Asianet News MalayalamAsianet News Malayalam

സൂക്ഷിക്കുക, ഐ ഫോണ്‍ എക്‌സ്  ഒരു തുടക്കം മാത്രമാണ്

future of facial recognition and mind reading by Ibru mohammed
Author
Thiruvananthapuram, First Published Nov 24, 2017, 11:48 AM IST

'unique geomtery of your face' എന്നത് iPhone X ന്റെ മാത്രം കിളിവാതിലല്ല, മറിച്ച് ഉപഭോക്താവിന്റെ അന്തരാത്മാവിലേക്ക് തുറക്കുന്ന അറവാതിലാണ്. നിങ്ങളുടെ മുഖത്ത് പ്രസരിക്കുന്ന വികാരങ്ങളെയെല്ലാം ഓരോ ആക്ഷന്‍ യൂണിറ്റുകളായി ക്ലാസിഫൈ ചെയ്തിരിക്കുന്നതിനെ അനലൈസ് ചെയ്യുമ്പോള്‍ നിങ്ങളിലുള്ള വികാരം എന്താണെന്ന് തിരിച്ചറിയാന്‍ ഈ സാങ്കേതികതയ്ക്ക് കഴിയുന്നു.  iPhone X  ന്റെ Face ID ഈ അനന്തസാദ്ധ്യതയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ കാണുമ്പോഴുണ്ടാകുന്ന വികാരവും വാര്‍ത്ത കാണുമ്പോഴുണ്ടാകുന്ന പ്രതികരണവും നിഷ്പ്രയാസം അവര്‍ക്ക് റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞേക്കും.

future of facial recognition and mind reading by Ibru mohammed
ജീവിതത്തില്‍ ഒരിക്കലോ മറ്റോ മാത്രമേ ഭാവി, ഭൂതം വര്‍ത്തമാനം വിളിച്ച് പറയുന്നവരുടെ അടുത്ത് പോയിരുന്നിട്ടുള്ളൂ. കാക്കാലത്തികള്‍ എന്നായിരുന്നു, വീട് തോറും കയറിയിറങ്ങുന്ന ഈ സ്ത്രീകളെ വിളിച്ചിരുന്നത്. ഒരിക്കല്‍ നിര്‍ബന്ധത്തിന് വഴങ്ങി ചെന്നിരുന്നപ്പോള്‍ അവര്‍ പറഞ്ഞു, മുപ്പത്തിമൂന്ന് വയസ്സ് വരെ കഷ്ടകാലമാണ്. എന്റെ ഇരുപതുകളില്‍ ആയിരുന്നു അത്. കൈ കാണിക്കാന്‍ മടി കാണിച്ചപ്പോള്‍ മുഖം നോക്കിയാണ് ലക്ഷണം പറയുകയെന്ന് പറഞ്ഞു. പിന്നീട് വല്ല കാല്‍ വെച്ചുകുത്തി മുറിവ് പറ്റിയാലോ, വാപ്പാന്റെ അടുത്ത് നിന്ന് കട്ട ചീത്ത കേട്ടാലോ ഉമ്മ ഈ സംഭവം എടുത്തിട്ട് സമാധാനിപ്പിക്കുമായിരുന്നു. കുറേ കാലം കഴിഞ്ഞ് സ്ഥിരം കാക്കാലത്തിയെ കണ്ടപ്പോള്‍, ഉമ്മ പറയുന്നത് കേട്ടു, അവരെ ഭര്‍ത്താവ് വിട്ടു പോയതും മറ്റും. ശരിയായിരുന്നാലും തെറ്റായിരുന്നാലും കാക്കാലത്തിയുടെ റവന്യൂ സോഴ്‌സ് അന്യന്റെ മുഖവും കൈപ്പത്തിയുമായിരുന്നു. മുഖം കാക്കാലത്തിയ്ക്ക് മാത്രമല്ല ഇപ്പോഴിതാ ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനും (Apple Inc.) വരുമാന മാര്‍ഗ്ഗമാകുകയാണ്.

ഐഫോണ്‍ എക്‌സ് ചെയ്യുന്നത് 
മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണല്ലോ വെപ്പ്. അതായത്  വികാരത്തിന്റെ സെക്കണ്ടറി ബില്‍ ബോഡാണ് മുഖം. ആപ്പിളിന്റെ പുതിയ ഫോണ്‍ ആയ iPhone X ല്‍ ഉപയോക്താവിന്റെ മുഖം ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള താക്കോല്‍ ആയി മാറുകയാണ്. iPhone X ന്റെ Face ID എന്ന ഫീച്ചര്‍ ഉപയോക്താവിന്റെ മുഖം മാപ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്ന തരത്തില്‍ ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

അവരുടെ പരസ്യവാചകം പറയുന്നത്, 'Face ID maps unique geomtery of your face' എന്നാണ്.  30,000 invisible dots ഉപയോഗിച്ച് കിട്ടുന്ന ഡാറ്റ ഐ ഫോണിന്റെ A11 bionic chip ഉപയോഗിച്ച് അനലൈസ് ചെയ്യുന്നു. ഇരുട്ടില്‍ പോലും നമ്മുടെ മുഖം തിരിച്ചറിയാവുന്ന തരത്തില്‍ ആണ്  Face ID രൂപപ്പെടുത്തിയിരിക്കുന്നത്. പരസ്യ വാചകത്തിലെ,  മുഖത്തിന്റെ unique geomtery എന്ന technology ആപ്പിളിന്റെ അക്ഷയഖനിയാകാന്‍ അധികം താമസം വേണ്ട എന്ന് തോന്നുന്നു. കാക്കാലത്തികളുടേത് അശാസ്ത്രീയമായ രീതിയാണെങ്കില്‍ ആപ്പിളിന്‍േറതിന് ശാസ്ത്രീയതയുടെ ശക്തമായ പിന്തുണയുണ്ട്. 

മുഖം വായിക്കുമ്പോള്‍
Mind reading സാധ്യതകളെ കുറിച്ച് വിശദമായ ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി Facial recognitionഉം emotionഉം തമ്മിലുള്ള ബന്ധവും പഠന വിധേയമായിട്ടുണ്ട്. മനുഷ്യന്റെ മാത്രമല്ല, കുതിരകളുടെ മുഖത്തിന് പോലും മനസ്സിന്റെ വികാരങ്ങളെ പ്രകടിപ്പിക്കുന്ന ചേഷ്ഠകളുണ്ടെന്ന് തെളിയിച്ച സൈക്കോളജിസ്റ്റാണ്, അമേരിക്കയിലെ Princeton Universtiy അദ്ധ്യാപകനായിരുന്ന Silvan Tomkins. കുറ്റവാളികളുടെ mug shot കണ്ട്, ആരൊക്കെ എന്ത് തരം കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന തരത്തില്‍ മനുഷ്യന്റെ മുഖചേഷ്ഠകളെ പറ്റി പഠിച്ച പ്രമുഖന്‍. മുഖത്തെ ചുളിവുകളും വീര്‍പ്പുമെല്ലാം നിരീക്ഷിച്ചായിരുന്നു Silvan വ്യക്തികളുടെ പറ്റിയുള്ള കൃത്യമായ നിരീക്ഷണം നടത്തിയിരുന്നത്. ആ വിഷയത്തില്‍ നാല് വോള്യം വരുന്ന 'Affect, Imagery, Consciousness' എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്‍േറതായിട്ടുണ്ട്. 

ഈ വിഷയത്തില്‍ Tomkins ന്റെ ശിഷ്യനായിരുന്നു, സൈക്കോളജിസ്റ്റയിരുന്ന Paul Ekman. Ekman. അദ്ദേഹം തന്റെ ഗുരുവില്‍ നിന്ന് ഒരു പടി മുന്നോട്ട് പോയി, മറ്റൊരു സൈക്കോളജിസ്റ്റായ Friesen നുമായി ചേര്‍ന്ന്  മുഖലക്ഷണങ്ങളെ, മെഡിക്കല്‍ ടെക്‌സ്റ്റ് ബുക്കുകളെ ആധാരമാക്കി, മുഖത്തെ ഓരോ പേശി ചലനങ്ങളേയും (e.g. pars orbitalis, frontalis etc.) വിവിധ ആക്ഷന്‍ യൂണിറ്റുകളാക്കി (Action Units) ക്ലാസിഫൈ ചെയ്തു. ഇത്തരത്തില്‍ 43 ചലനങ്ങളെ അവര്‍ രേഖപ്പെടുത്തി. ഏഴ് വര്‍ഷത്തെ കഠിന പ്രയത്‌നം കൊണ്ട് അവര്‍ മുഖത്തെ ഇതര മസിലുകളുടെ ചലനത്തെയും ചേര്‍ത്ത് നിരവധി തുടര്‍ ചലനങ്ങളെയും രേഖപ്പെടുത്തി. ഇങ്ങിനെ അഞ്ച് പേശികളില്‍ നിന്ന് മാത്രം പതിനായിരത്തോളം ചലനങ്ങള്‍ അവര്‍ നിരീക്ഷിച്ചു. ഓരൊന്നിനും ഓരോ ആക്ഷന്‍ യൂണിറ്റ് നമ്പറും നല്‍കി (e.g. A.U 9, A.U. 10). ഈ ആക്ഷന്‍ യൂണിറ്റുകളെ Paul Ekman, വികാരങ്ങളുമായി (emotions) ബന്ധിപ്പിച്ചു. ഉദാഹരണമായി സന്തോഷം എന്നതിനെ അദ്ദേഹം A.U 9 എന്ന് ക്ലാസിഫൈ ചെയ്തു. 30,000 invisible dots കൊണ്ട് ക്ലാസിഫൈ ചെയ്യാവുന്ന emotions അനന്തമാണ്. മനുഷ്യമുഖം വികാരപ്രകടങ്ങളുടെ അക്ഷയഖനിയാണെന്ന്  പഠനാനന്തരം Ekman സാക്ഷ്യപ്പെടുത്തി. അതായത്, വികാരത്തിന്റെ സെക്കണ്ടറി ബില്‍ ബോഡാണ് മുഖമെന്ന് അദ്ദേഹത്തിന്റെ പഠനം തെളിയിച്ചു. Mind reading നെ പറ്റിയുള്ള പഠനം അവിടം കൊണ്ടവസാനിച്ചില്ല. 

ഉള്ളിലുള്ളത് ഇനി രഹസ്യമല്ല
ജര്‍മ്മനിയില്‍ നിന്നുള്ള സൈക്കോളജിസ്റ്റുകള്‍ ഒരുപടി കൂടെ മുന്നോട്ട് പോയി. കുറച്ച് പേരുടെ വായില്‍ പേന തിരുകി പിടിപ്പിച്ച്, ചിരിക്കുന്ന മസിലുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച്, കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച്  ജര്‍മ്മന്‍ സൈക്കോളജിസ്റ്റുകള്‍ നടത്തിയ പരീക്ഷണത്തില്‍, Paul Ekman ന്റെ നിരീക്ഷണത്തില്‍ നിന്നും വ്യത്യസ്തമായി,  മനസ്സിലെ വികാരങ്ങള്‍ രൂപപ്പെടുത്തുന്ന സെക്കണ്ടറി ബില്‍ ബോഡുകള്‍ മാത്രമല്ല മുഖം, തിരിച്ചും സംഭവിക്കാമെന്ന് തെളിയിച്ചു. 

അതായത്, വികാരപ്രകടനങ്ങള്‍ മുഖത്ത് നിന്ന് തുടങ്ങി മനസ്സിലേക്ക് പോകുന്ന തരത്തിലും പ്രവര്‍ത്തിക്കുമെന്ന് തെളിയിച്ചു. മുഖം മനസ്സിന്റെ കണ്ണാടിയെന്നത് പോലെ തന്നെ മുഖത്തില്‍ നിന്ന് മനസ്സിലേക്ക് വികാരങ്ങള്‍ പ്രവഹിക്കുമെന്നും തെളിയിച്ചു. iPhone X  ന്റെ Face ID ഈ അനന്തസാദ്ധ്യതയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ കാണുമ്പോഴുണ്ടാകുന്ന വികാരവും വാര്‍ത്ത കാണുമ്പോഴുണ്ടാകുന്ന പ്രതികരണവും നിഷ്പ്രയാസം അവര്‍ക്ക് റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞേക്കും.

Paul Ekman ഉം Friesen ഉം ചേര്‍ന്ന് നടത്തിയ പഠനത്തെ അവര്‍ Facial Action Coding System (FACS) എന്ന പേരില്‍ 500 പേജുള്ള ഡോക്യുമെന്റ് ആയി ക്രോഡീകരിച്ചത്,  Schizophrenia മുതല്‍ ഹൃദയരോഗത്തിന് വരെ ഇന്നുപകരിക്കുന്നു. കൂടാതെ Shrek (Dreamworks), Toy Story (Pixar) തുടങ്ങിയ അനിമേഷന്‍ സിനിമകളില്‍ കഥാപാത്രങ്ങളുടെ മുഖപേശീ ചലനങ്ങള്‍ക്കും ഉപയോഗിച്ചു. അവിടെ നിന്ന് ഒരു പടി കൂടെ കടന്നാണ്, ഈ സാങ്കേതികത സ്മാര്‍ട്ട് ഫോണിലേക്ക് കൂടെ കടന്ന് വരുന്നത്. ഈ ലേഖനമെഴുതുവോളം  Paul Ekman ന്റെ പഠനം തന്നെയാണോ അതോ ജര്‍മ്മന്‍ ടെക്‌നോളജിയാണോ അതോ രണ്ട് പഠനങ്ങളേയും സംയോജിപ്പിച്ചാണോ  iPhone X  ന്റെ Face ID യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. 

പക്ഷേ 'unique geomtery of your face' എന്നത് iPhone X ന്റെ മാത്രം കിളിവാതിലല്ല, മറിച്ച് ഉപഭോക്താവിന്റെ അന്തരാത്മാവിലേക്ക് തുറക്കുന്ന അറവാതിലാണ്. നിങ്ങളുടെ മുഖത്ത് പ്രസരിക്കുന്ന വികാരങ്ങളെയെല്ലാം ഓരോ ആക്ഷന്‍ യൂണിറ്റുകളായി ക്ലാസിഫൈ ചെയ്തിരിക്കുന്നതിനെ അനലൈസ് ചെയ്യുമ്പോള്‍ നിങ്ങളിലുള്ള വികാരം എന്താണെന്ന് തിരിച്ചറിയാന്‍ ഈ സാങ്കേതികതയ്ക്ക് കഴിയുന്നു. 

സെലിബ്രിറ്റികള്‍ ജാഗ്രതൈ!
ടെക്‌നോളജിയിലെ ഈ കുതിച്ച് ചാട്ടം സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ മേഖലയില്‍ വലിയ കുതിച്ച് ചാട്ടത്തിന് വഴിവെയ്ക്കുമെന്ന് കരുതാം. അബുദാബിയില്‍ നിന്നും ദുബൈയിലേയ്ക്ക്ക് ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് ഒരിക്കല്‍ എന്റെ ബോസ് ഹൃദയാഘാതം മൂലം, ഓടിച്ചിരുന്ന വാഹനത്തിലിരുന്ന് മരിക്കുന്നത്.  iPhone X  ന്റെ Face ID പോലെയുള്ള സാങ്കേതികത IoT (Internet of Things) പോലെ കണക്ടടായിരുന്നെങ്കില്‍ ഒരു പക്ഷേ ഇത്തരം മരണങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നു. Facial Action Coding System (FACS) വഴി, ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് തന്നെ ഹൃദയാഘാതസാദ്ധ്യതകളെ തിരിച്ചറിഞ്ഞ്, അദ്ദേഹത്തിന്റെ ഡോക്ടറെ വിവരമറിയിക്കുകയും തക്ക ചികില്‍സ സാദ്ധ്യമാക്കാനും സാധിക്കുമായിരുന്നു. 

മറ്റൊരു സാദ്ധ്യത സെലിബ്രിറ്റികളുടെ പോപ്പുലാരിറ്റി സംബന്ധിച്ചുള്ളതാണ്.  ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനെ അടിസ്ഥാനമാക്കിയാണ് പോപ്പുലാരിറ്റി നിശ്ചയിക്കുന്നത്. Face ID ഇതിനെ മാറ്റി മറിച്ച്, emotional coefficient വഴിയായിരിക്കും നിശ്ചയിക്കുക. സെലിബ്രിറ്റിയുടെ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്ന വികാരമായിരിക്കും ഇനി ആ വ്യക്തിയുടെ പോപ്പുലാരിറ്റി നിശ്ചയിക്കുക. രാഹുല്‍ ഗാന്ധിയ്ക്കാണോ മോഡിക്കാണോ കൂടുതല്‍ പോപ്പുലാരിറ്റിയെന്നത് കുറേ കൂടെ കൃത്യമായി വിലയിരുത്താനും ഇത് വഴി സാധിച്ചേക്കും. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ഇനി, Action Unit കളായി അടയാളപ്പെടുത്താന്‍ സൗകര്യമാകും. ആ യൂണിറ്റുകള്‍ benchmark ആക്കി ഒരു നടന്റെ കൃത്യത കണക്കാക്കാന്‍ കഴിഞ്ഞേക്കും. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ എത്ര efficient ആണെന്നൊക്കെ വിലയിരുത്താന്‍ കഴിഞ്ഞേക്കും.  

കൂടാതെ സര്‍വീസ് സെക്ടറിന്റെ കാര്യക്ഷമത (Human intensive sector) വര്‍ദ്ധിപ്പിക്കാനുതകുമായിരിക്കും. സേവനങ്ങളുടെ ഫീഡ്ബാക്ക് ഇനി ടച്ച് സ്‌ക്രീന്‍ വഴിയായികൊള്ളണമെന്നില്ല. ഒരേ നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാന്‍ സേവന മേഖലയ്ക്ക് കഴിഞ്ഞേയ്ക്കും സാദ്ധ്യതകള്‍ അനന്തമാണ്. 

സ്വകാര്യത ഇനി എത്രത്തോളം
ഈ അനന്തസാദ്ധ്യത വലിയ സ്വകാര്യത ലംഘനത്തിലേക്ക് വഴിവെയ്ക്കുമെന്ന് ആശങ്കകളുയര്‍ന്നു കഴിഞ്ഞു. facial recognition technology മറ്റു പല സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ  iPhone X  ന്റെ Face ID യ്ക്ക്് തതുല്യമായ സംവിധാനം ഇത് വരെയാരും അവതരിപ്പിച്ചിട്ടില്ല എന്നതാണവരുടെ അവകാശവാദം. കാരണം ഇതര facial recognition technology യില്‍ നിന്ന് വ്യത്യസ്തമായി, മുഖത്തിന്റെ three dimensional scan ആദ്യമായാണ് ഒരു സ്മാര്‍ട്ട് ഫോണില്‍ അവതരിപ്പിക്കുന്നത്. 

അവരുടെ A11 bionic chip ന്റെ സഹായത്താല്‍ അവതരിപ്പിച്ച neural engine,  ഫോട്ടോ ഉപയോഗിച്ച് ഹാക്ക് ചെയ്യുന്നതില്‍ നിന്നും മറ്റുള്ളവരെ തടയുന്നുവെന്നും അവകാശപ്പെടുന്നുണ്ട്. ഈ വാദത്തെ, facial recognition data base സംബന്ധിച്ച് പഠനം നയിച്ച George town universtiy Law school ലെ  Clare Garvie ശരിവെയ്ക്കുന്നുമുണ്ട്. iPhone X ന്റെ അപ്പുറത്തുള്ള ലോകത്തെ സ്വകാര്യത ലംഘനം ഇപ്പോള്‍ തന്നെ American Civil Liberties Union ഉയര്‍ത്തിക്കഴിഞ്ഞു. കുറേ കൂടെ ദുര്‍ബലമായ ജനാധിപത്യരാജ്യങ്ങളില്‍, പോലീസ് വാഹനത്തിന്റെ  അരികിലൂടെ പോകുമ്പോള്‍, ഉടുവസ്ത്രമണിഞ്ഞാല്‍ പോലും നിങ്ങള്‍ നഗ്‌നരായിരിക്കുമെന്നതാണ് മറ്റൊരു വിശേഷം.

Follow Us:
Download App:
  • android
  • ios