Asianet News MalayalamAsianet News Malayalam

ഹജ്ജ് സബ്‌സിഡിയും കഥകളും: യാഥാര്‍ത്ഥ്യമെന്ത്?

സബ്‌സിഡി ഉപയോഗിച്ച് ഹജ്ജിനു പോകുന്നതിനോട് വലിയ വിഭാഗം മുസ്ലിംകള്‍ക്കും യോജിപ്പില്ല. അതിനാല്‍ സബ്‌സിഡി എടുത്തു കളയണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. തീര്‍ത്ഥാടനങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ആരുടെതെന്ന് നോക്കാതെ നിര്‍ത്തലാക്കുന്നതാണ് ഒരു മതേതര രാജ്യത്തിന് അനുയോജ്യം. ​

Hajj subsidy realities by jals Jaleel
Author
Thiruvananthapuram, First Published Jan 18, 2017, 1:33 PM IST

Hajj subsidy realities by jals Jaleel

ഹജ് സബ്‌സിഡിയാണ് പുതിയ ചര്‍ച്ചാ വിഷയം. സബ്‌സിഡി  പടിപടിയായി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്ന കാര്യം ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. 

ഈ തീരുമാനത്തെ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. മതവിശ്വാസപ്രകാരം ഹജ്ജ് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കര്‍മ്മമല്ല, പണവും ആരോഗ്യവുമുണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി, സര്‍ക്കാരിന്റെയോ മററുള്ളവരുടെയോ ആനുകൂല്യം വാങ്ങി ചെയ്യേണ്ട കാര്യമില്ല-ഇതാണ് കെ.എന്‍.എ ഖാദറിന്റെ നിലപാട്. എന്നാല്‍, ഏകപക്ഷീയമായി സബസ്ഡി നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്നാണ് മുന്‍ മന്ത്രി എം.കെ മുനീര്‍ പറയുന്നത്. സബ്‌സിഡി തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാണെന്നും അതു നിര്‍ത്തലാക്കുകയാണെങ്കില്‍, അനിയന്ത്രിത വിമാനക്കൂലി കുറക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഹജ്ജ് സബ്‌സിഡി ഒഴിവാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ്  മുന്‍ മുസ്‌ലിം യൂത്ത് ലീഗ് നേതാവും ഇപ്പോള്‍ ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രിയുമായ കെ.ടി. ജലീല്‍ പറയുന്നത്. മറ്റൊരാളുടെ ചിലവില്‍ ഹജ്ജിന് പോകണോ എന്ന് ഹാജിമാര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നു. 

കേരളത്തിലെ ഭരണ, പ്രതിപക്ഷ നേതൃത്വങ്ങളുടെ നിലപാട് ഇതാണെങ്കിലും, ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ക്ക് പേരുകേട്ട ബി.ജെ.പി സര്‍ക്കാറിന്റെ പുതിയ നീക്കം അത്ര നിഷ്‌കളങ്കമല്ലെന്നും അഭിപ്രായമുണ്ട്. അതേ സമയം, മറ്റു മതക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു മതക്കാര്‍ക്ക് മാത്രം വന്‍തുക ചെലവിടുന്നത് അവസാനിപ്പിക്കേണ്ട കാലമായെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് തുടക്കമിടുകയാണെന്നും അവര്‍ പറയുന്നു. 

എന്നാല്‍, വസ്തുനിഷ്ഠമായി കാര്യങ്ങളെ സമീപിക്കുമ്പോള്‍ ഇതൊന്നുമല്ല യാഥാര്‍ത്ഥ്യങ്ങള്‍. നമ്മുടെ മുന്നിലെത്തുന്നത് അര്‍ദ്ധ സത്യങ്ങളോ വളച്ചൊടിക്കപ്പെട്ട സത്യങ്ങളോ ആണ്. ഒരു മതേതര രാജ്യം ഒരു മത വിഭാഗത്തെ മാത്രം പ്രീണിപ്പിക്കും വിധം ഒരു ആരാധനയ്ക്കു എന്തിനു ധനസഹായം നല്‍കുന്നു എന്ന തികച്ചും മതേതരമായ ഒരു സംശയമാണ് ഹജ് സബ്‌സിഡിയുടെ ഉള്ളറകളിലേക്ക് അന്വേഷണം നടത്താന്‍ കാരണമായത്. ഈ സാഹചര്യത്തില്‍, ഹജ്ജ് സബ്‌സിഡിയുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ. 

സബ്‌സിഡി തുടങ്ങിയത് എങ്ങനെ?
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്കുള്ള വിമാനയാത്രാ ചെലവില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഇളവാണ് ഹജ് സബ്‌സിഡി. ഹജ്ജ് സബ്‌സിഡി 1954ല്‍ തുടങ്ങിയ സംവിധാനം ആണ്. അന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ അത്യന്തം ചെലവേറിയ കപ്പല്‍ യാത്രക്കുള്ള സബ്‌സിഡി ആയിട്ടാണ് ഇത് തുടങ്ങിയത്. പിന്നീട് 1994ല്‍ കപ്പല്‍ യാത്രക്കുള്ള സബ്‌സിഡി മുഴുവനായും ഒഴിവാക്കി. സബ്‌സിഡി വിമാന യാത്രക്ക് മാത്രമാക്കി. 

ഹജ്ജ് സബ്‌സിഡി 1954ല്‍ തുടങ്ങിയ സംവിധാനം ആണ്.

സബ്‌സിഡി ആര്‍ക്കൊക്കെ? 
 വര്‍ഷം തോറും ഓരോ രാജ്യത്തു നിന്നും ഹജ്ജിനു അനുവദിക്കുന്ന പരമാവധി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ സൗദി സര്‍ക്കാര്‍ നിയന്ത്രണം വെക്കാറുണ്ട്. മൂന്നു കൊല്ലം മുന്‍പേ മസ്ജിദുല്‍ ഹറമിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ സമയത്തു കുറച്ച കേന്ദ്ര ഹജ് ക്വാട്ട ഇത് വരെ ഉയര്‍ത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം അത് ഒരു ലക്ഷത്തി ഇരുപത് ആയിരുന്നു. 

സൗദി സര്‍ക്കാരാണ് ഓരോ വര്‍ഷവും ഓരോ രാജ്യത്തുനിന്നുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നത്. ഇതു പ്രകാരം, മുസ്ലിം ജനസംഖ്യാനുപാതം കണക്കാട്ടി, കേന്ദ്ര ഹജ്ജ് കമ്മറ്റി ഓരോ സംസ്ഥാനങ്ങള്‍ക്കും നിശ്ചിത ക്വാട്ട അനുവദിക്കുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ നല്‍കിയവരില്‍നിന്നും അതാത് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ക്വാട്ട പ്രകാരം തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഈ നിശ്ചിത തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരന് ജീവിതത്തില്‍ ഒരു വട്ടം മാത്രമേ കേന്ദ്ര ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകാനാവൂ. ഒരാള്‍ക്ക് ഒരു തവണ മാത്രമേ സബ്‌സിഡി ഉപയോഗിച്ച് തീര്‍ത്ഥാടനം നടത്താനാവൂ എന്നര്‍തഥം. 

സബ്‌സിഡി എത്ര? 
2016 ല്‍ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഓരോ തീര്‍ത്ഥാടകനും ഹജ്ജ് യാത്രക്കായി നല്‍കിയ തുക ഏകദേശം 1,85,000 ആണ്. സൗദിയിലെ താമസത്തിനും, വിസ ചെലവുകള്‍ക്കും, വിമാന ടിക്കറ്റിനും ഹജ്ജിനോടനുബന്ധിച്ചുള്ള ബലി പോലുള്ള ആചാരങ്ങള്‍ക്കുമാണ് ഈ തുക നല്‍കുന്നത്. അപ്പോള്‍ സബ്‌സിഡി തുക എവിടെയാണ് ചെലവാക്കുന്നത് എന്ന ചോദ്യം വരുന്നു. 

2012നു മുമ്പേ ഉള്ള കണക്കു പ്രകാരം ഒരു തീര്‍ത്ഥാടകന് ഏകദേശം 75,000 രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്. ഇതില്‍ ഏകദേശം 73000 രൂപ എയര്‍ ഇന്ത്യക്കു വിമാന യാത്രാ സബ്‌സിഡി ഇനത്തില്‍ നല്‍കുകയാണ്. ബാക്കി 2000 രൂപ ഇവിടുത്തെ വിമാനത്താവളങ്ങളിലും ഹജ്ജ് കേന്ദ്രങ്ങളിലും ഉള്ള മെഡിക്കല്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍ക്കു കൂടിയുള്ളതാണ്. 75000 രൂപ വിമാന യാത്രാ ചെലവിലേക്കു സര്‍ക്കാര്‍ കൊടുക്കുന്നു എന്ന് പറയുമ്പോള്‍ സ്വാഭാവികമായും നാം മനസിലാക്കുക ഹജ്ജ് യാത്ര തികച്ചും സര്‍ക്കാര്‍ ചെലവിലാണ് എന്നായിരിക്കും. പക്ഷെ ഓരോ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും 35000 മുതല്‍ 50000 വരെയുള്ള തുക വിമാന യാത്രക്ക് മാത്രമായി വാങ്ങുന്നുണ്ട്. 

ഓരോ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും 35000 മുതല്‍ 50000 വരെയുള്ള തുക വിമാന യാത്രക്ക് മാത്രമായി വാങ്ങുന്നുണ്ട്. 

സബ്‌സിഡി തുക പോവുന്നത് എങ്ങോട്ട്? 
സാധാരണ ഗതിയില്‍ ഡല്‍ഹിയില്‍ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്ക റിട്ടേണ്‍ എയര്‍ ഫെയര്‍ അടക്കം വേണ്ടിവരുന്നത് നാല്പതിനായിരം രൂപയാണ്. എന്നാല്‍, ഹജ്ജ് കാലത്ത് ഇതല്ല നിരക്ക്. ഒരു ലക്ഷത്തിനു മുകളിലൊക്കെയാണ് ഹജ്ജ്കാലയാത്രക്കുള്ള എയര്‍ ഇന്ത്യാ നിരക്ക്.  മുഴുവന്‍ സീറ്റുകളും നിറഞ്ഞു പോകുന്ന യാത്രക്കാണ് ഇതെന്നു കൂടി ഓര്‍ത്താല്‍ ഇതിന്റെ ഗൗരവം ബോധ്യമാവും. വര്‍ഷാ വര്‍ഷം ഇന്ത്യാ ഗവണ്മെന്റ് നിശ്ചയിക്കുന്ന ആളോഹരി ഹജ്ജ് സബ്‌സിഡിക്ക് അനുസൃതമായാണ് എയര്‍ ഇന്ത്യ അതാത് കാലത്തെ ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിക്കുന്നത്. അതായത്, ഹജ്ജ് സബ്‌സിഡി എന്ന് പറഞ്ഞു സര്‍ക്കാര്‍ കൊടുക്കുന്ന തുകയില്‍ ഭൂരിഭാഗവും പോവുന്നത് ഹജ്ജ് കാലത്ത് ക്രമാതീതമായി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന എയര്‍ ഇന്ത്യയുടെ ഖജനാവിലേക്കാണ്. (പൊതു മേഖലാ സ്ഥാപനം ആയതിനാല്‍ അത് തിരിച്ചു ഉറവിടത്തിലേക്കു തന്നെ വരുന്നു എന്ന് ആശ്വസിക്കാം)

സ്വകാര്യ ഏജന്‍സി വഴി പോയാലോ?
സര്‍ക്കാര്‍ ക്വാട്ടക്കു പുറമെ സൗദി സര്‍ക്കാര്‍ ഒരു പ്രൈവറ്റ് ടൂര്‍ ഓപ്പറേറ്റര്‍ ക്വാട്ട കൂടി അനുവദിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സികളാണ് ഈ ക്വാട്ടവഴി തീര്‍ത്ഥാടകരെ കൊണ്ടുപോവുന്നത്. ഇങ്ങനെ പോകുന്ന ഒരു ഇന്ത്യന്‍ തീര്‍ത്ഥാടകന് ഏകദേശം രണ്ടര ലക്ഷം രൂപയോളം ആണ് ചെലവ് വരുന്നത്. അവരും വിമാന ചാര്‍ജ് നിശ്ചയിക്കുന്നത് എയര്‍ ഇന്ത്യയുടെ നിരക്കിലാണ്. എന്നാല്‍, തീര്‍ത്ഥാടകരെ കൊണ്ട് പോകുന്നത് നിരക്ക് വളരെ കുറഞ്ഞ മറ്റു എയര്‍ ലൈനുകളിലും. അതാണ് സ്വകാര്യ ഏജന്‍സികളുടെ പ്രധാന ലാഭം. എന്നാല്‍, ഒരു ഇന്ത്യന്‍ തീര്‍ഥാടകനെ സംബന്ധിച്ചിടത്തോളം, ഹജ്ജ് കമ്മറ്റി വഴിയായാലും സ്വകാര്യ ഏജന്‍സി വഴി ആയാലും തീര്‍ത്ഥാടന ചെലവ് ഏതാണ്ട് തുല്യമാണ്. ഹജ്ജ് കമ്മിറ്റി വഴി പോവുന്നവര്‍ക്ക് സബ്‌സിഡി വഴി 75, 000 രൂപയുടെ കുറവ് വരുമെന്നു മാത്രം. 

ഹജ്ജ് സബ്‌സിഡി എന്ന് പറഞ്ഞു സര്‍ക്കാര്‍ കൊടുക്കുന്ന തുകയില്‍ ഭൂരിഭാഗവും പോവുന്നത് ഹജ്ജ് കാലത്ത് ക്രമാതീതമായി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന എയര്‍ ഇന്ത്യയുടെ ഖജനാവിലേക്കാണ്

സബ്‌സിഡി ഒഴിവാക്കല്‍ പുതിയ കാര്യമാണോ?
സ്വന്തം അദ്ധ്വാനത്തില്‍ നിന്നും സംഭരിച്ച, ഒരു ബാധ്യത പോലും ഇല്ലാത്ത ധനം കൊണ്ട് മാത്രമേ ഹജ്ജ് ചെയ്യാവൂ എന്നാണ് മതനിയമം, (താന്‍ വിറ്റ മരത്തിനു പോടുള്ളത് കൊണ്ട് ആ വില്‍പ്പന ഹലാല്‍ അല്ല എന്നു പറഞ്ഞു ഹജ്ജ് യാത്ര വേണ്ടെന്നു വെച്ച ആദാമിന്റെ മകന്‍ അബു സിനിമ സീന്‍ ഓര്‍മയില്ലേ) ഹജ്ജ് സബ്‌സിഡി ഉപയോഗിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മതനിയമം പാലിക്കപ്പെടുന്നുണ്ടോ എന്നതിനെ കുറിച്ച് എല്ലാ കാലത്തും മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതിനെ പലരും ന്യായീകരിച്ചിരുന്നത് സ്വന്തം നികുതിപ്പണത്തില്‍ നിന്നാണല്ലോ സബ്‌സിഡി എന്ന നിലയിലായിരുന്നു. സര്‍ക്കാര്‍ വിമാന യാത്രാക്കൂലി നിയന്ത്രിക്കാത്തതു കൊണ്ടാണ് സബ്‌സിഡി കൊടുക്കേണ്ടി വരുന്നത് എന്ന തൊടുന്യായങ്ങളും നിരന്നു. 

2012ല്‍ സുപ്രീം കോടതിയിലെ ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ഹജ്ജ് സബ്‌സിഡി മതനിയമങ്ങള്‍ക്കു എതിരാണെന്ന് വ്യക്തമാക്കി. ഖുര്‍ആനിലെ 'ആലു ഇമ്രാന്‍' അധ്യായത്തിലെ ഒരു സൂക്തം ഉദ്ധരിച്ചു കൊണ്ട് സുപ്രീം കോടതി സബ്‌സിഡി പണം പിന്നാക്കം നില്‍ക്കുന്ന മുസ്ലിംകളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ പരിഷ്‌കരണത്തിനും ആണ് ചെലവഴിക്കേണ്ടതെന്നും നിരീക്ഷിച്ചു. പത്തു വര്‍ഷം കൊണ്ട് പ്രതിവര്‍ഷം പത്ത് ശതമാനം വീതം കുറച്ച് 2022 ആവുമ്പോളേക്കും സബ്‌സിഡി മുഴുവനായും നിര്‍ത്തലാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍  2017 ഓടെ സബ്‌സിഡി പൂര്‍ണ്ണമായി നിര്‍ത്തലാക്കാം എന്നും ഉറപ്പു നല്‍കി. തീര്‍ത്ഥാടകരുടെ സാമ്പത്തിക നില അനുസരിച്ചു പണമുള്ളവനില്‍ നിന്നും കൂടുതല്‍ പണം ഈടാക്കി പാവപ്പെട്ടവന് ഹജ്ജ് യാത്രക്ക് സഹായം നല്‍കുന്ന പദ്ധതി ഉണ്ടാക്കാമെന്നും സര്‍ക്കാര്‍ അന്ന് വ്യക്തമാക്കി.

മോദിയും സബ്‌സിഡിയും തമ്മിലെന്താണ്?
പറഞ്ഞുവരുന്നത് ഇതാണ്. ചിലര്‍ അവകാശപ്പെടുകയും മറ്റു ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് പോലെ നരേന്ദ്രമോദി  ഹജ്ജ് സബ്‌സിഡി എടുത്തു കളയുന്നു എന്ന പ്രചാരണത്തില്‍ ഒരു കാര്യവുമില്ല. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളില്‍ ബിജെപിക്ക് ഒരു റോളും ഇല്ല്.

ഹിന്ദുക്കളുടെ നികുതി ഉപയോഗിച്ച് മുസ്ലിംകള്‍ക്ക് മാത്രം സഹായം നല്‍കുന്നു എന്ന പ്രചാരണമാണ് പലപ്പോഴും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ഉയര്‍ത്താറുള്ളത്. ഒരു കാമ്പുമില്ലാത്ത ആരോപണമാണിത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പല തീര്‍ത്ഥയാത്രകള്‍ക്കും ധന സഹായം നല്‍കുന്നുണ്ട്. മാനസ സരോവര്‍ യാത്രക്കും, കുംഭമേളക്കും സബ്‌സിഡി ഉണ്ട്. ഈയിടെ ശ്രീലങ്കയില്‍ നടന്ന ക്രിസ്ത്യന്‍ വാഴ്ത്തപ്പെടല്‍ ചടങ്ങിന് പോകാന്‍ എയര്‍ ഫെയര്‍ സബ്‌സിഡി നല്‍കിയത് ബിജെപി ഭരിക്കുന്ന ഗോവന്‍ സര്‍ക്കാര്‍ ആയിരുന്നു. കോണ്‍ഗ്രസും സമാന കക്ഷികളും മാത്രമാണ് മത പ്രീണനം നടത്തുന്നത് എന്ന് ബിജെപി ആരോപിക്കുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം ശ്രദ്ധേയമാണ്. എങ്കിലും തീര്‍ത്ഥാടന സ്ഥലത്തേക്കുള്ള വിമാനദൂരം കൂടുതലായതിനാല്‍, ഹജ്ജ് സബ്‌സിഡി തന്നെയാണ് കൂട്ടത്തില്‍ കൂടുതല്‍ എന്നത് വസ്തുതയാണ്.

നരേന്ദ്രമോദി  ഹജ്ജ് സബ്‌സിഡി എടുത്തു കളയുന്നു എന്ന പ്രചാരണത്തില്‍ ഒരു കാര്യവുമില്ല

സബ്‌സിഡി ഇല്ലാതാക്കിയാല്‍ എന്ത് സംഭവിക്കും? 
സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ വിമാന യാത്ര നിരക്ക് മൂലം ചെലവ് കുതിച്ചുയരും എന്നത് ഒരു വസ്തുതയാണ്. ഉയര്‍ന്ന നിരക്കിന് എയര്‍ ഇന്ത്യ നല്‍കുന്ന ന്യായം ഹജ്ജ് യാത്രക്ക് വേണ്ടി എയര്‍ ഇന്ത്യക്ക് നാല് പറക്കലുകള്‍ വേണ്ടിവരുന്നു എന്നതാണ്. അതായത് ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് ആളുകളുമായി പോയി  തിരിച്ചു കാലിയായി വരുന്നു. ഹജ്ജിനു ശേഷം തീര്‍ത്ഥാടകരെ കൊണ്ടുവരാന്‍ പോവുമ്പോള്‍ കാലിയായി ചെന്ന് ഇങ്ങോട്ടു തീര്‍ത്ഥാടകരുമായി വരുന്നു എന്ന കാര്യം. അതിലൊരു ന്യായം നമുക്കും തോന്നാം. 

എന്നാല്‍, ഇത്തരം ചാര്‍ട്ടേര്‍ഡ് യാത്രകള്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് ഫെയര്‍ ഈടാക്കുന്ന പതിവില്ല എന്നതാണ് വാസ്തവം. 

എയര്‍ ഇന്ത്യയ്ക്കാര് മണികെട്ടും? 
എന്നാല്‍, എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ നടത്തുന്നത് തീവെട്ടി കൊള്ളയാണ്. നിലവില്‍ ഹജ്ജ് യാത്രക്ക് എയര്‍ ഇന്ത്യ ഈടാക്കുന്നത് ഏതാണ്ട് 1,20,000 രൂപയാണ് (ഇത് ചില ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ 165000 രൂപ വരെ ആകാറുണ്ട്). അതായതു രണ്ടു വട്ടം സൗദിയില്‍ പോയി വരുന്ന കണക്കിനുള്ള ടിക്കറ്റ് ചാര്‍ജ്. ഇതില്‍ 47000 രൂപയോളം തീര്‍ഥാടകനും ബാക്കി സബ്‌സിഡിയും വഹിക്കുന്നു. 

അയാട്ടയുടെ (IATA) കണക്കു പ്രകാരം കണ്‍സോളിഡേറ്റഡ് ഫ്‌ലൈറ്റ് ചാര്‍ജ് (അതായത് മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്തു പോകുമ്പോള്‍ ആളോഹരി വരുന്ന വിമാനയാത്രാക്കൂലി) സാധാരണ നിരക്കിനേക്കാള്‍ മൂന്നിലൊന്നേ വരുന്നുള്ളൂ. അതു പ്രകാരം നാല്‍പത്തിനായിരത്തില്‍ ഒതുങ്ങേണ്ട നിരക്കാണ് ഇത്. (അതായത്, എയര്‍ ഇന്ത്യ നിരക്ക് ന്യായമെങ്കില്‍, ഒരു തീര്‍ത്ഥാടകന് സബ്‌സിഡി ഇല്ലാതെ, ഇന്ന് കൊടുക്കുന്ന അതേ തുകക്ക് പോയിവരാനാവും). മാത്രവുമല്ല എയര്‍ ഇന്ത്യ ന്യായ വിലയ്ക്ക് ടിക്കറ്റ് കൊടുക്കുകയാണെങ്കില്‍ തീര്ഥാടകന് സബ്‌സിഡി ഇല്ലാതെയും ഇന്ന് കൊടുക്കുന്ന അതെ തുകക്ക് യാത്ര പോകാനാവും. 

സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ മാത്രം പോരാ. വിമാനയാത്രക്കൂലി നിശ്ചയിക്കുന്നതിലെ കൊള്ള അവസാനിപ്പിക്കണം. സബ്‌സിഡി മനസ്സില്‍ കണ്ടുള്ള എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കണം. അതിനു കൂടി സര്‍ക്കാര്‍ ഇടപെടണം. സബ്‌സിഡി നിര്‍ത്തലാക്കുന്നതിന്റെ പരിക്കില്‍ നിന്ന് തീര്‍ത്ഥാടകന് രക്ഷപ്പെടാന്‍ അത് അനിവാര്യമാണ്.  ഇതിന്, എയര്‍ ഇന്ത്യക്കു അടക്കം പങ്കെടുക്കാവുന്ന തരത്തില്‍ ആഗോള ടെന്‍ഡര്‍ വിളിച്ചു നിരക്ക് നിശ്ചയിക്കുന്നതാണ് ഒരു മാര്‍ഗ്ഗം. ഒരു ലക്ഷത്തോളം പേര്‍ക്ക് മുപ്പതിനായിരം വെച്ച് കണക്കാക്കിയാല്‍ പോലും ഏകദേശം മുന്നൂറു കോടിയുടെ ബിസിനസ് ആയതു കൊണ്ട് വിമാന കമ്പനികള്‍ മത്സരിച്ചു നിരക്ക് കുറയ്ക്കും എന്നതില്‍ സംശയമില്ല. 

എയര്‍ ഇന്ത്യ നിരക്ക് ന്യായമെങ്കില്‍, ഒരു തീര്‍ത്ഥാടകന് സബ്‌സിഡി ഇല്ലാതെ, ഇന്ന് കൊടുക്കുന്ന അതേ തുകക്ക് പോയിവരാനാവും

ഈ അഴിമതിയും നിര്‍ത്തേണ്ടതല്ലേ?
ഹജ്ജ് കമ്മറ്റിയും നിലവിലുള്ള സംവിധാനങ്ങളും എപ്പോഴും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങുകള്‍ ആയിരുന്നു. സര്‍ക്കാര്‍ ഓരോ സംസ്ഥാനത്തിനും  നിശ്ചയിക്കുന്ന ക്വാട്ടയ്ക്കു പുറമെ ഏതാണ്ട് പതിനായിരത്തോളം സീറ്റുകള്‍ വിഐപി റെക്കമെന്‍ഡേഷന് വേണ്ടി വെക്കും. ആ സീറ്റുകളും, അപേക്ഷകര്‍ കുറഞ്ഞതിനാല്‍, പല സംസ്ഥാനങ്ങളിലും ബാക്കി വരുന്ന ക്വാട്ട സീറ്റുകളും വിദേശ മന്ത്രാലയത്തിലും ഹജ്ജ് കമ്മറ്റിയിലും ഉള്ള പ്രമുഖരുടെ ബിനാമി പേരുകളിലുള്ള  സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി കൂടിയ വിലക്ക് കൊടുക്കും. ഇ. അഹമ്മദ് വിദേശ കാര്യ സഹമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ഒരു പ്രധാന ആരോപണം ഇതായിരുന്നു. ഇത് എക്കാലത്തും നടന്നു വരുന്ന സമ്പ്രദായവുമാണ്. 

ദുഷ്‌ചെലവ് കുറച്ചുകൂടേ? 
മറ്റൊന്ന് കൂടി പറഞ്ഞു നിര്‍ത്താം. ഓരോ വര്‍ഷവും ഹജ്ജ് കാലത്തു സര്‍ക്കാര്‍ ചെലവില്‍ മൂവായിരത്തോളം ഉദ്യോഗസ്ഥ മന്ത്രാലയ പ്രതിനിധികള്‍ ഹജ്ജ് യാത്ര നടത്തുന്നുണ്ട്. ഇവരെ കൊണ്ട് ഹജ് തീര്‍ത്ഥാടകര്‍ക്ക് യാതൊരു ഉപയോഗവും ഇല്ല. മാത്രവുമല്ല ഹജ്ജുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഈ ഗ്രൂപ്പിന് വലിയൊരു പങ്കും ഉണ്ട്. 2012 ലെ വിധിയില്‍ സുപ്രീം കോടതി പറഞ്ഞത് പോലെ ഈ കൂട്ടത്തെ വളരെ അത്യാവശ്യമുള്ള എമിഗ്രെഷന്‍, മെഡിക്കല്‍, ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥരുടെ, ഏറിവന്നാല്‍ 300 പേര്‍മാത്രം അടങ്ങുന്ന സംഘമായി കുറക്കേണ്ടതുണ്ട്. സര്‍ക്കാരിനുണ്ടാവുന്ന ദുഷ്‌ചെലവ് കുറക്കാന്‍ ഇതും സഹായകമാവും. 

മതേതര രാജ്യത്തിന് അനുയോജ്യമായത്
ആവശ്യത്തിന് സാമ്പത്തിക, ഭൗതിക ശേഷി ഉള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമായ ഒരു കര്‍മ്മമായാണ് ഇസ്ലാം ഹജ്ജിനെ അനുശാസിക്കുന്നത്. സ്വന്തം അദ്ധ്വാനത്തില്‍ നിന്നും സംഭരിച്ച, ഒരു ബാധ്യത പോലും ഇല്ലാത്ത ധനം കൊണ്ട് മാത്രമേ ഹജ്ജ് ചെയ്യാവൂ എന്നാണ് മതനിയമം. അത് കൊണ്ട് തന്നെ സബ്‌സിഡി ഉപയോഗിച്ച് ഹജ്ജിനു പോകുന്നതിനോട് വലിയ വിഭാഗം മുസ്ലിംകള്‍ക്കും യോജിപ്പില്ല. അതിനാല്‍ സബ്‌സിഡി എടുത്തു കളയണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. തീര്‍ത്ഥാടനങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ആരുടെതെന്ന് നോക്കാതെ നിര്‍ത്തലാക്കുന്നതാണ് ഒരു മതേതര രാജ്യത്തിന് അനുയോജ്യം. 

Follow Us:
Download App:
  • android
  • ios