Asianet News MalayalamAsianet News Malayalam

അടുത്തതായി ഇന്ത്യയില്‍ നിന്ന് ബഹിരാകാശത്തേക്ക് പറക്കുന്നത് ആരായിരിക്കും? രാകേഷ് ശര്‍മ്മ പറയുന്നു

'2022 ആവുമ്പോഴേക്കും ഇന്ത്യ വീണ്ടും ബഹിരാകാശത്തേക്ക് ആളെ അയയ്ക്കും എന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. സാധാരണയായി ടെസ്റ്റ് പൈലറ്റുകളെയാണ് സ്‌പേസ് മിഷനുവേണ്ടി തിരഞ്ഞെടുക്കാറ്. അവർക്കാണ് സ്‌പേസ് സ്റ്റേഷനുകളിൽ ഉള്ള സിസ്റ്റങ്ങളിൽ ടെസ്റ്റുകൾ നടത്തി ഇവിടെ നമ്മുടെ സ്‌പേസ് ഡിസൈനിങ് ശാസ്ത്രജ്ഞർക്കുപകാരപ്പെടുന്ന വിധത്തിലുള്ള വിവരങ്ങൾ ശേഖരിച്ചുനൽകാനുള്ള സവിശേഷമായ  ശേഷിയുണ്ടാവുക. 

first Indian citizen to travel in space rakesh sharma speaks
Author
Delhi, First Published Dec 11, 2018, 12:42 PM IST

'ബഹിരാകാശയാത്രയ്ക്ക് ആൺപെൺഭേദമില്ല, പരിഗണന കാര്യപ്രാപ്തിക്കു മാത്രമാണ്' - വിങ് കമാൻഡർ രാകേഷ് ശർമ്മ പറയുന്നു. ന്യൂഡൽഹിയിൽ ഇന്ത്യയുടെ ചരിത്രപ്രധാനമായ ആ ബഹിരാകാശദൗത്യവുമായി സഹകരിച്ച റഷ്യൻ ശാസ്ത്രജ്ഞരുടെ സംഘടിപ്പിച്ച കൂടിക്കാഴ്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാകേഷ് ശർമ്മ.

"ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടുക ഏതൊരാളുടെയും സ്വപ്നമാണ്. അത് ഒരു ഭാഗ്യമാണ്. എനിക്കും അതങ്ങനെ തന്നെ. 1984-ൽ ബഹിരാകാശയാത്രയ്ക്കായി ആദ്യം മൂന്നുപേരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും പിന്നെ അതിൽ നിന്നും എന്നെ തിരഞ്ഞെടുക്കുകയുമാണ് ഉണ്ടായത്.   ഇപ്പോൾ  മുപ്പത്തിനാലു വർഷങ്ങൾ  കഴിഞ്ഞിരിക്കുന്നു. അതൊരു നീണ്ട കാലയളവാണ്. ഇതിനിടയിൽ ISRO -യ്ക്ക് മറ്റു പല മിഷനുകളും നടപ്പിൽ വരുത്താനുണ്ടായിരുന്നു. ഇപ്പോൾ ഇന്ത്യ അടുത്ത സ്‌പേസ് മിഷന് തയ്യാറെടുക്കുന്ന സമയമാണ്.

 2022 ആവുമ്പോഴേക്കും ഇന്ത്യ വീണ്ടും ബഹിരാകാശത്തേക്ക് ആളെ അയയ്ക്കും എന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. സാധാരണയായി ടെസ്റ്റ് പൈലറ്റുകളെയാണ് സ്‌പേസ് മിഷനുവേണ്ടി തിരഞ്ഞെടുക്കാറ്. അവർക്കാണ് സ്‌പേസ് സ്റ്റേഷനുകളിൽ ഉള്ള സിസ്റ്റങ്ങളിൽ ടെസ്റ്റുകൾ നടത്തി ഇവിടെ നമ്മുടെ സ്‌പേസ് ഡിസൈനിങ് ശാസ്ത്രജ്ഞർക്കുപകാരപ്പെടുന്ന വിധത്തിലുള്ള വിവരങ്ങൾ ശേഖരിച്ചുനൽകാനുള്ള സവിശേഷമായ  ശേഷിയുണ്ടാവുക. ബഹിരാകാശത്തേക്കയക്കേണ്ട ആളെ തിരഞ്ഞെടുക്കുന്നതിൽ ആകെ ഒരു പരിഗണന മാത്രമേയുള്ളൂ... 'കാര്യപ്രാപ്തി'. അത് ഉറപ്പിൽവരുത്താനുള്ള കഠിനമായ പരീക്ഷകൾ ഇക്കുറിയുമുണ്ടാവും. അതൊക്കെ കടന്നുവരുന്നത് ചിലപ്പോൾ എന്നെപ്പോലൊരു പുരുഷനാവാം അല്ലെങ്കിൽ വലെന്‍റിന തെരെഷ്കോവയെപ്പോലെ  ഒരു സ്ത്രീയാവാം....."   അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിൽ ഇന്ത്യയുടെ ചരിത്രപ്രധാനമായ ആ ബഹിരാകാശദൗത്യവുമായി സഹകരിച്ച റഷ്യൻ ശാസ്ത്രജ്ഞരുടെ സംഘടിപ്പിച്ച കൂടിക്കാഴ്ചയിൽ പങ്കെടുക്കവെ സ്ട്രാറ്റജിക്ക് ന്യൂസ് ഇന്‍റര്‍നാഷനലിന്‍റെ അസോസിയേറ്റ് എഡിറ്റർ അമിതാഭ് പി. രവിയോട് സംസാരിക്കുകയായിരുന്നു രാകേഷ് ശർമ്മ. ഡോ. വ്ലാദിമിർ അനിസിമോവ് വരച്ച  ശർമ്മയുടെ ഛായാചിത്രം റഷ്യൻ എംബസിയിൽ വെച്ച് അംബാസഡർ നിക്കോളായ് കുഡാഷേവിന്‍റെ സാന്നിധ്യത്തിൽ അനാച്ഛാദനം ചെയ്യപ്പെടുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ശർമ്മ ദില്ലിയിലെത്തിയത്. 

എൺപത്തിനാലിൽ സോയൂസ് സ്‌പെയ്‌സ് കറാഫ്റ്റിലേറി, സോവിയറ്റ് ഇന്‍റർ കോസ്മോസ് മിഷന്‍റെ ഭാഗമായി രാകേഷ് ശർമ്മ ശൂന്യാകാശത്തേക്ക് പറന്നുയർന്നപ്പോൾ ഒപ്പം വാനോളമുയർന്നത് ഒരു തലമുറയുടെ തന്നെ സ്വപ്നങ്ങളായിരുന്നു. അന്ന് ശൂന്യാകാശത്തിരുന്ന ശർമ്മയോട് ഭൂമിയിൽ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'ഇന്ത്യ കാണാൻ എങ്ങനുണ്ട്..? " എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി " സാരേ ജഹാം സെ അച്ഛാ.." - "ലോകത്തിലേക്കും വെച്ച് ഏറ്റവും സുന്ദരം.. " എന്നായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതകഥ പറയുന്ന, മഹേഷ് മത്തായി സംവിധാനം ചെയ്ത്,  ഷാരൂഖ് ഖാൻ നായകവേഷത്തിൽ അഭിനയിക്കുന്ന,  സിനിമ  അതേ പേരിലാണ് വെള്ളിത്തിരയിലെത്തുന്നത്. 

Follow Us:
Download App:
  • android
  • ios