Asianet News MalayalamAsianet News Malayalam

പണ്ടു പണ്ടൊരു മുത്തശ്ശി; പണ്ടു പണ്ടു പണ്ടൊരു കഥ!

  • ദില്‍ന ധനേഷ് എഴുതുന്നു
granmas story by Dilna Dhanesh

കഥകേള്‍ക്കാന്‍ വാശിപിടിക്കുന്ന മകന് മടുപ്പോടെ കഥപറഞ്ഞുകൊടുക്കുമ്പോള്‍, 'ഒന്ന് ഉറങ്ങ് മോനേ...'എന്ന് ദേഷ്യപ്പെട്ടിട്ടുപോലും കഥകേള്‍ക്കാന്‍ ഇരുട്ടിലും കുഞ്ഞിക്കണ്ണുകള്‍ തുറന്ന് കിടക്കുന്നതുകണ്ട് യാതൊരു താത്പര്യവുമില്ലാതെയാണ് വീണ്ടും വീണ്ടും കഥ പറഞ്ഞുകൊടുത്തിരുന്നത്. ഇടയ്‌ക്കെപ്പോഴോ  'അമ്മയ്ക്ക് ഈ കഥയൊക്കെ എവടന്നാ കിട്ടീത്?' എന്ന അഞ്ചുവയസ്സുകാരന്റെ ചോദ്യമാണ് എന്റെ ഓര്‍മ്മകളെ വീണ്ടും അച്ഛമ്മയ്ക്കരിക്കലേയ്ക്ക് ഓടിച്ചുവിട്ടത്. 

granmas story by Dilna Dhanesh

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും മെനക്കെടാതെ പടിയിറങ്ങിപ്പോയ ഒരു പിടി വര്‍ഷങ്ങള്‍ക്ക് മുമ്പ്,  കൃത്യമായി പറഞ്ഞാല്‍, കുട്ടിയുടുപ്പും കട്ടിക്കമ്മീസും ധരിച്ചിരുന്ന എന്റെ കുട്ടിക്കാലത്ത് എനിക്കൊരു അച്ഛമ്മയുണ്ടായിരുന്നു...

അലക്കിവെളുപ്പിച്ച മല്‍മല്‍ മുണ്ടും പലനിറങ്ങളിലുള്ള ബ്ലൗസുമണിഞ്ഞ് അരയില്‍ മുറുക്കാന്‍പൊതിയും വായ നിറയെ മുറുക്കാന്‍കറയും ശരീരംനിറയെ വെറ്റിലമണവുമുള്ള ഒരു പാവം കുട്ടിമാളുവമ്മ.

കറുത്തുമെലിഞ്ഞ്, പൊക്കംകൂടി, ആരോടും കൂട്ടുകൂടാതെ, അപകര്‍ഷതാബോധവും തലയിലേറ്റി നടന്നിരുന്ന എന്റെ  രാപകലുകള്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കൊണ്ടലങ്കരിച്ചത്  അച്ഛമ്മയായിരുന്നു; അച്ഛമ്മയുടെ കഥകളായിരുന്നു. ഒപ്പമിരുത്തി, മുളകിട്ടമ ീന്‍കറിയൊഴിച്ച് ഉരുട്ടിയുരുട്ടി ചോറുവാരിത്തരുമ്പോഴോ, ഉച്ചയ്ക്ക് ഉമ്മറത്തിണ്ണയില്‍ കാറ്റേറ്റ് കിടക്കുമ്പോഴോ, തണല്‍ മരങ്ങള്‍ക്ക് ചോട്ടിലിരുന്ന് ഓലമെടയുമ്പോഴോ, അങ്ങനെയങ്ങനെ അരികിലുള്ളപ്പോഴെല്ലാം അച്ഛമ്മ കഥകളുടെ ചെപ്പ് തുറക്കും.

രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ചുവരില്‍ വിരലുകൊണ്ട് നിഴല്‍രൂപം വരയ്ക്കുമ്പോള്‍ അച്ഛമ്മ അടുത്ത് വന്നിരുന്ന് പാണ്ഡവരുടെ അജ്ഞാതവാസമോ, കൗരവരുടെ ചൂതുകളിയോ, കല്യാണസൗഗന്ധികം തേടിപ്പോയ ഭീമനേയോ ഒക്കെ വാക്കുകള്‍ കൊണ്ട് വരച്ചിടും. അപ്പോള്‍ അച്ഛമ്മയുടെ കൈകള്‍ അവരുടെ കാലുകളിലായിരിക്കും. വേനല്‍ക്കാലമാണെങ്കില്‍  വിണ്ടുകീറിയ പാദങ്ങളില്‍ അണ്ടിയെണ്ണ തേച്ചുപിടിപ്പിക്കുന്നുണ്ടാവും. മഴക്കാലത്ത് ചെളിയില്‍ ചവിട്ടി നടന്ന് ചീഞ്ഞ വിരലുകളുടെ ചൊറിച്ചില്‍ സഹിക്കവയ്യാതെ കനംകുറഞ്ഞ ചാക്കുനൂല് വിരലില്‍ചുറ്റി വലിയ്ക്കുന്നുണ്ടാവും. അതുംകണ്ട് കഥയുംകേട്ട് ഉറക്കത്തിലേക്ക് വീഴുന്ന ഞാന്‍ രാവിലെ വരെ കുരുക്ഷേത്രയുദ്ധവും സീതാസ്വയംവരവും ലങ്കാദഹനവും കണ്ടുകണ്ട് സമയത്തിന് എഴുന്നേല്‍ക്കാതെ അമ്മയുടെ അടിയുംവാങ്ങി, ഉറക്കച്ചടവോടെ ഉമിക്കരിയുമെടുത്ത് പല്ലുതേക്കാനിരിക്കുമ്പോഴും അന്തരീക്ഷത്തില്‍ രഥത്തിലേറിപ്പോകുന്ന അര്‍ജ്ജുനനേയും, സൂര്യനെ വിഴുങ്ങാന്‍ പോകുന്ന ഹനുമാനേയും കാണും.

ഞാന്‍ മാത്രമല്ല എനിക്ക് ചുറ്റുമുള്ളവരും കഥ പറയുന്നതില്‍ തത്പരരല്ലെന്ന് തോന്നുന്നു.

ഒന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുമ്പോഴാണ് അച്ഛമ്മയില്‍നിന്ന് വടക്കന്‍പാട്ടുകളുടെ ഉറവപൊട്ടുന്നത്. ഉണ്ണിയാര്‍ച്ചയും കണ്ണപ്പച്ചേകവരും ആരോമുണ്ണിയും വീരഗാഥകളായി പെയ്തിറങ്ങുമ്പോള്‍ കൈകള്‍ക്കൊണ്ട് മടിയിലിരിക്കുന്ന മുറുക്കാന്‍ചെല്ലത്തില്‍ താളമിടുന്നുണ്ടാവും. നീണ്ടുതൂങ്ങിയ കാതുകളിലിരുന്ന് വലിയ കമ്മല്‍ ഊഞ്ഞാലാടുന്നുമുണ്ടാവും.യുപി ക്ലാസ്സില്‍ എത്തുമ്പോഴേക്കും തെക്കേമുറ്റത്ത് ഒരുപിടി ചാരമായി ചുരുങ്ങിപ്പോയ അച്ഛമ്മയെ എന്റെ കൗമാരത്തില്‍ ഞാന്‍ നഷ്ടബോധത്തോടെയാണ് ഓര്‍ത്തിരുന്നത്. നിലാവുള്ള രാത്രികളില്‍ ഭൂമിയെ മോഹിപ്പിച്ചുകൊണ്ടെത്തുന്ന ഗന്ധര്‍വ്വനേയും ,കുടമുല്ലപ്പൂക്കളുടെ നറുഗന്ധത്തില്‍ മതിമറന്ന് നില്‍ക്കുന്ന ഗന്ധര്‍വ്വനാവേശിച്ച പെണ്‍കിടാവിനേയും കേള്‍ക്കാന്‍ കൊതിച്ച പ്രായത്തില്‍ അല്‍പം സങ്കടത്തോടെ ചിന്തിച്ചിട്ടുണ്ട്, 'അച്ഛമ്മയുണ്ടായിരുന്നെങ്കില്‍.....'

പിന്നെപ്പിന്നെ ഞാന്‍ വളരുന്നതിനനുസരിച്ച് അച്ഛമ്മയും മറവിയിലേയ്ക്ക് ആണ്ടുപോയി.

മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങി മറവിയുടെ ചേറില്‍ പൂണ്ടുപോയ ചില ഓര്‍മ്മകള്‍ കൊളുത്തിവലിച്ചു പുറത്തെടുക്കാന്‍ എനിയ്‌ക്കൊരു പാതാളക്കരണ്ടി വേണം എന്ന് തോന്നിത്തുടങ്ങിയത് ഈയിടയ്ക്കാണ്.

കഥകേള്‍ക്കാന്‍ വാശിപിടിക്കുന്ന മകന് മടുപ്പോടെ കഥപറഞ്ഞുകൊടുക്കുമ്പോള്‍, 'ഒന്ന് ഉറങ്ങ് മോനേ...'എന്ന് ദേഷ്യപ്പെട്ടിട്ടുപോലും കഥകേള്‍ക്കാന്‍ ഇരുട്ടിലും കുഞ്ഞിക്കണ്ണുകള്‍ തുറന്ന് കിടക്കുന്നതുകണ്ട് യാതൊരു താത്പര്യവുമില്ലാതെയാണ് വീണ്ടും വീണ്ടും കഥ പറഞ്ഞുകൊടുത്തിരുന്നത്. ഇടയ്‌ക്കെപ്പോഴോ  'അമ്മയ്ക്ക് ഈ കഥയൊക്കെ എവടന്നാ കിട്ടീത്?' എന്ന അഞ്ചുവയസ്സുകാരന്റെ ചോദ്യമാണ് എന്റെ ഓര്‍മ്മകളെ വീണ്ടും അച്ഛമ്മയ്ക്കരിക്കലേയ്ക്ക് ഓടിച്ചുവിട്ടത്. 

കറയില്ലാത്ത വാത്സല്യത്തോടെ, എത്രതവണ പറഞ്ഞതായാലും ആത്മാര്‍ഥതയോടെ,ആസ്വദിച്ചു കഥ പറഞ്ഞിരുന്ന അച്ഛമ്മയെ ഓര്‍ത്തപ്പോഴാണ് കഥപറച്ചിലിലുള്ള കാപട്യം ഒരു കത്തിമുനപോലെ എന്നിലാഴ്ന്നിറങ്ങി വേദനിപ്പിച്ചതും.

ഞാന്‍ മാത്രമല്ല എനിക്ക് ചുറ്റുമുള്ളവരും കഥ പറയുന്നതില്‍ തത്പരരല്ലെന്ന് തോന്നുന്നു. കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും കാണുന്ന മുഖങ്ങളിലുംവരെ മായം കലര്‍ന്നിരിക്കുന്നതിനാലാകാം പറയുന്ന കഥകളില്‍ വരെ (അത് ജീവിതമായാലും പഴങ്കഥയായാലും) നാം മായം കലര്‍ത്തുന്നത്. ബാല്യത്തിലെന്നോ കേട്ട കഥകള്‍ ഇന്നും മനസിന്റെ ഭിത്തിയില്‍ പച്ചപിടിച്ചുനില്‍ക്കുന്നത്  എനിക്ക് കഥകളോടുള്ള ആഭിമുഖ്യംകൊണ്ടല്ല, കഥയില്‍ അന്ന് അച്ഛമ്മ ചാലിച്ചുതന്ന സ്‌നേഹവും വാത്സല്യവും കൊണ്ടുതന്നെയാണ്. മനോഹരമായി, ഭാവതീവ്രമായി കഥപറയുന്ന മുത്തശ്ശിക്കോലങ്ങള്‍ വെറ്റിലച്ചെല്ലത്തോടൊപ്പം എന്നോ കാലഹരണപ്പെട്ടുപോയിരിക്കുന്നു.

'ഇന്ന് കഥപറഞ്ഞാലെ ഒറങ്ങുള്ളൂ..' എന്നുംപറഞ്ഞ് , മുഖവും വീര്‍പ്പിച്ച്, ഇരുകരങ്ങളിലും തലയും താങ്ങി, പിണങ്ങിയിരിക്കുന്ന മോനെ കാണുമ്പോള്‍ എനിക്കിപ്പോള്‍ ദേഷ്യത്തിനുപകരം ചിരിപൊട്ടും. അവനെ ചേര്‍ത്തുകിടത്തി വെറ്റിലമണമുള്ള കഥകളില്‍ നിന്നും ഒരെണ്ണം ചികഞ്ഞെടുത്ത് പറഞ്ഞുതുടങ്ങും......

'കഥകഥ നായരും കസ്തൂരിനായരും....'

Follow Us:
Download App:
  • android
  • ios