനില്ല. എന്നെ വിളിച്ച നമ്പറിലേക്ക് തിരിച്ച് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്. 

ഇനി ആരെങ്കിലും വെറുതെ വിളിച്ച് പറ്റിച്ചതായിരിക്കുമോ? കാറിന് പുറത്തിറങ്ങി ചുറ്റുപാടും നോക്കി. ഇല്ല. ആരും തങ്ങളുടെ ഈ കാത്തിരിപ്പ് കണ്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്നില്ല. 

ഇനി അവര്‍ ഇറങ്ങി വരുന്ന സമയത്ത് പിടിക്കപ്പെട്ടിരിക്കുമോ? തലയിലൂടെ ഒരു ഇടിമിന്നല്‍ പാഞ്ഞു. അങ്ങിനെയെങ്കില്‍ ഇനി അടുത്തൊന്നും അവര്‍ക്ക്  ഈ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ല. ആ യുവതിയുടെ ജീവിതം ഇനി എന്ത്?

എന്തായാലും ഉച്ചവരെ കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു. പതിനൊന്ന് കഴിഞ്ഞിരിക്കണം. ഒരു സ്ത്രീ കൈയില്‍ ബാഗുമായി ഓടി വരുന്നു. 

'സൂസന്‍?' എന്ന് മാത്രമാണ് ചോദിച്ചത്. 

അതേയെന്ന മറുപടി കിട്ടിയതും കാറിന്റെ ഡോര്‍ തുറന്ന് കൊടുത്തു. അവര്‍ കയറിയതും തന്‍വീര്‍ കാര്‍ പറത്തിയതും ഞൊടിയിടയില്‍. ആ പ്രദേശത്ത് നിന്ന് എത്രയും വേഗം അകലുകയായിരുന്നു ലക്ഷ്യം. ഞങ്ങളെ ആരും പിന്തുടരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം നേരെ പോയത് പുന്നക്കന്‍ മുഹമ്മദലിയുടെ താമസ സ്ഥലത്തേക്ക്. 

അവിടെ വച്ചാണ് സൂസന്റെ കഥ വിശദമായി കേള്‍ക്കുന്നത്. ഭര്‍ത്താവ് മരിച്ച ഇവര്‍ തന്റൈ മകളുടെ വിദ്യാഭ്യാസത്തിനും മറ്റുമായാണ് യു.എ.ഇയില്‍ എത്തിയത്. കുറച്ച് കടങ്ങളുണ്ട് അത് വീട്ടുകയും വേണം. ആയയുടെ വിസയിലാണെന്നും പറഞ്ഞ് കയറ്റി വിട്ട ഏജന്റ്. ചതിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വിസയ്ക്ക് നല്‍കി എത്തിയ സൂസന്‍ അങ്ങിനെ പെണ്‍ വാണിഭ കേന്ദ്രത്തിലായി.

അവിടെ വച്ചാണ് സൂസന്റെ കഥ വിശദമായി കേള്‍ക്കുന്നത്.

നേരത്തെ ഫോണില്‍ പറഞ്ഞ് ഉറപ്പിച്ചത് പ്രകാരം രാവിലെ പത്തിന് തന്നെ കേന്ദ്രത്തില്‍ നിന്ന് സൂസന്‍ ഇറങ്ങാന്‍ തുടങ്ങിയതാണ്. പക്ഷേ അപ്രതീക്ഷിതമായി നടത്തിപ്പുകാരനെത്തി. പിന്നെ അയാള്‍ പോകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. 

റൂം ബോയിയുടെ സഹായം കൊണ്ടാണ് സൂസന് രക്ഷപ്പെടാനായത്. രാവിലെ വെയ്സ്റ്റാണെന്ന വ്യാജേന കറുത്ത വലിയ കാരി ബാഗിലാക്കി യുവതിയുടെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് റൂംബോയി പുറത്തെത്തിച്ചു. വെയ്റ്റ് ബിന്നിന് സമീപത്ത് അത് വച്ച് അയാള്‍ തിരികെ നടന്നു. 

Faisal bin Ahmed on Dubai sex racket victims ചിത്രീകരണം: വി.പി ഇസ്ഹാഖ്

മുറി തുറന്ന് കൊടുത്തതും പുറത്ത് എത്താന്‍ സൂസനെ സഹായിച്ചതും റൂം ബോയി തന്നെ. വെയ്സ്റ്റ് ബിന്നിന് സമീപത്ത് നിന്ന് തന്റെ ബാഗുമെടുത്ത് പാര്‍ക്കിന് സമീപത്തുള്ള കാര്‍ വരെ അവര്‍ ഓടുകയായിരുന്നു. 

രക്ഷപ്പെട്ട ആശ്വാസം അവരുടെ മുഖത്ത്. വാക്കുകളിലും. 

പിന്നീട് ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള അഭയ കേന്ദ്രത്തിലെത്തിച്ചു. വാര്‍ത്ത നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ സൂസന്‍ നാട്ടിലേക്ക് മടങ്ങി.

യു.എ.ഇയില്‍ ഇപ്പോള്‍ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ അകപ്പെട്ട് പോകുന്ന യുവതികളുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യ എമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഇത്. മറ്റ് ജോലികള്‍ക്കെന്നു പറഞ്ഞ് നാട്ടില്‍ നിന്ന് കൊണ്ട് വന്ന് പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിക്കുന്ന രീതി ഒരു പരിധിവരെ അവസാനിച്ചു എന്ന് വേണം കരുതാന്‍. നിരന്തരം വാര്‍ത്തകള്‍ വന്നത് കേരളത്തിലും അവബോധമുണ്ടാക്കി. യു.എ.ഇ അധികാരികളുടെ കര്‍ശന പരിശോധനകളും നിരീക്ഷണവും കൂടിയായതോടെ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക്  പിടിച്ച് നില്‍ക്കാന്‍ പറ്റാതെ ആവുകയായിരുന്നു. 

ഉത്തരം കിട്ടാത്ത ഒരു ചോദ്യം അപ്പോഴും ബാക്കിയാണ്. എന്തുകൊണ്ട് കൊല്ലം ജില്ല? ഇവിടെനിന്ന് ഇത്രയധികം പേര്‍ പെണ്‍ വാണിഭ സംഘങ്ങളുടെ കൈയില്‍ അകപ്പെടുന്നത് എങ്ങനെയാണ്? 

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍
 

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

Follow Us:
Download App:
  • android
  • ios