Asianet News MalayalamAsianet News Malayalam

വികൃതിക്കുട്ടി നൂനു

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതിയ കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 5

happy childrens novel by sreebala k menon
Author
Thiruvananthapuram, First Published Dec 24, 2018, 12:13 PM IST

അപ്പൂപ്പന്‍ വെക്കുന്ന ചാനലില്‍ ഒരു അനിമലിനും ഡ്രസ്സില്ല. മാമ്പഴ തീറ്റ അവസാനിപ്പിച്ച് നൂനു ഡ്രസ്സ് ഊരി ദൂരെ എറിഞ്ഞ് 'ഞാന്‍ ഹാപ്പിയാ' എന്ന് പറഞ്ഞു നാല് കാലില്‍ റൂം മുഴുവന്‍ ഇഴഞ്ഞ് നടക്കാന്‍ തുടങ്ങി. അത് കണ്ട് ബാക്കി എല്ലാവരും അതു പോലെ ചെയ്യാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് വന്ന റസിയ ടീച്ചര്‍ ഞെട്ടിപ്പോയി.

happy childrens novel by sreebala k menon

അന്ന് പ്ലേ സ്കൂളിന്‍റെ വാതില്‍ തുറന്ന് ആയ പുറത്തേക്ക് വന്നപ്പോള്‍ നൂനു 'അമ്മേ, ഒരു മിനിറ്റ്. ഇപ്പൊ വരാം' എന്ന് പറഞ്ഞ് അകത്തേക്കോടി. അകത്ത് പോയി അവിനാശ് കെ.ജി, അഞ്ജു മേരി മാത്യു, ആര്‍ഷ ഗോപാല്‍, ഋതുപര്‍ണ്ണ, സെബ ഫാത്തിമ, ഡാനി ജോണ്‍ എന്നിവരെയൊക്കെ വിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് വന്നു. ഇവരാണ് പ്ലേ സ്‌ക്കൂളിലെ നൂനുവിന്റെ ഫ്രണ്ട്‌സ്. സ്‌ക്കൂളില്‍ നൂനുവിന് വേറെ പേരാണ്. അഥീന സ്മിത സാം. അഥീന നൂനുവിന്‍റെ പേര്. സ്മിത അമ്മയുടെ പേര്. സാം അപ്പയുടെ പേര്. 

നൂനുവിന്‍റെ ഫ്രണ്ട്‌സ് എല്ലാവരും വന്ന് അമ്മയുടെ അടുത്ത് നിന്നപ്പൊ നൂനു അമ്മയോട് പറഞ്ഞു: 'മൊബൈല്‍ എടുക്കൂ'. അമ്മ മൊബൈല്‍ എടുത്ത് കുട്ടികളുടെ നേരെ പിടിച്ചു.

ഹാപ്പി ബേബിയാണ്. പാല് കുടിക്കും. ഉറങ്ങും

happy childrens novel by sreebala k menon

Illustration: Sumi K Raj

അതാ അതില്‍ ഹാപ്പിയുടെ ഫോട്ടോ. എല്ലാവരും ഹാപ്പിയെ കണ്ട് 'എന്ത് ഭംഗിയാ. ഹായ് ഹായ്' എന്ന് ബഹളം വച്ചു. അമ്മയുടെ കൈയ്യിലുള്ള മൊബൈലില്‍ നൂനു തൊട്ടു. അപ്പൊ അതില്‍ ഒരു വീഡിയോ ഓണ്‍ ആയി. ഹാപ്പി അതാ കീ കീ വയ്ക്കുന്നു, കുരച്ച് കൊണ്ട് ഓടുന്നു. ബോള്‍ എടുത്ത് തട്ടി കളിക്കുന്നു. അത് വീണ്ടും വീണ്ടും കാണാന്‍ എല്ലാവരും കൂടി മൊബൈലില്‍ പിടിച്ചു ഞെക്കാന്‍ തുടങ്ങി. ഇത് കണ്ട് വന്ന ടീച്ചര്‍ എല്ലാവരേയും പിടിച്ച് അകത്തിട്ട് വാതിലടച്ച് അമ്മയെ ഓഫീസിലേക്ക് പറഞ്ഞ് വിട്ടു.

സ്‌നാക്‌സ് കഴിക്കുന്ന നേരത്ത് എല്ലാവരും നൂനുവിന്‍റെ ചുറ്റും വന്നിരുന്നു. ഹാപ്പിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി. അന്നത്തെ സ്‌നാക്‌സ് മാമ്പഴ കഷ്ണങ്ങളായിരുന്നു. നല്ല മധുരമുള്ള മാമ്പഴം. ഒരു കഷ്ണം പെറുക്കി വായിലിട്ട് ചവച്ച് നൂനു പറഞ്ഞു: 'ഹാപ്പി ബേബിയാണ്. പാല് കുടിക്കും. ഉറങ്ങും. ഹാപ്പി ദൂരെ ഒരു സ്ഥലത്താണ് ജനിച്ചത്. കപ്പലില്‍ കയറ്റി ഇങ്ങോട്ട് കൊണ്ടു വന്നു'.

'പിന്നെ....', നൂനു ഒരു രഹസ്യം പറയാന്‍ തുടങ്ങി

'ഹാപ്പി ഗേള്‍ ആണോ ബോയ് ആണോ?'-അവിനാശ് കെ.ജി ചോദിച്ചു. 

അപ്പോഴാണ് നൂനു അതിനെപ്പറ്റി ആദ്യമായി ആലോചിച്ചത്. 'നാളെ അപ്പയോട് ചോദിച്ചിട്ട് പറയാം'. 

'പിന്നെ....', നൂനു ഒരു രഹസ്യം പറയാന്‍ തുടങ്ങി: ഹാപ്പി കിടക്കുന്ന  സ്ഥലത്ത് തന്നെ സുസു വെക്കും. ബാത്ത് റൂമില്‍ പോവാന്‍ അറിഞ്ഞൂടാ. പാമ്പേഴ്ന്നും കെട്ടൂല'.

'ഹാപ്പി ഡ്രസ് ഇടോ', അവറാച്ചന് സംശയമായി.

'പോടാ മണ്ടാ. ഒരു ഡോഗും ഡ്രസ് ഇടൂല. പൂച്ചയും ഇടില്ല. ആനിമല്‍സിന് ഡ്രസ് ഇല്ല'- അവിനാശ് കെ.ജി പറഞ്ഞു. 

ശരിയാണല്ലോ. നൂനു ഓര്‍ത്തു. ഹാപ്പിക്ക് ഡ്രസ്സില്ല. അന്ന് സൂവില്‍ കണ്ട ഒറ്റ അനിമലും ഡ്രസ് ഇട്ടിട്ടില്ല.

അപ്പൂപ്പന്‍ വെക്കുന്ന ചാനലില്‍ ഒരു അനിമലിനും ഡ്രസ്സില്ല. മാമ്പഴ തീറ്റ അവസാനിപ്പിച്ച് നൂനു ഡ്രസ്സ് ഊരി ദൂരെ എറിഞ്ഞ് 'ഞാന്‍ ഹാപ്പിയാ' എന്ന് പറഞ്ഞു നാല് കാലില്‍ റൂം മുഴുവന്‍ ഇഴഞ്ഞ് നടക്കാന്‍ തുടങ്ങി. അത് കണ്ട് ബാക്കി എല്ലാവരും അതു പോലെ ചെയ്യാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് വന്ന റസിയ ടീച്ചര്‍ ഞെട്ടിപ്പോയി. കുട്ടികള്‍ എല്ലാം ഡ്രസ്സില്ലാതെ നാല് കാലില്‍ ഇഴഞ്ഞ് നീന്തി നടക്കുന്നു. ബൗ ബൗ എന്ന് കുരയ്ക്കുന്നു. കീ കീ എന്ന് മോങ്ങുന്നു. ടീച്ചര്‍ തലയില്‍ കൈയ്യും വച്ച് ഒരു നിമിഷം നിന്നു പോയി. പിന്നെ ഓരോ പിള്ളേരെയും എടുത്ത് നിറുത്തി ഡ്രസ്സ് ഇട്ട് കൊടുക്കാന്‍ തുടങ്ങി. അര മണിക്കൂര്‍ വേണ്ടി വന്നു ക്ലാസ്സ് പഴയത് പോലെ ആവാന്‍. 

അമ്മ വന്നപ്പോള്‍ ടീച്ചര്‍ ഒന്നും പറഞ്ഞ് കൊടുത്തില്ല

ഉടുപ്പെല്ലാം ഇട്ട് കഴിഞ്ഞ് ടീച്ചര്‍ നൂനുവിനോട് ചോദിച്ചു, 'ഇനി ഇങ്ങനെ ഉടുപ്പൂരി കളയുമോ?'

നൂനു തല താഴ്ത്തി നിന്നു. മറുപടി ഒന്നും പറയാതെ.

'ഇനി ആരെങ്കിലും ഉടുപ്പ് ഊരുമോ?'

'ഇല്ല'; എല്ലാവരും ഒരേ താളത്തില്‍ പറഞ്ഞു.

'എന്നാ എല്ലാവരും പുറത്ത് പോയി മണ്ണില്‍ കളിച്ചോ'

എല്ലാവരും പുറത്തേക്ക് ഓടാന്‍ തുടങ്ങിയപ്പൊ ടീച്ചര്‍ വീണ്ടും പറഞ്ഞു.

'നൂനു മാത്രം റൂമില്‍ ഇരിക്ക്. ഇന്ന് നൂനുവിന് മണ്ണ് വാരി കളിയില്ല. എന്തിനാണ് പണിഷ്‌മെന്‍റ് എന്ന് അറിയാലോല്ലേ'.

നൂനു ഒന്നും മിണ്ടാതെ തല കുനിച്ച് ആടി ആടി നിന്നു. വൈകുന്നേരം വിളിക്കാന്‍ അമ്മ വന്നപ്പോള്‍ ടീച്ചര്‍ ഒന്നും പറഞ്ഞ് കൊടുത്തില്ല. നൂനുവിന് സമാധാനമായി. വീട്ടിലേക്ക് പോവാന്‍ സ്‌കൂട്ടറിന് മുന്നില്‍ കയറി നിന്ന നൂനു റസിയ ടീച്ചറിന് ഒരു ഫ്‌ളൈയിങ് കിസ് കൊടുക്കാന്‍ മറന്നില്ല.

ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. 

(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)


 

Follow Us:
Download App:
  • android
  • ios